ഒരു തുരങ്കത്തിനു വേണ്ടിയുള്ള പോരാട്ടം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“ഈ നൂററാണ്ടിലെ പദ്ധതി.” ഇപ്പോൾ ഇംഗ്ലണ്ടിനെയും യൂറോപ്പ് ഭൂഖണ്ഡത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിർമാണം സംബന്ധിച്ചു ചിലർ അങ്ങനെയാണു വിചാരിക്കുന്നത്.
സിവിൽ എഞ്ചിനിയറിങ്ങിന്റെ ശ്രദ്ധേയമായ ഒരു യത്നത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അടങ്ങിയ ഏതാണ്ട് 15,000 ജോലിക്കാർ തുരങ്കം നിർമിക്കുന്ന കൂററൻ യന്ത്രങ്ങൾക്കു പിന്നിൽ അണിനിരന്നു. അവയ്ക്കിട്ട രസികൻ പേരുകളായിരുന്നു ബ്രീഷീററ്, കാതറീൻ, പാസ്കാലീൻ, വീർഷീനീ, യൂറോപ്പാ എന്നിവ. അവയെല്ലാം ഒത്തുചേർന്ന്, ബ്രിട്ടീഷുകാർ ചാനൽ എന്നും ഫ്രഞ്ചുകാർ ലാ മാൻഷ് എന്നും വിളിക്കുന്ന വെള്ളത്തിനടിയിലൂടെയുള്ള ലോകത്തിലെ ഏററവും നീളമുള്ള ജലാന്തര തുരങ്കം നിർമിച്ചു.a എന്നാൽ അവരുടെ വിജയം പ്രശ്നങ്ങളോ തിരിച്ചടികളോ ഇല്ലാതെയായിരുന്നില്ല. ഈ പദ്ധതികാലത്ത് ഒമ്പതു പേർക്കു അവരുടെ ജീവനൊടുക്കേണ്ടിവന്നു.
അനേകം വിഫല ഉദ്യമങ്ങൾ
“ഡോവറിനും കലെയ്സിനും ഇടയിലുള്ള റെയിൽവേ ടണലിന്റെ നിർമാണത്തോടുള്ളത്രയും ആഴമായതും നിലനിൽക്കുന്നതുമായ മുൻവിധി മറെറാരു പദ്ധതിക്കും ഉണ്ടാവില്ല” എന്നു ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ വിൻസ്ററൺ ചർച്ചിൽ 1936-ൽ പ്രസ്താവിച്ചു. ചാനലിനടിയിലൂടെ ഒരു ടണൽ നിർമിക്കുന്നതിനുള്ള നിർദ്ദേശം 1858-ൽ ബ്രിട്ടീഷ് പാർലമെൻറ് സമക്ഷം സമർപ്പിക്കപ്പെട്ടു, അപ്പോൾ ലോർഡ് പാൽമെർസ്ററൺ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “എന്ത്! ഇപ്പോൾത്തന്നെ കുറവായ ദൂരം വീണ്ടും കുറയ്ക്കാൻ വേണ്ടി ഞങ്ങളോടു പണം ചോദിക്കാൻ നിങ്ങൾ ധൈര്യം കാട്ടുന്നുവോ?”
അതിനും കുറെക്കാലം മുമ്പ്, 1802-ൽ ഫ്രഞ്ച് ഖനന എഞ്ചിനിയറായ ആൽബർട്ട് മാത്യു-ഫാവ്യെ വിളക്കുവെട്ടത്തിൽ പ്രകാശിക്കുന്ന ഒരു തുരങ്കമുണ്ടാക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചു. അതിലൂടെ പോകുന്ന കുതിരവണ്ടികൾക്കു വായൂസഞ്ചാരം പ്രദാനം ചെയ്യുന്നതിനു തിരമാലകൾക്കുമീതെ ഉയർന്നുനിൽക്കുന്ന ചിമ്മിനികൾ ഈ തുരങ്കത്തിനു വേണമായിരുന്നു. എന്നാൽ, ഈ പദ്ധതി സാങ്കേതികമായി അപ്രായോഗികമെന്നു തെളിയുകയാണുണ്ടായത്.
