യുവജനങ്ങൾ ചോദിക്കുന്നു. . .
പശ കത്തിച്ചു മൂക്കിൽ വലിക്കൽ—അതു വാസ്തവത്തിൽ എനിക്കു ദോഷം ചെയ്യുമോ?
“അത് ഉഗ്രനാണ്—കാർട്ടൂണുകൾ കാണുന്നതുപോലെ.” അങ്ങനെ പറയുന്നത് റഷ്യയിലെ മോസ്കോയിലുള്ള 13 വയസ്സുകാരിയായ സ്വീററ എന്ന പെൺകുട്ടിയാണ്.a എന്നാൽ സ്വീററ വാചാലയാവുന്നത് ഏററവും പുതിയ സിനിമയെക്കുറിച്ചോ വീഡിയോയെക്കുറിച്ചോ അല്ല, മറിച്ച് ഒരുതരം മയക്കുമരുന്നു ദുരുപയോഗത്തിൽ അവൾക്കുള്ള അനുഭവത്തെക്കുറിച്ചാണ്. അതു ലോകത്തിനു ചുററുമുള്ള അനേകം ചെറുപ്പക്കാരുടെ ഇടയിൽ ജനപ്രീതിയാർജിച്ചു കഴിഞ്ഞിരിക്കുന്നു. അതാണ് പശ കത്തിച്ചു വലിക്കൽ.
എന്നിരുന്നാലും, ചില യുവാക്കൾ വലിക്കുന്ന അനേകം പദാർഥങ്ങളിൽ ഒന്നു മാത്രമാണ് പശ. ഉദാഹരണത്തിന്, ബ്രിട്ടനിൽ ദുർഗന്ധമകററാനും വായു ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന രാസപദാർഥങ്ങളും തീ കത്തിക്കാനുപയോഗിക്കുന്ന ഇന്ധനവും കൂടാതെ “പത്തു-മുപ്പതോളം സാധാരണ ഗൃഹോത്പന്നങ്ങളും . . . ദുരുപയോഗിക്കുന്നു.” അങ്ങനെ പറയുന്നത് ഇപ്പോഴത്തെ യുവജനങ്ങൾ [ഇംഗ്ലീഷ്] എന്ന മാഗസിനാണ്. “വേദനയിൽനിന്ന് ആശ്വാസം കിട്ടാനുള്ള സ്പ്രേകൾ, ഫർണീച്ചർ പോളീഷുകൾ, പഞ്ചറായ ടയറുകൾ നന്നാക്കുന്നതിനുള്ള വസ്തുക്കൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.” എന്തിന്, ചില യുവജനങ്ങൾ തീകെടുത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിലുള്ള (fire-extinguisher) ഹൈഡ്രോകാർബണിന്റെ പുക പോലും വലിക്കുന്നു! അതുകൊണ്ട് ദുഷിച്ചതെങ്കിലും വ്യാപകമായുള്ള ഈ ശീലത്തെ “ലായക ദുരുപയോഗം” അഥവാ “ബാഷ്പീകരിക്കുന്ന വസ്തുക്കളുടെ ദുരുപയോഗം” എന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ശരി. ചില വിദഗ്ധർ ഇതിനെ അങ്ങനെയാണു വിളിക്കുന്നത്.
