മോസ്കോ
കാലത്തെ അതിജീവിച്ച ഒരു നഗരം അതിന്റെ 850-ാം വാർഷികം
“സ്നേഹിതാ എന്റെയടുത്തേക്ക്, മോസ്കോയിലേക്കു വന്നാലും.” ചരിത്രത്തിന്റെ ഏടുകളിൽ മോസ്കോയെ കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണപ്പെടുന്നത് 1147-ൽ യൂറായ് ഡൽഗരൂക്കി, കൂട്ടുകാരനായ രാജകുമാരന് നൽകിയ ഈ ക്ഷണക്കത്തിലാണ്. അന്ന്—850 വർഷം മുമ്പ്—ആണ് റഷ്യയുടെ തലസ്ഥാനനഗരിയായ മോസ്കോ സ്ഥാപിതമായത് എന്ന് അംഗീകരിക്കപ്പെടുന്നുവെങ്കിലും അതിനും ഏറെ നാൾ മുമ്പുതന്നെ ഈ പ്രദേശത്ത് ഒരു ഗ്രാമം സ്ഥിതിചെയ്തിരുന്നതായി പുരാവസ്തു തെളിവുകൾ കാണിക്കുന്നു.
മോസ്കോയുടെ 850-ാം വാർഷികത്തിനായി നോക്കിപ്പാർത്തിരിക്കേ, നൂറു കണക്കിന് കെട്ടിടങ്ങൾ—സ്റ്റേഡിയങ്ങൾ, തീയേറ്ററുകൾ, പള്ളികൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, പൊതുമന്ദിരങ്ങൾ എന്നിവ—പുതുക്കിപ്പണിയുകയും പൊളിച്ചുപണിയുകയുമൊക്കെ ചെയ്തു. എത്ര വിസ്മയാവഹമായ മാറ്റം! “മുഴു കെട്ടിടങ്ങളുംതന്നെ തിരിച്ചറിയാനാകാത്തവിധം മാറിപ്പോയിരിക്കുന്നു,” ഒരു മോസ്കോക്കാരി അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ ജൂണിൽ മോസ്കോ സന്ദർശിച്ചപ്പോൾ റെഡ് സ്ക്വയറിനടുത്തായി, നഗരത്തിന്റെ മധ്യഭാഗത്തുടനീളം പുനഃനിർമാണ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാരെ ഞങ്ങൾ കണ്ടു. 24 മണിക്കൂറും പണി നടന്നിരുന്നു. കൂടാതെ എല്ലായിടത്തും—കടകളുടെ ജനാലകളിലും ഭൂഗർഭറെയിൽപ്പാതയിലും വിളക്കുകാലുകളിലും വിൽപ്പനച്ചരക്കുകളിലും—850-ാം വാർഷികം പരസ്യപ്പെടുത്തിയിരുന്നു. മോസ്കോയിൽ ഞങ്ങൾ കാണാൻ പോയ ഒരു സർക്കസ്സിൽപ്പോലും ഇതിനെക്കുറിച്ചു പരാമർശമുണ്ടായി.
850-ാം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ആഘോഷങ്ങളിൽ പങ്കെടുക്കാനായി സെപ്റ്റംബറോടെ ലോകമെമ്പാടുനിന്നും ആയിരക്കണക്കിനു സന്ദർശകർ വന്നെത്തിയപ്പോൾ മോസ്കോയുടെ ദൃശ്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. അതേ, മോസ്കോയുടെ ചരിത്രത്തിലുടനീളമുണ്ടായിട്ടുള്ള പ്രതികൂല കാലഘട്ടങ്ങളെ അത് അതിജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് ഒരു ബൈബിൾ പണ്ഡിതൻ ബൈബിളിലെ “അർമഗെദോ”നുമായി ബന്ധപ്പെട്ട ഒരു “യുദ്ധ”ത്തെക്കുറിച്ച് അഭിപ്രായപ്പെട്ടപ്പോൾ മോസ്കോയുടെ ചരിത്രത്തിലെ അത്തരമൊരു കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്നു വ്യക്തം. (വെളിപ്പാടു 16:14, 16, ജയിംസ് രാജാവിന്റെ ഭാഷാന്തരം) അർമഗെദോന്റെ സ്ഥലം മോസ്കോ ആണെന്നു ചിലർ തറപ്പിച്ചു പറഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു, വ്യക്തിപരമായി അദ്ദേഹം ആ വീക്ഷണത്തോടു യോജിച്ചിരുന്നില്ലെങ്കിൽത്തന്നെയും.a
ചിലർ അങ്ങനെ അവകാശപ്പെട്ടത് എന്തുകൊണ്ടായിരുന്നു? രസകരവും പലപ്പോഴും ദുരന്തപൂർണവുമായിരുന്ന മോസ്കോയുടെ ചരിത്രം പരിചിന്തിക്കുക.
