ഞങ്ങൾ വീട് എന്നു പറയുന്ന സ്ഥലങ്ങളെ നോക്കൂ
“മനോഹര പ്രദേശങ്ങൾ സന്ദർശിച്ചാലും എവിടെയെല്ലാം ഉല്ലാസം അനുഭവിച്ചാലും, വളരെ എളിയ നിലയിലുള്ള ഒരു താമസമായാലും, വീടിനെപ്പോലെ ഒരു സ്ഥലവുമില്ല.”—ജോൺ ഹോവാർഡ് പായൻ.
എന്തിനെയാണ് നിങ്ങൾ വീട് എന്നു വിളിക്കുന്നത്? ആധുനിക സാമഗ്രികളെല്ലാം ഉപയോഗിച്ചുകൊണ്ട് പരിചയ സമ്പന്നരായ ജോലിക്കാർ പണിത, നന്നായി നിർമ്മിക്കപ്പെട്ട ഒരു ഭവനത്തെ ആണോ? അല്ലെങ്കിൽ പ്രാദേശിക ചുററുപാടുകളിൽനിന്നെടുത്ത വസ്തുക്കൾകൊണ്ട് ഉടമസ്ഥൻ പണിതീർത്ത ഒരു ഭവനത്തെ ആണോ? ലോകമെമ്പാടും ആളുകൾ വീട് എന്നു പറയുന്ന സ്ഥലങ്ങളിലേക്കു നമുക്കൊന്നു ഹ്രസ്വമായി എത്തിനോക്കാം.
നമ്മുടെ ആദ്യ സ്റേറാപ്പ് എൽ സാൽവഡോർ എന്ന രാജ്യമാണ്. അവിടെ തെഹിസ്തെപെകെ എന്ന കൊച്ചുഗ്രാമത്തിൽ നമുക്കു ഹൊറയെയും അവന്റെ മാതാപിതാക്കളെയും കണ്ടുമുട്ടാനാകും. നാം അവരുടെ വീട്ടിലേക്കു പോകുന്നെങ്കിലോ, അതിന്റെ തറ വെറും മണ്ണ് തന്നെയാണ് എന്നു കാണാം. മേൽക്കൂരയെ താങ്ങിനിർത്തുന്ന മരത്തൂണുകൾ നിലത്ത് ഉറപ്പിച്ചിരിക്കുന്നു. ചുടുകട്ടകൊണ്ടുള്ള ഭിത്തിയിൻമേൽ ചെളി തേച്ചുമിനുക്കിയിട്ടുണ്ട്. ഓടുമേൽക്കൂര ഭിത്തിയെ കവച്ചുവച്ച് പുറത്തേക്കുതള്ളിനില്ക്കുന്നതിനാൽ ഭിത്തികൾക്കു മഴയത്തും വെയിലത്തും സംരക്ഷണം ലഭിക്കുന്നു. എന്നിരുന്നാലും, ഓടിനുപകരം പതിനഞ്ചു സെൻറീമീററർ കനത്തിൽ, നീളമുള്ള പുല്ലു നിരത്തി മേൽക്കൂര പാകുകയാണ് എൽ സാൽവഡോറിൽ പലരും ചെയ്യുന്നത്.
കൊളമ്പിയയിലെ ചില ദരിദ്രരായ ഗ്രാമീണർ ജീവിക്കുന്നതും ഏതാണ്ട് സമാനമായ വീടുകളിലാണ്. നിലത്ത് ഉറപ്പിച്ചിട്ടുള്ള മൂലയിലെ തൂണുകൾക്കിടയിലായി പൊളിച്ചെടുത്ത മുളക്കഷണങ്ങൾ നിരത്തി അവയെ ചെളി തേച്ചുമിനുക്കിയാണ് ഭിത്തിയുണ്ടാക്കുന്നത്. താങ്ങുതൂണുകളിൻമേൽ ഉറപ്പിച്ചിരിക്കുന്ന മേൽക്കൂര പനയോലകൊണ്ടുള്ളതാണ്.
