ഞങ്ങളുടെ വായനക്കാരിൽ നിന്ന്
സാർവദേശീയ കൺവെൻഷനുകൾ “ലോകത്തെ എന്ത് ഏകീകരിക്കും?” (ഡിസംബർ 22, 1993, ഇംഗ്ലീഷ്) എന്ന ലേഖനപരമ്പരയ്ക്കു വേണ്ടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കിഴക്കൻ യൂറോപ്പിലെ യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനുകളെ സംബന്ധിച്ചുള്ള ഭാഗം ഞാൻ ശരിക്കും ആസ്വദിച്ചു. യുദ്ധബാധിത പ്രദേശങ്ങളിലെ ചില ക്രിസ്ത്യാനികൾക്ക് അവയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നു കേട്ടത് പ്രോത്സാഹജനകമായിരുന്നു.
ഇ. ആർ., ഐക്യനാടുകൾ
ഞാനും എന്റെ ഭർത്താവും മുഴുസമയ ശുശ്രൂഷകരാണ്. ഒരു സാർവദേശീയ കൺവെൻഷനിൽ പ്രതിനിധികളായിരിക്കാൻ ഞങ്ങളുടെ ബജററ് ഞങ്ങളെ അനുവദിക്കാഞ്ഞതിൽ ഞങ്ങൾക്കു വ്യസനമുണ്ട്. എങ്കിലും നിങ്ങളുടെ ലേഖനങ്ങൾ വായിച്ചപ്പോൾ അത് എന്നെ കൺവെൻഷൻ പരിസരത്തു കൊണ്ടെത്തിച്ചു. ഒമ്പതാം പേജിൽ കാണിച്ചിരിക്കുന്ന ക്രിസ്തീയ സഹോദരിമാരോടൊപ്പം നിന്ന് ഞാൻ ഹാർദമായി ഗീതം ആലപിക്കുന്നതുപോലും എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞു. സ്ഥിരോത്സാഹം ഉള്ളവളായിരിക്കാൻ ഈ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു.
ഐ. എഫ്., ഫ്രാൻസ്
ആശയവിനിയമം “ആശയവിനിയമം വിവാഹജീവിതത്തിൽ” (ജനുവരി 22, 1994, ഇംഗ്ലീഷ്) എന്ന ലേഖനപരമ്പര വായിച്ചപ്പോൾ എനിക്കു മനസ്സിലായി, വിവാഹം കഴിച്ച് 28 വർഷമായിട്ട് ഞാൻ എന്റെ ഭാര്യക്ക് അവൾക്ക് ആവശ്യമായിരിക്കുന്ന സ്നേഹം കൊടുക്കുന്നില്ല എന്ന്. ആ സ്നേഹം കിട്ടാനായി അവൾ എപ്പോഴും ശ്രമിച്ചിരുന്നു. ഞാൻ അതെല്ലാം പക്വതയില്ലായ്മയായി തള്ളിക്കളഞ്ഞു. ദൈവം സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്ന വിധംതന്നെ മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. ഇനി മേലാൽ, എന്റെ ഭാര്യക്ക് ആവശ്യമായിരിക്കുന്ന സ്നേഹം നൽകാൻ ഞാൻ ശ്രമിക്കും. ഈ കൃത്യമായ അറിവിനു നന്ദി.
വൈ. കെ., ജപ്പാൻ
ഞാൻ ആ ലേഖനപരമ്പര എത്രമാത്രം ആസ്വദിച്ചു എന്ന് എനിക്കു നിങ്ങളോടു പറയാനാവുന്നില്ല. പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികവും ശാരീരികവുമായ വ്യത്യാസങ്ങളുടെ സൂക്ഷ്മപരിശോധന എന്നെ ഞെട്ടിച്ചു. എന്നെത്തന്നെ നോക്കി മെച്ചമായി മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. ഞാൻ വിവാഹിതയല്ല. എന്നാൽ മററാളുകളുടെ വീക്ഷണഗതികൾ മെച്ചമായി മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഡി. ആർ., ഇററലി
പുരുഷൻമാരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം വിലപ്പെട്ടതാണെന്നു നിങ്ങൾ പറയുന്നു. എന്നാൽ അനേകം സ്ത്രീകളും സ്വാതന്ത്ര്യത്തിനു വിലകൽപ്പിക്കുന്നതായി എനിക്കറിയാം. സ്ത്രീകളുടേതിൽനിന്ന് ധ്രുവാന്തരമുള്ളതായി നിങ്ങൾ പുരുഷൻമാരുടെ ചിന്തകളെയും വികാരങ്ങളെയും ആഗ്രഹങ്ങളെയും ചിത്രീകരിക്കുന്നത് എന്നെ അലോസരപ്പെടുത്തുന്നു.
