ക്രൂരനായ ഒരു ശത്രുവിനെക്കാൾ കവിഞ്ഞത്
ശമനമില്ലാത്ത വേദനയ്ക്ക് ആളുകളുടെ ജീവിതത്തെ നശിപ്പിക്കാനാകും. അത് അവരുടെ സമാധാനം, സന്തോഷം, ഉപജീവനമാർഗം എന്നിവ കവർന്നുകളയുന്നു. ചിലർ ആത്മഹത്യയിലൂടെ ആശ്വാസം കണ്ടെത്താൻ ഇടയാകത്തക്കവണ്ണം അതു ജീവിതത്തെ വളരെയധികം ദുരിതപൂർണമാക്കുകയും ചെയ്യുന്നു. മെഡിക്കൽ മിഷനറിയായ ആൽബർട്ട് ഷ്വൈററ്സർ ഇപ്രകാരം നിഗമനം ചെയ്തു: “വേദന മനുഷ്യവർഗത്തിന്റെ യജമാനനാണ്, അതു മരണത്തെക്കാളും ഭയങ്കരനാണ്.”
കോടിക്കണക്കിനാളുകൾ അക്ഷരീയമായി കഷ്ടപ്പെടുന്നുണ്ട്. ‘ഭൂമി ചുററിത്തിരിയുന്ന ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്ന ഒരു കൂപത്തിനുമീതെയുള്ള സമയരഹിത ശൂന്യാകാശത്തിൽ തൂങ്ങിക്കിടക്കാൻ നമുക്കു കഴിഞ്ഞാൽ നമുക്കു കേൾക്കാൻ കഴിയുന്നതു ദുരിതമനുഭവിക്കുന്ന മനുഷ്യവർഗം ഏകസ്വരത്തിൽ പുറപ്പെടുവിക്കുന്ന വേദനയുടെ സഹജമായ രോദനമായിരിക്കും’ എന്ന് ഒരു ഫ്രഞ്ച് സർജൻ പറഞ്ഞു.
1,900 വർഷങ്ങൾക്കു മുമ്പ് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു.” (റോമർ 8:22) ഇന്ന് ആ വാക്കുകൾക്കു വളരെ കൂടുതൽ ശക്തിയുണ്ട്.
പ്രമുഖ ആരോഗ്യപ്രശ്നം
വാതരോഗത്തിൽ സർവസാധാരണമായതാണ് അസ്ഥികൾക്കുണ്ടാകുന്ന വാതം. ഇതു നിമിത്തം 8 അമേരിക്കക്കാരിൽ ഒരാൾ വീതം ഭയങ്കരമായ വേദന അനുഭവിക്കുന്നുണ്ട്. അതിലുമധികം ആളുകൾക്ക് അതിഭയങ്കരമായ നടുവേദനയുണ്ട്. കാൻസറിന്റെയും ഹൃദ്രോഗത്തിന്റെയും വേദനാകരമായ ഫലങ്ങൾ വേറെ ചിലർ സഹിക്കേണ്ടിവരുന്നു.
അതിഭയങ്കരമായ തലവേദന, പല്ലുവേദന, ചെവിവേദന, മൂലക്കുരു തുടങ്ങിയവയും മററു പല രോഗങ്ങളും ക്ഷതങ്ങളും നിമിത്തം ലക്ഷക്കണക്കിനാളുകൾ കഷ്ടമനുഭവിക്കുന്നു. അടുത്തയിടെ ഒരു വർഷം ഡോക്ടർമാർ കുറിച്ചുകൊടുക്കാത്ത വേദനാസംഹാരികൾക്കു മാത്രം അമേരിക്കക്കാർ 210 കോടി ഡോളർ ചെലവഴിച്ചു. വേദന “അമേരിക്കയുടെ മറഞ്ഞിരിക്കുന്ന മഹാവ്യാധി” എന്നു വിളിക്കപ്പെടുന്നു.
