വേദനക്കു ചികിത്സിക്കുന്നതിലെ പുരോഗതി
അടുത്തകാലംവരെ വേദനയെക്കുറിച്ചു കാര്യമായി അറിയാമായിരുന്ന ഡോക്ടർമാർ വളരെ ചുരുക്കമായിരുന്നു. അനേകർക്ക് ഇപ്പോഴും അറിയില്ല. ഇൻറർനാഷണൽ പെയിൻ ഫൗണ്ടേഷന്റെ ഒരു മുൻ പ്രസിഡൻറായ ഡോ. ജോൺ ലീബെസ്കിൻഡ് ഏതാനും വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വേദന സംബന്ധിച്ച പ്രശ്നങ്ങൾ മനസ്സിലാക്കി ചികിത്സിക്കാൻ, നാലു വർഷത്തിനുള്ളിൽ നാലു മണിക്കൂർ പോലും പഠിപ്പിക്കുന്ന ഏതെങ്കിലും ഒരു മെഡിക്കൽ കോളെജ് ലോകത്തുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.”
വേദന എന്തെന്നു മനസ്സിലാക്കുന്നതിലുള്ള വൻവിജയങ്ങളോടൊപ്പം വേദനക്കു ചികിത്സിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും നടന്നിട്ടുണ്ട്. അതുകൊണ്ട് വേദന നിമിത്തം കഷ്ടമനുഭവിക്കുന്നവരുടെ പ്രത്യാശ ഏറെ ശോഭനമായിട്ടുണ്ട്. അമേരിക്കൻ ഹെൽത്ത് മാഗസിൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “വൈദ്യശാസ്ത്രം ഇപ്പോൾ വിട്ടുമാറാത്ത വേദനയെ കേവലം ഒരു രോഗലക്ഷണമായിട്ടല്ല, പിന്നെയോ അതിനെ അതിൽത്തന്നെ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമായിട്ടു തിരിച്ചറിയുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയും.” വേദനക്കു ചികിത്സിക്കുന്നതിൽ അർപ്പിതമായ അനേകം ക്ലിനിക്കുകളുടെ വൻതോതിലുള്ള ഒരു വർധനവിന് ഈ വീക്ഷണം കാരണമായിട്ടുണ്ട്.
വേദനക്കു ചികിത്സിക്കുന്നിടം
വേദനയെ നാനാവിധത്തിൽ നിയന്ത്രണവിധേയമാക്കാനുള്ള ആദ്യത്തെ ക്ലിനിക്ക് ഐക്യനാടുകളിൽ ഡോ. ജോൺ ജെ. ബോണിക്ക തുറന്നു പ്രവർത്തനമാരംഭിച്ചു. “1969 ആയപ്പോഴേക്കും ലോകത്ത് അത്തരം 10 ക്ലിനിക്കുകളേ ഉണ്ടായിരുന്നുള്ളൂ,” അദ്ദേഹം റിപ്പോർട്ടു ചെയ്തു. എന്നാൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ വേദനക്കു ചികിത്സിക്കുന്നതിന് അർപ്പിതമായ ക്ലിനിക്കുകളുടെ എണ്ണം നാടകീയമായി വർധിച്ചു. വേദനക്കു ചികിത്സിക്കുന്നതിനുള്ള ഏതാണ്ട് ആയിരത്തിലധികം ക്ലിനിക്കുകൾ ഇപ്പോൾ നിലവിലുണ്ട്. “പുതിയവ മിക്കവാറും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്നു”a എന്നു വിട്ടുമാറാത്ത വേദനയുടെ കാര്യത്തിൽ കൂടുതൽ സഹായം പ്രദാനം ചെയ്യുന്ന ഒരു ദേശീയ സ്ഥാപനത്തിന്റെ പ്രതിനിധി പറഞ്ഞു.
അതിന്റെ അർഥമെന്തെന്നു ചിന്തിച്ചുനോക്കുക! “ഗുരുതരമായ വേദനയിൽനിന്ന് ആശ്വാസം കിട്ടുന്നതിനു നൂറുകണക്കിനോ ആയിരക്കണക്കിനോ മൈൽ ദൂരം സഞ്ചരിക്കേണ്ടിവന്നിരുന്ന രോഗികൾക്ക് ഇപ്പോൾ അതു തങ്ങളുടെ വീടിനടുത്ത് കണ്ടെത്താൻ കഴിയും” എന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു അനസ്തേഷ്യോളജിസ്ററായ ഡോ. ഗാരീ ഫെൽഡസ്റൈറൻ അഭിപ്രായപ്പെട്ടു. നിങ്ങൾ വേദന സഹിക്കുന്ന ഒരുവനാണെങ്കിൽ, വേദനക്കു ചികിത്സിക്കാൻ പ്രത്യേകം പരിശീലനം സിദ്ധിച്ചിട്ടുള്ള ഒരു സംഘത്തിൽനിന്നു സഹായം നേടുന്നത് എന്തൊരു അനുഗ്രഹമായിരിക്കും!
യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകന്റെ ഭാര്യയായ ലിൻഡ പാർസോൺസ് അനേക വർഷങ്ങളായി നടുവേദന നിമിത്തം ദുരിതമനുഭവിച്ചു. അവൾ പല ഡോക്ടർമാരുടെ സഹായം തേടി. എന്നാൽ അവളുടെ വേദന ശമനമില്ലാതെ തുടർന്നു. കഴിഞ്ഞ വർഷം മേയിൽ ഒരു ദിവസം മിക്കവാറും ആശയററ നിലയിലായിരുന്ന അവളുടെ ഭർത്താവ് ടെലഫോൺ ഡയറക്ടറി എടുത്ത് വേദന എന്ന വാക്കിന്റെ കീഴിൽ നോക്കി. അവർ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന തെക്കൻ കാലിഫോർണിയയിൽനിന്നു വളരെ അകലെയല്ലാത്ത ഒരു പെയിൻ ക്ലിനിക്കിന്റെ ഫോൺ നമ്പർ പട്ടികയിൽ കൊടുത്തിട്ടുണ്ടായിരുന്നു. ഡോക്ടറെ കാണുന്നതിനുള്ള ഒരു ദിവസം നിശ്ചയിച്ചു. കുറെ ദിവസങ്ങൾക്കുശേഷം തന്റെ ആദ്യത്തെ രോഗപരിശോധനയ്ക്കു വേണ്ടി ലിൻഡ ഒരു ഡോക്ടറെ ചെന്നുകണ്ടു.
ലിൻഡയെ ആശുപത്രിയിൽ കിടത്താതെതന്നെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ചികിത്സയ്ക്കു വേണ്ടി അവൾ വാരത്തിൽ മൂന്നു പ്രാവശ്യം ക്ലിനിക്ക് സന്ദർശിക്കാൻ തുടങ്ങി. മാത്രമല്ല വീട്ടിൽവെച്ചും ചികിത്സാമുറകൾ പിൻപററി. ഏതാനും ആഴ്ചകൾക്കുള്ളിൽ അവളിൽ ശ്രദ്ധേയമായ പുരോഗതി കണ്ടുതുടങ്ങി. അവളുടെ ഭർത്താവ് ഇപ്രകാരം വിശദീകരിക്കുന്നു: “‘എനിക്കിപ്പോൾ വേദന തോന്നുന്നില്ല, ഇതു വിശ്വസിക്കാൻ പ്രയാസം തന്നെ’ ഒരു സായാഹ്നത്തിൽ ആശ്ചര്യത്തോടെ അവൾ പറഞ്ഞതു കേട്ടതായി ഞാൻ ഓർക്കുന്നു.” ഏതാനും മാസങ്ങൾക്കുള്ളിൽ ആശുപത്രിപ്പോക്ക് നിർത്താൻ അവൾക്കു കഴിഞ്ഞു.
തന്റെ വേദന കുറയ്ക്കാൻ ലിൻഡയ്ക്കു സഹായം ലഭിച്ചു. വേദനക്കു പല വിധങ്ങളിൽ ചികിത്സിക്കുന്ന ക്ലിനിക്കുകൾ സമാനമായ സഹായം പ്രദാനം ചെയ്യുന്നുണ്ട്. അത്തരമൊരു ക്ലിനിക്ക് ആരോഗ്യവിദഗ്ധർ അടങ്ങുന്ന ഒരു സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നു. “വിട്ടുമാറാത്ത വേദനയെ കൈകാര്യം ചെയ്യുന്നതിൽ ഏററവും നല്ല സമീപനം” അതാണെന്ന് ഡോ. ബോണിക്ക പറയുന്നു. ഉദാഹരണത്തിന്, ലിൻഡയുടെ വേദനക്ക് എങ്ങനെയാണു ചികിത്സിച്ചത്?
വേദനയെ ചികിത്സിക്കാൻ കഴിയുന്ന വിധം
ആശുപത്രിയിൽ എത്തുമ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് ഒരു ക്ലിനിക്ക് ലഘുപത്രിക ഇപ്രകാരം പറയുന്നു: “വേദനയുടെ അടിസ്ഥാന കാരണം മനസ്സിലാക്കാൻ ആളെ ഒരു ഡോക്ടർ പരിശോധിക്കുന്നു. അതിനുശേഷം വാസ്തവികമായ ലക്ഷ്യങ്ങളും ചികിത്സാപരിപാടികളും നിശ്ചയിക്കുന്നു. . . . പ്രത്യേകമായ വിദ്യകളും പടികളും സ്വീകരിച്ച് ഇതു ശരീരത്തിൽ ‘എൻഡോർഫിൻസ്’ (ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസപദാർഥങ്ങൾ) നിർമിക്കുകയും അങ്ങനെ വേദനയും ഉത്കണ്ഠയും അകററുകയും ചെയ്യുന്നു. ഈ രീതികൾ വേദനാസംഹാരികളായ മരുന്നുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യത്തെ ഇല്ലാതാക്കുന്നു.”
