ദൈക്കു സാൻസ്വപ്നഗൃഹം പണിയുന്നു
ജപ്പാനിലെ ഉണരുക! ലേഖകൻ
ജപ്പാനിലെ ചാരുതയാർന്ന പരമ്പരാഗത വസതികൾ അനേകം സന്ദർശകരുടെ മനം കവരുന്നു. ചരിഞ്ഞ മേൽക്കൂര, മേൽപ്പോട്ടു വളഞ്ഞ ഇറമ്പുകൾ, വളപ്പിനുള്ളിലെ പൂന്തോട്ടം, വരാന്തകൾ എന്നിവയെ അവയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. എന്നാൽ രസകരമായ കാര്യം ഈ മാതൃകയിലുള്ള ഒരു വീട് സാധാരണ രൂപകൽപന ചെയ്യുന്നതും പണിയുന്നതും മോടിപിടിപ്പിക്കുന്നതും ഒരേയൊരാളുടെ നിർദ്ദേശത്തിലാണെന്നതാണ്. അയാൾ ദൈക്കു സാൻ അഥവാ പെരുന്തച്ചൻ എന്നു വിളിക്കപ്പെടുന്നു.
മിസ്ററർ കാട്ടോ 40 വർഷത്തെ അനുഭവജ്ഞാനമുള്ള ദൈക്കു സാൻ ആണ്. അയാളും തച്ചൻമാരടങ്ങിയ അയാളുടെ സംഘവും ചേർന്ന് മിക്ക ജപ്പാൻകാരും ആഗ്രഹിക്കുന്ന സ്വപ്നഗൃഹം പണിയുന്നു. ഈ വീടിന്റെ തനതായ ശൈലിയെക്കുറിച്ചും അത് എങ്ങനെ പണിയുന്നു എന്നതിനെക്കുറിച്ചും അയാൾ നമ്മോടു പറയുമ്പോൾ നമുക്കു ശ്രദ്ധിക്കാം.
പൗരാണിക രൂപകൽപന
“പൗരാണിക ജാപ്പനീസ് വസതിയുടെ അന്ത:സത്ത രണ്ടു വാക്കുകളിൽ സംക്ഷേപിക്കാൻ കഴിയും: വാബിയും സാബിയും,” ദൈക്കു സാൻ നമ്മോടു പറയുന്നു. പല അർത്ഥങ്ങളോടുമൊപ്പം രണ്ടു വാക്കുകളും “സ്വച്ഛവും മനോജ്ഞവുമായ ലാളിത്യം” എന്നും അർത്ഥം നൽകുന്നു. “ചാരുതയാർന്നത്” “പ്രശാന്തം” “സുഭഗം” എന്നീ പദങ്ങളെല്ലാം ജാപ്പനീസ് വാസ്തുവിദ്യയെയും അതിന്റെ ആകർഷണത്തെയും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
ജപ്പാനിൽ കൂടെക്കൂടെ ചുഴലിക്കാററുകളും ഭൂകമ്പങ്ങളും വേനൽക്കാലത്ത് ഉയർന്ന ഈർപ്പവും ഉള്ളതിനാൽ ഈടു നിൽക്കുമെന്നതുകൊണ്ട് തടിയാണു വീടു പണിയുന്നതിനു ഉത്തമമെന്നു ദൈക്കു സാൻ വിശദീകരിക്കുന്നു. ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളിൽ കളിമണ്ണും മുളയും കടലാസ്സും ഉൾപ്പെടുന്നു. ദർശനപ്പൊരുത്തം കൈവരുത്തുന്നതിനായി ഭവനവും ഉദ്യാനവും ഒന്നിച്ചു രൂപകൽപ്പന ചെയ്യുന്നു.
സ്വപ്നഗൃഹവും ഉദ്യാനവും എങ്ങനെ കാണപ്പെടും? അതെങ്ങനെ നിർമ്മിക്കപ്പെടും? ദൈക്കു സാൻ എങ്ങനെ ഒരു സ്വപ്നഗൃഹം പണിയുന്നുവെന്നു നേരിട്ടു കാണാൻ മറെറാരു പണിസ്ഥലത്തേക്കു നമുക്കു യാത്ര ചെയ്യാമെന്നു ദൈക്കു സാൻ നിർദ്ദേശിക്കുന്നു.