അവർ ദുരുപയോഗം ചെയ്യുന്നത് പശയായാലും ഫർണീച്ചർ പോളീഷായാലും, അവ കത്തിച്ചു വലിക്കുന്നവർ ഒരേ ഫലങ്ങൾ തന്നെയാണു തേടുന്നത്. ഒരു ഉറവ് പറയുംപ്രകാരം “ലഹരിപദാർഥം ഉളവാക്കുന്ന മത്തുപിടിച്ച അവസ്ഥയോടു സമാനമായി ‘മത്തുപിടിക്കാൻ’ അല്ലെങ്കിൽ ‘പൂസാകാൻ’” അവർ ആഗ്രഹിക്കുന്നു. ലായകങ്ങൾ വില കുറഞ്ഞതും കൊക്കെയ്ൻപോലെ വീര്യംകൂടിയ മയക്കുമരുന്നുകളെക്കാൾ സുലഭവുമാണ്. ബ്രിട്ടനിലെ ന്യൂ സയൻറിസ്ററ് മാഗസിൻ ഇപ്രകാരം പറഞ്ഞു: “കൂടുതലും, ഗ്വാട്ടിമാലായിലെ തെരുവു കുട്ടികൾ, വടക്കേ അമേരിക്കയിലെ ആദിവാസികൾ, അതുപോലെതന്നെ ബ്രിട്ടനിലെ ഹോസ്ററലുകളിലും നിശാസങ്കേതങ്ങളിലുമുള്ള യുവജനങ്ങൾ തുടങ്ങി വീടോ സ്വത്തുക്കളോ ഇല്ലാത്ത ദരിദ്രരുടെയും യുവജനങ്ങളുടെയും മയക്കുമരുന്നാണു ലായകങ്ങൾ.” ബ്രിട്ടനിലെ പെൺകുട്ടികളിലും ആൺകുട്ടികളിലും പത്തിലൊന്നു പേർ ലായകങ്ങൾ വലിച്ചിട്ടുള്ളതായി ചില അധികാരികൾ വിശ്വസിക്കുന്നു. അതിന്റെ ഫലങ്ങൾ തീർച്ചയായും ദോഷമുള്ളതുതന്നെയാണ്.
“ഉള്ളിലേക്കു വലിച്ചെടുക്കുന്ന ലായകബാഷ്പം ശ്വാസകോശങ്ങളിലൂടെ ആഗിരണം ചെയ്യപ്പെടുന്നു. തുടർന്ന് അവ വളരെ വേഗം തലച്ചോറിലെത്തുന്നു” എന്ന് ഡ്രഗ്ഗ് മിസ്യൂസ് എന്ന ചെറുപുസ്തകം വിശദീകരിക്കുന്നു. ലായകങ്ങൾ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ലഹരിപദാർഥംപോലെ സുഖാനുഭൂതിയുടെ ഒരു താത്കാലിക തോന്നലുളവാക്കാൻ അവയ്ക്കു കഴിയും. ചിലരിൽ അവയ്ക്ക് അൽപ്പസമയത്തേക്കു മാത്രം നീണ്ടുനിൽക്കുന്ന പലതരം വിഭ്രാന്തികൾ ഉളവാക്കാനാകും. തുടക്കത്തിൽ സ്വീററ വിവരിച്ചതുപോലെ അത്ര സുഖകരമായിരിക്കില്ല അവയെല്ലാം. 14 വയസ്സിൽ പശ കത്തിച്ചു വലിച്ച ഒരു യുവാവായ ഡേവിഡ് ഇപ്രകാരം പറയുന്നു: “ഞാൻ ധാരാളം എലികളെ കണ്ടു. അവ ആയിരക്കണക്കിനുണ്ടായിരുന്നു—വലിപ്പം കൂടിയവയിൽനിന്നു വലിപ്പം കുറഞ്ഞവ പുറത്തുവന്നു. അവ എന്റെ കൂട്ടുകാരനെ തിന്നുകയാണെന്നു ഞാൻ വിചാരിച്ചു.” ഒരു ജാപ്പനീസ് യുവാവായ കാസൂഹീക്കോ പശ കത്തിച്ചു വലിക്കാൻ തുടങ്ങിയത് അവന് 17 വയസ്സുള്ളപ്പോഴാണ്. അവൻ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: “നിലം വിണ്ടുകീറുന്നതും മൃഗങ്ങൾ എന്നെ ആക്രമിക്കുന്നതും ഞാൻ കണ്ടു.”
