ഒന്നര നൂറ്റാണ്ടെത്തിയ ഭൂഗർഭറെയിൽപ്പാത
ഹംഗറിയിലെ ഉണരുക! ലേഖകൻ
തുരങ്കമുണ്ടാക്കുന്നവർ തങ്ങൾ കണ്ടുപിടിച്ചതിലേക്ക് അവിശ്വാസത്തോടെ ഉറ്റുനോക്കി. വർഷം 1912. ന്യൂയോർക്കു നഗരത്തിലെ തെരുവുകൾക്കു വളരെ അടിയിലൂടെ, പുതുതായി പണിത ഭൂഗർഭ റെയിൽപ്പാത ദീർഘിപ്പിക്കാനായി തുരന്നുകൊണ്ടിരുന്നപ്പോൾ അവർ, മറഞ്ഞിരുന്ന ഒരു വലിയ അറയിലേക്കു കുഴിച്ചിറങ്ങി. ആ മുറി അതിശയകരമാംവണ്ണം അലങ്കരിച്ചിരുന്നു—ഒരു കൊട്ടാരംപോലെ! അതിലുടനീളം കണ്ണാടികൾ, ബഹുശാഖാ തൂക്കുവിളക്കുകൾ, ചുവർചിത്രങ്ങൾ എന്നിവയുണ്ടായിരുന്നു. കാലപ്പഴക്കംകൊണ്ടു പൊട്ടിപ്പൊളിഞ്ഞ പലകകൾ അപ്പോഴും ഭിത്തികളെ അലങ്കരിച്ചിരുന്നു. അറയുടെ ഒത്തനടുവിൽ അലംകൃതമായ ഒരു നീരുറവയുണ്ടായിരുന്നു, എന്നാൽ അതിൽ വെള്ളം നുരഞ്ഞുപൊന്തുന്ന ശബ്ദം നിലച്ചുപോയിട്ടു വളരെക്കാലമായിരുന്നു.
ആ അറയുടെ ഒരറ്റം ചെന്നവസാനിച്ചത് ഒരു തുരങ്കത്തിലായിരുന്നു. തൊഴിലാളികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, 22 യാത്രക്കാർക്കിരിക്കാവുന്ന, ഭംഗിയായി അലങ്കരിച്ച ഒരു ഭൂഗർഭ കമ്പാർട്ടുമെൻറ് പാളത്തിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിനു കീഴെ, അവർ കുഴിച്ചുകൊണ്ടിരുന്ന ഭൂഗർഭ റെയിൽപ്പാതയ്ക്കു മുമ്പു മറ്റൊരെണ്ണം ഉണ്ടായിരുന്നുവോ? ആരായിരിക്കാം ഈ സ്ഥലം നിർമിച്ചത്?
തുരങ്കങ്ങളും ഭൂഗർഭ റെയിൽപ്പാതയും
ഖനനം ചെയ്യുന്നതിനും ജലവിതരണത്തിനും സൈനിക പ്രവർത്തനങ്ങൾക്കുമായി ആയിരക്കണക്കിനു വർഷങ്ങളായി ഭൂഗർഭപാതകൾ ഉപയോഗത്തിലുണ്ട്. എന്നാൽ യാത്രക്കാർക്കു വേണ്ടി യന്ത്രവത്കൃത ഭൂഗർഭ ഗതാഗതം ആരംഭിച്ചതു വളരെ അടുത്തകാലത്താണ്. 1800-കളുടെ ആരംഭത്തിൽ, സങ്കൽപ്പിക്കാവുന്ന എല്ലാത്തരം സമകാലീന വാഹനങ്ങളുംകൊണ്ട് ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള പ്രധാന നിരത്തുകൾ നിറഞ്ഞിരുന്നു, കാൽനടയാത്രക്കാരുടെ കാര്യം പറയാനുമില്ല. ദിവസേന ആയിരങ്ങൾ ലണ്ടൻ പാലത്തിലൂടെയോ കടത്തുവഴിയോ തേംസ് കുറുകെക്കടന്നിരുന്നു. ഗതാഗതം വളരെ സാവധാനത്തിലാകുന്ന ചില സന്ദർഭങ്ങളിൽ, ചന്തയിലേക്കു കൊണ്ടുപോകുന്ന പച്ചക്കറികളും മറ്റും വെയിലത്തു വാടിപ്പോകുന്നതു നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ വ്യാപാരികൾക്കു കഴിഞ്ഞിരുന്നുള്ളൂ.
ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രഞ്ച് എൻജിനീയറായ മാർക്ക് ഇസെംബാർഡ് ബ്രൂനെലിന് ലണ്ടനിലെ ഗതാഗത പ്രശ്നങ്ങളിൽ ചിലതു കാലക്രമത്തിൽ നീക്കംചെയ്യാൻ സഹായകമായിരുന്ന ഒരു ആശയം ഉണ്ടായിരുന്നു. കട്ടിയുള്ള ഒരു ഓക്കുമരക്കഷണത്തിലൂടെ ഒരു കപ്പൽപ്പുഴു തുരന്നുപോകുന്നതു ബ്രൂനെൽ ഒരിക്കൽ നിരീക്ഷിച്ചു. ആ കൊച്ചു കക്കാജീവിയുടെ തലമാത്രം തോടുകൊണ്ടു സംരക്ഷിക്കപ്പെട്ടിരിക്കുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. തടിയിലൂടെ തുളച്ചുകയറുന്നതിനു കപ്പൽപ്പുഴു അതിന്റെ തോടിന്റെ പല്ലുപോലുള്ള അഗ്രമാണ് ഉപയോഗിച്ചത്. ദ്വാരമുണ്ടാക്കി മുന്നോട്ടു നീങ്ങവെ, ചുണ്ണാമ്പുകൊണ്ടുള്ള മൃദുവായ ഒരു സംരക്ഷണപടലം അതു പിന്നിൽ നിക്ഷേപിച്ചു. ഈ തത്ത്വം ബാധകമാക്കിക്കൊണ്ട്, പച്ചിരുമ്പുകൊണ്ടുള്ള ഒരു വലിയ തുരങ്കനിർമാണ കവചം ജാക്കികൾകൊണ്ടു മണ്ണിലൂടെ മുന്നോട്ടു തള്ളിനീക്കാനുള്ള പേറ്റൻറ് ബ്രൂനെൽ നേടി. കവചത്തിനുള്ളിൽനിന്നു തൊഴിലാളികൾ മണ്ണുനീക്കുമ്പോൾ പ്രസ്തുത കവചം മണ്ണിടിച്ചിൽ തടയുമായിരുന്നു. കവചം മണ്ണിലൂടെ മുന്നോട്ടു നീങ്ങവെ പുതിയ തുരങ്കത്തിനു താങ്ങുനൽകുന്നതിന് മറ്റു തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ ഇഷ്ടിക പാകിയിരുന്നു.
തന്റെ കവചം ഉപയോഗിച്ചുകൊണ്ട്, തേംസിന് അടിയിലെ മൃദുവായ മണ്ണിലൂടെ, 1843-ൽ ബ്രൂനെൽ ലോകത്തിലെ ആദ്യത്തെ അന്തർജല തുരങ്കം വിജയകരമായി പൂർത്തീകരിച്ചു. അപ്രകാരം ചെയ്തുകൊണ്ട് തുരങ്കനിർമാണം സാധ്യമാണെന്ന് അദ്ദേഹം തെളിയിക്കുകയും ആധുനിക ഭൂഗർഭ റെയിൽപ്പാതയുടെ വികസനത്തിനു വഴിയൊരുക്കുകയും ചെയ്തു. 1863-ൽ, ലണ്ടനിലെ പ്രമുഖ റയിൽവേ സ്റ്റേഷനുകൾക്കിടയിൽ ലോകത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതാസംവിധാനം തുറന്നു. അതു ദീർഘിപ്പിക്കുന്നതിനുവേണ്ടി 1865-ൽ ബ്രൂനെലിന്റെ തുരങ്കം വാങ്ങിച്ചു. ആ തുരങ്കം ഇപ്പോഴും ലണ്ടൻ ഭൂഗർഭ റെയിൽപ്പാതയുടെ ഭാഗമാണ്.
