വിദ്യാഭ്യാസത്തെ അതിന്റെ സ്ഥാനത്തു നിർത്തൽ
ഒരു വിദഗ്ധ ചിത്രമെഴുത്തുകാരന് യഥാർഥ ദൃശ്യപ്രതീതി (depth) ഉളവാക്കാനറിയാം. മധ്യതലത്തിലും പശ്ചാത്തലത്തിലുമുള്ള കാര്യങ്ങളെക്കാൾ പൂർവതലത്തിലെ ഓരോ അംശത്തിനുമാണു പ്രാമുഖ്യത കൊടുക്കുന്നത്. ജീവിതത്തിലെ മുൻഗണനകൾ സംബന്ധിച്ചും അത് ഏതാണ്ടൊക്കെ അതുപോലെതന്നെയാണ്. ചില കാര്യങ്ങൾ മററുള്ളവയെക്കാൾ പ്രാമുഖ്യത അർഹിക്കുന്നു.
യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, കാരണം സ്വർഗരാജ്യം അവർക്കുള്ളതാകുന്നു.” (മത്തായി 5:3, NW) അതുകൊണ്ട് ആത്മീയ മൂല്യങ്ങൾക്കായിരിക്കണം അതിപ്രധാന സ്ഥാനം നൽകേണ്ടത്. നേരേമറിച്ച് ഭൗതികവസ്തുക്കൾക്ക് അത്രയേറെ പ്രാധാന്യം നൽകരുത്.
ഈ ചിത്രത്തിൽ വിദ്യാഭ്യാസത്തിന്റെ സ്ഥാനം എവിടെയാണ്? ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അത് അപ്രധാനമായ ഒരു സംഗതിയല്ല. അപ്പോസ്തലനായ പൗലോസ് നൽകിയ തിരുവെഴുത്തുപരമായ കടപ്പാടു നിർവഹിക്കാൻ ഒരളവുവരെ ലൗകിക വിദ്യാഭ്യാസം സാധാരണഗതിയിൽ ആവശ്യമാണ്: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) മാത്രവുമല്ല, ‘[യേശു] കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ട്’ ശിഷ്യരെ ഉളവാക്കാൻ അവൻ തന്റെ അനുഗാമികൾക്കു നൽകിയ നിയോഗം ഒരുവൻ ‘അറിവ് ഉൾക്കൊള്ളുന്നതും’ ഫലപ്രദമായി മററുള്ളവരെ പഠിപ്പിക്കുന്നതും ആവശ്യമാക്കിത്തീർക്കുന്നു.—മത്തായി 28:19, 20; യോഹന്നാൻ 17:3, NW; പ്രവൃത്തികൾ 17:11; 1 തിമൊഥെയൊസ് 4:13.
എന്നിരുന്നാലും, വിദ്യാഭ്യാസത്തെ അതിന്റെ സ്ഥാനത്തു നിർത്തേണ്ടതുണ്ട്. അറിവിന്റെ കാര്യത്തിൽ ശോഭിച്ചുനിൽക്കുന്നതിനോ മതിപ്പുളവാക്കുന്ന തരത്തിലുള്ള ഡിഗ്രികൾ സമ്പാദിക്കുന്നതിനോ വേണ്ടിയായിരിക്കരുത് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന് അനുചിതമായ പ്രാമുഖ്യത കൊടുക്കുന്നപക്ഷം അതു നിരാശയിലേ കലാശിക്കുകയുള്ളൂ. അതു ചില താത്കാലിക ഭൗതിക നേട്ടങ്ങൾ കൈവരുത്തിയേക്കാം എന്നതു സമ്മതിക്കുന്നു. എന്നാൽ ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “നിന്റെ സകല ജ്ഞാനത്തോടും അറിവിനോടും വൈദഗ്ധ്യത്തോടും കൂടെ എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കുക, അതിനു വേണ്ടി അധ്വാനിച്ചിട്ടില്ലാത്ത ഒരുവനു വേണ്ടി നീ അതെല്ലാം പിന്നീട് ഉപേക്ഷിച്ചു പോകേണ്ടിവരും.”—സഭാപ്രസംഗി 2:21, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