നിലത്തു നിന്നു മുകളിലേക്ക്
“നൂറുവർഷങ്ങൾക്കു മുമ്പു പണിത വീടുകൾ നിലത്ത് ഉറപ്പിക്കപ്പെട്ടിരുന്നില്ല,” നമ്മൾ പണിസ്ഥലത്തു ചുററിനടക്കുമ്പോൾ ദൈക്കു സാൻ നമ്മോടു പറയുന്നു. “പാറകളിൽ ഉറപ്പിച്ചിരിക്കുന്ന കുറിയ തൂണുകളിൽ താങ്ങിനിർത്തിയ തിരശ്ചീനമായ തുലാങ്ങളുടെ ഒരു ശ്രേണിയിൽ അവ നിലകൊണ്ടു.” ഈ കെട്ടിടങ്ങളിൽ അനേകവും ഇപ്പോഴും നിലനിൽക്കുന്നു എന്ന വസ്തുത ദൈക്കു സാന്റെ വൈദഗ്ദ്ധ്യത്തെ തെളിയിക്കുന്നു. “ഈ കാലത്തു തൂണുകളും അടിസ്ഥാനങ്ങളും സിമൻറു കൊണ്ടു നിർമ്മിക്കപ്പെടുന്നു. എന്നാൽ ഘടനാപരമായ പ്രമാണങ്ങൾ പഴയപടി നിലനിൽക്കുന്നു,” എന്നു നമ്മോടു പറയപ്പെടുന്നു. ഇതു ഭിത്തികളേക്കുറിച്ചും അങ്ങനെതന്നെയാണ്, അവ പാശ്ചാത്യ മാതൃകയിലുള്ള വീടുകളിൽനിന്നു സങ്കൽപത്തിലും നിർമ്മിതിയിലും തികച്ചും വ്യത്യസ്തമാണ്.
ഒരു ജാപ്പനീസ് ഭവനത്തിന്റെ ഉൾഭിത്തികൾ ദൃഢമായ രോധത്തേക്കാളുപരി കേവലം വേർതിരിക്കലിനായി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. “ഈ വിധത്തിൽ, പിളർന്ന മുളകൊണ്ടുള്ള ഒരു മറയുടെ വശങ്ങളിൽ രണ്ടുമുതൽ അഞ്ചുവരെ അടുക്കു കളിമൺ ആവരണം ചെയ്യപ്പെടുന്നു,” നിർമ്മാണത്തിലിരിക്കുന്ന ഒരു ഭിത്തി ചൂണ്ടി ദൈക്കു സാൻ വിശദീകരിക്കുന്നു. “ഓരോ ആവരണത്തിന്റെയും ദൃഢത വ്യത്യസ്തമാണ്. ഓരോ അടുക്കും അടുത്തതു പൂശുന്നതിനുമുമ്പ് പൂർണ്ണമായി ഉണങ്ങേണ്ടതുണ്ട്. അതിനാൽ ഒരു വീടു പൂർത്തിയാകുന്നതിനു ശരാശരി മൂന്നു മാസമെടുക്കുന്നു.” (ഒരു സ്വപ്നഗൃഹം പണിയുന്നതിനു നിശ്ചയമായും അതിൽ കൂടുതൽ സമയമെടുക്കും) ജപ്പാൻകാർ ഇഷ്ടപ്പെടുന്ന, മണ്ണിന്റെ സ്വാഭാവിക നിറത്തിൽ നേർത്ത കളിമണ്ണോ മണലോ കൊണ്ട് ആവരണം ചെയ്ത ഭിത്തികൾ വായു കടത്തിവിടുന്നതല്ലാതെ ഈർപ്പമുള്ള കാലാവസ്ഥയിൽ കോൺക്രീററു ഭിത്തികൾ ചെയ്യുന്നതുപോലെ വിയർക്കുന്നില്ല.