അങ്ങനെയെങ്കിൽ, ലായകബാഷ്പം വലിക്കുന്നത് ചില യുവാക്കൾക്കു വളരെ ഇഷ്ടമായിരിക്കുന്നത് എന്തുകൊണ്ടാണ്? 13 വയസ്സുള്ളപ്പോഴാണ് ലീ പശ കത്തിച്ചു വലിക്കാൻ തുടങ്ങിയത്, അവൻ ഇപ്രകാരം പറയുന്നു: “അടിസ്ഥാനപരമായി, ആളുകൾ ഇതു ചെയ്യുന്നതു യാഥാർഥ്യത്തിൽനിന്നു രക്ഷപെടാനാണ്.” അതേ, ചില യുവാക്കൾ ലായകങ്ങളടിച്ച് മത്തുപിടിക്കുന്നതു പ്രശ്നങ്ങൾ മറക്കാനാണ്. മററു ചിലർ ഒരുതരം ഉൻമാദാവസ്ഥ കിട്ടാൻ അതിയായി വാഞ്ഛിക്കുന്നു; ഞെട്ടിക്കുന്ന ഒരു വിഭ്രാന്തി വിനോദിപ്പിക്കുന്ന ഒരു ഭീകര വിനോദ ചലച്ചിത്രം പോലെയാണെന്ന് അവർ വിചാരിക്കുന്നു. “ജിജ്ഞാസ, സമപ്രായക്കാരുടെ സമ്മർദത്തോടുള്ള പ്രതികരണം, അവർക്കിടയിൽ സ്ഥാനം കിട്ടാനുള്ള ശ്രമങ്ങൾ, ആത്മാഭിമാനക്കുറവിനും അപര്യാപ്തത സംബന്ധിച്ച വികാരങ്ങൾക്കും പരിഹാരം കാണൽ തുടങ്ങിയവയാണു മററു കാരണങ്ങൾ” എന്ന് അയർലൻഡിലെ ആരോഗ്യവകുപ്പു പറയുന്നു.
തത്ക്ഷണ മരണം
എത്രതന്നെ ആകർഷകമായിരുന്നാലും ലായകങ്ങൾ വലിക്കുന്നത് മാരകമായ ഒരു ശീലമാണ്! 1990-ൽ അതു ബ്രിട്ടനിൽ 149 മരണങ്ങൾക്കു കാരണമായി. ചിലപ്പോൾ അത് ഏതാനും മിനിററുകൾക്കുള്ളിൽ ആളുകളെ കൊല്ലുന്നു. “വലികൊണ്ടുള്ള തത്ക്ഷണ മരണം” എന്നാണ് അതു വിളിക്കപ്പെടുന്നത്. ഉദാഹരണത്തിന്, റെയ്ച്ചൽ ടൈപ്പ്റെററർ കറക്ഷൻ ഫ്ളൂയിഡ് അവളുടെ ഉടുപ്പിന്റെ കയ്യിൽ ഒഴിച്ച് സ്കൂളിൽവെച്ചു മണക്കുമായിരുന്നു. ഒരു ദിവസം ബസ്സിൽ യാത്ര ചെയ്യുമ്പോൾ അവൾ അതു മണത്തു. ബസ്സിൽനിന്നിറങ്ങിയപ്പോൾ അവൾ നിലത്തു വീണു. ഒരു നിമിഷനേരത്തേക്ക് അവൾ എണീററു നിന്നു, പിന്നെയും കുഴഞ്ഞുവീണു—പ്രാണനററവളായി! റെയ്ച്ചലിനു 15 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
പ്രത്യേകിച്ചും ഞെട്ടിക്കുന്ന വസ്തുത ചില ലായകങ്ങൾക്ക് അവ ദുർവിനിയോഗം ചെയ്യുന്ന ആദ്യ അവസരത്തിൽതന്നെ നിങ്ങളെ കൊല്ലാനാകും എന്നതാണ്! “1971-നും 1989-നും ഇടയിൽ ലായകം ദുരുപയോഗം ചെയ്തതുനിമിത്തമുണ്ടായ മൊത്തം മരണങ്ങളിൽ 18% ആദ്യമായി ‘വലിച്ചവരുടേതായിരുന്നു’” എന്ന് ലായകദുരുപയോഗത്തെ ചെറുക്കാൻ സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ധർമസ്ഥാപനമായ റീ-സോൾവ് റിപ്പോർട്ടു ചെയ്യുന്നു. മരിച്ചവരിൽ ഏററവും പ്രായം കുറഞ്ഞയാൾക്ക് ഒമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ലഹരിപദാർഥ ദുരുപയോഗത്തെപോലെ തന്നെ “അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും” എന്ന് ലായകദുരുപയോഗത്തെ സംബന്ധിച്ചും പറയാവുന്നതാണ്.—സദൃശവാക്യങ്ങൾ 23:32.