ഭീതികൾ—ന്യായമായതും അല്ലാത്തതും
ഭൂഗർഭ ഗതാഗതത്തിന് ഒരിക്കലും വിരോധികൾ ഇല്ലാതിരുന്നിട്ടില്ല. ഭൂമിക്കുള്ളിൽ എവിടെയോ ഒരു അഗ്നിനരകമുണ്ടെന്നു വിശ്വസിച്ച അനേകർ 1800-കളിൽ ഭൂമിക്കടിയിലേക്കു പോകാൻ ഭയപ്പെട്ടു. അതിനുപുറമേ, ഇരുണ്ട, ഈർപ്പമുള്ള തുരങ്കങ്ങളെ അനേകർ രോഗസംക്രമണത്തോടും വിഷലിപ്തമായ വായുവിനോടും ബന്ധപ്പെടുത്തി.
നേരേമറിച്ച്, തിങ്ങിനിറഞ്ഞ നഗരഗതാഗതത്തോടുള്ള ബന്ധത്തിൽ എന്തെങ്കിലും ചെയ്യാൻ നഗരാസൂത്രണം നടത്തുന്നവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഭൂഗർഭ റെയിൽപ്പാതകൾ രാഷ്ട്രീയ വാദപ്രതിവാദത്തിലെ ഒരു മുഖ്യ വിഷയമായിത്തീർന്നു. ഭൂഗർഭ റെയിൽപ്പാതയിലെ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ചു തീർച്ചയായും ആകുലതയ്ക്കു കാരണമുണ്ടായിരുന്നു. ശുദ്ധവായു കടത്താനുള്ള ഒട്ടനവധി പദ്ധതികൾ പരീക്ഷിച്ചുനോക്കി, അവയെല്ലാം വിജയപ്രദമായിരുന്നില്ല. ചിലത്, ട്രെയിനുകൾ ഉളവാക്കുന്ന വായൂചലനങ്ങൾ പ്രയോജനപ്പെടുത്തി; മറ്റുള്ളവയ്ക്ക്, ഇടയ്ക്കിടെ ലംബമായി സ്ഥാപിച്ചിരുന്ന, നഗര നിരപ്പിൽ അരിപ്പവാതിലുകളുള്ള സ്തംഭങ്ങളോ ശക്തമായ പങ്കകളോ പലരീതികൾ കൂടിച്ചേർന്ന സംവിധാനങ്ങളോ ഉണ്ടായിരുന്നു. ഇരുണ്ട ഭൂഗർഭ റെയിൽപ്പാതകളിൽ പ്രവേശിക്കുന്നതിലെ മാനസിക വൈഷമ്യം നികത്താൻ സ്റ്റേഷനുകൾ ഗ്യാസ്ലൈറ്റുകൾകൊണ്ട് അലങ്കരിച്ചു. അത്തരമൊരു പശ്ചാത്തലത്തിലാണ് 1912-ൽ തൊഴിലാളികൾ ആകസ്മികമായി കണ്ടെത്തിയ, വിസ്മരിക്കപ്പെട്ട ന്യൂയോർക്ക് ഭൂഗർഭ റെയിൽപ്പാത വെളിച്ചം കണ്ടത്.