ഒരുപക്ഷേ വേദന സംബന്ധിച്ച ഏററവും സമുന്നത പ്രാമാണികനായ ജോൺ ജെ. ബോണിക്ക ഇപ്രകാരം പറഞ്ഞു: “സമ്പത്തിന്റെയും മാനുഷിക ദുരിതത്തിന്റെയും കാഴ്ചപ്പാടിൽ മറെറല്ലാ ആരോഗ്യപ്രശ്നങ്ങളും ഒരുമിച്ചുചേർത്താലും ഫലത്തിൽ മാറാവേദനയായിരിക്കും അവയെക്കാൾ കൂടുതൽ പ്രധാനപ്പെട്ടത്.”
വേദനയില്ലാത്ത ഒരു ജീവിതമോ?
അത്തരം കടുത്ത യാഥാർഥ്യത്തിന്റെ മുന്നിൽ, വേദനയില്ലാത്ത ഒരു ജീവിതത്തിന്റെ സാധ്യതയെക്കുറിച്ചു സൂചിപ്പിക്കുക എന്നതു സാഹസം കാണിക്കലായി തോന്നിയേക്കാം. അതുകൊണ്ടു ബൈബിൾ പറയുന്നതു വളരെ വിദൂരമെന്നു തോന്നിയേക്കാം, അതായത്: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. . . . ദുഃഖവും മുറവിളിയും കഷ്ടതയും [“വേദനയും,” NW] ഇനി ഉണ്ടാകയില്ല.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.)—വെളിപ്പാടു 21:4, 5.
എന്നാൽ വേദനയില്ലാത്ത ഒരു ജീവിതത്തിന്റെ സാധ്യത വളരെ വിദൂരമല്ല. എന്നാൽ ഒരു നിമിഷം ചിന്തിക്കുക. ആ തിരുവെഴുത്ത് യഥാർഥത്തിൽ എന്താണ് അർഥമാക്കുന്നത്? വേദന അനുഭവപ്പെടാത്ത ആളുകൾ ഇന്നുണ്ട്. അവർ ജനിച്ചപ്പോൾത്തന്നെ അങ്ങനെയുള്ളവരായിരുന്നു. അവരോട് അസൂയ തോന്നേണ്ടതുണ്ടോ? ശരീരശാസ്ത്രവിദഗ്ധനായ അലൻ ബാസ്ബോം പറഞ്ഞത് ഇപ്രകാരമാണ്: “തീർത്തും വേദന ഇല്ലാതിരിക്കുന്നത് ഒരു വിപത്താണ്.”
വേദന തോന്നാനുള്ള പ്രാപ്തി നിങ്ങൾക്കില്ലെങ്കിൽ, ദേഹത്ത് ഒരു കുരു ഉണ്ടായാൽ അതു പഴുത്തു പൊട്ടുന്നതുവരെ നിങ്ങൾ മിക്കവാറും അത് അറിയില്ല. ഒരു റിപ്പോർട്ടനുസരിച്ച് ഒരു പെൺകുട്ടിക്ക് വേദന അനുഭവപ്പെട്ടിരുന്നില്ല. അവളുടെ മാതാപിതാക്കൾക്കു “മാംസം കരിയുന്ന ഗന്ധം ചിലപ്പോൾ വരുമായിരുന്നു. ആ പെൺകുട്ടി സ്ററൗവിൽ മുട്ടിയിരിക്കുന്നത് ചിലപ്പോൾ അവർ കാണുമായിരുന്നു.” അതുകൊണ്ട് വേദന ക്രൂരനായ ഒരു ശത്രുവിനെക്കാൾ കവിഞ്ഞതാണ്. അത് ഒരു അനുഗ്രഹമായിരിക്കാൻ കഴിയും.
“മേലാൽ . . . വേദന ഉണ്ടായിരിക്കയില്ല” എന്ന ബൈബിൾ വാഗ്ദത്തം സംബന്ധിച്ചെന്ത്? നിവർത്തിച്ചു കാണാൻ നാം വാസ്തവത്തിൽ ആഗ്രഹിക്കേണ്ട ഒരു വാഗ്ദത്തമാണോ ഇത്?
