പുതിയ മരുന്നുകൾക്കായുള്ള വശ്യതയാർന്ന അന്വേഷണം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
റബ്ബർ, കൊക്കോ, പഞ്ഞി, പിന്നെ വേദനാസംഹാരികൾ എന്നിവയ്ക്കെല്ലാം എന്താണ് പൊതുവായുള്ളത്? എല്ലാം സസ്യങ്ങളിൽനിന്നു ലഭിക്കാവുന്നവ. പ്രകാശസംശ്ലേഷണം മുഖാന്തരം സസ്യങ്ങൾ പഞ്ചസാരയും ഓക്സിജനും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമേ, മററ് അടിസ്ഥാന രാസനിർമാണ ഘടകങ്ങളിൽനിന്ന് ഒട്ടനവധി പദാർഥങ്ങൾ ഹരിതസസ്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഉപരാസപദാർഥങ്ങളാണ് ഓരോ സസ്യത്തിനും തനതായ ഗുണങ്ങൾ പ്രദാനംചെയ്യുന്നത്.
ചൊറിയണംകൊണ്ടുള്ള ചൊറിച്ചിൽ, ആപ്പിളിന്റെ കടുരസം, റോസാപൂവിന്റെ മൃദുലപരിമളം എന്നിവയെല്ലാം സാധ്യമാകുന്നത് സസ്യങ്ങൾ സ്വയം ഉത്പാദിപ്പിക്കുന്ന രാസപദാർഥങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള സമ്മിശ്രണങ്ങളുടെ ഫലമായിട്ടാണ്. അതുകൊണ്ട്, പലപ്പോഴും ഏക ഉത്പന്നം എന്നു തോന്നിയേക്കാവുന്ന ഒരു സംഗതി വാസ്തവത്തിൽ വളരെ സങ്കീർണമായ ഒരു മിശ്രിതമാണ്.
പ്രകൃതിയുടെ രാസഫാക്ടറികൾ
കൊക്കോയുടെ സ്വതസിദ്ധമായ വാസനയുടെ കാര്യമെടുക്കുക. ഈ അനിതരസാധാരണ നറുമണം സാധ്യമാക്കാൻ കൂടിക്കലരുന്ന, വാതകമാക്കാവുന്ന 84 വ്യത്യസ്ത രാസപദാർഥങ്ങൾ ഇതുവരെ ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിട്ടുണ്ട് എന്നു നിങ്ങൾക്ക് അറിയാമോ? അങ്ങേയററം സങ്കീർണമായ ഘടകങ്ങളാണു കൊക്കോക്കുരുവിൽ അടങ്ങിയിരിക്കുന്നത്. അവ ഏതെല്ലാമെന്നു തിരിച്ചറിയാൻ അടുത്തകാലത്തു വളരെയധികം ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതു പ്രകൃതിദത്തമായ ഒരു ഉത്പന്നം മാത്രമാണ്.
കൊഴുപ്പുള്ള ഒരു പദാർഥമാണ് കൊളസ്ട്രോൾ. ഒരുപക്ഷേ, സാധ്യതയനുസരിച്ച് മനുഷ്യരിലെ ഹൃദ്രോഗവുമായി അതിനുണ്ടെന്നു തോന്നുന്ന ബന്ധം നിമിത്തമായിരിക്കാം അത് ഏററവും നന്നായി അറിയപ്പെടുന്നത്. എന്നിരുന്നാലും, ഇതു ചില സസ്യങ്ങളിൽ സ്ററിറോയ്ഡുകൾ എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടം ജീവത്പ്രധാന രാസപദാർഥങ്ങൾ നിർമിക്കുന്നതിനുള്ള ആദ്യഘടകമാണ്. ജീവകം ഡി, (കോർട്ടിസോൺ പോലുള്ള) ഹോർമോണുകൾ, പഴുപ്പിനെതിരായുള്ള ബെറെറമത്തസോൻ എന്നീ മരുന്നുകൾ എല്ലാം സ്ററിറോയിഡുകളിൽ അടങ്ങുന്നു. വായിലൂടെ കഴിക്കാവുന്ന ഗർഭനിരോധന മരുന്നു നിർമാണത്തിൽ ഉപയോഗിക്കുന്ന ഡൈയോഷെനിൻ എന്ന സ്ററിറോയ്ഡ് ഉത്പാദിപ്പിക്കുന്നത് ചിലയിനം കാട്ടുകിഴങ്ങിൽനിന്നാണ്. എന്നാൽ ഹെക്കുഷെനിനിൽനിന്നാണ് കോർട്ടിസോൺ നിർമിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഒരു സ്ററിറോയിഡായ ഹെക്കുഷനിൻ വേർതിരിച്ചെടുക്കുന്നത് നാരുണ്ടാക്കിയതിനുശേഷമുള്ള സൈസൽ ഇലയുടെ കുഴമ്പിൽനിന്നാണ്. സസ്യകലകളിൽനിന്നാണ് ഇന്നത്തെ പല പുതിയ മരുന്നുകളും ആദ്യമായി ലഭിച്ചത്.
