രാസവസ്തുക്കൾ—ശത്രുവും മിത്രവും?
നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയിട്ടാണ് നാം ജീവിതത്തിൽ പല തീരുമാനങ്ങളും എടുക്കുന്നത്. ഉദാഹരണത്തിന്, പലയാളുകളും സൗകര്യമോർത്ത് ഒരു കാർ വാങ്ങുന്നു. എന്നാൽ സൗകര്യത്തോടൊപ്പം ഇൻഷ്വറൻസിനും രജിസ്ട്രേഷനും ഒക്കെയായി വരുന്ന ചെലവും അതു നല്ല കണ്ടീഷനിൽ നിർത്തുന്നതിനുള്ള ചെലവും കാറിന്റെ വിലയിൽ വരുന്ന ഇടിവും അവർക്കു കണക്കാക്കേണ്ടിവരുന്നു. അപകടത്തിൽ പരിക്കേൽക്കുന്നതിനോ മരണമടയുന്നതിനോ ഉള്ള സാധ്യതയും അവർക്കു മറന്നുകളയാനാവില്ല. കൃത്രിമ രാസവസ്തുക്കളുടെ കാര്യത്തിൽ അവസ്ഥ ഏറെക്കുറെ സമാനമാണ്—അവയുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, എംറ്റിബിഇ (മീഥൈൽ റ്റെർഷിയെറി ബ്യൂട്ടിൽ ഈഥർ) എന്ന രാസവസ്തുവിന്റെ കാര്യമെടുക്കാം. ജ്വലനം വർധിപ്പിക്കാനും വാഹനങ്ങളിൽനിന്നുള്ള ഉത്സർജനം കുറയ്ക്കാനുമായി ഇന്ധനത്തിൽ ചേർക്കുന്ന ഒരു പദാർഥമാണ് അത്.
ഐക്യനാടുകളിലെ അനേകം നഗരങ്ങളിലെയും വായു മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ശുദ്ധമാണ്. ഇതിനു ഭാഗികമായ കാരണം എംറ്റിബിഇ ആണ്. എന്നാൽ, ശുദ്ധവായു ലഭിക്കുന്നതിനു “വിലയൊടുക്കേണ്ടി വന്നിരിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, എംറ്റിബിഇ കാൻസറിന് ഇടയാക്കിയേക്കാവുന്ന ഒരു പദാർഥമാണ്. മാത്രമല്ല, പതിനായിരക്കണക്കിന് ഭൂഗർഭ പെട്രോൾ ടാങ്കുകളിൽനിന്നു ചോർന്നിറങ്ങുന്ന അത് പലപ്പോഴും ഭൂഗർഭജലത്തെ മലിനമാക്കുന്നു. അതിന്റെ ഫലമായി, അവിടുത്തെ ഒരു പട്ടണത്തിലുള്ള ആളുകൾക്ക് ഇപ്പോൾ വെള്ളത്തിന്റെ 82 ശതമാനവും പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതി വന്നിരിക്കുകയാണ്, ഇതിന് ഒരു വർഷം വേണ്ടിവരുന്ന തുക 14 കോടി രൂപയാണ്! ഈ വിപത്ത് “അനേക വർഷക്കാലം നീണ്ടുനിന്നേക്കാവുന്ന, ഐക്യനാടുകളിലെ ഏറ്റവും ഗുരുതരമായ ഒരു ഭൂഗർഭജല മലിനീകരണ പ്രതിസന്ധി ആയിത്തീർന്നേക്കാം” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു.
പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷം ചെയ്യുന്നതു നിമിത്തം ചില രാസവസ്തുക്കൾ നിരോധിക്കുകയും അവയുടെ വിൽപ്പന പാടേ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ‘ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്?’ നിങ്ങൾ ചോദിച്ചേക്കാം. വിഷാംശമുള്ളതാണോ എന്ന് സമഗ്രമായി പരിശോധിച്ചിട്ടല്ലേ പുതുതായി നിർമിക്കുന്ന എല്ലാ രാസവസ്തുക്കളും പുറത്തിറക്കുന്നത്?
