കാലിഫോർണിയയിലെ ഭൂകമ്പങ്ങൾഇനി വലുത് എപ്പോൾ?
നിലം ശക്തമായി കുലുങ്ങി. ഗ്യാസ് പൈപ്പുകൾ പൊട്ടിത്തകർന്നു. കെട്ടിടങ്ങൾ നിലംപൊത്തി. തീ ആളിക്കത്തി. ലോസാഞ്ചലസിൽ അടുത്ത കാലത്തുണ്ടായ ഭൂകമ്പമായിരുന്നോ അത്? അല്ല. അത് 1906 ഏപ്രിൽ 18-ന് സാൻഫ്രാൻസിസ്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പമായിരുന്നു. ആ ഭൂകമ്പവും അതേത്തുടർന്ന് മൂന്നു ദിവസം നീണ്ടുനിന്ന തീപിടുത്തവും നിമിത്തം നഗരമധ്യത്തിലുണ്ടായിരുന്ന 512 കെട്ടിടങ്ങൾ നശിക്കുകയും ഏതാണ്ട് 700 പേരുടെ ജീവനപഹരിക്കപ്പെടുകയും ചെയ്തു.
അത്തരം വിപത്തുകൾക്ക് എന്താണു കാരണം?
ടെക്റേറാണിക് ഫലകങ്ങളെ സംബന്ധിച്ച സിദ്ധാന്തം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതു വിശദീകരിക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നു. ഭൂമിയുടെ ബഹിർഭാഗം ഏതാണ്ട് 20 കടുപ്പമേറിയ ശിലാഫലകങ്ങളിൽ അഥവാ സ്ലാബുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് അവർ പറയുന്നു. ഇവ പരസ്പരം പിന്നിട്ട് സാവധാനം തെന്നിനീങ്ങുകയും ചില സ്ഥലങ്ങളിൽ ഒന്നു മറെറാന്നിന്റെ കീഴിലാവുകയും ചെയ്യുന്നു. പസഫിക് ഫലകം വടക്കേ അമേരിക്കൻ ഫലകത്തെയും പിന്നിട്ട് സാവധാനം വടക്കോട്ടു നീങ്ങിക്കൊണ്ടാണിരിക്കുന്നത്. ഈ രണ്ട് ഫലകങ്ങൾ തമ്മിൽ വഴുതിക്കിടക്കുന്ന മേഖലയെ സാൻ ആൻഡ്രിയാസ് വിള്ളൽ എന്നാണു വിളിക്കുന്നത്. ഏതാണ്ട് 1046 കിലോമീററർ നീണ്ടുകിടക്കുന്ന അതു കാലിഫോർണിയ കടലിടുക്കിന്റെ തലയ്ക്കൽനിന്ന് സാൻഫ്രാൻസിസ്കോയുടെ അടുത്തായി പസഫിക് മഹാസമുദ്രത്തിലേക്ക് അപ്രത്യക്ഷമാകുന്നു.
ഈ ഫലകങ്ങൾ വളരെ സാവധാനമാണു നീങ്ങുന്നത്. അതായത് നിങ്ങളുടെ കൈനഖം വളരുന്ന ഏതാണ്ടത്രയും നിരക്കിൽ—വർഷത്തിൽ ഏതാനും സെൻറിമീറററുകൾ. ഈ ഫലകങ്ങളിലൊന്ന് മറെറാന്നിനെ ഉരസിനീങ്ങാൻ ശ്രമിക്കുമ്പോൾ അവ ഒട്ടിപ്പിടിക്കുന്നു, ഇങ്ങനെ അനേകം വർഷങ്ങൾ കഴിയുമ്പോൾ അവിടെ സമ്മർദം രൂപംകൊള്ളുന്നു. ഒടുവിൽ സ്ഫോടനാത്മക ശക്തിയോടെ അവ പൊട്ടിത്തെറിച്ചേക്കാം.