ന്യൂയോർക്കിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത
ലണ്ടനിൽനിന്ന് അറ്റ്ലാൻറിക്കിനപ്പുറം, തത്തുല്യമായ അടിയന്തിര പ്രാധാന്യമുള്ള ന്യൂയോർക്കിലെ ഗതാഗത സാഹചര്യം പരിഹരിക്കാൻ, കണ്ടുപിടിത്തത്തിൽ പ്രവീണനായ ആൽഫ്രെഡ് ഇലി ബീച്ച് ശ്രമിച്ചു. സയൻറിഫിക്ക് അമേരിക്കൻ എന്ന ജേർണലിന്റെ പ്രസാധകനായിരുന്ന ബീച്ച്, അതിയായി തിങ്ങിനിറഞ്ഞ തെരുവുകൾപോലുള്ള പഴയ പ്രശ്നങ്ങളുടെ ആധുനിക പരിഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരുവനായിരുന്നു. 1849-ൽ അദ്ദേഹം വിപ്ലവകരമായ ഒരു പദ്ധതി മുന്നോട്ടുവെച്ചു: “ഓരോ മൂലയിലും പുറത്തേക്കു വഴികളും നടകളും ഉള്ള,” ഏറ്റവുമധികം തിങ്ങിനിറഞ്ഞ തെരുവുകളിലൊന്നായ, “ടണൽ ബ്രോഡ്വേ. ഒരു വശത്ത് കാൽനടയാത്രക്കാർക്കുള്ള പാത ഉൾപ്പെടെ ഈ ഭൂഗർഭ റെയിൽപ്പാത ഇരട്ട ട്രാക്കുകളോടുകൂടിയതായിരിക്കണം.”
തുടർന്നുവന്ന രണ്ടു ദശകങ്ങളിൽ മറ്റു ഗതാഗതവികസന പ്രവർത്തകരും ന്യൂയോർക്കിനുവേണ്ടി ത്വരിത-ഗതാഗത നിർദേശങ്ങൾ അവതരിപ്പിച്ചു. ഇവയെല്ലാം അന്തിമമായി തള്ളപ്പെട്ടു. രാഷ്ട്രീയമായി ശക്തനായിരുന്ന, അഴിമതിക്കാരനായ ബോസ് റ്റ്വീഡ് തന്റെ ഭൂരിഭാഗം നിയമവിരുദ്ധ വരുമാനത്തിന്റെയും ഉറവായ ഉപരിതല ഗതാഗതക്കമ്പനികൾ തമ്മിൽ യാതൊരു മത്സരവും ആഗ്രഹിച്ചില്ല. എന്നാൽ തന്റെ ആശയം ഒരിക്കലും വിട്ടുകളയാതിരുന്ന പ്രഗത്ഭനായ ശ്രീ. ബീച്ച് ശക്തനായ ബോസിനെ കടത്തിവെട്ടി.
യാത്രക്കാരെ കയറ്റിയിറക്കുന്നതിനു തികച്ചും അപര്യാപ്തമായ, സമീപസ്ഥങ്ങളായ ഒരു ജോഡി തുരങ്കങ്ങൾ ബ്രോഡ്വേക്ക് അടിയിലൂടെ നിർമിക്കുന്നതിനു ബീച്ച് നിയമാംഗീകാരം നേടി. “കത്തുകളും മറ്റു തപാൽ ഉരുപ്പടികളും വ്യാപാരസാധനങ്ങളും” മുഖ്യ പോസ്റ്റോഫീസിലേക്കു “കൊണ്ടുപോകാൻ” വേണ്ടിയായിരുന്നു ഇവ. പിന്നീട് അദ്ദേഹം ചെലവുകുറയ്ക്കാൻ എന്ന പേരിൽ ഒരു വലിയ തുരങ്കം മാത്രം നിർമിക്കാൻ തന്നെ അനുവദിക്കുന്ന ഒരു ഭേദഗതിക്കായി അപേക്ഷിച്ചു. എങ്ങനെയോ അദ്ദേഹത്തിന്റെ തന്ത്രം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. ബീച്ച് ഉടൻതന്നെ രഹസ്യമായി പണിയാരംഭിച്ചു. ശബ്ദം കേൾക്കാതിരിക്കാൻവേണ്ടി കവചിത ചക്രങ്ങളോടുകൂടിയ വണ്ടികളിൽ രാത്രിയിൽ മണ്ണുനീക്കം ചെയ്തുകൊണ്ട് അദ്ദേഹം ഒരു തുണിക്കടയുടെ അടിത്തറയിൽനിന്നു കുഴിച്ചുതുടങ്ങി. വെറും 58 രാത്രികൊണ്ട് 312 അടിയുള്ള തുരങ്കം പൂർത്തിയായി.
