നിങ്ങളുടെ വീട് എത്രത്തോളം വിഷലിപ്തമാണ്?
“മിക്ക പൗരന്മാരും വിഷകരമായിരുന്നേക്കാവുന്ന മാലിന്യകാരികളുമായി ഏറ്റവും അധികം സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളത് . . . മലിനീകൃതം അല്ലാത്തതായി അവർ പൊതുവേ കണക്കാക്കുന്ന വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലും മോട്ടോർവാഹനങ്ങൾക്ക് ഉള്ളിലും ആയിരിക്കുമ്പോഴാണ്” എന്ന് അടുത്തകാലത്ത് ഐക്യനാടുകളിലെയും കാനഡയിലെയും 3,000-ത്തിലധികം ആളുകളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയതായി സയൻറിഫിക് അമേരിക്കൻ എന്ന മാസിക പ്രസ്താവിക്കുന്നു. വീടിനുള്ളിലെ വായു മലിനീകരണത്തിന്റെ മുഖ്യ ഉറവിടങ്ങൾ ശുചീകരണ സംയുക്തങ്ങൾ, പാറ്റാ ഗുളികകൾ, പണിസാധനങ്ങൾ, ഇന്ധനങ്ങൾ, ദുർഗന്ധഹാരികൾ, അണുനാശിനികൾ എന്നിങ്ങനെ സാധാരണമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽനിന്നു വമിക്കുന്ന വിഷവായുവും ഡ്രൈക്ലീൻ ചെയ്ത വസ്ത്രങ്ങളിൽനിന്നും ഇരിപ്പിടങ്ങളും മറ്റും അലങ്കരിക്കുന്നതിന് ഉപയോഗിക്കുന്ന പുതിയ കൃത്രിമ വസ്തുക്കളിൽനിന്നും ഉള്ള രാസവസ്തുക്കളും ആണ്.
കാരണം കണ്ടുപിടിച്ചപ്പോൾ പരിഹരിക്കാൻ കഴിഞ്ഞ, “ബഹിരാകാശ ഫ്ളൂ” എന്ന് അറിയപ്പെടുന്ന, ബഹിരാകാശ സഞ്ചാരികൾക്ക് ഉണ്ടായിക്കൊണ്ടിരുന്ന രോഗം അത്തരം വിഷവായുവിന്റെ അഥവാ “വിഷവായു ഉത്സർജന”ത്തിന്റെ ഫലമായുള്ളതായിരുന്നു. ഒരു പുതിയ കാറിൽ ഇരിക്കുമ്പോഴോ സൂപ്പർമാർക്കറ്റിൽ ശുചീകരണ ഉത്പന്നങ്ങൾ വെച്ചിരിക്കുന്നതിന് അടുത്തുകൂടെ നടക്കുമ്പോഴോ അവയിൽനിന്ന് വിഷവായു ഉത്സർജിക്കപ്പെടുന്നത് നിങ്ങൾ മനസ്സിലാക്കുന്നു. ഈ ഉത്പന്നങ്ങൾ സീൽ ചെയ്ത പാത്രങ്ങളിലാണു വെച്ചിരിക്കുന്നത് എങ്കിലും അവയിൽനിന്നു വിഷവായു ഉത്സർജിക്കപ്പെടുന്നു. ശൈത്യകാലത്ത് തണുപ്പ് കടക്കാതിരിക്കാനും മറ്റുമായി വീട് അടച്ചുപൂട്ടിയിടുമ്പോൾ വ്യത്യസ്ത രാസവസ്തുക്കളിൽനിന്നു വമിക്കുന്ന വായു വീടിനുള്ളിൽ മലിനീകരണത്തിന് ഇടയാക്കിയേക്കാം. ഈ മലിനീകരണ നിരക്ക് പുറത്തെ മലിനീകരണ നിരക്കിനെ അപേക്ഷിച്ച് വളരെ അധികമാണ്.
വീടിനുള്ളിലെ മാലിന്യകാരികൾ ഏറ്റവും കൂടുതലായി ബാധിക്കാൻ ഇടയുള്ളത് കുട്ടികളെ, പ്രത്യേകിച്ചും മുട്ടിൽ ഇഴയുന്ന കുഞ്ഞുങ്ങളെ, ആണെന്ന് കാനഡയിലെ മെഡിക്കൽ പോസ്റ്റ് പറയുന്നു. അവർ മുതിർന്നവരെക്കാളും തറയോടു കൂടുതൽ സമ്പർക്കത്തിൽ കഴിയുന്നവരാണ്; പ്രായമുള്ളവരെക്കാളും വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നു; സമയത്തിന്റെ 90 ശതമാനവും അവർ മുറിക്കുള്ളിൽ കഴിയുന്നു; അവരുടെ ശരീരാവയവങ്ങൾ പൂർണമായി വികാസം പ്രാപിക്കാത്തതുകൊണ്ട് വിഷവസ്തുക്കൾ ശരീരത്തെ ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അകത്തു ചെല്ലുന്ന ഈയത്തിന്റെ 40 ശതമാനത്തോളം അവർ ആഗിരണം ചെയ്യുന്നു, എന്നാൽ മുതിർന്നവർ ഏതാണ്ട് 10 ശതമാനമേ ആഗിരണം ചെയ്യുന്നുള്ളൂ.