വിദ്യാഭ്യാസ കാര്യത്തിൽ തത്പരരാണ് യഹോവയുടെ സാക്ഷികൾ. കേവലം വിദ്യ നേടാൻ വേണ്ടിയല്ല, പിന്നെയോ ദൈവസേവനത്തിലെ തങ്ങളുടെ ഉപയുക്തതയെ വർധിപ്പിക്കുന്നതിനും സാമ്പത്തികമായി തങ്ങളെ പോററുന്നതിനും വേണ്ടി. അവരുടെ ശുശ്രൂഷ ലാഭരഹിതമായ ഒരു പ്രവർത്തനമായതുകൊണ്ട് ഒരു ഉപജീവനം തേടുന്നതിനു പലർക്കും ലൗകിക ജോലിയെ ആശ്രയിക്കേണ്ടതുണ്ട്. യഹോവയുടെ സാക്ഷികളിലെ പയനിയർമാർ എന്നു വിളിക്കപ്പെടുന്ന മുഴുസമയ ശുശ്രൂഷകർക്ക് ഇതു പ്രത്യേകിച്ചും വെല്ലുവിളിപരമായിരുന്നേക്കാം. തങ്ങൾക്കു വേണ്ടിയും വിവാഹിതരെങ്കിൽ തങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും വേണ്ടത്ര സാമ്പത്തിക കരുതൽ അവർ ചെയ്യുമ്പോൾതന്നെ ശുശ്രൂഷയിൽ നല്ല തിരക്കുള്ള ഒരു പട്ടിക അവർ നിലനിർത്തുകയും വേണം.a—സദൃശവാക്യങ്ങൾ 10:4.
ഉൾപ്പെട്ടിരിക്കുന്ന പല ഘടകങ്ങൾ വിലയിരുത്തിയശേഷം, അനുബന്ധ വിദ്യാഭ്യാസം നടത്താൻ യഹോവയുടെ സാക്ഷികളിൽ ചിലർ തീരുമാനിച്ചിട്ടുണ്ട്. തീർച്ചയായും, വിദ്യാഭ്യാസത്തെ അതിന്റെ സ്ഥാനത്തു നിർത്തുന്നതിന് അവർ സൂക്ഷ്മത പുലർത്തേണ്ടിയിരുന്നു. ഇതു ചെയ്യുന്നതിൽ അവരെ എന്താണു സഹായിച്ചിട്ടുള്ളത്? “അനേക ഘടകങ്ങൾ എന്നെ സഹായിച്ചു,” ജോൺ എന്നു പേരുള്ള ഒരു യുവ ബ്രസീലുകാരൻ പറയുന്നു. “രാത്രിയിലിരുന്ന് പഠിക്കേണ്ടിവന്നപ്പോൾ പോലും ഞാൻ ക്രിസ്തീയ യോഗങ്ങൾ മുടക്കിയില്ല. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന കാര്യം തുടക്കം മുതലേതന്നെ എന്റെ സഹപാഠികൾക്കു വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു.”
ബ്രസീലിൽനിന്നു തന്നെയുള്ള എറിക്ക്, തന്റെ പഠനകാലയളവ് കുറേക്കൂടെ നീട്ടിയപ്പോൾ തന്റെ വിശ്വാസങ്ങളെക്കുറിച്ച് മററുള്ളവരോടു സംസാരിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തി. അവൻ പറയുന്നു: “സ്കൂൾ എന്റെ പ്രത്യേക പ്രസംഗപ്രദേശമാണെന്നു ഞാൻ കരുതി. പല അധ്യാപകരും വിദ്യാർഥികളുമൊത്തു ബൈബിളധ്യയനങ്ങൾ നടത്താൻ എനിക്കു കഴിഞ്ഞു. അവരിൽ അഞ്ചുപേർ ഇപ്പോൾ സ്നാപനമേററവരാണ്. രണ്ടുപേർ മൂപ്പൻമാരായും സേവിക്കുന്നു.”
