നിങ്ങൾക്കു നടുവേദന അനുഭവപ്പെടാറുണ്ടോ?
“വേദന ഭയങ്കരമായിരുന്നു. ആരോ ഒരാൾ ഒരു തീപ്പെട്ടിയെടുത്ത് എന്റെ മുതുകിനു തീവെച്ചതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്! പൊട്ടിപ്പോയ ഗ്ലാസ്സിന്റെയടുത്തുനിന്ന് എന്റെ ഇളയ സഹോദരിയുടെ കൊച്ചിനെ എടുത്തു മാററാൻ കുനിഞ്ഞത് എനിക്കോർമയുണ്ട്. പെട്ടെന്ന് എന്റെ മുതുകു മുഴുവനും കത്തുന്നതുപോലെ എനിക്കു തോന്നി. ഞാൻ അതേ അവസ്ഥയിൽ നിവരാനാവാതെ ദിവസങ്ങളോളം കഴിഞ്ഞു. അതുപോലത്തെ വേദന ഞാൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല,” 32 വയസ്സുള്ള ഒരു വീട്ടമ്മയും രണ്ടു കുട്ടികളുടെ മാതാവുമായ കാരൻ വിവരിക്കുന്നു.
ഐക്യനാടുകളിൽ തലവേദന കഴിഞ്ഞാൽ ഏററവുമധികം ആളുകളെ ബാധിക്കുന്നത് നടുവേദനയാണ്. 45 വയസ്സിൽ താഴെ പ്രായമുള്ളവരിൽ അത് ദീർഘകാല വൈകല്യത്തിന്റെ പ്രമുഖ കാരണമാണ്. 45 വയസ്സിനു മുകളിലുള്ളവർക്കിടയിൽ അതു മൂന്നാമത്തെ പ്രമുഖ കാരണവും. നടുവേദനയുള്ളവർ വർഷം തോറും ആശ്വാസം കിട്ടാൻ 2,400 കോടി ഡോളർ ചെലവാക്കുന്നു—1991-ൽ എയ്ഡ്സ് ചികിത്സയ്ക്കായി ചെലവാക്കിയതിന്റെ നാലുമടങ്ങാണിത്.
മുതുകു സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനായ ഡോ. ആൽഫ് എൽ. നാക്കെംസൺ പറയുന്നതനുസരിച്ച്, കഴിഞ്ഞ ദശകത്തിൽ നടുവിന്റെ താഴ്ഭാഗത്തെ വേദന നിമിത്തം 200 കോടി ആളുകൾ ലോകവ്യാപകമായി ദുരിതമനുഭവിച്ചിട്ടുണ്ട്. “നമ്മുടെ സജീവ ജീവകാലത്തിനുള്ളിൽ എപ്പോഴെങ്കിലും നമ്മിൽ 80 ശതമാനം പേരും ഒരളവുവരെ നടുവേദന അനുഭവിക്കും,” അദ്ദേഹം പറഞ്ഞു.
ആവർത്തിച്ചാവർത്തിച്ചുണ്ടാകുന്ന വേദന
നടുവേദന ആളെ നോക്കാറില്ല. വെള്ളക്കോളർ ജോലിക്കാരായാലും ശരി നീലക്കോളർ ജോലിക്കാരായാലും ശരി, എല്ലാവരും മുതുകു സംബന്ധമായ കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവരാണ്. സ്ത്രീകളും പുരുഷൻമാരും കുട്ടികളും പ്രായമുള്ളവരും എല്ലാം ഈ വേദനയ്ക്ക് ഇരകളാകാം. വേദന ആവർത്തിച്ചുണ്ടാകുന്നതും നീണ്ടുനിൽക്കുന്നതുമാണെങ്കിൽ, തൊഴിൽ, വരുമാനം, കുടുംബം, കുടുംബത്തിലെ ഒരുവന്റെ പങ്ക് തുടങ്ങിയവയെ അതിന് ബാധിക്കാനാകും. മാത്രമല്ല, അതിന് വൈകാരികമായ വിഷമവും വരുത്തിവെക്കാൻ കഴിയും. എങ്ങനെ?
ആളുകൾ തങ്ങൾക്ക് ആവർത്തിച്ചാവർത്തിച്ച് വേദന ഉണ്ടാകുന്നെന്ന് മനസ്സിലാക്കുന്നു എന്ന് വേദനയ്ക്കെതിരെയുള്ള പോരാട്ടം [ഇംഗ്ലീഷ്] എന്ന പുസ്തകം പറയുന്നു. ശാരീരിക വേദന ഉത്കണ്ഠയും വിഷാദവും ഉളവാക്കുന്നു. അതു ക്രമേണ കൂടുതൽ തീവ്രവും സ്ഥായിയുമായ വേദനയിലേക്കു നയിച്ചേക്കാം. ഉദാഹരണത്തിന്, പ്രായം കുറഞ്ഞ മാതാപിതാക്കൾക്ക് അല്ലെങ്കിൽ കുടുംബം പുലർത്തുന്ന ഒരുവന് മുതുകു സംബന്ധമായ പ്രശ്നങ്ങളിൽനിന്ന് ഉളവാകുന്ന വൈകല്യം നിമിത്തം ജോലി, കുടുംബം, സ്നേഹിതർ എന്നിവരിൽനിന്നുള്ള സമ്മർദത്തെ തരണം ചെയ്യേണ്ടതായി വന്നേക്കാം.
