ഗ്വാമിലെ നിഗൂഢ രോഗങ്ങൾ
ഗ്വാമിലെ ഉണരുക! ലേഖകൻ
അവൾക്ക് അതേപ്പററി സംശയമുണ്ടായിരുന്നു. എന്നിട്ടും, ഡോക്ടർമാരുടെ വാക്കുകൾ അവളെ വല്ലാതെ ഞെട്ടിച്ചു. “ഞങ്ങൾ നടത്തിയ എല്ലാ പരിശോധനകളും നിങ്ങളുടെ പിതാവിന് ലിററികോയും ബോഡിഗും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതായി കാണുന്നു.” അവ രണ്ടും മാരകമാണെന്ന് അവൾക്കറിയാമായിരുന്നു.
ഈ രോഗങ്ങൾ ലോകത്തിലേക്കും ഏററവും കൂടുതലുള്ള സ്ഥലം ഗ്വാമാണ്. അവിടെ അവയുടെ എണ്ണം ഐക്യനാടുകളിൽ ഉള്ളതിന്റെ അനേകം മടങ്ങാണ്. എന്നാൽ ഈ സ്ത്രീയുടെ പിതാവിന്റെ ജീവൻ അപഹരിക്കാൻ പോകുന്ന ഈ ഭയങ്കര രോഗങ്ങൾ ഏവയാണ്? അവയ്ക്കു കാരണമെന്താണ്? അദ്ദേഹത്തിന്റെ ശേഷിച്ച ജീവിതകാലം സഹിക്കാവതാക്കിത്തീർക്കാൻ തക്കവണ്ണം അവൾക്ക് എന്തു ചെയ്യാനാവും?
എന്താണ് ഈ ലിററികോയും ബോഡിഗും?
ലിററികോയും ബോഡിഗും നാഡീ-പേശീ വ്യവസ്ഥയെ ക്ഷയിപ്പിക്കുന്ന രോഗങ്ങളാണ്. അമ്യോട്രോഫിക്ക് ലാറററൽ സ്ക്ലീറോസിസ് (എഎൽഎസ്) എന്നോ ലൂ ജെറിഗിന്റെ രോഗമെന്നോ ആണ് ലിററികോ വൈദ്യലോകത്തിൽ അറിയപ്പെടുന്നത്. 1941-ൽ പ്രസിദ്ധ ന്യൂയോർക്ക് യാങ്കീ ടീമിലെ ബെയ്സ്ബോൾ കളിക്കാരനായിരുന്ന ലൂ ജെറിഗ് ഈ രോഗം പിടിപെട്ടു മരണമടഞ്ഞതോടെയാണ് ഇതിന് അദ്ദേഹത്തിന്റെ പേരു ലഭിച്ചത്. എന്നാൽ ഗ്വാമിൽ അതറിയപ്പെടുന്നത് ലിററികോ എന്ന പേരിലാണ്.
എഎൽഎസ് മോട്ടോർ ന്യൂറോണുകളെയും സുഷുമ്നയിലെ നാഡികളെയും ബാധിക്കുന്നു. കൈകാലുകളിലെയും തൊണ്ടയിലെയും പേശികൾ സാവധാനം ക്രമാനുഗതമായി തളർന്നു തുടങ്ങുന്നു. എന്നിരുന്നാലും, സ്പർശാനുഭവവും പുനരുത്പാദനശേഷിയും മൂത്രാശയത്തിന്റെയും മലാശയത്തിന്റെയും നിയന്ത്രണശേഷിയും കുറേനാളത്തേക്കു നിൽക്കുന്നു. വാസ്തവത്തിൽ, എഎൽഎസ് രോഗികൾ അനേകം കുട്ടികൾക്കു ജൻമമേകിയിട്ടുണ്ട്. 14 വർഷം എഎൽഎസ് രോഗത്തോട് മല്ലിട്ട് 43-ാമത്തെ വയസ്സിൽ മരണമടഞ്ഞ ഒരു സ്ത്രീ രോഗമുണ്ടായിരുന്ന 14 വർഷത്തിനിടയിൽ ആറു സാധാരണ കുട്ടികൾക്കു ജൻമമേകി. എന്നിരുന്നാലും, എഎൽഎസ് മൂർച്ഛിച്ചു കഴിയുമ്പോൾ മൂത്രനാളത്തിൽ അണുബാധയോ ന്യൂമോണിയയോ ശ്വസന സംബന്ധമായ പ്രശ്നങ്ങളോ ബാധിച്ച് വ്യക്തി മരണമടയുന്നു. 35-നും 60-നും ഇടയ്ക്കു പ്രായമുള്ള മുതിർന്നവരിലാണ് എഎൽഎസ് ഏററവും കൂടുതലായി കണ്ടുവരുന്നത്. ഗ്വാമിൽ ഈ രോഗത്തിനിരയായവരിൽ ഏററവും പ്രായം കുറഞ്ഞ ആൾ ഒരു 19 വയസ്സുകാരിയാണ്.
