യുവജനങ്ങൾ ചോദിക്കുന്നു. . .
ആരോടെങ്കിലും പ്രേമം തോന്നുന്നത് എനിക്കെങ്ങനെ നിർത്താനാകും?
“ഞാൻ 20 വയസ്സുള്ള ഒരു സ്നാപനമേററ യഹോവയുടെ സാക്ഷിയാണ്. എന്നാൽ ഞാൻ 28 വയസ്സുള്ള ഒരു [അവിശ്വാസിയുമായി] ഡേററിങ്ങിലേർപ്പെടാൻ തുടങ്ങി. ഞാൻ അയാളെ സ്നേഹിച്ചു, അയാൾ എന്നെ സ്നേഹിക്കുന്നുവെന്നു ഞാൻ വിശ്വസിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കൾ അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, കാരണം അവർ അതിനെ അംഗീകരിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അവർ അതു കണ്ടുപിടിച്ചപ്പോൾ അത് അവർക്കു വേദനയും ഞെട്ടലുമുളവാക്കി. ഒരു ലോകക്കാരനുമായി വൈകാരികമായി ഉൾപ്പെടാൻ എനിക്കെങ്ങനെ കഴിഞ്ഞുവെന്ന് അവർക്കു മനസ്സിലായില്ല.”
ഒരു ക്രിസ്തീയ യുവതി എഴുതിയത് അപ്രകാരമാണ്. അവളെ നമുക്കു മോണീക്ക് എന്നു വിളിക്കാം.a ദുഃഖകരമെന്നു പറയട്ടെ, തങ്ങൾ സമാനമായ വിഷമാവസ്ഥയിലാണെന്നു ധാരാളം യുവജനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതായത് തങ്ങളുടെ ക്രിസ്തീയ വിശ്വാസങ്ങളും ധാർമിക നിലവാരങ്ങളും പങ്കുവെക്കാത്ത ആരോടെങ്കിലും പ്രേമം തോന്നുകയോ പ്രണയപൂർവകമായ ഒരു അടുപ്പം തോന്നുകയോ ചെയ്യുന്ന അവസ്ഥ. അത്തരമൊരു ബന്ധം ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്നു മാത്രമല്ല, ഒരുവന്റെ സന്തുഷ്ടിക്കും ക്ഷേമത്തിനും ഗുരുതരമായ ഒരു ഭീഷണിയും കൂടെയാണെന്ന് ഈ പരമ്പരയിലെ മുൻ ലേഖനം (ഉണരുക! മേയ് 22, 1994) പ്രകടമാക്കി. യുവതിയായ രൂത്ത് ഈ വസ്തുത തിരിച്ചറിയാനിടയായി. “അവിശ്വാസിയായ ഒരാളുമായി ഞാൻ വളരെ അടുപ്പത്തിലായി. എന്നാൽ യഹോവയുമായി എനിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു ബന്ധമുണ്ടായിരിക്കണമെങ്കിൽ അയാളുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതാണെന്നു ഞാൻ മനസ്സിലാക്കി” എന്ന് അവൾ തുറന്നു പറയുന്നു.
നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, യാക്കോബ് 4:4-ലെ ബൈബിൾ വാക്കുകൾ നിങ്ങൾക്കു മനഃപാഠമായിരിക്കാം: “ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” എന്നാൽ നിങ്ങൾ ഒരു അവിശ്വാസിയുമായി വൈകാരികമായ ഒരു വിധത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെങ്കിൽ, ഈ വാക്കുകൾ ബാധകമാക്കുക അത്ര എളുപ്പമുള്ള സംഗതി ആയിരിക്കില്ല. ആ ബന്ധം വിച്ഛേദിക്കുക എന്ന ആശയം പോലും നിങ്ങളെ ആകുലപ്പെടുത്തിയേക്കാം. ഫലത്തിൽ നിങ്ങൾ തകർന്നുപോയതായി ഉള്ളിൽ തോന്നിയേക്കാം. ‘ഒരാളോടു പ്രേമം തോന്നുന്നത് എനിക്കെങ്ങനെ ഒഴിവാക്കാനാകും?’ എന്നു നിങ്ങൾ ചോദിച്ചേക്കാം.