സസ്യങ്ങളും മനുഷ്യരും
മനുഷ്യൻ കൃത്രിമ മരുന്നുകൾ ഉപയോഗിക്കുന്നു എന്നത് ഒരു ആധുനിക വൈദ്യശാസ്ത്ര പുരോഗതിയാണ്. എങ്കിലും ആയിരക്കണക്കിനു വർഷങ്ങളായി സാധാരണ രോഗങ്ങൾക്കുള്ള പ്രതിവിധിയായി സസ്യസത്തുകൾ ഉപയോഗിച്ചുപോന്നിട്ടുണ്ട്. വേദന ശമിപ്പിക്കാൻ സർവസാധാരണമായ കാക്കച്ചുവടി (anemone) ഉപയോഗിച്ചിരുന്നതായി പ്രാചീന അസീറിയൻ രേഖാവിവരണങ്ങളിലുണ്ട്. ഈജിപ്തിലെ ഫറവോൻമാരുടെ കാലംതൊട്ടുള്ള ചികിത്സാ പുൽച്ചുരുൾഗ്രന്ഥങ്ങൾ ഔഷധച്ചെടികൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തുന്നു.
ലോകവിസ്തൃതമായി ഏതാണ്ട് 20,000 ഔഷധച്ചെടികൾ ഉപയോഗിക്കുന്നതായി ലോകാരോഗ്യസംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിൽ മാത്രം ഏതാണ്ട് 5,500 വ്യത്യസ്ത ഔഷധ ഉത്പന്നങ്ങളിൽ ചേരുവകളായി 6,000 മുതൽ 7,000 വരെ ടൺ ഔഷധികൾ വർഷംതോറും ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഐക്യനാടുകളിലെ ഡോക്ടർമാരുടെ മരുന്നുകുറിപ്പടികളിൽ പകുതിയിലധികവും സസ്യങ്ങളിൽനിന്നു വേർതിരിച്ചെടുക്കുന്ന മരുന്നുകൾക്കുവേണ്ടിയുള്ളതാണ്.
പുതിയ മരുന്നുകൾ കണ്ടെത്തൽ
ലോകത്തിൽ 2,50,000-ത്തോളം സസ്യ വർഗങ്ങൾ ഉണ്ട്. ഓരോന്നിനും മിക്കവാറും അതിന്റേതായ അനുപമ രാസഘടനയുണ്ട്. പ്രയോജനപ്രദമായ മരുന്നുകൾ കണ്ടെത്തുന്നതിനുള്ള സൂചനകൾക്കായി ശാസ്ത്രജ്ഞൻമാർ നിരന്തരം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രദേശത്തു വളരുന്ന സസ്യങ്ങളെ ഉപയോഗിച്ചുകൊണ്ട് ആളുകൾ എങ്ങനെ രോഗചികിത്സ നടത്തുന്നു എന്നു പഠിക്കുകയാണ് വ്യക്തമായ മാർഗങ്ങളിൽ ഒന്ന്.
കൊക്കെയിനിന്റെ കണ്ടുപിടിത്തം ആരംഭിച്ചത് നിരീക്ഷണത്തിൽനിന്നാണ്. കോകച്ചെടിയുടെ ഇലകൾ ചവച്ചപ്പോൾ അതു വിശപ്പകററുകയും ക്ഷീണമകററുകയും ചെയ്തതായി കണ്ടു. കൊക്കെയിൻ തൻമാത്രയെ വേർതിരിച്ച് അതിന്റെ ഘടനയ്ക്കു ചെറിയൊരു മാററം വരുത്തിക്കൊണ്ട് രസതന്ത്രജ്ഞർ ഒരു കൃത്രിമ കൂട്ടുവ്യുത്പന്നം ഉണ്ടാക്കിയെടുത്തു. ഇതു ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു വേദന അകററാൻ ഉപയോഗിക്കുന്നു. വേദന തോന്നാതിരിക്കാൻ ദന്തഡോക്ടർ നിങ്ങളുടെ താടിയുടെ ഒരു ഭാഗം “മരവിപ്പിക്കാൻ” ഒരു ഇൻജെക്ഷൻ തന്നിട്ടുണ്ടാകും. അപ്പോൾ ഈ ഗവേഷണത്തിൽനിന്നു നിങ്ങൾക്കും പ്രയോജനമുണ്ടായി എന്നർഥം.