വിഷാംശ പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
രാസവസ്തുക്കളുടെ വിഷാംശ പരിശോധന വാസ്തവത്തിൽ ശാസ്ത്രത്തിന്റെയും ഊഹാപോഹത്തിന്റെയും ഒരു സങ്കലനമാണ്. “നാം സമ്പർക്കത്തിൽ വരുന്ന ഒരു രാസവസ്തു ‘സുരക്ഷിത’മായിരിക്കുന്നതും ‘സുരക്ഷിതമല്ലാ’തായിരിക്കുന്നതും ഏതളവിൽ ആകുമ്പോഴാണ് എന്ന് അപകടസാധ്യത വിലയിരുത്തുന്നവർക്കു കൃത്യമായി പറയാൻ അറിയില്ല” എന്ന് വിലയിരുത്തപ്പെട്ട അപകടസാധ്യതകൾ എന്ന ഇംഗ്ലീഷിലുള്ള തന്റെ പുസ്തകത്തിൽ ജോസഫ് വി. റോഡ്രിഗ്സ് പറയുന്നു. ഔഷധങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. അവയിൽ പലതും കൃത്രിമമായാണു നിർമിക്കുന്നത്. “അങ്ങേയറ്റം സൂക്ഷ്മമായ പരിശോധനയിൽ പോലും, ഒരു ഔഷധം പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദൂഷ്യ ഫലം ഉളവാക്കാനുള്ള സാധ്യത എല്ലായ്പോഴും തെളിയില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു.
പരീക്ഷണ ശാലകൾക്ക് അവയുടേതായ ചില പരിമിതികളുണ്ട്. ഉദാഹരണത്തിന്, ഒരു രാസവസ്തു പരീക്ഷണ ശാലയ്ക്കു വെളിയിലെ വിഭിന്നവും സങ്കീർണവുമായ ചുറ്റുപാടിൽ എങ്ങനെയെല്ലാം പ്രവർത്തിക്കും എന്നുള്ളത് പരീക്ഷണ ശാലയ്ക്കുള്ളിൽ വെച്ച് പൂർണമായി കണ്ടുപിടിക്കാനാവില്ല. നൂറുകണക്കിനോ ആയിരക്കണക്കിനോ പോലും വ്യത്യസ്ത കൃത്രിമ രാസവസ്തുക്കൾ നിറഞ്ഞതാണ് പരീക്ഷണ ശാലയ്ക്കു വെളിയിലെ ലോകം. ഇവയിൽ പലതിനും പരസ്പരവും അതുപോലെതന്നെ ജീവജാലങ്ങളുമായും പ്രതിപ്രവർത്തിക്കാൻ കഴിയും. ഈ രാസവസ്തുക്കളിൽ ചിലത് അവയിൽത്തന്നെ ഹാനികരമല്ല. എന്നാൽ നമ്മുടെ ശരീരത്തിന് ഉള്ളിൽവെച്ചോ വെളിയിൽവെച്ചോ അവ പരസ്പരം കൂടിച്ചേരുമ്പോൾ വിഷാംശമുള്ള പുതിയ സംയുക്തങ്ങൾ ഉണ്ടാകുന്നു. ചില രാസവസ്തുക്കളാണെങ്കിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾക്കു (metabolism) ശേഷം മാത്രമാണ് വിഷാംശമുള്ളതോ കാൻസർജനകം പോലുമോ ആയിത്തീരുന്നത്.
ഇത്തരം വെല്ലുവിളികൾ ഉള്ള സ്ഥിതിക്ക് അപകടസാധ്യത വിലയിരുത്തുന്നവർ ഒരു രാസവസ്തു സുരക്ഷിതമാണോ എന്ന് നിർണയിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ്? പരീക്ഷണ ശാലയിലെ ജന്തുക്കൾക്ക് രാസവസ്തുവിന്റെ ഒരു നിശ്ചിത അളവ് നൽകിയിട്ട് അതിന്റെ ഫലങ്ങൾ മനുഷ്യരുടെ കാര്യത്തിൽ ബാധകമാക്കാൻ ശ്രമിക്കുന്നതാണ് സാധാരണ അവലംബിക്കാറുള്ള രീതി. ഈ രീതി എല്ലായ്പോഴും ആശ്രയയോഗ്യമാണോ?
ജന്തുക്കളിലുള്ള പരിശോധനകൾ ആശ്രയയോഗ്യമോ?