അപ്പോസ്തലനായ പൗലോസ് ഒരിക്കൽ ഇപ്രകാരം പറഞ്ഞു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!” (റോമർ 7:22-24) പൗലോസിനെപ്പോലെ, നിങ്ങളുടെ വികാരങ്ങളോടുള്ള ഒരു പോരാട്ടം നിങ്ങൾ അനുഭവിക്കുന്നുണ്ടായിരിക്കാം. എന്നാൽ, അനേകം ക്രിസ്തീയ യുവജനങ്ങൾ ഈ പോരാട്ടത്തിൽ വിജയം വരിച്ചിട്ടുണ്ട്, അവരെ “തീയിൽനിന്നു വലിച്ചെടു”ക്കേണ്ടിവന്നിട്ടുണ്ട്. (താരതമ്യം ചെയ്യുക: യൂദാ 23.) എങ്ങനെ? തീർത്താൽ തീരാത്ത നഷ്ടം ഉണ്ടാകുന്നതിനു മുമ്പ് നാശകരമായ ബന്ധങ്ങൾ അവസാനിപ്പിച്ചുകൊണ്ട്.
സഹായം നേടൽ
ഉദാഹരണത്തിന്, 14 വയസ്സുള്ളപ്പോൾ തനിക്ക് ഒരു അവിശ്വാസിയിൽ “കടുത്ത മതിമോഹം” തോന്നിയെന്ന് മാർക്ക് പറയുന്നു. സഹായം തേടുന്നതിനു പകരം തന്റെ വികാരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് അവൻ ശ്രമിച്ചത്. എന്നാൽ ആ പെൺകുട്ടിയോടുള്ള അവന്റെ വികാരങ്ങൾ കൂടുതൽ ശക്തമായിത്തീരുക മാത്രമേ ചെയ്തുള്ളൂ. താമസിയാതെ അവൻ അവൾക്കു രഹസ്യമായി ഫോൺ ചെയ്യാൻ തുടങ്ങി. ആ പെൺകുട്ടി തിരിച്ചു ഫോൺ ചെയ്തുതുടങ്ങിയപ്പോൾ താമസിയാതെതന്നെ അവന്റെ മാതാപിതാക്കൾ എന്താണു നടക്കുന്നതെന്നു കണ്ടുപിടിച്ചു.
പ്രശ്നം തന്നെത്താൻ പരിഹരിക്കുകയെന്ന അതേ പിശക് ആവർത്തിക്കരുത്. സദൃശവാക്യങ്ങൾ 28:26 ഇങ്ങനെ പറയുന്നു: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.” വാസ്തവത്തിൽ നിങ്ങളുടെ ന്യായബോധം ആദ്യംതന്നെ അൽപ്പം വികലതയുള്ളതല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ സാഹചര്യത്തിൽ ആയിരിക്കുമായിരുന്നോ? ചിലയവസരങ്ങളിൽ നമ്മുടെ വികാരങ്ങൾ വിവേകത്തെ മറികടക്കുന്നു. അതുകൊണ്ട് നമ്മെക്കാൾ സൂക്ഷ്മഗ്രാഹ്യവും വാസ്തവികബോധവുമുള്ള ആരുടെയെങ്കിലും സഹായം നമുക്ക് ആവശ്യമാണ്. മാതാപിതാക്കളായിരിക്കാം നിങ്ങളെ സഹായിക്കാനുള്ള ഉത്തമസ്ഥാനത്തായിരിക്കുന്നത്, പ്രത്യേകിച്ചും അവർ ദൈവഭയമുള്ളവരാണെങ്കിൽ. മററാരെക്കാളും മെച്ചമായി അവർ നിങ്ങളെ അറിയാനിടയുണ്ട്. അവർ ഒരിക്കൽ ചെറുപ്പമായിരുന്നു, അതുകൊണ്ട് നിങ്ങൾ അനുഭവിക്കുന്നതു മനസ്സിലാക്കാൻ അവർക്ക് എളുപ്പം കഴിയും. സദൃശവാക്യങ്ങൾ 23:26-ൽ ബൈബിളെഴുത്തുകാരനായ ശലോമോൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.” നിങ്ങളുടെ ഹൃദയം മാതാപിതാക്കളിലേക്കു പകർന്നുകൊണ്ട് നിങ്ങൾക്കു സഹായം ആവശ്യമുണ്ടെന്ന് എന്തുകൊണ്ട് അവരെ അറിയിച്ചുകൂടാ?