സാൻ ആൻഡ്രിയാസ് വിള്ളൽ ലോസാഞ്ചലസിൽനിന്ന് 53 കിലോമീററർ വടക്കുകിഴക്കായുള്ള സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നത്. അതു പസഫിക് സമുദ്രത്തിലേക്കു നീണ്ടുകിടക്കുന്നതു സാൻഫ്രാൻസിസ്കോയുടെ സമീപത്തുകൂടിയാണ്. അപ്പോൾപ്പിന്നെ വലുത് എന്നു വിളിക്കപ്പെടുന്നതിനെക്കുറിച്ച് കാലിഫോർണിയക്കാർ ഉത്കണ്ഠാകുലരായിരിക്കുന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?
സാൻഫ്രാൻസിസ്കോ
1906-ൽ ഉണ്ടായ ഭൂകമ്പത്തിനുശേഷം സാൻ ആൻഡ്രിയാസ് വിള്ളലിന്റെ വടക്കേ അററം താരതമ്യേന ശാന്തമായി നിലകൊണ്ടു. അങ്ങനെയിരിക്കെ, 1989 ഒക്ടോബർ 17-ാം തീയതി വൈകുന്നേരം 5:04-ന്, ഏതാണ്ട് അഞ്ചു കോടി അമേരിക്കക്കാർ അതീവ താത്പര്യത്തോടെ ടെലിവിഷൻ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ബേസ്ബോൾ മത്സരത്തിന്റെ ലോക പരമ്പര കാണുകയായിരുന്നു അവർ. പൊടുന്നനേ ടിവി ക്യാമറകൾ തെറിക്കാൻ തുടങ്ങി. സാൻഫ്രാൻസിസ്കോയ്ക്ക് ഏതാണ്ട് 100 കിലോമീററർ തെക്കായി സാൻ ആൻഡ്രിയാസിന്റെ രണ്ടു വശങ്ങൾ വളരെ വേഗത്തിൽ പരസ്പരം കടന്നുപോയിരുന്നു. അത് 63 ആളുകൾ മരിക്കാനിടയായ ഒരു ഭൂകമ്പത്തിനു കാരണമായി. ഹൈവേകൾ തകർന്നു, വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു, ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി. എന്നാൽ ആ ഭൂകമ്പം, പ്രതീക്ഷിച്ചിരുന്ന വലിയ ഭൂകമ്പത്തിന് ഉണ്ടായിരിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞിരുന്ന ഭൂകമ്പമാപിനിയിലെ 8 എന്ന അളവിലും (മാഗ്നിററ്യൂഡ്) വളരെ കുറഞ്ഞ തോതിലുള്ള ഒന്നായിരുന്നു.a
ലോസാഞ്ചലസിനും സാൻഫ്രാൻസിസ്കോയ്ക്കും ഏതാണ്ടു മധ്യഭാഗത്തായി വരുന്ന കൊച്ചു പട്ടണമായ പാർക്ക്ഫീൽഡിനടുത്ത് 1988-നു മുമ്പോ ശേഷമോ ഉള്ള അഞ്ചു വർഷത്തിനുള്ളിൽ പരിമാണം 6 ഉള്ള ഒരു ഭൂകമ്പമുണ്ടാകുമെന്ന് 1985-ലെ വസന്തത്തിൽ യു.എസ്. ഭൂമിശാസ്ത്ര പഠനവിഭാഗം പ്രവചിച്ചിരുന്നു. പ്രതീക്ഷിച്ചിരുന്ന ഈ ഭൂകമ്പത്തോടു ബന്ധപ്പെട്ട് ഭൂമിക്കടിയിലുള്ള ചലനങ്ങളെക്കുറിച്ചു പഠിക്കുന്നതിനാൽ ഭൂകമ്പങ്ങളെക്കുറിച്ചു മുൻകൂട്ടിപ്പറയാനും ഒരുപക്ഷേ ഭൂകമ്പം ഉണ്ടാകുന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് മുന്നറിയിപ്പു കൊടുക്കാനും കഴിയുമെന്ന് അവർ ആശിച്ചിരുന്നു. ഈ ഗവേഷണപഠനത്തിനു വേണ്ടിവന്ന ചെലവ് 15 ദശലക്ഷം ഡോളറായിരുന്നു, എന്നാൽ ആ ഭൂകമ്പം ഒരിക്കലും ഉണ്ടായില്ല. യു.എസ്. ഭൂമിശാസ്ത്ര സർവേയിലെ വില്യം എൽസ്വർത്ത് ഒരിക്കൽ പറഞ്ഞതുപോലെ, “ഭൂകമ്പതരംഗങ്ങളെ മുൻകൂട്ടിപ്പറയുന്ന കൃത്യമായ ശാസ്ത്രമില്ല.”