സസ്യങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ചുള്ള വിലയേറിയ പല വിവരങ്ങളും ഇപ്പോഴും സസ്യശാസ്ത്ര ഫയലുകളിൽത്തന്നെയാണ്. ഹാർവാർഡ് യൂണിവേഴ്സിററിയുടെ ഗ്രേയ് ഹെർഭാരിയം ആൻഡ് ആർനോൾഡ് ആർബൊരിററമിൽ 25 ലക്ഷം സാമ്പിളുകൾ പരിശോധിച്ചുകൊണ്ട് നാലു വർഷത്തിലധികം ചെലവഴിച്ച ശാസ്ത്രജ്ഞൻമാർക്ക് 5,000-ത്തിലധികം സസ്യ സ്പിഷീസുകളെ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞു. എന്നാൽ, മരുന്നിനു കൊള്ളാവുന്നതല്ലെന്നമട്ടിൽ മുമ്പ് തള്ളിക്കളഞ്ഞവയായിരുന്നു അവ.
അന്വേഷണത്തിന്റെ മറെറാരു രീതി സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളെ താരതമ്യം ചെയ്യലാണ്. ഒരു സ്പിഷീസിൽ ഉപയോഗപ്രദമായ രാസസംയുക്തങ്ങൾ ഉണ്ടെങ്കിൽ, ബന്ധപ്പെട്ട സ്പിഷീസുകളും വിലപ്പെട്ടതായേക്കാം. ഒരു വടക്കേ ആസ്ട്രേലിയൻ വൃക്ഷമായ മോർട്ടൺ ബേ ചെസ്ററ്നട്ടിനെക്കുറിച്ചു നടത്തിയ ഗവേഷണം വൈറസിനെതിരെ പ്രവർത്തിക്കുന്ന കസ്ററനോസ്പർമൈൻ എന്ന ഒരു തരം വിഷം വേർതിരിച്ചെടുത്തു. ബന്ധപ്പെട്ട വൃക്ഷങ്ങളെ തേടുന്ന സസ്യശാസ്ത്രജ്ഞൻമാർ തെക്കേ അമേരിക്കൻ അലക്സായെ കുറിച്ചു ഗവേഷണം നടത്തണമെന്നു നിർദേശിക്കുകയുണ്ടായി.
അർബുദത്തിനെതിരെയുള്ള ഗവേഷണം
ചിലപ്പോഴൊക്കെ സൂചനകൾ തെററിദ്ധരിപ്പിക്കുന്നതും പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഉണ്ടാക്കുന്നതും ആയിരിക്കാം. ഉദാഹരണത്തിന്, മഡഗാസ്കറിലെ ഒരു ചെടിയായ പെറിവിങ്കളിന്റെ സത്ത് പ്രമേഹചികിത്സയ്ക്ക് ഉപകരിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്നു. കനേഡിയൻ ഗവേഷണവിഭാഗം ജോലിക്കാർ അതു സംബന്ധിച്ചു പരീക്ഷണം ആരംഭിച്ചു. അവരെ അമ്പരപ്പിച്ചുകൊണ്ട് പെറിവിങ്കളിന്റെ സത്ത് ശ്വേതരക്താണുക്കളുടെ ഉത്പാദനം കുറച്ചുകൊണ്ട് രോഗപ്രതിരോധ വ്യവസ്ഥയെ ഞെരുക്കിക്കളഞ്ഞു. അങ്ങനെയാണു ശ്വേതരക്താണുക്കൾക്കുണ്ടാകുന്ന അർബുദമായ രക്താർബുദത്തിനെതിരെ ഈ സത്ത് പരീക്ഷിക്കാമെന്ന ആശയം ഡോക്ടർമാർക്കു പിടികിട്ടിയത്.
