മോസ്കോയിലെ കണ്ണഞ്ചിപ്പിക്കുന്ന ഭൂഗർഭ കൊട്ടാരങ്ങൾ
റഷ്യയിലെ ഉണരുക! ലേഖകൻ
ഭൂഗർഭ റെയിൽപ്പാത അഥവാ മെട്രോ എവിടെയാണു സ്ഥിതി ചെയ്യുന്നതെന്ന് ഊഹിക്കുക വിഷമമല്ലായിരുന്നു. ഭൂഗർഭതലത്തിലേക്കു പോകാൻ അതിന്റെ കവാടത്തിലേക്ക് ആളുകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ശോഭയേറിയ ചുവന്ന നിയോൺ വെളിച്ചത്താൽ മിന്നുന്ന M എന്ന അക്ഷരം കവാടത്തിന്റെ മുകളിലായുണ്ടായിരുന്നു. പ്രവേശനമുഖത്തെ വാതിലുകൾ എന്റെ മുമ്പിൽ മലർക്കേ തുറന്നു. ഒരു കൂപത്തിലേക്കെന്നപോലെ ആളുകൾ വളരെ വേഗം താഴേക്കിറങ്ങി അപ്രത്യക്ഷപ്പെടുന്ന കൗതുകകരമായ കാഴ്ച അതിന്റെയുള്ളിൽ കടന്നപ്പോൾ ഞാൻ കണ്ടു. ആദ്യം ഞാനൊന്നു മടിച്ചുനിന്നു. പിന്നെ ധൈര്യം സംഭരിച്ച് ഞാനും അവരുടെ പിന്നാലെ പോയി.
ഞാൻ ജീവിതത്തിൽ ആദ്യമായാണു ഭൂഗർഭ റെയിൽപ്പാതയിൽ ഇറങ്ങുന്നത്. ഒരു സാധാരണ ഭൂഗർഭ റെയിൽപ്പാതയല്ല—മോസ്കോ മെട്രോ! മനുഷ്യൻ ശൂന്യാകാശത്തിൽ സഞ്ചരിക്കുകയും ആററത്തെ പിളർക്കുകയും സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയ നടത്തുകയും ചെയ്യുന്ന ഒരു ലോകത്ത് ഒരു ഭൂഗർഭ റെയിൽപ്പാതയ്ക്ക് എന്താണിത്ര പ്രത്യേകത?
ഒരു സംഗതി, മോസ്കോ മെട്രോയാണ് ഒരുപക്ഷേ ലോകത്തിലെതന്നെ ഏററവും മനോഹരമായ ഭൂഗർഭ റെയിൽപ്പാതയെന്നു ഞാൻ കേട്ടിരുന്നു. ഒരു റഷ്യൻ പഴഞ്ചൊല്ല് പറയുന്നതുപോലെ, “ഒരു സംഗതിയെക്കുറിച്ചു നൂറ് തവണ കേൾക്കുന്നതിനെക്കാൾ ഏറെ നല്ലത് സ്വന്തം കണ്ണുകൊണ്ട് ഒരു തവണ കാണുന്നതാണ്.” യഹോവയുടെ സാക്ഷികളുടെ മോസ്കോയിലെ സാർവദേശീയ കൺവെൻഷനിൽ ഞാൻ കഴിഞ്ഞ ജൂലൈയിൽ സംബന്ധിച്ചപ്പോൾ മെട്രോയിൽ ഒന്ന് സഞ്ചരിക്കണമെന്ന് എനിക്ക് വലിയ ആകാംക്ഷയായിരുന്നു.
