വിക്ടോറിയ തടാകം—ആഫ്രിക്കയുടെ ഉൾഭാഗത്തുള്ള വലിയ കടൽ
കെനിയയിലെ ഉണരുക! ലേഖകൻ
വർഷം 1858. ആഫ്രിക്കയുടെ ഉൾഭാഗത്തുള്ള, മനുഷ്യരെത്തിപ്പെട്ടിട്ടില്ലാത്ത ഒരു കാട്ടുപ്രദേശത്തുകൂടെ യാത്ര ചെയ്യുകയാണ് ആ ഇംഗ്ലീഷുകാരൻ. ആഫ്രിക്കക്കാരായ ഏതാനും ചുമട്ടുകാരോടൊപ്പം രോഗവും ക്ഷീണവും കൊണ്ട് വലഞ്ഞ് എങ്ങോട്ടെന്നറിയാതെ അദ്ദേഹം യാത്ര തുടർന്നു. മറഞ്ഞിരിക്കുന്ന ഒരു നിധിയും തേടിയായിരുന്നു ജോൺ ഹാനിങ് സ്പിക്കിന്റെ യാത്ര—നൈൽ നദിയുടെ സ്രോതസ്സ്.
അറബികളായ അടിമക്കച്ചവടക്കാർ യൂക്കെറെവ് എന്നു വിളിച്ച, ആഫ്രിക്കയുടെ ഉൾഭാഗത്തു സ്ഥിതി ചെയ്യുന്നതായി പറയപ്പെട്ട ഒരു വലിയ ജലാശയത്തെപ്പറ്റിയുള്ള കഥകളാണ് സ്പിക്കിനു പ്രചോദനമേകിയത്. അനന്തമെന്നു തോന്നിച്ച ആ കുറ്റിക്കാട്ടിലൂടെ അദ്ദേഹം മുന്നേറി. ഒടുവിൽ 25 ദിവസത്തെ നടപ്പിനുശേഷം യാത്രക്കാരുടെ ആ ചെറിയ കൂട്ടം ഗംഭീരമായ ഒരു ദൃശ്യം കണ്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന, ഒരു വലിയ ശുദ്ധജല തടാകം. സ്പിക്ക് പിന്നീട് ഇങ്ങനെ എഴുതുകയുണ്ടായി: “പലരിലും കൗതുകമുണർത്തിയ ആ നദിയുടെ സ്രോതസ്സ്—വളരെയധികം അഭ്യൂഹങ്ങൾക്കു പാത്രമായിരുന്ന, ഒട്ടേറെ പര്യവേക്ഷകരുടെ ലക്ഷ്യമായിരുന്ന ആ ഉത്ഭവസ്ഥാനം—എന്റെ കൺമുമ്പിലുള്ള ആ തടാകമാണ് എന്നതിൽ എനിക്കു യാതൊരു സംശയവുമില്ലായിരുന്നു.” ഇംഗ്ലണ്ടിന്റെ അപ്പോഴത്തെ രാജ്ഞിയുടെ ബഹുമാനാർഥം അദ്ദേഹം അതിന് അവരുടെ പേരു നൽകി—വിക്ടോറിയ.
നൈലിന്റെ സ്രോതസ്സുകളിൽ ഒന്ന്
ഇന്നും അതേ പേരിൽത്തന്നെ അറിയപ്പെടുന്ന ഈ തടാകമാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം. വടക്കേ അമേരിക്കയിലെ സുപ്പീരിയർ തടാകത്തിനാണ് ഒന്നാം സ്ഥാനം. ഭൂമധ്യരേഖാ സൂര്യന്റെ കിരണങ്ങളേറ്റ് ഒരു കൂറ്റൻ കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന വിക്ടോറിയ തടാകത്തിന്റെ വിസ്തീർണം 69,484 ചതുരശ്ര കിലോമീറ്ററാണ്. മഹാഭ്രംശ താഴ്വരയുടെ കിഴക്കും പടിഞ്ഞാറും ശാഖകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വടക്കേ അറ്റത്തുകൂടെയാണ് ഭൂമധ്യരേഖ കടന്നുപോകുന്നത്. കെനിയയുടെ അതിർത്തിയിലുള്ള ഈ തടാകത്തിന്റെ ഭൂരിഭാഗവും ടാൻസാനിയയിലും ഉഗാണ്ടയിലും ആയാണ് കിടക്കുന്നത്.
