വ്യാവസായിക രാസവസ്തുക്കളുടെ വികൃതവശം
ചരിത്രത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക അപകടം സംഭവിച്ചത് 1984 ഡിസംബറിൽ ഒരു ശീതള രാത്രിയിലെ അർദ്ധരാത്രിക്കുശേഷം ഉടനെയായിരുന്നു. ഇൻഡ്യാറിപ്പബ്ലിക്കിൽനിന്ന് അകലെയുള്ള ഒരു ലോകത്തിൽ ഈ രാജ്യത്തിന്റെ മിക്കവാറും കേന്ദ്രത്തിൽതന്നെ സ്ഥിതിചെയ്യുന്ന 8,00,000-ത്തിൽപരം വരുന്ന ജനസംഖ്യയോടുകൂടിയ ഒരു വ്യാവസായിക നഗരമായ ഭോപ്പാൽ അധികംപേർക്കു പരിചിതമായിരുന്നില്ല. ഉറക്കത്തിലായിരുന്ന അതിലെ നിവാസികൾ ഒരു കല്ലേറു ദൂരത്തിൽ വികാസംപ്രാപിച്ചുകൊണ്ടിരുന്ന സംഭവങ്ങൾ അറിഞ്ഞിരുന്നില്ല.
ഭോപ്പാലിലെ യു.എസ്. യൂണിയൻ കാർബൈഡ് ശാലയിൽ 45 ടൺ മീതൈൽ ഐസോസയനൈറ്റ് (MIC) ഉണ്ടായിരുന്ന ഒരു സംഭരണ ടാങ്കിൽ അപകടകരമാംവിധം സമ്മർദ്ദം കൂടി. ഈ വാതകം കീടനാശിനികൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന മാരകമായ ഒരു രാസവസ്തു ആയിരുന്നു. പെട്ടെന്ന് കേടുണ്ടായിരുന്ന ഒരു വാൽവിൽനിന്നു വിഷവാതകത്തിന്റെ ഒരു മേഘം ശാന്തമായിരുന്ന നഗരത്തിൽ മരണവും വേദനയും പരത്താൻതുടങ്ങി. അത് പുരുഷൻമാരും സ്ത്രീകളും കുട്ടികളുമായി 2,500-ൽപരം പേരുടെ ജീവൻ ഒടുക്കി. പതിനായിരത്തിലധികം പേരെ അത് അംഗഭംഗപ്പെടുത്തി.
കന്നുകാലികളും നായ്ക്കളുമായി ആയിരക്കണക്കിനു മൃഗങ്ങളുടെ മരണം ഗ്രാമപ്രദേശങ്ങളിൽ മൃതശരീരങ്ങൾ ചിതറിക്കിടക്കാനിടയാക്കി. അവ റോഡുകളെയും നഗരവീഥികളെയും സ്തംഭിപ്പിച്ചു. ഭോപ്പാൽ ഒരു ബൃഹത്തായ കൃത്രിമ ശവദാഹസ്ഥലമായിത്തീർന്നു, അഹോരാത്രം ദഹനം നടത്തിക്കൊണ്ടിരുന്നു. ഒന്നിനുമീതെ ഒന്നായി 25 ശവങ്ങൾവീതം അടുക്കി പല ചിതകളിൽ മൃതദേഹങ്ങൾ ദഹിപ്പിച്ചുകൊണ്ടിരുന്നു. മറ്റു ചിലത് തിടുക്കത്തിൽ കുഴിച്ച സമൂഹ ശവക്കുഴികളിൽ അടക്കി—ഒരേ സമയം ബഹുദശങ്ങൾ വീതം.