അടുത്തതായി ദൈക്കു സാൻ തറയിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. വരാന്ത, ഹാൾ, അടുക്കള എന്നിവയുടെ തറകൾ കടുപ്പമുള്ള മരംകൊണ്ടുള്ളവയാണ്. മററു മിക്ക മുറികളും തതാമി എന്നു വിളിക്കപ്പെടുന്ന ചേർത്തു നെയ്ത പുൽപായ്കളാൽ പരവതാനി വിരിക്കപ്പെട്ടവയാണ്. ഈ അദ്വിതീയമായ തറയാവരണം ശൈത്യകാലത്ത് ഊഷ്മളവും ഗ്രീഷ്മകാലത്തു സുഖശീതളവുമാണ്. ഇരിക്കുന്നതിനോ കിടക്കുന്നതിനോ ദൃഢതയുള്ളതും അതേസമയം വേണ്ടത്ര മാർദ്ദവമുള്ളതുമാണിവ. ഓരോ പായും ഏകദേശം ഒരു മീററർ വീതിയും രണ്ടു മീററർ നീളവും അഞ്ചു സെൻറീമീററർ കനവും ഉള്ളതാണ്. മുറികൾ അവയുൾക്കൊള്ളുന്ന പായുടെ എണ്ണത്താൽ തിരിച്ചറിയപ്പെടുന്നു. അതായത് വലിപ്പമനുസരിച്ച് എട്ട്-, ആറ്-, അല്ലെങ്കിൽ നാലര-പായ്-മുറികൾ എന്നിങ്ങനെ അവ വിളിക്കപ്പെടുന്നു.
ശ്രദ്ധാപൂർവം സൂക്ഷിക്കുന്ന കുടുംബരഹസ്യം
അഗാധ നൈപുണ്യമാവശ്യമായ ചേർപ്പുപണിയിലാണ് ദൈക്കു സാന്റെ വൈദഗ്ദ്ധ്യം യഥാർത്ഥമായി തിളങ്ങുന്നത്. ഞങ്ങളുടെ ഗൈഡ് അയാളുടെ പിതാവിൽനിന്നു കൈമാറിക്കിട്ടിയ 70 വർഷത്തിലധികം പഴക്കമുള്ള തച്ചുശാസ്ത്രഗ്രന്ഥങ്ങൾ ഞങ്ങളെ കാണിക്കുന്നു. അവയുടെ നിരവധി പേജുകൾ സങ്കീർണ്ണവും വശ്യവുമായ അനേകം കൂട്ടിച്ചേർക്കൽ പണികൾ ഉൾക്കൊള്ളുന്നു. പുരാതന കാലംമുതൽ പെരുന്തച്ചൻമാർ ചേർപ്പുപണിസങ്കേതങ്ങൾ പുത്രനോ പിൻഗാമിക്കോ മാത്രം കൈമാറിക്കൊണ്ട് അതിരഹസ്യമായി കാത്തുസൂക്ഷിക്കുന്നു. ഒരൊററ ആണിപോലും ഉപയോഗിക്കാതെ ഒരു വീടുമുഴുവനും പണിയാൻ കഴിയും, ഇനിമേൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിൽപോലും.
“ഈ ചേർപ്പു പണിയുടെ സാങ്കേതിക വിദ്യകളിൽ ചിലതു മററു ചില നാടുകളിലെ തച്ചൻമാർ ഉപയോഗിക്കുന്നവക്കു സമാനമാണ്. ദൃഷ്ടാന്തത്തിനു പ്രാവാൽ സന്ധി, കോരം, ചതുരച്ചേർപ്പ്, വെട്ടിച്ചേർപ്പ് എന്നിങ്ങനെയുള്ള ചേർപ്പുപണികളുണ്ട്,” എന്നു ദൈക്കു സാൻ വിശദീകരിക്കുന്നു. ഏതു ചേർപ്പാണു വേണ്ടത് എന്നുള്ളതു കെട്ടിടത്തിന്റെ ആ ഭാഗത്തു വരാവുന്ന മുറുക്കത്തെയും ബലത്തെയും ആശ്രയിച്ചിരിക്കുന്നു. ഞടുക്കത്തോടൊപ്പം വീടിൻമേൽ ഒരു ആന്ദോളനത്തിന് അവസരം നൽകുന്നതിനാൽ അനുയോജ്യമായ ചേർപ്പുകൾ ഭൂകമ്പത്തെയും ചലനങ്ങളെയും ആഗിരണം ചെയ്യുന്നു.