സമനിലയുള്ള ഒരു മനോഭാവം നിലനിർത്തൽ
ഇന്നത്തെ തലമുറ മുമ്പെന്നത്തെക്കാളും അധികമായി രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നതുകൊണ്ട് അവ ഉളവാക്കുന്ന ഫലങ്ങളെക്കുറിച്ച് ഇനിയും വളരെയധികം മനസ്സിലാക്കാനുണ്ട്. അതുകൊണ്ട് ശാസ്ത്രജ്ഞന്മാർ ജാഗ്രതയുള്ളവരാണ്. രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നതുകൊണ്ട് അർബുദമോ മരണമോ ഉണ്ടാകണമെന്നു നിർബന്ധമില്ല. മിക്കയാളുകളുടെയും ശരീരം സാമാന്യം നന്നായിത്തന്നെ അവയെ ചെറുത്തു നിൽക്കുന്നതായി കാണുന്നു. അതിനുള്ള ബഹുമതി അത്ഭുതകരമായ മനുഷ്യശരീരത്തിന്റെ സ്രഷ്ടാവിന് ഉള്ളതാണ്. (സങ്കീർത്തനം 139:14) എങ്കിലും, ന്യായമായ മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണ്, പ്രത്യേകിച്ചും വിഷകരമായിരിക്കാവുന്ന രാസവസ്തുക്കളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നെങ്കിൽ.
“ചില രാസവസ്തുക്കൾ വിഷകരമായിരിക്കുന്നത് [ശരീര] പ്രക്രിയകളുടെ സമനില തെറ്റിച്ചുകൊണ്ടും കേവലം ചെറിയൊരു അസ്വാസ്ഥ്യത്തിന് ഇടയാക്കുന്ന തരത്തിലുള്ള നേരിയ ലക്ഷണങ്ങൾ ഉളവാക്കിക്കൊണ്ടും ആണ്” എന്ന് രാസവസ്തുക്കൾക്കെതിരെ ജാഗ്രത! എന്ന ഇംഗ്ലീഷിലുള്ള പുസ്തകം പറയുന്നു. ഹാനികരമായിരിക്കാവുന്ന രാസവസ്തുക്കളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് ജീവിത ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്നു നിർബന്ധമില്ല, പകരം നമ്മുടെ അനുദിന ജീവിതത്തിൽ അൽപ്പസ്വൽപ്പമൊക്ക വ്യതിയാനങ്ങൾ വരുത്തിയാൽ മതിയാകും. ദയവായി, എട്ടാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ കാണുക. അവയിൽ ചിലതു സഹായകം ആയിരുന്നേക്കാം.
രാസവസ്തുക്കളുടെ കാര്യത്തിൽ ന്യായമായ മുൻകരുതലുകൾ എടുക്കുന്നതോടൊപ്പം അനാവശ്യമായി ഉത്കണ്ഠപ്പെടാതിരിക്കുന്നതും സഹായം ചെയ്യും, പ്രത്യേകിച്ചും നമ്മുടെ നിയന്ത്രണത്തിന് അതീതമായ സംഗതികളുടെ കാര്യത്തിൽ. “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” എന്ന് ബൈബിൾ, സദൃശവാക്യങ്ങൾ 14:30-ൽ പറയുന്നു.
എങ്കിലും, വിഷകരമായ രാസവസ്തുക്കൾ നിമിത്തം അനേകം ആളുകൾ ദുരിതമനുഭവിക്കുകയും രോഗബാധിതരായിത്തീരുകയും ചെയ്യുന്നുണ്ട്. ചിലർക്കാണെങ്കിൽ മാരകരോഗങ്ങൾ പോലും പിടിപെടുന്നു.a ഇക്കാലത്ത് മറ്റനേകം കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെപ്പോലെതന്നെ രാസവസ്തുക്കളുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കിപ്പാർത്തിരിക്കാൻ ന്യായമായ കാരണമുണ്ട്. എന്തുകൊണ്ടെന്നാൽ ഭൂമിയിൽനിന്നു പെട്ടെന്നുതന്നെ അതിലെ ജീവജാലങ്ങൾക്കു ദോഷം ചെയ്യുന്ന വിഷവസ്തുക്കൾ നീക്കം ചെയ്യപ്പെടും. വിഷലിപ്തമായ ചിന്തകളും അതോടൊപ്പം അത്തരം ചിന്തകൾ മനസ്സിൽ താലോലിക്കുന്നവരും പോലും ഇവിടെനിന്നു പൊയ്പോകും. ഈ പരമ്പരയിലെ അവസാനത്തെ ലേഖനം ആ വിഷയം ചർച്ചചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a സമീപ വർഷങ്ങളിൽ ബഹു രാസവസ്തു സംവേദകത്വം (multiple chemical sensitivity) എന്നു വിളിക്കുന്ന അവസ്ഥ മൂലം കൂടുതൽ കൂടുതൽ ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഉണരുക!യുടെ ഒരു വരും ലക്കം ചർച്ചചെയ്യുന്നതായിരിക്കും.
