ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ആശയവിനിയമം “വിവാഹബന്ധത്തിനുള്ളിലെ ആശയവിനിമയം” എന്ന ലേഖനപരമ്പര അടങ്ങിയ 1994 ജനുവരി 22 ലക്കം [ഇംഗ്ലീഷ്] എനിക്കിന്ന് ലഭിച്ചു. ഞാൻ എക്കാലത്തും വായിച്ചിട്ടുള്ളതിൽ ഒരുപക്ഷേ ഏററവും നല്ല ലേഖനപരമ്പരയാണ് അതിൽ അടങ്ങിയിട്ടുള്ളത്. ഞാനും ഭർത്താവും വിവാഹിതരായിട്ട് ഒന്നര വർഷം കഴിഞ്ഞു. ഞങ്ങൾ തമ്മിൽ വളരെ നല്ല ഒരു ബന്ധമുണ്ട്, തികച്ചും സന്തുഷ്ടരുമാണ്. എങ്കിലും ചിലപ്പോഴൊക്കെ വ്യക്തമായി ആശയവിനിയമം നടത്താൻ കഴിയാതെ വരാറുണ്ട്. ഇതു സംഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ച് ഉണരുക! ചില നല്ല ഉൾക്കാഴ്ചകൾ പ്രദാനം ചെയ്തു. മൂന്നാമത്തെ തവണ ആ ലേഖനങ്ങൾ ഞാൻ വായിച്ചുതുടങ്ങുന്ന ഈ വേളയിൽ കാലോചിതമായ ഇത്തരം വിവരങ്ങൾ പ്രദാനം ചെയ്തതിന് യഹോവക്കും നിങ്ങൾക്കും ഞാൻ നന്ദി പറയട്ടെ.
സി. എം., ഐക്യനാടുകൾ
ഒരു ക്രിസ്തീയ മൂപ്പനും മുഴുസമയ സുവിശേഷകനുമായ എന്റെ ഭർത്താവ് നല്ല നിലയ്ക്കാണു പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, ഞങ്ങൾ വിവാഹിതരായ അന്നു തൊട്ട് ഞങ്ങളുടെ ഇടയിൽ ആശയവിനിമയ വിടവ് ഉണ്ടായിരുന്നു. ചിലപ്പോൾ പന്തികേടുള്ള സമയങ്ങളും. ഈ ലേഖനങ്ങൾ പ്രശ്നത്തിന്റെ കാരണങ്ങൾ ഞങ്ങൾക്കു തുറന്നു കാട്ടിത്തരികതന്നെ ചെയ്തു. ഞങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൽ അവ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
സി. എ., ജപ്പാൻ
“പാമിന്റെ” പ്രതികരണങ്ങൾ വായിച്ചുകഴിഞ്ഞപ്പോൾ എന്റെ വികാരങ്ങൾ ഏറെ മെച്ചമായി വിവരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല എന്നു ഞാൻ മനസ്സിലാക്കി. എന്റെ ഭർത്താവിന്റെയും “ജെറി”യുടെയും കാര്യത്തിലും ഇതുതന്നെ പറയാൻ കഴിയും. ഈ ലേഖനം കേവലം ഫലങ്ങളെ ചികിത്സിക്കുന്നതിനെക്കാൾ അതിന്റെ കാരണത്തെ ചികിത്സിക്കാൻ സഹായിക്കുന്നു. ലേഖനങ്ങൾ ഈ പ്രധാന വിഷയത്തെ അവതരിപ്പിച്ച ആകർഷകമായ വിധം എന്നിൽ മതിപ്പുളവാക്കി.
ഇ. എഫ്., ഇററലി
ഇപ്പോൾ 17 വയസ്സുള്ള ഞാൻ കുറെ വർഷങ്ങൾ കഴിഞ്ഞിട്ടേ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നുള്ളൂ. എന്നിട്ടും, ആളുകൾ പ്രവർത്തിക്കുന്ന വിധം സംബന്ധിച്ച ഈ ആന്തരിക വീക്ഷണത്തെ ഞാൻ വളരെ വിലമതിച്ചു. അടുത്ത കുറെ വർഷത്തേക്ക് ഈ ലേഖനം ഇടയ്ക്കിടെ വായിക്കാൻ വേണ്ടി അതു സൂക്ഷിച്ചു വയ്ക്കാൻ പോകുകയാണ്. ഞാൻ വിവാഹം ചെയ്യാൻ സജ്ജമാകുമ്പോൾ എനിക്കിത് പ്രത്യേകിച്ചും ആവശ്യം വരും!
