മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത വേദന
ബൈബിളിലെ വാഗ്ദത്തം നിവർത്തിക്കപ്പെടുമ്പോൾ നിർമാർജനം ചെയ്യപ്പെടുന്ന വേദന ആദ്യ മമനുഷ്യന്റെ അപൂർണതയുടെ ഫലമായി അനുഭവിക്കുന്നതരം വേദനയായിരിക്കും. ആ വേദനയിൽ വിട്ടുമാറാത്ത വേദന എന്നു വിളിക്കാൻ കഴിയുന്നതും ഉൾപ്പെടുന്നു.
രോഗമോ അപകടമോ സംബന്ധിച്ചു മുന്നറിയിപ്പു നൽകുന്ന ഒന്നായിരിക്കുന്നതിനു പകരം, വിട്ടുമാറാത്ത വേദന മണിയടി നിർത്താത്ത “ഒരു വ്യാജ അലാറ”ത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നു. ആശ്വാസം കിട്ടാനുള്ള തീവ്രമായ ഒരു ആഗ്രഹം നിമിത്തം വർഷംതോറും കോടിക്കണക്കിനു ഡോളർ ചെലവാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് ഈ വേദനയാണ്. ഇതു ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെ നശിപ്പിക്കുകയും ചെയ്യുന്നു.
വേദന സംബന്ധിച്ച പഠനത്തിൽ വിദഗ്ധനായ ഡോ. റിച്ചഡ് എ. സ്റേറൺബാക്ക് ഇപ്രകാരമെഴുതി: “ക്ഷണികമായ ഒരു തീവ്രവേദന വിട്ടുമാറാത്ത വേദന പോലെയല്ല; വിട്ടുമാറാത്ത വേദന ഒരു രോഗലക്ഷണവുമല്ല, ഒരു ആപൽസൂചനയുടെ അടയാളവുമല്ല.” എമർജെൻസി മെഡിസിൻ എന്ന പ്രസിദ്ധീകരണം പറഞ്ഞു: “വിട്ടുമാറാത്ത വേദനയ്ക്കു യാതൊരു ഉദ്ദേശ്യവുമില്ല.”
അതുകൊണ്ട് അത്തരം വേദന അതിൽത്തന്നെ തീർത്തും ഉപദ്രവകരമായ ഒന്നാണെന്നു സമീപ വർഷങ്ങളിൽ അനേകം ഡോക്ടർമാരും വീക്ഷിക്കാൻ ഇടയായിരിക്കുന്നു. “ക്ഷണികമായി പെട്ടെന്നുണ്ടാകുന്ന തീവ്രവേദന രോഗത്തിന്റെയോ അപകടത്തിന്റെയോ ഒരു ലക്ഷണമാണ്. എന്നാൽ വിട്ടുമാറാത്ത വേദനയുടെ കാര്യത്തിലോ, അതു തന്നെയാണു രോഗം” എന്ന് ഡോ. ജോൺ ജെ. ബോണിക്ക, വേദന സംബന്ധിച്ച ഇന്നത്തെ പ്രാമാണിക പാഠപുസ്തകമായ മാനേജ്മെൻറ് ഓഫ് പെയിൻ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
വേദനയെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ
വേദന എന്തെന്ന് ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. “വേദന എന്തെന്നു മനസ്സിലാക്കാനുള്ള നിത്യമോഹം നിമിത്തം ശാസ്ത്രജ്ഞർ അതിനു കിണഞ്ഞു പരിശ്രമിക്കുകയാണ്” എന്ന് അമേരിക്കൻ ഹെൽത്ത് മാഗസിൻ പറയുകയുണ്ടായി. ചിലതരം പ്രത്യേക നാഡീ അഗ്രങ്ങളിൽ അനുഭവവേദ്യമാകുന്നതും പ്രത്യേക നാഡീ ഞരമ്പുകളിലൂടെ മസ്തിഷ്കത്തിലേക്കു സംപ്രേക്ഷണം ചെയ്യപ്പെടുന്നതുമായ ഇന്ദ്രിയബോധമാണ് വേദനയെന്ന് ഏതാനും പതിററാണ്ടുകൾക്കു മുമ്പ് അവർ നിഗമനം ചെയ്തിരുന്നു. അത് കാഴ്ച, കേൾവി, സ്പർശനം എന്നിവപോലുള്ള ഒരുതരം ഇന്ദ്രിയബോധമാണെന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ വേദന സംബന്ധിച്ച കണ്ണുമടച്ചുള്ള ഈ ധാരണ സത്യമല്ലെന്നു കണ്ടെത്തപ്പെട്ടു. എങ്ങനെ?