ലാൻഡേഴ്സ് ഭൂകമ്പം
തെക്കൻ കാലിഫോർണിയയിലെ മഹാവി മരുഭൂമിയിലുള്ള ലാൻഡേഴ്സിനടുത്ത് ആളുകൾ അങ്ങിങ്ങായി പാർത്തിരുന്ന മേഖലയിൽ 7.5 പരിമാണത്തിലുള്ള ഒരു ഭൂകമ്പം 1992 ജൂൺ 28-ന് ഉണ്ടാകുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഈ ഭൂകമ്പത്തെക്കുറിച്ച് ടൈം മാഗസിൻ ഇപ്രകാരം പറഞ്ഞു: “അതിഭയങ്കരമായ ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് റോഡുകളുടെ ഗതി തിരിച്ചുവിടുകയും വാഹനം പാർക്കു ചെയ്യുന്ന സ്ഥലങ്ങളെയും ഭൂദൃശ്യങ്ങളെയും തോന്നിയ വിധം ആക്കുകയും ചെയ്തു. എന്നാൽ അത്ഭുതകരമെന്നേ പറയേണ്ടൂ, ഒരാൾക്കേ ജീവൻ നഷ്ടമായുള്ളൂ.” ഈ പരിമാണത്തിലുള്ള ഒരു ഭൂകമ്പത്തിൽ ഈ നഷ്ടം നിസ്സാരമായിരുന്നു.
അതുകൊണ്ട് ഇതും ആ വലിയ ഭൂകമ്പമായിരുന്നില്ല. വാസ്തവത്തിൽ അത് സാൻ ആൻഡ്രിയാസ് വിള്ളലിൽപ്പോലുമല്ലായിരുന്നു, പിന്നെയോ അതിനു ചുററുമുള്ള ചെറിയ ഒരു വിള്ളലിലായിരുന്നു.
ലാൻഡേഴ്സ് ഭൂകമ്പവും ബിഗ് ബെയർ തടാകത്തിനടുത്തുണ്ടായ ഒരു ചെറിയ ഭൂകമ്പവും സാൻ ആൻഡ്രിയാസിന്റെ അടുത്തുള്ള ഭാഗങ്ങളെ സജീവമാക്കിയിരിക്കാൻ സാധ്യതയുണ്ട്. സാൻ ആൻഡ്രിയാസിന്റെ ഏററവും വടക്കുഭാഗത്തായി ഉറച്ചുപോയ ഫലകങ്ങൾ അടുത്ത 30 വർഷത്തിനുള്ളിൽ എപ്പോഴെങ്കിലും പൊട്ടിത്തകർന്ന് അയയാനുള്ള സാധ്യത 40 ശതമാനമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. ദീർഘനാളായി ഭയപ്പെട്ടിരുന്ന ഒരു വലിയ ഭൂകമ്പം ഉണ്ടാകാൻ അതു കാരണമായേക്കാം, ഭൂകമ്പമാപിനിയിൽ പരിമാണം 8 ഉള്ള ഒന്ന്. അതു ലാൻഡേഴ്സിൽ ഉണ്ടായതിനെക്കാൾ അഞ്ചു മടങ്ങ് ശക്തിയുള്ളതായിരുന്നേക്കാം.