തടാകത്തിലേക്കു വെള്ളം കൊണ്ടുവരുന്ന നദികൾ, അരുവികൾ തുടങ്ങിയവയിൽ പ്രധാനം ടാൻസാനിയയിലൂടെ ഒഴുകുന്ന കഗെരയാണ്. കഗെരനദി ജലം ശേഖരിക്കുന്നത് റുവാണ്ടയിലെ പർവതങ്ങളിൽ നിന്നാണ്. എന്നിരുന്നാലും വിക്ടോറിയയുടെ പ്രധാന ജലസ്രോതസ്സ് 2,00,000-ത്തിലധികം ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ചുറ്റും വ്യാപിച്ചുകിടക്കുന്ന നീർവാർച്ച പ്രദേശമാണ്. ഇവിടെ ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് തടാകത്തിലേക്ക് ഒഴുകി എത്തുന്നത്. തടാകത്തിന്റെ ഒരേയൊരു ബഹിർഗമന മാർഗം ഉഗാണ്ടയിലെ ജിഞ്ചയിലാണ്. ഇവിടെവെച്ച് ജലം വടക്കോട്ട് ഒഴുകുന്നു, അങ്ങനെ വെളുത്ത നൈൽ ജന്മംകൊള്ളുന്നു. നൈൽ നദിയുടെ സ്രോതസ്സ് വിക്ടോറിയ തടാകം മാത്രമല്ലെങ്കിലും ഈ നദിയിലേക്ക് നിരന്തരം ശുദ്ധജലം പ്രവഹിക്കാൻ ഇടയാക്കിക്കൊണ്ട് ഒരു വലിയ ജലസംഭരണിപോലെ അതു വർത്തിക്കുന്നു. അങ്ങനെ ഈ തടാകം അങ്ങു ദൂരെ ഈജിപ്തിൽ വരെ പോലും ജീവന്റെ നിലനിൽപ്പിന് സഹായിക്കുന്നു.
തടാകക്കരയിലെ ജീവിതം
തടാകത്തിലൂടെ തെന്നിനീങ്ങുന്ന ആ ചിറ്റോടത്തിന്റെ വെളുത്ത പായ്, ചിത്രശലഭത്തിന്റെ കൂട്ടിപ്പിടിച്ച ചിറകുകളെ അനുസ്മരിപ്പിക്കുന്നു. കരയിൽനിന്നു ദിവസവും വീശിയടിക്കുന്ന കാറ്റ് ഈ കൊച്ചു വള്ളത്തെ തടാകത്തിന്റെ മധ്യത്തിലെത്തിക്കും. നട്ടുച്ചയ്ക്ക് കാറ്റിന്റെ ദിശ മാറുന്നതോടെ വള്ളം പുറപ്പെട്ടിടത്തുതന്നെ തിരിച്ചെത്തും. തടാകക്കരയിലെ മുക്കുവർ ആയിരക്കണക്കിനു വർഷങ്ങളായി ഈ വിധത്തിൽ കാറ്റിന്റെ ഗതിയെ പ്രയോജനപ്പെടുത്തിയിരിക്കുന്നു.