യുവാവായ ജിം ചെയ്തത് അതാണ്. സ്കൂളിൽ ഒരു പെൺകുട്ടിയോട് അവനു തീവ്രമായ പ്രേമം തോന്നി. തന്റെ വികാരങ്ങളെ കൈകാര്യം ചെയ്യാൻ അവൻ കഷ്ടപ്പെടുകയുമായിരുന്നു. അവൻ പറയുന്നു: “ഒടുവിൽ ഞാൻ എന്റെ മാതാപിതാക്കളോടു സഹായമഭ്യർഥിച്ചു. ഈ വികാരങ്ങളെ തരണം ചെയ്യുന്നതിന്റെ താക്കോൽ അതായിരുന്നു. അവർ എന്നെ ഒരുപാടു സഹായിച്ചു.” മാതാപിതാക്കളുടെ സ്നേഹപുരസ്സരമായ പിന്തുണ അനുഭവിച്ചറിഞ്ഞശേഷം ജിം ഈ ബുദ്ധ്യുപദേശം നൽകുന്നു: “എനിക്കു തോന്നുന്നത് ഇങ്ങനെയാണ്, മററു യുവക്രിസ്ത്യാനികൾ മാതാപിതാക്കളോടു സംസാരിക്കാൻ വിമുഖത കാട്ടരുത്. അവരുമായി ആശയവിനിയമം നടത്തുക. അവർ നിങ്ങളെ മനസ്സിലാക്കും.”
സമാനമായ ഒരു സാഹചര്യത്തിൽ ആൻഡ്രൂ എന്നു പേരുള്ള ഒരു യുവാവ് മറെറാരുതരം സഹായം പ്രയോജനപ്പെടുത്തി. യഹോവയുടെ സാക്ഷികളുടെ ഒരു പ്രാദേശിക സർക്കിട്ട് സമ്മേളനത്തിൽ പങ്കുപററിയതിനെക്കുറിച്ച് അവൻ പറയുന്നത് ഇങ്ങനെയാണ്: “ഒരു പ്രസംഗം എനിക്കു ശരിക്കും കൊണ്ടു. ക്രിസ്ത്യാനികളല്ലാത്ത വിപരീതലിംഗവർഗത്തിൽപ്പെട്ടവരുമായി ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനെതിരെ സർക്കിട്ടു മേൽവിചാരകൻ ശക്തമായ ബുദ്ധ്യുപദേശം നൽകി. എന്റെ ചിന്താരീതി തിരുത്തേണ്ട ആവശ്യമുണ്ടെന്ന് അപ്പോൾത്തന്നെ എനിക്കു മനസ്സിലായി.” അതുകൊണ്ട് അവൻ എന്തു ചെയ്തു? ആദ്യം അവൻ ഏകാകിനിയായ തന്റെ അമ്മയോടു സംസാരിച്ചു. അവർ നൽകിയ ബുദ്ധ്യുപദേശത്തിൽനിന്ന് അവൻ പ്രയോജനം നേടുകയും ചെയ്തു. പിന്നീട് യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ ഒരു മൂപ്പനെ അവൻ സമീപിച്ചു. തുടർന്നുള്ള സഹായം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. യാതന അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം സഭാമൂപ്പൻമാർ “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും” ആയിരിക്കാവുന്നതാണ്. (യെശയ്യാവു 32:2) എന്തുകൊണ്ട് അവരിലൊരാളെ സമീപിച്ചു നിങ്ങളെ വിഷമിപ്പിക്കുന്നത് എന്താണെന്ന് അറിയിച്ചുകൂടാ?
ബന്ധം പൂർണമായി വിച്ഛേദിക്കൽ
മാർക്കിന്റെ മാതാപിതാക്കൾ അവന്റെ രഹസ്യബന്ധം കണ്ടുപിടിച്ചപ്പോൾ താമസംവിനാ അവർ പ്രതികരിച്ചു. അതിനെക്കുറിച്ചു മാർക്ക് ഇപ്രകാരമാണു പറയുന്നത്: “ആ ബന്ധം അവസാനിപ്പിക്കാൻ അവർ എന്നോടു തീർത്തു പറഞ്ഞു. ഞാൻ ആദ്യം മത്സരസ്വഭാവത്തോടെ പ്രതികരിച്ചു. ഞങ്ങൾ അന്യോന്യം ചൂടുപിടിച്ച് ഉച്ചത്തിൽ സംസാരിച്ചു. ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു. പെട്ടെന്നുതന്നെ ഞാൻ യാഥാർഥ്യം തിരിച്ചറിഞ്ഞു. ആ പെൺകുട്ടിക്കും എനിക്കും വ്യത്യസ്ത ലാക്കുകളാണല്ലോ ഉള്ളത്. അതത്ര ശരിയാകില്ല.” അതേ, സാഹചര്യത്തിന്റെ യഥാർഥവശങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതു നിങ്ങളുടെ വികാരങ്ങളെ തണുപ്പിക്കാൻ സഹായിച്ചേക്കാം. നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക: ‘ഈ വ്യക്തിക്ക് എന്റെ ലക്ഷ്യങ്ങളും വിശ്വാസങ്ങളും ധാർമിക നിലവാരങ്ങളുമാണോ ഉള്ളത്? ഞങ്ങൾ വിവാഹം കഴിച്ചാൽ ദൈവത്തെ ആരാധിക്കാനുള്ള എന്റെ ശ്രമങ്ങളെ ഈ വ്യക്തി പിന്തുണയ്ക്കുമോ? ആത്മീയ കാര്യങ്ങളിലുള്ള എന്റെ ഉത്സാഹം ഈ വ്യക്തിക്കുണ്ടോ? വാസ്തവത്തിൽ, ഈ ബന്ധത്തിൽ എന്തു ചേർച്ചയായിരിക്കും ഉണ്ടായിരിക്കുക?’—താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 6:14-18.