ഉറുഗ്വേയിലെ താക്വൊറാമ്പോ എന്ന സ്ഥലത്തെ ചില വീടുകൾ നിർമ്മിച്ചിരിക്കുന്നത് കുതിരയുടെ വിസർജ്ജ്യവും മണ്ണും വെള്ളവും ചേർത്ത മിശ്രിതംകൊണ്ടു ചുട്ടെടുത്ത ഇഷ്ടികകൊണ്ടാണ്. ഈ മിശ്രിതം മരത്തിന്റെ അച്ചുകളിലാക്കി വെയിലത്തുവെച്ച് ഉണക്കിയെടുക്കുന്നു. ഉണങ്ങി കട്ടിയായ ഇഷ്ടികകൾ ഭിത്തിക്കുവേണ്ടി ഉപയോഗിക്കുന്നു. മേഞ്ഞ മേൽക്കൂര തൂണുകളിൽ താങ്ങിനിർത്തുകയും ചെയ്തിരിക്കുന്നു. ജനൽപ്പാളികൾ ചില്ലുകൊണ്ടുള്ളതല്ല, പകരം മരത്തിന്റെ ഷട്ടറുകളാണ് ഉപയോഗിക്കുന്നത്, തറ വെറും നിലത്തെ മണ്ണുതന്നെ.
ഉറുഗ്വേയുടെ ഉൾഭാഗത്തുള്ള ചില സാധു കുടുംബങ്ങൾ വസിക്കുന്നത് ഈററകൊണ്ടുള്ള വീടുകളിലാണ്. ചുടുകട്ടകൊണ്ടുള്ള വീടുകളെപ്പോലെ, അത്തരം വാസസ്ഥലങ്ങളും വേനൽക്കാലത്തു തണുപ്പും ശൈത്യകാലത്തു ചൂടും പ്രദാനം ചെയ്യുന്നു. ഈററക്കഷണങ്ങൾ കൂട്ടിക്കൊളുത്തി 0.6 മീററർ കനത്തിലും 1.8 മീററർ ഉയരത്തിലും ഭിത്തി നിർമ്മിക്കുന്നു. മേൽക്കൂരയുടെ താങ്ങുകളിൽ പുല്ല് ചേർത്തുറപ്പിച്ച് 18 സെൻറിമീററർ കനത്തിൽ മേൽക്കൂര മേഞ്ഞുണ്ടാക്കുന്നു. പുറംഭിത്തികൾക്കു കടുപ്പവും മിനുക്കവുമുള്ള പ്രതലം ഉണ്ടാകാനായി ചില വീട്ടുടമസ്ഥർ ചെളിയുടെയും ചാണകത്തിന്റെയും മിശ്രിതം തേച്ചുപിടിപ്പിക്കുന്നു. മുറികൾ തിരിക്കാനായി മരംകൊണ്ടുള്ള ചട്ടക്കൂടുണ്ടാക്കിയതിനുശേഷം പരുക്കൻ ചാക്കുതുണി ഒരുമിച്ചുചേർത്തു തുന്നിപ്പിടിപ്പിക്കുന്നു. ചിലപ്പോൾ അതിൻമേൽ ചെളിയും തേച്ചുപിടുപ്പിക്കും.
അരുവികൾക്കും ചതുപ്പുനിലങ്ങൾക്കും അടുത്തുള്ള മേഖലകളിൽ, ചില ഉൾനാടൻ ഉറുഗ്വേക്കാർ ഈററവീടുകളിൽ താമസിക്കുന്നുണ്ട്. അതിന്റെ ചട്ടക്കൂട് ഈററകൾ കനത്തിൽ ചേർത്തുറപ്പിച്ച മരച്ചില്ലകൊണ്ടുള്ളതാണ്. ഇത് അവർ എങ്ങനെയാണു ചെയ്യുന്നത്? ഈററ 1.5 മുതൽ 1.8 വരെ മീററർ നീളത്തിൽ മുറിച്ചെടുത്ത് ഈർപ്പവിമുക്തമാകുന്നതുവരെ വെയിലത്തിട്ട് ഉണക്കുന്നു. എന്നിട്ട് അവയെ 23 സെൻറീമീററർ വ്യാസമുള്ള കെട്ടുകളാക്കി കെട്ടുന്നു. അവസാനം വീടിന്റെ ഭിത്തിയും മേൽക്കൂരയും ഉണ്ടാക്കുന്നതിനു ചട്ടക്കൂടുമായി അതിനെ ചേർത്തു പിടിപ്പിക്കുന്നു.
