നിങ്ങൾ പുനർജന്മത്തിൽ വിശ്വസിക്കുന്നുണ്ടോ?
“ഇന്ത്യയിലായിരുന്നപ്പോൾ നിനക്കിവിടെ അയൽവക്കത്തൊരു പ്രണയമുണ്ടായിരുന്നത് ഓർക്കുന്നോ? അവൾക്കു കല്യാണമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ അതു നടക്കും. നീ അത് അറിഞ്ഞിരിക്കണമെന്ന് എനിക്കു തോന്നി,” ഐക്യനാടുകളിൽ സർവകലാശാല വിദ്യാർഥിയായ മകനു മുകുന്ദ്ഭായ് എഴുതി.
അച്ഛൻ എന്തിനാണ് ആ വാർത്ത മകനെ അറിയിച്ചത്? എന്തൊക്കെയായാലും, വർഷങ്ങൾക്കുമുമ്പുതന്നെ മുകുന്ദ്ഭായ് ഇടപെട്ട് ആ കൗമാരപ്രേമം നിർത്തിച്ചതാണ്. കൂടാതെ, ആറു വർഷമായി പുത്രൻ അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയുമാണ്. ഇതിനിടയിൽ അവൻ ആ പെൺകുട്ടിക്ക് എഴുതുകയോ അവളുമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. മുകുന്ദ്ഭായിക്ക് അതെല്ലാം അറിയാം.
എന്നിട്ടുമെന്തേ ഈ ഉത്കണ്ഠ? മുകുന്ദ്ഭായ് പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. അതായിരുന്നു ഉത്കണ്ഠയ്ക്കു കാരണം. സന്ദർഭവശാൽ, മുൻജന്മത്തിൽ അവർ ഭാര്യയും ഭർത്താവും ആയിരുന്നതുകൊണ്ടാണ് കുട്ടിക്കാലത്ത് ഇങ്ങനെയൊരു അടുപ്പമുണ്ടായതെങ്കിൽ, ഇപ്പോൾ വിവാഹപ്രായമെത്തിയ അവരെ കൂട്ടിയിണക്കാതിരിക്കുന്നത് ക്രൂരതയാവും. പെൺകുട്ടി ഈ ജന്മത്തിൽ മറ്റാരുടെയെങ്കിലും ഭാര്യയായിത്തീരുന്നതിനുമുമ്പ്, മകൻ സംഗതി അറിയട്ടെയെന്നാണു മുകുന്ദ്ഭായ് വിചാരിച്ചത്.
ഇനി ഇന്ത്യയിൽനിന്നുതന്നെ മറ്റൊരു സംഭവംകൂടി. കഠിനവേദന സഹിച്ച് പല പ്രാവശ്യം മുംബൈയിലെ ഒരു ആശുപത്രിയിൽ കിടക്കേണ്ടിവന്ന ഒരു നാലുവയസ്സുകാരി. അവളുടെ ഹൃദയത്തിന്റെ ഒരു വാൽവിനു തകരാറുണ്ടെന്നതായിരുന്നു പ്രശ്നം. കുട്ടിയുടെ കഷ്ടപ്പാടു കണ്ടുനിൽക്കാൻ ധനികരായ മാതാപിതാക്കൾക്കു വയ്യെന്നായി. എന്നാൽ അവരുടെ യുക്തിവിചാരം ഇങ്ങനെയായിരുന്നു: “നാമിത് അംഗീകരിച്ചേ മതിയാകൂ. ഇതനുഭവിക്കാൻ അവൾ മുൻജന്മത്തിൽ എന്തോ ചെയ്തിട്ടുണ്ടാകണം.”
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവയിലെയും ഇന്ത്യയിൽ വേരുള്ള മറ്റു മതങ്ങളിലെയും കോടിക്കണക്കിനാളുകളുടെ ജീവിതത്തിൽ പുനർജന്മവിശ്വാസത്തിനു കാര്യമായ പങ്കുണ്ട്. പ്രേമത്തിലാകുന്നതുമുതൽ കഠിനമായ കഷ്ടപ്പാടുകൾവരെയുള്ള ജീവിതാനുഭവങ്ങൾ മുൻജന്മത്തിലോ മുൻജന്മങ്ങളിലോ ചെയ്ത പ്രവൃത്തികളുടെ അനന്തരഫലങ്ങളായി ഗണിക്കപ്പെടുന്നു.