അവസാനം ഏതാണ്ടു 90 പദാർഥങ്ങൾ വേർതിരിച്ചെടുത്തു. അവയിൽ വിൻക്രിസ്റൈറൻ, വിൻബസ്ല്റെറൻ എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടെണ്ണം ചികിത്സാർഥം പ്രയോജനകരമാണെന്നു തെളിഞ്ഞു. അവ സസ്യത്തിൽ വളരെ കുറച്ചേയുള്ളൂ. 2 ഗ്രാം വിൻക്രിസ്റൈറൻ ഉണ്ടാക്കാൻ ഏകദേശം ഒരു ടൺ സസ്യപദാർഥം വേണം. ഈ മിശ്രണങ്ങളും അവയുടെ വ്യുത്പന്നങ്ങളും പ്രദാനം ചെയ്യുന്ന ഒരു രാസചികിത്സയാണ് ഇന്നു കുട്ടികൾക്കുണ്ടാകുന്ന രക്താർബുദത്തിനുള്ള ചികിത്സയിൽ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നത്.
1950-കളുടെ അവസാനത്തിൽ യു.എസ്. നാഷണൽ ക്യാൻസർ ഇൻസ്ററിററ്യൂട്ട് ഒരു 25-വർഷ-പരിശോധനാ പരിപാടിക്കു തുടക്കമിടുകയുണ്ടായി. ഈ കാലയളവിൽ ക്യാൻസർ വളർത്തലുകളിൻമേൽ (cancer cultures) ട്യൂമർവിരുദ്ധ പ്രവർത്തനത്തിനുവേണ്ടി 40,000 വർഗങ്ങളിൽനിന്നുള്ള 1,14,000 സസ്യ സത്തുകൾ പരിശോധിക്കപ്പെടുകയുണ്ടായി. ഇവയിൽ 4,500 സത്തുകൾ, ഇനിയും ഗവേഷണത്തിനു വഴിയൊരുക്കിക്കൊണ്ട് ശ്രദ്ധേയമായ ഫലമുണ്ടാക്കി. പക്ഷേ, അത്തരം ഗവേഷണത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം “അർബുദത്തിനെതിരായ ഫലപ്രദമായ മരുന്നുകൾ വാസ്തവത്തിൽ കണ്ടുപിടിക്കാനുള്ള സാധ്യത തീരെയില്ല” എന്ന് ഔഷധശാസ്ത്രോപദേഷ്ടാവായ ഡോ. ഡബ്ലിയു. ഇവൻസ് ചൂണ്ടിക്കാണിക്കുന്നതിനും പ്രാധാന്യമുണ്ട്. ഒട്ടനവധി തരത്തിലുള്ള അർബുദങ്ങളുണ്ട്. ശീഘ്രവളർച്ചയുള്ള ഏതാനും അർബുദ-കോശ വളർത്തലുകളേ ഈ പരീക്ഷണങ്ങളിൽ ഉപയോഗിച്ചിട്ടുള്ളൂ.
പഴയ സസ്യങ്ങളിൽനിന്നു പുതിയ മരുന്നുകൾ
സുപരിചിത സസ്യങ്ങൾ ഗവേഷകർക്കു ചിന്തയ്ക്കുള്ള കൂടുതലായ വക നൽകുന്നുണ്ട്. ഉദാഹരണത്തിന്, ഇപ്പോൾ ഇഞ്ചി ഛർദിശമനൗഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ചലനസംബന്ധമായ അസുഖങ്ങൾക്കും ഇതു വിശേഷാൽ ഫലപ്രദമാണ്.a ഇനി, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ പരാദജീവി വരുത്തുന്ന രോഗമായ ഷിസ്റേറാസോമിയാസിസ് (ബിൽഹാർസിയ) പിടിപെട്ടവർക്ക് ആശ്വാസമേകുന്ന കാര്യത്തിൽ ഇഞ്ചി വളരെ വിലപ്പെട്ട സഹായമാണെന്നു തെളിഞ്ഞിരിക്കുന്നതും വിശേഷിച്ച് എടുത്തുപറയാവുന്നതാണ്. രോഗബാധിതരായ നൈജീരിയൻ സ്കൂൾ കുട്ടികൾക്കു ചുക്കുപൊടിഗുളികകൾ പരീക്ഷണാർഥം കൊടുത്തപ്പോൾ അവരുടെ മൂത്രത്തിലൂടെയുള്ള രക്തംപോക്ക് നിൽക്കുകയും ഷിസ്റേറാസോം മുട്ടകളുടെ എണ്ണം കുറയുകയും ചെയ്തു.