മുൻ വർഷങ്ങളെ അതിജീവിച്ചിരിക്കുന്നു
പ്രമുഖ നദികളും (ഓക്ക, വോൾഗ, ഡോൺ, നീപ്പർ എന്നിവ) പാതകളും സന്ധിക്കുന്ന ഒരു സുരക്ഷിത സ്ഥാനത്താണ് മോസ്കോ സ്ഥിതിചെയ്യുന്നത്. ഡൽഗരൂക്കി രാജകുമാരനാണ് “മോസ്കോ പട്ടണത്തിന്റെ അടിസ്ഥാനമിട്ടത്” എന്ന് 1156-ലെ ഒരു വൃത്താന്തം റിപ്പോർട്ടു ചെയ്യുന്നു. മേൽഭാഗം തടികൊണ്ടു നിർമിച്ച ആദ്യത്തെ മൺകൊത്തളങ്ങൾ പണിതത് അദ്ദേഹമാണെന്ന് അതു വ്യക്തമാക്കുന്നു. ഈ ക്രെംലിൻ അഥവാ കോട്ട മാസ്ക്വാ നദിയുടെയും ന്യെഗ്ലീനയ എന്നു പേരുള്ള ഒരു കൊച്ചു പോഷകനദിയുടെയും ഇടയ്ക്കായി ത്രികോണാകൃതിയിലുള്ള ഒരു സ്ഥലത്തായിരുന്നു സ്ഥിതിചെയ്തിരുന്നത്.
സങ്കടകരമെന്നു പറയട്ടെ, വെറും 21 വർഷങ്ങൾക്കുശേഷം അയൽദേശമായ റ്യാസാനിലെ രാജകുമാരൻ “മോസ്കോയിൽ വന്ന് പട്ടണം മുഴുവൻ ചുട്ടെരിച്ചു.” മോസ്കോ പുനഃനിർമിക്കപ്പെട്ടുവെങ്കിലും 1237 ഡിസംബറിൽ, പുകഴ്പെറ്റ ഗെങ്കിസ്ഖാന്റെ പൗത്രനായ ബാട്ടുഖാന്റെ നേതൃത്വത്തിൽ മംഗോളിയർ വീണ്ടും മോസ്കോ പിടിച്ചെടുത്ത് അതു ചുട്ടുചാമ്പലാക്കി. 1293-ൽ മംഗോളിയർ ആ നഗരം കൊള്ളയടിക്കുകയും ചെയ്തു.
ഇത്ര കനത്ത പ്രഹരമേറ്റിട്ടും മോസ്കോ അതിജീവിച്ചത് നിങ്ങൾക്ക് ശ്രദ്ധേയമായി തോന്നുന്നുണ്ടോ? 1326-ൽ മോസ്കോയുടെ രാജകുമാരനായ ഇവാൻ കലിറ്റ, റഷ്യൻ ഓർത്തഡോക്സ് സഭയുടെ നേതാവിനെ മോസ്കോയിൽ താമസിപ്പിച്ചപ്പോൾ ആ നഗരം റഷ്യയുടെ മതപരമായ കേന്ദ്രമായും വികാസം പ്രാപിച്ചു.
ഒടുവിൽ, മഹാനായ ഇവാന്റെ ഭരണമായപ്പോഴേക്കും (1462 മുതൽ 1505 വരെ) മോസ്കോ മംഗോളിയരിൽനിന്നു സ്വാതന്ത്ര്യം നേടിക്കഴിഞ്ഞിരുന്നു. 1453-ൽ കോൺസ്റ്റാൻറിനോപ്പിൾ നഗരം (ഇന്നത്തെ ഇസ്റ്റാൻബുൾ) ഒട്ടോമൻ തുർക്കികൾ പിടിച്ചെടുത്തു. അങ്ങനെ ലോകത്തിൽ ശേഷിക്കുന്ന ഓർത്തഡോക്സ് സ്വേച്ഛാധികാരികൾ റഷ്യയിലെ ഭരണാധികാരികൾ മാത്രമായി. തത്ഫലമായി മോസ്കോ “മൂന്നാമത്തെ റോം” എന്ന് അറിയപ്പെടാൻ തുടങ്ങി. റഷ്യൻ ഭരണാധികാരികളെ സാർ ചക്രവർത്തിമാർ അഥവാ സീസർമാർ എന്നാണു വിളിച്ചിരുന്നത്.
മഹാനായ ഇവാന്റെ ഭരണത്തിന്റെ അവസാനത്തോടെ—ക്രിസ്റ്റഫർ കൊളംബസ് അമേരിക്കകളിലേക്കു സമുദ്രയാത്ര നടത്തുമ്പോൾ—ക്രെംലിന്റെ വലുപ്പം കൂട്ടി, ഇഷ്ടികകൊണ്ടുള്ള മതിലുകളും ഗോപുരങ്ങളും പണിതു. അവ ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു. മതിലുകൾക്ക് 2 കിലോമീറ്ററിലേറെ നീളവും 6 മീറ്റർവരെ വീതിയും 18 മീറ്റർ ഉയരവും ഉണ്ട്. ഏതാണ്ട് 70 ഏക്കർ വരുന്ന ക്രെംലിൻ പ്രദേശത്തിനു ചുറ്റുമാണ് അവ കെട്ടിയിരിക്കുന്നത്.
