ഞങ്ങളുടെ വായനക്കാരിൽ നിന്ന്
തളർച്ച “നിങ്ങൾ തളർച്ചമൂലം കഷ്ടപ്പെടുന്നുവോ?” (ജനുവരി 8, 1995) എന്ന പരമ്പരയ്ക്കു നന്ദി. ഞാനൊരു പയനിയറായി സേവിക്കുന്നുവെങ്കിലും ശക്തി ചോർന്നുപോയതുപോലെയും ഉത്സാഹമില്ലാത്തതുപോലെയും എനിക്കു തോന്നാൻ തുടങ്ങിയിട്ടു മാസങ്ങളായി. വ്യക്തിപരമായി ഞാൻ ബാധകമാക്കേണ്ടിയിരിക്കുന്ന ചില ആശയങ്ങൾ, പ്രത്യേകിച്ച് മറ്റുള്ളവരെ വിമർശിക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം, ലേഖനം എനിക്കു പ്രദാനം ചെയ്തു.
എം. എസ്., ജർമനി
എന്നെ സംബന്ധിച്ചിടത്തോളം അവ അസാധാരണമായ ലേഖനങ്ങളായിരുന്നു. എന്തുകൊണ്ടെന്നാൽ അവസാനം ഞാൻ എന്റെ പ്രശ്നം തിരിച്ചറിഞ്ഞു. ഞാനൊരു ഭാര്യയും നാലു കുട്ടികളുടെ മാതാവുമാണ്. എനിക്കു വളരെയധികം വീട്ടുജോലിയുണ്ട്. ദുഃഖകരമെന്നു പറയട്ടെ, എനിക്കു കുടുംബത്തിൽനിന്നു വിലമതിപ്പു ലഭിക്കുന്നില്ല. ഇത് തൊട്ടാവാടികളായ ആളുകളുടെ ഇടയിലെ ഒരു സാധാരണ പ്രശ്നമാണെന്നറിഞ്ഞപ്പോൾ എനിക്കു കൂടുതൽ മെച്ചമായി തോന്നുന്നു. ഇതുപോലുള്ള ലേഖനങ്ങളുടെ പ്രസിദ്ധീകരണം ഒരിക്കലും നിർത്തരുത്!
ജെ. എം., ഇറ്റലി
ക്ഷീണവും ഉത്സാഹമില്ലായ്മയും നിസ്സഹായതയും നിരാശയും അസ്വാസ്ഥ്യവുമെല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ലേഖനം വായിച്ചപ്പോൾ ഈ വികാരങ്ങൾക്കിടയാക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്നു ഞാൻ മനസ്സിലാക്കുന്നു. ആരെങ്കിലും മനസ്സിലാക്കുമ്പോഴും പ്രോത്സാഹനാത്മകമായ ലേഖനങ്ങൾ എഴുതാൻ തക്കവണ്ണം യഹോവയും അവന്റെ സ്ഥാപനവും കരുതലുള്ളവരാണെന്ന് അറിയുമ്പോഴും എനിക്ക് എത്രമാത്രം സന്തോഷം തോന്നുന്നുവെന്നു നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇസഡ്. എൽ., ഐക്യനാടുകൾ
ഞാൻ ബെഥേൽ സേവനം ഉപേക്ഷിക്കുന്നതിനും പിന്നീട് പയനിയറിങ് തന്നെ ഉപേക്ഷിക്കുന്നതിനും തളർച്ച ഒരു പ്രധാനകാരണമായിരുന്നു. മൂപ്പനായുള്ള സേവനം ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു ഞാൻ! കഴിഞ്ഞകാലത്ത് ആശയവിനിയമം നടത്താൻ പരാജയപ്പെട്ട വശങ്ങൾ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഈ വശങ്ങളിൽ ഞാൻ പുരോഗമിക്കുകയും എന്റെ മനോഭാവം വളരെയധികം മെച്ചപ്പെടുകയും ചെയ്തിരിക്കുന്നു.
ഇ. ആർ., ഐക്യനാടുകൾ
മറ്റ് ക്രിസ്തീയ ശുശ്രൂഷകരും ഈ പ്രശ്നം സഹിക്കുകയും തരണംചെയ്യുകയും ചെയ്തിരിക്കുന്നു എന്നറിയുന്നതു പ്രോത്സാഹജനകമായിരുന്നു.
സി. എൽ., സ്വിറ്റ്സർലൻഡ്
അവിവാഹിത മാതാക്കൾ “യുവജനങ്ങൾ ചോദിക്കുന്നു . . . അവിവാഹിത മാതാക്കൾക്ക് തങ്ങളുടെ സാഹചര്യം ഏറ്റവും മെച്ചമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?” (ഒക്ടോബർ 8, 1994) എന്ന ലേഖനത്തിനു നന്ദി. തെറ്റുചെയ്യുന്നതു വഴിയാണ് ഗർഭധാരണം സംഭവിക്കുന്നതെന്നു നിങ്ങൾ സമ്മതിച്ചുപറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചു വിവരിച്ച് പെൺകുട്ടിയുടെ സ്ഥിതി കൂടുതൽ വഷളാക്കുന്നതിനുപകരം നിങ്ങൾ പ്രായോഗികവും സഹായകവുമായ മാർഗനിർദേശങ്ങൾ നൽകുന്നു.