1856-ൽ മറെറാരു ഫ്രഞ്ചുകാരനായ റേറാമേ ഡാ ഗമോൺ എന്ന എഞ്ചിനിയർ ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ബന്ധിപ്പിക്കാൻ ഒരു റെയിൽവേ തുരങ്കം നിർമിക്കാൻ ശുപാർശ ചെയ്തു. ഈ നിർദേശം ഫ്രഞ്ചുകാർ സ്വീകരിച്ചെങ്കിലും ബ്രിട്ടീഷുകാർ അതിനോട് അത്ര ഉത്സാഹം കാട്ടിയില്ല. പിന്തിരിയാൻ കൂട്ടാക്കാഞ്ഞ ഡാ ഗമോൺ, അടുത്തതായി വില്യം ലോ എന്ന ഒരു ബ്രിട്ടീഷ് ഖനന എഞ്ചിനിയറുമായി കൂടിക്കണ്ടു. 1872-ൽ ഈ ചാനൽ തുരങ്കത്തിനാവശ്യമായ പണം സ്വരൂപിക്കാൻ ലോയും സഹ എഞ്ചിനിയറായ സർ ജോൺ ഹോക്ഷോയും ചേർന്ന് ഒരു കമ്പനി സ്ഥാപിച്ചു. കേണൽ ബ്യൂമോൺട് രൂപകൽപ്പന ചെയ്ത പാറതുരപ്പൻ യന്ത്രങ്ങൾ 1880-ൽ ഡോവറിനടുത്തുള്ള ഷേക്സ്പിയർ ക്ലിഫിൽനിന്നും ഫ്രഞ്ചു തീരത്തു സാൻഗാററയിൽനിന്നും തുരങ്കനിർമാണം തുടങ്ങി. 1,000 മീററർ പിന്നിട്ടപ്പോൾ പണി സ്തംഭിച്ചു, കാരണം ഒരു സൈനികാക്രമണ ഭീതിയുണ്ടായപ്പോൾ ബ്രിട്ടീഷ് ഗവൺമെൻറ് ഈ പദ്ധതി വിട്ടുകളഞ്ഞു.
1920-കളിൽ വീണ്ടും അടുത്ത ശ്രമം നടന്നു. ഇംഗ്ലണ്ടിലെ ഫോക്സ്റേറാണിനടുത്തു പരീക്ഷണാടിസ്ഥാനത്തിൽ ഒരു 130-മീററർ തുരങ്കം നിർമിച്ചു. ബ്രിട്ടീഷുകാരുടെ ആക്രമണഭയം നിമിത്തം നിർമാണം വീണ്ടും മുടങ്ങി. 1970-കളിൽ തുരങ്കനിർമാണം വീണ്ടുമാരംഭിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെൻറ് പിന്തുണ പിൻവലിച്ചപ്പോൾ അതു വീണ്ടും നിലയ്ക്കുകയാണുണ്ടായത്.
പിന്നീട്, 1986-ൽ ചാനൽ തുരങ്ക ഉടമ്പടിയുടെ ഒപ്പുവയ്ക്കൽ നടന്നു. തുടർന്നുവന്ന വർഷം ഫ്രാൻസും ബ്രിട്ടനും യോജിച്ചപ്പോൾ അതിന്റെ പണി ആത്മാർഥമായി ആരംഭിക്കാൻ കഴിഞ്ഞു.
സാമ്പത്തിക പോരാട്ടം
ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും ഒരു കൂട്ടം സ്വകാര്യ കമ്പനികൾ (അവ മൊത്തമായി യൂറോടണൽ എന്ന് അറിയപ്പെടുന്നു) ചേർന്ന് തുരങ്കത്തിന്റെ രൂപകൽപ്പന നടത്താനും അതു പണിയാനും വേണ്ടി പത്തു കൺസ്ട്രക്ഷൻ കമ്പനികളുടെ ഒരു സംഘമായ ട്രാൻസ്മാൻഷ്-ലിങ്കിനെ (TML) നിയോഗിച്ചു. മുഴു പദ്ധതിക്കും വേണ്ടി സ്വകാര്യ പണം മുടക്കണമെന്നായിരുന്നു സർക്കാരിന്റെ നിർബന്ധം.
