ററിററിക്കാക്ക തടാകത്തിലെ ഒഴുകിനടക്കുന്ന ദ്വീപുകൾ
പെറുവിലെ ഉണരുക! ലേഖകൻ
എന്ത്? ഒഴുകിനടക്കുന്ന ദ്വീപുകളോ? അതെ, തെക്കേ അമേരിക്കയിലെ ഈ അനന്യസാധാരണമായ തടാകത്തിലെ ദ്വീപുകൾ ഒഴുകി നടക്കുന്നു. ആളുകൾ അതിൽ പാർക്കുന്നുമുണ്ട്.
പടിഞ്ഞാറേ അതിർത്തി പെറുവും കിഴക്കേ അതിർത്തി ബൊളീവിയയും ആയുള്ള ററിററിക്കാക്ക തടാകമാണ് വൻ നൗകകൾക്ക് ഗതാഗതയോഗ്യമായ ലോകത്തിലെ ഏററവും ഉയർന്ന തടാകം. സമുദ്ര നിരപ്പിൽനിന്ന് 3,810 മീററർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകം വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കു ദിശയിൽ 190 കിലോമീററർ ദൂരം വ്യാപിച്ചു കിടക്കുന്നു. അതിന്റെ ഏററവും കൂടിയ വീതി 80 കിലോമീറററിലേറെ വരും.
ററിററിക്കാക്ക തടാകത്തിൽ അനേകം ദ്വീപുകളുണ്ട്. ഇവയിൽ പലതും റെറാട്ടൊറ എന്നു പറയുന്ന, തടാകത്തിന്റെ ആഴം കുറഞ്ഞ സ്ഥലങ്ങളിൽ വളരുന്ന ഈററപോലെയുള്ള ഉണങ്ങിയ ഒരുതരം പെരുങ്കോരപ്പുല്ലുകൊണ്ടുള്ള (papyrus) പൊങ്ങിക്കിടക്കുന്ന തടുക്കുകളാണ് (mats). അനേകം മീററർ ആഴമുള്ള തടാകത്തിന്റെ തട്ടിൽ വേരൂന്നി ജലപ്പരപ്പിൽനിന്ന് അനേകം മീററർ ഉയരത്തിൽ വളർന്നുനിൽക്കുന്നതാണ് ഈ ഈററ. ഈ ഈററകളുടെ മുകൾഭാഗം വളച്ച് പായ് നെയ്യുംപോലെ കൂട്ടിപ്പിണച്ച് ജലോപരിതലത്തിൽ ഒരു പുൽത്തകിടി പോലെ പണിതാണ് ഒരു ദ്വീപുണ്ടാക്കുന്നത്. പിന്നെ കൂടുതൽ ഈററക്കഷണങ്ങൾ തലങ്ങനെയും വിലങ്ങനെയും പാകി മണ്ണിട്ട് മൂടി ബലിഷ്ഠമാക്കുന്നു. ഈ ഒഴുകിനടക്കുന്ന ഈററ ദ്വീപുകളിൽ മേഞ്ഞുണ്ടാക്കിയ ഈററക്കുടിലുകളിലാണ് ആളുകളുടെ താമസം.
ഈ ദ്വീപുകളിൽ ആളുകൾ താമസം തുടങ്ങിയിട്ട് ദീർഘനാളായെന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സൂചിപ്പിക്കുന്നു. അത് ഇപ്രകാരം കൂടി നിരീക്ഷിക്കുന്നു: “തടാക വാസികൾ ഉണങ്ങിയ ഈററക്കെട്ടുകൾ കൂട്ടിക്കെട്ടി ബൾസാകൾ എന്നു പറയുന്ന പേരുകേട്ട വഞ്ചികൾ ഉണ്ടാക്കുന്നു. പുരാതന ഈജിപ്ഷ്യൻ സ്മാരകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന ചന്ദ്രക്കലാകൃതിയിലുള്ള പപ്പൈറസ് ശില്പത്തിന് സമാനമാണ് ഇവ.”
ററിററിക്കാക്ക തടാകത്തിലെ ദ്വീപു നിവാസികളോടു പ്രസംഗിക്കുന്നതിനായി അടുത്തകാലത്ത് യഹോവയുടെ സാക്ഷികൾക്ക് ഒരു വഞ്ചി ലഭിച്ചു. അമരത്തു പിടിപ്പിക്കുന്ന ഒരു എൻജിന്റെ സഹായത്താലാണ് വഞ്ചി ഓടുന്നത്. ഇതിൽ 16 പേർക്ക് യാത്ര ചെയ്യാം. ഈ ഈററ ദ്വീപുകളിലെ വീടുകൾ തോറും നടക്കുമ്പോൾ പാദത്തിനടിയിൽ പ്രതലത്തിൽ ചെറിയ ഒരു ചലനം അനുഭവപ്പെടുന്നതായി സാക്ഷികൾ പറയുന്നു. സന്തോഷകരമെന്നു പറയട്ടെ, ഒഴുകി നടക്കുന്ന ഈ വിദൂര ദ്വീപുകളിലെ ആളുകളുടെ പക്കലും ഇപ്പോൾ ദൈവരാജ്യ സന്ദേശം എത്തിക്കൊണ്ടിരിക്കയാണ്!