ജെ. ഡി., ഐക്യനാടുകൾ
ഞാൻ പത്തു വർഷംമുമ്പ് ഒരു ഏകാകിയായ മാതാവായിത്തീർന്നു. എന്നാൽ യഹോവയുടെയും എന്റെ ക്രിസ്തീയ മാതാപിതാക്കളുടെയും സഹായംകൊണ്ട് ഞാൻ നന്നായി കഴിഞ്ഞുപോന്നിരിക്കുന്നു. സ്കൂൾ പാസ്സായശേഷം ആറു വർഷം ഞാനൊരു മുഴു സമയ ശുശ്രൂഷകയായി സേവിച്ചു. പിന്നെ ഞാൻ ഒരു ക്രിസ്തീയപുരുഷനെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുകയാണ്. യഹോവയുടെ കരുണയിൽനിന്നും ദയയിൽനിന്നും ഞാൻ മഹത്തായി പ്രയോജനം അനുഭവിച്ചിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് എന്റെ അനുഭവം ഉപയോഗിക്കാൻ കഴിയുന്നു.
എ. എം., ഐക്യനാടുകൾ
ആ ലേഖനം വായിച്ചപ്പോൾ എനിക്കു കണ്ണുനീർ പിടിച്ചുനിർത്താനായില്ല. നിങ്ങൾ വിവരിച്ച അതേ സാഹചര്യം തന്നെ ഞാൻ അനുഭവിച്ചതാണ്. ഇപ്പോൾ ഞാനൊരു ക്രിസ്ത്യാനിയാണ്. എന്റെ മകളെ ഉൾക്കാഴ്ചയോടുകൂടി വളർത്തിക്കൊണ്ടുവരാൻ പ്രാപ്തയായിത്തീരുന്നതിനു ഞാൻ സന്തോഷമുള്ളവളാണ്.
സി. ആർ. എസ്., ബ്രസീൽ
കൂർക്കം വലിക്കൽ “നിങ്ങൾ കൂർക്കംവലിക്കാറുണ്ടോ?” (സെപ്റ്റംബർ 8, 1994) എന്ന ലേഖനം കൂർക്കംവലിയുടെ സാധ്യമായ ആപത്തുകളെക്കുറിച്ചു മുന്നറിയിപ്പുനൽകി. എന്നാൽ, ഭയങ്കരമായി കൂർക്കംവലിക്കുന്നവർക്ക് ഉറക്കത്തിലെ ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു നിങ്ങൾ സൂചിപ്പിച്ചു. നിർബന്ധമില്ല. കൂർക്കംവലിക്കാനുള്ള പ്രവണത പ്രായമേറുന്തോറും വർധിക്കുന്നു. അലർജികൾക്കൊണ്ടും സൈനസ് പ്രശ്നങ്ങൾക്കൊണ്ടും അതുണ്ടാകാം. എന്നാൽ ഭയങ്കരമായ കൂർക്കംവലിയോടൊപ്പം ശ്വാസംകിട്ടാതെവരുന്ന പല ഘട്ടങ്ങളുണ്ടാകുകയും അതേത്തുടർന്നു കിതയ്ക്കലും ശബ്ദത്തോടുകൂടിയ ശ്വാസോച്ഛ്വാസവും പകൽ സമയത്ത് ഉറക്കംതൂങ്ങലും അല്ലെങ്കിൽ തളർച്ചയും ഉണ്ടാകുന്നെങ്കിൽ ഉറക്കത്തിലെ ശ്വാസതടസ്സം ആയിരിക്കാം കുറ്റക്കാരൻ. ഏറ്റവും സാധാരണമായ ചികിത്സ ശസ്ത്രക്രിയയല്ല, പിന്നെയോ സമ്മർദവായു ഉപയോഗിച്ച് ഉറക്കസമയത്തു വായുനാളികളെ തടസ്സമില്ലാതെ നിർത്തുന്ന പ്രക്രിയയാണ്.
സി. എസ്., ഐക്യനാടുകൾ
ഈ അഭിപ്രായങ്ങൾ ഞങ്ങൾ വിലമതിക്കുന്നു. ഞങ്ങളുടെ വിവരം ഏതെങ്കിലും അബദ്ധ ധാരണയ്ക്ക് ഇടയാക്കിയെങ്കിൽ ക്ഷമിക്കണം. വല്ലപ്പോഴും കൂർക്കംവലിയുണ്ടാകുന്നത് അസാധാരണമല്ലെന്നു വൈദ്യ അധികാരികൾ പറയുന്നു. മറ്റെല്ലാ വൈദ്യപ്രശ്നങ്ങളെയും പോലെതന്നെ ഇതിന്റെയും ശരിയായ ചികിത്സക്ക് ഒരു ഡോക്ടറാലുള്ള വിലയിരുത്തൽ അത്യാവശ്യമാണ്.—പത്രാധിപർ