ഈ പുതിയ ഉൾക്കാഴ്ചയിലേക്കു നയിച്ച ഒരു ഘടകം ഒരു യുവതിയെക്കുറിച്ചു നടത്തിയ പഠനമായിരുന്നു. അവൾക്കു വേദന എന്താണെന്നറിയില്ലായിരുന്നു. 1955-ൽ അവളുടെ മരണത്തെത്തുടർന്ന് അവളുടെ തലച്ചോറും നാഡീവ്യവസ്ഥയും പരിശോധനയ്ക്കു വിധേയമാക്കി. വേദന സംബന്ധിച്ച സർവഥാ പുതുമയേറിയ ഒരു ആശയത്തിലേക്ക് അതവരെ നയിച്ചു. 1960 ജൂലൈ 30-ലെ ദ സ്ററാർ വീക്ക്ലി മാഗസിൻ ഇങ്ങനെ വിശദീകരിച്ചു: “[അവൾക്കു] നാഡികളുടെ അഗ്രങ്ങൾ ഇല്ലായിരുന്നോ എന്നറിയാൻ ഡോക്ടർമാർ പരിശോധന നടത്തി. അവ ഇല്ലായിരുന്നെങ്കിൽ അവൾക്കു വേദന അനുഭവപ്പെടുമായിരുന്നില്ല. എന്നാൽ അവൾക്ക് അവ ഉണ്ടായിരുന്നെന്നു മാത്രമല്ല നല്ല നിലയിലുമായിരുന്നു.
“അടുത്തതായി, ഡോക്ടർമാർ നാഡികളുടെ അഗ്രങ്ങളെ മസ്തിഷ്കവുമായി ബന്ധിപ്പിക്കുന്ന നാഡീതന്തുക്കൾ ഉണ്ടോ എന്നു നോക്കി. തീർച്ചയായും ഇവിടെ തകരാറ് കാണേണ്ടതായിരുന്നു. എന്നാൽ അവിടെയും കണ്ടെത്തിയില്ല. കാണാൻ കഴിഞ്ഞിടത്തോളം, പരിക്കു കാരണം തകരാറു വന്നതൊഴികെ ഞരമ്പുകളെല്ലാംതന്നെ നല്ല നിലയിലായിരുന്നു.
“ഒടുവിൽ പെൺകുട്ടിയുടെ തലച്ചോറിൽ പരിശോധനകൾ നടത്തി. എന്നാൽ എന്തെങ്കിലും തരത്തിലുള്ള വൈകല്യം കണ്ടുപിടിക്കാൻ അവർക്കായില്ല. നിലവിലുള്ള എല്ലാത്തരം അറിവും സിദ്ധാന്തവുമനുസരിച്ച് ഈ പെൺകുട്ടിക്കു സാധാരണമായി വേദന അനുഭവപ്പെടേണ്ടതായിരുന്നു. എന്നാൽ അവൾക്ക് ഇക്കിളി പോലും അനുഭവപ്പെട്ടില്ല.” എന്നിരുന്നാലും, ചർമത്തിൽ മർദം പ്രയോഗിച്ചപ്പോൾ അവൾക്ക് അത് അനുഭവപ്പെട്ടു. ഒരു സൂചിയുടെ മൊട്ടുകൊണ്ടും കൂർത്ത അഗ്രംകൊണ്ടും സ്പർശിച്ചപ്പോൾ അവൾക്ക് അവ തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞു. പക്ഷേ, സൂചികൊണ്ടു കുത്തിയപ്പോൾ വേദന ഉളവാക്കിയില്ല.