വിഷവസ്തുക്കൾ ജന്തുക്കളിൽ പരീക്ഷിച്ചു നോക്കുന്നത് അവയോടുള്ള ക്രൂരത സംബന്ധിച്ച ധാർമിക പ്രശ്നങ്ങൾക്കു പുറമേ മറ്റുപല പ്രശ്നങ്ങളും ഉയർത്തുന്നു. ഉദാഹരണത്തിന്, വ്യത്യസ്ത ജന്തുക്കൾ രാസവസ്തുക്കളോട് തികച്ചും വ്യത്യസ്തമായ രീതിയിലാണു പലപ്പോഴും പ്രതികരിക്കുന്നത്. അത്യന്തം വിഷകരമായ ഡയോക്സിന്റെ ചെറിയൊരു മാത്ര മതി ഒരു പെൺ ഗിനിപ്പന്നിയെ കൊല്ലാൻ, എന്നാൽ ഒരു ഹാംസ്റ്ററിനെ കൊല്ലാൻ അതിന്റെ 5,000 ഇരട്ടി വേണ്ടിവരും! എലികളും ചുണ്ടെലികളും പോലെ അടുത്തു ബന്ധമുള്ള ജീവിവർഗങ്ങൾ പോലും പല രാസവസ്തുക്കളോടും വ്യത്യസ്ത രീതിയിലാണു പ്രതികരിക്കുന്നത്.
ഒരു പ്രത്യേക രാസവസ്തുവിനോടുള്ള ഒരു ജന്തുവർഗത്തിന്റെ പ്രതികരണത്തെ ആസ്പദമാക്കി മറ്റൊരു ജന്തുവർഗം എങ്ങനെ പ്രതികരിക്കുമെന്ന് കൃത്യമായി മുൻകൂട്ടിപ്പറയാൻ കഴിയാത്ത സ്ഥിതിക്ക് ആ രാസവസ്തു മനുഷ്യരിൽ കുഴപ്പമൊന്നും ഉണ്ടാക്കില്ല എന്ന് ഗവേഷകർക്ക് എത്ര ഉറപ്പോടെ പറയാൻ കഴിയും? അവർക്ക് യഥാർഥത്തിൽ ഉറപ്പു പറയാൻ കഴിയില്ല എന്നതാണു പരമാർഥം.
രസതന്ത്രജ്ഞരുടെ ദൗത്യം തീർച്ചയായും ദുഷ്കരമാണ്. അവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ആവശ്യമുള്ളവരെ പ്രീതിപ്പെടുത്തണം, ജന്തുക്കളുടെ ക്ഷേമത്തിൽ തത്പരരായിരിക്കുന്നവരെ സമാധാനപ്പെടുത്തണം, കൂടാതെ തങ്ങൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സുരക്ഷിതമാണെന്ന് സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്തുകയും വേണം. ഈ കാരണങ്ങളാൽ ചില പരീക്ഷണ ശാലകൾ ഇപ്പോൾ കൃത്രിമമായി വളർത്തിയെടുക്കുന്ന മനുഷ്യ കോശങ്ങളിൽ രാസവസ്തുക്കൾ പരീക്ഷിച്ചു നോക്കുകയാണ്. എന്നിരുന്നാലും, ഈ പരീക്ഷണ ഫലങ്ങൾ ആശ്രയയോഗ്യമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ലബോറട്ടറിയിലെ പരിശോധനാ ഫലങ്ങൾ തെറ്റെന്നു തെളിയുമ്പോൾ
പരീക്ഷണ ശാലയിൽനിന്ന് ആദ്യമായി പുറത്തിറക്കിയ സമയത്ത് നിരുപദ്രവകാരി എന്നു തെറ്റായി പ്രഖ്യാപിക്കപ്പെട്ട ഒരു രാസവസ്തു ആണ് നമ്മുടെ ചുറ്റുപാടിൽ ഇപ്പോഴും വ്യാപകമായി കണ്ടുവരുന്ന ഡിഡിറ്റി എന്ന കീടനാശിനി. ഡിഡിറ്റി ജീവികളിൽ ദീർഘനാൾ നിലനിൽക്കാൻ പ്രവണത കാണിക്കുന്നതായി ശാസ്ത്രജ്ഞന്മാർ പിന്നീടു മനസ്സിലാക്കി. വിഷകരമായിരിക്കാവുന്ന മറ്റു രാസവസ്തുക്കളുടെ കാര്യത്തിലും ഇതു സത്യമാണ്. ഇതുമൂലം ഉണ്ടാകുന്ന ദാരുണ ഭവിഷ്യത്തുകൾ എന്തെല്ലാമാണ്? ദശലക്ഷക്കണക്കിനു വരുന്ന തീരെ ചെറിയ ജീവികളും തുടർന്ന് മത്സ്യങ്ങളും ഒടുവിൽ പക്ഷികളും കരടികളും ഓട്ടറുകളും ഉൾപ്പെടുന്ന ഭക്ഷ്യശൃംഖലയിലെ അവസാനത്തെ ഉപഭോക്താക്കളിൽ വിഷവസ്തുക്കൾ കുന്നുകൂടുന്നു. അങ്ങനെ അത് ജീവനുള്ള ഒരു ചോർപ്പ് (funnel) ആയി വർത്തിക്കുന്നു. വിഷവസ്തുക്കളുടെ ഈ സാന്ദ്രീകരണം നിമിത്തം ഒരു സന്ദർഭത്തിൽ നീർപ്പക്ഷിയായ മുങ്ങാങ്കോഴികളുടെ ഒരു കൂട്ടത്തിന് പത്തിലേറെ വർഷം ഒറ്റ മുട്ടപോലും വിരിയിക്കാനായില്ല!