അത് ഉണ്ടായ വിധം
1902-ൽ ബോളിൻസ്കി എന്നു പേരുള്ള ശാസ്ത്രജ്ഞനും എഞ്ചിനിയറുമായ റഷ്യാക്കാരൻ ക്രെംലിൻ മതിലിനോടു ചേർന്നു പോകുന്നതും നഗരത്തിന്റെ മധ്യഭാഗത്തെ ചുററുന്നതുമായ കരമാർഗമുള്ള ഒരു യാത്രാ സംവിധാനത്തെക്കുറിച്ചുള്ള നിർദേശം മുന്നോട്ടു വെച്ചു. എന്നാൽ ആ സമയത്ത് അത്തരം ഒരു പദ്ധതിക്കു രൂപം കൊടുക്കാനുള്ള പ്ലാനുകൾ മോസ്കോ സിററി കൗൺസിൽ തള്ളിക്കളഞ്ഞു. പത്തു വർഷത്തിനു ശേഷം കൗൺസിൽ ആ ആശയത്തിനു ഗൗരവാവഹമായ ശ്രദ്ധ നൽകി. അത്തരത്തിൽപ്പെട്ട ഒന്ന് റഷ്യയിൽ ആദ്യത്തേതായിരിക്കണമായിരുന്നു. എന്നാൽ 1914-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ അതിന്റെ കൂടുതലായ വികസനത്തിനു കാലവിളംബം വരുത്തി. 1931 വരെ ആ ആശയത്തിനു വീണ്ടും ജീവൻ വെച്ചില്ല. അന്നാണ് സോവിയററ് യൂണിയനിലെ കമ്മ്യൂണിസ്ററ് പാർട്ടിയുടെ കേന്ദ്രക്കമ്മിററി രാജ്യത്തെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാത മോസ്കോയിൽ പണിയണമെന്നു കൽപ്പന പുറപ്പെടുവിച്ചത്. അങ്ങനെ അത്തരമൊരു ബൃഹത്തായ നിർമാണ പദ്ധതി ഏറെറടുക്കുന്നതിൽ റഷ്യ 11-ാമത്തെ രാജ്യമായിത്തീർന്നു, മോസ്കോ 17-ാമത്തെ നഗരവും.
നിർമാണം തുടങ്ങി വെറും മൂന്നു വർഷത്തിനുശേഷം 1935 മേയ് 15 രാവിലെ ഏഴു മണിക്ക് മോസ്കോയിലെ മെട്രോപ്പൊളിററൻ ഭൂഗർഭ തീവണ്ടിപ്പാതയുടെ ആദ്യത്തെ ലൈനിലൂടെ തീവണ്ടി ഓടാൻ തുടങ്ങി. ആ റെയിൽപ്പാതയ്ക്ക് ഏതാണ്ടു 11 കിലോമീററർ നീളമുണ്ടായിരുന്നു. നാലു തീവണ്ടികൾ 13 സ്റേറഷനുകൾ വഴി കടന്നുപോയി. ദിവസവും 2,00,000 യാത്രക്കാരെ വഹിച്ചുകൊണ്ടുപോകാൻ അവയ്ക്കു കഴിഞ്ഞു. മോസ്കോ നിവാസികൾക്കും വിദേശ സന്ദർശകർക്കും വളരെ മതിപ്പു തോന്നി. പുതുതായ അത് അനിതരസാധാരണമായിരുന്നു! സായാഹ്നങ്ങളിൽ, അതിലെ ആദ്യത്തെ യാത്രക്കാരായിത്തീരാൻ ആളുകൾ ക്യൂവിൽ കാത്തുനിന്നു. അതു കാണേണ്ട ഒന്നുതന്നെയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.
1935-നുശേഷം അതിനോട് ഒമ്പതു ലൈനുകൾ കൂടി കൂട്ടിച്ചേർത്തു വികസിപ്പിച്ചു. മൊത്തം 200 കിലോമീററർ ദൂരം വരുന്ന അതിൽ 149 സ്റേറഷനുകൾ ഉണ്ട്. വിമാനത്താവളവും ജലഗതാഗതമാർഗങ്ങളും ഉൾപ്പെടെ മോസ്കോയിലെ മിക്കവാറും മറെറല്ലാ യാത്രാസംവിധാനങ്ങളും ഏതെങ്കിലും വിധത്തിൽ ഈ മെട്രോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഈ മെട്രോ ഇല്ലാത്ത ജീവിതം മോസ്കോ നിവാസികൾക്കു സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. അതു മനസ്സിലാക്കാവുന്നതാണ്, കാരണം ഓരോ ദിവസവും അതു 90 ലക്ഷം യാത്രക്കാരെയാണു വഹിച്ചുകൊണ്ടുപോകുന്നത്. അതു ഫിൻലൻഡിലെ ജനസംഖ്യയുടെ ഏതാണ്ടു രണ്ടു മടങ്ങാണ്. താരതമ്യത്തിൽ, ലണ്ടനിലെയും ന്യൂയോർക്ക് നഗരത്തിലെയും ഭൂഗർഭ റെയിൽപ്പാതകൾ രണ്ടും ചേർന്നാലും ആ സംഖ്യയുടെ ഏതാണ്ട് പകുതി യാത്രക്കാരെ മാത്രമേ അവ വഹിച്ചുകൊണ്ടുപോകുന്നുള്ളൂ.