കണ്ണുനീരില്ലാത്ത ഒരു ജീവിതമോ?
ഈ വാക്യത്തിന്റെ സന്ദർഭം ഇങ്ങനെയും പറയുന്നതായി ശ്രദ്ധിക്കുക: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.” (വെളിപ്പാടു 21:4) കണ്ണുനീർ പ്രാധാന്യമുള്ളതായതുകൊണ്ട് ഇതു ശ്രദ്ധേയമാണ്. അവ നമുക്ക് ഒരു സംരക്ഷണമാണ്, വേദന അനുഭവപ്പെടുമ്പോൾ സംഭവിക്കുന്നതുപോലെ.
കണ്ണുനീർ നമ്മുടെ കണ്ണുകളെ നനവുള്ളതാക്കി നിർത്തുകയും കണ്ണും കൺപോളയും തമ്മിലുള്ള ഉരസലിനെ തടയുകയും ചെയ്യുന്നു. അവ നമ്മുടെ കണ്ണുകളിൽനിന്ന് അന്യവസ്തുക്കളെ കഴുകിക്കളയുന്നു. മാത്രമല്ല, ലൈസോസൈം എന്നു വിളിക്കപ്പെടുന്ന, ഒരുതരം ആൻറിസെപ്ററിക്ക് അവയിൽ അടങ്ങിയിട്ടുണ്ട്. അതു കണ്ണുകളെ അണുവിമുക്തമാക്കി രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. അത്ഭുതകരമായി രൂപസംവിധാനം ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ ശരീരങ്ങളുടെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ് കണ്ണുനീർ പൊഴിക്കാനുള്ള പ്രാപ്തി, വേദന അനുഭവപ്പെടാനുള്ള പ്രാപ്തിപോലെതന്നെ.—സങ്കീർത്തനം 139:14.
എന്നിരുന്നാലും, കണ്ണുനീർ സങ്കടം, ദുഃഖം, വിഷമം എന്നിവയോടു വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. “രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു” എന്നു ബൈബിൾ കാലങ്ങളിലെ ദാവീദ് രാജാവ് വിലപിച്ചു. (സങ്കീർത്തനം 6:6) ഒരു സുഹൃത്തിന്റെ മരണത്തിൽ യേശുപോലും “കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:35) സങ്കടത്തിന്റെ അത്തരം കണ്ണുനീർ പൊഴിക്കാൻ ദൈവം ആരംഭത്തിൽ ഉദ്ദേശിച്ചിരുന്നില്ല. മനുഷ്യകുടുംബത്തിന്റെ അപൂർണവും മരിച്ചുകൊണ്ടിരിക്കുന്നതുമായ അവസ്ഥ ആദ്യമനുഷ്യനായ ആദാമിന്റെ പാപഫലമാണ്. (റോമർ 5:12) അതുകൊണ്ട് മേലാൽ ഉണ്ടായിരിക്കുകയില്ലാത്തത് അപൂർണവും മരിച്ചുകൊണ്ടിരിക്കുന്നതുമായ അവസ്ഥയിൽനിന്ന് ഉളവാകുന്ന കണ്ണുനീരാണ്.
ഒരു പ്രത്യേക കാരണത്താലുള്ള കണ്ണുനീർ ഇല്ലാതാകുമെന്നു ബൈബിൾ പരാമർശിക്കുന്നതുകൊണ്ട്, മേലാൽ വേദന ഉണ്ടായിരിക്കയില്ല എന്ന വാഗ്ദത്തം എങ്ങനെ നിവർത്തിക്കപ്പെടും? ദുഃഖവും കരച്ചിലും ഉളവാക്കുന്ന വേദന മനുഷ്യൻ ചിലപ്പോഴെങ്കിലും അനുഭവിക്കുകയില്ലേ?