ഈ ജൈവ ചോർപ്പുകൾ വളരെ പ്രവർത്തനക്ഷമമാണ്. കാരണം, വെള്ളത്തിൽ നേരിയ അളവിൽ മാത്രം അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ ഭക്ഷ്യശൃംഖലയിലെ അവസാനത്തെ ഉപഭോക്താക്കളിൽ അമ്പരപ്പിക്കുന്ന അളവിൽ കാണപ്പെടുന്നു. വടക്കേ അമേരിക്കയിലെ സെന്റ് ലോറൻസ് നദിയിലെ വെള്ളത്തിമിംഗലങ്ങൾ നല്ലൊരു ഉദാഹരണമാണ്. അവയിൽ വിഷപദാർഥങ്ങൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതു നിമിത്തം ചാകുമ്പോൾ അവയെ അപകടകാരികളായ പാഴ്വസ്തുക്കളായി കണക്കാക്കേണ്ടിയിരിക്കുന്നു!
പല ജന്തുക്കളിലും കണ്ടുവരുന്ന ചില രാസവസ്തുക്കൾ ഹോർമോണുകളുടെ വേഷമണിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഉളവാക്കിയേക്കാവുന്ന കുടിലമായ വിഷ സ്വാധീനത്തെക്കുറിച്ച് അടുത്തയിടെ മാത്രമാണ് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കി തുടങ്ങിയത്.
ഹോർമോണുകളെ അനുകരിക്കുന്ന രാസവസ്തുക്കൾ
ശരീരത്തിലെ പ്രധാനപ്പെട്ട രാസ സന്ദേശവാഹകരാണ് ഹോർമോണുകൾ. അവ രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഇതര ഭാഗങ്ങളിലേക്കു സഞ്ചരിക്കുന്നു. അവിടെ എത്തിച്ചേർന്ന ശേഷം അവ ശരീര വളർച്ച, പുനരുത്പാദന പരിവൃത്തികൾ എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്നു. രസകരമെന്നു പറയട്ടെ, ശരീരത്തിനുള്ളിൽ കടക്കുന്ന ചില കൃത്രിമ രാസവസ്തുക്കൾ ഹോർമോണുകളെ ഹാനികരമായ വിധത്തിൽ അനുകരിക്കുകയോ അവയുടെ പ്രവർത്തനം തടയുകയോ ചെയ്യുന്നതായി “അതിവേഗം വർധിച്ചുവരുന്ന ശാസ്ത്രീയ തെളിവുകൾ” സൂചിപ്പിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) അടുത്തകാലത്തെ ഒരു പത്രപ്രസ്താവന പറയുന്നു.
ഇത്തരം രാസവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ് പിസിബി-കൾ,a ഡയോക്സിനുകൾ, ഫ്യുറാനുകൾ, ഡിഡിറ്റി പോലെയുള്ള ചില കീടനാശിനികൾ എന്നിവ. അന്തഃസ്രാവി പ്രതിരോധകങ്ങൾ എന്നു വിളിക്കപ്പെടുന്ന ഈ രാസവസ്തുക്കൾക്ക് ഹോർമോണുകളുടെ ഉത്ഭവസ്ഥാനമായ, ശരീരത്തിലെ അന്തഃസ്രാവി വ്യവസ്ഥയുടെ സാധാരണ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാൻ കഴിയും.