ലോസാഞ്ചലസ്
ഈ വർഷം ജനുവരി 17-ന് രാവിലെ 4:31-ന് ലോസാഞ്ചലസ് ഒരു കുലുക്കത്തോടെ ഉണർന്നു. ലോസാഞ്ചലസിൽ ആളുകൾ തിങ്ങിപ്പാർത്തിരുന്ന സാൻ ഫെർണാൻഡോ താഴ്വരയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 18 കിലോമീററർ അടിയിൽ, ആഴത്തിൽ മറഞ്ഞുകിടക്കുന്ന ഒരു വിള്ളലിലൂടെ ഒരു ശിലാഫലകം 5.5 മീററർ തെന്നിയിറങ്ങിയതായി കരുതപ്പെടുന്നു. പത്തു സെക്കൻറ് നീണ്ടുനിന്ന ഈ ഭൂകമ്പത്തിന്റെ പരിമാണം 6.6 ആയിരുന്നു. അതു ചുരുങ്ങിയത് 57 പേരുടെ ജീവനപഹരിച്ചു. ദാരുണമെന്നു പറയട്ടെ, ആളുകൾ താമസിച്ചിരുന്ന ഒരു കെട്ടിടം തകർന്നുവീണപ്പോൾ നഷ്ടമായത് 16 പേരുടെ ജീവനാണ്. അതിജീവിച്ച ഒരു മനുഷ്യൻ വാഹനം പാർക്കു ചെയ്യുന്നതിനു നിർമിച്ച ഒരു സമുച്ചയത്തിന്റെ തകർന്നുവീണ 20 ടൺ കോൺക്രീററിനടിയിൽ എട്ടു മണിക്കൂർ കുരുങ്ങിപ്പോയി. ഒരു ഹൈവേ തകർന്നപ്പോൾ വടക്കൻഭാഗവുമായി ബന്ധിപ്പിക്കുന്ന നഗരത്തിന്റെ പ്രധാന പാത അടഞ്ഞുപോയി. പള്ളികളും വിദ്യാലയങ്ങളും കടകളും ഒരു വലിയ ആശുപത്രിയും അടച്ചിട്ടു. സാധാരണഗതിയിലെന്ന പോലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളാണ് ഏററവും ദുരിതമനുഭവിച്ചത്, കാരണം അവർ താമസിച്ചിരുന്നത് ഭൂകമ്പത്തെ അതിജീവിക്കുന്ന ആധുനിക കെട്ടിടനിർമാണവിദ്യകൾ ആവിഷ്കരിക്കപ്പെടുന്നതിനു മുമ്പു നിർമിച്ച പഴയ കെട്ടിടങ്ങളിലാണ്.
ഒരു പ്രമുഖ നഗരത്തിന്റെ നേരെ അടിയിലുള്ള താരതമ്യേന ചെറിയ വിള്ളലുകൾ നിമിത്തം പോലും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഈ ഭൂകമ്പം പ്രകടമാക്കി. എന്നാൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവർ അധികേന്ദ്രത്തിൽ (epicenter) ആണ് വസിക്കുന്നതെങ്കിൽ ഏതൊരു ഭൂകമ്പവും വലുത് ആയിരിക്കാൻ കഴിയും!
കർശനമായ പ്രാദേശിക കെട്ടിടനിർമാണ നിയമങ്ങൾ ഇല്ലായിരുന്നെങ്കിൽ നാശം വളരെ കനത്തതാകുമായിരുന്നു. ഓരോ ഭൂകമ്പവും അടുത്ത തവണത്തേതിനെ നേരിടുക കൂടുതൽ എളുപ്പമാക്കിത്തീർക്കുന്ന പാഠങ്ങൾ പഠിപ്പിക്കുന്നു. മുൻ ഭൂകമ്പങ്ങൾക്കു ശേഷം ബലപ്പെടുത്തിയ ചില ഹൈവേ ഓവർബ്രിഡ്ജുകൾ ഈ ഭൂകമ്പത്തെ അതിജീവിച്ചുനിന്നു; മററുള്ളവ തകർന്നുവീഴുകയാണുണ്ടായത്. എന്നാൽ ഒരു വൻ നഗരത്തിനടുത്ത് ഇതിലും വലിയ ഒരു ഭൂകമ്പം—ശരിക്കും ഒരു വലുത്—ഉണ്ടാകുന്നപക്ഷം യഥാർഥ പരിശോധന വരാനിരിക്കുന്നതേയുള്ളൂ. ഒരുപക്ഷേ അതു വീണ്ടും ലോസാഞ്ചലസിലായിരിക്കുമോ?
ഇനി രണ്ടാമതൊരു വലുത് ഉണ്ടാകുമോ?