ഒരു “വായു വടം”
കൽക്കരി കത്തിച്ചുള്ള ആവി എൻജിനുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായുള്ള, ലണ്ടൻ ഭൂഗർഭ റെയിൽപ്പാതകളിലെ മലിനീകരണം ഒഴിവാക്കുന്നതു സംബന്ധിച്ചു ബീച്ച് തികച്ചും ബോധവാനായിരുന്നു. ഒരു “വായു വടം”കൊണ്ട്—തുരങ്കത്തിന്റെ ഒരറ്റത്തുള്ള മൂലയിൽ നിർമിച്ചുവെച്ച ഒരു വലിയ പങ്കയിൽനിന്നുള്ള സമ്മർദംകൊണ്ട്—അദ്ദേഹം തീവണ്ടി കമ്പാർട്ടുമെൻറ് മുന്നോട്ട് ഓടിച്ചു. പ്രസ്തുത വായു, വാഹനത്തെ മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ സാവധാനം മുന്നോട്ടു തള്ളി, എന്നാൽ അതിനു പത്തിരട്ടി വേഗത്തിൽ പോകാൻ കഴിയുമായിരുന്നു. തീവണ്ടി കമ്പാർട്ടുമെൻറ് ലൈനിന്റെ മറ്റേ അറ്റത്തെത്തിയപ്പോൾ കമ്പാർട്ടുമെൻറിനെ പിന്നോട്ടു വലിക്കാൻവേണ്ടി പങ്ക വിപരീത ദിശയിൽ കറങ്ങി! ഭൂമിക്കടിയിലൂടെ യാത്രചെയ്യുന്നതിൽ ആളുകൾക്കുള്ള അപകടഭീതി തരണം ചെയ്യുന്നതിന്, അന്നു ലഭ്യമായിരുന്ന ഏറ്റവും പ്രകാശമാനവും തെളിഞ്ഞതുമായ സിർക്കോൺ വിളക്കുകൾകൊണ്ടു വിസ്താരമേറിയ കാത്തിരിപ്പുമുറി നന്നായി പ്രകാശിക്കുന്നുവെന്നു ബീച്ച് ഉറപ്പുവരുത്തി. ആഡംബരപൂർണമായ കസേരകൾ, പ്രതിമകൾ, കർട്ടനുള്ള അനുകരണ ജനാലകൾ, തിരശ്ചീന തന്ത്രികളോടുകൂടിയ ഒരു പിയാനോ, ഒരു സ്വർണമത്സ്യ ടാങ്ക് തുടങ്ങിയവകൊണ്ട് അദ്ദേഹം അതിനെ അലങ്കരിച്ചു. നിസ്സന്ദേഹികളായ പൊതുജനങ്ങൾക്കു വേണ്ടി 1870 ഫെബ്രുവരിയിൽ ഒരു ചെറിയ റെയിൽപ്പാത തുറന്നതു പെട്ടെന്നുള്ള, അമ്പരപ്പിക്കുന്ന വിജയമായിരുന്നു. ഒരു വർഷംകൊണ്ട് 4,00,000 ആളുകൾ ആ ഭൂഗർഭ റെയിൽപ്പാത സന്ദർശിച്ചു.