പണി തുടങ്ങി വെറും രണ്ടു വർഷം കഴിഞ്ഞപ്പോൾ, യൂറോടണലിന് അതിന്റെ സാമ്പത്തിക അടങ്കൽ 523 കോടി പൗണ്ടിൽനിന്ന് 700 കോടി പൗണ്ടായി വർധിപ്പിക്കേണ്ടിവന്നു. 1994 ആയപ്പോഴേക്കും ഈ പദ്ധതിക്കായുള്ള സാമ്പത്തിക പ്രവചനം ഏതാണ്ട് 1,000 കോടി പൗണ്ടായി വർധിച്ചിരുന്നു.
ഉപരിതലത്തിനടിയിലെ പോരാട്ടം
വാസ്തവത്തിൽ ഈ ചാനൽ തുരങ്കം ഒരു തുരങ്കമല്ല, പിന്നെയോ മൂന്നു തുരങ്കങ്ങളാണ്. 1987 ഡിസംബർ 15-ന് ആദ്യത്തെ ടിബിഎം (തുരങ്കമുണ്ടാക്കുന്ന യന്ത്രം) ഇംഗ്ലണ്ടിൽ അതിന്റെ പണിയാരംഭിച്ചു. അതിന്റെ ഫ്രഞ്ച് കൂട്ടാളിയായ ബ്രീഷീററ് പിറേറ വർഷം ഫെബ്രുവരി 28-നും പണിക്കു തുടക്കമിട്ടു. അററകുററപ്പണികൾക്കും അടിയന്തിരാവശ്യങ്ങൾക്കും വേണ്ടി 4.8 മീററർ വ്യാസമുള്ള ഒരു സർവീസ് തുരങ്കം നിർമിക്കുകയായിരുന്നു അവയുടെ ജോലി. പാറ തുരന്നു മുന്നോട്ടുപോകുന്ന വലിപ്പം കൂടിയ ടിബിഎമ്മുകൾ പണി തീർക്കുമ്പോഴേക്കും 7.6 മീററർ വ്യാസമുള്ള രണ്ടു പ്രധാന തുരങ്കങ്ങൾ ഉണ്ടാക്കിയിരിക്കും.
“ഷേക്സ്പിയർ ക്ലിഫിൽവച്ചു ഞങ്ങൾ ഒരു വലിയ ഷാഫ്ററിൽ താഴേക്കു പോയി” എന്നു തുരങ്കത്തിൽ ജോലി ചെയ്ത പോൾ വിവരിക്കുന്നു. “താഴേക്കു പോയപ്പോൾ നല്ല തണുപ്പനുഭവപ്പെട്ടു, അടിയിൽ എത്തുന്നതുവരെ നനവുണ്ടായിരുന്നു. അവിടെ എല്ലാ യന്ത്രങ്ങളിൽനിന്നുമുള്ള ഡീസൽ പുകനിമിത്തം വായു കനത്തതായിരുന്നു. തുരങ്കത്തിലൂടെ കടന്നുപോയപ്പോൾ അന്തരീക്ഷം കൂടുതൽ ഈർപ്പമുള്ളതും ചൂടുപിടിച്ചതുമായിത്തീർന്നു.”