[8-ാം പേജിലെ ചതുരം]
കൂടുതൽ ആരോഗ്യദായകവും സുരക്ഷിതവുമായ ഭവനത്തിന്
വിഷകരമായിരിക്കാവുന്ന പദാർഥങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് പലപ്പോഴും ജീവിത ശൈലിയിൽ അൽപ്പസ്വൽപ്പമൊക്ക വ്യതിയാനങ്ങൾ വരുത്തിയാൽ മതിയാകും. താഴെ കൊടുക്കുന്ന ചില നിർദേശങ്ങൾ നിങ്ങൾ സഹായകമായി കണ്ടെത്തിയേക്കാം. (കൂടുതലായ വിശദാംശങ്ങൾക്ക്, നിങ്ങളുടെ പ്രദേശത്തുള്ള ഗ്രന്ഥശാലയിൽ ഗവേഷണം നടത്താൻ ഞങ്ങൾ നിർദേശിക്കുകയാണ്.)
1.ബാഷ്പശീലമുള്ള മിക്ക രാസവസ്തുക്കളും വീടിനുള്ളിലെ വായുവിനെ മലിനമാക്കാത്തിടത്തു വെക്കാൻ ശ്രമിക്കുക. ഇത്തരം രാസവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ് ഫോർമാൽഡിഹൈഡ്, ബാഷ്പശീലമുള്ള ലായകങ്ങൾ അടങ്ങിയ ഉത്പന്നങ്ങളായ പെയിന്റ്, വാർണിഷ്, പശ, കീടനാശിനികൾ, ശുചീകരണ ലായനികൾ തുടങ്ങിയവ. ബാഷ്പശീലമുള്ള പെട്രോളിയം ഉത്പന്നങ്ങൾ വിഷാംശം അടങ്ങിയ ബാഷ്പം പുറത്തുവിടുന്നു. ഇതിന് ഉദാഹരണമാണ് ബെൻസീൻ. ഉയർന്ന സാന്ദ്രതയുള്ള ബെൻസീനുമായി ദീർഘനേരം സമ്പർക്കത്തിൽ വരുന്നത് കാൻസർ, ജനന വൈകല്യങ്ങൾ, പുനരുത്പാദനവുമായി ബന്ധപ്പെട്ട മറ്റു ദൂഷ്യങ്ങൾ എന്നിവയ്ക്ക് ഇടയാക്കുന്നതായി അറിയപ്പെട്ടിട്ടുണ്ട്.
2.കുളിമുറി ഉൾപ്പെടെ എല്ലാ മുറികളും നല്ല വായു സഞ്ചാരം ഉള്ളവ ആയിരിക്കണം. എന്തുകൊണ്ടെന്നാൽ കുളിക്കുന്ന സമയത്ത്, വെള്ളത്തിൽ ഉണ്ടായിരിക്കാൻ ഇടയുള്ള ക്ലോറിനും മറ്റും ബാഷ്പീകരിക്കപ്പെടുന്നു. അങ്ങനെ ക്ലോറിനോ ക്ലോറോഫോമോ പോലും കുളിമുറിയിൽ നിറയുന്നുവെന്നു വരാം.