ലായകത്തിന്റെ സ്വാധീനത്തിൻ കീഴിലായിരിക്കുമ്പോൾ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെ ഫലമായും അതു വലിക്കുന്നവർ മരിച്ചേക്കാം. ചിലർ കെട്ടിടങ്ങളുടെ മുകളിൽനിന്നു വീഴുകയോ വെള്ളത്തിൽ മുങ്ങിമരിക്കുകയോ ചെയ്തിട്ടുണ്ട്. മററു ചിലർ അബോധാവസ്ഥയിലായി സ്വന്തം ഛർദിയാൽ ശ്വാസംമുട്ടി മരിച്ചിട്ടുണ്ട്. തലയ്ക്കു മീതെ പ്ലാസ്ററിക് ബാഗുകൾ പിടിച്ച് ലായകങ്ങൾ മൂക്കിൽ വലിച്ചതിന്റെ ഫലമായി ചിലർ മൃതിയടഞ്ഞിട്ടുണ്ട്; ബാഗു നീക്കം ചെയ്യാൻ കഴിയാത്തവണ്ണം അവർ മത്തുപിടിച്ചുപോയിരുന്നു. അവർ ശ്വാസംമുട്ടി മരിച്ചു. ഇനിയും മററു ചിലർ, ലായകങ്ങൾക്കു തീ പിടിച്ചപ്പോൾ പൊള്ളലേററു മരിച്ചിട്ടുണ്ട്.
ശരീരമലിനീകരണവും മററപകടങ്ങളും
അത്തരം കൊടിയ പരിണതഫലങ്ങൾ എല്ലാവരും അനുഭവിക്കുന്നില്ല. എന്നിരുന്നാലും ഒരു വിദഗ്ധൻ എഴുതുന്നത് ഇപ്രകാരമാണ്: “ക്രമമായി ദുരുപയോഗം ചെയ്യുന്നയാൾക്കു താൻ സ്വന്തം ശരീരത്തെ ‘മലിനമാക്കുക’യാണെന്ന് അറിയാം. നെഞ്ചുവേദന, ശരീരത്തിന്റെ സമനിലനഷ്ടം, തലവേദന, ഓർമക്കുറവ്, കൂടാതെ മററനേകം രോഗലക്ഷണങ്ങളും അയാൾക്ക് അനുഭവപ്പെടുന്നു. അവയൊന്നും അയാൾ അംഗീകരിക്കാറില്ല.” (നേരത്തെ ഉദ്ധരിച്ച) ലീ അനുസ്മരിക്കുന്നു: “ഇതുപോലൊരു ഭയങ്കര തലവേദന എനിക്കു ജീവിതത്തിൽ ഉണ്ടായിട്ടില്ല.” ലായകങ്ങൾ വലിച്ചാൽ അതിനു വൃക്കകൾക്കും കരളിനും കുഴപ്പം വരുത്തിവെക്കാൻ കഴിയും, മാനസിക വൈകല്യവും വിഷാദവും ഉളവാക്കാനാകും എന്ന് റീ-സോൾവ് എന്ന സംഘടന പറയുന്നു.
കൂടാതെ ധാർമിക അപകടങ്ങളുമുണ്ട്. തങ്ങളുടെ ശീലം തുടരാൻ ചില വലിക്കാർ മോഷ്ടാക്കളായിത്തീർന്നിട്ടുണ്ട്. അല്ലെങ്കിൽ ഡെയ്ലി യോമിയുരി ദിനപത്രത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടത് എന്തെന്നു നോക്കുക: “ഒരു കൗമാരപ്രായക്കാരിയെ കൊന്നുവെന്ന് ആരോപിക്കപ്പെട്ട മൂന്നു യുവാക്കളിൽ ഒരുവന് പെൺകുട്ടിയെ കൊല്ലുന്ന സമയത്ത് യാതൊരു കുററബോധവും തോന്നിയില്ല എന്നു അവൻ [പറഞ്ഞു]. കാരണം ആ സമയത്ത് അവൻ [ലായകങ്ങളുടെ] സ്വാധീനത്തിൻ കീഴിലായിരുന്നു.”
