ഭൂമിയുടെ നിഗൂഢ വിള്ളലുകൾ
ഒരു ശക്തമായ ഭൂകമ്പത്തിന്റെ ഫലമായി 1994 ആഗസ്റ്റ് 18-ന് അൾജീരിയയിൽ ചുരുങ്ങിയത് 171 ആളുകൾ മരിച്ചു. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ആയിരങ്ങൾ ഭവനരഹിതരാകുകയും ചെയ്തു. കുറേ ആഴ്ചകൾക്കുമുമ്പ്, ബൊളീവിയ, കൊളംബിയ, ഇൻഡോനേഷ്യ എന്നിവിടങ്ങളിലും വലിയ ഭൂകമ്പങ്ങൾ ഉണ്ടായി, ഇവ മൊത്തത്തിൽ അനേകശതം മനുഷ്യരുടെ ജീവനഷ്ടത്തിനിടയാക്കി.
ഈ വലിയ വിപത്തുകൾ സംഭവിച്ചതായി നിങ്ങൾ അറിഞ്ഞിരുന്നോ? നിങ്ങളെ അവ വ്യക്തിപരമായി ബാധിക്കുകയോ ഒരു അയൽരാജ്യത്തു ജീവിക്കുകയോ ചെയ്യുന്നില്ലങ്കിൽ അതിനു സാധ്യതയില്ല. നേരേമറിച്ച്, വലിയ ഭൂകമ്പങ്ങൾ യു.എസ്.എ.-യിലെ കാലിഫോർണിയ പ്രദേശത്ത് ഉണ്ടായപ്പോൾ വാർത്ത കാട്ടുതീപോലെ പരന്നതായി തോന്നി, അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ക്ഷണനേരംകൊണ്ടു ലഭ്യമായിത്തീരുകയും ചെയ്തു.
ദക്ഷിണ കാലിഫോർണിയപോലെ ശാസ്ത്രജ്ഞന്മാർ അത്രത്തോളം കൂലങ്കഷമായി പഠനവിധേയമാക്കിയിട്ടുള്ള മറ്റൊരു പ്രദേശവുമില്ല എന്നതാണു കാരണം; അവിടെ ഭൂകമ്പമാപിനിയിലെ 1.5 എന്ന അളവോളം തീവ്രത കുറഞ്ഞ ഭൂകമ്പങ്ങൾ വരെ രേഖപ്പെടുത്തുന്ന 700-ലധികം സീസ്മോമീറ്ററുകൾ ഉണ്ട്. ആ പ്രദേശത്തെ ഭൂമിശാസ്ത്രജ്ഞരുടെ പെരുപ്പമാണ് അവിടെനിന്നു ഭൂകമ്പത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ പ്രവഹിക്കുന്നതിനു കാരണം.
ഒരു സമീപകാല കണ്ടുപിടിത്തം
ഈ വിപുലമായ ഗവേഷണം ഭൂകമ്പങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും അത്യാഹിതങ്ങൾ തടയുന്നതിനു സമയത്തുതന്നെ അവയെ മുൻകൂട്ടിപ്പറയാൻ ശ്രമിക്കുന്നതിനുപോലും അനേകരാജ്യങ്ങളിൽ ശാസ്ത്രജ്ഞന്മാരെ നിസ്സംശയമായും സഹായിച്ചിട്ടുണ്ട്. ഓരോ വർഷവും വലിയ തോതിലുള്ള ഏതാണ്ട് 40 ഭൂകമ്പങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളെ കെടുതിയിലാഴ്ത്തുന്നതുകൊണ്ട്, അത്തരം സാങ്കേതികവിദ്യ മർമപ്രധാനമാണ്. ഫലത്തിൽ ഹാനികരമല്ലാത്ത ചെറിയ ഭൂകമ്പങ്ങളുമുണ്ട്, എങ്കിലും പ്രകമ്പനം അനുഭവപ്പെടുമാറ് അവ വലുതാണുതാനും. ഇവ വർഷത്തിൽ 40,000-ത്തിനും 50,000-ത്തിനും ഇടയ്ക്കു തവണ ഉണ്ടാകുന്നു!
ഭൂമിക്കടിയിലുള്ള വൻ ശിലാപാളികൾ അഥവാ സ്ലാബുകൾ സമ്മർദത്തിൻകീഴിൽ പൊട്ടിത്തകർന്നു പുതിയ സ്ഥാനങ്ങളിലേക്ക ഊറ്റമായി നീങ്ങുന്നതിന്റെ ഫലമാണു ഭൂകമ്പങ്ങളിൽ അധികപങ്കും. സാധാരണമായി, ഭൂമിയുടെ പുറന്തോടിലെ പൊട്ടലുകൾക്കൊപ്പം ഈ പ്രക്ഷുബ്ധതകൾ സംഭവിക്കുന്നു. ഈ പൊട്ടലുകൾ, വിള്ളലുകളെന്നറിയപ്പെടുന്നു.