പിന്നീട് യൂറോപ്പിൽ മറ്റൊരു വിപത്തു പ്രഹരിച്ചു. അത് “റൈനിലെ ഭോപ്പാൽ” എന്നു വിളിക്കപ്പെട്ടു. സ്വിറ്റ്സർലണ്ട് ബാസലിനു മുകളിലെ ഒരു വ്യവസായശാലയിലുണ്ടായ ഒരു രാസചോർച്ച റൈൻനദിയിലേക്കു 40 ടൺ വിഷ മലിനവസ്തുക്കൾ ചാടിച്ചു. അത് “ജർമ്മൻഫ്രെഞ്ച് അതിർത്തിയിലൂടെ റൈൻലാൻഡിലേക്കും അനന്തരം നെതർലാൻഡ്സിലൂടെ നോർത്ത് സീയിലേക്കും ഒഴുകി”യപ്പോൾ ശതസഹസ്രക്കണക്കിനു മത്സ്യത്തെയും വ്ളാങ്കുകളെയും കൊന്നു. ഒരു വർത്തമാനപ്പത്രം ഇങ്ങനെ മുഖപ്രസംഗം എഴുതി: “സ്വിറ്റ്സർലണ്ടുകാർ ശുചിത്വമുള്ളവരെന്നു പരിഗണിക്കപ്പെട്ടിരുന്നു, അവരുടെ വ്യവസായം ഭദ്രമായിരുന്നു, അവയിൽ രാസവസ്തുവ്യവസായവും ഉൾപ്പെട്ടിരുന്നു. അതെല്ലാം ഇപ്പോൾ കഴിഞ്ഞുപോയിരിക്കുന്നു.”
ഭോപ്പാലിലെയും റൈൻനദീതീരത്തെയും നിവാസികൾ 66,000-ത്തിലധികം രാസ സംയുക്തങ്ങൾ നിർമ്മിക്കുന്നതുസംബന്ധിച്ച് വീമ്പടിക്കുന്ന ഒരു സാങ്കേതികശാസ്ത്രയുഗത്തിന്റെ ഇരകളായിത്തീർന്നു. പലതും മനുഷ്യജീവിതത്തെ സുകരമാക്കാൻവേണ്ടിയാണ് നിർമ്മിക്കുന്നത്. എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, ഒട്ടനവധിയും അത്യന്തം വിഷമയവും മനുഷ്യർക്കും മുഴുജീവശാസ്ത്രവ്യവസ്ഥിതിക്കും മാരകവും വിനാശകവുമായ പാർശ്വഫലങ്ങളുളവാക്കാൻ കഴിയുന്നവയുമാണ്. ഒരു വിദഗ്ദ്ധൻ ഈ രാസവസ്തുക്കളെ “ജീവനാശിനികൾ” എന്നു വിളിച്ചു.
അനേകർക്ക് ഉച്ചരിക്കാൻ കഴിയാത്തതും സൗകര്യാർത്ഥം പിസിബി, ഡിഡിറ്റി, പിസിഡിഡി, പിസിഡിഎഫ്, റ്റിസിഡിഡി എന്നിങ്ങനെയുള്ള അക്ഷരങ്ങൾ വഹിക്കുന്നവയുമായ രാസവസ്തുക്കൾ അനേകമാണ്. ഈ വിഷമയ രാസവസ്തുക്കളുടെ അക്ഷരമാലാസൂപ്പ് മനുഷ്യർക്കും മനുഷ്യൻ ജീവിക്കാൻവേണ്ടി ആശ്രയിക്കേണ്ട ഭൂമിയിലെ വിഭവങ്ങൾക്കും മാരകമായ വിപത്താണ്. ഓരോവർഷവും “പരിസരത്തിലേക്കുള്ള ആയിരക്കണക്കിനു വിഷവസ്തുക്കളുടെ തള്ളൽ” നടക്കുന്നു എന്ന് യു.എസ്. പരിസരസംരക്ഷണ ഏജൻസിയുടെ ഒരു വക്താവ് പറയുകയുണ്ടായി. അങ്ങനെയുള്ള മലിനവസ്തുക്കൾ വായുവിന്റെയും ഉപരിതലജലത്തിന്റെയും ഗുണത്തിനു ഭീഷണിയാണ്, അവ വരാനുള്ള ദശകങ്ങളിലേക്ക് മണ്ണിനെ വിഷലിപ്തമാക്കുന്നു.
ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും അപകടകരങ്ങളായ 1.5 ട്രില്യൻ ഗ്യാലൻ രാസമാലിന്യങ്ങൾ ഭൂഗർഭജലപദ്ധതികളിൽ ചെന്നെത്തുന്നുവെന്ന് യു.എസ്. പരിസര സംരക്ഷണ ഏജൻസി കണക്കാക്കുന്നു.a ഒരൊറ്റ ഗ്യാലൻ ലായകം സുരക്ഷിതലവലുകളെ അതിക്രമിച്ച് 2 കോടി ഗ്യാലൻ ഭൂജലത്തെ മലിനപ്പെടുത്തുന്നുവെന്നറിയുമ്പോൾ 1.5 ട്രില്യൻ ഗ്യാലൻ വിഷരാസവസ്തുക്കൾ എത്ര വിപൽക്കരമായ നാശം വരുത്തിക്കൂട്ടുമെന്നു കണക്കാക്കുന്നതു അമ്പരപ്പിക്കും.
ഹാനികരമായ വിഷരാസവസ്തുക്കളും പാഴ്വസ്തുക്കളും അവയുടെ അശ്രദ്ധമായ തള്ളലും നിമിത്തം നദികളും അരുവികളും ദുഷിക്കുകയാണ്. മത്സ്യം ചത്തൊടുങ്ങുന്നു. നദികളും അരുവികളും സമുദ്രത്തിലെത്തുമ്പോൾ മാരകങ്ങളായ രാസവസ്തുക്കളും അവയോടൊത്ത് ഒഴുകിയെത്തുന്നു. പ്രസിദ്ധ സമുദ്രശാസ്ത്രജ്ഞനായ ജാക്വസ് കോസ്റ്റ്യൂ പറയുന്നപ്രകാരം ഒരു കാലത്ത് സമുദ്രജീവികൾ ധാരാളമുണ്ടായിരുന്ന ചില സ്ഥലങ്ങളിൽ മത്സ്യം കാണാനേയില്ല.
മലിനീകരണത്താൽ പക്ഷിജാലങ്ങളും മൃഗജാലങ്ങളും ഭീഷണിയെ നേരിടുകയാണ്. വന്യമൃഗസങ്കേതങ്ങൾ പോലും അഭയമായിരിക്കുന്നില്ല. “പത്തു ദേശീയവന്യമൃഗസങ്കേതങ്ങൾ വിഷരാസവസ്തുക്കളാൽ ദുഷിക്കുകയാണ്, വേറെ 74 എണ്ണത്തിനും അപകടമുണ്ടായേക്കാം. . . .സെലീനിയവും മറ്റു രാസവസ്തുക്കളുംസഹിതം ഒഴുകിയെത്തിയ മലിനവസ്തുക്കൾ സങ്കേതത്തിൽ നിരവധി ജലപക്ഷികളെ കൊന്നു”വെന്ന് 1986 ഫെബ്രുവരി 4-ലെ ദി ന്യൂയോർക്ക് റ്റൈംസ് റിപ്പോർട്ടു ചെയ്തു.
ലോകവിദഗ്ദ്ധൻമാർ ഭാവിസംബന്ധിച്ച് ഒരു ശുഭകരമായ ചിത്രം വരച്ചുകാട്ടുന്നില്ല. ഭൂവിഭവങ്ങളുടെ സത്വരമായ കുറയൽ മണ്ണിന്റെ നാശത്തോടും വായുവിന്റെയും വെള്ളത്തിന്റെയും മലിനീകരണത്തോടും കൂടെ അവസാനിക്കുന്നില്ല. സഹസ്രാബ്ദങ്ങളിൽ വായുവിലേക്കു നൂറുകണക്കിനടി ഉയരത്തിൽ ഇലക്കൈകളുയർത്തിയ വലിയ ഉഷ്ണമേഖലാമഴവനങ്ങളെസംബന്ധിച്ചെന്ത്? ഇവയും നമ്മുടെ കൺമുമ്പിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന മറ്റു വിഭവങ്ങളുടെ വഴിയേ പോകുന്നതിന്റെ അപകടത്തിലാണോ? നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമ്മുടെ ജീവിതങ്ങൾ യഹോവയുടെ ഈ സമൃദ്ധമായ കൈവേലകളാൽ ബാധിക്കപ്പെടുന്നുണ്ട്. അടുത്ത ലേഖനം അത് പ്രകടമാക്കും. (g87 7/22)
[അടിക്കുറിപ്പുകൾ]
a 1 ഗ്യാലൻ = 3.8 ലി.