ഗ്വാമിൽ മസ്തിഷ്ക ക്ഷയത്തിനു പറയുന്ന പേരാണ് ബോഡിഗ്. പാർക്കിൻസോണിസം-ഡിമെൻഷിയ (പിഡി) എന്ന പേരിൽ വൈദ്യമേഖലയിൽ അറിയപ്പെടുന്ന ഇത് പാർക്കിൻസൺസ് രോഗവും അൽഷീമേർസ് രോഗവും ചേർന്നുണ്ടാകുന്നതാണ്. പാർക്കിൻസൺസ് ലക്ഷണങ്ങളോ (സാവധാനമുള്ള ചലനങ്ങൾ, പേശീ കാഠിന്യം, വിറയൽ) മാനസികമായ മാററങ്ങളോ (ഓർമ നഷ്ടം, സ്ഥലകാലബോധം നഷ്ടപ്പെടൽ, സ്വഭാവമാററങ്ങൾ) ആദ്യം കണ്ടുതുടങ്ങിയേക്കാം. ചിലപ്പോൾ ഈ രണ്ടു രോഗങ്ങളും ഒരുമിച്ചു ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നു. രോഗം മൂർച്ഛിച്ചു കഴിയുമ്പോൾ രോഗിക്ക് കിടക്കവ്രണങ്ങൾ, മലമൂത്ര സംബന്ധമായ നിയന്ത്രണമില്ലായ്മ, അസ്ഥിക്ഷയം, അസ്ഥിഭംഗങ്ങൾ, വിളർച്ച എന്നിവയുണ്ടാകുകയും രോഗബാധമൂലം ഒടുവിൽ മരണമടയുകയും ചെയ്യുന്നു.
ലിററികോയും ബോഡിഗും രണ്ടു വ്യത്യസ്ത രോഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, അവ വ്യത്യസ്ത ലക്ഷണ പ്രകടനങ്ങളോടു കൂടിയ ഒരേ രോഗം തന്നെയാണെന്നു വിശ്വസിക്കാൻ ഗവേഷണം ചിലരെ ഇടയാക്കിയിരിക്കുന്നു.
നിഗൂഢതയ്ക്ക് ആഴംകൂടുന്നു
താഴെപ്പറയുന്ന പ്രമുഖ ചോദ്യങ്ങൾ ഗവേഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്: (1) മരിയാനാ ദ്വീപുകളിൽ എഎൽഎസിനും പിഡിക്കും ഇരയായിട്ടുള്ളവരുടെ വെറും രണ്ടു ശതമാനം മാത്രം ദീർഘനാളായി ഗ്വാമിൽ താമസിച്ചുവരുന്ന ഫിലിപ്പിനോകളും 98 ശതമാനം ശുദ്ധ ചമോറോ വർഗക്കാരുമായിരിക്കുന്നതെന്തുകൊണ്ടാണ്? (2) ഈ രോഗം കാര്യമായുള്ള മററു സ്ഥലങ്ങൾ ഇതേ രേഖാംശരേഖയിലുള്ളവയായിരിക്കുന്നത് എന്തുകൊണ്ട്? (3) മററുസ്ഥലങ്ങളിലെ രോഗികളിൽ എഎൽഎസോ പിഡിയോ ഏതെങ്കിലും ഒന്നുമാത്രം കണ്ടുവരുമ്പോൾ മരിയാനാ ദ്വീപുകളിലെ അനേകം രോഗികളിലും അവ രണ്ടും കണ്ടുവരുന്നതെന്തുകൊണ്ടാണ്? (4) ഗാഢ അലൂമിനിയം ഈ രോഗികളുടെ കേന്ദ്രനാഡീവ്യവസ്ഥയിൽ ചെന്നുപററുന്നതെങ്ങനെയാണ്? (5) മസ്തിഷ്ക കോശങ്ങളിൽ അലൂമിനിയത്തിന്റെ അളവ് വളരെ ഉയർന്നതായിരിക്കുമ്പോൾ സിങ്ക് വളരെ കുറച്ചു മാത്രം കണ്ടുവരുന്നതെന്തുകൊണ്ട്? അവിടത്തെ മണ്ണിലും ജലത്തിലും അലൂമിനിയം, മാംഗനീസ്, ഇരുമ്പ് എന്നിവയുടെ അളവു കൂടിയിരിക്കുന്നതായും അതേസമയം കാൽസ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ അളവു കുറഞ്ഞിരിക്കുന്നതായും പശ്ചിമ പസഫിക്കിലെ ഉയർന്ന രോഗനിരക്കുള്ള പ്രദേശങ്ങളിൽ നടത്തിയ പരിസ്ഥിതിപഠനങ്ങൾ പ്രകടമാക്കി.