“ഏററവും വലിയ പ്രശ്നം എന്റെ കുടുംബത്തിന്റെയും സ്നേഹിതരുടെയും പക്ഷത്തെ ഗ്രാഹ്യത്തിന്റെയും സമാനുഭാവത്തിന്റെയും അഭാവമാണെന്നു ഞാൻ മനസ്സിലാക്കുന്നു. കഷ്ടപ്പാടു വാസ്തവത്തിൽ എത്രത്തോളമാണെന്നു മനസ്സിലാക്കാതെ വേദനയെ നിസ്സാരീകരിക്കാനാണ് ആളുകളുടെ പ്രവണത,” 35 വയസ്സുള്ള, സെക്രട്ടറി ജോലി ചെയ്യുന്ന, ആദ്യമായി 1986-ൽ നടുവേദന അനുഭവപ്പെട്ട പാററ് പറയുന്നത് ഇങ്ങനെയാണ്. “എപ്പോൾ എവിടെവെച്ചാണ് വേദന ഉണ്ടാകുന്നതെന്ന് അറിയില്ലാത്തതുകൊണ്ട് നാം അധികം ആസൂത്രണങ്ങൾ ചെയ്യാതിരിക്കാൻ പ്രവണത കാട്ടുന്നു. നിങ്ങൾക്കു മററുള്ളവരോടു സഹവസിക്കാനുള്ള ഒരു ആഗ്രഹമില്ലാതിരുന്നേക്കാം, ക്ഷണാഭ്യർഥനകൾ സ്വീകരിക്കാതിരുന്നേക്കാം, ആരുടെയെങ്കിലും നവജാതശിശുവിനെ എടുക്കാതിരുന്നേക്കാം, ചിരിക്കാതിരുന്നേക്കാം. കാരണം നമുക്കു വേദന തോന്നുന്നു. വേദനയെ അങ്ങനെ വിട്ടാൽ അതിനു നമ്മെ നിയന്ത്രിക്കാനാകും.”
നടുവേദന ഉണ്ടാകുന്നതിന്റെ കാരണം
നടുവേദന ഒഴിവാക്കാൻ കഴിയാത്തതാണോ? വേദന ദൂരീകരിക്കാനോ അത് ഒഴിവാക്കാനോ നിങ്ങൾക്ക് എന്തു ചെയ്യാനാകും? നിങ്ങളുടെ മുതുകിനു വേണ്ടി എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്? സ്ഥായിയായ നടുവേദന അനേകം ആന്തരിക രോഗങ്ങളുടെ ഒരു സൂചനയായിരിക്കാം. എന്നാൽ ഈ ചർച്ച നടുവേദനയുടെ രണ്ടു കാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും—അതായത് സ്ഥാനഭ്രംശം സംഭവിച്ച ഡിസ്കുകളും പേശികളുടെ വലിച്ചുകോച്ചലും.
ചെറുപ്പക്കാരിലും മധ്യവയസ്കരിലും നടുവേദനയുടെ ഒരു പ്രമുഖ കാരണമാണ് സ്ഥാനഭ്രംശം സംഭവിച്ച ഡിസ്കുകൾ. അത്തരം ഡിസ്കുകളെ “വഴുതിപ്പോയ ഡിസ്കുകൾ” എന്നു മിക്കപ്പോഴും പരാമർശിക്കുന്നു. അതൊരു കള്ളപ്പേരാണ്, കാരണം ഈ ഡിസ്കുകൾക്ക് അവയുടെ സ്ഥാനത്തുനിന്നും വഴുതി ഉള്ളിലേക്കോ പുറത്തേക്കോ പോകാൻ കഴിയില്ല.
ഒരുവൻ 20-കളിൽ എത്തുമ്പോഴേക്കും, ഈ ഡിസ്കുകളുടെ ഉള്ളിലെ സ്പോഞ്ചുപോലുള്ള ഭാഗത്തിന്റെ വലിയാനും ചുരുങ്ങാനുമുള്ള കഴിവും ഈർപ്പവും നഷ്ടപ്പെടുന്നു. ഡിസ്കുകൾ സങ്കോചിക്കാൻ ഇതു കാരണമാകുന്നു. എങ്കിലും സാധാരണഗതിയിൽ ഇതിന്റെ ഫലമായി വേദന ഉണ്ടാകാറില്ല. എന്നാൽ ഉള്ളിലെ സ്പോഞ്ചുപോലുള്ള ഒരു ഭാഗം നാരുപോലുള്ള പേശിയുടെ പുറംവലയത്തിലൂടെ മുഴച്ചുവരികയോ പുറത്തേക്കു തള്ളുകയോ ചെയ്യുമ്പോൾ ചിലയാളുകൾക്കു കഠിനമായ വേദന ഉണ്ടാകുന്നു.
