തളർച്ച നിങ്ങൾക്ക് എങ്ങനെ തരണം ചെയ്യാം?
അനുദിന ഉത്കണ്ഠകളുടെയും പോരാട്ടങ്ങളുടെയും സമ്മർദത്താൽ ഭാരപ്പെടുമ്പോൾ പലരും മദ്യപാനത്തിലൂടെ തങ്ങളുടെ ദുഃഖങ്ങൾ മറക്കാൻ ശ്രമിക്കുന്നു. ഇന്ന് ഏററവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന മയക്കുമരുന്നായ മദ്യം കടുത്ത യാഥാർഥ്യങ്ങളിൽനിന്നു രക്ഷപെടാനുള്ള ശ്രമത്തിൽ പലരും ഉപയോഗിക്കുന്നുമുണ്ട്. ഉത്കണ്ഠകളെ കൈകാര്യം ചെയ്യുന്നതിനു മററു ചിലർ പ്രസിദ്ധമായ മരുന്നുകളെ ആശ്രയിച്ചിട്ടുണ്ട്. ഇനിയും വേറെ ചിലർ മരിഹ്വാന, മെതാംഫീററാമൈൻസ്, കൊക്കെയ്ൻ തുടങ്ങി മനസ്സിനെ മാററിമറിക്കുന്ന മയക്കുമരുന്നുകളെ അവലംബിച്ചിട്ടുണ്ട്. ജീവിതയാഥാർഥ്യങ്ങളിൽനിന്ന് ഓടിയൊളിക്കാൻ കൊച്ചുകുട്ടികൾ പോലും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി അറിവായിട്ടുണ്ട്. അമേരിക്കൻ യുവജനങ്ങളിൽ 95 ശതമാനവും ഹൈസ്കൂൾ പാസ്സാകുന്നതിനു മുമ്പ് ഒന്നോ അതിലധികമോ നിയമവിരുദ്ധമായ മയക്കുമരുന്നുകൾ ഉപയോഗിച്ചുകഴിഞ്ഞിരിക്കുമെന്നു പറയപ്പെടുന്നു.
ഉള്ളിൽ വിഷാദമനുഭവിക്കുമ്പോൾ കൂട്ടുകാരുമൊത്തു കുടിച്ചുകൂത്താടി നടന്നുകൊണ്ടോ സന്തോഷത്തിന്റെ ഒരു മുഖംമൂടി അണിഞ്ഞുകൊണ്ടോ അനുദിന സമ്മർദത്തിൽനിന്ന് ഓടിയകലാൻ ശ്രമിക്കുന്നവരുമുണ്ട്. അല്ലെങ്കിൽ തെററായ ഉദ്ദേശ്യത്തിൽ അവർ വിപരീതലിംഗവർഗത്തിൽപ്പെട്ട ആളുകളുടെ സ്നേഹവും വാത്സല്യവും തേടുന്നു. എന്നാൽ സമ്മർദത്തെ കൈകാര്യം ചെയ്യുന്നതിനു രക്ഷപെടൽ മാർഗങ്ങളെ അവലംബിച്ചാൽ അതു നിരാശ വർധിപ്പിക്കുകയേ ഉള്ളൂ. ലഹരിപാനീയമോ മാനസികാവസ്ഥയെ മാററിമറിക്കുന്ന മറേറതെങ്കിലും വസ്തുക്കളോ ഉപയോഗിച്ചു സമ്മർദം ഇല്ലായ്മ ചെയ്യാൻ ആളുകൾ ശ്രമിക്കുമ്പോൾ തങ്ങളുടെ ഉത്സാഹം വീണ്ടും നേടിയെടുക്കുന്നതിനു പകരം തളർച്ച സംഭവിക്കാനുള്ള പ്രക്രിയയെ അവർ ത്വരിതപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. അങ്ങനെയെങ്കിൽ, നിങ്ങളുടെ ഉള്ളിലെ ഉത്സാഹം സാവധാനം കെട്ടടങ്ങുന്നതായി തോന്നുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പൂർവസ്ഥിതി പ്രാപിക്കുന്നതിനുള്ള മാർഗം
ഏതെങ്കിലും പ്രത്യേക ചികിത്സാരീതികളോ മരുന്നുകളോ ഉണരുക! ശുപാർശ ചെയ്യുന്നില്ല. എന്നുവരികിലും, ബൈബിൾ തത്ത്വങ്ങളിൽ അടിസ്ഥാനപ്പെട്ട സഹായകമായ ഏതാനും നിർദേശങ്ങൾ അതു നൽകുകയാണ്, നിങ്ങളുടെ ഉള്ളിൽ സാവധാനം കെട്ടടങ്ങുന്ന കനലുകളെ പുനർജ്വലിപ്പിക്കാൻ അതു നിങ്ങളെ സഹായിച്ചേക്കാം. കേയോ യൂണിവേഴ്സിററി സ്കൂൾ ഓഫ് മെഡിസിനിലെ ഒരു ഡയറക്ടറായ ഡോ. യൂട്ടാക്കാ തളർച്ചയെ തരണം ചെയ്യുന്നതിനുള്ള “മൂന്നു മാർഗങ്ങൾ” ശുപാർശ ചെയ്യുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “ഈ ‘മൂന്നു മാർഗങ്ങൾ’ നിയന്ത്രണം, ആശയവിനിമയം, തിരിച്ചറിവ് എന്നിവയാണ്.”