രഹസ്യത്തിന്റെ ചുരുളഴിക്കുന്നു
ഗ്വാമിലെയും ജപ്പാനിലെയും കാനഡായിലെയും ഗവേഷകർ ഈ നിഗൂഢ രോഗങ്ങളെപ്പററിയുള്ള വസ്തുതകളുടെ ചുരുൾ നിവിർക്കാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അപൂർവമായി കണ്ടുവരുന്ന ഒരു ജനിതക ഘടകം, സാവധാനം നടക്കുന്ന ഒരു വൈറസ് രോഗബാധ, ദീർഘകാലംകൊണ്ടുണ്ടാകുന്ന ലോഹാംശ വിഷബാധ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പല പല ഘടകങ്ങൾ ഈ ഗവേഷണ സംഘങ്ങൾ തയ്യാറാക്കിയ അനേകം സിദ്ധാന്തങ്ങളിൽ പരാമർശിക്കപ്പെട്ടു.
മസ്തിഷ്ക കോശങ്ങളിലുള്ള വെറും രണ്ടുമുതൽ മൂന്നുവരെ മില്ലിഗ്രാം അലൂമിനിയത്തിന് മസ്തിഷ്കത്തിന്റെ സാധാരണ പ്രവർത്തനത്തെ വിഘ്നപ്പെടുത്താൻ കഴിയുമെന്ന് ഒരു ഔഷധവിദഗ്ധൻ അവകാശപ്പെട്ടു. മണ്ണിലും ജലത്തിലും ഉള്ളതു കൂടാതെ ബേക്കിങ് പൗഡർ, കേക്ക് പാൻകേക്ക് എന്നിവയുടെ കൂട്ടുകൾ, വ്യവസായശാലകളിൽ തയ്യാറാക്കിയെടുത്ത തനിയെ പൊങ്ങുന്ന മാവ്, ശീതീകരിച്ച മാവ്, പുളിച്ചുതികട്ടലിനു കഴിക്കുന്ന ചിലയിനം മരുന്നുകൾ, സുഗന്ധവസ്തുക്കൾ, അർശസ്സിനുള്ള ഔഷധങ്ങൾ എന്നീ വസ്തുക്കളിൽ അലൂമിനിയം സംയുക്തങ്ങൾ വലിയ അളവിൽ ചേർത്തിട്ടുണ്ട്. അതുപോലെതന്നെ അലൂമിനിയം പൊതിച്ചിലുകളും പാചകപ്പാത്രങ്ങളും ഇതിനു കാരണമേകുന്നു. എന്തുകൊണ്ടെന്നാൽ അലൂമിനിയം അവയിൽനിന്ന് ഊറിവരുന്നു. പ്രത്യേകിച്ച് അമ്ല സ്വഭാവമോ ക്ഷാര സ്വഭാവമോ ഉള്ള ആഹാര പദാർഥങ്ങൾ അവയിൽ പാകം ചെയ്യുമ്പോൾ.