ഡ്രാഫ്ററ്സ്മാൻഷിപ്പിൽ ഒരു ബിരുദം നേടാൻ റിച്ചാർഡ് അംശകാലാടിസ്ഥാനത്തിൽ വീണ്ടും സ്കൂളിൽ പോയി. അദ്ദേഹം ഇപ്രകാരം പറയുന്നു: “എന്റെ വിദ്യാഭ്യാസം എന്റെയും ഭാര്യയുടെയും സാമ്പത്തികാവശ്യങ്ങൾ നിറവേററാൻ പററിയ ഒരു ജോലി കണ്ടെത്താൻ എന്നെ സഹായിച്ചു, എന്നാൽ അത് അവസരത്തിന്റെ ഒരു കവാടം തുറന്നുതരികയും ചെയ്തു. ശീഘ്രനിർമിത രാജ്യഹാൾ പ്രോജക്ററുകൾ സന്ദർശിച്ച് അവിടെയുണ്ടായിരുന്ന മേൽവിചാരകൻമാരോടു സംസാരിച്ചപ്പോൾ പ്ലാൻ വരയ്ക്കുന്ന ഒരാളുടെ ആവശ്യം അവർക്കുണ്ടെന്നു ഞാൻ മനസ്സിലാക്കി, ഞാൻ പഠിച്ച വിദ്യ ഇപ്പോൾ ഈ പ്രോജക്ററുകളിൽ നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്.b മാത്രമല്ല, ഞാനും ഭാര്യയും യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തോ അന്തർദേശീയ നിർമാണ പ്രോജക്ററുകളിലോ സേവിക്കാൻ പ്രത്യാശിക്കുകയാണ്.”
അതേസമയം, കൂടുതലായ വിദ്യാഭ്യാസം കൂടാതെതന്നെ തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി സാമ്പത്തികമായി കരുതുക എന്ന വെല്ലുവിളിയെയും യഹോവയുടെ സാക്ഷികളിൽ പലരും നേരിട്ടിട്ടുണ്ട്. മേരി വിശദീകരിക്കുന്നു: “വാരത്തിൽ രണ്ടു ദിവസം ഗൃഹജോലി ചെയ്തുകൊണ്ടാണു ഞാൻ എന്റെ സാമ്പത്തിക ചെലവുകൾ നടത്തുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഞാൻ ജോലി ചെയ്തുകൊടുക്കുന്ന ചില വ്യക്തികളെക്കാൾ കൂടുതൽ പണം ഞാൻ ഓരോ മണിക്കൂറിലും ഉണ്ടാക്കുന്നുണ്ട്. അഹോവൃത്തി തേടാനുള്ള ഒരു മാർഗമായേ ഞാൻ എന്റെ ജോലിയെ വീക്ഷിക്കുന്നുള്ളൂ. അതാണ് എന്നെ പയനിയർവേലയിൽ നിലനിർത്തുന്നത്. എന്റെ തീരുമാനത്തിൽ എനിക്കു ഖേദം തോന്നുന്നില്ല.”
അതുപോലെതന്നെയാണ് സ്ററീവും വിചാരിക്കുന്നത്. അദ്ദേഹം ഇപ്രകാരം പറയുന്നു: “ഞാൻ പയനിയറിങ് തുടങ്ങിയപ്പോൾ ചിലർ എന്നോടിങ്ങനെ പറഞ്ഞു: ‘വിവാഹം കഴിച്ച് ഒരു കുടുംബമായിക്കഴിയുമ്പോൾ നീ എന്തു ചെയ്യും? അഹോവൃത്തി തേടാൻ നിനക്കാകുമോ?’ ഒടുവിൽ ഫലമോ, നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുന്ന ഏതു കാര്യത്തിലും അനുഭവപരിചയം സിദ്ധിക്കത്തക്കവണ്ണം ഞാൻ ഒട്ടനവധിതരം ജോലികൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ ഭാര്യയെ പോറേറണ്ടതുണ്ട്, ഞങ്ങളുടെ ഏജൻസിയിൽ ജോലി ചെയ്യുന്ന ചില കോളെജ് ബിരുദധാരികളെക്കാൾ കൂടുതൽ പണം എനിക്കു കിട്ടുന്നുണ്ട്.”