1500-കളുടെ മധ്യത്തോടെ മോസ്കോ ലണ്ടനെക്കാൾ വലുതാണെന്നു പറയപ്പെട്ടിരുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ 1547 ജൂൺ 21-ന് ദുരന്തം ആഞ്ഞടിച്ചു. നഗരം അഗ്നിക്കിരയായി, മുഴു ജനങ്ങളും ഭവനരഹിതരായെന്നുതന്നെ പറയാം. സാഹചര്യത്തിനൊത്ത് ഉയരാൻ കഴിവുള്ള മോസ്കോ നിവാസികൾ വീണ്ടും ആ നഗരം കെട്ടിപ്പെടുത്തു. ഇക്കാലത്തുതന്നെ പണിതതാണ് സെൻറ് ബേസിൽസ് കത്തീഡ്രൽ. കസാനിൽവെച്ച് ടാടാറുകളുടെ അഥവാ മംഗോളിയരുടെ മേൽ നേടിയ സൈനിക വിജയങ്ങൾ കൊണ്ടാടാനായിരുന്നു അത് പണികഴിപ്പിച്ചത്. ഇന്നുപോലും റെഡ് സ്ക്വയറിലെ ഈ അതുല്യ വാസ്തുശിൽപ്പം (1561-ഓടെ പണിതീർത്തത്) മോസ്കോയുടെ പരക്കെ അംഗീകരിക്കപ്പെടുന്ന പ്രതീകമാണ്.
ഏതാണ്ട് പത്തു വർഷത്തിനുശേഷം, 1571-ൽ പരിഭ്രാന്തി വിതച്ചുകൊണ്ട് മോസ്കോയിലേക്ക് ഇരച്ചുകയറിയ ക്രിമിയൻ മംഗോളിയർ അതിനെ കീഴടക്കി. വിശ്വസിക്കാനാകാത്തവിധത്തിലുള്ള പരിഭ്രാന്തിയാണ് അവരവിടെ വിതച്ചത്. ക്രെംലിൻ ഒഴികെ മറ്റെല്ലാംതന്നെ അവർ ചുട്ടുചാമ്പലാക്കി. 2,00,000 നഗരവാസികളിൽ 30,000 പേരേ രക്ഷപ്പെട്ടുള്ളൂവെന്ന് ചരിത്രം വെളിപ്പെടുത്തുന്നു. “മോസ്കോ നദി ശവശരീരങ്ങൾകൊണ്ട് നിറഞ്ഞതു കാരണം അതിന്റെ ഗതി തിരിച്ചുവിടേണ്ടിവന്നു. മൈലുകളോളം നദിയുടെ നിറം ചെമപ്പായിരുന്നു,” റഷ്യയുടെ ഉദയം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ടൈം-ലൈഫ് ബുക്സിന്റെ എഡിറ്റർമാർ റിപ്പോർട്ടു ചെയ്യുന്നു.
ഒരിക്കൽക്കൂടെ മോസ്കോ പുനഃനിർമിക്കേണ്ടി വന്നു. അതു പുനഃനിർമിക്കുകതന്നെ ചെയ്തു! കാലാന്തരത്തിൽ നഗരം ക്രെംലിനിൽനിന്നു പുറത്തേക്ക് വികാസം പ്രാപിച്ചു. കിറ്റൈഗൊറഡ്, വൈറ്റ് സിറ്റി, വുഡൻ സിറ്റി എന്നീ ഭാഗങ്ങൾക്കു ചുറ്റും മതിലുകളുമുണ്ടായിരുന്നു. സമാനമായ വൃത്താകാരമാണ് ഇന്നും മോസ്കോയ്ക്കുള്ളത്, മതിലുകൾക്കു പകരം ഇന്ന് ക്രെംലിനു ചുറ്റും റിങ്ങ്റോഡുകളാണുള്ളത്.
ഇക്കാലത്ത്, മഹാനായ ഇവാന്റെ പൗത്രനായ, ഭയങ്കരനായ ഇവാന്റെ ഭീകരവാഴ്ചക്കാലത്ത് മോസ്കോയിലെ ജനങ്ങൾ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. 1598-ൽ ഭയങ്കരനായ ഇവാന്റെ മകനും പിൻഗാമിയുമായ ഫ്യൊഡർ അവകാശിയില്ലാതെ മരിച്ചു. “റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വന്യവും പ്രക്ഷുബ്ധവുമായ കാലഘട്ടം” എന്ന് റഷ്യയുടെ ഉദയം വിളിക്കുന്ന “കഷ്ടങ്ങളുടെ കാലം” ആരംഭിച്ചത് അപ്പോഴാണ്. അത് 15 വർഷത്തോളം നീണ്ടുനിന്നു.
അസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്നു
ഫ്യൊഡറിന്റെ അളിയനായ ബോറിസ് ഗൊഡുനോവ് സിംഹാസനസ്ഥനായി അധികം താമസിയാതെ മോസ്കോ കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിട്ടു. 1602-ൽ ഏഴു മാസംകൊണ്ട് 50,000 പേർ മരിച്ചതായി പറയപ്പെടുന്നു. 1601-നും 1603-നും ഇടയ്ക്ക് മൊത്തം 1,20,000-ത്തിലേറെ ആളുകൾ മരണമടഞ്ഞു.
ആ ദുരന്തത്തെ തുടർന്ന്, ഭയങ്കരനായ ഇവാന്റെ മക്കളിലൊരുവനായ ഡമിട്രൈ രാജകുമാരനാണ് താനെന്ന് അവകാശപ്പെട്ട ഒരാൾ പോളണ്ടിലെ പട്ടാളക്കാരുടെ സഹായത്തോടെ റഷ്യ പിടിച്ചടക്കി. വാസ്തവത്തിൽ യഥാർഥ ഡമിട്രൈ 1591-ൽ കൊല്ലപ്പെട്ടതായി തെളിവുകൾ സൂചിപ്പിക്കുന്നു. 1605-ൽ ഗൊഡുനോവ് അവിചാരിതമായി മരണമടഞ്ഞപ്പോൾ ഡമിട്രൈയായി ചമഞ്ഞ വ്യക്തി മോസ്കോയിലേക്കു പ്രവേശിച്ച് സാർ കിരീടമണിഞ്ഞു. വെറും 13 മാസത്തെ ഭരണത്തിനുശേഷം എതിരാളികളുടെ കരങ്ങളാൽ അയാൾ വധിക്കപ്പെട്ടു.