യു. ബി., ജർമനി
“ഏതെങ്കിലും ഒരു സ്വഭാവവിശേഷം പൂർണമായും പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ പറയാൻ പററില്ലെന്നും അഗ്രാഹ്യമായ ‘മാതൃകാപുരുഷനോ മാതൃകാസ്ത്രീയോ’ മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ ഏടുകളിൽ മാത്രമേ സ്ഥിതിചെയ്യുന്നുള്ളു”വെന്നും ലേഖനം സമ്മതിച്ചു. “ജെറി-പാം” ദമ്പതികൾക്ക് ആരോപിച്ചിരിക്കുന്ന സ്വഭാവവിശേഷങ്ങൾ ഭാര്യാഭർത്താക്കൻമാർ വ്യക്തിപരമായി ആശയവിനിമയ ശൈലികളിൽ വ്യത്യാസപ്പെട്ടിരിക്കുന്ന വിധം ചിത്രീകരിക്കാൻ വേണ്ടി മാത്രമായിരുന്നു.—പത്രാധിപർ.
ആഫ്രിക്കൻ കളിപ്പാട്ടങ്ങൾ “ആഫ്രിക്കൻ കളിപ്പാട്ടങ്ങൾ സൗജന്യമായി” (മാർച്ച് 22, 1993, ഇംഗ്ലീഷ്) എന്ന ലേഖനം എന്റെ ബാല്യകാലത്തിന്റെ ഒരു അത്ഭുതകരമായ ജ്ഞാപകക്കുറി പോലെയായിരുന്നു. ആഫ്രിക്കയിലെ ഞങ്ങളുടെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കളിപ്പാട്ടങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമല്ലായിരുന്നു. അതുകൊണ്ട് ധനികരായ വെള്ളക്കാരുടെ കുട്ടികളെപ്പോലെ ആയിരിക്കുന്നതിനു ഞങ്ങൾ സമയം ചെലവഴിച്ച് കളിപ്പാട്ടങ്ങൾ തന്നെത്താൻ ഉണ്ടാക്കിയിരുന്നു. എന്നാൽ വീട്ടിലുണ്ടാക്കിയ ഞങ്ങളുടെ കളിപ്പാട്ടങ്ങൾ അവർ വിലമതിച്ചില്ല. എന്തായാലും, ലേഖനം എനിക്കു വലിയ സന്തോഷം കൈവരുത്തി.
എ. എ., കാമറൂൺ
പ്രശ്നങ്ങൾ പരിഹരിക്കൽ നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രദാനം ചെയ്യുന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന അനേകം നല്ല ലേഖനങ്ങൾക്കായി എനിക്കുള്ള നന്ദി രേഖപ്പെടുത്താനാണ് ഞാൻ ഇത് എഴുതുന്നത്. ഉണരുക!യുടെ ഏററവും പുതിയ ലക്കം ലഭിക്കുമ്പോൾ ഞാൻ ആദ്യം മറിക്കുന്നത് ഈ പരമ്പരയിലേക്കാണ്. “പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്ക് എന്നെ സഹായിക്കാൻ കഴിയും?” (ഡിസംബർ 8, 1993, ഇംഗ്ലീഷ്) എന്ന ലേഖനം ഞാൻ പ്രത്യേകാൽ വിലമതിച്ചു. ഞാൻ ഹൈസ്കൂളിലെ ഒരു സീനിയർ വിദ്യാർഥിനിയാണ്. എന്റെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് എന്നെ ആകുലചിത്തയാക്കുന്നു എന്നു പറഞ്ഞാൽ അധികമായിപ്പോകില്ല. ഞാനും എന്റെ മാതാപിതാക്കളും തമ്മിൽ എല്ലായ്പോഴും കാര്യങ്ങൾ തുറന്നു സംസാരിച്ചിരുന്നു. എന്നിട്ടും ചില സമയങ്ങളിൽ അവർ എന്നെ മനസ്സിലാക്കുന്നില്ലെന്ന് എനിക്കു തോന്നാറുണ്ട്. അവരോട് മാർഗനിർദേശം ആരായേണ്ടതും എന്റെ വികാരങ്ങളെയും ഉത്കണ്ഠകളെയും പററി അവരോടു സംസാരിക്കേണ്ടതും എത്ര പ്രധാനമാണെന്നു കാണാൻ ഈ ലേഖനം എന്നെ സഹായിച്ചു.
എച്ച്. എൽ., ഐക്യനാടുകൾ