അങ്ങ് താഴെ തുരങ്കത്തിനുള്ളിൽ 11 ടിബിഎം യന്ത്രങ്ങൾ തുരങ്കനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. മൂന്നു യന്ത്രങ്ങൾ ഷേക്സ്പിയർ ക്ലിഫിൽനിന്നു കരയെ ലക്ഷ്യമാക്കി തുരങ്കമുണ്ടാക്കി, ഫോക്സ്റേറാണിനു സമീപമുള്ള ബ്രിട്ടീഷ് ടെർമിനലിലേക്ക് അവ മുന്നേറി. സാങ്കറെറയിലുള്ള ഒരു ഷാഫ്ററിൽനിന്നു തുരങ്കനിർമാണം ആരംഭിച്ച മൂന്നു ഫ്രഞ്ച് യന്ത്രങ്ങളുമായി സംഗമിക്കാൻ വേറൊരു മൂന്നെണ്ണം ചാനലിനടിയിലൂടെ സമുദ്രം ലക്ഷ്യമാക്കി നീങ്ങി. അവശേഷിച്ച രണ്ട് ടിബിഎം യന്ത്രങ്ങൾ സാങ്കറെറയിൽനിന്നു കാലെയ്സിനടുത്തുള്ള കോക്കൽ ടെർമിനലിലേക്കു കരയെ ലക്ഷ്യമാക്കി മൂന്നു തുരങ്കങ്ങൾ നിർമിച്ചു.
ബ്രീഷീററ് രണ്ടു രീതിയിൽ പണിയെടുത്തു. തുളകളും വിള്ളലുകളും വീണ ചുണ്ണാമ്പുകല്ലിലൂടെ തുളച്ചുപോയപ്പോൾ ഒരു ചതുരശ്ര സെൻറിമീറററിലെ 11 കിലോഗ്രാം ജലമർദത്തെ ചെറുത്തുനിൽക്കാൻ കട്ടിങ് ഹെഡും ബാക്കി യന്ത്രഭാഗവും ആവരണം ചെയ്താണ് അതു പ്രവർത്തിച്ചത്. ഈ സമ്മർദം സാധാരണ അന്തരീക്ഷ വായൂമർദത്തിന്റെ പത്തിരട്ടിയാണ്. എന്നാൽ ചുണ്ണാമ്പുകല്ലും കളിമണ്ണും ചേർന്ന ഉരമണ്ണുള്ളിടത്ത് എത്തിയപ്പോൾ അതു വേഗത ഇരട്ടിയാക്കി. അതിനുശേഷം, സമുദ്രാടിത്തട്ടിനും കീഴെ 25 മീറററിനും 40 മീറററിനും ഇടയിലുള്ള ഈ അടുക്കും പിന്നിട്ട ബ്രീഷീററ് ബ്രിട്ടീഷ് സൈഡിലുള്ള തന്റെ സഹകാരിയുടെ നേർക്ക് മുന്നേറുകയായി.
ബ്രീഷീററിനെപ്പോലെ എല്ലാ ടിബിഎം യന്ത്രങ്ങളും സഞ്ചരിക്കുന്ന ഫാക്ടറികളായിരുന്നു. ടങ്സ്ററൺ കാർബൈഡ് അഗ്രത്തോടുകൂടിയ അതിന്റെ മുമ്പിലുള്ള കട്ടിങ് ഹെഡ് മുതൽ പിന്നിലുള്ള സർവീസ് ട്രെയിൻവരെ ഏററവും വലുതിന് 260 മീററർ നീളമുണ്ടായിരുന്നു! ഗ്രിപ്പർ ഷൂസുകൾ സഹിതം അതാതു സ്ഥാനങ്ങളിൽ ഉറപ്പിച്ചിരുന്ന ഹൈഡ്രോളിക് പിസ്ററൺ റാമുകളാൽ ശക്തി ലഭിച്ച ഒരു ടിബിഎം മെഷീൻ ഒരാഴ്ചകൊണ്ട് 426 മീററർ നീളത്തിൽ തുരങ്കമുണ്ടാക്കി. കൂടാതെ, അത് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആ സമയത്തു തുരങ്കമുണ്ടാക്കുന്ന കട്ടറുകൾ മിനിററിൽ രണ്ടോ മൂന്നോ പ്രാവശ്യം കറങ്ങിക്കൊണ്ടിരുന്നു.