എന്നാൽ, ബന്ധം പൂർണമായി വിച്ഛേദിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. തുടക്കത്തിൽ പരാമർശിച്ച മോണീക്ക് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “രണ്ടു സന്ദർഭത്തിൽ ആ ബന്ധം വിച്ഛേദിക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ അതിനു കഴിഞ്ഞില്ല. അയാളെ പൂർണമായി അകററിനിർത്താൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ അയാളോടു സാക്ഷീകരിച്ചുനോക്കി. എന്റെ വിചാരം അയാൾ യഹോവയെ സ്വീകരിക്കുമെന്നായിരുന്നു. ഒരിക്കൽ ഒരു ഞായറാഴ്ച യോഗത്തിന് അയാൾ വരികപോലും ചെയ്തു. എന്നാൽ അയാൾക്ക് യഹോവയിൽ യഥാർഥമായ ഒരു താത്പര്യം ഉണ്ടായിരുന്നില്ല. അയാളെ പൂർണമായും വിട്ടുകളയുന്നതായിരിക്കും ശരിയായ ഗതിയെന്നു ഞാൻ തിരിച്ചറിഞ്ഞു.”
മത്തായി 5:30-ലെ യേശുവിന്റെ വാക്കുകളെ ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ദൈവരാജ്യത്തിലേക്കുള്ള ഒരുവന്റെ പ്രവേശനത്തെ തടഞ്ഞേക്കാവുന്ന കാര്യങ്ങളെക്കുറിച്ച്—ഒരുവന്റെ വലതുകരം പോലെ പ്രിയമുള്ള കാര്യങ്ങളെക്കുറിച്ച്—ആ ഭാഗത്തു യേശു സംസാരിച്ചു. അങ്ങനെയായിരിക്കുമ്പോൾ ഇപ്രകാരം ചെയ്യാൻ യേശു ഉപദേശിച്ചു: “അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും [നിത്യനാശത്തിന്റെ ഒരു പ്രതീകമായ] നരകത്തിൽ [“ഗീഹെന്നയിൽ,” NW] വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.” ഈ തത്ത്വത്തിനു ചേർച്ചയിൽനിന്നുകൊണ്ട്, നിങ്ങൾ ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയെ ധൈര്യസമേതം സമീപിച്ച് ‘സത്യം സംസാരിക്കുക.’ (എഫെസ്യർ 4:25) ഒരു പൊതു സ്ഥലത്തുവെച്ച്—ഒററയ്ക്കോ പ്രേമപുരസ്സരമായ ഒരു സാഹചര്യത്തിലോ അല്ല—ബന്ധം അവസാനിച്ചിരിക്കുന്നുവെന്ന് അവനെ അല്ലെങ്കിൽ അവളെ സുവ്യക്തമായ ഭാഷയിൽ അറിയിക്കുക. യുവതിയായ ഷീല ഇപ്രകാരം അനുസ്മരിക്കുന്നു: “എന്റെ കാര്യത്തിൽ പ്രായോഗികമായത് സുനിശ്ചിത നടപടിയെടുക്കുക എന്നതായിരുന്നു. ഇനിയൊരിക്കലും ഒന്നിച്ച് ഉച്ചഭക്ഷണമില്ല. പഠിക്കുന്ന പിരിയഡുകളിൽ മേലാൽ തമ്മിൽ കാണുന്ന പ്രശ്നമില്ല. ഞാൻ എന്റെ നിലപാട് അയാൾക്ക് വ്യക്തമാക്കിക്കൊടുത്തു.” പാം എന്നു പേരുള്ള ഒരു ക്രിസ്തീയ പെൺകുട്ടിയും സമാനമായി തുറന്നുപറഞ്ഞു: “എന്നെ ഒററയ്ക്കു വിടാൻ ഞാൻ ഒടുവിൽ അയാളോടു പറഞ്ഞു. ഞാൻ അയാളെ തീരെ അവഗണിച്ചുകളഞ്ഞു.”
