ലോകത്തെ വീക്ഷിക്കൽ
നാണയപ്പെരുപ്പം പത്തുലക്ഷം ശതമാനം
രാജ്യത്തെ ഫെഡറൽ സ്ഥിതിവിവരക്കണക്ക് ബ്യൂറോ പറയുന്നതനുസരിച്ച്, 1993 ഡിസംബറിൽ യൂഗോസ്ലാവിയ ഫെഡറൽ റിപ്പബ്ലിക്കിലെ നാണയപ്പെരുപ്പനിരക്ക് പത്തുലക്ഷം ശതമാനമായി ഉയർന്നു. ജീവനച്ചെലവ് മുൻ മാസത്തേതിന്റെ 2,839 ഇരട്ടിയായിരുന്നു. അതു വർഷാരംഭത്തിൽ ഉണ്ടായിരുന്നതിന്റെ 6 ലക്ഷം കോടി മടങ്ങാണ്. അതുകൊണ്ട് അച്ചടിച്ച കറൻസി നോട്ടുകൾ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ചവറായി മാറുന്നു. ഈ പ്രശ്നത്തെ തരണം ചെയ്യാൻ കേന്ദ്ര ബാങ്ക്, ദിനാറിൽനിന്നു പൂജ്യങ്ങൾ കുറച്ചുകൊണ്ടിരിക്കുകയാണ്. കേവലം മൂന്നു മാസംകൊണ്ട് 5 ലക്ഷം കോടി ദിനാറിന്റെ മൂല്യം വെറും 5 ദിനാറായി താണു.
മതപരമായ ഉൾപ്പെടൽ
90 ശതമാനം അമേരിക്കക്കാർ ദൈവത്തിൽ വിശ്വസിക്കുന്നതായി ഒരു സർവേയിൽ കണ്ടെത്തി. 40 ശതമാനത്തിലധികം പേർ ഓരോ വാരത്തിലും പള്ളിശുശ്രൂഷകളിൽ സംബന്ധിക്കുന്നതായി അവകാശപ്പെട്ടു. 1992-ൽ നടത്തിയ ഒരു സർവേയനുസരിച്ച്, ഐക്യനാടുകളിലെ ശരാശരി 45 ശതമാനം പ്രൊട്ടസ്ററൻറുകാരും 51 ശതമാനം കത്തോലിക്കരും ഏതെങ്കിലും വാരത്തിൽ പള്ളിയിൽ പോയി. എന്നാൽ, യഥാർഥത്തിൽ മതഭക്തിയുള്ളവരുടെ യഥാർഥ എണ്ണത്തെക്കാൾ കൂടുതൽ ആളുകൾ മതഭക്തിയുള്ളവരാണെന്നും ക്രമമായി പള്ളിയിൽ പോകുന്നവരാണെന്നും അവകാശപ്പെടുന്നതായി പുതിയ പഠനങ്ങൾ പ്രകടമാക്കുന്നു. ഒരു സംഘം ഗവേഷകർ പറയുന്നതനുസരിച്ച്, 20 ശതമാനം പ്രൊട്ടസ്ററൻറുകാരും 28 ശതമാനം കത്തോലിക്കരും മാത്രമേ വാസ്തവത്തിൽ വാരംതോറും പള്ളിയിൽ പോകുന്നുള്ളൂ. പ്രായപൂർത്തിയായ 3 കോടി 60 ലക്ഷം—19 ശതമാനം—അമേരിക്കക്കാർ മാത്രമേ ക്രമമായി തങ്ങളുടെ മതം ആചരിക്കുന്നുള്ളൂവെന്നും 18 വയസ്സിനു മേലുള്ള അമേരിക്കക്കാരിൽ ഏതാണ്ട് മൂന്നിലൊന്നു പേർക്ക് തികച്ചും മതേതരമായ ഒരു വീക്ഷണമാണുള്ളതെന്നും മറെറാരു ഗവേഷകസംഘം കണ്ടെത്തി. “മതം അമേരിക്കൻ മണ്ണിലെല്ലായിടവും വ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ന്യൂനപക്ഷം മാത്രമേ അതിനെ ഗൗരവമായി എടുക്കുന്നുള്ളൂ. തങ്ങളുടെ മനോഭാവങ്ങളുടെയോ പെരുമാററത്തിന്റെയോ ഗുണത്തെ സ്വാധീനിക്കാത്ത ഒരു മതമാണ് അമേരിക്കൻ ജനതയിൽ പകുതി പേരും അവകാശപ്പെടുന്നത്” എന്ന് ന്യൂസ്വീക്ക് പറയുന്നു.