ഈ ഡിസ്കുകളെക്കുറിച്ച് ഫോർച്ച്യൂൺ മാഗസിൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഒരു നിശ്ചിതഘട്ടം കഴിഞ്ഞ് അവ ദുർബലമായിക്കഴിഞ്ഞാൽ വളരെ നിസ്സാരമായ സമ്മർദത്തിനുപോലും—തുമ്മുകയോ ഒരു സ്ററീരിയോ എടുത്തുമാററാൻ കുനിയുകയോ ചെയ്യുന്നതുപോലെ നിസ്സാരമായ കാര്യത്തിനുപോലും—വേദനയ്ക്കു തുടക്കമിടാൻ കഴിയും.”
നട്ടെല്ലിലെ ആദ്യത്തെ 24 കശേരുകകൾക്കിടയിൽ അഥവാ അസ്ഥികൾക്കിടയിൽ ഷോക്ക് അബ്സോർബറുകൾപ്പോലെ ഈ ഡിസ്കുകൾ പ്രവർത്തിക്കുന്നു. ഈ അസ്ഥികൾ ഒന്നിനു മുകളിൽ ഒന്നായി ചേർന്ന് ലംബമായി ഒരു തുരങ്കമുണ്ടാകുന്നു. ഇതാണ് നട്ടെല്ലിനുള്ളിലെ കനാൽ. അതിലൂടെയാണ് സുഷുമ്നാനാഡി കടന്നുപോകുന്നത്. ഓരോ ജോടി കശേരുകകൾക്കിടയിലും ചെറിയൊരു വിടവുണ്ട്. അവയിലൂടെ നാഡീമൂലം എന്നു വിളിക്കപ്പെടുന്ന നാഡികളുടെ ഒരു കൂട്ടം കനാലിൽനിന്നു പുറത്തേക്കു പോകുന്നു. ഇരുവശത്തും നാഡികളുടെ ഇത്തരം ഓരോ കൂട്ടം വീതമുണ്ട്. ഡിസ്ക് ഒരു പ്രത്യേക നാഡിയെ അമർത്തുകയോ ഞെക്കുകയോ ചെയ്തേക്കാം. ഈ സമ്മർദത്തിന്, ശരീരത്തിന്റെ ഇതരഭാഗങ്ങളിലേക്കും അവിടങ്ങളിൽനിന്നു തിരിച്ചും സന്ദേശങ്ങൾ വഹിക്കുന്ന സംജ്ഞകൾക്കു ഭംഗം വരുത്താനാകും.
ഉദാഹരണത്തിന്, സയാററിക് നാഡിയുടെ മൂലഭാഗങ്ങളിൽ മർദമനുഭവപ്പെടുമ്പോൾ ഇടുപ്പുനോവ് എന്നറിയപ്പെടുന്ന വളരെ വേദനാജനകമായ ഒരു അവസ്ഥ ഉണ്ടാകാം. നട്ടെല്ലിന്റെ അടിഭാഗത്തുനിന്നു പുറപ്പെടുന്ന അനവധി നാഡീമൂലങ്ങൾ ചേർന്നാണ് സയാററിക് നാഡി ഉണ്ടാകുന്നത്. സയാററിക് നാഡി ഇരുവശത്തും ഓരോന്നുണ്ട്, അതു തുടയുടെ പിൻവശത്തുകൂടി മുട്ടുവരെ താഴേക്കുചെന്ന് മററു നാഡികളുടെ രൂപത്തിൽ ശാഖോപശാഖകളായി പിരിയുന്നു. ഇടുപ്പുവേദന സാധാരണമായി ആരംഭിക്കുന്നത് നടുവിന്റെ താഴ്ഭാഗത്തായാണ്, എന്നിട്ട് അത് എളി, ചന്തി എന്നിവിടങ്ങളിലേക്കു വ്യാപിച്ച് തുടയുടെ പിന്നിലൂടെ താഴോട്ടിറങ്ങുന്നു. ചിലപ്പോൾ അതു ചെറുവണ്ണക്കാലിന്റെ കണ്ണവരെയോ പാദംവരെയോ എത്തും. അതിന്റെ ഫലമായി ഒരാൾക്ക് കാലുവലിച്ചിൽ അനുഭവപ്പെട്ടേക്കാം—കാലിലെ പേശികൾക്കു പാദങ്ങളെ ഉയർത്താൻ കഴിയാതെ വരുന്നതുനിമിത്തം പാദങ്ങൾ വലിച്ചുകൊണ്ടു നടക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു രോഗി ഇതു ബാധിച്ച കാലിൽ സൂചികൊണ്ടു കുത്തുന്നതുപോലുള്ള തോന്നലുകളും മരവിപ്പും പേശീബലക്ഷയവും അനുഭവിച്ചേക്കാം.
മൂത്രാശയത്തിനും കുടലുകൾക്കും സേവനമനുഷ്ഠിക്കുന്ന, അരക്കെട്ടിനു തൊട്ടു താഴെക്കിടക്കുന്ന ഒരു കൂട്ടം നാഡികളായ, കൗഡ ഇക്വിനയിലെ നാഡീമൂലങ്ങളിൽ ഡിസ്ക് മർദം ചെലുത്തുകയാണെങ്കിൽ, മൂത്രമൊഴിക്കുന്നതിനോ മലവിസർജനം നടത്തുന്നതിനോ ഒരാൾക്കു പ്രശ്നങ്ങളുണ്ടായേക്കാം. ഈ ലക്ഷണങ്ങൾ ഏതെങ്കിലുമുള്ളവർ ഉടൻതന്നെ ഡോക്ടറെ കാണണം. കാരണം അവ ഗുരുതരാവസ്ഥയിലെത്തിയ ഞരമ്പുസംബന്ധമായ പ്രശ്നങ്ങളായിരിക്കാം.