ബോസ് റ്റ്വീഡ് കോപാകുലനായി. രാഷ്ട്രീയ ഉപജാപമായിരുന്നു ഫലം. ബീച്ച് നിർദേശിച്ച, അപമർദിതവായുവിനാൽ ചലിക്കുന്ന ഭൂഗർഭ സംവിധാനത്തിന്റെ 16 ഇരട്ടി ചെലവുവരുന്ന, തൂണുകളിൽ സ്ഥാപിച്ച റെയിൽപ്പാതയിലൂടെപോകുന്ന തീവണ്ടിക്കുവേണ്ടിയുള്ള ഒരു എതിർ പദ്ധതി അംഗീകരിക്കാൻ റ്റ്വീഡ് ഗവർണറെ പ്രേരിപ്പിച്ചു. അതേത്തുടർന്ന് അധികം താമസിയാതെ, റ്റ്വീഡിന്റെമേൽ കുറ്റം ചുമത്തി അദ്ദേഹത്തെ ജീവപര്യന്തം തടവിലാക്കി. എന്നാൽ 1873-ലെ സ്റ്റോക്ക് വിപണി സംഭ്രാന്തി പണനിക്ഷേപകരുടെയും അധികൃതരുടെയും ശ്രദ്ധയെ ഭൂഗർഭ റെയിൽപ്പാതയിൽനിന്ന് അകറ്റിക്കളഞ്ഞു. ഒടുവിൽ ബീച്ച് പ്രസ്തുത തുരങ്കം അടച്ചുപൂട്ടി. അങ്ങനെ, നിലവിലുള്ള ന്യൂയോർക്ക് ഭൂഗർഭ റെയിൽപ്പാത 1904-ൽ തുറന്ന് ഏഴിൽപ്പരം വർഷംകഴിഞ്ഞ് 1912-ൽ യാദൃച്ഛികമായി കണ്ടെത്തുന്നതുവരെ അതു വിസ്മരിക്കപ്പെട്ടുകിടന്നു. ബീച്ചിന്റെ യഥാർഥ തുരങ്കത്തിന്റെ ഒരു ഭാഗം പിന്നീട്, വാണിജ്യകേന്ദ്രമായ മാൻഹാറ്റനിലുള്ള ഇപ്പോഴത്തെ സിറ്റി ഹാൾ സ്റ്റേഷന്റെ ഭാഗമായിത്തീർന്നു.
സഹസ്രാബ്ദ ഭൂഗർഭ റെയിൽപ്പാത
ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഹംഗറിയിൽ ആകാംക്ഷാനിർഭരമായ ഒരു അന്തരീക്ഷമുണ്ടായിരുന്നു. 1896-ൽ ഹംഗറി, അത് സ്ഥാപിതമായതിന്റെ 1,000-മത് വാർഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതിന്റെ തലസ്ഥാനമായ ബുഡാപെസ്റ്റ് യൂറോപ്പിൽ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാകുമായിരുന്നു. അതിലെ തെരുവുകൾ അപ്പോൾത്തന്നെ ജനസാന്ദ്രമായിരുന്നു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്, സഹസ്രാബ്ദ ആഘോഷക്കാലത്തേക്കുവേണ്ടി ഉപരിതല ഇലക്ട്രിക് റെയിൽപ്പാത നിർദേശിക്കപ്പെട്ടു. എന്നാൽ മുനിസിപ്പൽ അധികൃതർ തേടിക്കൊണ്ടിരുന്ന ആശയമായിരുന്നില്ല അത്, ആ നിർദേശം നിരസിക്കപ്പെട്ടു. അതിനിടയിൽ, ലണ്ടൻ ഭൂഗർഭ റെയിൽപ്പാത മറ്റു രാജ്യങ്ങളിലെ ഗതാഗത ആസൂത്രകരുടെ സങ്കൽപ്പങ്ങൾക്ക് ഉണർവേകി. ഹംഗറിയിലെ അത്തരമൊരു വിദഗ്ധനായിരുന്ന ശ്രീ. മോർ ബലാഴ്സ് ഇലക്ട്രിക് ഭൂഗർഭ റെയിൽപ്പാതയെന്ന ആശയം മുന്നോട്ടുവെച്ചു. അംഗീകാരം ലഭിച്ച അതിന്റെ പണി 1894 ആഗസ്റ്റിൽ ആരംഭിച്ചു.
