മഹാ ഭ്രംശതാഴ്വര
കെനിയയിലെ ഉണരുക! ലേഖകൻ
അതൊരു വലിയ കിടങ്ങാണ്. ചന്ദ്രനിൽനിന്നു നോക്കിയാൽപ്പോലും കാണാവുന്നത്ര വലുപ്പത്തിൽ, ഭൂതലത്തിലുള്ള ഒരു ഗർത്തം! ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള ജോർദാൻമുതൽ മൊസാമ്പിക്ക്വരെ 6,400 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അത് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗം കൈയടക്കിയിരിക്കുന്നു.
1893-ൽ, സ്കോട്ട്ലൻഡുകാരനായ ജെ. ഡബ്ലിയു. ഗ്രിഗറി എന്ന ഭൂഗർഭശാസ്ത്രജ്ഞനാണ് പ്രകൃതിയിലെ ഈ അത്ഭുതത്തെക്കുറിച്ച് ആദ്യമായി വിശദ പഠനം നടത്തിയത്. ഈ കൂറ്റൻ കിടങ്ങ് ഉളവായത് ജലത്താലോ കാറ്റിനാലോ ഉള്ള ഖാദനത്തിന്റെ ഫലമായിട്ടല്ല, പിന്നെയോ “അടുത്തുള്ള നിലം അതേപടി നിൽക്കെ പാറകൾ കൂട്ടത്തോടെ താഴ്ന്നുപോകുന്നതിന്റെ ഫലമായിട്ടാണ്” എന്ന് ഗ്രിഗറി മനസ്സിലാക്കി. (സങ്കീർത്തനം 104:8 താരതമ്യം ചെയ്യുക.) ഭൂമിയുടെ ഉപരിതലത്തിലുള്ള ഈ കൂറ്റൻ വിള്ളലിനെ അദ്ദേഹം മഹാ ഭ്രംശതാഴ്വര എന്നു വിളിച്ചു.
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഈ താഴ്വരയ്ക്കു ജന്മം നൽകിയ ഭൂഗർഭശക്തികളെക്കുറിച്ച് ഇന്നും ശാസ്ത്രജ്ഞന്മാർക്കു പൂർണമായ ഗ്രാഹ്യമില്ല. എന്നിരുന്നാലും, അവിടെ കാണപ്പെടുന്ന വൻവൈവിധ്യങ്ങളാൽ ഒരുവൻ ആകൃഷ്ടനാകുകതന്നെ ചെയ്യും. മഹാ ഭ്രംശതാഴ്വരയുടെ, എത്യോപ്യയിൽനിന്നു തുടങ്ങുന്ന ആഫ്രിക്കൻ ഭാഗത്താണ് ഭൂതലത്തിലെ ഏറ്റവും ഭയജനകമായ സ്ഥലങ്ങളിലൊന്നായ (ആഫാർ ട്രയാങ്കിൾ എന്നും അറിയപ്പെടുന്ന) ദാനക്കിൽ നിമ്നപ്രദേശം സ്ഥിതിചെയ്യുന്നത്. ചെങ്കടലിന്റെ തീരത്തുള്ള ഈ വലിയ ഉപ്പളം, 1,50,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു മരുഭൂമിയാണ്. ഇവിടെ നിലം സമുദ്രനിരപ്പിൽനിന്ന് 120 മീറ്റർ താണുപോയിരിക്കുന്നു. താപനില ചുട്ടുപൊള്ളുന്ന 54 ഡിഗ്രി സെൽഷ്യസ്വരെ ഉയർന്നേക്കാം. അവിടെനിന്ന് ഈ വിള്ളൽ, 4,300 മീറ്റർവരെ ഉയരം വരുന്ന കൊടുമുടികളോടുകൂടിയ എത്യോപ്യയിലെ പർവതപ്രദേശങ്ങളിലേക്ക്—സമുദ്രനിരപ്പിൽനിന്ന് 1,800 മീറ്റർ ഉയരമുള്ള കുളിർമയുള്ള പ്രദേശത്തേക്ക്—ഉയർന്നുപോകുന്നു. ഫലഭൂയിഷ്ഠമായ ഈ പർവതപ്രദേശത്തിന്റെ ചെരിവുകളിലായി, നീല നൈൽപോലെയുള്ള നിരവധി നദികളെ പോഷിപ്പിക്കുന്ന നിബിഡമായ മഴക്കാടുകളുണ്ട്. ഭ്രംശതാഴ്വരയുടെ കിഴക്കൻ ശാഖയിലേക്കു പോകുന്തോറും അതു ശ്രദ്ധേയമാംവിധം പൊങ്ങിയും താഴ്ന്നും കാണപ്പെടുന്നു.