പൊങ്ങിക്കിടക്കുന്ന വീടുകൾ
പെറു എന്ന രാജ്യത്തിലെ ഇകീതൊസ് എന്ന പട്ടണത്തിനടുത്തായി ഒരു സാധു മനുഷ്യൻ ആമസോൺ നദിയിൽ തന്റെ വീട് നിർമ്മിക്കുന്നു. എന്നാൽ വീട് ഒഴുകി പോകുന്നത് അയാൾ എങ്ങനെ തടയും? അയാൾ കാട്ടിൽനിന്നും ശേഖരിക്കുന്ന വലുതും എന്നാൽ ഭാരം കുറഞ്ഞതുമായ മരത്തടികൊണ്ട് ഒരു ചങ്ങാടം ഉണ്ടാക്കുന്നു, എന്നിട്ട് നദിയുടെ അടിത്തട്ടിൽ ഉറപ്പിച്ചിട്ടുള്ള കുററിയിൻമേൽ നങ്കൂരമിട്ട് ഉറപ്പിക്കുന്നു. ചങ്ങാടം ഇങ്ങനെ കുററിയോടു ബന്ധിപ്പിച്ചു സുരക്ഷിതമാക്കിയശേഷം, അതിൻമേൽ, ഭിത്തി മുളകൊണ്ടും മേൽക്കൂര ഈററകൊണ്ടുമായി അയാൾ തന്റെ ഒററ മുറി വീട് പണിയുന്നു. മുളയുടെ ഇടയിലുള്ള വിടവിലൂടെ വായു കടന്നുപോകുന്നതിനാൽ വീടിന് അതിന്റെതായ ഒരു എയർ കൺഡീഷനിങ് സംവിധാനമുണ്ട്. ഉഷ്ണമേഖലാചൂട് കടുത്തതാകയാൽ മിക്കവാറും ഒരു ഭിത്തി മുഴുവനായി തുറന്നിട്ടിരിക്കും.
കിടന്നുറങ്ങാനുള്ള സജ്ജീകരണങ്ങളിൽ ഉൾപ്പെടുന്നത് സാധാരണയായി ഒരു മരക്കട്ടിലും കാൻവാസ്സുകളുമാണ് അല്ലെങ്കിൽ നിലത്തു വിരിക്കാൻ ഒരു പായ മാത്രം. ഇകീതൊസിലുള്ള ഭൂരിഭാഗം വരുന്ന വീടുകളോടുള്ള താരതമ്യത്തിൽ ഈ വീട് പ്രാകൃതമാണെങ്കിലും, സാധുക്കൾക്ക് ഇതു വീടാണ്.
പെറുവിലെ ററിററികാക എന്ന മനോഹരമായ തടാകത്തിൽ ഈററ വീടുകൾ പണിയുന്നത് പൊങ്ങിക്കിടക്കുന്ന ദ്വീപുകളിൻമേലാണ്. ദ്വീപുകൾതന്നെ ഈററകൾകൊണ്ടുള്ളതാണ്. ഒരു ടെന്നിസ് കോർട്ടിന്റെ അത്രയും ചെറുതുമുതൽ പല വലുപ്പത്തിലുള്ളവയുമുണ്ട്. സമുദ്രനിരപ്പിൽനിന്നും 3,800 മീററർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകത്തിൽ ഈററ സമൃദ്ധിയായുണ്ട്.
സമ്പന്നരായ നിവാസികൾ ഈററക്കെട്ടുകളെ ഒരുമിച്ചുചേർത്തു പൊങ്ങിക്കിടക്കുന്ന പ്ലാററ്ഫാറത്തിൻമേൽ പണിയുന്ന വീടുകൾക്കായുള്ള ഭിത്തിയും മേൽക്കൂരയും ഉണ്ടാക്കുന്നു. വർഷത്തിലൊരിക്കൽ അവർ പ്ലാററ്ഫാറത്തിന്റെ ഏററവും മുകളിലുള്ള ഈററക്കഷണങ്ങളുടെ അടുക്കിനെ പുതുക്കുന്നു, ഇത് ഏററവും താഴത്തെ അടുക്കിലെ ജീർണ്ണനംകൊണ്ടുള്ള നഷ്ടത്തെ നികത്തുന്നു. പ്ലാററുഫാറത്തിന്റെ കനം ഏകദേശം 1.8 മീറററോളമുണ്ടാകും. അടിഭാഗം ക്രമേണ ദ്രവിച്ചുതീർന്നുകൊണ്ടിരിക്കും.