അൽപ്പം അടുത്തു വീക്ഷിക്കാം
ഉപരിതലത്തിൽനിന്ന് ഏതാണ്ട് 20 നിലകളോളം താഴെയായി എന്താണുള്ളതെന്നറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടോ? ഒരു എസ്കലേററർ നമ്മെ വേഗം താഴേക്കു കൊണ്ടുപോകുന്നു. അവിടെ മൊത്തമുള്ള 500 എസ്കലേറററുകളിൽ ഒന്നുമാത്രമാണിത്. അവ ഒന്നോടൊന്നു ചേർത്തുവെച്ചാൽ 50-ലധികം കിലോമീററർ നീളംവരും. 30 ഡിഗ്രി ചെരുവിൽ സെക്കൻറിൽ ഏതാണ്ട് ഒരു മീററർ ദൂരത്തിൽ സഞ്ചരിക്കുക എന്നത് എന്തൊരു പ്രതീതിയാണുളവാക്കുക. പല രാജ്യങ്ങളിലുമുള്ള എസ്കലേറററുകളുടെ ഏതാണ്ട് രണ്ടിരട്ടി വേഗതയാണത്!
മായക്കോഫ്സ്കൈയാ സ്റേറഷനിലാണു നാമിപ്പോൾ കടന്നത്. അതിന്റെ ശിൽപ്പവിദ്യകൾ ഒരു ഭൂഗർഭ തീവണ്ടി സ്റേറഷനിലാണെന്നതിനെക്കാൾ ഒരു കൊട്ടാരത്തിലാണെന്ന തോന്നലാണ് നമ്മിൽ ജനിപ്പിക്കുന്നത്. യഥാർഥത്തിൽ നാം ഭൂമിക്കടിയിലാണെന്ന് എനിക്ക് ഒരുതരത്തിലും സങ്കൽപ്പിക്കാൻ പററുന്നില്ല. ഉപരിതലത്തിൽപ്പോലും അത്രയ്ക്കും മനോഹരമായ ശിൽപ്പവിദ്യകൾ ഞാൻ അപൂർവമായേ കണ്ടിട്ടുള്ളൂ. ഭൂമിക്കു കീഴെ അതിലും കുറവും. 1937-നും 1939-നും ഇടയിൽ നടന്ന ഒരു അന്തർദേശീയ ശിൽപ്പവിദ്യാ പ്രദർശനത്തിൽ മോസ്കോയിലെ അഞ്ചു സ്റേറഷനുകൾ ബഹുമതി നേടിയതിൽ അതിശയിക്കാനില്ല. അതിലൊന്നായിരുന്നു ഇതും. എന്നുവെച്ച് 149 സ്റേറഷനുകളും മായക്കോഫ്സ്കൈയാ സ്റേറഷൻപോലെ രാജകീയമായി കാണപ്പെടുന്നവയല്ല; പുതിയവ മിക്കതും കുറേക്കൂടെ ലളിതമാണ്—എന്നാൽ ആകർഷകവും—ഓരോന്നും അതിന്റെ രൂപത്തിലും ഭാവത്തിലും അന്യാദൃശമാണ്.
മിക്കവാറും എല്ലാ സ്റേറഷനുകൾക്കുംതന്നെ റഷ്യൻ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ട്. അലങ്കാരപ്പണികൾ നടത്താനായി റഷ്യയുടെ 20 വ്യത്യസ്ത ഭാഗങ്ങളിൽനിന്നാണ് മാർബിൾ, കളിമണ്ണ്, ഗ്രാനൈററ് തുടങ്ങിയവ ഇവിടെ കൊണ്ടുവന്നത്. അതുകൊണ്ട് ഒരു ഫോട്ടോ ഗൈഡ് പറയുന്നത്, “മോസ്കോ മെട്രോ പണിയാൻ മുഴു ദേശവും സംഭാവന നൽകി” എന്നാണ്. ഗ്രാനൈററ് വളരെക്കാലം ഈടുനിൽക്കുന്നതാണ്, അതുകൊണ്ട് തറയുടെ അലങ്കാരപ്പണികൾക്കു വേണ്ടി അതാണു വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്. ഈ സ്റേറഷനിൽ ദിവസവും വന്നു നിറയുന്ന ആൾപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ഇതൊരു പ്രധാന ഘടകമാണ്.