സങ്കോചിക്കുകയും അയയുകയും ചെയ്യുമ്പോൾ മുതുകിലെ പേശികൾ താങ്ങ് നൽകുകയെന്ന ധർമങ്ങളിൽ അസ്ഥിതന്തുക്കളോടു ചേരുന്നു. നട്ടെല്ലു തകർന്നുപോകാതെ ഇതു സൂക്ഷിക്കുകയും വളയാനോ തിരിയാനോ അതിനെ ഇതു പ്രാപ്തമാക്കുകയും ചെയ്യുന്നു. എന്നാൽ സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ ക്ഷയിച്ച ഒരു പേശി അനൈശ്ചികമായി സങ്കോചിച്ച് കടുപ്പമേറിയ ഒരു പേശീതന്തു ആയിത്തീരത്തക്കവണ്ണം കടുപ്പം വർധിച്ചേക്കാം. യാതൊരു മുന്നറിയിപ്പും കൂടാതെ സംഭവിക്കുകയും ഒരാളെ താത്കാലികമായി ചലനരഹിതനാക്കുകയും ചെയ്യുന്ന, മുതുകിലെ ഈ പേശീസങ്കോചങ്ങൾ വളരെ വേദനാകരമായിരിക്കാവുന്നതാണ്. “നിങ്ങളുടെ മുതുകിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെ ഒരു പരമ്പരയാണ്” ഈ വേദനയെന്ന് ഒരു രോഗി വർണിക്കുന്നു.
ബലഹീനമായ പേശികൾക്കു കൂടുതൽ കുഴപ്പം ഉണ്ടാകുന്നതിൽനിന്ന് ഒരുവനെ സംരക്ഷിക്കാനാണ് പേശീസങ്കോചങ്ങൾ ഉണ്ടാകുന്നത് എന്നതിനോട് ഡോക്ടർമാർ യോജിക്കുന്നു. ടൈം-ലൈഫ് കമ്പനിയുടെ ഒരു പുസ്തകമായ ആരോഗ്യമുള്ള മുതുക് [ഇംഗ്ലീഷ്] ഇപ്രകാരം അഭിപ്രായപ്പെടുന്നു: “മുതുകിനെ ചലനരഹിതമാക്കിക്കൊണ്ട് ആ സങ്കോചം ഏററവും ഉത്തമമായ പ്രവർത്തനഗതി തിരഞ്ഞെടുത്തുകൊണ്ട് കിടക്കാൻ നിങ്ങളെ നിർബന്ധിതമാക്കുന്നു. ഈ ശരീരനില നിങ്ങളുടെ മുതുകിൽ ഏററവും കുറഞ്ഞ സമ്മർദമേ വരാൻ അനുവദിക്കൂ, മാത്രമല്ല വീക്കംവെച്ച പേശി സ്വയം കേടുപോക്കാൻ അതു സഹായിക്കുകയും ചെയ്യുന്നു.”
കൂടെക്കൂടെ സങ്കോചങ്ങൾക്കിടയാക്കുന്ന മുതുകിലെ സമ്മർദം തടയാൻ, മുതുകിലെയും അടിവയറിലെയും തുടകളിലെയും പേശികൾ ബലവത്താക്കി നിർത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, അടിവയററിലെ ബലവത്തല്ലാത്ത പേശികൾ മുതുകിൽ സമ്മർദം സൃഷ്ടിച്ചേക്കാം. കാരണം അവ ശരിയായ താങ്ങ് നൽകുന്നില്ല. കൂടാതെ നട്ടെല്ലിൽ ഏൽപ്പിക്കപ്പെടുന്ന ശരീരഭാരത്തിന്റെ വലിയെ ചെറുത്തുനിൽക്കാൻ അതിനു പ്രാപ്തി കുറവുമാണ്. അടിവയററിലെ പേശികളെ നല്ല അവസ്ഥയിൽ നിലനിർത്തുകയാണെങ്കിൽ അവ ഒരു “പേശീ ഇടുപ്പുകച്ച” സൃഷ്ടിക്കുന്നു. വളഞ്ഞ ഒരവസ്ഥ നിമിത്തം വേദനിക്കുന്നതിൽനിന്ന് ഇത് മുതുകിന്റെ അടിഭാഗത്തെ തടയുന്നു. വളഞ്ഞ അവസ്ഥ, അതായത് മുതുകിന്റെ താഴ്ഭാഗത്തിന്റെ അമിതമായ വളവ് മുതുകിന്റെ താഴ്ഭാഗത്തുള്ള കശേരുകയെ അതിന്റെ ശരിയായ അവസ്ഥയിൽനിന്നും വലിക്കുന്നു.