ചൈനാക്കാർ വീട് എന്നു വിളിക്കുന്ന, പൊങ്ങിക്കിടക്കുന്ന മറെറാരു വ്യത്യസ്തതരം ഭവനം ഹോങ്കോങിൽ കാണാവുന്നതാണ്. ഹോങ്കോങിലെ അബർദീൻ തുറമുഖത്തു കൂലിവാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്ന ഒരു കൊച്ചു ജല ടാക്സി അസാധാരണമായ ഒരു കാഴ്ചയല്ല. ആ ടാക്സിയുടെ നടത്തിപ്പുകാർക്ക് അതൊരു പൊങ്ങിക്കിടക്കുന്ന വീടാണ്. അതിൽതന്നെയാണ് ആ കുടുംബം പാചകം ചെയ്യുന്നതും ഭക്ഷിക്കുന്നതും ഉറങ്ങുന്നതും. മററു ചില ചൈനാ കുടുംബങ്ങൾ അവരുടെ മുഴു ജീവിതവും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുകൊണ്ട് ജങ്ക്സ് എന്നറിയപ്പെടുന്ന ജലവാഹനത്തിൽ ചെലവഴിക്കുന്നു. അത് അവർക്കു വീട് ആയിത്തീർന്നിരിക്കുന്നു.
വ്യാപാരസാധനങ്ങൾ കൊണ്ടുപോകുന്നതിനായി വലിയ ജലവാഹനങ്ങൾ ഉപയോഗപ്പെടുത്തുന്ന ധാരാളം നദികളും കനാലുകളും യൂറോപ്പിലുണ്ട്. ഇവ നടത്തുന്ന ചില കുടുംബങ്ങൾ ഈ വാഹനത്തിന്റെ ഒരററം പാർപ്പിടമാക്കിമാററിയിരിക്കുന്നു, അങ്ങനെ ഈ ചരക്കുവള്ളം അവരുടെ ഒഴുകുന്ന വീട് ആയിത്തീരുന്നു.
ബോർണിയോ ശൈലിയിലുള്ള അപ്പാർട്ടുമെൻറു ഭവനങ്ങൾ
ബോർണിയോ ദ്വീപിലെ സീ ഡൈയാക്സ് അല്ലെങ്കിൽ ഐബൻസ് എന്നറിയപ്പെടുന്ന ജനങ്ങൾ അവരുടെതരം അപ്പാർട്ടുമെൻറു കെട്ടിടങ്ങളായ നീളംകൂടിയ വീടു പണിയുന്നു. നിലത്ത് ഉറപ്പിച്ചിട്ടുള്ള അനേകം തൂണുകൾ താങ്ങിനിർത്തുന്ന, നീളത്തിലുള്ളതും ഉയരം കുറഞ്ഞതുമായ ഈ കെട്ടിടങ്ങൾ നിലകൊള്ളുന്നത് നദീതീരങ്ങളിലെ ഉയർന്ന പ്രതലങ്ങളിലാണ്. ഇത്തരം നീളംകൂടിയ ഓരോ വീട്ടിലും ഒരു സമുദായം മുഴുവനും ഉണ്ടാകും, അതായത് ഒരു ഗ്രാമം ഒരു മേൽക്കൂരക്കീഴിൽ.
സമുദായത്തിന്റെ വലുപ്പമനുസരിച്ചു വീടിന്റെ നീളവും വ്യത്യാസപ്പെട്ടിരിക്കും. അത് പത്തുമുതൽ നൂറുവരെ ആളുകൾ ആകാം. വിവാഹത്തിലൂടെ കുടുംബങ്ങൾ വർദ്ധിക്കുന്നതനുസരിച്ച്, അവരെ താമസിപ്പിക്കാനായി വീടിന്റെ നീളവും വർദ്ധിപ്പിക്കുന്നു.
ഓരോ കുടുംബത്തിനും അതിന്റെതായ അപ്പാർട്ടുമെൻറുണ്ട്. കുടുംബാംഗങ്ങൾ അവരവരുടെ വാസസ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതെങ്ങനെ? വീടിന്റെ ഒരററം മുതൻ മറേറ അററം വരെയുള്ള ഒരു തുറസ്സായ നടപ്പാതയുടെ സഹായത്താൽ. നടപ്പാതയുടെ മേലെയുള്ള മേഞ്ഞ മേൽക്കൂര തണലും മഴയിൽനിന്നുള്ള സംരക്ഷണവും നല്കുന്നു. താമസക്കാർ വീട്ടിലുള്ളപ്പോൾ അവർ തങ്ങളുടെ സമയം മിക്കവാറും ചെലവഴിക്കുന്നത്, സന്ദർശനങ്ങളാലോ അല്ലെങ്കിൽ കൊട്ടനെയ്ത്തോ തുണിനെയ്ത്തോ പോലുള്ള കരകൗശലവേലകൾ ചെയ്തുകൊണ്ടോ ഈ നടപ്പാതയിലായിരിക്കും.