വേദനയെ വിശദീകരിക്കാൻ ഒരു പുതിയ സിദ്ധാന്തം ആവിഷ്കരിക്കുന്നതിൽ 1960-കളിൽ മറെറാരാളോടൊപ്പം പ്രവർത്തിച്ച റോണൾഡ് മെൽസാക്ക് അതിന്റെ സങ്കീർണത സംബന്ധിച്ചു മറെറാരു ഉദാഹരണം പ്രദാനം ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ വിശദമാക്കി: “മിസിസ് ഹൾ വാസ്തവത്തിൽ തനിക്ക് ഇല്ലായിരുന്ന കാൽപ്പാദത്തിലേക്ക് [അതു മുറിച്ചുകളഞ്ഞിരുന്നു] ചൂണ്ടിക്കാട്ടിക്കൊണ്ടിരുന്നു. ചുട്ടുപഴുപ്പിച്ച ഒരു ലോഹദണ്ഡ് അവളുടെ കാൽവിരലുകളിലൂടെ കുത്തിക്കടത്തുന്നതുപോലുള്ള പൊള്ളിക്കുന്ന വേദനയെക്കുറിച്ച് അവൾ വിവരിക്കുകയും ചെയ്തുകൊണ്ടിരുന്നു.” “‘മിഥ്യയായ’ വേദന (‘Phantom’ Pain) എന്നു താൻ വിളിക്കുന്നതിന്റെ വിശദീകരണങ്ങൾക്കു വേണ്ടി താൻ അപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന്” 1989-ൽ മക്ലീൻസ് മാസികയോടു മെൽസാക്ക് പറഞ്ഞു. കൂടാതെ, നിർദേശക വേദന (referred pain) എന്നു വിളിക്കപ്പെടുന്നതുമുണ്ട്. അതായത് ഒരു ശരീരഭാഗം മോശമായി പ്രവർത്തിക്കുമ്പോൾ വേദന അനുഭവപ്പെടുന്നത് മറെറാരു ഭാഗത്തായിരിക്കാം.
മനസ്സും ശരീരവും ഉൾപ്പെട്ടിരിക്കുന്നു
“മനസ്സിന്റെയും ശരീരത്തിന്റെയും അതിസങ്കീർണമായ പ്രതിപ്രവർത്തന”മായി വേദന ഇപ്പോൾ തിരിച്ചറിയിക്കപ്പെടുന്നു. “വേദന സംബന്ധിച്ച അനുഭവം അങ്ങേയററം മനശ്ശാസ്ത്രപരമാണ്. അതുകൊണ്ട് ചിലപ്പോൾ ശരീരത്തിന് അതിന്റെ അസ്തിത്വത്തെ നിഷേധിക്കാനും കഴിയും, കഠിനമായ ഒരു പരിക്കു സുഖപ്പെട്ട് നാളുകൾ കഴിഞ്ഞ് ആ വേദന സൃഷ്ടിച്ചു നിലനിർത്താനും കഴിയും” എന്ന് അമേരിക്കയിലെ വേദന [ഇംഗ്ലീഷ്] എന്ന 1992-ലെ ഗ്രന്ഥത്തിൽ മേരി എസ്. ഷെറിഡാൻ പറയുന്നു.