എൻ. ബി., ഐക്യനാടുകൾ
എന്റെ പിതാവ് മിക്കവാറും “ജെറി”യെപ്പോലെതന്നെയാണ്. എന്നാൽ, എന്നോട് സംസാരിക്കാതെ അദ്ദേഹം മൗനം ദീക്ഷിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ അവകാശമാണെന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ആ ലേഖനം ഉൾക്കാഴ്ച പകരുന്നതായിരുന്നെങ്കിലും താൻ ചെയ്യുന്നത് ശരിയാണെന്നു സ്ഥിരീകരിക്കാൻ അദ്ദേഹം അത് ഉപയോഗിച്ചേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.
എ. ബി., ഐക്യനാടുകൾ
ചില പ്രത്യേക വിധങ്ങളിൽ തോന്നാനോ പ്രവർത്തിക്കാനോ പുരുഷൻമാരും സ്ത്രീകളും ചായ്വ് കാണിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ വായനക്കാരെ സഹായിക്കുന്നതിന് ഈ ലേഖനങ്ങൾ ഒരു ശ്രമം നടത്തി. എന്നാൽ, പുരുഷൻമാർക്കോ സ്ത്രീകൾക്കോ ആശയവിനിയമം നടത്താതിരിക്കാനോ അനുചിതമായ പെരുമാററം കൈക്കൊള്ളാനോ ഉള്ള അവകാശം ഉണ്ടെന്നു ഞങ്ങൾ അർഥമാക്കിയില്ല. തങ്ങളുടെ ‘മക്കളെ പ്രകോപിതരാക്കാതിരിക്കാൻ’ തിരുവെഴുത്തുകൾ പിതാക്കൻമാരെ പ്രോത്സാഹിപ്പിക്കുന്നു. (കൊലോസ്യർ 3:21, NW) കുട്ടികൾ മാതാപിതാക്കളുടെ മാർഗനിർദേശം ആഗ്രഹിക്കുകയും അത് അവർക്ക് ആവശ്യമായിരിക്കുകയും ചെയ്യുമ്പോൾ ന്യായരഹിതമായി ദീർഘസമയം നിശബ്ദത പാലിക്കുന്നതിനെ അതു തള്ളിക്കളയുന്നു.—പ്രസാധകർ
ഈ ലേഖനങ്ങളെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ അടങ്ങുന്ന എഴുത്തുകളുടെ ഒരു പ്രവാഹം തന്നെയുണ്ടെന്ന് എനിക്കുറപ്പുണ്ട്. ദയവായി എന്റെ അഭിപ്രായങ്ങളും ഉൾപ്പെടുത്തുക. “ജെറി,” “പാം” എന്നിവരെക്കുറിച്ചുള്ള ലേഖനത്തിൽ, അവർക്കു പകരം എന്റെയും ഭാര്യയുടെയും പേരുകൾ നിങ്ങൾക്ക് ഇടാമായിരുന്നു. എന്റെ ഭാര്യയുടെ വികാരങ്ങൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാൻ എത്രമാത്രം ആശിക്കുന്നു! അവളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ എന്റെ ആവശ്യങ്ങൾ നടത്താൻ ഞാൻ എപ്രകാരം ആഗ്രഹിക്കുമോ അതുപോലെയായിരുന്നെന്നു മാത്രം, “ജെറി”യെപ്പോലെ. 20 വർഷം എന്റെ ഭാര്യയായിരുന്നവൾ ഇപ്പോൾ എന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു. ഒരുപക്ഷേ ഈ ലേഖനങ്ങൾ എന്റെ ഭാര്യയുടെ ഹൃദയത്തെയും സ്പർശിച്ചിരിക്കാം, ഞങ്ങളുടെ വിവാഹബന്ധത്തിന് വീണ്ടും ഒരു തുടക്കമിടാൻ ഇനി ഞങ്ങൾക്കു കഴിഞ്ഞേക്കും.
ജെ. കെ., ഐക്യനാടുകൾ
ബൈബിൾ പ്രശ്നോത്തരി 1994 ജനുവരി 8 [ഇംഗ്ലീഷ്] ലക്കത്തിലെ “നിങ്ങൾ എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ?” എന്ന ഇനം ഞാൻ ആസ്വദിച്ചു. ഞാൻ അതിന്റെ പകർപ്പുകളുണ്ടാക്കി സ്നേഹിതർക്കും കുടുംബാംഗങ്ങൾക്കും താത്പര്യമുള്ള മററു വ്യക്തികൾക്കും അയച്ചുകൊടുത്തു. ഓരോ തിരുവെഴുത്തും പരിശോധിക്കാനും അവർക്ക് ഉണ്ടായിരുന്നേക്കാവുന്ന ചോദ്യങ്ങൾ കുറിച്ചിടാനും ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. അത്തരം വ്യക്തികളുമായി ഒരു ബൈബിൾ ചർച്ച നടത്തുന്നതിനു പററിയ ഒരു മാധ്യമമാണ് അത്. ആ ഇനം തുടർന്നും പ്രസിദ്ധീകരിക്കുക!
എം. എസ്., ഐക്യനാടുകൾ