3.മുറിക്കുള്ളിൽ കയറുന്നതിനു മുമ്പ് കാലു തുടയ്ക്കുക. ലളിതമായ ഈ നടപടി ഒരു സാധാരണ കാർപ്പറ്റിൽ പറ്റുന്ന ഈയത്തിന്റെ അളവ് ആറിലൊന്നായി കുറയ്ക്കുന്നുവെന്ന് സയൻറിഫിക് അമേരിക്കൻ പറയുന്നു. അത് കാർപ്പറ്റിലെ കീടനാശിനികളുടെ അളവും കുറയ്ക്കുന്നു. ആ കീടനാശിനികളിൽ ചിലത് വീടിനു വെളിയിൽ, സൂര്യപ്രകാശത്തിൽ വെച്ച് പെട്ടെന്നു വിഘടിപ്പിക്കപ്പെടുന്നു, എന്നാൽ കാർപ്പറ്റുകളിൽ അവ വർഷങ്ങളോളം നിലനിന്നേക്കാം. മറ്റൊരു നടപടി, അകത്തു കയറുന്നതിനു മുമ്പ് ചെരിപ്പ് ഊരുന്നതാണ്. ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള ആളുകൾ സാധാരണമായി ചെയ്തുവരുന്ന ഒരു രീതിയാണിത്. ഒരു നല്ല വാക്വം ക്ലീനർ—കറങ്ങുന്ന ബ്രഷ് ഉള്ളതാണെങ്കിൽ ഏറെ നന്ന്—ഉണ്ടായിരിക്കുന്നതും കാർപ്പറ്റിലെ മലിനീകരണ നിരക്കു കുറയ്ക്കാൻ സഹായിക്കും.
4.ഒരു മുറിയിൽ കീടനാശിനി ഉപയോഗിക്കുന്ന പക്ഷം കുറഞ്ഞത് രണ്ട് ആഴ്ചത്തേക്കെങ്കിലും കളിപ്പാട്ടങ്ങൾ അവിടെനിന്നു മാറ്റിവെക്കുക. കീടനാശിനി ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ മുറി ഉപയോഗയോഗ്യമാണ് എന്ന് അതിന്റെ പുറത്തുള്ള ലേബലിൽ എഴുതിയിട്ടുണ്ടെങ്കിൽപ്പോലും മേൽപ്പറഞ്ഞതുപോലെ ചെയ്യേണ്ടത് ആവശ്യമാണ്. കളിപ്പാട്ടങ്ങളിൽ കണ്ടുവരുന്ന ചില പ്ലാസ്റ്റിക്കുകളും ഫോം റബറും സ്പോഞ്ജുപോലെ കീടനാശിനി അവശിഷ്ടങ്ങൾ ആഗിരണം ചെയ്യുന്നതായി ശാസ്ത്രജ്ഞന്മാർ അടുത്തയിടെ കണ്ടെത്തി. കുട്ടികൾ ത്വക്കിലൂടെയും വായിലൂടെയും വിഷപദാർഥങ്ങൾ ആഗിരണം ചെയ്യും.
5.കീടനാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. നിശ്ശബ്ദ വസന്തം മുതൽ എന്ന ഇംഗ്ലീഷിലുള്ള തന്റെ പുസ്തകത്തിൽ ഫ്രാങ്ക് ഗ്രേയം, ജൂണിയർ ഇപ്രകാരം എഴുതുന്നു: കീടനാശിനികൾക്ക് “വീടിനുള്ളിലും തോട്ടത്തിലും അവയുടേതായ സ്ഥാനമുണ്ട്. എന്നാൽ ആഫ്രിക്കൻ വെട്ടുക്കിളികളെ തുരത്താൻ പോന്നത്ര രാസവസ്തുക്കൾ കൈവശം വെക്കേണ്ടതുണ്ട് എന്ന് വിൽപ്പനാ പ്രചരണപരിപാടികൾ നഗരപ്രാന്തത്തിലുള്ള ഒരു സാധാരണ വീട്ടുടമസ്ഥനെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്.”
6.പൊളിഞ്ഞുപോകുന്ന, ഈയം ചേർന്ന പെയിന്റ് എല്ലാ ഭിത്തികളിൽനിന്നും നീക്കം ചെയ്തിട്ട് ഈയം ചേർന്നിട്ടില്ലാത്ത പെയിന്റ് പൂശുക. ഈയം ചേർന്ന പെയിന്റ് വീണ മണ്ണിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. പൈപ്പിൽ ഈയം ഉള്ളതായി സംശയം തോന്നുന്നെങ്കിൽ വെള്ളത്തിന്റെ താപനിലയിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടാകുന്നതുവരെ തണുത്തവെള്ളം വരുന്ന ടാപ്പ് തുറന്നിടേണ്ടതുണ്ട്, ചൂടുവെള്ളത്തിനുള്ള ടാപ്പിലെ ജലം കുടിക്കാനും പാടില്ല.—നമ്മുടെ ഭക്ഷണത്തിൽ പാരിസ്ഥിതിക വിഷപദാർഥങ്ങൾ (ഇംഗ്ലീഷ്).
[9-ാം പേജിലെ ചിത്രം]
വീടിനുള്ളിലെ മാലിന്യകാരികൾ ഏറ്റവും കൂടുതലായി ബാധിക്കാൻ ഇടയുള്ളത് മുട്ടിൽ ഇഴയുന്ന കുഞ്ഞുങ്ങളെ ആണ്