തുടർന്ന് മറ്റു പലരും സിംഹാസനത്തിന് അവകാശികളായി ചമഞ്ഞു. മറ്റൊരു വ്യാജ ഡമിട്രൈയും അക്കൂട്ടത്തിൽ പെടുന്നു. അയാൾക്കും പോളണ്ടിന്റെ പിന്തുണയുണ്ടായിരുന്നു. ചതിയും ആഭ്യന്തര യുദ്ധവും കൊലയും കൊടികുത്തി വാണു. 1609-ൽ, രാജാവായ സിഗ്മുണ്ട് മൂന്നാമൻ വാസ റഷ്യ പിടിച്ചെടുത്തു. കാലാന്തരത്തിൽ അദ്ദേഹത്തിന്റെ മകനായ വ്ളഡിസ്ലഫ് നാലാമൻ വാസയെ റഷ്യയുടെ സാർ ചക്രവർത്തിയായി അംഗീകരിക്കണമെന്ന ഒരു ഉടമ്പടിയുണ്ടാക്കി. 1610-ൽ പോളണ്ടുകാർ മോസ്കോയിലേക്കു പ്രവേശിച്ചപ്പോൾ ആ നഗരം പോളണ്ടിന്റെ അധീനതയിലായി. എന്നാൽ താമസിയാതെ റഷ്യക്കാർ പോളണ്ടുകാർക്കെതിരെ സംഘടിച്ച് 1612-ന്റെ അവസാനത്തോടെ അവരെ മോസ്കോയിൽനിന്നു തുരത്തി.
ഈ ഭയാനക കാലഘട്ടം മോസ്കോയെ ‘മുൻ തെരുവുകളുടെ സ്ഥാനത്ത് മൈലുകളോളം മുൾച്ചെടികളും കളകളും വളർന്നുനിൽക്കുന്ന ഒരു പാഴ്നില’മാക്കി മാറ്റി. വുഡൻ സിറ്റിയുടെ മതിലുകൾ അഗ്നിക്കിരയാക്കിയിരുന്നു, ക്രെംലിൻ കെട്ടിടങ്ങൾ കേടുപാടുകൾ പോക്കാത്ത അവസ്ഥയിലായിരുന്നു. അവിടം സന്ദർശിച്ച സ്വീഡൻകാരനായ ഒരു നയതന്ത്ര പ്രതിനിധി ഇപ്രകാരം നിഗമനം ചെയ്തു: “പ്രസിദ്ധമായ മോസ്കോ നഗരത്തിന്റെ ഭയങ്കരവും ദുരന്തപൂർണവുമായ അന്ത്യം.” എന്നാൽ അദ്ദേഹത്തിനു തെറ്റുപറ്റി.
റോമനോഫ് കുടുംബത്തിൽനിന്നുള്ള റഷ്യക്കാരനായ ഒരു സാർ ചക്രവർത്തി 1613-ൽ തെരഞ്ഞെടുക്കപ്പെട്ടു. റോമനോഫ് സാർ ചക്രവർത്തിമാരുടെ ഈ വംശം 300-ലേറെ വർഷം നിലനിന്നു. നശീകരണത്തിന്റെ ഫലമായി പുതിയ സാർ ചക്രവർത്തിയായ മിഖായേലിന് “താമസിക്കാൻ ഒരിടമുണ്ടായിരുന്നില്ല” എന്നു പറയപ്പെട്ടിരുന്നെങ്കിലും മോസ്കോ വീണ്ടും പുനഃനിർമിക്കപ്പെട്ടു, വീണ്ടും അത് ലോകത്തിലെ ഒരു പ്രധാന നഗരമായി മാറി.
1712-ൽ മിഖായേലിന്റെ പൗത്രനായ, മഹാനായ പീറ്റർ എന്ന സാർ ചക്രവർത്തി റഷ്യയുടെ തലസ്ഥാനം മോസ്കോയിൽനിന്ന്, ബാൾട്ടിക് കടലിൽ സ്വന്തമായി പണികഴിപ്പിച്ച സെൻറ് പീറ്റേഴ്സ്ബർഗിലേക്കു മാറ്റി. എന്നാൽ മോസ്കോ റഷ്യയുടെ പ്രിയ “ഹൃദയമായി”ത്തന്നെ നിലനിന്നു. രാജ്യങ്ങൾ ഒന്നൊന്നായി വെട്ടിപ്പിടിച്ചിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഇങ്ങനെ പറഞ്ഞത്രേ: ‘ഞാൻ പീറ്റേഴ്സ്ബർഗ് പിടിച്ചെടുക്കുകയാണെങ്കിൽ റഷ്യയുടെ തലയായിരിക്കും കൊയ്യുന്നത്. മോസ്കോയാണ് പിടിച്ചെടുക്കുന്നതെങ്കിൽ അതിന്റെ ഹൃദയമായിരിക്കും തകർക്കുന്നത്.’