ഒരു ന്യൂറോളജിസ്ററും ഈ അസാധാരണ രോഗങ്ങൾ സംബന്ധിച്ച ഒരു പ്രാമാണികനുമായ ഡോ. ക്വാങ്-മിങ് ചെൻ ഇപ്രകാരം പ്രസ്താവിച്ചു: “നാഷണൽ ഇൻസ്ററിററ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ആൻഡ് കമ്മ്യൂണിക്കേററിവ് ഡിസീസസ് ആൻഡ് സ്ട്രോക്ക് (എൻഐഎൻസിഡിഎസ്) കഴിഞ്ഞ 30-ലധികം വർഷങ്ങളായി ഈ രോഗങ്ങളെപ്പററി പഠനം നടത്തിവരുകയാണ്. മനുഷ്യവർഗം അറിഞ്ഞിട്ടുള്ളതിൽവെച്ച് ഏററവും മാരകവും പിടികിട്ടാത്തതും കേന്ദ്രനാഡീവ്യവസ്ഥയെ (സിഎൻഎസ്) ബാധിക്കുന്നതുമായ ഈ രോഗങ്ങളുടെ കാരണവും ആധിക്യവും സംബന്ധിച്ച നിഗൂഢതകളുടെ മുഴുവൻ ചുരുളഴിക്കാൻ വിപുലമായ ഈ പഠനങ്ങൾക്ക് ആയിട്ടില്ല.” എന്നിരുന്നാലും, ഇതിന്റെ കാരണം അപൂർവമായി കണ്ടുവരുന്ന ഒരു ജനിതക ഘടകമോ സാവധാനം നടക്കുന്ന ഒരു വൈറസ് രോഗബാധയോ ആണ് എന്നു പറയുന്നതിലും വിശ്വാസയോഗ്യം ദീർഘകാലംകൊണ്ടുണ്ടാകുന്ന ലോഹാംശ വിഷബാധയാണ് എന്നു പറയുന്നതായിരിക്കും. ഗവേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പ്രശ്നങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ശ്രമിക്കുകയും രോഗബാധിതരെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കുകയുമാണ് ഒരു പ്രതിവിധി കണ്ടെത്തുന്നതുവരെ ചെയ്യാൻ പററുന്ന ഏക സംഗതി.
എന്തു പ്രതീക്ഷിക്കാം, എങ്ങനെ പൊരുത്തപ്പെടാം
രോഗനിർണയം കേട്ടപ്പോൾ ഭയവും ദുഃഖവുമുണ്ടായെങ്കിലും തങ്ങൾക്ക് സ്വീകാര്യ മനോഭാവമാണ് ഉണ്ടായിരുന്നതെന്ന് ഗ്വാമിലെ അഭിമുഖം നടത്തിയ കുടുംബങ്ങൾ പറഞ്ഞു. രോഗം സുഖംപ്രാപിക്കുകയില്ലെന്ന് അവർക്കറിയാമായിരുന്നു.
രോഗിയും രോഗിയുടെ കുടുംബവും വലിയ മോഹഭംഗവും നൈരാശ്യവും അനുഭവിക്കുന്നു. ഏററവും ദുഃഖമുണ്ടാക്കിയ സംഗതി എന്താണെന്നു ചോദിച്ചപ്പോൾ ഒരു പിഡി രോഗി പറഞ്ഞതിങ്ങനെയാണ്: “വ്യക്തമായി സംസാരിക്കാൻ കഴിയാത്തതും സ്വാതന്ത്ര്യത്തോടെ വീടിനു ചുററും ഇറങ്ങി നടക്കാൻ കഴിയാത്തതും എന്നെ നിരാശപ്പെടുത്തുന്നു.” വ്യക്തിത്വത്തിലുണ്ടാകുന്ന മാററങ്ങളും ഓർമപ്പിശകുകളും കുടുംബത്തിന് പൊരുത്തപ്പെട്ടുപോകാൻ വിഷമകരമാക്കുന്നു. കിടക്കവ്രണങ്ങളും നിയന്ത്രണമില്ലാതെ നടക്കുന്ന മലമൂത്രവിസർജനങ്ങളും രോഗിയുടെ സംരക്ഷണം പ്രയാസകരമാക്കിത്തീർക്കുന്നു. എഎൽഎസ് രോഗി മാനസികമായി ജാഗരൂകനായിരിക്കുന്നതിനാൽ അയാളുടെ മനോഭാവം പൊതുവേ ഏറെ സഹകരണാത്മകമായിരിക്കും. എന്നാൽ രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ അയാൾ തികച്ചും നിസ്സഹായനായിരിക്കും.