മഹത്വമാർന്ന മകുടം
ഒരുപക്ഷേ പരമ്പരാഗത ജാപ്പനീസ് ഭവനത്തിന്റെ ഏററവും പ്രമുഖമായ സവിശേഷത അതിന്റെ മേൽക്കൂരയാണ്. വീടിന്റെ മററുഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതു ബൃഹത്തും ഭാരമുള്ളതും ആയി കാണപ്പെടുന്നു. ഉറപ്പേറിയ ഒററത്തടിയിലുള്ള തുലാങ്ങളാൽ ബലവത്താക്കപ്പെട്ട മേൽക്കൂര യഥാർത്ഥത്തിൽ പ്രകൃതിശക്തികൾക്കെതിരെ വീടിനു ദൃഢത നൽകുന്നുവെന്നു ദൈക്കു സാൻ നമ്മോടു പറയുന്നു. പല രീതികളിലുള്ള മേൽക്കൂരകളുണ്ടെങ്കിലും സാധാരണയായി അവ മട്ടച്ചുവരുള്ളതോ ബാഹ്യകോണം വെച്ചതോ രണ്ടിന്റെയും സമ്മിശ്രരൂപത്തിലുള്ളതോ ആയിരിക്കും. ചുട്ട കളിമണ്ണുകൊണ്ടുള്ള ചില മേൽക്കൂരയോടുകൾ ദൈക്കു സാൻ കാണിക്കുന്നു. വീണ്ടും മണ്ണിന്റെ നിറമാണു സർവസാധാരണം, പിന്നെ എല്ലാവരും ഇഷ്ടപ്പെടുന്ന തിളങ്ങുന്ന ഇളം നീല നിറമുണ്ട്.
“താഴ്ന്നിറങ്ങുന്ന ഇറമ്പുകളും അവയുടെ അൽപം മേൽപോട്ടു വളഞ്ഞ മൂലകളും ഭാവി താമസക്കാരുടെ സുഖത്തിന് അനിവാര്യമാണ്,” ദൈക്കു സാൻ ചൂണ്ടിക്കാണിക്കുന്നു. “തറയിൽനിന്നു മച്ചോളം എത്തുന്നതും തള്ളിനീക്കാവുന്നതുമായ ഗ്ലാസ്സ്വാതിലുകൾ ഈർപ്പമുള്ള മഴക്കാലത്തുപോലും വരാന്തയിലേക്കു തുറന്നുവെക്കാൻ ഈ ഇറമ്പുകൾ സഹായിക്കുന്നു. എന്നിരുന്നാലും വേനൽക്കാലത്തെ ചൂടേറിയ വെയിൽ ഏൽക്കാതിരിക്കത്തക്കവണ്ണവുമാണ് അവ പണിയുന്നത്.”
നമ്മൾ പണിസ്ഥലം പരിശോധിച്ചുകഴിയാറായിരിക്കുന്നു. പണിയുന്നതിനു തനിക്കു ഒന്നര വർഷക്കാലം വേണ്ടിവന്ന ഒരു വീടു കാണുന്നതിനു നമ്മുടെ ഗൈഡ് ഇപ്പോൾ നമ്മെ ക്ഷണിക്കുന്നു.
ഒരു യഥാർത്ഥ സ്വപ്നഗൃഹം
നാം കാറോടിച്ചുചെന്ന് ഈ മനോജ്ഞഭവനം വീക്ഷിക്കുമ്പോൾതന്നെ ഏതൊരാൾക്കും സുഖകരമായ അനുഭൂതി പ്രദാനം ചെയ്യുന്നതാണിതെന്ന് മനസ്സിലാകും. മുൻവാതിൽ, ചേർപ്പുസമ്പ്രദായവും ഗ്ലാസ്സും ഉപയോഗപ്പെടുത്തിയ തടിയിലെ ജാലപ്പണിയാണ്. അത് അനായാസം തള്ളിനീക്കിക്കൊണ്ട് നമ്മൾ മനോഹരമായ കവാടത്തിലേക്കു പ്രവേശിക്കുന്നു. അവിടെ ചെരിപ്പു ഊരിയിട്ട് വീട്ടിൽ കടക്കുന്നു. ഹാളിലെ തറപ്പായ്കൾ നമ്മുടെ പാദങ്ങൾക്കടിയിൽ ഉറപ്പുള്ളവയായി അനുഭവപ്പെടുന്നു.
ആവരണം ചെയ്യപ്പെടാത്തവയും ഘടനാവൈശിഷ്ട്യമുള്ളവയുമായ തൂണുകൾ നോക്കി നാം നിന്നുപോകുന്നു. തൊട്ടുനോക്കിയാൽ പട്ടുപോലെ മൃദുവാണത്. വാർണിഷ് ചെയ്തതുപോലെ അതു തിളങ്ങുന്നു. “വീടിന്റെ തടിപ്പണികളിലൊന്നിനും ചായമോ വാർണിഷോ ഉപയോഗിച്ചിട്ടില്ല,” നമ്മുടെ ചിന്ത മനസ്സിലാക്കിയപോലെ ദൈക്കു സാൻ പറയുന്നു. “സാദ്ധ്യമാകുന്നടത്തോളം ഏററവും മെച്ചമായി അതു മിനുസപ്പെടുത്തിയിരിക്കുന്നു.”