വിക്ടോറിയ തടാകത്തിനു ചുറ്റും, പുല്ലു മേഞ്ഞ വീടുകളുള്ള കൊച്ചു ഗ്രാമങ്ങളുണ്ട്. നൈലോട്ടിക്ക് ഗ്രാമീണരുടെ മുഖ്യ ഭക്ഷണം മത്സ്യമാണ്. അതുകൊണ്ട്, നിത്യവൃത്തിക്കായി അവർ ആശ്രയിക്കുന്നത് തടാകത്തെയാണ്. സൂര്യോദയത്തിനു മുമ്പേ ഒരു മുക്കുവന്റെ ദിവസം ആരംഭിക്കും. പുരുഷന്മാർ തങ്ങളുടെ വള്ളങ്ങളിൽനിന്നും വെള്ളം കോരിക്കളഞ്ഞ് മൂടൽമഞ്ഞിന്റെ മേലാടയണിഞ്ഞു നിൽക്കുന്ന തടാകത്തിലേക്ക് യാത്രയാകുന്നു. ഒന്നിച്ചു പാട്ടുകൾ പാടി തടാകത്തിന്റെ മധ്യഭാഗത്തേക്ക് തുഴയവേ അവർ വള്ളങ്ങളുടെ കീറിയ പായ്കൾ വിടർത്തിക്കെട്ടുന്നു. ആ കൊച്ചുവള്ളങ്ങൾ ചക്രവാളത്തിൽ മറയുന്നതോടെ അതും നോക്കി കരയിൽ നിന്നിരുന്ന സ്ത്രീകൾ തിടുക്കത്തിൽ വീട്ടിലേക്കു തിരിക്കുന്നു. ഒരുപാടു പണികൾ ചെയ്തുതീർക്കാനുണ്ട്.
തടാകത്തിന്റെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ടികൾ വെള്ളം തെറിപ്പിച്ച് കളിക്കുമ്പോൾ സ്ത്രീകൾ തുണിയലക്കുകയും കുടിക്കാൻ വെള്ളം ശേഖരിക്കുകയും ആയിരിക്കും. പിന്നെ അവർ വീട്ടിലേക്കു തിരിക്കുകയായി. വെള്ളം നിറച്ച മൺകുടങ്ങൾ തലയിലേന്തി കുഞ്ഞുങ്ങളെ മുതുകത്തു കെട്ടിവെച്ച് ഇരു കൈകളിലും അലക്കിയ തുണികൾ നിറച്ച കുട്ടകളുമായി അവർ സാവധാനം വീടുകളിലേക്കു നടന്നുനീങ്ങുകയാണ്. അവിടെ ചോളവും പയറും വളരുന്ന തോട്ടങ്ങൾ പരിപാലിക്കണം, വിറകു ശേഖരിക്കണം, ചാണകവും കരിയും കുഴച്ചെടുത്ത് വീടിനകം മെഴുകണം. തീരത്ത്, കുറച്ച് അകലെയായി സ്ത്രീകൾ സൈസൽ നാരുകൾ ഉപയോഗിച്ച് ഉറപ്പുള്ള കയറുകൾ പിരിച്ചുണ്ടാക്കുകയും ഭംഗിയുള്ള കുട്ടകൾ നെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. പുരുഷന്മാർ വലിയ ഒരു തടിയിൽനിന്ന് ചിറ്റോടം കൊത്തിയുണ്ടാക്കവേ അന്തരീക്ഷത്തിൽ മഴുവിന്റെ ശബ്ദം മാറ്റൊലി കൊള്ളുന്നു.
അന്തിമയങ്ങുന്നതോടെ സ്ത്രീകൾ വീണ്ടും തടാകത്തിലേക്കു കണ്ണുംനട്ടിരിപ്പാകും. ചക്രവാളസീമയിൽ വെള്ള പായ്കളുടെ തുഞ്ചം ദൃശ്യമായാൽ പുരുഷന്മാർ തിരിച്ചുവരുന്നുണ്ടെന്നർഥം. ഭർത്താക്കന്മാരെ കാണാൻ അവർക്കു തിടുക്കമായി, ഒപ്പം അവർ കൊണ്ടുവരുന്ന മത്സ്യവും.