നെപ്പോളിയൻ മോസ്കോ പിടിച്ചെടുക്കുകതന്നെ ചെയ്തെങ്കിലും ചരിത്രം സൂചിപ്പിക്കുന്നതുപോലെ തകർന്നത് അദ്ദേഹത്തിന്റെ ഹൃദയമായിരുന്നു, മോസ്കോയുടേതായിരുന്നില്ല. മോസ്കോയിൽ അരങ്ങേറിയ സംഭവങ്ങൾ ഏറെ ഭയാനകമായിരുന്നു. ചിലർ മോസ്കോയെ അർമഗെദോനുമായി ബന്ധപ്പെടുത്താനുള്ള കാരണം ഇതാണെന്നു പറയപ്പെടുന്നു.
മോസ്കോ ചാമ്പലിൽനിന്ന് ഉയിർക്കുന്നു
1812-ലെ വസന്തത്തിൽ 6,00,000 പേരടങ്ങുന്ന ഒരു സേനയുമായി നെപ്പോളിയൻ റഷ്യ പിടിച്ചടക്കി. ഒരു “ചാമ്പലാക്കൽ” നയം സ്വീകരിച്ചുകൊണ്ട് റഷ്യക്കാർ പിൻവാങ്ങുകയും അങ്ങനെ ശത്രുക്കൾക്കു യാതൊന്നും ശേഷിപ്പിക്കാതിരിക്കുകയും ചെയ്തു. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു മോസ്കോ ഫ്രഞ്ചുകാർക്കു വേണ്ടി ശേഷിപ്പിക്കാൻ തീരുമാനിച്ചു!
ഫ്രഞ്ചുകാർ മോസ്കോ ചുട്ടെരിക്കുന്നതിലും ഭേദം തങ്ങൾതന്നെ അതു ചെയ്യുന്നതാണെന്നു കരുതി മോസ്കോ പൗരന്മാർതന്നെ നഗരം ചുട്ടെരിച്ചതായി പല ആധികാരിക ഗ്രന്ഥങ്ങളും പറയുന്നു. “ഉഗ്രശക്തിയുള്ള കാറ്റ് തീ ആളിക്കത്തിച്ച് ഒരു നരകത്തിന്റെ പ്രതീതി ജനിപ്പിച്ചു,” ഒരു റഷ്യൻ ചരിത്രപുസ്തകം പറയുന്നു. ഫ്രഞ്ചുകാർ ഭക്ഷണമോ കാലിത്തീറ്റയോ ഒന്നുമില്ലാതെ വലഞ്ഞു. ഈ ചരിത്രപുസ്തകം വിവരിക്കുന്നതുപോലെ: “ഒരൊറ്റ ചാക്ക് ധാന്യപ്പൊടിയോ ഒരു വണ്ടി വൈക്കോലോപോലും റഷ്യക്കാർ ഫ്രഞ്ച് സൈന്യത്തിനു നൽകിയില്ല.” വേറെ പോംവഴിയൊന്നുമില്ലാഞ്ഞതിനാൽ മോസ്കോയിലേക്ക് വന്ന് ആറാഴ്ച തികയുന്നതിനുമുമ്പേ ഫ്രഞ്ചുകാർ അവിടം വിട്ടുപോയി, മടങ്ങിപ്പോക്കിനിടയിൽ അവരുടെ മുഴു സൈന്യത്തെയുംതന്നെ അവർക്കു നഷ്ടമായി.
തങ്ങളുടെ പ്രശസ്തമായ നഗരത്തെ സംരക്ഷിക്കാൻ മോസ്കോക്കാർക്ക് സാധിച്ചത് അവരുടെ ധൈര്യം നിമിത്തമാണ്. നിശ്ചയദാർഢ്യത്തോടെ ചാമ്പലിൽനിന്ന് അവരതിനെ ഉയിർപ്പിച്ചു. റഷ്യയുടെ മഹാകവിയായ അലക്സാണ്ടർ പുഷ്കിന് 13 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പ്രിയ ജന്മനാടായ മോസ്കോ നെപ്പോളിയൻ പിടിച്ചെടുക്കുന്നത്. മോസ്കോയെക്കുറിച്ച് അദ്ദേഹം എഴുതി: “ആ വാക്കു കേൾക്കേ ഓരോ വിശ്വസ്ത റഷ്യക്കാരന്റെയും മനസ്സിലണയുന്നത് എത്രയെത്ര ചിന്തകൾ! മുഴക്കമുള്ള എത്രയെത്ര പ്രതിധ്വനികൾ!”
അതിജീവനവും സമ്പദ്സമൃദ്ധിയും
1917-ൽ തുടങ്ങിയ റഷ്യൻ വിപ്ലവകാലത്ത് മോസ്കോ അനുഭവിച്ച കഷ്ടതകൾ ഇന്നു ജീവിക്കുന്ന പലരുടെയും ഓർമയിൽ ഉണ്ടായിരിക്കാം, അല്ലെങ്കിൽ അനേകരും സിനിമകളിൽ കണ്ടിരിക്കാം. എന്നിരുന്നാലും ആ നഗരം അതിജീവിക്കുക മാത്രമല്ല, സമ്പദ്സമൃദ്ധമായിത്തീരുകയും ചെയ്തു. ഒരു ഭൂഗർഭറെയിൽപ്പാത പണിതു, അതുപോലെതന്നെ നഗരത്തിലെ ജലവിതരണത്തിനായി മോസ്കോ-വോൾഗ കനാലും. നിരക്ഷരത തുടച്ചുനീക്കപ്പെട്ടു. 1930-കളുടെ അവസാനത്തോടെ മോസ്കോയിൽ ആയിരത്തിലധികം ഗ്രന്ഥശാലകൾ ഉണ്ടായിരുന്നു.