വേദന കുറയ്ക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന സംഗതി
മോശമായ ശരീരനില, അമിതവണ്ണം, ബലവത്തല്ലാത്ത പേശികൾ, സമ്മർദം തുടങ്ങിയവ മുതുകിന്റെ താഴ്ഭാഗത്തു വേദന ഉണ്ടാകാനുള്ള സാധ്യതയെ വർധിപ്പിക്കുന്ന നാലു ഘടകങ്ങളാണ്. ഇരിക്കുക, നിൽക്കുക, ഭാരമുയർത്തുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ ശരിയാംവിധമല്ലാതെ ചെയ്യുമ്പോൾ ഇതുണ്ടാകുന്നു.
നല്ല ശരീരനിലയും അടിവയററിലെയും മുതുകിലെയും ബലവത്തായ പേശികളും തമ്മിൽ ഒരു പരസ്പര ബന്ധമുണ്ട്. ശരിയായ ശരീരനില പേശികൾ ഉചിതമാംവണ്ണം പ്രവർത്തിക്കാൻ സഹായിക്കുന്നു. അതേസമയം ഉചിതമായ ശരീരനിലയ്ക്ക് ആരോഗ്യമുള്ള പേശികൾ ആവശ്യമാണ്. നട്ടെല്ലിന്റെ സ്വാഭാവികമായ ട ആകൃതിക്ക് അനുയോജ്യമായ ഒരു അവസ്ഥ നല്ല ശരീരനിലയ്ക്ക് ആവശ്യമാണ്. വടിപോലെ കുത്തനെ നിൽക്കുന്ന ഒരു നട്ടെല്ലു വേണമെന്നല്ല അതിന്റെ അർഥം.
ഉചിതമല്ലാത്ത ശരീരനില തിരുത്തുകയാണെങ്കിൽ ശരീരനിലയോടു ബന്ധപ്പെട്ട വേദന ഒഴിവാക്കാനാകും എന്ന് നിങ്ങളുടെ സ്വന്തം മുതുകിനെ ചികിത്സിക്കുക [ഇംഗ്ലീഷ്] എന്ന പുസ്തകത്തിൽ റോബിൻ മക്കൻസി സൂചിപ്പിക്കുന്നു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “എന്നാൽ കാലം കടന്നുപോകവേ, മാററം വരുത്താതെ വിട്ടാൽ ശീലത്തിലൂടെ ആർജിച്ച മോശമായ ശരീരനിലയ്ക്കു സന്ധികളുടെ ഘടനയ്ക്കു മാററം വരുത്താനും അമിതമായ തേയ്മാനം ഉളവാക്കാനും കഴിയും. കാലത്തിനു മുമ്പേ സന്ധികൾ പഴകുന്നതാണ് മറെറാരു പരിണതഫലം.”
അമിതതൂക്കത്തിന്, പ്രത്യേകിച്ച് അടിവയററിലുള്ളതിന്, മുതുകിൽ സമ്മർദം പ്രയോഗിക്കാൻ കഴിയും. കാരണം അത് മുതുകിനെ പിന്താങ്ങുന്ന പേശികളിൽ ഗുരുത്വാകർഷണ വലിവ് സൃഷ്ടിക്കുന്നു. ആരോഗ്യമുള്ളതും അനുയോജ്യവുമായ മുതുകുണ്ടായിരിക്കുന്നതിന് ക്രമമായ ഒരു വ്യായാമ പരിപാടി പ്രധാനമാണ്. വേദന മേലാൽ അനുഭവപ്പെടാതിരുന്നാലും വ്യായാമം അനിവാര്യമാണ്, കാരണം പോയ്മറഞ്ഞ നടുവേദന അപ്രതീക്ഷിതമായി വീണ്ടും വന്നേക്കാം. ഒരു വ്യായാമപരിപാടി തുടങ്ങുന്നതിനു മുമ്പ് സമ്പൂർണമായ ഒരു വൈദ്യശാസ്ത്രവിലയിരുത്തൽ നടത്തുന്നതു നല്ലതാണ്. ഒരു വ്യക്തിയുടെ മുതുകു സംബന്ധമായ പ്രശ്നത്തിന് അനുയോജ്യമായ വ്യായാമങ്ങൾ ഏതാണെന്ന് ഒരു ഡോക്ടർ നിർദേശിച്ചേക്കാം. അല്ലെങ്കിൽ ഒരു ഫിസിയോതെറാപ്പിസ്ററിന്റെ അടുത്തേക്ക് അദ്ദേഹം രോഗിയെ പറഞ്ഞുവിട്ടേക്കാം.
സമ്മർദമുണ്ടാകുമ്പോഴും ഒരു വ്യക്തിക്കു മുതുകു സംബന്ധമായ പ്രശ്നമുണ്ടാകാമെന്ന് അനേകം ഗവേഷകർ വിശ്വസിക്കുന്നു. സമ്മർദം ചിലയാളുകളിൽ പേശീസങ്കോചങ്ങളെ ത്വരിതപ്പെടുത്തിയേക്കാം. കാരണം സമ്മർദത്തിന് ഒരു നിവാരണം കിട്ടാത്തപ്പോൾ അതു പേശികളെ വലിച്ചുമുറുക്കുന്നു. അതു നടുവേദനയിൽ കലാശിക്കുന്നു. സമ്മർദത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞാൽ നടുവേദനയും കുറയ്ക്കാൻ കഴിയും.