ഒരുവന്റെ മാനസികഭാവം, ശ്രദ്ധ കേന്ദ്രീകരണം, വ്യക്തിത്വം, നിർദേശത്തെ അംഗീകരിക്കാനുള്ള സന്നദ്ധത, മററു ഘടകങ്ങൾ തുടങ്ങിയവയെല്ലാം ഒരാൾ വേദനയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ പ്രാധാന്യമുള്ളവയാണ്. “ഭയവും ഉത്കണ്ഠയും അതിശയോക്തി കലർന്ന ഒരു പ്രതികരണം ഉളവാക്കുന്നു” എന്ന് വേദന സംബന്ധിച്ച പ്രാമാണികനായ ഡോ. ബോണിക്ക അഭിപ്രായപ്പെട്ടു. ഇപ്രകാരം ഒരുവൻ വേദന മനസ്സിലാക്കാൻ പഠിച്ചേക്കാം. വേദനയോടു ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രത്യേക പഠനം നടത്തുന്ന മനശ്ശാസ്ത്ര പ്രൊഫസറായ വിൽബർട്ട് ഫോർഡൈസ് ഇപ്രകാരം വിശദീകരിക്കുന്നു:
“വേദന യഥാർഥമാണോ അല്ലയോ എന്നുള്ളതല്ല പ്രശ്നം. അതു യഥാർഥമാണെന്നുള്ളതിനു സംശയമില്ല. അതിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങൾ എന്തെല്ലാമാണ് എന്നതാണ് ചോദ്യം. അത്താഴത്തിനു തൊട്ടുമുമ്പ് ഞാൻ നിങ്ങളോടു ഹാം സാൻഡ്വിച്ചിനെക്കുറിച്ചു സംസാരിക്കുകയാണെങ്കിൽ നിങ്ങളുടെ വായിൽ വെള്ളമൂറും. അതു വളരെ യഥാർഥമാണ്. അതിൽ മനസ്സ് ഉൾപ്പെട്ടിരിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്നാൽ അവിടെ യാതൊരു ഹാം സാൻഡ്വിച്ചുമില്ല. പ്രതിപ്രവർത്തനങ്ങളോടു പൊരുത്തപ്പെടാൻ വളരെയധികം ചായ്വുള്ളവരാണ് മനുഷ്യർ. സാമൂഹിക പെരുമാററം, വായിൽ വെള്ളമൂറൽ, രക്തസമ്മർദം, ആഹാരം ദഹിക്കുന്നതിന്റെ വേഗത, വേദന തുടങ്ങി എല്ലാത്തരം സംഗതികളെയും അതു സ്വാധീനിക്കുന്നു.”
നിങ്ങളുടെ വികാരങ്ങൾക്കും മാനസികാവസ്ഥയ്ക്കും വേദനയെ തീവ്രമാക്കാൻ കഴിയുന്നതുപോലെ അവയ്ക്ക് അതിനെ അടിച്ചമർത്താനോ മന്ദീഭവിപ്പിക്കാനോ കഴിയും. ഉദാഹരണത്തിന് ഇതു പരിചിന്തിക്കുക: യുവാവായിരുന്നപ്പോൾ ഒരിക്കൽ ഒരു ന്യൂറോസർജൻ മഞ്ഞുപുതഞ്ഞു കിടന്നിരുന്ന ഒരു മതിലിൻമേൽ ഒരു പെൺകുട്ടിയോടൊപ്പമിരുന്നു. അയാൾക്ക് അവളോട് തീവ്രമായ പ്രേമം തോന്നി. അതുകൊണ്ട് അദ്ദേഹത്തിനു ചന്തിയിൽ തണുപ്പോ വേദനയോ അനുഭവപ്പെട്ടില്ല. “ഞാൻ മിക്കവാറും മരവിച്ചുപോയി. ഞങ്ങൾ അവിടെ 45 മിനിററ് ഇരുന്നിട്ടുണ്ടാവും. എന്നാൽ എനിക്കു തണുപ്പ് എന്നു പറയുന്ന ഒരു സംഗതിയേ തോന്നിയില്ല.”