അനുബന്ധ വിദ്യാഭ്യാസം ഏറെറടുക്കാൻ അവിശ്വാസികളായ പിതാക്കൻമാർ പ്രായപൂർത്തിയാകാത്ത കുട്ടികളോട് ആവശ്യപ്പെട്ടേക്കാം, അങ്ങനെ ചെയ്യുന്നതിനുള്ള തിരുവെഴുത്തുപരമായ അധികാരം അവർക്കുണ്ട്. എന്നിരുന്നാലും, അത്തരം കേസുകളിൽ മത്തായി 6:33-ന്റെ ചേർച്ചയിൽ, യഹോവയുടെ സേവനത്തിൽ കൂടുതൽ ഉപയോഗപ്രദരായിത്തീരാൻ തങ്ങളെ സഹായിക്കുകയോ സ്കൂളിൽ പോകുമ്പോൾതന്നെ മുഴുസമയ സേവനത്തിൽ ഏർപ്പെടാൻ തങ്ങളെ അനുവദിക്കുകയോ ചെയ്യുന്ന കോഴ്സുകൾ യുവജനങ്ങൾ ഏറെറടുത്തേക്കാം.
ഏററവും മഹത്തരമായ വിദ്യാഭ്യാസം
തങ്ങളുടെ വിദ്യാഭ്യാസനിലവാരം എന്തുതന്നെയായിരുന്നാലും യഹോവയുടെ സാക്ഷികൾക്കെല്ലാം പൊതുവായി ഒന്നുണ്ട്. ഇന്നു ലഭ്യമായതിൽ ഏററവും പ്രധാനപ്പെട്ട വിദ്യാഭ്യാസത്തിന്റെ ഉറവ് ദൈവവചനമായ ബൈബിളാണെന്ന് അവർ തിരിച്ചറിയുന്നു. യോഹന്നാൻ 17:3 ഇപ്രകാരം പറയുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” ഒരു ക്രിസ്ത്യാനിക്കു ലഭിക്കുന്ന ലൗകിക വിദ്യാഭ്യാസം എന്തുതന്നെയായിരുന്നാലും യഹോവയെയും അവന്റെ പുത്രനായ യേശുവിനെയും കുറിച്ചുള്ള പരിജ്ഞാനം ഉൾക്കൊള്ളുന്നതിനായിരിക്കണം മുൻഗണന.
ഈ മാതൃക വെച്ചത് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളാണ്. “ഡിസ്ട്രിക്ററ് ഭരണാധിപനായ ഹെരോദാവിനോടുകൂടെ പഠിച്ച”യാളായിരുന്നു മനായേൻ, എന്നിട്ടും അന്ത്യോക്യ സഭയിലെ പ്രവാചകൻമാരുടെയും പ്രബോധകരുടെയും ഇടയിൽ അദ്ദേഹം ഉണ്ടായിരുന്നുവെന്നു മാത്രമല്ല സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. (പ്രവൃത്തികൾ 13:1, NW) സമാനമായി, പൗലോസിനു ലഭിച്ചത് ഇന്ന് ഒരു യൂണിവേഴ്സിററി വിദ്യാഭ്യാസത്തോടു തുലനം ചെയ്യാവുന്ന വിദ്യാഭ്യാസമായിരുന്നു. എങ്കിൽപ്പോലും ഒരു ക്രിസ്ത്യാനിയായിത്തീർന്നശേഷം അദ്ദേഹം തന്റെ പരിശീലനത്തെ അതിന്റെ സ്ഥാനത്തു നിർത്തി. മററുള്ളവരെ വിറപ്പിക്കാൻ അത് ഉപയോഗിക്കുന്നതിനു പകരം എല്ലാത്തരത്തിലുള്ള ആളുകളോടും പ്രസംഗിക്കാൻ സാമൂഹികശാസ്ത്രം, നിയമം, ചരിത്രം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച തന്റെ അറിവ് അദ്ദേഹം ഉപയോഗപ്പെടുത്തി.—പ്രവൃത്തികൾ 16:37-40; 22:3; 25:11, 12; 1 കൊരിന്ത്യർ 9:19-23; ഫിലിപ്പിയർ 1:7.
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ പ്രമുഖമായി തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിനു പേരുകേട്ടവരായിരുന്നില്ല. പലരും റബ്ബിമാരുടെ സ്കൂളുകളിൽ പരിശീലനം നേടാത്ത “പഠിപ്പില്ലാത്തവരും സാമാന്യരുമായ” മനുഷ്യരായിരുന്നു. അവർ വിദ്യാഭ്യാസമില്ലാത്തവരായിരുന്നു എന്നല്ല ഇതിന്റെ അർഥം. മറിച്ച്, ഈ സ്ത്രീപുരുഷൻമാർ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം ചെയ്യാൻ സജ്ജരായിരുന്നു—നല്ല പഠിപ്പിന്റെ തെളിവ് നൽകിയ ഒരു പ്രാപ്തിതന്നെ.—പ്രവൃത്തികൾ 4:13.