വേദന തരണം ചെയ്യൽ
അത്തരം ഒരു വേർപാടിനെത്തുടർന്ന്, സങ്കീർത്തനക്കാരൻ പറഞ്ഞതുപോലെ നിങ്ങൾക്കു തോന്നിയേക്കാം: “ഞാൻ കുനിഞ്ഞു ഏററവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.” (സങ്കീർത്തനം 38:6) കുറച്ചു നാൾ ദുഃഖമുണ്ടാകുമെന്നതു തികച്ചും സ്വാഭാവികമാണ്. “കരവാൻ ഒരു കാലം” ഉണ്ടെന്നു ബൈബിൾ സമ്മതിക്കുന്നുണ്ടല്ലോ. (സഭാപ്രസംഗി 3:4) എന്നാൽ നിങ്ങൾ എന്നേക്കും ദുഃഖിച്ചുനടക്കേണ്ടയാവശ്യമില്ല. ക്രമേണ വേദന ഇല്ലാതായിത്തീർന്നുകൊള്ളും. മാർക്ക് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “അതേ, ഞാൻ ദുഃഖത്തിന്റെ ഒരു കാലയളവിലൂടെ കടന്നുപോയി. എന്റെ മാതാപിതാക്കൾ ഇതു തിരിച്ചറിയുകയും മററു ക്രിസ്തീയ യുവജനങ്ങളുമായുള്ള എന്റെ സഹവാസങ്ങൾ വർധിപ്പിക്കുകയും ചെയ്തു. അതു വളരെ സഹായകമായിരുന്നു.” വേർപാടിനുശേഷം സമാനമായി വിഷാദം തോന്നിയ ആൻഡ്രൂ പറയുന്നത് ഇങ്ങനെയാണ്: “മൂപ്പൻമാർ എന്നെ സഹായിച്ചു. ഞാൻ പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ഏർപ്പെട്ടു. കൂടാതെ എനിക്കു നല്ല ബന്ധമുണ്ടായിരുന്ന ക്രിസ്തീയ സഹോദരങ്ങളുമായി ഞാൻ കൂടുതൽ അടുത്തു.” അതേ, ആത്മീയ പ്രവർത്തനങ്ങളിൽ തിരക്കോടെ വ്യാപൃതരാകുക. (1 കൊരിന്ത്യർ 15:58) ചിലതരം ശാരീരിക പ്രവർത്തനമോ വ്യായാമമോ നിങ്ങളെ സഹായിച്ചേക്കാം. ഏകാന്തത ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 18:1) സന്തോഷകരവും പരിപുഷ്ടിപ്പെടുത്തുന്നതുമായ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സിനെ വ്യാപൃതമാക്കിനിർത്തുക.—ഫിലിപ്പിയർ 4:8.
കൂടാതെ, നിങ്ങളുടെ ധീരമായ നിലപാടിൽ യഹോവ സന്തോഷിക്കുമെന്ന് ഓർക്കുക. സഹായത്തിനും പിന്തുണയ്ക്കുമായി അവനെ പ്രാർഥനയിൽ സമീപിക്കാൻ മടി വിചാരിക്കാതിരിക്കുക. (സങ്കീർത്തനം 55:22; 65:2) “ഞാൻ വളരെയധികം പ്രാർഥിച്ചു,” യുവതിയായ ഷീല ഓർമിക്കുന്നു. ഹാനികരമായ ഒരു ബന്ധം വിച്ഛേദിക്കുക എളുപ്പമല്ല. ഷീല ഇപ്രകാരം സമ്മതിക്കുന്നു: “അത് അവസാനിച്ചെങ്കിൽപ്പോലും ചിലപ്പോൾ ഞാൻ അയാളെക്കുറിച്ചു ചിന്തിക്കുകയും അയാൾ എന്തു ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശ്ചര്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ നാം യഹോവയെ സന്തോഷിപ്പിക്കുകയാണ് എന്നറിഞ്ഞുകൊണ്ട് നമ്മുടെ തീരുമാനത്തോടു പററിനിൽക്കണം.”
[അടിക്കുറിപ്പുകൾ]
a പേരുകൾ മാററിയിട്ടുണ്ട്.
[18-ാം പേജിലെ ചിത്രം]
ബന്ധം അവസാനിച്ചിരിക്കുന്നുവെന്ന് സുവ്യക്തമായ ഭാഷയിൽത്തന്നെ ആ വ്യക്തിയെ അറിയിക്കുക