കുന്നുകൂടുന്ന മനുഷ്യനിർമിത രാസവസ്തുക്കൾ
ഈ നൂറ്റാണ്ടിനെ രസതന്ത്ര യുഗം എന്നു വിളിക്കുന്നതു തികച്ചും ഉചിതമാണ്. മനുഷ്യ നിർമിത രാസ സംയുക്തങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു. എയ്റോസോളുകൾ, മധുരത്തിനു വേണ്ടി ചേർക്കുന്ന കൃത്രിമ പദാർഥങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചായങ്ങൾ, മഷി, പെയിന്റ്, കീടനാശിനികൾ, ഔഷധങ്ങൾ, പ്ലാസ്റ്റിക്ക് സാധനങ്ങൾ, ശീതീകരണ പദാർഥങ്ങൾ, കൃത്രിമ തുണിത്തരങ്ങൾ എന്നു വേണ്ട ഒട്ടനവധി വസ്തുക്കൾ കൊണ്ട് നമ്മുടെ വീടും ഓഫീസും ഫാക്ടറിയുമെല്ലാം നിറഞ്ഞിരിക്കുന്നു. രാസവസ്തുക്കളുടെ ഈ പട്ടിക നീണ്ടുനീണ്ടു പോകുന്നു.
ഇത്തരം ഉത്പന്നങ്ങൾക്കു വേണ്ടിയുള്ള ലോകവ്യാപക ആവശ്യം നിറവേറ്റുന്നതിന് ആഗോളമായി വർഷംതോറും ഏതാണ്ട് 15,000 കോടി ഡോളർ വിലവരുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നു. ഡബ്ലിയുഎച്ച്ഒ റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച്, 1,00,000-ത്തോളം രാസവസ്തുക്കൾ ഇപ്പോൾത്തന്നെ വിപണിയിൽ ഉണ്ട്, മാത്രമല്ല 1,000 മുതൽ 2,000 വരെ രാസവസ്തുക്കൾ ഓരോ വർഷവും പുതുതായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
എന്നാൽ രാസവസ്തുക്കളുടെ ഈ പ്രളയം, നാം ജീവിക്കുന്ന ചുറ്റുപാടിനെയും നമ്മുടെ ആരോഗ്യത്തെയും അവ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നു. തീർച്ചയായും നാം തീർത്തും പുതിയ ഒരു സ്ഥിതിവിശേഷത്തെയാണു നേരിടുന്നത്. “നാമെല്ലാവരും കാര്യങ്ങൾ പരീക്ഷിച്ചു നോക്കുന്ന ഒരു തലമുറയുടെ ഭാഗമാണ്. ആ പരീക്ഷണങ്ങളുടെ പൂർണമായ ഫലങ്ങൾ ദശകങ്ങൾ കഴിഞ്ഞാലേ അറിയാൻ സാധിക്കൂ” എന്ന് ഒരു ഡോക്ടർ പറയുകയുണ്ടായി.
രാസവസ്തുക്കളുടെ അളവു വർധിക്കുന്തോറും അപകടസാധ്യതകളും ഏറുന്നുവോ?
രാസ മാലിന്യകാരികൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത്, “ഒട്ടുംതന്നെ അല്ലെങ്കിൽ കാര്യമായ ബോധവത്കരണം ലഭിക്കാത്ത, അല്ലെങ്കിൽ തങ്ങൾ അനുദിനം നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ വരുന്ന രാസവസ്തുക്കൾ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ കിട്ടാത്ത ദരിദ്രരും നിരക്ഷരരുമായ ആളുകളെ” ആണെന്ന് ഡബ്ലിയുഎച്ച്ഒ അഭിപ്രായപ്പെടുന്നു. കീടനാശിനികളുടെ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്. എന്നാൽ നമ്മെയെല്ലാം രാസവസ്തുക്കൾ ബാധിക്കുന്നുണ്ട്.
ലോകത്തിന്റെ ഹരിത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത് അനുസരിച്ച്, കാലിഫോർണിയയിലെ ഏതാണ്ട് 20 ശതമാനം കിണറുകളിലെയും മലിനീകരണ നിരക്ക് ഔദ്യോഗിക സുരക്ഷാ പരിധി കവിഞ്ഞിരിക്കുന്നു, കീടനാശിനികളും അതിനു സംഭാവന ചെയ്തിട്ടുണ്ട്. ആ പുസ്തകം തുടർന്ന് ഇങ്ങനെ പറയുന്നു: “ഫ്ളോറിഡയിൽ മലിനീകരണം നിമിത്തം 1,000 കിണറുകൾ ഉപയോഗയോഗ്യമല്ലാതായി തീർന്നിരിക്കുന്നു; ഹംഗറിയിലെ 773 പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വെള്ളം പാനയോഗ്യമല്ല, ബ്രിട്ടനിലെ പത്തു ശതമാനം ജലഭരങ്ങളിലെയും മലിനീകരണ നിരക്ക് ലോകാരോഗ്യ സംഘടന വെച്ചിരിക്കുന്ന സുരക്ഷാ പരിധി കവിഞ്ഞിരിക്കുന്നു, അതുപോലെ തന്നെ ബ്രിട്ടന്റെയും ഐക്യനാടുകളുടെയും ചില ഭാഗങ്ങളിലെ പൈപ്പു വെള്ളത്തിൽ നൈട്രേറ്റ് ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതു നിമിത്തം അത് നവജാത ശിശുക്കൾക്കു കൊടുക്കാൻ കഴിയില്ല.”