വളരെയധികം സമയം ഇരുന്നു ജോലി ചെയ്യുന്നവർക്കോ ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നവർക്കോ നടുവേദന ഉണ്ടാകുന്നു. ഒരു സ്വീഡീഷ് പഠനം പ്രകടമാക്കുന്നതുപോലെ ഇരിക്കുമ്പോൾ മുതുകിന്റെ താഴ്ഭാഗത്ത് വളരെയധികം ഭാരം പ്രയോഗിക്കപ്പെടുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, ചാരിയിരിക്കാൻ മതിയായ അളവിൽ പുറകിൽ താങ്ങില്ലാത്ത ഓഫീസ് കസേരകൾ ഉപയോഗിക്കുന്നത് ഈ അപകടത്തെ വർധിപ്പിക്കുന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേററ് ഏതാനും മിനിററു നേരം നടക്കുന്നത് സഹായകരമായിരിക്കാം.
ഭാരമുള്ള വസ്തുക്കളോ ഭാരംകുറഞ്ഞ വസ്തുക്കൾ പോലുമോ ഉയർത്തുമ്പോൾ തങ്ങളുടെ പുറത്തെ പേശികൾ ഉപയോഗിക്കാതിരിക്കാൻ ആളുകൾ ജാഗ്രത പുലർത്തണം. ഭാരമുയർത്തുമ്പോൾ മുട്ടുകൾ മടക്കാൻ നിർദേശിക്കപ്പെടുന്നു, അങ്ങനെ ചെയ്യുമ്പോൾ സമ്മർദം മുഴുവനും മുതുകിലെ പേശികൾ താങ്ങേണ്ടി വരികയില്ല.
പന്തികേടുള്ള ശരീരനിലകളിലിരുന്നുകൊണ്ട് ജോലി ചെയ്യുന്ന ഒരാൾക്ക് മുതുകു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യന്ത്രോപകരണങ്ങൾ അസംബ്ലി ചെയ്യുന്ന തൊഴിലാളികൾ, നേഴ്സുമാർ, ഇലക്ട്രീഷൻമാർ, ഗൃഹജോലിക്കാർ, കർഷകർ തുടങ്ങിയവർക്ക് തങ്ങളുടെ ജോലി നിർവഹിക്കുന്നതിന് നീണ്ട സമയം കൂനിയിരിക്കേണ്ടത് ആവശ്യമായിവരുന്നു. മുതുകിനുണ്ടാകുന്ന അപകടത്തെ പരമാവധി കുറയ്ക്കുന്നതിന് ക്രമമായി വിശ്രമിക്കാനും ശരീരനിലയ്ക്കു വ്യതിയാനം വരുത്താനും ഫിസിയോതെറാപ്പിസ്ററുമാർ ശുപാർശ ചെയ്യുന്നു. ദീർഘനേരം നിൽക്കുന്ന ആളുകൾ ഒരു ചെറിയ സ്ററൂളോ പാദപീഠമോ ഉപയോഗിച്ച് ഒരു പാദം അൽപ്പം ഉയർത്തിവെക്കാൻ ഉപദേശിക്കപ്പെടുന്നു, തന്നിമിത്തം മുതുകിന്റെ താഴ്ഭാഗം നിവർന്നിരിക്കും.
ചികിത്സക്കായുള്ള അന്വേഷണം
പേശീസംബന്ധമായ നടുവേദന അനുഭവിക്കുന്നവരിൽ മിക്കവർക്കും ഡോക്ടർമാർ പരമ്പരാഗതമായ ചികിത്സയാണു ശുപാർശ ചെയ്യുന്നത്—ബെഡ് റെസ്ററ്, ചൂടുപിടിക്കൽ, തിരുമ്മൽ, വ്യായാമം തുടങ്ങിയവ. വീക്കമുണ്ടാകാതിരിക്കാനും വേദനയിൽനിന്ന് ആശ്വാസം കിട്ടാനും ആരംഭത്തിൽ മരുന്നുകൾ കൊടുക്കാം. എന്നാൽ ഇതിനെക്കുറിച്ച് യൂണിവേഴ്സിററി ഓഫ് മിയാമി സ്കൂൾ ഓഫ് മെഡിസിനിലെ ഡോ. മാർക്ക് ബ്രൗൺ ഒരു മുന്നറിയിപ്പു നൽകുന്നു. മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നത് ഐക്യനാടുകളിൽ നടുവേദനയ്ക്കുള്ള ഒരു പ്രമുഖ കാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതായത് ഈ വേദന ഉണ്ടാകുന്നത് മരുന്നുകളുടെ പാർശ്വഫലങ്ങൾ നിമിത്തമാണ്. വർധിച്ച അളവിൽ മരുന്നു കഴിക്കാതിരിക്കാൻ സൂക്ഷിക്കണം. അല്ലാത്തപക്ഷം കൂടുതൽ കൂടുതൽ മരുന്നു കഴിക്കേണ്ടിവരികയും മരുന്നു കൂടാതെ വയ്യെന്നുവരികയും ചെയ്തേക്കാം.
