ജീവന്റെ നിഗൂഢതകൾക്കുള്ളതാക്കോൽ പുനർജൻമമോ?
നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ?
മരണശേഷം ഏതെങ്കിലും ജീവരൂപത്തിൽ നിങ്ങൾ വീണ്ടും ജീവിക്കുമോ?
ഈ ചോദ്യങ്ങൾ പുനർജൻമപഠിപ്പിക്കലിനെ നിങ്ങളുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം.
“പുനർജൻമ”ത്തെ ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പിൻവരുന്ന പ്രകാരമാണു നിർവചിക്കുന്നത്: “ഒരു അസ്ഥിത്വത്തിലോ അനുക്രമമായ അനേകം അസ്ഥിത്വങ്ങളിലോ ഉള്ള ആത്മാവിന്റെ വീണ്ടുമുള്ള ജനനത്തിലുള്ള വിശ്വാസം. ആ അസ്ഥിത്വരൂപങ്ങൾ മനുഷ്യരോ മൃഗങ്ങളോ, ചില സന്ദർഭങ്ങളിൽ സസ്യങ്ങളോ ആകാം.”
പൗരസ്ത്യമതങ്ങളിൽ പുനർജൻമം പ്രമുഖമായ ഒരു പങ്കു വഹിക്കുന്നു. പ്രത്യേകിച്ചും ബുദ്ധമതം, ഹിന്ദുമതം, ജൈനമതം, സിക്കുമതം തുടങ്ങി ഇന്ത്യയിൽ ഉടലെടുത്ത മതങ്ങളിൽ. ഉദാഹരണത്തിന്, ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ, മരണത്തിന്റെയും പുനർജൻമത്തിന്റെയും തുടർച്ചയായ ഒരു പരിവൃത്തിയായി ജീവിതത്തെ കരുതിപ്പോരുന്നു.
എന്നാൽ, സമീപ കാലങ്ങളിൽ പുനർജൻമം സംബന്ധിച്ച ആശയം പശ്ചിമാർധഗോളത്തിൽ ജീവിക്കുന്ന ഒട്ടനവധി പേരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അവരിൽ ധാരാളം യുവജനങ്ങളും ഉൾപ്പെടുന്നു. കാനഡയിലെ സൺഡേ സ്ററാറിൽ എഴുതുന്ന ഒരു പംക്തിയെഴുത്തുകാരൻ പറയുന്നതനുസരിച്ച് ഇത്രയധികം താത്പര്യത്തിന്റെ കാരണം, “പൗരസ്ത്യമതങ്ങളുടെ ആശയങ്ങൾക്കു നമ്മുടെ പാശ്ചാത്യ സമൂഹത്തിൻമേലുള്ള സ്വാധീനഫലമാണ്. ആ സ്വാധീനം തുടങ്ങിയത് 1960-കളിലാണ്.”
പുനർജൻമത്തിൽ താത്പര്യമുണ്ടാകുന്നതിനുള്ള മറെറാരു കാരണം പ്രശസ്തരായ ചിലർ ഒന്നോ അതിലധികമോ മുൻകാല ജീവിതങ്ങൾ നയിച്ചിട്ടുണ്ടെന്നു പരസ്യമായി ഗൗരവപൂർവം പ്രസ്താവിച്ചിട്ടുണ്ടെന്നതാണ്. കൂടാതെ, റേഡിയോ, ടിവി, മാസികകൾ, മററു വാർത്താ മാധ്യമങ്ങൾ തുടങ്ങിയവ പുനർജൻമത്തിൽ താത്പര്യം കാട്ടിയിട്ടുണ്ട്. ഡോക്ടർമാർ, അധ്യാപകർ തുടങ്ങി ഉദ്യോഗസ്ഥരായ ആളുകളും അതിൽ താത്പര്യം പ്രകടമാക്കിയിട്ടുണ്ട്.
ഇതെല്ലാം വളരെയധികം ജിജ്ഞാസയുണർത്തിയിട്ടുണ്ട്. അതുകൊണ്ട്, ചില അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നതനുസരിച്ച് കാനഡയിലെയും ഐക്യനാടുകളിലെയും നാലിലൊന്നോളം ആളുകൾ പുനർജൻമത്തെ ഒന്നല്ലെങ്കിൽ മറെറാരു വിധത്തിൽ അംഗീകരിക്കുന്നതായി അവകാശപ്പെട്ടിരിക്കുന്നു.