ഉപയോഗപ്രദമായ എന്നാൽ അതേസമയം തന്നെ വിഷകരമായിരിക്കാവുന്ന മറ്റൊരു രാസവസ്തു ആണ് രസം (mercury). വ്യവസായ ശാലകളിലെ പുകക്കുഴലുകൾ മുതൽ ശതകോടിക്കണക്കിനു വരുന്ന ഫ്ളൂറസെന്റ് ലൈറ്റുകൾ വരെയുള്ള വ്യത്യസ്ത സ്രോതസ്സുകളിലൂടെയാണ് അതു പരിസ്ഥിതിയിലേക്കു കടക്കുന്നത്. അതുപോലെതന്നെ, ഇന്ധനം മുതൽ പെയിന്റു വരെയുള്ള പല ഉത്പന്നങ്ങളിലും കണ്ടുവരുന്ന ഒരു രാസവസ്തു ആണ് ഈയം. എന്നാൽ രസം പോലെതന്നെ അതിനും വിഷകരം ആയിരിക്കാൻ കഴിയും, പ്രത്യേകിച്ചും കുട്ടികൾക്ക്. ഈയം അടങ്ങിയ ഉത്സർജ്യങ്ങളുമായി സമ്പർക്കത്തിൽ വരുന്നത് ഒരു സാധാരണ കുട്ടിയുടെ “ബുദ്ധിയുടെ തോത് നാലു പോയിന്റു” വരെ കുറച്ചു കളഞ്ഞേക്കാമെന്ന് ഈജിപ്തിലെ കെയ്റോയിൽനിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു.
‘ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി’ പറയുന്നത് അനുസരിച്ച്, മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഓരോ വർഷവും ഏതാണ്ട് 100 ടൺ രസവും 3,800 ടൺ ഈയവും 3,600 ടൺ ഫോസ്ഫേറ്റുകളും 60,000 ടൺ ഡിറ്റർജന്റുകളും മെഡിറ്ററേനിയൻ സമുദ്രത്തിൽ ചെന്നുചേരുന്നുണ്ട്. ആ സമുദ്രത്തിന്റെ നില അപകടസന്ധിയിൽ ആണെന്നു മനസ്സിലാക്കാൻ കഴിയും. എന്നാൽ മെഡിറ്ററേനിയൻ സമുദ്രം മാത്രമല്ല അപകടസന്ധിയിൽ ആയിരിക്കുന്നത്. ഐക്യരാഷ്ട്രങ്ങൾ 1998 അന്താരാഷ്ട്ര സമുദ്ര വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള എല്ലാ സമുദ്രങ്ങളുടെയും അവസ്ഥ അപകടത്തിലാണ്, പ്രത്യേകിച്ചും മലിനീകരണം നിമിത്തം.
രാസ സാങ്കേതികവിദ്യ നമുക്ക് സഹായകരമായ പല ഉത്പന്നങ്ങളും ലഭ്യമാക്കിയിരിക്കെ അവയിൽ പലതിന്റെയും ഉപയോഗവും നിർമാർജനവും പരിസ്ഥിതിക്കു ഗണ്യമായ അളവിൽ ദൂഷ്യം ചെയ്യുന്നു. ഒരു പത്ര പംക്തിയെഴുത്തുകാരൻ അടുത്തയിടെ പറഞ്ഞതുപോലെ, നാം നമ്മുടെതന്നെ “പുരോഗതിക്കു വിലങ്ങുതടി” ആയിരിക്കുകയാണോ?
[4-ാം പേജിലെ ചതുരം]
രാസവസ്തുക്കളും രാസപ്രവർത്തനങ്ങളും
“രാസവസ്തു” എന്ന പദം നമുക്കു ചുറ്റുമുള്ള എല്ലാ അടിസ്ഥാന പദാർഥങ്ങളെയും സൂചിപ്പിക്കുന്നു. അവയിൽ ഇരുമ്പ്, ഈയം, രസം, കാർബൺ, ഓക്സിജൻ, നൈട്രജൻ തുടങ്ങി നൂറിലധികം വരുന്ന അടിസ്ഥാന മൂലകങ്ങളും ഉൾപ്പെടുന്നു. രാസ സംയുക്തങ്ങൾക്ക് അഥവാ വ്യത്യസ്ത മൂലകങ്ങളുടെ മിശ്രിതങ്ങൾക്ക് ഉദാഹരണങ്ങളാണ് ജലം, അമ്ലങ്ങൾ, ലവണങ്ങൾ, ആൽക്കഹോൾ എന്നിവ. ഈ സംയുക്തങ്ങളിൽ പലതും പ്രകൃതിയിൽ കണ്ടുവരുന്നവയാണ്.
“ഒരു പദാർഥം രാസമാറ്റത്തിലൂടെ മറ്റൊരു പദാർഥമായി തീരുന്ന പ്രക്രിയ” ആണ് “രാസപ്രവർത്തനം.” ഒരു വസ്തു കത്തുന്ന പ്രവർത്തനം രാസപ്രവർത്തനമാണ്. അതായത് കടലാസ്, പെട്രോൾ, ഹൈഡ്രജൻ തുടങ്ങി ഏതെങ്കിലും ഒരു പദാർഥം കത്തുമ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒന്നോ ഒന്നിലധികമോ പദാർഥങ്ങളായി മാറുന്നു. നമ്മുടെ ശരീരത്തിനകത്തും പുറത്തും പല രാസപ്രവർത്തനങ്ങളും തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു.
[3-ാം പേജിലെ ചിത്രം]
രാസ മാലിന്യകാരികൾ മൂലം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നതു ദരിദ്രരാണ്