ഞങ്ങളുടെ വായനക്കാരിൽനിന്ന്
മുത്തശ്ശീമുത്തശ്ശന്മാർ “മുത്തശ്ശീമുത്തശ്ശന്മാർ—അവരുടെ സന്തോഷങ്ങളും വെല്ലുവിളികളും” (മാർച്ച് 22, 1999) എന്ന വിഷയം ഇത്ര സ്നേഹപൂർവകമായ രീതിയിൽ അവതരിപ്പിച്ചതിനു നന്ദി. രണ്ട് ആൺകുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന ഒരു മുത്തശ്ശിയാണു ഞാൻ. അവരുടെ അമ്മ മയക്കുമരുന്നിന് അടിമയായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ. അക്കാരണത്താൽ—ലേഖനത്തിൽ പരാമർശിച്ചിരുന്നതു പോലെതന്നെ—എന്റെ കൊച്ചുമക്കൾ ദേഷ്യക്കാരായിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിക്കുമ്പോൾ ഒരു കുട്ടിക്ക് ഉണ്ടാകുന്ന വികാരങ്ങളെ കുറിച്ച് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. എങ്കിലും ഇക്കഴിഞ്ഞ വർഷം എന്റെ ഇളയ പേരക്കുട്ടി, “ഞങ്ങളെ ഇങ്ങോട്ടു കൊണ്ടുപോന്നതിനു നന്ദി” എന്ന് എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ എനിക്കു സംതൃപ്തിയായി, എന്റെ പോരാട്ടങ്ങളും കണ്ണീരുമൊന്നും വിഫലമായില്ലല്ലോ.
ഡി. ബി., ഐക്യനാടുകൾ
വർഷങ്ങളോളം മാതാപിതാക്കളിൽ നിന്ന് അനുഭവിക്കേണ്ടി വന്ന അവഗണനയെയും ദുഷ്പെരുമാറ്റത്തെയും സഹിച്ചുനിൽക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയുടെ സ്നേഹവും വിശ്വസ്തതയും എന്നെയും ജ്യേഷ്ഠന്മാരെയും സഹായിച്ചു. മുത്തശ്ശി ഞങ്ങളുടെ ഹൃദയങ്ങളിൽ ഉൾനട്ട ബൈബിൾ സത്യങ്ങൾ, പിടിച്ചുനിൽക്കാനുള്ള ശക്തി ഞങ്ങൾക്കു പകർന്നുതന്നു. ഇന്ന് മുത്തശ്ശിയുടെ പേരക്കുട്ടികൾ മൂന്നു പേരും അവരുടെ ഏഴു മക്കളും സമർപ്പിത ക്രിസ്ത്യാനികളാണ്.
ബി. എൽ. ബി., ബ്രസീൽ
എനിക്ക് പതിനേഴു മാസം പ്രായമായ ഒരു കുഞ്ഞുണ്ട്. അവന്റെ പരിപാലനത്തെച്ചൊല്ലി അമ്മായിയമ്മയും ഞാനും തമ്മിൽ ഉടക്കി. അങ്ങേയറ്റം അസൂയ തോന്നിയതിന്റെ ഫലമായി, എനിക്ക് ക്രിസ്തീയ യോഗങ്ങൾ പോലും ആസ്വദിക്കാൻ സാധിക്കാത്ത അവസ്ഥ വന്നു. എന്നാൽ അമ്മായിയമ്മയ്ക്കു ദുരുദ്ദേശ്യങ്ങളൊന്നും ഇല്ലെന്നും കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ ശ്രമിക്കുകയല്ലെന്നും മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഈ വിവരങ്ങൾ, അവ എനിക്ക് തക്ക സമയത്തു തന്നെ ലഭ്യമാക്കിയതിനു ഞാൻ യഹോവയോടു നന്ദി പറയുന്നു.