മഹാ ഭ്രംശതാഴ്വരയിലുടനീളം, പല ആകൃതിയിലും വലുപ്പത്തിലുമുള്ള അഗ്നിപർവതങ്ങളും ശാഖകളായി പിരിഞ്ഞുപോകുന്ന ചെറിയ ഭ്രംശതാഴ്വരകളും കാണാവുന്നതാണ്. പശ്ചിമഭ്രംശതാഴ്വരയിൽ, അഗ്നിപർവത ചലനം റുവാണ്ടയുടെയും സയറിന്റെയും ഉഗാണ്ടയുടെയും അതിരുകളിൽ പടർന്നുകിടക്കുന്ന റുവൻസോറി, വിറുങ്ക എന്നീ പർവതനിരകൾക്കു ജന്മം നൽകിയിരിക്കുന്നു. ചില കൊടുമുടികൾ ഇപ്പോഴും ഭൂഗർഭ താപപ്രവർത്തനത്തിന്റെ സൂചനകൾ കാണിക്കുന്നു. ചില സന്ദർഭങ്ങളിൽ അവ പുകയും തിളച്ചുമറിയുന്ന ലാവയും പുറന്തള്ളുന്നു. പൂർവഭ്രംശതാഴ്വരയിൽനിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ, കെനിയ എന്നീ പർവതങ്ങൾ വളരെ ഉയരമുള്ളവയാണ്. അതുകൊണ്ട് ഭൂമധ്യരേഖാപ്രദേശത്തെ കൊടുംചൂടിലും അവയുടെ കൊടുമുടികൾ മഞ്ഞുമൂടിക്കിടക്കുന്നു. ആവി പൊങ്ങുന്ന ഉഷ്ണജല ഉറവകളും ഭ്രംശതാഴ്വരയിലുടനീളം കാണാവുന്നതാണ്. ഭൗമാന്തർഭാഗത്തെ പ്രക്ഷുബ്ധാവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്.
കൂടുതൽ തെക്കോട്ടു മാറി, ടാൻസാനിയയിലായി താഴ്വരയുടെ അതിരുകളിൽ വിസ്തൃതമായ ഒരു പുൽപ്രദേശമുണ്ട്. മാസായി ഭാഷയിലുള്ള അതിന്റെ പേരാണ് സറങ്കെറ്റ്. ഈ വാക്കിന്റെ അർഥം “വിസ്തൃതമായ വെളിമ്പ്രദേശം” എന്നാണ്. സാധാരണമായി സറങ്കെറ്റി സമതലപ്രദേശം എന്നറിയപ്പെടുന്ന ഈ സ്ഥലത്തെ തഴച്ചുവളരുന്ന പുല്ലുകൾ വന്യമൃഗങ്ങളുടെ വൻകൂട്ടങ്ങളെ പോറ്റുന്നു. ആഫ്രിക്കൻ കലമാനിന്റെ കൂട്ടത്തോടെയുള്ള ദേശാന്തരഗമനം നടക്കുന്നത് ഇവിടെയാണ്—വാസ്തവത്തിൽ കാണേണ്ട കാഴ്ചതന്നെ!