ഓരോ അപ്പാർട്ടുമെൻറിലും കുടുംബം പാചകം ചെയ്യുകയും ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. അപ്പാർട്ടുമെൻറുകൾക്കും നടപ്പാതക്കും മുകളിലായി ഒരു മുറിയുണ്ട്. കൃഷിയായുധങ്ങളും അരിയും മററും സൂക്ഷിക്കുന്നതിനായി അത് ഉപയോഗിക്കുന്നു. വിവാഹിതരല്ലാത്ത പെൺകുട്ടികൾക്ക് ഉറങ്ങാനുള്ള സ്ഥലമായും അതിനെ ഉപയോഗിക്കാറുണ്ട്. അവിവാഹിതരായ പുരുഷൻമാർ നടപ്പാതക്കു വെളിയിലായി നിലത്തു പായയിൽ ഉറങ്ങും.
പശ്ചാത്യരാജ്യങ്ങളിലെ പട്ടണങ്ങളിലുള്ള ബഹുനില വീടുകളിൽനിന്നു വ്യത്യസ്തമായി ഈ നീളം കൂടിയ വീടുകൾക്ക് കുളിമുറിയോ അല്ലെങ്കിൽ കക്കൂസോ ഇല്ല. കുളിക്കുന്നത് അടുത്തുള്ള നദിയിലാണ്. പാകിയ തറയ്ക്കിടയിലൂടെ പാഴ്വസ്തുക്കൾ നാലു മീറററോളം താഴെയുള്ള നിലത്തേക്കു ഒഴുക്കിവിടുന്നു. അവിടെ പന്നികളും കോഴികളും അവ തിന്നുതീർക്കുന്നു.
മണ്ണിനടിയിലെ വീടുകൾ
പത്തൊൻപതാം നൂററാണ്ടിൽ, അമേരിക്കൻ ഐക്യനാടുകളിലേക്കു കുടിയേറിപ്പാർത്തവർ വീട് ഉണ്ടാക്കിയതു തടികൊണ്ടും പുല്ലുകൊണ്ടുമായിരുന്നു, എന്നാൽ മററുചിലർ വീട് ഉണ്ടാക്കിയതു മണ്ണിനടിയിലായിരുന്നു. നദിക്കരയിൽ വെള്ളത്തിലേക്കു ചരിഞ്ഞുകിടക്കുന്ന പ്രദേശത്ത് ഒരു മുറിയുടെ വലിപ്പത്തിലുള്ള കുഴിയുണ്ടാക്കുന്നു. മേൽക്കൂരയുടെ നിരപ്പ് നദീതീരത്തോട് ഒപ്പമായിരിക്കും. പാചകം ചെയ്യുന്നതിൽനിന്നും തീ കായുന്നതിൽനിന്നും വരുന്ന പുക പുറത്തേക്കു പോകുന്നതിനുവേണ്ടി അടുക്കളയുടെ പുകക്കുഴൽ മേൽക്കൂരയിലൂടെ പുറത്തേക്കു നീട്ടിനിർത്തിയിരിക്കുന്നു. മണ്ണിനടിയിലുള്ള ഈ വീടുകളിൽ വെളിച്ചമുണ്ടായിരുന്നില്ലെന്നതു ശരി തന്നെ, എന്നാലും ശൈത്യകാലത്ത് അവ ചൂടുള്ളവയായിരുന്നു. തനിച്ചു താമസിക്കുന്നവർ അവരുടെ കുതിരകളെയോ അല്ലെങ്കിൽ കാളകളെയോ ആ മണ്ണിനടിയിലെ മുറിയിൽ കൂടെത്താമസിപ്പിക്കുന്നത് അസാധാരണമായിരുന്നില്ല.
