കൊച്ചുകുഞ്ഞുങ്ങളെ എങ്ങനെ കിടത്തിയാണ് ഉറക്കേണ്ടത്?
ലോകമെമ്പാടുമുള്ള അനേകം കുഞ്ഞുങ്ങൾ ക്ഷിപ്ര ശിശുമൃത്യു വ്യാധി (സിഡ്സ്) നിമിത്തം മരണമടഞ്ഞിരിക്കുന്നു. ഐക്യനാടുകളിൽ, ഒരു മാസത്തിനും 12 മാസത്തിനും ഇടയ്ക്കു പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കുന്ന ഏറ്റവും സാധാരണമായ കാരണമാണ് അത്. അപകടസാധ്യത കുറയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ? കുഞ്ഞുങ്ങളെ കമിഴ്ത്തി കിടത്തി ഉറക്കുന്നതിനു പകരം മലർത്തി കിടത്തിയാൽ സിഡ്സിനുള്ള സാധ്യത ഗണ്യമായി കുറയുന്നതായി കാണപ്പെടുന്നു എന്നു സമീപ വർഷങ്ങളിലെ ഗവേഷണം സൂചിപ്പിക്കുന്നതായി ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജാമ) പറയുന്നു. ഉറങ്ങുമ്പോഴത്തെ ശരീരനിലയും സിഡ്സും തമ്മിലുള്ള ബന്ധം സംബന്ധിച്ചു മാതാപിതാക്കളെ ജാഗരൂകരാക്കാൻ അനേകം രാജ്യങ്ങൾ കർമപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ശിശുക്കളെ മലർത്തി കിടത്തി ഉറക്കാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഒന്നോ രണ്ടോ വർഷത്തെ പ്രചരണ പരിപാടികൾക്കു ശേഷം ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഡെന്മാർക്ക്, ന്യൂസിലൻഡ്, നോർവേ എന്നിവിടങ്ങളിൽ സിഡ്സിന്റെ നിരക്ക് 50 ശതമാനം എങ്കിലും കുറഞ്ഞിട്ടുണ്ട്.
കമിഴ്ന്നു കിടന്നുള്ള ശിശുവിന്റെ ഉറക്കം സിഡ്സുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നു കൃത്യമായി അറിവില്ല. എങ്കിലും, കമിഴ്ന്നു കിടക്കുമ്പോൾ ശിശു ശ്വസിച്ചുതള്ളുന്ന വായു തന്നെ അതു വീണ്ടും ശ്വസിക്കുന്നുണ്ടായിരിക്കാം എന്നും ഇതു രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു വർധിക്കാൻ ഇടയാക്കുന്നുണ്ടാകാം എന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. മാത്രമല്ല, കമിഴ്ന്നു കിടക്കുമ്പോൾ കുഞ്ഞിന്റെ ശരീരം ചൂട് ശരിയായി പുറന്തള്ളാത്തതിനാൽ ശരീരം വളരെയധികം ചൂടാവുന്നു. കുഞ്ഞിനെ എങ്ങനെ കിടത്തിയാലും—കമിഴ്ത്തിയോ മലർത്തിയോ ആകട്ടെ—അങ്ങനെ തന്നെ കിടക്കാൻ അതു പ്രവണത കാണിക്കുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ചെരിച്ചു കിടത്തുന്നതിലും നല്ലതു മലർത്തി കിടത്തുന്നതാണ് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
കുഞ്ഞുങ്ങളെ കിടത്തി ഉറക്കുന്നതിന് എന്തുകൊണ്ടാണ് അമ്മമാർ ഒരു പ്രത്യേക രീതി തന്നെ അവലംബിക്കുന്നത്? ഈ കാര്യത്തിൽ അവർ മിക്കപ്പോഴും നാട്ടുനടപ്പു പിന്തുടരുക മാത്രമാണു ചെയ്യുന്നത്, അതായത് തങ്ങളുടെ അമ്മമാർ ചെയ്തതുപോലെയോ സമൂഹത്തിലെ മറ്റുള്ളവർ ചെയ്യുന്നതു പോലെയോ അവർ കുഞ്ഞുങ്ങളെ കിടത്തി ഉറക്കുന്നു എന്നു ജാമ കുറിക്കൊള്ളുന്നു. അല്ലെങ്കിൽ ആശുപത്രിയിൽ ചെയ്യുന്നതായി തങ്ങൾ നിരീക്ഷിച്ച രീതി അവലംബിക്കുന്നു. ഒരു പ്രത്യേക രീതിയിൽ കിടത്തുന്നതാണു തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഇഷ്ടമെന്നും അങ്ങനെ കിടത്തുമ്പോൾ അവർ ഏറെ നന്നായി ഉറങ്ങുന്നു എന്നും ചില അമ്മമാർ വിചാരിച്ചേക്കാം. അനേകം അമ്മമാർ കുഞ്ഞുങ്ങളെ ആദ്യത്തെ മാസം എപ്പോഴും മലർത്തി കിടത്തുമെങ്കിലും പിന്നീടു കമിഴ്ത്തി കിടത്താൻ തുടങ്ങുന്നു. “ഈ പ്രവണത അത്യന്തം അസ്വസ്ഥജനകമാണ് കാരണം 2 മുതൽ 3 വരെ മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കാണു സിഡ്സ് ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യത” എന്നു ജാമ പ്രസ്താവിക്കുന്നു. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മലർത്തി കിടത്തിയാണ് ഉറക്കേണ്ടത് എന്ന സംഗതി സംബന്ധിച്ചു കൊച്ചുകുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ബോധവത്കരിക്കാൻ ഡോക്ടർമാർ തീവ്രയത്നം ചെയ്യുകയാണ്. ഇത് സിഡ്സിന്റെ അപകടസാധ്യത കുറയ്ക്കാനുള്ള ലളിതവും ഫലപ്രദവുമായ ഒരു നടപടിയാണ് എന്ന് അവർ പറയുന്നു.a
[അടിക്കുറിപ്പുകൾ]
a ശ്വാസകോശ രോഗങ്ങളോ വായിൽ നിന്ന് അമിതമായി വെള്ളമൊലിക്കുന്നതോ പോലുള്ള പ്രശ്നങ്ങൾ ഒരു കുഞ്ഞിന് ഉണ്ടെങ്കിൽ, എങ്ങനെ കിടത്തി ഉറക്കണം എന്നതു സംബന്ധിച്ച് ഒരു ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടുന്നതു ബുദ്ധിയാണ്.