ഫിസിയോതെറാപ്പിയും തിരുമ്മുചികിത്സയും പ്രയോജനം ചെയ്തേക്കാം. ഐക്യനാടുകളിൽ നടുവേദന നിമിത്തം ഡോക്ടർമാരെ സന്ദർശിക്കുന്ന രോഗികളിൽ മൂന്നിൽ രണ്ടുഭാഗവും തിരുമ്മുചികിത്സ നടത്തുന്ന സ്ഥലങ്ങളിലാണു പോകുന്നത് എന്ന് ഹെൽത്ത്ഫാക്ററ്സ് എന്ന പത്രിക അഭിപ്രായപ്പെടുന്നു.
സ്ഥാനഭ്രംശം സംഭവിച്ച ഡിസ്കുകളോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ വേദന കുറയ്ക്കുന്നതിനോ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും, നടുവേദനകൊണ്ടു ദുരിതമനുഭവിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും പരമ്പരാഗതമായ ചികിത്സാരീതിയായിരിക്കും ഒട്ടുമിക്കപ്പോഴും ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. രോഗികൾക്ക് ഓപ്പറേഷൻ ആവശ്യമാണെന്നു പറയുന്നെങ്കിൽ വേറെ ഒന്നോ രണ്ടോ ഡോക്ടർമാരുടെ അഭിപ്രായം കൂടി ആരായുന്നത് നല്ലതായിരിക്കും.
ലക്ഷക്കണക്കിനു രോഗികൾക്ക് വിട്ടുമാറാത്ത, എന്നാൽ സഹനീയമായ നടുവേദന ജീവിതത്തിന്റെ ഒരു ഭാഗമാണ്. പലരും വേദനയ്ക്കു വഴങ്ങിക്കൊടുക്കുന്നുവെങ്കിലും തങ്ങളുടെ അനുദിന പ്രവർത്തനങ്ങളെ അവ ബാധിക്കാതിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. വേദന ഉളവാക്കുന്ന ഘടകങ്ങൾ സംബന്ധിച്ച് അവർ ബോധമുള്ളവരാണ്. അവയെ എതിരിടാനുള്ള നടപടികളും അവർ സ്വീകരിക്കുന്നു. അവർ ക്രമമായി വ്യായാമം ചെയ്യുന്നു. ശരിയായ തൂക്കം നിലനിർത്തുന്നു. തങ്ങളുടെ ശരീരനില മെച്ചപ്പെടുത്തുന്നു. തങ്ങളുടെ ജീവിതത്തിൽ സമ്മർദം ലഘൂകരിക്കുന്നു. സ്ഥാനഭ്രംശം സംഭവിച്ച ഒരു ഡിസ്കിൽനിന്നും പേശീസങ്കോചങ്ങളിൽനിന്നും ആവർത്തിച്ചാവർത്തിച്ചുണ്ടാകുന്ന വേദന സഹിക്കേണ്ടിവരുന്നെങ്കിലും ആരംഭത്തിൽ പരാമർശിച്ച കാരൻ സന്തോഷപൂർവം ഒരു തിരക്കിട്ട പട്ടിക നിലനിർത്തിപ്പോരുന്നു. കാരൻ തന്റെ സമയത്തിലധികവും യഹോവയുടെ സാക്ഷികളുടെ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ ചെലവഴിക്കുന്നു. കാരനെപ്പോലെ മററു പലരും ക്രിയാത്മകമായ ഒരു മനോഭാവം നിലനിർത്തുകയും തങ്ങളുടെ നടുവേദന ലഘൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
[24-ാം പേജിലെ ചതുരം]
നടുവേദന തടയാൻ ചില സഹായമാർഗങ്ങൾ
☞ പെട്ടെന്നോ വളരെ തിടുക്കത്തിലോ യാതൊന്നും എടുത്തുപൊക്കാതിരിക്കുക. കുനിയുന്നതിനുപകരം മുട്ടു മടക്കുക.
☞ ഭാരമേറിയ വസ്തുക്കൾ ഉയർത്തുമ്പോൾ സഹായം അഭ്യർഥിക്കുക.
☞ ധാരാളം പായ്ക്കററുകൾ കൊണ്ടുപോകുമ്പോൾ ഇരുവശത്തുമായി ഭാരം സമീകരിക്കുക. ഭാരമേറിയ ഒരു ഇനം മാത്രമേ കൊണ്ടുപോകുന്നുള്ളൂവെങ്കിൽ ശരീരത്തിനു തൊട്ടു ചേർത്തു കൈകൾ മുമ്പിൽ പിടിച്ച് അതു കൊണ്ടുപോകുക. ഒരു വശത്തു പിടിച്ചാണു കൊണ്ടുപോകുന്നതെങ്കിൽ ഇടയ്ക്കിടയ്ക്ക് വശം മാറുക.
☞ യാത്രയ്ക്കു പോകുമ്പോൾ മടക്കിയെടുക്കാവുന്ന ലഗേജ് കാരിയർ ഉപയോഗിക്കുക. അല്ലെങ്കിൽ തോളിൽ തൂക്കിയിടാവുന്ന സ്ട്രാപ്പുള്ള ഭാരമധികമില്ലാത്ത ലഗേജ് മാത്രം കൊണ്ടുപോകുക.
☞ കാറിന്റെ ഡിക്കിയിൽനിന്നു പായ്ക്കററുകൾ എടുക്കുമ്പോൾ അവ പൊക്കുന്നതിനു മുമ്പായി നിങ്ങളുടെ ശരീരത്തോടു ചേർത്തു പിടിക്കുക.