തായ്വാന് അടുത്തുള്ള ഓർക്കിഡ് ദ്വീപിൽ ഇന്നും യൊമീസ് എന്നറിയപ്പെടുന്നയാളുകൾ ഇപ്പോഴും മിക്കവാറും മണ്ണിനടിയിലുള്ള പരമ്പരാഗത വീടുകൾ പണിയുന്നുണ്ട്. തുറന്നുകിടക്കുന്ന കുഴിക്കു ഭിത്തിയെന്ന കല്ലുകൾ പാകുന്നു. കാററും മഴയുമുള്ളപ്പോൾ ഇതിൽ വെള്ളം വന്നു നിറയാതെ ഓട സംരക്ഷിക്കുന്നു. പുല്ലുമേഞ്ഞ മേൽക്കൂരയെയും അതിന്റെ കഴുക്കോലുകളെയും താങ്ങിനിർത്തുവാൻ മരത്തിന്റെ ബലമുള്ള തൂണുകളുണ്ട്. തറയ്ക്കു മീതെ, ഓരോ വീടിനും ഭിത്തിയില്ലാത്ത ഒരു ചെറിയ മുറിയുണ്ട്. പുല്ലുമേഞ്ഞ മേൽക്കൂരയുള്ള ഈ മുറി അല്പം ഉയർന്ന പ്ലാററ്ഫാറത്തിലായിരിക്കും. ഈ സങ്കേതപ്ലാററ്ഫാറം കുടുംബത്തിന്റെ തണുപ്പു ഗോപുരമാണ്. അവിടേയ്ക്കാണ് ഉഷ്ണമേഖലാപ്രദേശത്തെ നട്ടുച്ചനേരത്തുള്ള ചൂടിൽനിന്നും രക്ഷ നേടാനായി അവർ പോകുന്നത്. ഇതുകൂടാതെ, വീടു മുഴുവനായും മണ്ണിനടിയിലാക്കിപ്പണിതിട്ടുള്ള ആളുകളുമുണ്ട്.
കുറെ വർഷങ്ങൾക്കു മുമ്പ്, ഗുഹകൾ വീടായി ഉപയോഗിക്കുന്ന ആശയത്തിനു, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒരു വിശേഷാൽ ശ്രദ്ധ ലഭിച്ചു. ഫ്രാൻസിലെ ലോയിരെ താഴ്വരയിൽ ഗുഹാജീവിതം പല സമ്പന്ന കുടുംബക്കാരുടെ ഇടയിലും ഒരു ഫാഷനായിത്തീർന്നു. ഒരു ഗുഹയെ ഒരു ഇരിപ്പുമുറിയും ഭക്ഷണമുറിയും അടുക്കളയുമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത് അവിടെ നിങ്ങൾക്കു കാണാം—ചിലപ്പോൾ ചെങ്കുത്തായ പാറക്കെട്ടുകൾവരെ, ഒന്നിനു പിറകെ ഒന്നായി മുറികളുടെ ഒരു പരമ്പരതന്നെ ഉണ്ടാകും. മറെറാരു വീട് രൂപകല്പന ചെയ്തിരുന്നത് അടുത്തടുത്തുള്ള അനേകം ഗുഹകളാലാണ്. ഓരോ ഗുഹയ്ക്കും ഉണ്ടായിരുന്നു ജനാലകളും ചില്ലുകൊണ്ടുള്ള ഒരു വാതിലും . വാതിൽ ഗുഹാമുഖത്തു പിടിപ്പിച്ചിരിക്കുന്നതിനാൽ വെളിച്ചം അകത്തു കടക്കുകയും ചെയ്യുന്നു. ഈർപ്പത്തിനെതിരെയും പൂപ്പുപിടിക്കുന്നതിനെതിരെയും ചെറുത്തുനില്ക്കാനായി ഈ ഗുഹകളിൽ താമസിക്കുന്നവർ ഇതിനെ പൈപ്പുവെള്ളവും വൈദ്യുതിയും എയർക്കണ്ടീഷനും ഉൾപ്പെടെ മററു പല സൗകര്യങ്ങളോടുംകൂടെ ആധുനികരിക്കാൻ ഗണ്യമായി പണം ചെലവിടുകയും ചെയ്യുന്നു.
നാം ഇവിടെ പരിചിന്തിച്ച വീടുകൾ നിങ്ങളുടേതിൽനിന്നു വ്യത്യസ്തമാകാം. എന്നാൽ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക്, അത് “വീട്” ആണ്. (g92 12/8)