ഈ രാസവസ്തുക്കൾ അനുകരിക്കുന്ന ഒരു ഹോർമോൺ ആണ് സ്ത്രീ ലൈംഗിക ഹോർമോണായ ഈസ്ട്രജൻ. നേരത്തെ ലൈംഗിക പക്വത പ്രാപിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിനു കാരണം ഈസ്ട്രജൻ അടങ്ങിയിട്ടുള്ള കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഉപയോഗവും ഈസ്ട്രജനെ അനുകരിക്കുന്ന പാരിസ്ഥിതിക രാസവസ്തുക്കളും ആയിരിക്കാമെന്ന് പിഡിയാട്രിക്സ് എന്ന വൈദ്യശാസ്ത്ര ജേർണലിൽ വന്ന ഒരു പഠന റിപ്പോർട്ടു സൂചിപ്പിക്കുന്നു.
വളർച്ചയുടെ നിർണായക ദശയിൽ ഒരു ആൺജീവിയെ പ്രത്യേക ഇനം രാസവസ്തുക്കളുടെ സ്വാധീനശക്തിക്കു വിധേയമാക്കുന്നത് പ്രതികൂല ഫലങ്ങൾ ഉളവാക്കിയേക്കാം. “വളർച്ചയുടെ ഒരു പ്രത്യേക കാലയളവിൽ ആൺ കടലാമകളെയും മുതലകളെയും പിസിബി-കളുടെ സ്വാധീനശക്തിക്കു വിധേയമാക്കിയാൽ അവ പെൺ കടലാമകളും മുതലകളും ആയി അല്ലെങ്കിൽ ‘പുംസ്ത്രീ ലക്ഷണങ്ങൾ കാട്ടുന്ന’വയായി മാറും എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നതായി” ഡിസ്കവർ എന്ന മാസികയിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു.
ഇതിനു പുറമേ, രാസവിഷങ്ങൾ പ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കുന്നു. അങ്ങനെ ജന്തുക്കളിൽ വൈറസ് ആക്രമണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. വാസ്തവത്തിൽ, വൈറസ് ബാധയുടെ അളവും വേഗവും എന്നത്തേതിലുമധികം വർധിച്ചുവരുന്നതായി തോന്നുന്നു, പ്രത്യേകിച്ചും ഡോൾഫിനുകളും കടൽപ്പക്ഷികളും പോലെ ഭക്ഷ്യശൃംഖലയുടെ മുകളിലുള്ള ജന്തുക്കളുടെ ഇടയിൽ.
മനുഷ്യരുടെ ഇടയിൽ, ഹോർമോൺ അനുകാരികളായ രാസവസ്തുക്കൾ ഏറ്റവും കൂടുതലായി ബാധിക്കുന്നതു കുട്ടികളെയാണ്. ഏതാനും വർഷം മുമ്പ് ജപ്പാനിൽ പിസിബി-യാൽ മലിനീകൃതമായ തവിടെണ്ണ ഉപയോഗിച്ച സ്ത്രീകൾക്കുണ്ടായ കുട്ടികൾക്ക് “ശാരീരികവും മാനസികവുമായ വളർച്ചാ മാന്ദ്യവും അമിത ചുറുചുറുക്ക്, തീരെ ചുറുചുറുക്കില്ലായ്മ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങളും ഉണ്ടായി. കൂടാതെ അവരുടെ ലിംഗങ്ങൾ തീരെ ചെറുതും ബുദ്ധിയുടെ തോത് ശരാശരിയെക്കാൾ അഞ്ചു പോയിന്റ് താഴെയും ആയിരുന്നു” എന്ന് ഡിസ്കവർ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. പിസിബി-കളുടെ ഉയർന്ന അളവുമായി സമ്പർക്കത്തിൽ വന്ന നെതർലൻഡ്സിലെയും വടക്കേ അമേരിക്കയിലെയും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയിൽ അവ സമാനമായ പ്രതികൂല ഫലങ്ങൾ ഉളവാക്കിയതായി പരിശോധനകൾ വെളിപ്പെടുത്തി.