തടാകത്തിന്റെ കരയിലും ദ്വീപുകളിലുമുള്ള ഈ കൊച്ചു സമുദായങ്ങൾ സമാധാന സന്ദേശവുമായി വരുന്ന സന്ദർശകരെ സ്വീകരിക്കാറുണ്ട്. കാൽനടയായും വള്ളങ്ങളിലും ഈ സന്ദേശവാഹകർ ഓരോ ഗ്രാമങ്ങളിലും ചെന്നെത്തുന്നു. ആളുകൾ വിനയമുള്ളവരും പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉത്സുകരുമാണ്. തങ്ങളുടെ സ്വന്തം ഭാഷകളായ നൈലോട്ടിക്കിലും ബാന്റൂവിലും അച്ചടിക്കപ്പെടുന്ന ബൈബിൾ സാഹിത്യങ്ങൾ വായിക്കാൻ അവർക്കു വിശേഷിച്ചും താത്പര്യമാണ്.
തടാകത്തെ ആശ്രയിച്ചു കഴിയുന്ന ജീവജന്തുക്കൾ
വിക്ടോറിയ തടാകത്തിൽ 400-ലധികം തരം മത്സ്യങ്ങളുണ്ട്. ഇവയിൽ ചിലതിനെ ലോകത്ത് മറ്റൊരിടത്തും കണ്ടെത്താൻ സാധിക്കില്ല. ഏറ്റവും സാധാരണമായ ഒരിനമാണ് സിക്ലിഡ്. നിറപ്പകിട്ടാർന്ന ഈ കൊച്ചു മത്സ്യത്തിന് തീവർണമുതുകൻ, പിങ്ക് ഫ്ളഷ്, കിസുമു തവളവായൻ എന്നൊക്കെയുള്ള അപരനാമങ്ങൾ ഉണ്ട്. ചില സിക്ലിഡുകൾ അസാധാരണമായ വിധത്തിൽ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. അപകടം മണത്തറിയുമ്പോൾ മത്സ്യം അതിന്റെ വായ് മലർക്കെ തുറക്കും, അപ്പോൾ കുഞ്ഞുങ്ങളെല്ലാം വായിലേക്ക് പാഞ്ഞുകയറും. അപകടം ഒഴിയുമ്പോൾ അതു കുഞ്ഞുങ്ങളെ വായിൽനിന്ന് പുറത്തുവിടും, അപ്പോൾ കുഞ്ഞുങ്ങൾ അവയുടെ വഴിക്കു പോകുകയും ചെയ്യും.
വിക്ടോറിയ തടാകത്തിനരികെ വിവിധതരത്തിലുള്ള അഴകാർന്ന പക്ഷികൾ വസിക്കുന്നുണ്ട്. മുങ്ങാങ്കോഴി, നീർക്കാക്ക, സർപ്പപ്പക്ഷി എന്നിവ വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങി തങ്ങളുടെ കൂർത്ത കൊക്കുകൾകൊണ്ട് വിരുതോടെ മീനുകളെ കൊത്തിയെടുക്കുന്നു. കൊക്കുകൾ, മുണ്ടികൾ, കരുവാരക്കുരുക്കൾ, കരണ്ടിക്കൊക്കന്മാർ എന്നിവ തടാകത്തിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നതു കാണാം, ഏതെങ്കിലും മത്സ്യം അബദ്ധത്തിൽ ആ വഴി കടന്നുവരുന്നതും കാത്ത്. മീതെ, ഗ്ലൈഡർവിമാനങ്ങൾ പോലെ പറ്റമായി നീങ്ങുന്ന പെലിക്കനുകൾ. അവ കൂട്ടത്തോടെ നീന്തുമ്പോൾ മീൻപറ്റങ്ങളെ വളഞ്ഞ് വലിയ കുട്ടകൾ പോലെയുള്ള കൊക്കുകൾകൊണ്ട് അവയെ കോരിയെടുക്കും. ബലിഷ്ഠമായ ചിറകുകളുള്ള മത്സ്യ കഴുകന് ആണ് ആകാശത്തെ മേൽക്കോയ്മ. തടാകത്തിനു വളരെ മുകളിലുള്ള ഒരു വൃക്ഷശിഖരത്തിൽനിന്ന് തടാകത്തിനു മുകളിലൂടെ ഉയർന്നുപറന്ന് പെട്ടെന്ന് താണിറങ്ങി അത് ജലോപരിതലത്തിലുള്ള ഒരു മത്സ്യത്തെ നിഷ്പ്രയാസം കൊത്തിയെടുക്കുന്നു. താണിറങ്ങുമ്പോൾ, വടിപോലെയുള്ള അതിന്റെ ചിറകുകളിലൂടെ കാറ്റ് ചൂളമിടുന്ന ശബ്ദം കേൾക്കാം. തടാകത്തിനു തൊങ്ങൽ ചാർത്തുന്ന നിബിഡമായ പപ്പൈറസ് കാട്ടുപൊന്തകളിൽ കടുംവർണത്തിലുള്ള നെയ്ത്തുകാരൻ പക്ഷികൾ കൂടുകൂട്ടിയിട്ടുണ്ട്. കരയിൽ അങ്ങകലെയുള്ള അക്കേഷ്യ വനങ്ങളിൽനിന്ന് വേഴാമ്പലുകൾ കേഴുന്നതു കേൾക്കാം.