അതുകൊണ്ട് എല്ലാ ക്രിസ്ത്യാനികളും വിദ്യാഭ്യാസത്തിൽ അതീവ താത്പര്യമുള്ളവരാണ്. അതേസമയം, “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളെ തിട്ടപ്പെടുത്താൻ” അവർ പരിശ്രമിക്കുകയും ചെയ്യുന്നു, വിദ്യാഭ്യാസത്തെ—മറേറതൊരു പ്രവർത്തനത്തെയും പോലെ—അതിന്റെ സ്ഥാനത്തു നിർത്തിക്കൊണ്ട്.—ഫിലിപ്യർ 1:9, 10, NW.
[അടിക്കുറിപ്പുകൾ]
a ഉന്നത വിദ്യാഭ്യാസം ലഭിച്ച അപ്പോസ്തലനായ പൗലോസ് തന്റെ സാമ്പത്തികാവശ്യങ്ങൾക്കു വേണ്ടി കൂടാരപ്പണി സ്വീകരിച്ചു എന്നുള്ളതു ശ്രദ്ധേയമാണ്. ആ പണി അദ്ദേഹം തന്റെ പിതാവിൽനിന്നു പഠിച്ചതായിരിക്കാനിടയുണ്ട്. കൂടാരപ്പണി അത്ര എളുപ്പമുള്ള ഒരു ജോലി ആയിരുന്നില്ല. സിലിസ്യും [cilicium] എന്നു വിളിക്കപ്പെട്ട ആട്ടിൻരോമംകൊണ്ടുള്ള തുണി വഴക്കമില്ലാത്തതും പരുപരുത്തതുമായിരുന്നു. അതുകൊണ്ട് അതു മുറിച്ച് തുന്നുക എന്നതു ബുദ്ധിമുട്ടുള്ളതായിരുന്നു.—പ്രവൃത്തികൾ 18:1-3; 22:3; ഫിലിപ്പിയർ 3:7, 8.
b “ശീഘ്രനിർമിത” എന്ന പദപ്രയോഗം യഹോവയുടെ സാക്ഷികൾ ആവിഷ്കരിച്ച അങ്ങേയററം സുസംഘടിതമായ നിർമാണരീതിയെ പരാമർശിക്കുന്നു. ഈ പ്രോജക്ററുകളിൽ പ്രവർത്തിക്കുന്ന സ്വമേധയാ സേവകർ വേതനം സ്വീകരിക്കാറില്ല; അവർ തങ്ങളുടെ സമയവും വിഭവങ്ങളും സൗജന്യമായി നൽകുന്നു. ഈ രീതി ഉപയോഗിച്ച് ഓരോ വർഷവും ഐക്യനാടുകളിൽ 200 പുതിയ രാജ്യഹാളുകൾ നിർമിക്കുകയും വേറൊരു 200 രാജ്യഹാളുകൾക്കു രൂപഭേദം വരുത്തുകയും ചെയ്യുന്നുണ്ട്.
[7-ാം പേജിലെ ചതുരം]
അർഹമായ ഒരു ശുപാർശ
യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകനെന്ന നിലയിലുള്ള ജീവിതവൃത്തി കൈക്കൊള്ളുമ്പോൾ സ്വന്തം സാമ്പത്തിക ചെലവുകൾ എങ്ങനെ നടത്താൻ കഴിയുമെന്നതിനെക്കുറിച്ചു തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് ഒരു വർഷം മുമ്പുതന്നെ മാത്യു ചിന്തിച്ചിരുന്നു. ഈ വിഷയം പ്രാർഥനാപൂർവം പരിചിന്തിച്ചശേഷം അവന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനു കൂടുതലായ വിദ്യാഭ്യാസം ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് മാത്യുവിനും അവന്റെ മാതാപിതാക്കൾക്കും തോന്നി. അതുകൊണ്ട് അവൻ ഒരു സ്കോളർഷിപ്പിന് അപേക്ഷിച്ചു. മാത്യുവിന്റെ സ്കൂൾ ഉപദേഷ്ടാവ് സ്കോളർഷിപ്പിനുള്ള അപേക്ഷയോടൊപ്പം ഒരു ശുപാർശക്കത്തും ഉൾപ്പെടുത്തിയിരുന്നു. അതിൽ ഇപ്രകാരം പ്രസ്താവിച്ചിരുന്നു:
“കഴിഞ്ഞ രണ്ടര വർഷക്കാലമായി മാത്യുവിന്റെ ഉപദേഷ്ടാവും സ്നേഹിതനുമായിരിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. ഉറച്ച നിലപാടുള്ള ഒരു വ്യക്തിയാണ് മാത്യു . . . അവൻ ആഴമായ വിശ്വാസമുള്ളവനും ഉറച്ച ബോധ്യമുള്ളവനുമാണ്. അത് അവന്റെ ബന്ധങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം പ്രകടമാണ്.