ഭ്രംശതാഴ്വരയിലെ തടാകങ്ങൾ
ആഫ്രിക്കയിലെ മഹാ ഭ്രംശതാഴ്വരയുടെ കിഴക്കുഭാഗത്ത് സോഡിയം കാർബണേറ്റുകൊണ്ടു മലീമസമായ ഒരു കൂട്ടം തടാകങ്ങളുണ്ട്. ഈ രാസവസ്തുക്കൾ അഗ്നിപർവതങ്ങളുള്ള ജലസംഭരണപ്രദേശങ്ങളിൽനിന്ന് ഒഴുകിവന്നതാകാം. അല്ലെങ്കിൽ ഭൂഗർഭ അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി തടാകങ്ങളിലെത്തിയതാകാം. വടക്കൻ കെനിയയിലെ ടർക്കാന തടാകം പോലുള്ള ചില തടാകങ്ങൾ അൽപ്പം ക്ഷാരസ്വഭാവമുള്ളവയാണ്. ചുറ്റും ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റർ വരുന്ന ഒറ്റപ്പെട്ട മരുപ്രദേശ കുറ്റിക്കാടുള്ള ടർക്കാന തടാകം ചിലപ്പോൾ കടുംപച്ചനിറത്തിലാകും. ലോകത്തിലേക്കും ഏറ്റവും കൂടുതൽ മുതലകൾ ഉള്ളത് ഇവിടെയാണ്. കെനിയയിലെ മഗാദി, ടാൻസാനിയയിലെ നേട്രൻ തുടങ്ങിയ തടാകങ്ങൾ ലവണ പൂരിതങ്ങളാണ്. അതുകൊണ്ട്, ഉറഞ്ഞുകിടക്കുന്ന വെളുത്ത സോഡിയം കാർബണേറ്റ് നിക്ഷേപങ്ങൾ തടാകങ്ങളെ മൂടിക്കിടക്കുന്നു. ഇതിനുള്ള കാരണമെന്താണ്? ലവണങ്ങൾ ഒഴുകിപ്പോകാനുള്ള ഒരു ബഹിർഗമന മാർഗത്തിന്റെ അഭാവം. ഉയർന്ന അളവിൽ ലവണങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ജലത്തിന്റെ വലിയൊരു ഭാഗം ബാഷ്പീകരിക്കപ്പെടുന്നു. ഭ്രംശതാഴ്വരയിലെ സോഡിയം കാർബണേറ്റ് നിറഞ്ഞ തടാകങ്ങളിലെ കൈപ്പുള്ള ജലത്തിലോ പരിസരത്തോ അതിജീവിക്കാൻ കഴിയുന്ന മൃഗങ്ങൾ ഒന്നുംതന്നെ ഇല്ലെന്നു പറയാം. എങ്കിലും, ക്ഷാരസ്വഭാവമുള്ള തടാകങ്ങളിൽ മാറിമാറി ജീവിക്കുന്ന പിങ്ക് വർണത്തിലുള്ള ഫ്ളമിംഗോകൾ ഇതിന് ഒരപവാദമാണ്. ക്ഷാരസ്വഭാവമുള്ള ജലത്തിൽ തഴച്ചുവളരുന്ന അതിസൂക്ഷ്മ ആൽഗകളാണ് അവയുടെ ആഹാരം. പിങ്ക് വർണത്തിലുള്ള ഒരു ജീവസമുദ്രമാണോയെന്നു തോന്നിപ്പിക്കുമാറ് ഇവിടെ ലക്ഷക്കണക്കിനുവരുന്ന ഫ്ളമിംഗോകൾ കൂട്ടമായി ഒന്നിച്ചുചേരുന്നു.
മാരകമായ ഈ ജലത്തിൽ കഴിഞ്ഞുകൂടുന്ന മറ്റൊരു ജീവിയാണ് ടിലേപിയ ഗ്രഹാമി എന്ന കൊച്ചു മത്സ്യം. ക്ഷാരപ്രതിരോധശക്തിയുള്ള ഈ മത്സ്യത്തെ മിക്കപ്പോഴും കാണുന്നത് ഭൂഗർഭജലത്തിന്റെ ആവി പൊങ്ങുന്ന സ്ഥലത്തിനരികെയാണ്. ഇവിടെ കൈകൊണ്ടു തൊടുക പ്രയാസമായിരിക്കുംവിധം വെള്ളം അത്ര ചൂടുള്ളതാണ്. എങ്കിലും തടാകത്തിലെ ആൽഗകളെ ഭക്ഷിച്ചുകൊണ്ട് ഈ കൊച്ചു മത്സ്യം അവിടെ കഴിഞ്ഞുകൂടുന്നു.