ലിൻഡയ്ക്കു ലഭിച്ച ചികിത്സയിൽ അക്യൂപങ്ചറും ടെൻസും (TENS) ഉണ്ടായിരുന്നു. ചർമത്തിലൂടെ വൈദ്യുതി കടത്തിവിട്ട് നാഡികളെ ഉത്തേജിപ്പിക്കുന്ന വിദ്യ (transcutaneous electrical nerve stimulation) ആണ് ടെൻസ്. അവൾക്ക് ക്ലിനിക്കിൽവെച്ച് ഈ ചികിത്സ ലഭിച്ചു. കൂടാതെ വീട്ടിൽവെച്ചും ഉപയോഗിക്കുന്നതിന് ഒരു ചെറിയ ടെൻസ് യൂണിററ് അവൾക്കു കൊടുത്തു. ബയോഫീഡ്ബാക്കും—തന്റെ ശരീരത്തിന്റെ പ്രതികരണങ്ങൾ നിരീക്ഷണവിധേയമാക്കി വേദന കുറയ്ക്കാൻ അവയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്താൻ രോഗിയെ പഠിപ്പിക്കുന്ന ഒരു നടപടിക്രമം—പ്രയോഗിച്ചുനോക്കി.
ഫിസിയോതെറാപ്പിയും അമർത്തിത്തിരുമ്മലും ചികിത്സാ പദ്ധതിയുടെ ഒരു ഭാഗമായിരുന്നു. പിന്നീട് ലിൻഡയ്ക്കു കുറച്ചു സുഖമായപ്പോൾ ക്ലിനിക്കിലെ ജിംനേഷ്യത്തിലുള്ള ഒരു വ്യായാമപരിപാടിയും അവൾക്കു വേണ്ടി ക്രമീകരണം ചെയ്യപ്പെട്ടു. അതു ചികിത്സയുടെ ഒരു അനിവാര്യഭാഗമായിത്തീർന്നു. വ്യായാമം മർമപ്രധാനമാണ്. കാരണം വിട്ടുമാറാത്ത വേദന നിമിത്തം കുറഞ്ഞുപോയ എൻഡോർഫിൻസിന്റെ അളവു വ്യായാമത്തിലൂടെ പുനഃസ്ഥിതീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വേദനയുള്ള ആളുകളെ പ്രയോജനപ്രദമായ വ്യായാമപരിപാടി നടത്താൻ സഹായിക്കുക എന്നതാണ് വെല്ലുവിളി.
ക്ലിനിക്കുകളിൽ വരുന്ന വിട്ടുമാറാത്ത വേദനയുള്ള പലരും വളരെയധികം മരുന്നു കഴിക്കാറുണ്ട്, ലിൻഡയും അതിൽനിന്നു വ്യത്യസ്ത ആയിരുന്നില്ല. എന്നാൽ പെട്ടെന്നുതന്നെ ലിൻഡയ്ക്കു മരുന്നുകൾ കൊടുക്കുന്നത് നിർത്തി, വേദനക്കു ചികിത്സിക്കുന്ന ക്ലിനിക്കുകളുടെ ഒരു പ്രമുഖ ലക്ഷ്യം അതാണ്. മരുന്നുകൾ നിർത്തിയപ്പോൾ ലിൻഡയ്ക്കു പ്രത്യാഘാതങ്ങൾ ഒന്നും അനുഭവപ്പെട്ടില്ല. എന്നാൽ അത് അസാധാരണ കാര്യമൊന്നുമല്ല. വേദന സംബന്ധിച്ച വിദഗ്ധനായ ഡോ. റോണൾഡ് മെൽസാക്ക് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്: “പൊള്ളലേററ 10,000-ത്തിലധികം രോഗികളിൽ നടത്തിയ ഒരു സർവേയിൽ . . . , പിന്നീട് ആസക്തിയുള്ളവരായിത്തീർന്ന ഒരാൾ പോലും അങ്ങനെയായിത്തീർന്നത് ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് വേദന ശമിക്കുന്നതിനു വേണ്ടി മരുന്നുകൾ നൽകിയതുകൊണ്ടായിരുന്നില്ല.”