“വർഷങ്ങളായി മാത്യു ശുശ്രൂഷയ്ക്കു വേണ്ടി ഒരുങ്ങുകയായിരുന്നു. അവന്റെ വിശ്വാസത്തിൽപ്പെട്ട ശുശ്രൂഷകർക്കു സാമ്പത്തികമായ യാതൊരു പ്രതിഫലവും കിട്ടുന്നില്ല. അതു തീർച്ചയായും സ്നേഹം നിമിത്തമുള്ള ഒരു പ്രവർത്തനമാണ്. നിസ്വാർഥമതിയായ മാത്യു വളരെ ചിന്തയും പരിഗണനയും ഉള്ളവനുമാണ്. തന്റെ പരിശീലനവും സ്വമേധയാ സേവനവും തുടരുന്നതിന് ഈ സ്കോളർഷിപ്പ് ദൈവസേവനത്തിന് അർപ്പിക്കപ്പെട്ട ഈ മനുഷ്യന് വക നൽകും.
“സ്വമേധയായുള്ള വേലയെയും സമുദായസേവനത്തെയും കുറിച്ചു സംസാരിക്കുകയാണെങ്കിൽ, വാരാന്തങ്ങളിലും സ്കൂൾ കഴിഞ്ഞുള്ള സമയത്തും വേനലവധിക്കാലങ്ങളിലും വീടുതോറും പ്രസംഗിച്ചുകൊണ്ട് മാത്യു അനേകം മണിക്കൂറുകൾ ചെലവഴിച്ചിരിക്കുന്നു. അവൻ ജനസമുദായത്തിനുള്ളിൽ പലതരത്തിൽപ്പെട്ട ആളുകളോടൊത്തു പ്രവർത്തിക്കുന്നു. മാത്യു ചെറുപ്പക്കാരോടും പ്രായമുള്ളവരോടുമൊത്ത് ഒരുപോലെ ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട് നായകത്വം വഹിക്കാനുള്ള തന്റെ പ്രാപ്തിയും വൈദഗ്ധ്യവും പ്രകടമാക്കിയിരിക്കുന്നു. . . . ആളുകളെ പ്രചോദിപ്പിക്കാനും അവരുടെ യഥാർഥ പ്രാപ്തിയിലേക്ക് എത്തിച്ചേരാൻ അവരെ സഹായിക്കാനും അവൻ പ്രാപ്തനാണ്. ക്ലാസ്സ്മുറിയിൽ അവൻ നല്ല ഒരു പ്രചോദനമായിരുന്നുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ലാസ്സ് ചർച്ചകൾക്കു നേതൃത്വം വഹിക്കാറുള്ള അവൻ പ്രാപ്തനായ ഒരു താർക്കികനുമാണ്. . . .
“മാർഗനിർദേശം കൊടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുള്ള ഏററവും നല്ല യുവാക്കളിൽ ഒരുവനാണ് മാത്യു. സഹപാഠികളും അധ്യാപകരും അവനെ വളരെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്നു. അവന്റെ നിർമലത ഏററവും ഉയർന്ന ഗുണമുള്ളതാണ്.”
[9-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസ കാര്യത്തിൽ തത്പരരാണ്, പ്രാഥമികമായി ദൈവത്തിന്റെ ഫലപ്രദരായ ദാസൻമാരായിത്തീരുന്നതിനു വേണ്ടി