എഎൽഎസ് രോഗിയുടെയോ പിഡി രോഗിയുടെയോ തൊണ്ട വൃത്തിയാക്കുന്നതിന് പലപ്പോഴും ഒരു സക്ഷൻ പമ്പ് ഉപയോഗിക്കേണ്ടിവരും. തൊണ്ടയിൽ തടയാതിരിക്കുന്നതിന് ആഹാരം മയപ്പെടുത്തി ചെറിയ സ്പൂണുകൊണ്ട് തൊണ്ടയിലേക്ക് ഇറക്കിവെച്ചു കൊടുക്കണം. ശ്വാസോച്ഛ്വാസം വിഷമകരമായിരിക്കുമ്പോൾ ഓക്സിജൻ ആവശ്യമായിവരും.
ശാരീരിക ചികിത്സ, രോഗബാധാനിയന്ത്രണം, വൈകാരികമായ പിന്തുണ ഇവയെല്ലാം ഗ്വാമിലെ ഭവന സംരക്ഷണ സേവന ഏജൻസി പ്രദാനം ചെയ്യുന്നുണ്ട്. ദ ഗ്വാം ലെററികോ ആൻഡ് ബോഡിഗ് അസോസ്സിയേഷൻ പ്രദാനം ചെയ്യുന്ന മററ് അവശ്യവസ്തുക്കളിൽ താങ്ങുകൾ, ഒടിവുകൾ കെട്ടിവെയ്ക്കാനുള്ള മരക്കഷണങ്ങൾ, ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന ആശുപത്രി കട്ടിലുകൾ, കിടക്കകൾ, വീൽച്ചെയറുകൾ, ബെഡ്പാനുകൾ എന്നിവയും പെടും. 1970 മുതൽ പിഡി രോഗികൾക്ക് എൽ-ഡോപ്പ എന്ന അമിനോ ആസിഡ്കൊണ്ടുള്ള ചികിത്സ നടത്തി തുടങ്ങി. അത് പേശീകാഠിന്യം കുറയ്ക്കുകയും ചലനവേഗത കൂട്ടുകയും ചെയ്യുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ, ഡിമെൻഷിയാ രോഗികൾക്കോ എഎൽഎസ് രോഗികൾക്കോ പററിയ ഫലപ്രദമായ ഒരു മരുന്നുമില്ല.
കുടുംബാംഗങ്ങളുടെ അടുത്ത സഹകരണം ഈ രോഗങ്ങൾ ബാധിച്ചപ്പോഴൊക്കെ വളരെ മികച്ചതായിരുന്നിട്ടുണ്ട്. എഎൽഎസ്സോ പിഡിയോ ബാധിച്ച് പിതാവിനെയും ഒരു സഹോദരിയെയും മററ് ആറു കുടുംബാംഗങ്ങളെയും നഷ്ടമായ ഒരു സ്ത്രീ ഇങ്ങനെപറഞ്ഞുകൊണ്ട് തന്റെ കുടുംബത്തെ പ്രശംസിക്കുകയുണ്ടായി: “സഹായിക്കാൻ തക്കവണ്ണം നല്ല ആളുകളായിരുന്നു അവരെല്ലാം.” തന്റെ രോഗിണിയായ സഹോദരിയുടെ ഭർത്താവിന്റെ സഹായങ്ങളെക്കുറിച്ചുള്ള മധുര സ്മരണകൾ അയവിറക്കിക്കൊണ്ട് അവൾ പറഞ്ഞു: “എന്തൊരു സ്നേഹമാണെന്നോ അദ്ദേഹം പ്രകടിപ്പിച്ചത്! എല്ലാദിവസവും അദ്ദേഹം അവളെ വീൽച്ചെയറിൽ ഇരുത്തിക്കൊണ്ട് നടക്കാൻ പോകുമായിരുന്നു.”