1937-ൽ, ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലെ ഒരു മുൻ മേയർ നിർമാണത്തിലിരിക്കുന്ന മോസ്കോ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “വൻയുദ്ധമൊന്നും ഉണ്ടാകാത്തപക്ഷം, . . . ദശവത്സരപദ്ധതിയുടെ അവസാനത്തിൽ മുഴു പൗരന്മാരുടെയും ആരോഗ്യം, ജീവിതസൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ അത് ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ആസൂത്രിത വൻനഗരമായിത്തീരും.”
എന്നാൽ 1941 ജൂണിൽ ജർമനി യാതൊരു കാരണവും കൂടാതെ റഷ്യയെ ആക്രമിച്ചു. വാസ്തവത്തിൽ ആക്രമണത്തിനു രണ്ടു വർഷംമുമ്പ് ജർമനി റഷ്യയുമായി ഒരു അനാക്രമണ ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നതാണ്. ഒക്ടോബറോടെ ജർമൻ പടയാളികൾ ക്രെംലിന്റെ 40 കിലോമീറ്റർ അടുത്ത് എത്തിച്ചേർന്നു. മോസ്കോയുടെ പതനം ഉറപ്പായിരുന്നതുപോലെ കാണപ്പെട്ടു. 45 ലക്ഷം വരുന്ന മോസ്കോ നിവാസികളിൽ പകുതിയോളവും ഒഴിച്ചുമാറ്റപ്പെട്ടു. ഏതാണ്ട് 500 ഫാക്ടറികൾ തങ്ങളുടെ യന്ത്രസാമഗ്രികൾ കിഴക്കൻ റഷ്യയിലെ പുതിയ സ്ഥലങ്ങളിലേക്ക് അയച്ചിരുന്നു. എങ്കിലും മോസ്കോ പിടിച്ചുനിന്നു. അക്ഷരാർഥത്തിൽ നഗരവാസികൾതന്നെ കിടങ്ങുകൾ കുഴിക്കുകയും പ്രതിരോധങ്ങളേർപ്പെടുത്തുകയും ജർമൻകാരെ തുരത്തുകയും ചെയ്തു.
മറ്റു പല റഷ്യൻ നഗരങ്ങളെയുംപോലെ മോസ്കോയും വല്ലാതെ കഷ്ടപ്പെട്ടു. 1930-കളിലും ’40-കളിലും അവിടെ താമസിച്ചിരുന്ന ഒരു അമേരിക്കൻ റിപ്പോർട്ടർ എഴുതുകയുണ്ടായി: “ഒരു നൂറ്റാണ്ടിനുള്ളിൽ ഇത്രയൊക്കെ അനുഭവിച്ചിട്ടും മോസ്കോ അതിജീവിച്ചതിൽ എനിക്ക് അത്ഭുതം തോന്നുന്നു.” മോസ്കോ, ആധുനിക ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നഗരങ്ങളിൽ ഒന്നായിത്തീർന്നത് ശരിക്കും ശ്രദ്ധേയമായ ഒരു സംഗതിതന്നെ.
ഇന്ന് മോസ്കോയിലെ ജനസംഖ്യ 90 ലക്ഷത്തിലധികമാണ്. 1,000 ചതുരശ്ര കിലോമീറ്ററാണ് അതിന്റെ വിസ്തീർണ്ണം. ന്യൂയോർക്ക് നഗരത്തെക്കാളും വലുപ്പവും ജനപ്പെരുപ്പവുമുണ്ട് ഈ നഗരത്തിന്. 100 കിലോമീറ്ററിലേറെ ദൂരം വരുന്ന ഒരു കൂട്ടം റിങ്റോഡുകൾ ക്രെംലിനെ വലയം ചെയ്യുന്നു. മോസ്കോയുടെ അതിർത്തിയായി വർത്തിക്കുന്നത് ഇവയാണെന്നുതന്നെ പറയാം. വീതിയേറിയ നടപ്പാതകൾ ഒരു ചക്രത്തിലെ കമ്പികൾപോലെ നഗരത്തിന്റെ മധ്യഭാഗത്തുനിന്നു പുറത്തേക്ക് നീണ്ടുകിടക്കുന്നു.
എങ്കിലും മിക്ക മോസ്കോക്കാരും നഗരത്തിന്റെ സവിശേഷതയാർന്ന ഭൂഗർഭറെയിൽപ്പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഒമ്പത് ലൈനുകളും ഏതാണ്ട് 150 സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന ഒന്നായി അതു വികാസം പ്രാപിച്ചിരിക്കുന്നു. നഗരത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും അത് ഉപയോഗപ്രദമാണ്. വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ, മോസ്കോയിലെ ഭൂഗർഭ സ്റ്റേഷനുകളെ “ലോകത്തിലെ ഏറ്റവും അലങ്കൃതമായവ” എന്നാണു വിളിക്കുന്നത്. ബഹുശാഖാദീപങ്ങളും പ്രതിമകളും വർണച്ചില്ലുകളും ധാരാളം വെണ്ണക്കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന ചില സ്റ്റേഷനുകൾ കൊട്ടാരങ്ങൾപോലെ തോന്നിക്കുന്നു. വാസ്തവത്തിൽ, ആദ്യത്തെ 14 സ്റ്റേഷനുകളിൽ മൊത്തം 70,000 ചതുരശ്ര മീറ്ററിലധികം വെണ്ണക്കൽ പതിച്ചിട്ടുണ്ട്, റൊമാനോഫുകൾ 300 വർഷംകൊണ്ടു പണിതിരിക്കുന്ന കൊട്ടാരങ്ങളിലുള്ളതിനെക്കാൾ അധികം വെണ്ണക്കൽ എന്നർഥം!
