നിങ്ങൾ കൂർക്കംവലിക്കാറുണ്ടോ?
ഭയങ്കരമായി കൂർക്കംവലിക്കുന്ന ഒരാളാണോ നിങ്ങൾ? ചിലർ അത്തരക്കാരാണ്, പക്ഷേ അവർ അത് അറിയുന്നുപോലുമില്ലായിരിക്കാം. ആയതിനാൽ, ഉണർന്നെഴുന്നേൽക്കുമ്പോൾ ക്ഷീണവും ഉദാസീനതയും തോന്നുന്നതിന്റെ കാരണം അവർക്കറിയില്ല. അവരുടെ ഈ ക്രമക്കേട് ഉറക്കത്തിലെ ശ്വാസതടസ്സം എന്നറിയപ്പെടുന്നു. ഈ ക്രമക്കേടുള്ള ഒരാൾ ഉറങ്ങുമ്പോൾ, വായുവിന്റെ സഞ്ചാരപഥത്തെ തുറക്കാൻ സഹായിക്കുന്ന തൊണ്ടയിലെ പേശികൾ വായുമാർഗം അടഞ്ഞുപോകുന്ന ഘട്ടത്തോളം അയയുന്നു. ഒരു മിനിറേറാളം വായു കിട്ടാതെ അയാൾക്കു ശ്വാസംമുട്ടൽ ഉണ്ടായേക്കാം, ചെറുതായി ഉണരുകയും ചെയ്തേക്കാം. ശ്വാസതടസ്സമുണ്ടാകുന്നവരിൽ മിക്കവരും ഉറക്കത്തിനു വിഘ്നം നേരിട്ടതായി അറിയാറില്ല. മുറിയിൽ നിങ്ങളോടൊപ്പമുള്ള ആൾ കൂർക്കംവലി കേട്ട് ഇടയ്ക്കിടെ ഉണരുന്നെങ്കിൽ ആ വ്യക്തിയിൽനിന്ന് എന്തെങ്കിലും സൂചന ലഭിച്ചേക്കാം. ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സം, കാറപകടങ്ങൾക്കും തൊഴിലപകടങ്ങൾക്കും കാരണമാണെന്നും പക്ഷാഘാതവും ഹൃദയസ്തംഭനവും ഉണ്ടാകുന്നതിലെ ഒരു ഘടകമാണെന്നും വിദഗ്ധർ വിശ്വസിക്കുന്നു.
ഇതിന് എന്തെങ്കിലുമൊരു പരിഹാരമുണ്ടോ? വീട്ടിലെ സമ്പൂർണ വൈദ്യശാസ്ത്രവഴികാട്ടി (ഇംഗ്ലീഷ്) (ഡോക്ടർമാരുടെയും സർജൻമാരുടെയും കൊളംബിയ യൂണിവേഴ്സിററി കോളെജ്) ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “ഇതു മിക്കപ്പോഴും സ്ത്രീകളെക്കാൾ 20 ഇരട്ടി പുരുഷൻമാരെയാണു ബാധിക്കുന്നത്. ഇതുള്ളവരിൽ പകുതിയിലധികം പേരും അമിതവണ്ണമുള്ളവരാണ്, ഈ അമിതവണ്ണം വായുവിന്റെ സാധാരണഗതിയിലുള്ള ഗമനാഗമനത്തിനു കൂടുതൽ തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട്, ചികിത്സയിലെ ഒരു പ്രധാന സംഗതി തൂക്കം കുറയ്ക്കലാണ്.” ഈ പ്രശ്നം സാരമായിട്ടുള്ളവരിൽ ശ്വാസതടസ്സം കുറയ്ക്കുന്നതിന് ഓപ്പറേഷൻ അഭികാമ്യമാണെന്ന് അതേ പുസ്തകംതന്നെ അഭിപ്രായപ്പെടുന്നു.