സ്ത്രീപുരുഷന്മാരിൽ “ഹോർമോൺ സംവേദകത്വമുള്ള” കാൻസറുകൾ വർധിക്കുന്നതിനു കാരണവും ഈ രാസവസ്തുക്കൾ ആയിരുന്നേക്കാമെന്ന് ഡബ്ലിയുഎച്ച്ഒ റിപ്പോർട്ടു ചെയ്യുന്നു. സ്തനം, വൃഷണം, പ്രോസ്റ്റെയ്റ്റ് ഗ്രന്ഥി എന്നിവയെ ബാധിക്കുന്ന കാൻസറുകൾ ഈ ഇനത്തിൽ പെടുന്നവയാണ്. കൂടാതെ, പല രാജ്യങ്ങളിലും പുരുഷന്മാരിലെ ബീജാണുക്കളുടെ ശരാശരി എണ്ണവും ചലനശേഷിയും കുറഞ്ഞുവരുന്നതിന്റെ കാരണവും രാസവസ്തുക്കളുടെ ഉപയോഗത്തിലുള്ള വർധനവ് ആയിരിക്കാവുന്നതാണ്. ചില രാജ്യങ്ങളിൽ, ബീജാണുക്കളുടെ ശരാശരി എണ്ണം 50 വർഷം കൊണ്ട് ഏതാണ്ട് പകുതിയായി കുറഞ്ഞിരിക്കുന്നു!
നമ്മുടേത് “കാര്യങ്ങൾ പരീക്ഷിച്ചു നോക്കുന്ന ഒരു തലമുറ” ആണെന്ന് ഒരു ഡോക്ടർ പറയുന്നതായി നാം മുൻ ലേഖനത്തിൽ ശ്രദ്ധിക്കുകയുണ്ടായി. അവർ പറഞ്ഞതു ശരിയാണെന്നു തോന്നുന്നു. നാം കണ്ടുപിടിച്ചിട്ടുള്ള പല രാസവസ്തുക്കളും പ്രയോജനപ്രദം ആയിരുന്നിട്ടുണ്ടെന്നതു ശരി തന്നെ. എന്നാൽ മറ്റു ചിലതിന്റെ കാര്യം അങ്ങനെ അല്ല. അതുകൊണ്ട്, ഹാനികരമായിരിക്കാൻ സാധ്യതയുള്ള രാസവസ്തുക്കളുമായി അനാവശ്യ സമ്പർക്കം ഒഴിവാക്കുന്നതു ബുദ്ധിയാണ്. അതിശയകരമെന്നു പറയട്ടെ, ഈ രാസവസ്തുക്കളിൽ പലതും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അപകടകരം ആയിരുന്നേക്കാവുന്ന രാസവസ്തുക്കളിൽനിന്ന് സംരക്ഷണം നേടാനായി നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് അടുത്ത ലേഖനം ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a 1930-കൾ മുതൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന പിസിബി-കളുടെ (പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ) ഗണത്തിൽ ലൂബ്രിക്കന്റുകൾ, പ്ലാസ്റ്റിക്കുകൾ, വൈദ്യുത രോധകങ്ങൾ, കീടനാശിനികൾ, പാത്രം കഴുകാൻ ഉപയോഗിക്കുന്ന ദ്രാവകങ്ങൾ എന്നിവയിലും മറ്റ് ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന 200-ലധികം സ്നിഗ്ദ്ധ സംയുക്തങ്ങൾ ഉൾപ്പെടുന്നു. പിസിബി-യുടെ ഉത്പാദനം പല രാജ്യങ്ങളിലും ഇപ്പോൾ നിരോധിച്ചിരിക്കുകയാണെങ്കിലും പത്തു ലക്ഷം ടണ്ണിനും ഇരുപതു ലക്ഷം ടണ്ണിനും ഇടയ്ക്ക് പിസിബി-കൾ ഇതിനോടകം തന്നെ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഉപയോഗശേഷം പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെട്ട പിസിബി-കൾ വിഷകരമായ ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്.
[7-ാം പേജിലെ ചിത്രം]
ഈ തിമിംഗലങ്ങളിൽ വിഷപദാർഥങ്ങൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതു നിമിത്തം ചാകുമ്പോൾ അവയെ അപകടകാരികളായ പാഴ്വസ്തുക്കളായി കണക്കാക്കുന്നു
[കടപ്പാട്]
©George Holton, The National Audubon Society Collection/PR