ഞങ്ങളുടെ വായനക്കാരിൽനിന്ന്
കേഴുന്ന ബാല്യം 1999 ഏപ്രിൽ 8 ലക്കത്തിലെ “കേഴുന്ന ബാല്യം—കണ്ണീരൊപ്പാൻ ആരുണ്ട്?” എന്ന പരമ്പരയ്ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കുട്ടികളോടുള്ള ദ്രോഹം പോലുള്ള ഗൗരവതരമായ കാര്യങ്ങൾക്കെതിരെ സദാ പൊതുജന വികാരം ഉണർത്തേണ്ടതാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ കുരുന്നുകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കാണ്. നിങ്ങളുടെ നല്ല വേലയിൽ തുടരാൻ നിങ്ങൾക്കു കഴിയുമാറാകട്ടെ എന്നു ഞാൻ ആശംസിക്കുന്നു.
പി. പി., കുട്ടികൾക്കായുള്ള കൗൺസിലേഴ്സ് ഓഫീസ്, റോം, ഇറ്റലി
21-ാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഈ സമയത്തും അനേകം കുട്ടികൾ അടിമകളെ പോലെ പണിയെടുക്കുന്നുണ്ടെന്നും മറ്റുള്ളവരെ കൊല്ലാൻ അവരെ ഉപയോഗിക്കുന്നുണ്ടെന്നും ഉള്ള ചിന്തതന്നെ ഞെട്ടലുളവാക്കുന്നു. ഇവരിൽ മിക്കവർക്കും ഒരു നല്ല ഭാവി സ്വപ്നം കാണാൻ പോലും കഴിയില്ല എന്ന യാഥാർഥ്യം അംഗീകരിക്കാനാണ് അതിലും പ്രയാസം. ഉണരുക! ഒരിക്കൽ കൂടി ലോകത്തിലെ കുട്ടികളുടെ ദുരവസ്ഥ വളരെ കൃത്യമായി വരച്ചുകാട്ടിയിരിക്കുന്നു.
എസ്. ആർ. ബി., ബ്രസീൽ
36 വർഷം നീണ്ടുനിന്ന ദാമ്പത്യത്തിനു ശേഷം ഞാനും ഭർത്താവും വിവാഹമോചനം നേടിയിരിക്കുന്നു. ഭർത്താവ് വർഷങ്ങളോളം എന്റെ പൊന്നോമന പുത്രിമാരെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നു ഞാൻ മനസ്സിലാക്കിയപ്പോൾ എന്റെ സമനില തെറ്റിപ്പോയി. (അയാൾ ക്രിസ്ത്യാനിയല്ല.) ലൈംഗിക ദ്രോഹം എത്രമാത്രം ഗുരുതരമാണെന്നും അതിന്റെ നിഷ്കളങ്കരായ ബലിയാടുകൾക്ക് എത്രമാത്രം കഠിനമായ വേദനയാണ് അനുഭവിക്കേണ്ടിവരുന്നത് എന്നും ആരും മനസ്സിലാക്കുന്നില്ലെന്നു തോന്നിപ്പോയി. വളരെ വ്യാപകമായ ഈ പ്രശ്നത്തെ കുറിച്ച് നിങ്ങൾ എഴുതിയതിന് ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.
എൻ. എം., ഐക്യനാടുകൾ
വൃദ്ധജനങ്ങളോടുള്ള കരുതൽ “അവരോടു കരുതൽ പ്രകടമാക്കുക” എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. (ഏപ്രിൽ 8, 1999) വൃദ്ധസദനങ്ങളിൽ കഴിയുന്ന അനേകം വൃദ്ധജനങ്ങളെയും അവരുടെ കുടുംബാംഗങ്ങൾ മറന്നുകളഞ്ഞിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കു മുമ്പ്, ഞങ്ങളിൽ ചിലർ അടുത്തുള്ള ഒരു വൃദ്ധസദനത്തിലെ ചില അന്തേവാസികളുമായി ബൈബിളിനെ കുറിച്ചു ചർച്ച ചെയ്യാൻ തീരുമാനിച്ചു. ചർച്ചയ്ക്കുശേഷം, ഞങ്ങൾ അവർക്കു വേണ്ടി പിയാനോ വായിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു. അവരെ ക്രമമായി സന്ദർശിക്കാൻ ഞങ്ങൾ പരിപാടിയിട്ടിരിക്കുന്നു.
സി. വി., ഐക്യനാടുകൾ
ആഫ്രിക്കയിലെ കൊടുങ്കാറ്റ് എനിക്ക് 12 വയസ്സുണ്ട്. “കൊടുങ്കാറ്റിനെ തുടർന്ന് ക്രിസ്ത്യാനിത്വം പ്രകടമായി” എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (മാർച്ച് 8, 1999) ദുരന്തത്തിന് ഇരയായവരെ സഹായിച്ച ആ സഹോദരങ്ങൾ എത്ര നല്ലവരാണ്! ജപ്പാനിലെ ഹാൻഷിനിൽ ഭൂകമ്പമുണ്ടായപ്പോൾ സഹോദരങ്ങൾ മറ്റുള്ളവരെ സഹായിച്ച രീതിയാണ് എനിക്ക് ഓർമ വന്നത്. ധൈര്യം കാട്ടാനും മറ്റുള്ളവർക്കു നൻമ ചെയ്യാനും ഈ ലേഖനം എനിക്കു പ്രോത്സാഹനം നൽകി.