പൂർവഭ്രംശതാഴ്വരയിലെ തടാകങ്ങളിൽ ഏതാനും ചിലതിൽ മാത്രമേ ശുദ്ധജലമുള്ളൂ. അവയിലൊന്നാണ് കെനിയയിലെ നൈവാഷ തടാകം. സമുദ്രനിരപ്പിൽനിന്ന് 1,870 മീറ്റർ ഉയരത്തിലാണിത്. അതിലെ പളുങ്കുപോലെ തെളിഞ്ഞ ജലം വിവിധതരത്തിലുള്ള മത്സ്യങ്ങൾക്കും വെയിൽ കായാൻ വരുന്ന കാണ്ടാമൃഗക്കൂട്ടങ്ങൾക്കും അഭയമേകുന്നു. അതിന്റെ തീരത്തുടനീളം പപ്പൈറസും ജലസസ്യങ്ങളും തഴച്ചുവളരുന്നു. അവിടെ നിറപ്പകിട്ടുള്ള 400-ലധികം വ്യത്യസ്ത വർഗങ്ങളിൽപ്പെടുന്ന പക്ഷികളുണ്ട്. പശ്ചാത്തലത്തിൽ മഞ്ഞ അക്കേഷ്യ വൃക്ഷങ്ങളും ചുറ്റും മലനിരകളുമുള്ള നൈവാഷ തടാകം അതിമനോഹര ദൃശ്യമാണ്.
ഭ്രംശതാഴ്വരകൾക്കിടയിലാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലതടാകമായ വിക്ടോറിയ ഉള്ളത്. കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ തടാകം. നൈൽ നദിയുടെ ഉറവുകളിൽ ഒന്നാണത്. കൂടുതൽ തെക്കോട്ടു പോയാൽ, ടാങ്കനിക്ക തടാകത്തിലെ ജലം 1,440 മീറ്റർ താഴ്ചയിലേക്ക് കുത്തനെ പതിക്കുന്നതു കാണാം. ലോകത്തിൽവെച്ച് ഏറ്റവും ആഴമുള്ള തടാകങ്ങളിൽ രണ്ടാം സ്ഥാനം ഇതിനാണ്.
അത്യന്തം വൈവിധ്യമാർന്ന മൃഗങ്ങൾ
പൂർവആഫ്രിക്കൻ ഭ്രംശതാഴ്വരയിൽ അനേകം തരത്തിലുള്ള വന്യമൃഗങ്ങൾ വസിക്കുന്നു. കാട്ടുപോത്തുകൾ, ജിറാഫുകൾ, കാണ്ടാമൃഗങ്ങൾ, ആനകൾ എന്നിവയാണ് ഭ്രംശതാഴ്വരയുടെ അനന്തമായ വനപ്പരപ്പിൽ സ്വൈരവിഹാരം നടത്തുന്ന ഏതാനും വലിയ സസ്തനികൾ. നിർജല പ്രദേശങ്ങളിൽ വരയൻകുതിരകൾ, ഓറിക്സ്, ഒട്ടകപ്പക്ഷികൾ എന്നിവയെ കാണാം. അഴകേറിയ കലമാനുകൾ പുൽമേടുകളിലൂടെ ചാടിയോടുന്നു. പുള്ളിപ്പുലി, ചീറ്റപ്പുലി എന്നിങ്ങനെ പുള്ളികളുള്ള വൻപൂച്ചകൾ തുറന്ന സമതലപ്രദേശത്തു വേട്ടയാടുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും മൃഗരാജന്റെ ഗർജനം കേൾക്കാം. വിറുങ്ക പർവതനിരകളിൽ അങ്ങുയരത്തിലാണ് അപൂർവമായ പർവത ഗൊറില്ലകൾ വസിക്കുന്നത്. ഭ്രംശതാഴ്വരയുടെ അടിത്തട്ടിൽ അങ്ങു താഴെ പ്രാണികൾ, വിത്തുകൾ, തേളുകൾ ഇവയെ തേടി ബാബൂൺ കൂട്ടങ്ങൾ മെല്ലെ നീങ്ങുന്നു. തെർമലുകളെ അല്ലെങ്കിൽ ഉഷ്ണവായൂപിണ്ഡങ്ങളെ വാഹനമാക്കി ഏറെ ചിറകുവിരിവുള്ള ശക്തരായ പരുന്തുകളും കഴുകന്മാരും വായുവിൽ ഉയർന്നുപറക്കുന്നു. നിറപ്പകിട്ടാർന്ന റ്റൂറക്കോകൾ, ബാർബെറ്റുകൾ, വേഴാമ്പലുകൾ, തത്തകൾ എന്നിവ നിമ്നപ്രദേശത്തെ മുൾച്ചെടികളിൽ വസിക്കുന്നു. എല്ലാ രൂപത്തിലും വലുപ്പത്തിലും നിറങ്ങളിലുമുള്ള ഗൗളികൾ നിലംതൊടാതെ പായുന്നു.