ഈ ഭൂഗർഭ കൊട്ടാരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടയിൽ നമുക്കു വളരെ വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന തീവണ്ടികൾ കാണാം. ഒരു തീവണ്ടി സ്റേറഷൻ വിട്ട് ഏതാണ്ട് 90 സെക്കൻറുകൾ കഴിയുമ്പോൾ അടുത്ത ട്രെയിൽ അടുത്തുവരുന്നതിന്റെ വെളിച്ചം കാണാൻ കഴിയും. എപ്പോഴും ഇത്ര ആവർത്തിച്ചാവർത്തിച്ച് ട്രെയിൽ ഓടുന്നുണ്ടോ? യാത്രത്തിരക്കു വളരെയുള്ളപ്പോൾ, ഉണ്ട്. അല്ലാത്തപ്പോൾ മൂന്നു മുതൽ അഞ്ച് വരെ മിനിററ് ഇടവിട്ടും.
നമ്മൾ സുഖപ്രദമായ ട്രെയിൻ സീററുകളിൽ കയറിപ്പററിയില്ല, അതിനു മുമ്പ് ട്രെയിൻ അതിന്റെ കൂടിയ വേഗതയിലെത്തിയെന്നു നമുക്കു മനസ്സിലാകും. അതു മുന്നോട്ടു പായുന്നത് 6 മീററർ വ്യാസമുള്ള ഒരു തുരങ്കത്തിലൂടെയാണ്. ചിലപ്പോൾ മണിക്കൂറിൽ 100 കിലോമീറററിനടുത്ത് വേഗതയിൽ. എന്തിന്, ഒരാൾക്ക് മെട്രോയുടെ മുഴു ദൂരവും ഏകദേശം ആറു മണിക്കൂറിനുള്ളിൽ യാത്ര ചെയ്തുതീർക്കാൻ കഴിയും! ഏററവും വേഗത കൂടിയ യാത്രാമാർഗമായതുകൊണ്ടു മാത്രമല്ല മോസ്കോ നിവാസികൾ ഇത് ഇഷ്ടപ്പെടുന്നത്, ചെലവ് കുറഞ്ഞതും സുഖപ്രദവുമായ യാത്രാമാർഗമായതുകൊണ്ടുമാണ്. കഴിഞ്ഞ ജൂലൈയിൽ, അവിടെ യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷൻ നടന്ന സമയത്ത്, മെട്രോയിലെവിടെയും ഒരു പ്രാവശ്യം യാത്ര ചെയ്യുന്നതിന് പത്തു റൂബിൾസ് മതിയായിരുന്നു. അത് ഒരു യു.എസ്. ഡോളറിന്റെ നൂറിലൊന്നിനു സമമായിരുന്നു.
രണ്ടു ട്രെയിനുകൾക്കിടയ്ക്കുള്ള സമയപരിധി വളരെ കുറവായതുകൊണ്ട് അവയ്ക്ക് എങ്ങനെ അത്ര ഹൈസ്പീഡിൽ സഞ്ചരിക്കാൻ കഴിയുമെന്നു നിങ്ങൾ അതിശയിച്ചേക്കാം. കാരണം ലളിതമാണ്. അപകടങ്ങൾ ഒഴിവാക്കാൻ ഒരു ഓട്ടോമാററിക് സ്പീഡ് കൺട്രോൾ സംവിധാനം നിലവിലുണ്ട്. രണ്ടു ട്രെയിനുകൾക്ക് ഇടയിലുള്ള അകലം അവ ആ വേഗത്തിലോടുമ്പോൾ നിർത്താൻ മതിയായ ദൂരത്തിൽ കുറഞ്ഞുപോകാതിരിക്കാൻ ഈ സംവിധാനം കരുതൽ സ്വീകരിക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, മണിക്കൂറിൽ 90 കിലോമീററർ വേഗതയിൽ പോകുന്ന ഒരു ട്രെയിനിന്റെയും അതിന്റെ മുമ്പിൽ പോകുന്ന ട്രെയിനിന്റെയും ഇടയിലുള്ള ദൂരം പിറകിൽ പോകുന്ന ട്രെയിൻ നിറുത്താനാവശ്യമായതിലും കുറവാകുന്നെങ്കിൽ അതു സ്വതവേ ബ്രേക്ക് പിടിച്ചുകൊള്ളും. മുമ്പിലുള്ള ട്രെയിനിലെ ഡ്രൈവർക്ക് ഒരു സിഗ്നൽ കൊടുത്ത് മുന്നറിയിപ്പും നൽകും. തീർച്ചയായും ഈ സംവിധാനം യാത്രാസുരക്ഷിതത്വം വളരെയധികം വർധിപ്പിക്കുന്നു. മെട്രോയിൽ യാത്ര ചെയ്യുന്ന മോസ്കോ നിവാസികൾ വളരെ ശാന്തരും സ്വസ്ഥരും ആയിരിക്കുന്നതിന്റെ കാരണം അതായിരിക്കുമോ? മിക്കവരും സ്വസ്ഥമായി എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തുമെന്ന വ്യക്തമായ ഉറപ്പും അവർക്കുണ്ട്.