നേർക്കുനേർ വരുത്തൽ
ഈ യന്ത്രത്തെ മുന്നോട്ടു പായിക്കുന്നതിനു ടിബിഎം ഓപ്പറേററർ കമ്പ്യൂട്ടർ സ്ക്രീനും ടെലിവിഷൻ മോണിറററുകളും നിരീക്ഷിച്ചുകൊണ്ടിരുന്നു. തുരങ്കനിർമാണം തുടങ്ങുന്നതിനു മുമ്പ് സാററലൈററ് നിരീക്ഷണങ്ങൾ അതിന്റെ കൃത്യമായ വഴി സംബന്ധിച്ച പ്ലാൻ തയ്യാറാക്കുന്നതിനു സഹായമായി. വണ്ണം കുറഞ്ഞ ഡ്രില്ലുകൾ 150 മീറററിലധികം പാറ കുത്തിത്തുളച്ച് മുന്നോട്ടുള്ള വഴി ഏതെന്നു സൂചിപ്പിക്കുന്നതിനു വേണ്ടി ചുണ്ണാമ്പുകല്ലും കളിമണ്ണും ചേർന്ന മിശ്രിതത്തിന്റെ സാമ്പിളുകൾ പുറത്തെടുത്തു. യന്ത്രത്തിലെ പ്രകാശസംവേദകത്വമുള്ള ഒരു സ്ഥാനത്തേക്ക് അടിപ്പിച്ച ഒരു പ്രകാശവീചി ശരിയായ മാർഗത്തിൽ പോകാൻ ഡ്രൈവറെ പ്രാപ്തനാക്കി.
കരയിൽനിന്ന് ആറുമുതൽ എട്ടുവരെ കിലോമീററർ അകലെ ചാനലിനടിയിൽ, കുറുകെ കടക്കാനുള്ള ഗുഹകൾ തുരങ്കനിർമാതാക്കൾ ഉണ്ടാക്കി. ആവശ്യമുള്ളപ്പോൾ അവിടെവെച്ച് തീവണ്ടിയെ ഒരു തുരങ്കത്തിൽനിന്നു മറെറാന്നിലേക്കു തിരിച്ചുവിടാൻ കഴിയും. ചെറിയ ഉപകരണങ്ങൾകൊണ്ടു പണിയെടുക്കുന്ന ജോലിക്കാർ ഓരോ 375 മീറററിനിടയിലും, വണ്ടി പോകുന്ന തുരങ്കവും സർവീസ് തുരങ്കവും തമ്മിൽ ബന്ധിപ്പിക്കുന്ന വഴികൾ തുരന്നുണ്ടാക്കി.
കൂടാതെ അവർ സർവീസ് തുരങ്കത്തിന്റെ മുകളിലായി കമാനാകൃതിയിൽ പ്രധാന തുരങ്കങ്ങളെത്തമ്മിൽ ബന്ധിപ്പിച്ച് വായൂമർദം കുറയ്ക്കാനുള്ള കുഴലുകൾ ഉണ്ടാക്കി. “അത് ഒരു പഴഞ്ചൻ സൈക്കിൾ പമ്പുപോലെയാണ്. വാൽവിനു മുകളിൽ കയ്യുടെ പെരുവിരൽ വയ്ക്കുമ്പോൾ, ചൂട് അനുഭവപ്പെടും. തീവണ്ടികളും ധാരാളം താപം ഉത്പാദിപ്പിക്കുന്നുണ്ട്. കടന്നുപോകുന്ന തീവണ്ടികളുടെ മർദവും ചൂടും ലഘൂകരിക്കാൻ പിസ്ററണിന്റെ വാൽവുകൾ തുറക്കുന്നു” എന്നു പോൾ വിശദീകരിക്കുന്നു.