‘ഏയ്, ഇല്ല! മറെറാന്ന് ഉണ്ടാകില്ല! ഒന്നുതന്നെ അധികമാണ്!’ എന്നാൽ ചില ഭൂശാസ്ത്രജ്ഞർ അനതിവിദൂര ഭാവിയിൽ അത്തരമൊരു വലുത് കാണുന്നുണ്ട്. 1994 ജനുവരി 22-ലെ ന്യൂ സയൻറിസ്ററ് മാഗസിൻ ഇപ്രകാരം പറഞ്ഞു: “ലോസാഞ്ചലസിന് അടിയിലുള്ള അപകടകരമായ വിള്ളൽ സാൻ ആൻഡ്രിയാസ് വിള്ളലിൽ പ്രതീക്ഷിച്ചിരുന്നതു പോലെ എല്ലാ അംശത്തിലും വിനാശകരമായ ഒരു ‘വലിയ ഭൂകമ്പത്തിന്’ കാരണമായേക്കാമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. . . . ലോസാഞ്ചലസ് ബെയ്സിനിൽ പ്രത്യേകിച്ചും തിരശ്ചീന വിള്ളലുകൾ ധാരാളമുണ്ട്. കാരണം സാൻ ആൻഡ്രിയാസ് വിള്ളൽ—ഇത് മിക്ക സ്ഥലത്തും സംസ്ഥാനത്തുടനീളം വടക്കുനിന്ന് തെക്കോട്ടാണു പോകുന്നത്—ലോസാഞ്ചലസിൽ വെച്ച് പടിഞ്ഞാറോട്ടു വളയുന്നുണ്ട്, അത് ആ സ്ഥലത്തു കൂടുതൽ സമ്മർദത്തിനു കാരണമാകുന്നു. എങ്ങനെയായാലും, പസഫിക് ഫലകത്തിലെ സ്ഥാനഭ്രംശം സംഭവിക്കുന്ന കരഭാഗത്തിന് ഈ വളവും പിന്നിട്ട് വടക്കോട്ടുള്ള അതിന്റെ പ്രയാണം തുടർന്നേ പററൂ.”
പസഫിക് ഫലകം നീങ്ങിയപ്പോൾ, തിരശ്ചീന വിള്ളലുകളുടെ ഒരു ശൃംഖല ലോസാഞ്ചലസ് ബെയ്സിനിൽ രൂപംകൊണ്ടെന്നും ആ വിള്ളലുകളിലൊന്നാണ് ഈ വർഷാരംഭത്തിൽ ഉണ്ടായ ഭൂകമ്പത്തിനു കാരണമെന്നും ഭൂശാസ്ത്രജ്ഞർ കരുതുന്നു. ഒരാഴ്ച കഴിഞ്ഞ് ആ ഭൂകമ്പത്തെ സംബന്ധിച്ച് ന്യൂ സയൻറിസ്ററ് മാഗസിൻ രണ്ടാമത്തെ റിപ്പോർട്ടും പ്രസിദ്ധീകരിച്ചു: “അതിനു കാരണമായിരിക്കുന്ന വിള്ളൽ തിരശ്ചീന വിള്ളലാണെന്നു ശാസ്ത്രജ്ഞൻമാർ ഇപ്പോഴും വിശ്വസിക്കുന്നു. അവിടെവെച്ച് ഒരു ശിലാഫലകം മറെറാന്നിന്റെമേൽ വഴുതിക്കയറി. കഴിഞ്ഞ ആഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ സമയത്ത് അധികേന്ദ്രത്തിന്റെ വടക്കുള്ള സാൻറാ സൂസന്ന പർവതത്തിന്റെ ഉയരം ചുരുങ്ങിയത് 40 സെൻറിമീററർ [16 ഇഞ്ച്] വർധിച്ചു. അതേസമയം തന്നെ അതു വടക്കുദിശയിൽ 15 സെൻറിമീററർ [6 ഇഞ്ച്] നീങ്ങുകയും ചെയ്തു.”