കുഴിക്കുകയും മൂടുകയും ചെയ്യുക എന്ന രീതി ഉപയോഗിച്ചു ഭൂഗർഭ റെയിൽപ്പാത നിർമിച്ചു, നിലവിലുള്ള ഒരു പാത കുഴിച്ചിട്ടു തെരുവു നിരപ്പിനു താഴെ പാളങ്ങൾ പിടിപ്പിച്ചു. എന്നിട്ട്, കിടങ്ങിനു മീതെ ഒരു പരന്ന മേൽക്കൂര നിർമിച്ചു നിലവിലുള്ള പാത പുനഃസ്ഥാപിച്ചു. 1896 മേയ് 2-ന് 3.7 കിലോമീറ്ററുള്ള ഭൂഗർഭ റെയിൽപ്പാത ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ലണ്ടൻ ഭൂഗർഭ റെയിൽപ്പാതയിലെ യാത്രക്കാർ സഹിച്ച ദുരിതാനുഭവങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ, ഇതിലെ, വൈദ്യുതികൊണ്ടു മുന്നോട്ടുകുതിക്കുന്ന വ്യക്തിഗത തീവണ്ടി കമ്പാർട്ടുമെൻറിലെ യാത്ര ഒരു വലിയ പുരോഗതിയായിരുന്നു! തുറന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഫ്രാൻസിസ് ജോസഫ് ഒന്നാമൻ രാജാവ് പുതിയ ഭൂഗർഭസംവിധാനം സന്ദർശിക്കുകയും അതിനു തന്റെ പേരു നൽകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ പിന്നീടുണ്ടായ രാഷ്ട്രീയ പ്രക്ഷുബ്ധ നാളുകളിൽ ആ ഭൂഗർഭ റെയിൽപ്പാത സഹസ്രാബ്ദ ഭൂഗർഭ റെയിൽപ്പാത എന്നു പുനഃനാമകരണം ചെയ്യപ്പെട്ടു. യൂറോപ്യൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതയായിരുന്നു അത്. പെട്ടെന്നുതന്നെ മറ്റുള്ളവ നിർമിതമായി. 1900-ത്തിൽ പാരീസ് മെട്രോ പ്രവർത്തനമാരംഭിച്ചു. 1902-ൽ ബെർലിൻ ഭൂഗർഭ റെയിൽപ്പാത പ്രവർത്തനം തുടങ്ങി.
ഭൂഗർഭ റെയിൽപ്പാത 100 വർഷത്തിനുശേഷം
1996-ൽ, ഹംഗറിയുടെ 1,100-മത്തെ വാർഷികത്തിനുവേണ്ടി ഭൂഗർഭ റെയിൽപ്പാതയുടെ യഥാർഥ സൗന്ദര്യവും ശൈലിയും പുനഃസ്ഥിതീകരിച്ചു. ചെറിയ വെള്ള ടൈൽസും നീലാരുണവർണത്തിൽ അലംകൃതമായ അരികുകളും സ്റ്റേഷനിലെ ഭിത്തികളെ അലങ്കരിക്കുന്നു. ഭിത്തിയിൽ ടൈൽസുകൊണ്ടു ഫ്രെയിം ചെയ്ത, സ്റ്റേഷനുകളുടെ പേരുകൾ എടുത്തുനിൽക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഓർമയുണർത്താൻ ഇരുമ്പു തൂണുകൾ പുനർനിർമിച്ചു പച്ച പെയിൻറടിച്ചിരിക്കുന്നു. ബുഡാപെസ്റ്റ് സെൻട്രൽ സ്റ്റേഷനിൽ ഒരു റെയിൽവേ മ്യൂസിയവുമുണ്ട്. 100 വർഷത്തിലധികം പഴക്കമുള്ള ആദിമ ഭൂഗർഭ തീവണ്ടികളിൽ ഒന്ന് നിങ്ങൾക്കവിടെ കാണാവുന്നതാണ്! സഹസ്രാബ്ദ ഭൂഗർഭ റെയിൽപ്പാതയുടെ നിർമാണത്തോടും കൂടുതൽ ആധുനികമായ ബുഡാപെസ്റ്റ് മെട്രോയോടും ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിനുണ്ട്.