ജലക്ഷാമം അകലെയല്ല
“മഞ്ഞും വർഷപാതവും താരതമ്യേന സ്ഥിരമായതിനാൽ ശുദ്ധീകരിക്കാവുന്ന ജലം തീർത്തും പരിമിതമാണ്. 2025 എന്ന വർഷമാകുമ്പോഴേക്കും ജലക്ഷാമമുള്ള രാജ്യങ്ങളിൽ വസിക്കുന്ന ആളുകളുടെ എണ്ണം 300 കോടിയോടടുക്കും. 2000 എന്ന വർഷമാകുമ്പോൾത്തന്നെ ആഫ്രിക്കയിലെയും മധ്യപൂർവദേശത്തെയും രാജ്യങ്ങളെ ജലക്ഷാമം വിശേഷിച്ചും രൂക്ഷമായി ബാധിച്ചിരിക്കും” എന്ന് സയൻസ് മാഗസിൻ അഭിപ്രായപ്പെടുന്നു. പോപ്പുലേഷൻ ആക്ഷൻ ഇൻറർനാഷണൽ എന്ന ഏജൻസിയുടെ ഒരു റിപ്പോർട്ടനുസരിച്ച്, അനേകം രാജ്യങ്ങളിലും ഇപ്പോൾത്തന്നെ ഭൂഗർഭജലശേഖരം കുറഞ്ഞുവരികയാണ്. തങ്ങളുടെ ദീർഘകാല പദ്ധതിയിൽ ശുദ്ധീകരിക്കാവുന്നതും അല്ലാത്തതുമായ ജലമേതെന്നു തിരിച്ചറിയാൻ അനവധി രാജ്യങ്ങളും പരാജയപ്പെടുന്നു. ജലശേഖരം ഗുണമുള്ളതാക്കിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത്തരം ശ്രമങ്ങൾ ജനസംഖ്യാ വളർച്ചയാൽ നിഷ്പ്രഭമായിത്തീരുകയാണ് ചെയ്തിട്ടുള്ളത്.
അഭയാർഥികൾക്കു നേരെ വാതിൽ കൊട്ടിയടയ്ക്കുന്നു
കഴിഞ്ഞ രണ്ടു ദശകങ്ങളിൽ അഭയാർഥികളുടെ എണ്ണം എട്ടുമടങ്ങിലധികമായി വർധിച്ചിരിക്കുന്നു എന്ന് അഭയാർഥികൾക്കു വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണർ സേഡാക്കോ ഓഗേററാ പറയുന്നു. “അപരിചിതരോടുള്ള പകയും ഭയവും കലർന്ന മനോഭാവത്തിന്റെ ഞെട്ടിക്കുന്ന വർധന”വിൽ ഇതു കലാശിച്ചിരിക്കുന്നു. കഴിഞ്ഞ വർഷാവസാനം, 1 കോടി 97 ലക്ഷം അഭയാർഥികൾ തങ്ങളുടെ സ്വന്തരാജ്യങ്ങൾക്കു പുറത്തു ജീവിച്ചു. 2 കോടി 40 ലക്ഷം പേർ സ്വന്തരാജ്യങ്ങളിൽത്തന്നെ പല സ്ഥലങ്ങളിൽ ജീവിക്കേണ്ടിവന്നു. ലോകവ്യാപകമായി, 125 പേരിൽ ഒരാൾ വീതം അക്രമം, ആഭ്യന്തരയുദ്ധം, അല്ലെങ്കിൽ പീഡനം എന്നിവ മുഖാന്തരം സാധാരണ ജീവിതം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കപ്പെട്ടിട്ടുണ്ട്. ഇതു “പ്രതികരിക്കാനുള്ള ലോകത്തിന്റെ പ്രാപ്തിയെയും അഭയസ്ഥാനം നൽകുകയെന്ന മനുഷ്യ പാരമ്പര്യത്തെയും” ജയിച്ചടക്കിയിരിക്കുന്നു എന്ന് അഭയാർഥികളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള പഠനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ദ വാഷിങ്ടൺ പോസ്ററ് റിപ്പോർട്ടു ചെയ്യുന്നു. അവകാശപരിത്യജനത്താൽ ഭാരപ്പെടുത്തപ്പെടുകയും അപരിഹാര്യമെന്നു തോന്നുന്ന പോരാട്ടങ്ങളാൽ വലയുകയും ചെയ്ത അനേകം രാജ്യങ്ങൾ അഭയാർഥികളുടെ നേർക്കു തങ്ങളുടെ വാതായനങ്ങൾ കൊട്ടിയടയ്ക്കാൻ പടികൾ സ്വീകരിച്ചിരിക്കുന്നു. “1993-ൽ ലോകത്തരങ്ങേറിയ, അഭയാർഥികളെ പടച്ചുവിടുന്ന, പോരാട്ടങ്ങളെല്ലാം . . . രാഷ്ട്രങ്ങൾക്കകത്തു തന്നെയായിരുന്നു നടന്നത്, അല്ലാതെ രാഷ്ട്രങ്ങൾ തമ്മിലല്ല” എന്ന് ആഭ്യന്തരയുദ്ധങ്ങൾക്ക് അറുതി വരുത്താനുള്ള ഒരു അന്തർദേശീയ നയത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ആ പഠനം പ്രസ്താവിക്കുകയുണ്ടായി. ഇതിനിടെ, “അതിഥിപ്രിയം കുറഞ്ഞ ഒരു സ്ഥിതിവിശേഷ”മാണ് അഭയാർഥികളെ സ്വാഗതം ചെയ്യുന്നത്.
വീടുതോറുമുള്ള വേലയെ പാപ്പാ പിന്തുണയ്ക്കുന്നു
ജോൺ പോൾ രണ്ടാമന്റെ ആഹ്വാനങ്ങൾ സ്വീകരിച്ചുകൊണ്ട് കാത്തലിക് നിയോ-കാറെറക്യുമെനൽ പ്രസ്ഥാനത്തിന്റെ ഒരു കൂട്ടം പിൻഗാമികൾ റോമിലും പ്രാന്തപ്രദേശങ്ങളിലും വീടുതോറും മാത്രമല്ല തെരുവുകളിലും പ്രസംഗിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്. ലാ റിപ്പബ്ലിക്ക ദിനപത്രത്തിൽ റിപ്പോർട്ടു ചെയ്തതുപോലെ “യഹോവയുടെ സാക്ഷികൾക്കെതിരായ വായാടികളായ ഇവർ യേശുവിന്റെ ജീവിതകഥയാണു പറയാൻ പോകുന്നത്.” ആദ്യ സംഘത്തിൽ ഉള്ളത് 15 കുടുംബങ്ങളാണ്, എന്നാൽ ഈ പദ്ധതി “എല്ലായിടത്തും സമൃദ്ധമായ ഫലം വിളയിക്കുമെന്ന്” പാപ്പാ പ്രത്യാശിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പുതിയ തുടക്കം? കത്തോലിക്കാ സഭയ്ക്ക് അതിന്റെ “വശീകരണ പ്രാപ്തിയും മതപരമായ ആകർഷണവും കൈമോശം വന്നിരിക്കുന്ന”തായി കത്തോലിക്കാ പുരോഹിതാധിപത്യം മനസ്സിലാക്കുന്നുവെന്നും “ശക്തമായ വൈകാരിക സ്വാധീനത്തിലൂടെ മതാനുസാരികളെ നേടാനുള്ള” സംരംഭങ്ങളെ പാപ്പാ പ്രോത്സാഹിപ്പിക്കുന്നുവെന്നും സാമൂഹിക ശാസ്ത്രജ്ഞയായ മാരിയ മാച്ചോററി പറയുന്നു. കത്തോലിക്കാ എഴുത്തുകാരനായ സെർഷോ ക്വിൻസിയോ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്തും ഉപയോഗപ്രദമായിരുന്നേക്കാമെന്നുള്ള പ്രതീക്ഷയാൽ അഥവാ വ്യർഥമോഹത്താൽ ഒരവസരവും പാഴാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലാത്തതുപോലെ തോന്നുന്നു.”