ബ്രീഷീററും അതിന്റെ ഇംഗ്ലീഷ് ചങ്ങാതിയും നൂറു മീററർ അടുത്തെത്തിയപ്പോൾ പണിയൊന്നു നിർത്തി. അപ്പോൾ ചുണ്ണാമ്പുകല്ലും കളിമണ്ണും ചേർന്ന മിശ്രിതത്തിലൂടെ അതീവ ശ്രദ്ധയോടെ ഒരു ഡ്രിൽ ഉപയോഗിച്ച് 4 സെൻറിമീററർ വ്യാസമുള്ള ഒരു ദ്വാരമുണ്ടാക്കി. 1990 ഡിസംബർ 1-ന് ഇംഗ്ലണ്ടിൽനിന്ന് ഏതാണ്ട് 22.3 കിലോമീറററും ഫ്രാൻസിൽനിന്ന് 15.6 കിലോമീറററും അകലമുള്ളടത്തുവെച്ച് ആ വൻ നേട്ടം കൈവരിക്കുകയുണ്ടായി. അന്തിമ പരിശോധന നടത്തിയപ്പോൾ, രണ്ടു തുരങ്കങ്ങളും പരസ്പരം നേർക്കുനേർ വന്നപ്പോഴുണ്ടായ വ്യത്യാസം വെറും സെൻറിമീറററുകൾ മാത്രമാണെന്നു മനസ്സിലാക്കിയപ്പോഴത്തെ ആശ്വാസത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക! ബ്രിട്ടീഷ് ടിബിഎം യന്ത്രത്തെ താഴെ ബ്രീഷീററിന്റെ ഒരു വശത്ത് ഉപേക്ഷിച്ചു കളയാനായി ഒരു വളവിലേക്ക് ഓടിച്ചു. ചെറിയ യന്ത്രങ്ങൾ ഉപയോഗിച്ചു പണി ചെയ്തിരുന്നവർ ജോലി പൂർത്തിയാക്കി. അതിനുശേഷം, തീവണ്ടികൾക്കു പോകാനുള്ള തുരങ്കങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിച്ചു. എന്നിട്ട് ബ്രിട്ടീഷ് ടിബിഎമ്മുകളെ ഭൂമിക്കടിയിലുള്ള അവയുടെ ശവക്കുഴികളിലേക്കു തിരിച്ചുവിട്ടു. ഫ്രഞ്ചുകാരുടെ തുരങ്കനിർമാണ യന്ത്രങ്ങളെ അഴിച്ചുമാററി തുരങ്കത്തിൽനിന്നു നീക്കം ചെയ്തു.
അരോചകമെങ്കിലും വേഗം കൂടിയത്
“ഇപ്പോൾ തുരങ്കം കണ്ടാൽ അത് അധികവും കോൺക്രീററ് കൊണ്ട് നിർമിച്ചതാണെന്നു തോന്നും. അത് വളരെ അരോചകമാണ്. ഈ ടണലിലൂടെ സഞ്ചരിക്കുമ്പോൾ പിസ്ററൺ മർദലഘൂകരണ കുഴലുകളും പൈപ്പുകളും ഒഴികെ ഒന്നും കാണാനില്ല,” പോൾ സൂചിപ്പിക്കുന്നു. വൈകിയാണു തുരങ്കം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞതെങ്കിലും അതിന്റെ ഉദ്ഘാടനം 1994 മേയ് 6-നായിരുന്നു. അതിലെ യാത്ര എങ്ങനെയിരിക്കും?