മിക്കസമയത്തും ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങൾ എവിടെയെല്ലാം എന്നു നിർണയിക്കാൻ ആകുമാറ് ഈ വിള്ളലുകളുടെ സ്ഥലങ്ങൾ രേഖപ്പെടുത്താൻ ശാസ്ത്രജ്ഞന്മാർക്കു കഴിയുന്നുണ്ട്. “മിക്കസമയത്തും” എന്നു നാം പറയുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തങ്ങൾ ഒരിക്കൽ വിചാരിച്ചിരുന്നതുപോലെ തങ്ങളുടെ ഭൂപടങ്ങൾ അത്ര സമഗ്രമല്ലെന്ന് അടുത്തയിടെ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, കാലിഫോർണിയയിൽ നടന്നതായ ആഘാതം അളക്കാനായ ഭൂകമ്പങ്ങളിൽ അനവധിയും പുറമേ കാണപ്പെടാതെ പതിയിരുന്ന വിള്ളലുകളുടെ മുകളിലൂടെയാണു സംഭവിക്കുന്നതെന്ന അടുത്തകാലത്തെ വെളിപ്പെടൽ ശാസ്ത്രജ്ഞന്മാരെ അസ്വസ്ഥരാക്കുന്നു. പല കേസുകളിലും, ഭൂകമ്പത്തിന്റെ അപകടത്തിൽനിന്ന് ഏറെക്കുറെ വിമുക്തമെന്നു ഭൂശാസ്ത്രജ്ഞർ മുമ്പേ കരുതിയിരുന്ന പ്രദേശങ്ങളിലാണ് ഇതു സംഭവിക്കുന്നത്.
ഭൗമശാസ്ത്രജ്ഞരായ യു.എസ്. ജിയോളജിക്കൽ സർവേയിലെ റാസ് സ്റ്റീനും ഓറിജൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റോബെർട്ട് യീറ്റ്സും പറയുന്നപ്രകാരം, “അപായഭയത്തിനുപകരം പ്രശാന്തതയുടെ പ്രതീതി ഉണർത്തുന്ന, മെല്ലെ ഉയർന്നു താഴുന്ന തരംഗാകൃതിയിലുള്ളതോ മടക്കുകളുള്ളതോ ആയ ഭൂപ്രദേശം തെല്ലുമേ ഭീഷണി ഉയർത്തുന്നില്ലെന്നു തോന്നിയേക്കാം.” പക്ഷേ, അവരുടെ പഠനങ്ങൾ മടക്കുകളുള്ള പാറക്കൂട്ടത്തിന്റെ അടിയിൽ സജീവമായ ഭൂകമ്പ വിള്ളലുകൾ ഉള്ളതായി തിരിച്ചറിയിച്ചിട്ടുണ്ട്. എണ്ണ നിക്ഷേപങ്ങൾക്കായി അവയിലനേകവും ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു. കണ്ടുപിടിക്കാൻ കഴിയാത്തവിധം ഈ ഭൂഗർഭ വിള്ളലുകൾ മറഞ്ഞിരിക്കുന്നതെന്തുകൊണ്ട്? അവ എത്രത്തോളം ശക്തമായ ഒരു ഭീഷണിയാണ്?
അവഗണിക്കരുതാത്ത ഒരു ഭീഷണി
പാറകൾക്കു ഞെരിഞ്ഞമരാനും ഒരു പൊങ്ങിമടങ്ങിയ പരവതാനിപോലെയാകാനും കഴിയുമെന്നു ഭൂഗർഭ ശാസ്ത്രജ്ഞർ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതു കാലങ്ങളെടുത്തു ക്രമേണ ഉരുണ്ടുകൂടുന്ന ഒരു പ്രക്രിയയാണെന്നു സാധാരണമായി വിചാരിച്ചിരുന്നു. എന്നാൽ, പ്രവർത്തനക്ഷമമായ പാറമടക്കുകൾ വെറും സെക്കൻറുകൾക്കുള്ളിൽ അഞ്ചു മീറ്ററോളം മുകളിലേക്ക് ഊറ്റമായി പൊന്തിവരുന്നതായി അവയെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ കാണിച്ചിരിക്കുന്നു! ഈ മടക്കുപാളികളുടെ ഉരുണ്ടുകൂടൽ താഴെയുള്ള പാറക്കൂട്ടത്തെ ഞെരുക്കുന്നു. അതിന്റെ ഫലമായുണ്ടാകുന്ന സമ്മർദം മടക്കിനുതാഴെ പാറയെ ആഴത്തിൽ പൊട്ടിക്കുകയും ഒരു പാളി മറ്റൊന്നിന്റെ മുകളിലേക്കു പാഞ്ഞുകയറുകയും ചെയ്യുന്നു. ഹാനികരമല്ലെന്നു തോന്നുന്ന ഈ മടക്കുകളും അവയ്ക്കടിയിലായി പതിയിരിക്കുന്ന പ്രവർത്തനക്ഷമമായ വിള്ളലുകളും ഭാവി ഭൂകമ്പങ്ങളുടെ പണിപ്പുരകളാണ്. അവയെ കണ്ടുപിടിക്കുന്നതിനു ഭൂകമ്പശാസ്ത്രജ്ഞർക്ക് ഒരവസരം കിട്ടുന്നതിനു മുമ്പേ ഇതു സംഭവിക്കുന്നു. അത്തരം ഭൂഗർഭ വിള്ളലുകൾക്ക്, ഭൂമിയുടെ ഉപരിതലത്തിൽ ദൃശ്യമാകുന്ന കൂടുതൽ ശ്രദ്ധേയമായ വിള്ളലുകൾ ഉളവാക്കുന്നതുപോലെതന്നെയുള്ള ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാക്കാൻ കഴിയും.