റഷ്യയിലെ പരിസ്ഥിതി വിപത്ത്
“റഷ്യയിലെ പരിസ്ഥിതി മന്ത്രിയായ വിക്ടർ ഡാനിലോ-ഡാനിൽജൻ, റഷ്യയുടെ കരഭാഗത്തിന്റെ 15 ശതമാനം പരിസ്ഥിതി വിനാശമേഖലയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു” എന്ന് ജർമൻ ദിനപത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈന ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. റിപ്പോർട്ടനുസരിച്ച്, റഷ്യയിലെ കൃഷിയിടങ്ങളിൽ പകുതിയും കൃഷിയോഗ്യമല്ലാതായിരിക്കുന്നു. റേഡിയോ ആക്ററീവത വളരെ കൂടുതലുള്ള സ്ഥലങ്ങളിൽ 1,00,000-ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഇതിനും പുറമേ, രാസായുധങ്ങൾ നിർമിച്ചിരുന്ന ഫാക്ടറികളിൽനിന്നു വിഷബാധയേററ് പതിനായിരക്കണക്കിനാളുകൾ മരണമടഞ്ഞിട്ടുള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. രാസസുരക്ഷിത യൂണിയന്റെ പ്രസിഡൻറായ ല്യൂ ഫ്യോഡറോഫ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “വൈദ്യശാസ്ത്രത്തിന്റെ നിലപാടിൽനിന്നു നോക്കുമ്പോൾ, ഒരു രാസയുദ്ധത്തിനു വേണ്ടിയുള്ള നമ്മുടെ തയ്യാറെടുപ്പുകൾ വിപത്കരമായ പരിണതഫലങ്ങൾ വരുത്തിവെച്ചിരിക്കുന്നു.”
അക്രമാസക്തരായ കുട്ടികൾ
കൊലപാതകം, കവർച്ച, ബലാൽസംഗം എന്നിവയിൽ ഏർപ്പെടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെ അനേകം രാജ്യങ്ങളിൽ കാണാം. അക്രമസംഭവങ്ങളും മൃഗീയതയും പെരുകുകയാണ്. ഐക്യനാടുകളിൽ കൊലപാതകത്തിൽ ഏർപ്പെട്ട 18 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 85 ശതമാനം കണ്ട് ഉയർന്നു. അതുപോലെതന്നെ അസ്വസ്ഥമാക്കുന്നതാണ് അതിക്രമികളിൽ അനേകരും പുലർത്തുന്ന ലജ്ജാകരമായ മനോഭാവവും. ഈ മാററങ്ങൾക്കു കാരണമെന്താണ്? “മൂല്യങ്ങൾ ഒഴുകിയൊലിച്ചുപോയ, അക്രമാസക്തമായ നമ്മുടെ സമൂഹം അക്രമത്തെ സ്വീകാര്യമാക്കിത്തീർത്തിരിക്കുന്നു. ശരിയും തെററും സംബന്ധിച്ച, നൻമയും തിൻമയും സംബന്ധിച്ച, വ്യക്തമായ നിലവാരങ്ങൾ . . . മേലാൽ തിരിച്ചറിയാൻ കഴിയാതായിരിക്കുന്നു” എന്ന് ജർമൻ ന്യൂസ് മാഗസിനായ ഡേർ ഷ്പീജെൽ പറയുന്നു. അതിപ്രകാരം കൂട്ടിച്ചേർക്കുന്നു: “പ്രായം കുറഞ്ഞ കുററവാളികളും ഇരകളാണ്. തങ്ങൾ വളർന്നുവരുന്ന മുതിർന്ന ലോകത്തിന്റെ പ്രതിഫലനങ്ങളാണവർ. . . . അക്രമാസക്തമായി പെരുമാറുന്ന ഓരോ കുട്ടിയും അവിശ്വസനീയമായ അളവിൽ അക്രമം നിരീക്ഷിക്കുകയും അതു സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്.” ടിവി മുഖാന്തരം കുട്ടികൾ “മുഴു ഗ്രഹത്തിലെയും അക്രമം” കാണുന്നു. അക്രമം നിറഞ്ഞ വീഡിയോ ചിത്രങ്ങൾ, കമ്പ്യൂട്ടർ കളികൾ, കൊലപാതകത്തെയും മററുതരം അക്രമപ്രവൃത്തികളെയും വാഴ്ത്തുന്ന പാട്ടുകൾ എന്നീ കാര്യങ്ങൾ അവരെ സ്വാധീനിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനുമുള്ള ന്യായമായ ഒരു മാർഗമായി ടിവി പരിപാടികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. “നാം മനുഷ്യത്വമററ ഒരു സമൂഹമായി മാറിയിരിക്കുന്നു, നമ്മുടെ കുട്ടികളും ആ വിധത്തിലാണു വളർന്നുവരുന്നത്” എന്ന് ഹാംബർഗിലെ മനശ്ശാസ്ത്ര പ്രൊഫസറായ ഷ്ററീഫാൻ ഷ്മിററ്ച്ചൻ പറയുന്നു.