അന്തിമമായി, ലായകങ്ങൾ ദുരുപയോഗിക്കുന്നതിന്റെ ഫലമായി അവയുടെമേലുള്ള ഒരു വൈകാരിക ആശ്രയത്വം—ആസക്തി—ഉടലെടുത്തേക്കാം. “ലായകങ്ങളെ ദുരുപയോഗം ചെയ്തവരിൽ 10% പേർ അത്തരം ശീലമുള്ളവരായിത്തീർന്നു,” സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ ഹെറാൾഡ് പറയുന്നു. അത് ഒരുവന്റെ വൈകാരികവും ആത്മീയവുമായ വളർച്ചയെ തടസ്സപ്പെടുത്തുകയേ ഉള്ളൂ. 1 കൊരിന്ത്യർ 14:20-ലെ [NW] ബൈബിൾ വാക്കുകൾ പരിചിന്തിക്കുക: “ഗ്രഹണപ്രാപ്തികളിൽ കൊച്ചു കുട്ടികൾ ആകരുത്, എന്നാൽ ഗ്രഹണപ്രാപ്തികളിൽ വളർച്ചയെത്തിയവർ ആയിത്തീരുവിൻ.” ഈ കാര്യത്തിൽ ഒരുവൻ എങ്ങനെയാണു വളർച്ച പ്രാപിക്കുന്നത്? എബ്രായർ 5:14-ൽ ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: “കട്ടിയായുള്ള ആഹാരം നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി [“ഗ്രഹണശക്തികൾ,” NW] പ്രായം തികഞ്ഞവർക്കേ പററുകയുള്ളു.” തന്റെ ഗ്രഹണശക്തികളെ വികസിപ്പിച്ചെടുക്കാൻ ആസക്തനായ ഒരുവൻ പരാജയപ്പെടുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം മയക്കുമരുന്ന് ഉളവാക്കുന്ന മന്ദതയുള്ള ഒരവസ്ഥയിലേക്കു പൊയ്ക്കൊണ്ട് അവയിൽനിന്നു രക്ഷപെടാൻ അവൻ ശ്രമിക്കുന്നു. പശ കത്തിച്ചു വലിക്കുന്നതു ശീലമായിത്തീർന്നവർ “കൗമാരപ്രായക്കാരെന്നനിലയിൽ കുരുക്കിലാക്കപ്പെട്ടവരാണ്—പ്രായപൂർത്തിയായ ഘട്ടത്തിലേക്കു നീങ്ങാൻ അവർക്കു കഴിയില്ല” എന്ന് ഇന്നത്തെ യുവജനങ്ങൾ എന്ന മാഗസിൻ പറഞ്ഞു.
അത് ഉപയോഗിച്ചു നോക്കരുത്!
ലായകങ്ങൾ വലിച്ചുനോക്കിയിട്ടുള്ള ചില സമപ്രായക്കാരെ നിങ്ങൾക്ക് അറിയാമായിരിക്കാം, ജിജ്ഞാസ തോന്നുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്. എന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “നാം ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) നിങ്ങളുടെ ശരീരത്തെ മലിനമാക്കുന്ന അല്ലെങ്കിൽ നിങ്ങളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടമാകാൻ ഇടയാക്കുന്ന എന്തെങ്കിലും കൊണ്ട് എന്തിനു താത്കാലികമായിട്ടെങ്കിലും പരീക്ഷണം നടത്തിനോക്കണം? നമ്മോടുള്ള ബൈബിളിന്റെ ഉപദേശം ‘സുബോധമുള്ളവരായിരിക്കാ’നാണ്. (1 തെസ്സലൊനീക്യർ 5:6) ഈ പദപ്രയോഗത്തിന്റെ അക്ഷരീയ അർഥം “നമുക്കു സമചിത്തതയുള്ളവരായിരിക്കാം” എന്നാണ്. ഒരു ക്രിസ്ത്യാനി തന്റെ വിലപ്പെട്ട ചിന്താപ്രാപ്തികളെ മലിനമാക്കുന്നതിനു പകരം അതു ജ്ഞാനപൂർവം കാത്തുസൂക്ഷിക്കുന്നു.—സദൃശവാക്യങ്ങൾ 2:11; 5:2.
കസൂഹിക്കോ ഇപ്രകാരം പറയുന്നു: “ആ ശീലം തുടങ്ങിവെച്ചതിൽ ഞാൻ ദുഃഖിക്കുന്നു.” “അതു ഭ്രാന്താണ്. അതു ചെയ്യുക വളരെ വളരെ അപകടകരമായ ഒരു കാര്യമാണ്” എന്നു പറഞ്ഞുകൊണ്ട് ലീ അതിനോടു യോജിക്കുന്നു. വളരെയേറെ വേദനയും ദുഃഖവും ഒഴിവാക്കുക. ലായകരസം ഉപയോഗിച്ചുനോക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യരുത്. “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്നു ബൈബിൾ പറയുന്നതുപോലെ പ്രവർത്തിക്കുക.—സദൃശവാക്യങ്ങൾ 22:3.