പാശ്ചാത്യനാടുകളിലെ അനേകർക്കു പുനർജന്മവിശ്വാസത്തിൽ കമ്പമുണ്ട്. താൻ ആ വിശ്വാസക്കാരിയാണെന്ന് അമേരിക്കൻ നടിയായ ഷർലി മാക്ലെയ്ൻ പറയുകയുണ്ടായി. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വാൻകൂവറിലെ ലോറൽ ഫെലൻ എന്ന എഴുത്തുകാരൻ പറയുന്നത് അദ്ദേഹത്തിന് 50 മുൻജന്മങ്ങളെക്കുറിച്ചുള്ള ഓർമയുണ്ടെന്നാണ്. 1994-ൽ, സിഎൻഎൻ/യുഎസ്എ ടുഡേ-യ്ക്കുവേണ്ടി നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ, 1,016-ൽ 270 പേർ പുനർജന്മത്തിൽ വിശ്വസിക്കുന്നുവെന്നു പറയുകയുണ്ടായി. പുനർജന്മവിശ്വാസം നവയുഗ പ്രസ്ഥാനത്തിന്റെ ഭാഗവുമാണ്. എന്നാൽ ഈ വിശ്വാസത്തിനു പിൻബലമായി എന്തു തെളിവാണുള്ളത്?
“മുൻജന്മത്തെക്കുറിച്ചുള്ള ഓർമകൾ!” ആണ് അതിനുള്ള തെളിവെന്നു പുനർജന്മവിശ്വാസികൾ പറയും. അതിൻപ്രകാരം, ബാങ്കോക്കിലെ മൂന്നുവയസ്സുകാരി രത്ന, താൻ “മുൻജന്മത്തിൽ 60-ലധികം വയസ്സെത്തി മരിച്ച ഭക്തയായ ഒരു സ്ത്രീ”യാണെന്നും “തനിക്ക് അതേക്കുറിച്ച് ഓർമ”യുണ്ടെന്നും പറഞ്ഞപ്പോൾ കാഴ്ചക്കാരിൽ മിക്കവരും അതു പുനർജന്മത്തിനുള്ള ഈടുറ്റ തെളിവായി കരുതി.
എങ്കിലും ഇതേക്കുറിച്ചു കാര്യമായ സംശയം നിലവിലുണ്ട്. മുൻജന്മവുമായി ബന്ധപ്പെട്ടതെന്നു പറയുന്ന ഓർമകളെക്കുറിച്ചുള്ള ഭിന്നമായ വിശദീകരണങ്ങൾ ഉണ്ടായിരുന്നേക്കാം.a ‘മരണാനന്തര അനുഭവങ്ങളെ യുക്തിചിന്തയാൽ തെളിയിക്കാനാവില്ലെ’ന്ന് ഹിന്ദുമതം: ദേഹിയുടെ മോചനത്തിന് അതു കൊടുക്കുന്ന അർഥം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഹൈന്ദവ തത്ത്വജ്ഞാനിയായ നിഖിലാനന്ദ പറയുന്നു. എന്നിട്ടും അദ്ദേഹം പറയുന്നത് “പുനർജന്മവിശ്വാസം തെറ്റായിരിക്കാനല്ല മറിച്ച്, ശരിയായിരിക്കാനാണ് കൂടുതൽ സാധ്യത” എന്നാണ്.
എന്നാൽ ബൈബിൾ ഈ പഠിപ്പിക്കലിനെ പിന്താങ്ങുന്നുണ്ടോ? ദൈവത്തിന്റെ നിശ്വസ്തവചനം മരിച്ചവർക്കുവേണ്ടി എന്തു പ്രത്യാശ വെച്ചുനീട്ടുന്നു?
[അടിക്കുറിപ്പുകൾ]
[4-ാം പേജിലെ ചിത്രം]
അവളിങ്ങനെ ശിക്ഷിക്കപ്പെടുന്നത് മുൻജന്മത്തിൽ ചെയ്ത പാപങ്ങൾനിമിത്തമോ?