ആർ. കെ., ജപ്പാൻ
കൊച്ചു കുട്ടികളെ ഉറക്കൽ “കൊച്ചു കുട്ടികളെ എങ്ങനെ കിടത്തിയാണ് ഉറക്കേണ്ടത്?” എന്ന ലേഖനത്തിനു വളരെ നന്ദി. (മാർച്ച് 22, 1999) രണ്ടര വയസ്സുണ്ടായിരുന്ന എന്റെ മൂത്ത കുട്ടി ക്ഷിപ്ര ശിശുമൃത്യു വ്യാധിയാൽ മരണമടഞ്ഞു. എനിക്ക് ഈ വിവരം നേരത്തെ കിട്ടിയിരുന്നെങ്കിൽ! ഇപ്പോൾ മിടുമിടുക്കികളായ രണ്ടു കുട്ടികൾ ഉണ്ടെങ്കിലും, പറഞ്ഞറിയിക്കാനാകാത്ത, നീറുന്ന വേദനയുണ്ട് ഉള്ളിലിന്നും.
എ. ഡി., ഇറ്റലി
സിഡ്സുമായി ബന്ധപ്പെട്ട് നിരവധി അപകടസാധ്യതകൾ ഉണ്ട്. (“ഉണരുക!”യുടെ 1997 ജനുവരി 22 ലക്കത്തിലെ “ലോകത്തെ വീക്ഷിക്കൽ” കാണുക.) പക്ഷേ, പല വിധങ്ങളിലും സിഡ്സ് ഇന്നും ഒരു വൈദ്യശാസ്ത്ര നിഗൂഢതയായി തുടരുകയാണ്. അതുകൊണ്ട്, സിഡ്സ് മൂലം മരണമടഞ്ഞ കുട്ടികളുടെ മാതാപിതാക്കൾ ആ ദുരന്തത്തിനു കാരണക്കാർ തങ്ങൾ ആണെന്നു കരുതേണ്ടതില്ല. 1988 ജനുവരി 22 ലക്കത്തിൽ (ഇംഗ്ലീഷ്) സിഡ്സിനെ കുറിച്ചുണ്ടായിരുന്ന വിശദമായ ചർച്ച ദുഃഖാർത്തരായ അനേകം മാതാപിതാക്കൾക്ക് ആശ്വാസമേകിയിട്ടുണ്ട്.—പത്രാധിപർ
സിലിയാക് രോഗം ആറു വയസ്സുള്ള ഞങ്ങളുടെ മകൾക്ക് സിലിയാക് രോഗമുണ്ടെന്നു മനസ്സിലാക്കി മൂന്നു മാസങ്ങൾക്കു ശേഷമാണ് “സിലിയാക് രോഗവുമായി പൊരുത്തപ്പെടൽ” (മാർച്ച് 22, 1999) എന്ന ലേഖനം ഞങ്ങൾക്കു കിട്ടിയത്. റഷ്യയിൽ, ഈ രോഗത്തെ കുറിച്ച് ഡോക്ടർമാർക്കു പോലും കാര്യമായ അറിവില്ല. ഞങ്ങളുടെ മകൾക്കു പ്രത്യേക രീതിയിലുള്ള ആഹാരക്രമം പാലിക്കേണ്ടിവരുന്നതിന്റെ കാരണം നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾക്കു മനസ്സിലാകും എന്നത് എത്ര സാന്ത്വനദായകമാണ്! ആ ലേഖനം യഹോവ തന്റെ ജനത്തിന്റെ ആവശ്യങ്ങൾക്കായി എപ്പോഴും കരുതുന്നു എന്ന ഉറപ്പു നൽകുകയും ഞങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു.
വി. പി. & എൽ. പി., റഷ്യ
വാങ്ങാൻ കഴിയാത്തതെല്ലാം ആഗ്രഹിക്കൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ആഗ്രഹിക്കുന്നതെല്ലാം എനിക്കു വാങ്ങാൻ കഴിയാത്തതെന്തുകൊണ്ട്?” എന്ന ലേഖനം ഞാൻ ഇപ്പോൾ വായിച്ചുതീർത്തതേയുള്ളൂ. (മാർച്ച് 22, 1999) ആ ലേഖനത്തിനു നന്ദി. കാരണം, ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ കഴിയില്ല എന്ന സത്യം അത് എന്നെ ബോധ്യപ്പെടുത്തി. എന്നിരുന്നാലും ലേഖനത്തിൽ പറഞ്ഞിരുന്നതു പോലെ, യഹോവ നമ്മുടെ ആവശ്യങ്ങൾ അറിയുന്നു. ഒരു ലളിത ജീവിതം നയിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്.
സി. കെ., കാനഡ