വെളിച്ചവും വായുവും
ഓരോ ദിവസവും അതിരാവിലെ ആയിരക്കണക്കിന് ഇലക്ട്രിക് മോട്ടോറുകൾ മൂളിക്കറങ്ങി ലക്ഷക്കണക്കിനു ലൈററുകൾ പ്രകാശിക്കാൻ തുടങ്ങുമ്പോൾ ഭൂഗർഭ കൊട്ടാരങ്ങളിലൂടെ ജനലക്ഷങ്ങൾ യാത്ര തുടങ്ങും. പിന്നെ ഏതാണ്ട് 3,200 റെയിൽവേ കമ്പാർട്ടുമെൻറുകൾ ദിവസം മുഴുവൻ വാതിലുകൾ തുറക്കാനും അടയ്ക്കാനും തുടങ്ങും. ഇതെല്ലാം സാധ്യമാകുന്നത് വൈദ്യുതി മുഖാന്തരമാണ്. ഭീമമായ അളവിൽ വൈദ്യുതി ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്.
ഈ പ്രവർത്തനം വളരെയധികം താപം ഉത്പാദിപ്പിക്കുന്നു. അതു ഭാഗികമായി ചുററുപാടുമുള്ള ഭൂമി ആഗിരണം ചെയ്യുന്നു. എന്നാൽ തുരങ്കങ്ങളിലും സ്റേറഷനുകളിലും അമിതമായ ചൂടുണ്ടാക്കിയേക്കാവുന്ന അധിക ചൂടു സംബന്ധിച്ചോ? കൊട്ടാരങ്ങൾക്ക് ഉചിതമായിരിക്കുന്നതുപോലെ ഓരോ സ്റേറഷനും വായൂഗമനാഗമന സംവിധാനമുണ്ട്. അതു വായുവിനെ മണിക്കൂറിൽ നാലു തവണ പൂർണമായും മാററി ശുദ്ധീകരിക്കുന്നു. ശുദ്ധവായു എപ്പോഴും ലഭ്യമാണ്. മെട്രോ എത്ര തിരക്കുള്ളതായിത്തീർന്നാലും അതിന് യാതൊരു പ്രശ്നവുമില്ല. വാസ്തവത്തിൽ, മോസ്കോ മെട്രോയുടെ വായൂഗമനാഗമന സംവിധാനം ലോകത്തിലെതന്നെ ഏററവും ഉത്തമമായി പലരും കണക്കാക്കുന്നു.
ശൈത്യകാലത്ത് ഈ ചൂട് പ്രയോജനപ്രദമാണ്. ഉപരിതലത്തിലുള്ള കെട്ടിടങ്ങളും പ്രവേശനമാർഗങ്ങളും ഒഴിച്ച് യാതൊന്നിനും ചൂടുപിടിപ്പിക്കൽ സംവിധാനത്തിന്റെ ആവശ്യമില്ല. ട്രെയിനുകളും ജനക്കൂട്ടങ്ങളും, എന്തിന്, വസന്തകാലത്തും വേനൽക്കാലത്തും ചൂടു ശേഖരിച്ചുവയ്ക്കുന്ന ഭൂമിതന്നെയും ഉദാരമായി ചൂടു പുറപ്പെടുവിക്കുന്നു. ഭൂഗർഭ കൊട്ടാരങ്ങളെ സുഖപ്രദമാംവണ്ണം ചൂടുപിടിപ്പിക്കാൻ അതു മതിയാകും.