അത്തരം ഉദാഹരണങ്ങൾ അനവധിയാണ്. ഒരു കളിയിൽ ആവേശത്തോടെ ഏർപ്പെട്ടിരിക്കുന്ന ഫുട്ബോൾ കളിക്കാർക്കോ തീവ്രപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടാളക്കാർക്കോ വളരെ പരിക്കേററാൽപ്പോലും അപ്പോൾ അൽപ്പം മാത്രം വേദന അനുഭവപ്പെടുകയോ അല്ലെങ്കിൽ ഒട്ടും വേദന അനുഭവപ്പെടാതിരിക്കുകയോ ചെയ്തേക്കാം. പ്രസിദ്ധ ആഫ്രിക്കൻ പര്യവേക്ഷകനായ ഡേവിഡ് ലിവിങ്സ്ററൺ തന്നെ ഒരു സിംഹം ആക്രമിച്ചതിനെക്കുറിച്ചു പറഞ്ഞു. അത് അദ്ദേഹത്തെ “ഒരു പട്ടി പൂച്ചയെ എടുത്തു കുടയുന്നതുപോലെ എടുത്തു കുടഞ്ഞു. ആ ആഘാതം . . . ഒരുതരം സ്വപ്നാവസ്ഥ ഉളവാക്കി. ആ അവസ്ഥയിൽ വേദന സംബന്ധിച്ച യാതൊരു ബോധവും ഉണ്ടായിരുന്നില്ല.”
സമ്പൂർണമായ ആത്മവിശ്വാസത്തോടെയും ആശ്രയത്തോടെയും യഹോവയാം ദൈവത്തിലേക്കു ശാന്തമായി നോക്കുന്ന ദൈവദാസൻമാർക്കും ചിലപ്പോൾ തങ്ങളുടെ വേദന അടിച്ചമർത്തപ്പെടുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പ്രഹരമേററ ഒരു ക്രിസ്ത്യാനി ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഇതു വിചിത്രമെന്നു തോന്നിയേക്കാം. ആദ്യത്തെ കുറെ പ്രഹരങ്ങൾക്കുശേഷം അവ പിന്നീട് എനിക്ക് അനുഭവപ്പെട്ടില്ല. മറിച്ച് ദൂരെയെങ്ങോ ചെണ്ട കൊട്ടുന്നതുപോലുള്ള ശബ്ദം മാത്രം കേൾക്കാൻ കഴിഞ്ഞതുപോലായിരുന്നു അത്.”—1994 ഫെബ്രുവരി 22-ലെ [ഇംഗ്ലീഷ്] ഉണരുക!, പേജ് 21.
വേദന അനുഭവപ്പെടുന്നതിലെ വ്യതിയാനം
1965-ൽ, വേദനയുടെ ചില നിഗൂഢമായ വശങ്ങളെ വിശദീകരിക്കാനുള്ള ഒരു ശ്രമത്തിൽ മനശ്ശാസ്ത്ര പ്രൊഫസറായ റോണൾഡ് മെൽസാക്കും ശരീരഘടനാ ശാസ്ത്രത്തിലെ പ്രൊഫസറായ പാട്രിക് വാളും വേദന സംബന്ധിച്ചു വളരെ അറിയപ്പെടുന്ന ഗേററ് കൺട്രോൾ തീയറി ആവിഷ്കരിച്ചു. “വേദനയെക്കുറിച്ചുള്ള ഗവേഷണരംഗത്തിലെയും ചികിത്സയിലെയും ഏററവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിൽ” ഒന്നാണ് ഈ സിദ്ധാന്തമെന്നു വേദനയെക്കുറിച്ചുള്ള ഡോ. ബോണിക്കയുടെ പാഠപുസ്തകത്തിന്റെ 1990-ലെ പതിപ്പ് പറഞ്ഞു.