ജാപ്പനീസ് രീതിയിലുള്ള സ്വീകരണമുറിയിൽ നമ്മൾ അതിന്റെ പ്രത്യേകതകൾ നോക്കിക്കാണുന്നു. തെന്നിമാറുന്ന വാതിലുകൾക്കും പാനലുകൾക്കും മീതെയുള്ള മേൽപ്പടികളും കുറുമ്പടികളും ചെറിബ്ലോസ്സം മരംകൊണ്ടുള്ള സങ്കീർണ്ണമായ കൊത്തുപണികളാണ്. തടിച്ചട്ടത്തിൻമേൽ കടലാസ് വിരിച്ചു നിർമ്മിച്ച തെന്നിനീങ്ങുന്ന പാനലുകൾ മുറിയിൽ ചുററുമുണ്ട്. വരാന്തയിലേക്കു തുറക്കുന്നതും തെന്നി നീങ്ങുന്നതുമായ വാതിലുകൾ ജാലപ്പണിയോടുകൂടിയതും നേർത്ത വെള്ള ഷോജി പേപ്പറുകൾ കൊണ്ട് ആവരണം ചെയ്യപ്പെട്ടവയുമാണ്. ഹാളിലേക്കോ മററു മുറികളിലേക്കോ തുറക്കപ്പെടുന്നവ (ഫ്യൂസുമാ എന്നറിയപ്പെടുന്നവ) കട്ടികൂടിയ കടലാസുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മുറികൾ വേർതിരിക്കാനുതകുന്ന ഇത്തരം ഓരോ പാനലും ഒരു വ്യത്യസ്ത മാതൃകയിൽ മോടിപിടിപ്പിച്ചിരിക്കുന്നു. “തള്ളിമാററാവുന്ന ഈ പാനലുകൾ അനായാസം മാററിക്കൊണ്ട് ഈ ചെറിയ മുറികളെ ഒരു വലിയ മുറിയായി മാററാൻ കഴിയും,” ദൈക്കു സാൻ പറയുന്നു. എത്ര പ്രായോഗികം!
ടോക്കോണോമ അഥവാ പടം വെക്കുന്നതിനുള്ള സ്ഥാനവും അതോടുചേർന്നുള്ള കോണും താങ്ങിനിർത്തുന്നടത്താണ് ഒരേയൊരു സുദൃഢമായ ഭിത്തി. “ഇതാണു വീടിന്റെ മനോഹരഭാഗം,” ദൈക്കു സാൻ പറയുന്നു, “ഏററവും വിശിഷ്ടമായ മരവും ശിൽപവേലയും ഇവിടെ സമ്മേളിക്കുന്നു.” ഇപ്പോൾ മനോഹരമായ ഒരു ആലേഖനചുരുൾ അവിടെ സ്ഥാപിച്ചിരിക്കുന്നു.
വീടിന്റെ മററുഭാഗങ്ങളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ദേവദാരു, സൈപ്രസ്പൈൻ, തത്താമി എന്നീ മരങ്ങളുടെ ഹൃദ്യമായ ഗന്ധം ഓരോ മുറിയിലും തങ്ങിനിൽക്കുന്നു. വിദഗ്ദ്ധമായ ഒരു ലാളിത്യവും മോടിയും വീട്ടിലുള്ള എല്ലാ വസ്തുക്കളിലുമുണ്ട്.
നാം പുറത്തേക്കുപോകുമ്പോൾ ഉദ്യാനം നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്തുന്നു. വളരെ വലുതല്ലെങ്കിലും അതു പ്രശാന്തവും സ്വച്ഛവുമാണ്. നിറയെ വർണ്ണഭംഗിയുള്ള കാർപ് മത്സ്യങ്ങളും മനോഹര ജലപാതവുമുള്ള ഒരു കുളം ഇവിടെയുണ്ട്. ദൈക്കു സാൻ ഭവനം പണിയുമ്പോൾ പ്രകടമാക്കുന്ന കൽപനാ വൈദഗ്ദ്ധ്യത്തിലും ചാതുര്യത്തിലും അതിശയിച്ചുകൊണ്ടു സംതൃപ്തമായ ഒരു ഭാവത്തോടെ നമ്മൾ തിരികെ പോരുന്നു. (g91 10/22)