വിട്ടുമാറാത്ത വേദനയ്ക്കു മിക്കപ്പോഴും കാര്യമായ വിധത്തിലുള്ള മനശ്ശാസ്ത്ര വശങ്ങൾ ഉള്ളതുകൊണ്ട് ഫലത്തിൽ തങ്ങളുടെ വേദന അറിയാതിരിക്കാനാണ് ക്ലിനിക്കുകൾ രോഗികളെ സഹായിക്കുന്നത്. “നിങ്ങൾ എന്തു ചിന്തിക്കുന്നു, എന്തു പ്രതീക്ഷിക്കുന്നു, നിങ്ങളുടെ തോന്നലുകൾക്ക് എത്രത്തോളം ശ്രദ്ധ കൊടുക്കുന്നു എന്നീ കാര്യങ്ങൾക്കെല്ലാം നിങ്ങൾക്ക് എന്തനുഭവപ്പെടുന്നു എന്നതിൻമേൽ വലിയ സ്വാധീനമുണ്ട്” എന്ന് ഡോക്ടർ ആർതർ ബാർസ്കി വിശദീകരിച്ചു. അങ്ങനെ തങ്ങളുടെ വേദനയിൽനിന്നു വ്യത്യസ്തമായി മററു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ രോഗികൾ സഹായിക്കപ്പെടുന്നു.
സൗഖ്യമാകുന്നതിനുള്ള പ്രതീക്ഷകൾ
വേദനക്കു ചികിത്സിക്കുന്നതിനുള്ള ഈ പുതിയ ക്ലിനിക്കുകൾ വേദന സംബന്ധിച്ച മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരമാണോ? വേദനയെ ചികിത്സിക്കുന്ന കാര്യത്തിൽ ഇവിടെ വിവരിച്ച രീതികൾ സഹായകമായിരിക്കാമെങ്കിലും അനുയോജ്യമായ ഒരു ക്ലിനിക്ക് അല്ലെങ്കിൽ പെയിൻ സ്പെഷ്യലിസ്ററിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഒരുവൻ സൂക്ഷ്മതയുള്ളവനായിരിക്കണം. അപ്പോൾ പോലും പ്രതീക്ഷകൾ വാസ്തവികമായിരിക്കണം.
വിജയം കൈവരിച്ച കഥയുടെ ഒരു സാധാരണ സംഭവം വിവരിക്കാം: ഒരു മുൻ ഒളിമ്പിക് ഭാരോദ്വഹനക്കാരനായ സ്ററീവൻ കൗഫ്മാന്റെ കഴുത്തിൽ ഒരു പണാപഹർത്താവു വെടിവെച്ചു. അതു നിമിത്തമുണ്ടായ വിട്ടുമാറാത്ത വേദനയാൽ അദ്ദേഹം ഏറെക്കുറെ നിസ്സഹായനായി മാറി. വേദനക്കു ചികിത്സിക്കുന്ന ഒരു പരിപാടിയിൽ എട്ടു മാസങ്ങൾ ചെലവഴിച്ചശേഷം മുഴുസമയം പ്രവർത്തിക്കാൻ തന്റെ ജോലിയിലേക്കു മടങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒടുവിൽ ഭാരോദ്വഹനത്തിൽ അദ്ദേഹം മത്സരിക്കുകപോലും ചെയ്തു. എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “പകുതി സമയവും, എന്റെ കാൽ ചൂടുവെള്ളത്തിൽ വെച്ചിരിക്കുന്നതു പോലെ പൊള്ളുന്നു.”
ആശ്ചര്യകരമായ പുരോഗതികളെല്ലാം ഉണ്ടെങ്കിലും ‘മേലാൽ വേദന ഉണ്ടായിരിക്കയില്ല.’ എന്ന ബൈബിളിലെ വാഗ്ദത്തം നിവർത്തിക്കാനുള്ള പ്രാപ്തി വ്യക്തമായും മാനുഷ പ്രാപ്തിക്ക് അതീതമാണ്. (വെളിപ്പാടു 21:4) ആ സ്ഥിതിക്ക് ആ ലക്ഷ്യം എങ്ങനെ ആർജിക്കാനാകും?
[അടിക്കുറിപ്പുകൾ]
a ഉണരുക! വേദനക്കു ചികിത്സിക്കുന്ന ഏതെങ്കിലും പ്രത്യേക ക്ലിനിക്കിനെയോ ചികിത്സാരീതിയെയോ പിന്താങ്ങുന്നില്ല.
[9-ാം പേജിലെ ചിത്രങ്ങൾ]
വൈദ്യുതി കടത്തിവിട്ട് നാഡികളെ ഉത്തേജിപ്പിക്കുന്നതുൾപ്പെടെ, വേദനക്കു ചികിത്സിക്കുന്ന ചികിത്സാമാർഗങ്ങൾ
[കടപ്പാട്]
Courtesy of Pain Treatment Centers of San Diego