കൂടുതൽ മരുന്നുകൾ ലഭിക്കാനുള്ള തിരച്ചിലുമായി ബന്ധപ്പെട്ട് സസ്യലോകത്തെ പരീക്ഷണവിധേയമാക്കുന്ന ഉദ്യമം ഗവേഷകർ കേവലം ആരംഭിച്ചിട്ടേയുള്ളൂ. ഏറെക്കുറെ സുപരിചിതമായ സസ്യങ്ങളെ സംബന്ധിച്ചുപോലും ഇനിയും എത്രയോ രഹസ്യങ്ങൾ അവശേഷിക്കുന്നു. ഇരട്ടിമധുരത്തിന് ഇപ്പോൾ വലിയ ഡിമാൻഡാണ്. കാരണം അതിൽ കണ്ടെത്തിയിരിക്കുന്ന രാസപദാർഥങ്ങൾ പഴുപ്പിനെതിരെ ഫലപ്രദമായ മരുന്നാണ്. ഇനി അതിന്റെ ഉപഉത്പന്നങ്ങളുടെ കാര്യമെടുക്കുക. അവയ്ക്കു രക്തവാതം ബാധിച്ചവർക്ക് ആശ്വാസം പ്രദാനം ചെയ്യാനാകും. ഫംഗസുകൾക്കും സൂക്ഷ്മാണുക്കൾക്കും എതിരെയുള്ള ഫലങ്ങൾക്കായി ശാസ്ത്രജ്ഞൻമാർ സാധാരണ തോട്ടപ്പയറും പരീക്ഷിക്കുന്നുണ്ട്.
സസ്യങ്ങളെക്കുറിച്ചുള്ള രേഖ പൂർത്തീകരിക്കുന്നതിനു മുമ്പായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ സസ്യ സ്പിഷീസുകൾ അനിയന്ത്രിതമായി നശിപ്പിക്കപ്പെടുന്നു. ഇതിനർഥം പുതിയ മരുന്നുകൾക്കായുള്ള തിരച്ചിൽ അതിവേഗം നടത്തണം എന്നാണ്. സസ്യങ്ങളെയും അവയുടെ ജനിതക സംരക്ഷണത്തെയും പററിയുള്ള ശ്രദ്ധാപൂർവകമായ രസതന്ത്രാപഗ്രഥനത്തിന് അങ്ങേയററത്തെ മുൻഗണന ലഭിക്കണം. പരിചിതമായ സസ്യങ്ങളുടെ കാര്യത്തിൽപ്പോലും ഇതു വേണ്ടതാണ്. പക്ഷേ, പരിഹരിച്ചിട്ടില്ലാത്ത ഒരു കുഴഞ്ഞപ്രശ്നം ഇനിയും ബാക്കിനിൽക്കുന്നു: ഈ അസാധാരണ രാസപദാർഥങ്ങളിൽ മിക്കതിനെക്കൊണ്ടും എന്ത് ഉപയോഗമാണ് സസ്യങ്ങൾക്കുതന്നെയുള്ളത്? ഉദാഹരണത്തിന്, കോഴിച്ചീരയിൽ അടങ്ങിയിരിക്കുന്ന വൻതോതിലുള്ള നോർഅഡ്രിനലിൻ. മനുഷ്യക്ഷേമത്തിന് അത്യന്താപേക്ഷിതമായ ഈ ഹോർമോൺ അതിൽ ഇത്രയധികം എന്തിനാണ്?
വാസ്തവത്തിൽ, സസ്യജാലങ്ങളുടെ സങ്കീർണതകളെക്കുറിച്ചുള്ള നമ്മുടെ അറിവ് ഇപ്പോഴും അങ്ങേയററം പരിമിതമാണ്. എന്നാൽ നാം അറിഞ്ഞിടത്തോളം സംഗതികൾ വിരൽചൂണ്ടുന്നത് ഒരു ആകമാന രൂപസംവിധാനത്തിലേക്കാണ്, ഒപ്പം ഒരു മഹാരൂപസംവിധായകനുള്ള ബഹുമതിയിലേക്കും.
[അടിക്കുറിപ്പുകൾ]
a 1982 ജൂലൈ 22 ലക്കം ഉണരുക! [ഇംഗ്ലീഷ്], പേജ് 31 കാണുക.
[24-ാം പേജിലെ ചിത്രം]
ചലനരോഗങ്ങൾക്കുള്ള പ്രത്യൗഷധമായി ഇഞ്ചി ഉപയോഗിക്കപ്പെടുന്നു