ലോസാഞ്ചലസ് ബെയ്സിനു കുറുകെയുള്ള ചെറിയ തിരശ്ചീന വിള്ളലുകൾ, സാൻ ആൻഡ്രിയാസിൽ ഉണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്ന, പരിമാണം 8 ഉള്ള, ഭൂകമ്പത്തെപ്പോലെതന്നെ അപകടകരമായിരിക്കാമെന്നാണ് കാൾടെക്കിലെ ഒരു ഭൂശാസ്ത്രജ്ഞനായ കെറി സേ കരുതുന്നത്. എന്നിട്ട് ലോസാഞ്ചലസിനെ മനസ്സിൽ പിടിച്ചുകൊണ്ട് സേ ഇങ്ങനെ ചോദിക്കുന്നു: “വലിയ ഒരെണ്ണം, പരിമാണം 8 ഉള്ള ഒന്ന്, നഗരമധ്യത്തിൻ കീഴിൽ ഉണ്ടാകാൻ യഥാർഥത്തിൽ സാധ്യതയുണ്ടോ?” അവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ കാര്യം പരിചിന്തിക്കുമ്പോൾ ഇതൊരു ഞെട്ടിക്കുന്ന ചോദ്യമാണ്!
ചില ആളുകളുടെ കാര്യത്തിൽ കൊടുങ്കാറേറാ വെള്ളപ്പൊക്കമോ ചുഴലിക്കാറേറാ ആയിരിക്കുന്നതു പോലെ കാലിഫോർണിയക്കാരുടെ കാര്യത്തിൽ, ഭൂകമ്പങ്ങൾ അവരുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു.
[അടിക്കുറിപ്പുകൾ]
a “മാഗ്നിററ്യൂഡ്” എന്നതു മൊമെൻറ് മാഗ്നിററ്യൂഡ് സ്കെയിലിനെയാണു പരാമർശിക്കുന്നത്. ഇത് ഒരു വിള്ളലിലൂടെയുള്ള ശിലയുടെ വഴുതലിനെ നേരിട്ട് അടിസ്ഥാനമാക്കിയുള്ള സ്കെയിലാണ്. റിക്ടെർ സ്കെയിൽ ഭൂകമ്പതരംഗങ്ങളുടെ വ്യാപ്തി അളക്കുന്നു. അതുകൊണ്ട് അതു ഭൂകമ്പത്തിന്റെ തീവ്രതയുടെ പരോക്ഷമായ ഒരു അളവാണ്. മിക്ക ഭൂകമ്പങ്ങളുടെയും കാര്യത്തിൽ ഈ രണ്ടു സ്കെയിലുകളും സാധാരണമായി ഒരേ ഫലങ്ങളാണ് കാണിക്കാറുള്ളത്. എന്നിരുന്നാലും, മൊമെൻറ് മാഗ്നിററ്യൂഡ് സ്കെയിലാണ് കൂടുതൽ സൂക്ഷ്മതയുള്ളത്.
[16-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലോസാഞ്ചലസ് ബെയ്സിനിലെ തിരശ്ചീന വിള്ളലുകൾ
സാൻ ആൻഡ്രിയാസ് വിള്ളൽ
ലോസാഞ്ചലസ്
പസഫിക് മഹാസമുദ്രം
[15-ാം പേജിലെ ചിത്രം]
ലോസാഞ്ചലസിൽ 1994-ൽ ഉണ്ടായ ഭൂകമ്പം അവശേഷിപ്പിച്ച ഹൈവേ നാശനഷ്ടം
[കടപ്പാട്]
Hans Gutknecht/Los Angeles Daily News
[17-ാം പേജിലെ ചിത്രം]
1994-ലെ ഭൂകമ്പം നിമിത്തം പൊട്ടിത്തകർന്ന ഒരു ഗ്യാസ്ലൈനിൽനിന്നു തീജ്വാലകൾ ശക്തിയായി പുറത്തേക്കു തള്ളുന്നു
[കടപ്പാട്]
Tina Gerson/Los Angeles Daily News
[18-ാം പേജിലെ ചിത്രം]
പത്തു സെക്കൻറ് നീണ്ടുനിന്ന, പരിമാണം 6.6 ഉള്ള, ഒരു ഭൂകമ്പത്തെത്തുടർന്ന് തകർന്നടിഞ്ഞ ലോസാഞ്ചലസിലെ ഹൈവേയുടെ ഭാഗം
[കടപ്പാട്]
Gene Blevins/Los Angeles Daily News