രാവിലെയും വൈകുന്നേരവും നീർക്കുതിരകളുടെ മുഴക്കമുള്ള മുരൾച്ചകൾ നിശ്ചലമായ തടാകത്തിലുടനീളം മാറ്റൊലികൊള്ളുന്നു. ഉച്ചയോടെ അവ തീരത്തിനടുത്തു നിരന്നു കിടന്നുറങ്ങും. അപ്പോൾ അവയെ കണ്ടാൽ ആഴം കുറഞ്ഞ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നരച്ചനിറത്തിലുള്ള മിനുസമാർന്ന വലിയ പാറകളാണെന്നേ തോന്നൂ. തടാകക്കരയിലെ ആളുകൾ അപകടകാരികളായ നൈൽ മുതലകളെക്കുറിച്ച് സദാ ജാഗ്രതയുള്ളവരാണ്. പേടിയുളവാക്കുന്ന ഈ ഉരഗങ്ങളുടെ ഭൂരിഭാഗത്തെയും മനുഷ്യർ കൊന്നൊടുക്കിയെങ്കിലും ഏതാനും എണ്ണം ഇപ്പോഴും വിക്ടോറിയ തടാകത്തിന്റെ കൂടുതൽ വിദൂരമായ ഭാഗങ്ങളിൽ വസിക്കുന്നുണ്ട്.
കലങ്ങിമറിഞ്ഞ ജലപരിസ്ഥിതി
ജോൺ സ്പിക്ക് വിക്ടോറിയ തടാകം കണ്ടതിൽപ്പിന്നെ ആഫ്രിക്കയിലെ ജനസംഖ്യ വളരെ വർധിച്ചിട്ടുണ്ട്. 3 കോടിയിലധികം ജനങ്ങൾ നിത്യവൃത്തിക്കായി തടാകത്തെ ആശ്രയിച്ച് അതിന്റെ തീരത്ത് വസിക്കുന്നുണ്ട്. പോയ കാലങ്ങളിൽ സ്ഥലത്തെ മുക്കുവർ മീൻ പിടിക്കാൻ പരമ്പരാഗത രീതികളാണ് ഉപയോഗിച്ചിരുന്നത്. നെയ്തെടുത്ത മീൻകൂടുകൾ, പപ്പൈറസ് വലകൾ, ചൂണ്ടകൾ, കുന്തങ്ങൾ എന്നിവ ഉപയോഗിച്ച് അവർ തങ്ങൾക്ക് ആവശ്യമുള്ള മത്സ്യം പിടിച്ചിരുന്നു. ഇന്ന് വളരെയധികം നീളമുള്ളതും ആഴത്തിൽനിന്ന് ടൺകണക്കിന് മത്സ്യം കോരിയെടുക്കാൻ കഴിയുന്നതുമായ ട്രോളറുകളുടെയും നൈലോൺ ചാളവലകളുടെയും വരവോടെ അമിത മത്സ്യബന്ധനം തടാക പരിസ്ഥിതിയെ അപകടത്തിൽ ആക്കിയിരിക്കുന്നു.