എം. ഇസഡ്. സി., മെക്സിക്കോ
അഞ്ചു പുത്രന്മാർ “എന്റെ അഞ്ചു പുത്രന്മാരെയും പ്രതി ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്” (മാർച്ച് 22, 1999) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. കാരണം, ഹെലൻ സൗൾസ്ബെറിയും എന്റെ അമ്മയും തമ്മിൽ വളരെയേറെ സമാനതകളുണ്ട്. രണ്ടുപേരും ഒരേ വർഷമാണ് സ്നാപനമേറ്റത്. അച്ഛന്റെ കമ്പനി തകർന്ന്, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന സാഹചര്യത്തിലും ഹെലനെ പോലെതന്നെ എന്റെ അമ്മയും വീട്ടിലിരുന്നു ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ചു. കൂടാതെ അമ്മയും ഒരു പയനിയർ അഥവാ മുഴുസമയ സുവിശേഷകയായി സേവിച്ചു. വയലിലെ രസകരമായ അനുഭവങ്ങൾ അമ്മ എല്ലായ്പോഴും ഞങ്ങളോടു വന്നു പറയുമായിരുന്നു. എനിക്കും പയനിയർ സേവനത്തോട് ഒരു പ്രതിപത്തി ഉണ്ടാകാൻ അതിടയാക്കി. അമ്മ ഞങ്ങൾക്കു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടു എന്ന് രണ്ടു പെൺകുട്ടികളുടെ മാതാവ് എന്ന നിലയിൽ ഇപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
എം. എസ്., ജപ്പാൻ
ഈ ലേഖനത്തിനു പ്രത്യേകം നന്ദി. ഒരു പിതാവെന്ന നിലയിൽ ബൈബിൾ ബുദ്ധിയുപദേശങ്ങൾ അനുസരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും വേണ്ടത്ര ചെയ്യാനാകുന്നില്ല എന്നെനിക്കു തോന്നാറുണ്ട്. എന്റെ പരിശ്രമം തുടരാനുള്ള ശക്തി സൗൾസ്ബെറി കുടുംബത്തിന്റെ അനുഭവത്തിലൂടെ എനിക്കു ലഭിച്ചു.
ആർ. എം. ആർ., ബ്രസീൽ
ആഗ്രഹിക്കുന്നതെല്ലാം വാങ്ങൽ ഞാൻ 12 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. “യുവജനങ്ങൾ ചോദിക്കുന്നു . . . ആഗ്രഹിക്കുന്നതെല്ലാം വാങ്ങാൻ എനിക്കു കഴിയാത്തതെന്തുകൊണ്ട്?” (മാർച്ച് 22, 1999) എന്ന ലേഖനത്തിനു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഗിത്താറും സൈക്കിളും അതുപോലെ ഞാൻ ആഗ്രഹിക്കുന്ന പല വസ്തുക്കളും വാങ്ങിച്ചു തരാൻ എന്റെ അച്ഛനു കഴിയുന്നില്ല. അതു നിമിത്തം എനിക്കു നിരാശ തോന്നാറുണ്ട്. എന്നിരുന്നാലും നിങ്ങളുടെ ലേഖനം വളരെ പ്രോത്സാഹജനകമായിരുന്നു. പിതൃതുല്യമായ ഈ ബുദ്ധിയുപദേശത്തിനു നന്ദി.
സി. യു., നൈജീരിയ
പേശികൾ ഇന്നു രാവിലത്തെ വ്യായാമത്തിനു ശേഷം, “പേശികൾ—രൂപസംവിധാനത്തിലെ വിസ്മയങ്ങൾ” (ഏപ്രിൽ 8, 1999) എന്ന ലേഖനം ഞാൻ വായിച്ചു. ഓരോ പേജും വായിക്കുമ്പോൾ എന്റെ കണ്ണിലെ പേശികൾ ചലിക്കുന്നതിനെ കുറിച്ചും കാപ്പി എടുത്തു കുടിക്കുമ്പോൾ കൈയിലെ പേശികൾക്കുണ്ടാകുന്ന സങ്കോച-വികാസങ്ങളെ കുറിച്ചും ഇരിപ്പിന്റെ രീതി മാറ്റുമ്പോൾ കാലിലെ പേശികൾ പ്രവർത്തിക്കുന്നതിനെ കുറിച്ചും ഞാൻ ചിന്തിക്കാൻ തുടങ്ങി. എത്ര വിസ്മയാവഹമായ രൂപസംവിധാനം!
എൻ. ടി., ബെലീസ്
നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ അളവറ്റ ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ഒരു ചെറിയ അംശം മാത്രമാണ് പേശികളിൽ നമുക്കു ദർശിക്കാൻ കഴിയുന്നത്. മനുഷ്യ ശരീരത്തെ കുറിച്ച് വായിക്കുന്നത് ഞാൻ എന്നും ആസ്വദിച്ചിട്ടുണ്ട്. എന്നാൽ ഇത്ര നന്നായി എഴുതിയ, വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു ലേഖനം വായിക്കുന്നത് ആദ്യമായാണ്.
പി. ജെ. ഒ. എസ്., ബ്രസീൽ