ശിശുവിനോടൊപ്പം ഉറങ്ങൽ
“അമ്മമാർ ഒരു കാര്യം ചെയ്താൽ സിഡ്സ് (SIDS—Sudden Infant Death Syndrome)—ക്ഷിപ്ര ശിശു മൃത്യുവ്യാധി—കുറയ്ക്കാൻ കഴിയുമെന്നു മാത്രമല്ല ആരോഗ്യമുള്ള, സന്തുഷ്ടരായ ശിശുക്കളെ വളർത്തിക്കൊണ്ടുവരാനുമാകും: ആദ്യത്തെ ഒരു വർഷത്തേക്കു ശിശുക്കളെ ഒററയ്ക്ക് ഒരു തൊട്ടിലിൽ ആക്കുന്നതിനു പകരം തങ്ങളോടൊപ്പം കിടത്തിയുറക്കുക.” ഇങ്ങനെ പറയുന്നത് കാലിഫോർണിയയിലെ പോമോന കോളെജിലെ ഒരു പ്രൊഫസറായ ജയിംസ് മാക്കെന്നയാണ്. അമ്മയുടെ ശരീരത്തോടു ചേർന്നുകിടന്ന് ഉറങ്ങുന്നത് “രാത്രിയിലുടനീളം ശിശുവിന്റെ ശരീരഘടനയെ ക്രമപ്പെടുത്താൻ സഹായിക്കുന്നു”വെന്ന് ദ ഡല്ലാസ് മോർണിങ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ശിശു അമ്മയുടെ അരികിൽ കിടന്നുറങ്ങുമ്പോൾ അതിന്റെ “ശ്വാസോച്ഛ്വാസരീതികൾ, ഹൃദയമിടിപ്പുനിരക്കുകൾ, ഉറക്കത്തിലെ ഘട്ടങ്ങൾ തുടങ്ങിയവ അമ്മയുടേതിനോടു ചേർന്നുവരുന്നു” എന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അമ്മയും കുട്ടിയും അഭിമുഖമായി കിടക്കുന്നതുകൊണ്ട് ശിശു ആഗ്രഹിക്കുന്ന ഏതു സമയത്തും അതിനു മുല കുടിക്കാൻ കഴിയും. “തൊട്ടിലിൽ തനിച്ചു കിടക്കുന്ന ശിശുക്കൾക്ക് ഇന്ദ്രിയസംബന്ധമായ ഹാനി സംഭവിക്കുന്നു. ഇതിനു മർമപ്രധാനമായ ബുദ്ധിവികാസത്തിന്റെ അഭാവത്തിലേക്കും സാധ്യതയനുസരിച്ച് സിഡ്സ് എന്ന അപകടത്തിന് അനുകൂലമായ അവസ്ഥകളിലേക്കും നയിക്കാൻ കഴിയുമെന്നു ഞങ്ങൾ കരുതുന്നു” എന്ന് മിസ്ററർ മാക്കെന്ന പറയുന്നു. സാധാരണമായി അമ്മമാരോടൊപ്പം കുട്ടികൾ കിടന്നുറങ്ങുന്ന രാജ്യങ്ങളിൽ സിഡ്സിന്റെ നിരക്ക് വളരെ കുറവാണെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ഇസ്രായേലും വത്തിക്കാനും ഉടമ്പടിയിൽ ഒപ്പു വയ്ക്കുന്നു
അനേക വർഷത്തെ നിരസനത്തിനും 17 മാസത്തെ കൂടിയാലോചനകൾക്കും ശേഷം വത്തിക്കാൻ ഇസ്രായേലുമായി ഒരു നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവെച്ചിരിക്കുന്നു. ഇരുപക്ഷത്തുനിന്നുമുള്ള പ്രതിനിധികൾ തലയോടിനോട് വളരെ ഒട്ടിനിൽക്കുന്ന തൊപ്പികൾ ധരിച്ചുനിൽക്കവേ ഇസ്രായേലിനു വേണ്ടി വിദേശകാര്യ മന്ത്രി യോസീ ബൈലിനും വത്തിക്കാനുവേണ്ടി സ്റേറററ് മോൺസിനിയോറുടെ ഉപസെക്രട്ടറിയായ ക്ലോഡിയോ ചെയ്ലിയും ഒപ്പുവച്ചു. ചെയ്ലി ഇപ്രകാരം