ഈ സിദ്ധാന്തമനുസരിച്ച് സുഷുമ്ന നാഡിയിലെ സാങ്കൽപ്പിക ഗേററ് വേദനാസംജ്ഞകളെ തലച്ചോറിലേക്കു കടത്തിവിടുകയോ പ്രതിരോധിക്കുകയോ ചെയ്യുന്നു. എന്നാൽ വേദനയൊഴികെ മറേറതെങ്കിലും സംവേദനങ്ങൾ ഈ ഗേററിൽ തിങ്ങിനിറയുകയാണെങ്കിൽ അപ്പോൾ തലച്ചോറിൽ എത്തുന്ന വേദനാസംജ്ഞകൾ അപ്രത്യക്ഷപ്പെട്ടേക്കാം. ഉദാഹരണത്തിന്, ചെറുതായി പൊള്ളിയ ഒരു വിരലിന്റെ വേദന പതുക്കെയൊന്നു തിരുമ്മുകയോ കുടയുകയോ ചെയ്യുന്നതുവഴി കുറയുന്നു. കാരണം വേദനയുടെ തോന്നലുകൾക്കു പുറമേ മററു സംജ്ഞകളും സുഷുമ്ന നാഡിയിലേക്ക് അയയ്ക്കപ്പെടുകയും വേദന സംബന്ധിച്ച സംജ്ഞകൾ കടന്നുപോകുന്നതിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
എൻഡോർഫിൻസ് എന്നു വിളിക്കപ്പെടുന്ന അവീൻ (കറുപ്പിലെ പ്രധാന ഘടകം) പോലുള്ള പദാർഥങ്ങൾ നമ്മുടെ ശരീരങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നു എന്ന കണ്ടുപിടിത്തം വേദനയുടെ നിഗൂഢമായ വശങ്ങളെ മനസ്സിലാക്കാനുള്ള ഗവേഷണത്തിൽ സഹായമായി ഭവിച്ചു. ദൃഷ്ടാന്തത്തിനു ചിലയാളുകൾക്ക് വേദന വളരെ കുറച്ചേ അനുഭവപ്പെടാറുള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെ അനുഭവപ്പെടാറില്ല. കാരണം അവർ എൻഡോർഫിൻസ് ധാരാളമായി ഉത്പാദിപ്പിക്കുന്നു. അക്യൂപങ്ചർ പ്രയോഗിക്കുമ്പോൾ വേദന കുറയുകയോ ഇല്ലാതായിത്തീരുകയോ ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കാൻ എൻഡോർഫിൻസ് സഹായിച്ചേക്കാം. മുടിയുടെ വണ്ണത്തിലുള്ള ചെറിയ സൂചികൾ ദേഹത്തു കുത്തിക്കയററുന്ന ഒരുതരം ചികിത്സാ നടപടിയാണ് അക്യൂപങ്ചർ. ദൃക്സാക്ഷികളുടെ റിപ്പോർട്ടുകൾ അനുസരിച്ച്, രോഗി ഉണർന്നിരിക്കുകയും ബോധവാനും ആയാസരഹിതനുമായിരിക്കുകയും ചെയ്യുമ്പോൾത്തന്നെ ഹൃദയം കീറിമുറിച്ചുള്ള ശസ്ത്രക്രിയ അവരിൽ നടത്തപ്പെട്ടിട്ടുണ്ട്. അപ്പോൾ വേദനാസംഹാരിയായി അക്യൂപങ്ചർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ! എന്തുകൊണ്ടാണ് അവർക്കു വേദന അനുഭവപ്പെടാഞ്ഞത്?
സൂചികൾ എൻഡോർഫിൻസിന്റെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുന്നതായി ചിലർ വിശ്വസിക്കുന്നു. അതു വേദനയെ താത്കാലികമായി ഇല്ലാതാക്കുന്നു. അക്യൂപങ്ചർ വേദനയെ കൊല്ലുന്നു എന്നതാണ് മറെറാരു സാധ്യത. വേദനയുടേതല്ലാത്ത മററു സംജ്ഞകൾ അയയ്ക്കുന്ന നാഡീതന്തുക്കളെ ഈ സൂചികൾ ഉത്തേജിപ്പിക്കുന്നു. ഈ സംജ്ഞകൾ സുഷുമ്ന നാഡിയിലെ ഗേററുകളിൽ തിങ്ങിനിറയുന്നു. അതുകൊണ്ട് വേദന തിരിച്ചറിയാൻ കഴിയുന്ന തലച്ചോറിലേക്ക് വേദനാസംജ്ഞകൾ തിങ്ങിഞെരുങ്ങി എത്തുന്നതിൽനിന്ന് അവ തടയപ്പെടുന്നു.