എല്ലാ വശത്തുനിന്നും പ്രശംസ
പ്രതീക്ഷിക്കാവുന്നതുപോലെ, ചിത്രങ്ങൾ സഹിതം വിവരണം നൽകുന്ന മെട്രോ ഗൈഡ്ബുക്ക് നിറയെ പ്രശംസകളാണ്: “ലോകത്തിലെതന്നെ അതിസുന്ദരമായ ഒന്നായി മോസ്കോ മെട്രോ കണക്കാക്കപ്പെടുന്നു. സങ്കീർണമായ റെയിൽവേശൃംഖലയും വയറിങ്-പൈപ്പിങ് സംവിധാനവും കേബിളുകളും അടങ്ങിയ അതിന്റെ കൊട്ടാരംപോലുള്ള സ്റേറഷനുകൾ തീർച്ചയായും മികവുററ കലാപരമായ ഉദ്യമത്തിന്റെയും എഞ്ചിനിയറിങ് വൈദഗ്ധ്യത്തിന്റെയും പ്രതീകമാണ്. ഇവ സ്റേറഷനുകളെക്കാൾ ഉപരി, മാർബിൾ, ഗ്രാനൈററ്, സ്ററീൽ, ടൈൽസ് എന്നിവ ആകർഷകമാംവിധം ആടയണിയിക്കുന്ന പകർത്താനാവാത്ത ചാരുതയുടെയും സൗന്ദര്യത്തിന്റെയും ശിൽപ്പവിദ്യാപരമായ മകുടോദാഹരണങ്ങളാണ്. പുതിയ മാതൃകകളിലുള്ള ലൈററിങ് സംവിധാനം, കൊത്തുപണികൾ, മൊസൈക്ക്, വാർപ്പ്, പാനലിങ്, നിറം പിടിപ്പിച്ച ഗ്ലാസ്സ്, കലാശിൽപ്പ വേലകൾ എന്നിവയാണ് ഇതിനു നിദാനം. രാജ്യത്തെ മിടുമിടുക്കരായ ശിൽപ്പികളും കലാകാരൻമാരും അതിന്റെ ഡിസൈനിങ്ങിലും അലങ്കാരത്തിലും തങ്ങളുടെ പങ്കു വഹിച്ചു.” അവരിൽ കൊത്തുപണിക്കാരും ഉൾപ്പെടുന്നു.
ഇപ്പോൾ, മോസ്കോ സന്ദർശിച്ച് മെട്രോ കണ്ടതുകൊണ്ട് ഞാനതിനോടു തീർച്ചയായും യോജിക്കുന്നു. കൺവെൻഷനു വന്ന എന്റെ കൂട്ടുപ്രതിനിധികളിൽ പലരിലും അതു മതിപ്പുളവാക്കി. ഒരു ജർമൻകാരൻ എന്നോടു പറഞ്ഞു: “മനോഹരമായ അനേകം ദീപശിഖകളോടുകൂടിയ ഒരു സംഗീതഹാളിലേക്കു പ്രവേശിച്ചതുപോലെ എനിക്കു തോന്നി. അത് എന്റെ മനം കവർന്നു.” മെട്രോയിലെ സമയകൃത്യതയും ശുചിത്വവും ഫലപ്രദത്വവും ഐക്യനാടുകളിൽനിന്നുള്ള ഒരു സന്ദർശകനിൽ മതിപ്പുളവാക്കി. ദൂരസ്ഥലമായ സൈബീരിയയിൽനിന്നുള്ള ഒരു കൺവെൻഷൻ പ്രതിനിധി അതിന്റെ അമ്പരപ്പിക്കുന്ന വലിപ്പത്തിലും ഭൂഗർഭ കെട്ടിടങ്ങളുടെ വ്യാപ്തിയിലും അമ്പരന്നുപോയി.
നിങ്ങൾ എന്നെങ്കിലും മോസ്കോയിൽ പോയാൽ, ഈ കണ്ണഞ്ചിപ്പിക്കുന്ന ഭൂഗർഭ കൊട്ടാരങ്ങൾ സന്ദർശിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഓർക്കുക: “ഒരു സംഗതിയെക്കുറിച്ചു നൂറ് തവണ കേൾക്കുന്നതിനെക്കാൾ ഏറെ നല്ലത് സ്വന്തം കണ്ണുകൾകൊണ്ട് ഒരു തവണ കാണുന്നതാണ്.”
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sovfoto/Eastfoto
[16, 17 പേജുകളിലെ ചിത്രങ്ങൾ]
മോസ്കോയിലെ ചാരുതയാർന്ന ഭൂഗർഭ റെയിൽവേ സ്റേറഷനുകളിൽ ചിലത്
[കടപ്പാട്]
Photo credits (clockwise from top left): Laski/Sipa Press; Sovfoto/Eastfoto; Sovfoto/Eastfoto; Laski/Sipa Press; Laski/Sipa Press; Sovfoto/Eastfoto