ഒരു പതിയിരിക്കുന്ന വിള്ളലിന് എന്തു ചെയ്യാൻ കഴിയുമെന്നുള്ളതിന്റെ അടുത്തകാലത്തെ ഒരു ഉദാഹരണമാണ് 1994 ജനുവരി 17-നു ലോസാഞ്ചലസ് പ്രദേശത്തുണ്ടായ നോർത്റിഡ്ജ് ഭൂകമ്പം. ഭൂമിയുടെ അന്തർഭാഗത്ത് 8 തൊട്ട് 19 വരെ കിലോമീറ്ററുകൾ താഴെയായി വളരെ ആഴത്തിൽ രൂപംകൊണ്ട വിള്ളലായിരുന്നു ഭൂകമ്പത്തിനു കാരണമാക്കിയത്. ഭൂകമ്പത്തിനുമുമ്പ്, വിള്ളൽ നിലനിൽക്കുന്നതിനെക്കുറിച്ചു ശാസ്ത്രജ്ഞർക്ക് അറിവില്ലായിരുന്നു. ഈ നിഗൂഢ വിള്ളൽ ഭാരിച്ച സ്വത്തുനാശത്തിനും 9,000-ത്തിലധികം ആളുകൾക്കു പരുക്കേൽക്കുന്നതിനും 61 പേർ മരിക്കുന്നതിനും കാരണമായി.
കാലിഫോർണിയയിൽ മാത്രമല്ല, അൾജീരിയ, അർജൻറീന, അർമേനിയ, കാനഡ, ഇന്ത്യ, ഇറാൻ, ജപ്പാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ഒട്ടേറെ വലിയ ഭൂകമ്പങ്ങൾക്കു കാരണം ആ നിഗൂഢ വിള്ളലുകളാണെന്നു ശാസ്ത്രജ്ഞർ സംശയിക്കുന്നു. ഈ നിഗൂഢ വിള്ളലുകൾ തൊടുത്തുവിട്ടിരിക്കാനിടയുള്ള ഭൂകമ്പങ്ങളുടെ ഫലമായി കഴിഞ്ഞ ചില ദശകങ്ങളിൽ ആയിരക്കണക്കിനാളുകളാണു മരണമടഞ്ഞത്.
ഈ സജീവമായ മടക്കുകൾ എവിടെ ഉണ്ടാകുന്നുവെന്നു കണ്ടുപിടിക്കുന്നതിനും അവയിൽ പതിയിരിക്കുന്ന ഭൂകമ്പ ഭീഷണിയെ മുൻകൂട്ടിപ്പറയുന്നതിനുമുള്ള വെല്ലുവിളിയെ ഇപ്പോൾ ശാസ്ത്രജ്ഞർ അഭിമുഖീകരിക്കുന്നു. അതിനിടയ്ക്ക്, നിരുപദ്രവി എന്നു തോന്നിയേക്കാവുന്ന ഒരു കൊച്ചു കുന്നിന്റെ വിനാശക ശക്തിയെ അവർ മേലാൽ താഴ്ത്തിമതിക്കുന്നില്ല.
[22-ാം പേജിലെ ചതുരം]
ലോസാഞ്ചലസ് ചുരുങ്ങിക്കൊണ്ടിരിക്കുന്നുവോ?
കാലിഫോർണിയയിലെ ലോസാഞ്ചലസിൽ സ്ഥിതിചെയ്യുന്ന വിള്ളലുകളുടെയും മടക്കുകളുടെയും ഒരു വിപുലമായ ശ്രേണി ഈ മേഖലയെ അങ്ങേയറ്റം അസ്ഥിരമാക്കുന്നു. സാൻ ആൻഡ്രിയാസ് വിള്ളലിനടുത്തുള്ള ഒരു പിരിവു നിമിത്തമുള്ള മർദത്തിന്റെ ഏറിയപങ്കും ലോസാഞ്ചലസ് നദീതടം ആഗിരണം ചെയ്യുന്നതായി കാണപ്പെടുന്നു. (1994 ജൂലൈ 22-ലെ ഉണരുക! ലക്കം പേജ് 15-18 കാണുക.) ഈ മർദം നിമിത്തമായുള്ള മടക്കുകൾ ലോസാഞ്ചലസ് നദീതട ഭൂപ്രദേശത്തെ പ്രതിവർഷം നാലിലൊന്ന് ഏക്കർ കണ്ടു കുറച്ചേക്കാമെന്നു പ്രാദേശിക ഭൂശാസ്ത്രജ്ഞർ കണക്കാക്കുന്നു.
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Globe: Mountain High Maps™ copyright © 1993 Digital Wisdom, Inc.