ഭ്രംശതാഴ്വരയിലെ നാടോടികൾ
പൂർവആഫ്രിക്കൻ ഭ്രംശതാഴ്വര ഇടയൻമാരും നാടോടികളുമായ, മരുഭൂമിയിൽ സ്ഥിരവാസക്കാരല്ലാത്ത ഗോത്രക്കാർക്ക് ഭവനമാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇക്കൂട്ടർ ആഫ്രിക്കൻ നാടോടികളുടെ സവിശേഷതയായ നീണ്ട കാൽവെപ്പുകളോടെയാണു നടക്കുന്നത്. മഴ ദുർലഭമായ ഇടങ്ങളിൽ മിക്കപ്പോഴും ഗ്രാമവാസികൾ ഒന്നടങ്കം ഉള്ളതെല്ലാം വാരിക്കെട്ടി തങ്ങളുടെ കന്നുകാലികൾക്കു പുതിയ മേച്ചിൽസ്ഥലങ്ങൾ തേടിപ്പോകുന്നു. പാസ്പോർട്ടോ വിസയോ ഇല്ലാതെ അവർ രാജ്യങ്ങളുടെ വ്യക്തമായി വേർതിരിച്ചിട്ടില്ലാത്ത അതിർത്തികൾ കടക്കുന്നു. പുറംലോകത്തിന്റെ പുരോഗതികളോടും മറ്റു ജീവിതരീതികളോടും അവർ നിസ്സംഗത പുലർത്തുന്നതായി കാണപ്പെടുന്നു. ഈ കുഗ്രാമങ്ങളിൽ ജീവിതം വളരെ മന്ദഗതിയിലാണു നീങ്ങുന്നത്. സൂര്യന്റെ ഉദയത്തെയും അസ്തമയത്തെയും ആസ്പദമാക്കിയാണ് സമയം അളക്കുന്നത്. ഒരു മനുഷ്യന്റെ സ്വത്ത് കണക്കാക്കുന്നത് അയാൾക്കു സ്വന്തമായുള്ള ഒട്ടകങ്ങളുടെയോ ആടുകളുടെയോ പശുക്കളുടെയോ ചെമ്മരിയാടുകളുടെയോ വീട്ടിലുള്ള കുട്ടികളുടെയോ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
ലളിതമെങ്കിലും വിദഗ്ധമായ രീതിയിലാണ് വീടുകൾ പണിതിരിക്കുന്നത്. വൃക്ഷശിഖരങ്ങൾ വളച്ചുകെട്ടി ഒരു താഴികക്കുടത്തിന്റെ ആകൃതിയിലാക്കുന്നു. പുറംഭാഗം, പുല്ലോ മൃഗചർമങ്ങളോ ചാണകവുമായി കൂട്ടിക്കുഴച്ച ചേറോ ഉപയോഗിച്ച് പൊതിയുന്നു. അത്തരം വീടുകളിൽ പാചകം ചെയ്യാൻ ഒരടുപ്പും വളർത്തുമൃഗങ്ങൾക്കായി ഒരു കൊച്ച് അറയും കിടക്കയായി ഒരു കഷണം തുകലും ഉണ്ടായിരിക്കും. അടുപ്പിൽനിന്നുയർന്ന് വീട്ടിലാകെ നിറയുന്ന പുക ഈച്ചകളെയും കൊതുകുകളെയും അകറ്റിനിർത്തുന്നു. മിക്കപ്പോഴും ഒരു ഗ്രാമമോ കുടുംബമോ അർധഗോളാകൃതിയിലുള്ള തങ്ങളുടെ കുടിലുകൾ ഒരു വൃത്തത്തിലെന്നവണ്ണം നിർമിക്കുന്നു. അതിനുചുറ്റും അവർ മുള്ളുവേലികെട്ടും. രാത്രികാലങ്ങളിൽ തങ്ങളുടെ വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങളിൽനിന്നു സംരക്ഷിക്കാനാണത്.