മുൻജൻമ അനുഭവങ്ങൾ സംബന്ധിച്ച അവകാശവാദങ്ങൾ
പൂർവകാലത്തേക്കു ധാരാളം “യാത്രകൾ” നടത്തിയതായി ലേഡീസ് ഹോം ജേർണലിൽ വന്ന, ഫിലിസ് ബാറെറലെയുമായുള്ള ഒരു അഭിമുഖത്തിൽ നടിയായ ഷേർലീ മാക്ലെയ്ൻ അവകാശപ്പെട്ടു. “എന്റെ കഴിഞ്ഞകാല ജീവിതങ്ങളിൽ പലതും എനിക്ക് ഓർമയുണ്ട്—ചിലപ്പോൾ ഞാനൊരു പുരുഷനായിരുന്നു, മററു ചിലപ്പോൾ ഒരു സ്ത്രീയും,” അവർ പറഞ്ഞു.
തിരിച്ചുവരവ് [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിൽ, വിദ്യാർഥികളുടെയും മററുള്ളവരുടെയും ഇടയിൽ താൻ നടത്തിയ പരീക്ഷണങ്ങളെ ഡോ. റേയ്മണ്ട് മൂഡി വിവരിച്ചു. ഹിപ്നോട്ടിക് നിദ്ര മുഖാന്തരം അദ്ദേഹം അവരെ തങ്ങളുടെ ജനനത്തിനു മുമ്പുള്ള കാലത്തേക്കു കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. മുൻജൻമങ്ങളിലെ ഓർമകൾ തങ്ങൾക്കുണ്ടായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. ഒരു എസ്കിമോ ജനസമുദായത്തിൽ ഒരു എസ്കിമോ ആയി താൻ ജീവിച്ചിരുന്നുവെന്ന് ഒരാൾ പറഞ്ഞു. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്, ‘ശിലായുഗ’ത്തിൽ താൻ ജീവിച്ചിരുന്നതായി മറെറാരാൾ തറപ്പിച്ചു പറഞ്ഞു.
താൻ ഒമ്പതു മുൻജൻമങ്ങൾ പിന്നിട്ടതായി ഡോക്ടർ മൂഡിതന്നെ അവകാശപ്പെട്ടു. ഇവ “ചരിത്രാതീത കാലത്ത് ഒരുതരം മനുഷ്യരൂപത്തിൽ” വൃക്ഷങ്ങൾക്കു മുകളിലായിരുന്ന ജീവിതംതൊട്ട് റോമാസാമ്രാജ്യത്തിന്റെ കാലത്തെ ജീവിതംവരെ വ്യത്യസ്തമായിരുന്നു. അന്ന് ഒരു പോർക്കളത്തിൽവച്ച് അദ്ദേഹത്തെ ഒരു സിംഹം കൊലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ജിജ്ഞാസുക്കളായ ആളുകളെ അവരുടെ ജനനത്തിനു മുമ്പത്തെ ഏതോ ഒരു കാലത്തിലേക്കു കൊണ്ടുപോകാൻ ഹിപ്നോട്ടിക് നിദ്ര ഉപയോഗിച്ചത് മററു ചിലരെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദവുമാണെന്നു വർണിക്കപ്പെട്ടിരിക്കുന്നു. വൈകാരിക ക്രമക്കേടുകൾ ചികിത്സിക്കുന്നതിൽ ഡോക്ടർമാർ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുൻകാലജൻമത്തിലെ ഏതോ ഒരു പ്രശ്നത്തിന്റെ വേരു തേടിപ്പോകുകവഴി നിഗൂഢമായ ഭയങ്ങൾ പോക്കാൻ കഴിഞ്ഞിട്ടുള്ളതായി അവകാശപ്പെടുന്നു. ഈ ആശയം എത്ര സാധുതയുള്ളതാണ്?
മരണവക്കത്തെ അനുഭവങ്ങൾ വിവരിക്കപ്പെടുന്നു
മരണവക്കത്തെത്തിയ ചില ആളുകൾ വിവരിക്കുന്ന അനുഭവങ്ങൾ പുനർജൻമം എന്ന ആശയത്തിനു ജനപ്രീതി ലഭിക്കാൻ ഉതകിയിട്ടുണ്ട്. ഏതാണ്ട് 50 ആളുകളിൽനിന്ന് മരണവക്കത്തെ അനുഭവങ്ങളെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകളെപ്പററി ജീവിതാനന്തര ജീവിതം [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിൽ ഡോ. മൂഡി റിപ്പോർട്ടു ചെയ്യുന്നു.