വിദേശത്തു നിന്നുള്ള ചില മത്സ്യ ഇനങ്ങളെ തടാകത്തിലേക്കു കൊണ്ടുവന്നത് തടാക പരിസ്ഥിതിയെ തകിടം മറിക്കുകയും പ്രാദേശിക മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. തടാകത്തെ അപകടപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഘടകമാണ് കുളവാഴകൾ. പർപ്പിൾ നിറത്തിലുള്ള മനോഹരമായ പുഷ്പങ്ങളുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാഴ്ചെടിയാണ് അത്. തെക്കേ അമേരിക്കയിൽനിന്നു വന്ന ഈ പാഴ്ചെടിയുടെ വളർച്ച ദ്രുതഗതിയിൽ ആയതുകൊണ്ട് അത് തടാകത്തിന്റെ കരയുടെയും കൈവഴികളുടെയും വലിയൊരു ഭാഗം കൈയടക്കിയിരിക്കുന്നു. ഇതുമൂലം ചരക്കു ബോട്ടുകൾക്കും കടത്തു ബോട്ടുകൾക്കും അവിടെയുള്ള മീൻപിടിത്തക്കാരുടെ തോണികൾക്കും തീരങ്ങളിലേക്കും ജെട്ടികളിലേക്കും പ്രവേശിക്കാൻ സാധിക്കാതായിരിക്കുന്നു. ഇതിനു പുറമേ മലിനവസ്തുക്കളുടെ പുറന്തള്ളലും വ്യവസായവത്കരണവും തടാകത്തിന്റെ നീർവാർച്ച പ്രദേശത്തുണ്ടായിട്ടുള്ള വനനശീകരണവുമെല്ലാം അതിന്റെ ഭാവിയെ അപകടത്തിലാക്കിയിരിക്കുന്നു.
വിക്ടോറിയ തടാകം അതിജീവിക്കുമോ? ആ ചോദ്യത്തെ ചൊല്ലി പല തർക്കങ്ങളുമുണ്ട്. അതിനെ ചൂഴ്ന്നു നിൽക്കുന്ന നിരവധി പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് ആർക്കും കൃത്യമായി അറിയില്ല. എന്നാൽ, ദൈവരാജ്യം “ഭൂമിയെ നശിപ്പിക്കുന്നവരെ” നീക്കം ചെയ്ത ശേഷം എന്നേക്കും സ്ഥിതി ചെയ്യാൻ സാധ്യതയുള്ള പ്രകൃതിയിലെ വില തീരാത്ത ഒരു മുത്താണ് വിക്ടോറിയ തടാകം.—വെളിപ്പാടു 11:18.