എന്നിരുന്നാലും, ഈ ബുദ്ധ്യുപദേശം ബാധകമാക്കുക അത്ര എളുപ്പമായിരിക്കില്ല. ലായകങ്ങളുടെ ദുരുപയോഗമെന്ന കെണിയിൽ യുവാക്കൾ വീഴുന്നതിന്റെ സർവസാധാരണമായ കാരണങ്ങളിലൊന്നു “സമപ്രായക്കാരുടെ സമ്മർദ”മാണെന്നു പറയപ്പെടുന്നു. യുവാവായ ഡേവിഡ് ഇപ്രകാരം പറയുന്നു: “പശ കത്തിച്ചു വലിക്കാനുള്ള താത്പര്യം എന്റെ സഹോദരൻ എന്നിൽ ഉളവാക്കി.” “എനിക്ക് അതു പരിചയപ്പെടുത്തിത്തന്നത് എന്റെ സ്നേഹിതരാണ്,” എന്ന് കസൂഹിക്കോ കൂട്ടിച്ചേർക്കുന്നു. അതേ, “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന് 1 കൊരിന്ത്യർ 15:33 [NW] പറയുന്നു. നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാൻ എന്തിന് സമപ്രായക്കാരെ അനുവദിക്കണം? നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.”—സദൃശവാക്യങ്ങൾ 1:10.
മയക്കുമരുന്നുകൾ ഉപയോഗിക്കാൻ മററുള്ളവർ നിങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നെങ്കിൽ ജ്ഞാനപൂർവം അതു നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കുക. ഇല്ല എന്നു പറയാനുള്ള നിങ്ങളുടെ ദൃഢതീരുമാനത്തെ ബലിഷ്ഠമാക്കാൻ അവർക്കു സഹായിക്കാനാകും. മറുവശത്ത്, ലായകം വലിച്ചുനോക്കാൻ നിങ്ങൾക്കു പ്രലോഭനം തോന്നിയേക്കാം, കാരണം നിങ്ങൾക്കു പ്രശ്നങ്ങളിൽനിന്നു വളരെ സമ്മർദമോ ആകുലതയോ തോന്നിയേക്കാം. സമ്മർദത്തിൽനിന്നു വളരെയധികം ആശ്വാസം കിട്ടുന്നതിനു നിങ്ങളുടെ പ്രശ്നങ്ങൾ മാതാപിതാക്കളോടോ പക്വതയും സമാനുഭാവവുമുള്ള ഏതെങ്കിലും മുതിർന്ന വ്യക്തിയോടോ തുറന്നു സംസാരിക്കുന്നത് ഏറെ നല്ലതായിരിക്കാം. നിങ്ങൾക്കു വേണ്ടത് മാർഗനിർദേശമാണ്, മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള രക്ഷപെടലല്ല. തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിനു പ്രാർഥന എന്ന സഹായത്തിന്റെ പ്രയോജനവും നിങ്ങൾക്കു നേടാനാകും. “എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ” എന്നു സങ്കീർത്തനക്കാരൻ പറയുന്നു.—സങ്കീർത്തനം 62:8.
ലായകം കത്തിച്ചു വലിക്കുന്നത് ആവേശകരമാണെന്നു തോന്നിയേക്കാം, എന്നാൽ അതു നിങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കുകയില്ല. തീർച്ചയായും, അതിനു നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാനാകും. വിവേകമുള്ളവനായിരിക്കുക. ഒരിക്കലും അതു പരീക്ഷിച്ചുനോക്കാതിരിക്കുക.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാററിയിട്ടുണ്ട്.
[13-ാം പേജിലെ ചിത്രം]
സമപ്രായക്കാരിൽനിന്നുള്ള സമ്മർദം മാരകമായ ഒരു ശീലത്തിലേക്കു നിങ്ങളെ വശീകരിക്കാൻ അനുവദിക്കാതിരിക്കുക