ഇവിടെ ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഭൂഗർഭ റെയിൽപ്പാതയ്ക്കു കുറെക്കാലം മുമ്പു തികച്ചും വ്യത്യസ്തമായ ഒരു ഉപയോഗമുണ്ടായിരുന്നുവെന്ന്, പ്രസ്തുത മ്യൂസിയം സന്ദർശിക്കുമ്പോൾ ഹംഗറിയിലെ യഹോവയുടെ സാക്ഷികൾക്ക് ഓർമിക്കാതിരിക്കാൻ കഴിയില്ല. ഹംഗറിയിൽ അവരുടെ പ്രവർത്തനം നിരോധിച്ചിരുന്ന കാലത്തുടനീളം, മറ്റുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ ഈ വിഖ്യാതമായ റെയിൽവേ സ്റ്റേഷനുകൾ സാക്ഷികൾ വിവേകപൂർവം ഉപയോഗിച്ചിരുന്നു. 1989 മുതൽ ഹംഗറിയിൽ സാക്ഷികൾ പ്രസംഗസ്വാതന്ത്ര്യം ആസ്വദിച്ചിരിക്കുന്നു. എന്നാൽ, ബൈബിളിൽ വിവരിച്ചിരിക്കുന്ന സഹസ്രാബ്ദം, അതായത് ക്രിസ്തുവിന്റെ 1,000 വർഷ ഭരണം പെട്ടെന്നു വരുമെന്നുള്ള തങ്ങളുടെ വിശ്വാസം അവർ പങ്കുവെക്കുന്നതു സഹസ്രാബ്ദ ഭൂഗർഭ റെയിൽപ്പാതയിൽ നിങ്ങൾക്കിപ്പോഴും കാണാം.
ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതകളുടെ പൈതൃകം
ലോകത്തുടനീളമുള്ള പ്രമുഖ നഗരങ്ങളിൽ ഇന്നു ഭൂഗർഭ റെയിൽപ്പാതകൾ യാത്രക്കാരെ ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്നു. ചിലയിടങ്ങളിൽ, പഴയ പ്രശ്നങ്ങളായ ശബ്ദ-വായു മലിനീകരണം മാത്രമല്ല ചുവരെഴുത്തും കുറ്റകൃത്യവുമുണ്ട്. എന്നാൽ മിക്ക ഭൂഗർഭ റെയിൽസംവിധാനങ്ങളും ആദ്യകാലത്ത് ഭൂഗർഭ റെയിൽപ്പാത രൂപകൽപ്പന ചെയ്തവരുടെ മനോഹരമായ, കലാപരവും പ്രായോഗികവുമായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നു. പൊതുഗതാഗതം വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ആഗ്രഹം ശക്തമായി നിലനിൽക്കുന്നു. ബാങ്കോക്ക്, സോൾ, ഷാൻഹായി, തൈപേയ്, വാഴ്സോ എന്നീ നഗരങ്ങളിൽ ഭൂഗർഭ റെയിൽപ്പാതകൾ അടുത്തയിടെ പൂർത്തിയായിരിക്കുന്നു അല്ലെങ്കിൽ നിർമാണത്തിലിരിക്കുന്നു. ആദ്യകാലത്തു ഭൂഗർഭ റെയിൽപ്പാത രൂപകൽപ്പന ചെയ്തവർ ഇതെല്ലാംകണ്ട് അത്ഭുതംകൂറുമോ? ഒരുപക്ഷേ ഇല്ലായിരിക്കാം—അത്തരം വ്യാപകമായ ഉപയോഗം ഒന്നര നൂറ്റാണ്ടു മുമ്പ് അവർ മുൻകൂട്ടിക്കണ്ടതുതന്നെയാണ്.
[23-ാം പേജിലെ ചിത്രങ്ങൾ]
1. ബുഡാപെസ്റ്റ് സഹസ്രാബ്ദ ഭൂഗർഭ റെയിൽവേ മ്യൂസിയത്തിലെ പുനഃസ്ഥിതീകരിച്ച ഒരു സ്റ്റേഷൻ
2-4. 1896-ലെ സഹസ്രാബ്ദ ഭൂഗർഭ റെയിൽവേയുടെ ആദിമ ഇലക്ട്രിക് ഭൂഗർഭ തീവണ്ടി കമ്പാർട്ടുമെൻറുകൾ