പറഞ്ഞു: “കത്തോലിക്കരും ജൂതൻമാരും തമ്മിലുള്ള പരസ്പര ചർച്ചയ്ക്കും ആദരപുരസ്സരമായ സഹകരണത്തിനും ഇസ്രായേലിലും ലോകത്തുടനീളവും ആക്കവും ഊർജവും ലഭിക്കുമെന്ന് ഇപ്പോൾ വിശുദ്ധ സിംഹാസനത്തിനു ബോധ്യമായിരിക്കുന്നു.” ഈ ഉടമ്പടി ശേമ്യവിരോധത്തിനെതിരെ പൊരുതാൻ വത്തിക്കാനെ പ്രതിബദ്ധമാക്കുന്നു. ഇസ്രായേലാകട്ടെ തങ്ങളുടെ ദേശത്ത് സഭയ്ക്ക് ആശയപ്രകടന സ്വാതന്ത്ര്യവും സാമൂഹിക പരിപാടികൾ നടത്താനുള്ള അവകാശവും നൽകാമെന്നു സമ്മതിച്ചിരിക്കുന്നു. ഇസ്രായേലിലെ പള്ളിവക സ്വത്തുക്കളുടെമേലുള്ള നികുതി, വിശുദ്ധ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങി ചില കാര്യങ്ങൾ ഇനിയും തീരുമാനിക്കേണ്ടതുണ്ട്. യെരുശലേമിനെ സംബന്ധിച്ച ചോദ്യം ഉടമ്പടിയിൽ പരാമർശിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആ നഗരത്തിന്റെ അന്തിമ നില എന്തായിരിക്കണമെന്നതു സംബന്ധിച്ച് ഇപ്പോൾ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് വത്തിക്കാൻ പ്രത്യാശിക്കുന്നു.
ജീവശാസ്ത്ര ഉടമ്പടി നിയമമായിത്തീരുന്നു
1992-ൽ ബ്രസീലിൽവെച്ച് 167 രാഷ്ട്രങ്ങൾ ഒപ്പുവെച്ച ഒരു ഉടമ്പടി ഈ വർഷാരംഭത്തിൽ അന്തർദേശീയ നിയമമായിത്തീർന്നു. കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിററി എന്നു വിളിക്കപ്പെടുന്ന ഈ ഉടമ്പടി, തങ്ങളുടെ അതിർത്തികൾക്കുള്ളിലുള്ള മൃഗങ്ങളെയും സസ്യങ്ങളെയും ഏകകോശജീവികളെയും അതുപോലെതന്നെ അവയ്ക്ക് ആവശ്യമായ ആവാസസ്ഥലങ്ങളെയും പരിരക്ഷിക്കാനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യാൻ അതിൽ ഒപ്പുവെച്ച രാഷ്ട്രങ്ങളെ പ്രതിബദ്ധമാക്കുന്നു. അപകടത്തിലായ ജീവിവർഗങ്ങളെ സംരക്ഷിക്കാനും ജൈവവിഭവങ്ങളുടെ ഉചിതമായ ഉപയോഗവും പരിരക്ഷണത്തിന്റെ ആവശ്യവും സംബന്ധിച്ചു പൊതുജനങ്ങളെ ബോധവാൻമാരാക്കാനും ഉടമ്പടിയിൽ ഒപ്പുവെച്ച രാഷ്ട്രങ്ങൾ നിയമങ്ങൾ പാസാക്കേണ്ടതാണ്. വംശനാശം ഞെട്ടിക്കുന്ന വിധത്തിൽ വർധിച്ചുവരുന്നു എന്ന അറിവും 2050 എന്ന വർഷത്തോടെ അവശേഷിക്കുന്ന ജീവിവർഗങ്ങളിൽ പകുതിയും അപ്രത്യക്ഷമായേക്കാമെന്ന ഭയവുമാണ് ഈ ഉടമ്പടിക്കു നിദാനം. ഈ ഉടമ്പടി യഥാർഥത്തിൽ എങ്ങനെ പ്രാവർത്തികമാകുമെന്നു തീരുമാനിക്കാൻ ഒപ്പുവെച്ച രാഷ്ട്രങ്ങൾ ഈ വർഷാവസാനം വീണ്ടും സമ്മേളിക്കാനിരിക്കുകയാണ്.