മഹാ ഭ്രംശതാഴ്വരയിലുടനീളം, ഗോത്രങ്ങളും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളും അനുസരിച്ച് വ്യതിരിക്തമായ മുഖാകൃതികളും ഭാഷകളും സംസ്കാരങ്ങളും ഉള്ള നാനാതരം ആളുകളെ കാണാവുന്നതാണ്. മതപരമായ വിശ്വാസങ്ങൾക്കും വളരെ വൈവിധ്യമുണ്ട്. ചിലർ ഇസ്ലാംമതം സ്വീകരിച്ചിരിക്കുന്നു; മറ്റു ചിലരാകട്ടെ നാമധേയ ക്രിസ്ത്യാനിത്വവും. പലരും അന്ധവിശ്വാസികളും മനസ്സിലാക്കാൻ പ്രയാസകരമായ കാര്യങ്ങളെ അമാനുഷ ശക്തികളുമായി ബന്ധപ്പെടുത്താൻ ചായ്വുള്ളവരുമാണ്. സമീപ വർഷങ്ങളിൽ വിദ്യാഭ്യാസവും വൈദ്യചികിത്സയും പ്രദാനം ചെയ്യുന്നതിനുള്ള പദ്ധതികളിലൂടെ ഉൾപ്രദേശങ്ങൾ പുറംലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു.
അലഞ്ഞു നടക്കുന്ന ഈ നാടോടികളുമായി ബന്ധപ്പെടാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നുണ്ടെന്നുള്ളതിൽ അത്ഭുതപ്പെടാനില്ല. ഒരു വരണ്ട പ്രദേശത്തു കഷ്ടപ്പെട്ടു ജീവിക്കേണ്ടതില്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള ബൈബിൾ വാഗ്ദത്തം ഇവരെ അറിയിക്കാനാകുമെന്നു സാക്ഷികൾ പ്രത്യാശിക്കുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.” (യെശയ്യാവു 35:1) അതു നിവൃത്തിയേറുന്നതുവരെ, മഹാ ഭ്രംശതാഴ്വര സൃഷ്ടിവൈവിധ്യങ്ങൾക്കു കാരണഭൂതനും സകലത്തിന്റെയും നിർമാതാവുമായ യഹോവയാം ദൈവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്ന ഒന്നായി നിലകൊള്ളുന്നു.
[14-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഇസ്രായേൽ
ഈജിപ്ത്
സൗദി അറേബ്യ
ചെങ്കടൽ
യെമൻ
എറിട്രിയ
ഏഡൻ ഉൾക്കടൽ
ജിബൂട്ടി
എത്യോപ്യ
സുഡാൻ
സൊമാലിയ
കെനിയ
ഉഗാണ്ട
റുവാണ്ട
ബുറുണ്ടി
സയർ
ടാൻസാനിയ
സാംബിയ
മലാവി
മൊസാമ്പിക്ക്
[കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.
[15-ാം പേജിലെ ചിത്രം]
സറങ്കെറ്റി സമതലപ്രദേശത്ത് തികച്ചും അതിഗംഭീരമായ ഒരു കാഴ്ച നടക്കുന്നു—ആഫ്രിക്കൻ കലമാനിന്റെ കൂട്ടത്തോടെയുള്ള ദേശാന്തരഗമനം
[കടപ്പാട്]
താഴെ: © Index Stock Photography and John Dominis, 1989
[16,17 പേജുകളിലെ ചിത്രം]
പിങ്ക് വർണത്തിലുള്ള ഒരു ജീവസമുദ്രമാണോയെന്നു തോന്നിപ്പിക്കുമാറ് ലക്ഷക്കണക്കിനു വരുന്ന ഫ്ളമിംഗോകളുടെ കൂട്ടം ഒന്നിച്ചുചേരുന്നു
[16,17 പേജുകളിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ഭ്രംശതാഴ്വരയിലുള്ള ആളുകളോടൊത്ത് ബൈബിൾ സന്ദേശം പങ്കുവെക്കുന്നു