ഇതു മനസ്സിലാക്കാൻ ഫോക്സ്റേറാണിലോ കലെയ്സിലോ വെച്ചു റോഡിൽനിന്നു മാറി ചാർജ് (സീസണനുസരിച്ച് ഒരു കാറിന് 200 പൗണ്ട് [330 ഡോളർ] മുതൽ 310 പൗണ്ട് [460 ഡോളർ] വരെ) കൊടുത്തിട്ട് അതിന്റെ പ്രവേശന കവാടത്തിൽ കടക്കുക. കസ്ററംസ് ചെക്ക്പോസ്ററുകളിലൂടെ കടന്നു താഴേക്കുള്ള വഴിയിലൂടെ കാറോടിച്ചു പോകുക. എന്നിട്ട് പ്ലാററ്ഫോമും കടന്നു പ്രത്യേകം രൂപകൽപ്പന ചെയ്ത തീവണ്ടിയായ ലാ ഷട്ടിലിൽ കടക്കുക. ഏതാണ്ട് 35 മിനിററു കൊണ്ട് 50 കിലോമീററർ ദൂരം പിന്നിട്ടു കഴിയുമ്പോൾ നിങ്ങൾ ചാനലിന്റെ അങ്ങേത്തലയ്ക്കൽ എത്തുന്നു. തീവണ്ടിയിൽനിന്നു നേരെ ഹൈവേയിലേക്കു കാറോടിച്ചുപോകുക. നിങ്ങളുടെ യാത്ര ലളിതമായും സ്വൈര്യമായും പെട്ടെന്നുതന്നെ തുടരാൻ നിങ്ങളെ അനുവദിക്കുന്ന ഒരു മാർഗം. അല്ലെങ്കിൽ ലണ്ടനിലേക്കോ പാരീസിലേക്കോ ഉള്ള ഒരു തീവണ്ടിയിൽ തങ്ങുക. എന്നാൽ ഒരു വ്യത്യാസം, നിങ്ങൾ മണിക്കൂറിൽ 290 കിലോമീററർ വേഗതയിൽ പാരീസിൽ എത്തും. ലണ്ടനിലേക്കാണെങ്കിൽ മണിക്കൂറിൽ 80 കിലോമീററർ വേഗതയിലും. ഫോക്സ്റേറാൺമുതൽ ലണ്ടൻവരെയുള്ള എക്സ്പ്രസ് ലൈൻ 2002-നു മുമ്പ് സജ്ജമാകുകയില്ല!
എന്നിരുന്നാലും, പോരാട്ടം ഇപ്പോഴും തുടരുന്നു. ലണ്ടനെ തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് തീവണ്ടിപ്പാതയെച്ചൊല്ലി ഇപ്പോഴും തർക്കങ്ങളുണ്ട്. അക്ഷീണം പണിയെടുത്ത ആ ടിബിഎം യന്ത്രങ്ങളെ നമുക്കു മറക്കാതിരിക്കാം. അവയിലൊന്നു ഫോക്സ്റേറാണിലുള്ള ടണൽ എക്സിബിഷൻ കേന്ദ്രത്തിനു പുറത്തു പ്രദർശനത്തിനായി വച്ചിട്ടുണ്ട്. അതിൻമേൽ ഈ എഴുത്തും കാണാം: “വിൽപ്പനയ്ക്ക്—സൂക്ഷ്മതയുള്ള ഒരു ഉടമസ്ഥൻ.” അതേ, അതു മറെറാരു മല്ലയുദ്ധത്തിനു സജ്ജമാണ്!
[അടിക്കുറിപ്പുകൾ]
a ജപ്പാനിൽ ഹോൺഷൂ, ഹൊക്കെയ്ഡോ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സെയ്ക്കൻ തുരങ്കം ഇതിലും നീളമുള്ളതാണ്. (ചാനൽ തുരങ്കത്തിന്റെ 49.4 കിലോമീററർ എന്ന ദൂരത്തോടു താരതമ്യം ചെയ്യുമ്പോൾ അതിന്റെ നീളം 53.9 കിലോമീറററാണ്) എന്നാൽ വെള്ളത്തിനടിയിലൂടെ പോകുന്ന അതിന്റെ ഭാഗം ചാനൽ തുരങ്കത്തെക്കാളും ഏതാണ്ട് 14 കിലോമീററർ ദൈർഘ്യം കുറഞ്ഞതാണ്.
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇംഗ്ലണ്ട്
ഫോക്സ്റേറാൺ
കാലെയ്സ്
ഫ്രാൻസ്
[15-ാം പേജിലെ ചിത്രങ്ങൾ]
താഴെ: ലോകത്തിലെ ഏററവും നീളമുള്ള ജലാന്തര തുരങ്കത്തിന്റെ പൂർത്തീകരണം ജോലിക്കാർ ആഘോഷിക്കുന്നു
വലത്ത്: ഒരു ടിബിഎം യന്ത്രം
[കടപ്പാട്]
Workers: Eurotunnel Ph. DEMAIL; TBM: Eurotunnel