പ്രൗഢിയേറിയ വൂപ്പർ അരയന്നം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ട്-സ്കോട്ട്ലൻഡ് അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാതെ വ്യാപിച്ചുകിടക്കുന്ന നോർത്തംബ്രിയൻ കുന്നിൻ നിരകൾക്കിടയിൽ തളംകെട്ടി നിൽക്കുന്ന ഗ്രിൻഡൻ തടാകജലം. പന്നൽച്ചെടികൾ പുതച്ചു നിൽക്കുന്ന കുന്നുകളുടെ ചുവപ്പുകലർന്ന തവിട്ടുനിറവും കടും തവിട്ടുനിറവും അതിൽ പ്രതിഫലിച്ചു കാണാം. എന്റെ കണ്ണുകൾ ഒന്നു പരതിയപ്പോൾ ജലത്തിലെ കളകളുടെ തലപ്പുകൾ തിന്നുന്ന ചാരനിറമുള്ള കാട്ടുഹംസങ്ങൾ. അവയോടൊപ്പം തടാകത്തീരത്ത് ഉള്ളാൻ കുരുവികളുടെയും മണ്ണാത്തിപ്പുള്ളുകളുടെയും സ്വർണനിറമുള്ള കുളക്കോഴികളുടെയും പററങ്ങൾ.
മൂടൽമഞ്ഞ് പതുക്കെയൊന്ന് ഒതുങ്ങിയപ്പോൾ ഏതോ ഒരു കാട്ടുപക്ഷിയുടെ പാട്ട് പെട്ടെന്ന് എന്റെ കാതിലെത്തി. അത് കുന്നിൻ മുകളിലൂടെ താഴ്ന്നു പറക്കുന്ന വൂപ്പർ അരയന്നങ്ങളുടെ കർണകഠോരമായ ഗീതമാണ്. 2.5 മീറററിൽ ഒട്ടുംകുറയാതെ നീളമുള്ള ചിറകുകൾ അടിച്ചുപറന്ന് ജലത്തിലേക്കു താഴുന്ന അവ അഴകിന്റെ മകുടോദാഹരണമാണെന്നു തോന്നിപ്പോയി. വടക്കൻ ജലാശയങ്ങൾ തണുത്തുറയുമ്പോൾ ഒക്ടോബർ പകുതിയോടെ ഈ അരയന്നങ്ങൾ റഷ്യ, ഐസ്ലൻഡ്, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് തെക്കോട്ടു പറക്കുന്നു. അവിടെ അവയ്ക്ക് ജലസസ്യങ്ങൾ, കക്കാ, വിത്തുകൾ, ചെറുപ്രാണികൾ എന്നിങ്ങനെ തിന്നാനായി പലതും കിട്ടും.
അവയുടെ കൊക്കുകൾക്കു താഴെ കാണുന്ന ത്രികോണാകൃതിയിലുള്ള മഞ്ഞ പാടുകളിലേക്ക് ഞാൻ എന്റെ ബൈനോക്കുലേഴ്സ് കേന്ദ്രീകരിച്ചപ്പോൾ എന്റെ മുമ്പിൽ തടാകത്തിൽ അണിനിരന്നിരുന്ന ആ 29 അരയന്നങ്ങൾ കൗതുകകരമായ ഒരു ചിത്രമാണ് കാഴ്ചവെച്ചത്. കഴുത്തുകൾ നേരേവെച്ച് തലകളുയർത്തി വലിയ അന്തസ്സോടെയായിരുന്നു അവയുടെ നിൽപ്പ്.
ഒരുകാലത്ത് ബ്രിട്ടനിൽ ധാരാളമായി കണ്ടുവന്നിരുന്ന വൂപ്പർ 18-ാം നൂററാണ്ടിൽ അവിടെനിന്നും നാമാവശേഷമായി. ഇതുവരെയും അത് അവിടെ തിരിച്ചെത്തിയിട്ടില്ല. കൂടുകെട്ടും കാലത്ത് വൂപ്പർ പക്ഷികൾ ആക്രമണ സ്വഭാവമുള്ളവയാണ്. ആ സമയത്ത് അഞ്ചുമുതൽ ഏഴുവരെ വരുന്ന മുട്ടകളെയും അവ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെയും ആക്രമിക്കാൻ സാധ്യതയുള്ള ശത്രുക്കളിൽനിന്ന് അവ ശക്തിയുക്തം സംരക്ഷിക്കുന്നു.
വൂപ്പർ തള്ളപ്പക്ഷിയും തന്തപ്പക്ഷിയും ഒന്നിച്ചിരുന്നാണ് ചില്ലിക്കൊമ്പുകൾകൊണ്ട് കൂടു മെനയുന്നത്. ഒരു ദ്വീപിലോ അല്ലെങ്കിൽ വെള്ളത്തിലോ ആയിരിക്കും കൂട്. വെള്ളത്തിലാണെങ്കിൽ ഒരു മനുഷ്യൻ കയറിനിന്നാലും പൊളിയാത്തവിധം ബലത്തിൽ ഒഴുകിനടക്കുന്ന ഒരു ദ്വീപായിരിക്കും പണിയുക. അതിൽ മഞ്ഞപ്പു കലർന്ന മുട്ടകളുടെമേൽ തള്ളപ്പക്ഷി 35 മുതൽ 42 വരെ ദിവസം അടയിരിക്കുന്നു. പറക്കമുററുന്നതു വരെ തള്ളയും തന്തയും ഒരുപോലെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നു. ഏതാണ്ട് പത്താഴ്ച കഴിയുമ്പോൾ കുഞ്ഞുങ്ങൾക്കു പറക്കമുററുന്നു.
തടാകത്തെയും അതിലെ അരയന്നങ്ങളെയും ചെഞ്ചായം പൂശിക്കൊണ്ട് വെർക്കോവീക്യുമിലെ ഇടിഞ്ഞുപൊളിഞ്ഞ റോമൻ തുറമുഖത്തിന്റെ പിന്നാമ്പുറത്തേക്ക് അരുണവർണാഭമായ പകലോൻ അസ്തമിച്ചപ്പോൾ ജീവിതത്തിന്റെ സൗന്ദര്യത്തെയും പ്രൗഢിയേറിയ ഇത്തരം സൃഷ്ടികളുടെ അത്ഭുതത്തെയും പററി ചിന്തിച്ചുകൊണ്ട് ഞാനങ്ങനെ നിന്നുപോയി.