[18-ാം പേജിലെ ചതുരം/ചിത്രം]
തടാകത്തെ വിഴുങ്ങുന്ന മത്സ്യം
എണ്ണമയമുള്ള, തീറ്റിപ്രിയനായ, ദ്രുതഗതിയിൽ പെരുകുന്ന അതിന് 1.8 മീറ്റർ വരെ നീളം വെക്കും. എന്താണത്? ലേറ്റസ് നൈലോട്ടിക്കസ്! നൈൽ പെർച്ച് എന്ന പേരിൽ സാധാരണമായി അറിയപ്പെടുന്ന തീറ്റിപ്രിയനായ ഈ കൂറ്റൻ മത്സ്യത്തെ 1950-കളിലാണ് വിക്ടോറിയ തടാകത്തിലേക്കു കൊണ്ടുവന്നത്. ഇപ്പോൾ ഇത് ഒരു പാരിസ്ഥിതിക വിപത്തായി മാറിയിരിക്കുന്നു. 40 വർഷത്തിനുള്ളിൽ അത് തടാകത്തിലെ 400 മത്സ്യ ഇനങ്ങളിൽ ഏതാണ്ട് പകുതിയെയും തിന്നൊടുക്കിയിരിക്കുന്നു. ഈ കൂട്ട ഉന്മൂലനം അവിടെയുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷ്യ ഉറവിടത്തെ അപകടപ്പെടുത്തിയിരിക്കുകയാണ്. കാരണം അവർ തങ്ങളുടെ കുടുംബങ്ങളെ പോറ്റിയിരുന്നത് തടാകത്തിൽ വസിക്കുന്ന കൊച്ചു മത്സ്യങ്ങളായ തിലോപ്പിയ, സിക്ലിഡ് തുടങ്ങിയവയെക്കൊണ്ടാണ്. ഈ കൊച്ചു മത്സ്യങ്ങൾ ആരോഗ്യത്തിന്റെ കാര്യത്തിലും ഒരു പങ്കു വഹിക്കുന്നു. ചിലത് ഗുരുതരമായ ബിൽഹാർസിയ—ഒച്ചുപനി—രോഗത്തിനു കാരണമായ ഒച്ചുകളെ പിടിച്ചുതിന്നുന്നു, അങ്ങനെ ഈ രോഗത്തിന്റെ വ്യാപനം കുറയാൻ ഇടയാക്കുന്നു. മറ്റു ചില മത്സ്യങ്ങളാകട്ടെ ആൽഗകളെയും മറ്റു ജലസസ്യങ്ങളെയും ഭക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണം കുറഞ്ഞതു നിമിത്തം ഈ സസ്യങ്ങൾ നിയന്ത്രണാതീതമായി വളർന്നിരിക്കുന്നു. ആൽഗകളുടെയും മറ്റും അനിയന്ത്രിതമായ വളർച്ച യൂട്രോഫിക്കേഷൻ—സസ്യപദാർഥങ്ങൾ ജീർണിക്കുന്നതിന്റെ ഫലമായി ജലത്തിൽ ഓക്സിജൻ കുറയൽ—എന്ന അവസ്ഥ സംജാതമാക്കിയിരിക്കുന്നു. ഇതു വെടിപ്പാക്കാൻ വേണ്ടത്ര മത്സ്യങ്ങൾ ഇല്ലാത്തതിനാൽ “മൃതമേഖലകൾ”—ജലത്തിൽ ഓക്സിജൻ ഇല്ലാത്ത പ്രദേശങ്ങൾ—വർധിച്ചിരിക്കുന്നു. കൂടുതൽ മത്സ്യങ്ങൾ ചത്തൊടുങ്ങാൻ ഇത് ഇടയാക്കിയിരിക്കുന്നു. വേണ്ടത്ര മത്സ്യം തിന്നാൻ കിട്ടാതായപ്പോൾ ശാപ്പാട്ടുരാമനായ നൈൽ പെർച്ച് പുതിയ ഒരു ഭക്ഷ്യ ഉറവിടത്തിലേക്കു തിരിഞ്ഞിരിക്കുന്നു—അതിന്റെ തന്നെ കുഞ്ഞുങ്ങൾ! തടാകത്തെ വിഴുങ്ങുന്ന ഈ മത്സ്യം അങ്ങനെ സ്വയം വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു!
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഉഗാണ്ട
കെനിയ
ടാൻസാനിയ
വിക്ടോറിയ തടാകം
[15-ാം പേജിലെ ചിത്രം]
വിക്ടോറിയ തടാകക്കരയിൽ സാക്ഷ്യവേല
[16-ാം പേജിലെ ചിത്രം]
നെയ്ത്തുകാരൻ പക്ഷി
[16, 17 പേജുകളിലെ ചിത്രം]
പെലിക്കനുകൾ
[17-ാം പേജിലെ ചിത്രം]
വെള്ളരിപ്പക്ഷി
[16, 17 പേജുകളിലെ ചിത്രം]
നൈൽ മുതല
[16, 17 പേജുകളിലെ ചിത്രം]
നീർക്കുതിരയുടെ പുറത്തു നിൽക്കുന്ന മുണ്ടി