☞ തറ അടിച്ചുവാരുമ്പോൾ നീളമുള്ള ചൂല് (വാക്വം ക്ലീനർ ഉപയോഗിക്കുമ്പോൾ നീളമുള്ള പിടി) ഉപയോഗിക്കുക. വസ്തുക്കളുടെ അടിഭാഗം അടിച്ചുവാരുമ്പോൾ നടുകൊണ്ടു കുനിയുന്നതിനു പകരം ഒരു മുട്ടിൻമേൽ നിൽക്കുക. മുട്ടിൻമേൽ ഇടുന്ന ഉറകളും ഉപയോഗിക്കാവുന്നതാണ്. നടുകൊണ്ടു കുനിയേണ്ടതുണ്ടെങ്കിൽ സാധ്യമാകുമ്പോൾ ഒരു താങ്ങായി ഒരു കൈ എവിടെയെങ്കിലും പിടിക്കുക.
☞ ഓഫീസ് ജോലി ചെയ്യുമ്പോൾ ഇരുന്നു ജോലി ചെയ്യാവുന്ന ഡെസ്കും അരയൊപ്പം പൊക്കമുള്ള, നിന്നു ജോലി ചെയ്യാവുന്ന ഡെസ്കും മാറിമാറി ഉപയോഗിക്കുക.
☞ പൂന്തോട്ടത്തിൽ ചെടികൾ നടുമ്പോൾ മുട്ടുകുത്തിനിന്ന് ചെയ്യുക. ജോലി ചെറിയ ചെറിയ ഘട്ടങ്ങളായി തിരിക്കുക. നിൽക്കുമ്പോൾ നടുകൊണ്ടു കുനിയരുത്.
☞ ദിവസവും 10-ഓ 15-ഓ മിനിററു നേരത്തേക്കേ ഉള്ളൂവെങ്കിൽപ്പോലും ക്രമമായി നടുവിനു വ്യായാമം ചെയ്യുക. നിങ്ങൾ പ്രായം ചെന്നയാളാണെങ്കിൽ മിതമായ വ്യായാമരീതികൾ അവലംബിക്കുക.
☞ കിടക്കകൾ ശരിയാക്കിയിടുമ്പോൾ ബെഡിൽ ഒരു കാൽമുട്ട് കുത്തുക. കിടക്കയുടെ മറുതലയ്ക്കൽ കയ്യെത്തിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ മേൽഭാഗം ഒരു കൈകൊണ്ടു താങ്ങുക. ഷീററുകൾ നിവർത്തിയിടുകയോ കിടക്കയുടെ അടിയിൽ തിരുകിവെക്കുകയോ ചെയ്യുമ്പോൾ കിടക്കയുടെ ഓരോ വശത്തും തറയിൽ മുട്ടുകുത്തിനിൽക്കുക.
☞ ദീർഘദൂരം വാഹനമോടിച്ചുപോകുമ്പോൾ ഇടയ്ക്കിടയ്ക്കു നിർത്തി വിശ്രമമെടുക്കുക. ഇരിപ്പിടത്തിന്റെ ചാര് സുഖപ്രദമല്ലെങ്കിൽ സീററിനും നടുവിന്റെ കീഴ്ഭാഗത്തിനും ഇടയിലുള്ള സ്ഥലത്ത് ഒരു കുഷൻ ഉപയോഗിക്കുക.
☞ പരുക്കൻ തലത്തിൽ വ്യായാമം ചെയ്യാനായി ഓടരുത്. വ്യായാമം ചെയ്യുന്നതിന് ഉചിതമായ ഷൂസുകൾ ഉപയോഗിക്കുക.
☞ ഈസി ചെയറിലോ സോഫയിലോ ഇരിക്കുമ്പോൾ ഒരു തലയിണയോ മറെറന്തെങ്കിലുമോ ചാരാൻ ഉപയോഗിക്കുക. സാവധാനം എഴുന്നേൽക്കുക. നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഊന്നി നിവരുക.
☞ നിങ്ങൾ ജോലിസ്ഥലത്ത് വളരെയധികം സമയം ഇരുന്നു ജോലി ചെയ്യുന്നുണ്ടെങ്കിൽ ചാരിയിരിക്കാൻ ശരിയായ വിധത്തിൽ സൗകര്യമുള്ള ഒരു കസേര സംഘടിപ്പിക്കുക. ഇടയ്ക്കിടയ്ക്ക് എഴുന്നേററ് നടക്കുക.
☞ കൂടുതൽ സമയം ഫയൽ ക്യാബിനററ് ഡ്രോവറുകളുടെമേൽ കൂനിനിൽക്കരുത്. എന്നാൽ നിങ്ങൾക്കു സാധിക്കുമ്പോൾ ഒരു കസേരയിൽ ഇരിക്കുക.
☞ പകൽസമയത്ത് ഉപ്പൂററി പൊങ്ങിയ ഷൂസുകൾ നിങ്ങൾ ഉപയോഗിക്കേണ്ടതായി വരുന്നെങ്കിൽ സാധ്യമാകുമ്പോൾ ഒപ്പം കൂടുതൽ സൗകര്യപ്രദമായ മറെറാരു ജോടി ഷൂസുകൂടി കൊണ്ടുവരിക.