നഗരത്തിന് മിനുക്കുപണി
കഴിഞ്ഞ വേനൽക്കാലത്ത് ഇവിടം സന്ദർശിച്ചപ്പോൾ ഏറ്റവും വലിയ പുനരുദ്ധാരണ പദ്ധതികളിലൊന്നു കാണാൻ ഞങ്ങൾ ഭൂഗർഭറെയിൽപ്പാതയിലൂടെ യാത്രചെയ്തിരുന്നു—1,03,000 പേർക്ക് ഇരിക്കാവുന്ന ലെനിൻ സ്റ്റേഡിയം. 1950-കളിൽ മോസ്കോയുടെ തെക്കു ഭാഗത്താണ് അതു പണി കഴിപ്പിച്ചത്. ഞങ്ങൾ എത്തിച്ചേർന്നപ്പോൾ പുതിയ ഇരിപ്പിടങ്ങൾ ക്രമീകരിക്കുകയായിരുന്നു. വർഷത്തിലുടനീളം പരിപാടികൾ സംഘടിപ്പിക്കാൻ സാധ്യമാക്കിത്തീർക്കുന്ന തരത്തിലുള്ള, നീക്കാവുന്ന മേൽക്കൂര ഞങ്ങൾ ഭാവനയിൽ കണ്ടു.
ക്രെംലിനിൽനിന്നു റെഡ് സ്ക്വയറിനു കുറുകേയുള്ള പ്രഖ്യാതമായ ഗൂം ഡിപ്പാർട്ടുമെൻറ് സ്റ്റോറിന്റെ പൂമുഖവും മനോഹരമാക്കിയിരുന്നു. ക്രെംലിന്റെ മറുവശത്ത്, കഴിഞ്ഞ നൂറ്റാണ്ടിൽ നെഗ്ലിന്നായിലെ വെള്ളം തിരിച്ചുവിടുന്നതിനുമുമ്പുവരെ അത് ഒഴുകിക്കൊണ്ടിരുന്ന ഭാഗത്ത്, പരിസരം മോടിപിടിപ്പിക്കലിന്റെ ഭാഗമായി മുൻ നദിയെപ്പോലെ തോന്നിക്കുന്ന ഒരു നീർത്തോട് കൃത്രിമമായി നിർമിച്ചിരിക്കുന്നു. നീർത്തോടിന്റെ മറുകരയിലായി നിലകൊള്ളുന്ന, റെസ്റ്ററൻറുകളും മറ്റ് സൗകര്യങ്ങളുമുള്ള ഒരു കൂറ്റൻ ഭൂഗർഭ ബഹുനില ഷോപ്പിങ്മന്ദിരത്തിന്റെ പണി നടക്കുന്നുണ്ടായിരുന്നു. “യൂറോപ്പിലെ ഏറ്റവും വലിയ ഷോപ്പിങ് സെൻറർ,” എന്ന് മോസ്കോക്കാരനായ ഒരു എഴുത്തുകാരൻ അതിനെ വിളിച്ചു. എന്നാൽ അദ്ദേഹം കൂട്ടിച്ചേർത്തു: “അല്ലെങ്കിൽ മേയറിന്റെ ഓഫീസിലുള്ളവർ വിശ്വസിച്ചിരുന്നത് അങ്ങനെയാണ്.”
ക്രെംലിനിൽനിന്ന് അധികം ദൂരെയല്ലാതെ മറ്റൊരു പ്രദേശത്ത് എവിടെ നോക്കിയാലും ക്രെയിനുകൾ കാണാമായിരുന്നു. നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയായിരുന്നു. കുഴിച്ച സ്ഥലങ്ങളിൽനിന്ന് പുരാവസ്തു നിക്ഷേപങ്ങൾ കണ്ടെടുക്കുകയുണ്ടായി, 15-ാം നൂറ്റാണ്ടുമുതൽ 17-ാം നൂറ്റാണ്ടുവരെയുള്ള കാലയളവിലെ, 95,000 റഷ്യൻ, പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലെ നാണയങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
പള്ളികൾ പുതുക്കിപ്പണിയുകയും, ചിലത് പൊളിച്ചു പണിയുകയും ചെയ്യുന്നുണ്ടായിരുന്നു. റെഡ് സ്ക്വയറിലുണ്ടായിരുന്ന ലേഡി ഓഫ് കസാൻ കത്തീഡ്രൽ 1936-ൽ നശിപ്പിക്കപ്പെട്ടിരുന്നു. അതിന്റെ സ്ഥാനത്ത് ഒരു പൊതു കക്കൂസാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് പുനഃനിർമിക്കപ്പെട്ടിരിക്കുന്നു. നെപ്പോളിയന്റെ വിജയം കൊണ്ടാടാനായി പണി കഴിപ്പിച്ച, ക്രൈസ്റ്റ് ദ സേവിയർ എന്ന കൂറ്റൻ കത്തീഡ്രൽ 1931-ൽ മതവിരുദ്ധ കമ്മ്യുണിസ്റ്റ് പ്രചരണപരിപാടിയുടെ കാലത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഞങ്ങളുടെ സന്ദർശന സമയത്ത്, മുമ്പത്തെ അതേ സ്ഥാനത്തുതന്നെ അതു വീണ്ടും പണിയുകയായിരുന്നു, പണി ഏതാണ്ട് തീരാറായിരുന്നു. വെള്ളം ചൂടാക്കാനുള്ള സൗകര്യങ്ങളോടുകൂടിയ ഒരു കൂറ്റൻ വെളിമ്പ്രദേശ നീന്തൽക്കുളമായിരുന്നു വർഷങ്ങളായി അതിന്റെ സ്ഥാനത്തുണ്ടായിരുന്നത്.
നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര മനം കവരുന്നതായിരുന്നു, പ്രത്യേകിച്ചും വർഷാവസാനത്തോടെ മോസ്കോ കൈക്കൊള്ളാൻ പോകുന്ന നൂതന രൂപത്തെക്കുറിച്ചു ചിന്തിക്കവേ. എങ്കിലും മോസ്കോ ഞങ്ങൾക്ക് പ്രിയപ്പെട്ടതാകാൻ കാരണം അവിടുത്തെ ആളുകളാണ്. “മോസ്കോക്കാർ കാട്ടുന്ന സൗഹൃദത്തിൽ ഒരു സന്ദർശകൻ അത്ഭുതംകൂറും, സൗഹൃദം കാട്ടാൻ അവർക്ക് അസാമാന്യ കഴിവാണ്,” മോസ്കോയിലെ ഒരു ലേഖകൻ ഒരിക്കൽ അഭിപ്രായപ്പെട്ടു. അതു സത്യമാണെന്ന് ഞങ്ങൾ കണ്ടെത്തി, പ്രത്യേകിച്ചും ഒരു കൊച്ചു തീൻമേശയ്ക്കു ചുറ്റുമിരുന്ന് ഒരു റഷ്യൻ കുടുംബത്തിന്റെ ഊഷ്മളമായ സ്നേഹം ആസ്വദിക്കവേ.
സന്തോഷകരമെന്നു പറയട്ടെ, അർമഗെദോന്റെ—നമ്മുടെ സ്രഷ്ടാവ് മുഴുഭൂമിയെയും ശുദ്ധമാക്കുന്ന ഒരു യുദ്ധത്തിന്റെ—ശരിയായ അർഥം പല മോസ്കോക്കാരും മനസ്സിലാക്കിയിരിക്കുന്നു. ദൈവത്തെ യഥാർഥത്തിൽ സ്നേഹിക്കുന്ന എല്ലാവരും, മുൻവിധിയോടും സംശയത്തോടും കൂടെയല്ല മറിച്ച് പരസ്പരം സ്നേഹിക്കുകയും അവനെ ഐക്യത്തിൽ ആരാധിക്കുകയും ചെയ്യുന്ന ദൈവമക്കളെന്ന നിലയിൽ, പരസ്പരധാരണയോടും വിശ്വാസത്തോടും കൂടെ ഒന്നിച്ചു വസിക്കുന്ന ഒരു കാലത്തിന് അതു തുടക്കമിടും. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 2:17; വെളിപ്പാടു 21:3, 4)—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പുകൾ]
a ആഡം ക്ലാർക്കിന്റെ കമന്ററി ഓൺ ദ ഹോളി ബൈബിൾ, ഒറ്റവാല്യ പതിപ്പ്, 1349-ാം പേജ്.
[13-ാം പേജിലെ ചിത്രം]
സെൻറ് ബേസിൽസ് കത്തീഡ്രലും ക്രെംലിൻ മതിലുകളും, മോസ്കോയുടെ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന പ്രതീകങ്ങൾ
[15-ാം പേജിലെ ചിത്രം]
എല്ലായിടത്തും 850-ാം വാർഷികം പരസ്യപ്പെടുത്തിയിരിക്കുന്നു
[16-ാം പേജിലെ ചിത്രം]
പ്രഖ്യാതമായ ഗൂം ഡിപ്പാർട്ട്മെൻറ് സ്റ്റോർ പുതിയ രൂപത്തിൽ
[16, 17 പേജുകളിലെ ചിത്രം]
പല ഭൂഗർഭ റെയിൽവേസ്റ്റേഷനുകളും കൊട്ടാരങ്ങൾപോലെ തോന്നിക്കുന്നു
[കടപ്പാട്]
Tass/Sovfoto
[16, 17 പേജുകളിലെ ചിത്രം]
ലെനിൻസ്റ്റേഡിയം പുതുക്കിപ്പണിയുന്നു
[17-ാം പേജിലെ ചിത്രം]
ക്രെംലിനു പുറത്തായി മോടിപിടിപ്പിച്ചിരിക്കുന്ന പുതിയ സ്ഥലം
[18-ാം പേജിലെ ചിത്രം]
എവിടെ നോക്കിയാലും ക്രെയിനുകൾ, നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയായിരുന്നു