അവരുടെ അനുഭവങ്ങൾ വ്യത്യാസപ്പെട്ടിരിക്കെ, അവയ്ക്കെല്ലാം ഒരു പ്രത്യേക സ്വഭാവമാണുള്ളതെന്നു മൂഡി കരുതുന്നു. ദൈർഘ്യമേറിയ ഒരു ഇരുണ്ട തുരങ്കത്തിലൂടെ യാത്ര ചെയ്യുന്നതിന്റെ പ്രതീതി ഈ ആളുകൾക്ക് ഉണ്ടായിരുന്നു. തങ്ങളുടെ ശരീരത്തിൽനിന്നു വേർപെട്ട് സ്വച്ഛമായി ഒഴുകിനടക്കുന്നതുപോലെ അവർക്ക് അനുഭവപ്പെട്ടു. തുരങ്കത്തിലൂടെ വളരെ തീവ്രതയുള്ള ഒരു പ്രകാശത്തിലേക്കു തങ്ങൾ അതിവേഗം പാഞ്ഞുപോകുന്നതായി അവർക്കു തോന്നി. ദീർഘനാൾ മുമ്പു മരിച്ചുപോയ കുടുംബാംഗങ്ങളെ അവർ തുരങ്കത്തിന്റെ അററത്തു കണ്ടു. ഒടുവിൽ അവർ തങ്ങളുടെ സ്വന്തം ശരീരങ്ങളിൽ ഉണർന്നെണീററു. എന്നാൽ എല്ലാവർക്കും ഈ എല്ലാ ഘട്ടങ്ങളും അനുഭവപ്പെട്ടില്ല.
അത്തരം അനുഭവങ്ങൾ അവ ഉണ്ടായവരുടെമേൽ ക്രിയാത്മകമായ ഒരു ഫലം ഉളവാക്കിയതായി അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ മരണത്തോടുള്ള അവരുടെ ഭയം ഇല്ലാതാക്കാൻ അതു സഹായിക്കേണ്ടിയിരുന്നു. ജീവിതത്തിന് അർഥമുണ്ടെന്ന ആത്മവിശ്വാസം അത് അവർക്കു നൽകേണ്ടിയിരുന്നു. എന്നാൽ വാസ്തവം എല്ലായ്പോഴും അതായിരുന്നിട്ടില്ല. അനേകരും ഇപ്പോഴും മരണത്തെ ഭയപ്പെടുന്നു. ജീവിതത്തിനു യഥാർഥ ഉദ്ദേശ്യമുണ്ടെന്ന ആത്മവിശ്വാസം അവർക്കില്ലതാനും.
മനുഷ്യദേഹി വ്യത്യസ്ത ജീവരൂപങ്ങളിൽ വീണ്ടും പിറക്കുന്നുവെന്ന ആശയത്തെ പിന്താങ്ങുന്നവയായി അത്തരം അനുഭവങ്ങളെ തങ്ങൾ വീക്ഷിക്കുന്നതായി പുനർജൻമത്തിൽ വിശ്വസിക്കുന്നവർ പറയുന്നു. എന്നാൽ ഈ സിദ്ധാന്തത്തിൽ അൽപ്പമെങ്കിലും വിശ്വസിക്കാൻ കഴിയുമോ? പുനർജൻമം ജീവിതത്തിന്റെ നിഗൂഢതകൾ അനാവരണം ചെയ്യുന്നതിനുള്ള യഥാർഥമായ താക്കോൽ പ്രദാനം ചെയ്യുന്നുവോ? പിൻവരുന്ന ചോദ്യങ്ങൾക്ക് എന്തെങ്കിലും ഉത്തരം കണ്ടെത്താൻ പോലും നമുക്കാകുമോ? നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ? നിങ്ങൾ വീണ്ടും ജീവിക്കുമോ? മരണത്തിങ്കൽ ശരീരത്തെ വിട്ടുപോകുന്ന ഒരു ദേഹി മനുഷ്യർക്കുണ്ടോ? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടും.
[4-ാം പേജിലെ ആകർഷകവാക്യം]
പൗരസ്ത്യമതങ്ങളുടെ ഒരു അടിസ്ഥാന ആശയമാണ് പുനർജൻമം
[4-ാം പേജിലെ ചിത്രം]
ഹൈന്ദവ ജീവചക്രം