മറെറാരു സ്ത്രീയാണെങ്കിൽ തന്റെ അമ്മയെ ശുശ്രൂഷിക്കാനായി അനേക വർഷങ്ങളോളം ഏകാകിയായി കഴിഞ്ഞു. അവളുടെ മൂന്നു കുടുംബാംഗങ്ങൾ അപ്പോൾത്തന്നെ എഎൽഎസ് പിടിപെട്ട് മരിച്ചിരുന്നു. മററുള്ളവർ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്തിരുന്നു. 24 വർഷത്തിലധികമായി ശരീരം മുഴുവൻ തളർച്ച ബാധിച്ച മറെറാരു സ്ത്രീക്ക് മൂന്നു പെൺകുട്ടികളുണ്ടായിരുന്നു. അമ്മയ്ക്ക് അടുത്ത പരിചരണം നൽകുന്നതിനായി അവരിൽ രണ്ടുപേർ സ്കൂൾ പഠനം ഉപേക്ഷിച്ചു. അവർ രാവും പകലും അമ്മയെ 30 മിനിററ് ഇടവിട്ട് വശം തിരിച്ചു കിടത്തുമായിരുന്നു. എപ്പോഴും ശ്രദ്ധിക്കേണ്ട ആവശ്യമുള്ളതുകൊണ്ട് ചില കുടുംബങ്ങൾ രോഗികളെ ആശുപത്രിയിൽ ആക്കേണ്ടത് ആവശ്യമായി കരുതുന്നു. അവിടെ അവരുടെ ആവശ്യങ്ങൾ നിറവേററാൻ പരിശീലനം സിദ്ധിച്ചവർ ഉണ്ടല്ലോ.
എഎൽഎസിനോടും പിഡിയോടും വിജയകരമായി പൊരുത്തപ്പെട്ടുപോയ കുടുംബങ്ങൾ ഈ നിർദേശങ്ങൾ വാഗ്ദാനം ചെയ്യുന്നു: സ്നേഹവും അതേസമയം നിശ്ചയദാർഢ്യമുള്ളവരുമായിരിക്കുക. അക്ഷമരാകുകയോ രോഗിയിൽനിന്ന് വളരെയധികം പ്രതീക്ഷിക്കുകയോ അരുത്. ദൈവത്തിൽ വിശ്വാസമർപ്പിക്കുക; കൂടെക്കൂടെ പ്രാർഥിക്കുക; അധികപങ്കും രോഗിയോടൊത്തു ചെലവഴിക്കുന്ന കുടുംബാംഗങ്ങൾക്ക് സ്വന്തം കാര്യങ്ങൾക്കായി കുറച്ചു സമയം അനുവദിക്കുക. രോഗിയെ ഇടയ്ക്കിടയ്ക്ക് പുറത്തുകൊണ്ടുപോകുകയും ഗ്രാമീണമോ സാമൂഹികമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക. കുടുംബത്തിൽ ഒരു രോഗിയുണ്ടായിരിക്കുന്നതിൽ ലജ്ജ തോന്നാതിരിക്കുക. പലപ്പോഴും രോഗികൾ തനിച്ചായിരിക്കുന്നതിനാൽ അവരെ സന്ദർശിക്കാൻ കുട്ടികളെയും പേരക്കുട്ടികളെയും സുഹൃത്തുക്കളെയും മററും പ്രോത്സാഹിപ്പിക്കുക.
വൈദ്യശാസ്ത്രം ഈ രോഗങ്ങൾക്കു കൃത്യമായ ഒരു വിശദീകരണം കണ്ടെത്തിയിട്ടില്ലെങ്കിലും രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യാശയ്ക്കുള്ള വഴിയുണ്ട്. പെട്ടെന്നുതന്നെ ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാ രോഗവും വേദനയും മരണവും എന്നെന്നേക്കുമായി നീക്കംചെയ്യപ്പെടുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. മാത്രമല്ല, പകരം മനസ്സും ശരീരവും പൂർണതയുള്ളതായിത്തീരുകയും ചെയ്യും, ഒടുവിൽ നിത്യജീവനും. മരിച്ചുപോയ പ്രിയപ്പെട്ടവർപോലും ഭൂമിയിലെ ജീവനിലേക്ക് പുനരുത്ഥാനം ചെയ്യും. ഭാവിയിലെ അത്ഭുത പ്രത്യാശയെക്കുറിച്ചു മനസ്സിലാക്കത്തക്കവണ്ണം കഷ്ടമനുഭവിക്കുന്ന പ്രിയപ്പെട്ട ഒരാളെ ദൈവത്തിന്റെ വചനമായ ബൈബിൾ ദയവായി വായിച്ചുകേൾപ്പിക്കുക.—സങ്കീർത്തനം 37:11, 29; യെശയ്യാവു 33:24; 35:5-7; പ്രവൃത്തികൾ 24:15; വെളിപ്പാടു 21:3-5.
[20-ാം പേജിലെ ചിത്രം]
ഇത്തരം മാരക രോഗങ്ങളോടു പൊരുത്തപ്പെടുന്നത് കുടുംബാംഗങ്ങൾ ഒരു വെല്ലുവിളിയായി കാണുന്നു