ഗേററ് കൺട്രോൾ സിദ്ധാന്തവും ശരീരം അതിന്റെ സ്വന്തം വേദനാസംഹാരികൾ ഉത്പാദിപ്പിക്കുന്നു എന്ന വസ്തുതയും, ഒരുവന്റെ മാനസികഭാവവും ചിന്തകളും വികാരങ്ങളും അനുഭവപ്പെടുന്ന വേദനയുടെ അളവിനെ സ്വാധീനിക്കുന്നതിന്റെ കാരണത്തെ വിശദീകരിച്ചേക്കാം. ഈ വിധത്തിൽ ഒരു സിംഹത്തിന്റെ പെട്ടെന്നുള്ള ആക്രമണം നിമിത്തമുണ്ടായ ആഘാതം ലിവിങ്സ്ററണിൽ എൻഡോർഫിൻസ് ഉത്പാദിപ്പിച്ചിരിക്കും. കൂടാതെ വേദനയിൽനിന്നു വ്യത്യസ്തമായുള്ള സംജ്ഞകളും അദ്ദേഹത്തിന്റെ സുഷുമ്ന നാഡിയിൽ വന്നുനിറഞ്ഞേക്കാം. തത്ഫലമായി അയാൾക്ക് അനുഭവപ്പെട്ട വേദന കുറഞ്ഞു.
എന്നാൽ മുമ്പു പറഞ്ഞതുപോലെ, ഒരാളുടെ മാനസിക ചട്ടക്കൂടിനും വികാരങ്ങൾക്കും വിപരീതമായ ഒരു ഫലമുളവാക്കാൻ കഴിയും. സാധാരണമായ ആധുനികജീവിതത്തിന്റെ അനുദിനമുള്ള വളരെയധികം സമ്മർദം, ഉത്കണ്ഠ, പിരിമുറുക്കം, പേശീസങ്കോചങ്ങൾ തുടങ്ങിയവ വേദനയെ വർധിപ്പിച്ചേക്കാം.
എന്നിരുന്നാലും, വേദന സഹിക്കുന്നവർക്കു ശുഭാപ്തിവിശ്വാസത്തിനുള്ള വകയുണ്ട്. അതിന്റെ കാരണം അനേകം രോഗികൾ മെച്ചപ്പെട്ട ചികിത്സാരീതികളുടെ പ്രയോജനങ്ങൾ ഇപ്പോൾ നേടുന്നു എന്നതാണ്. ഈ ഭയങ്കരമായ ബാധ കൂടുതൽ മെച്ചമായി മനസ്സിലാക്കിയതിന്റെ ഫലമാണ് അത്തരം പുരോഗതികൾ. അമേരിക്കൻ അക്കാഡമി ഓഫ് പെയിൻ മെഡിസിന്റെ പ്രസിഡൻറായ ഡോ. ശ്രീധർ വാസുദേവൻ ഇപ്രകാരം വിശദമാക്കി: “വേദനയ്ക്ക് അതിൽത്തന്നെ ചിലപ്പോൾ ഒരു രോഗമായിരിക്കാൻ കഴിയും എന്ന ആശയം ’80-കളിലെ ചികിത്സയിൽ വിപ്ലവമുളവാക്കി.”
വേദനയെ ചികിത്സിക്കുന്ന സംഗതിയിൽ എങ്ങനെയാണു വിപ്ലവം നടന്നിട്ടുള്ളത്? ഏതെല്ലാം ചികിത്സകളാണ് ഫലപ്രദമെന്നു കണ്ടുവരുന്നത്?
[7-ാം പേജിലെ ചിത്രം]
അക്യൂപങ്ചർ എങ്ങനെയാണു വേദന കുറയ്ക്കുകയോ അതിനെ ഇല്ലാതാക്കുകയോ ചെയ്യുന്നത്?
[കടപ്പാട്]
H. Armstrong Roberts