നിസ്സഹായാവസ്ഥയുടെ വികാരങ്ങളെ തരണം ചെയ്യുന്നതിനു നിങ്ങളുടെ വികാരങ്ങളും പെരുമാററവും നിങ്ങളുടെ നിയന്ത്രണത്തിലാണെന്നു തോന്നാൻ കഴിയണം. നൈരാശ്യം നിങ്ങളുടെ വികാരങ്ങളെ അനുദിനം ഭരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിങ്ങളുടെ പ്രാപ്തിയെ അതു തകർക്കുകയും ചെയ്യുമ്പോൾ കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്നു വിശ്വസിക്കുക എളുപ്പമാണ്. എന്നാൽ, വെറുതെയിരുന്ന് അസ്വസ്ഥമാക്കുന്ന ചിന്തകളിൽ മുഴുകരുത്. പടിപടിയായി നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. (8-ാം പേജിലെ ചതുരം കാണുക.) കാര്യങ്ങൾ നീട്ടിവെക്കരുത്. ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുന്നതിനാൽ നിങ്ങൾക്കു കൂടുതൽ മാനസിക സുഖം അനുഭവപ്പെടാൻ തുടങ്ങുകയും നിയന്ത്രണം കൈവരിച്ചതായി തോന്നുകയും ചെയ്യും.
ഉത്സാഹം കെടുത്തുന്ന വികാരങ്ങളിൽ കലാശിക്കുന്ന അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ഉദാഹരണത്തിന്, ഏതു നിസ്സാര കാര്യവും നിമിത്തം ചിലർ അസ്വസ്ഥരാകാൻ പ്രവണത കാട്ടുന്നു. കാര്യങ്ങൾ ഒരു പ്രത്യേക വിധത്തിൽ ചെയ്യണമെന്ന് അവർ പിടിവാശി കാട്ടുകയും മററുള്ളവർ അതിനു വഴങ്ങാത്തപ്പോൾ അസ്വസ്ഥരാകുകയും ചെയ്യുന്നു, അല്ലെങ്കിൽ സ്വന്തം പരാജയങ്ങൾ നിമിത്തം അവർ നിരാശരായിത്തീർന്നേക്കാം. പുരാതന കാലത്തെ ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞു: “അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?” (സഭാപ്രസംഗി 7:16) വളരെ ഉയർന്ന നിലവാരങ്ങളോടു പററിനിൽക്കുകയും ആ നിലവാരങ്ങൾക്കൊത്തു നിങ്ങൾ ഉയരുന്നില്ല എന്നു തോന്നുകയും ചെയ്യുമ്പോൾ തളർച്ച ഉണ്ടാകും, തീർച്ച.
ബൈബിളിലെ കൂടുതൽ സഹായകമായ ബുദ്ധ്യുപദേശം “നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ [“വിനയത്തോടെ,” NW] നട”ക്കാനാണ്. (മീഖാ 6:8) വിനയമുണ്ടായിരിക്കുക എന്നതിന്റെ അർഥം ഒരുവന്റെ പരിമിതികൾ സംബന്ധിച്ചു ബോധമുള്ളവനായിരിക്കുക എന്നോ “ഒരുവന്റെ പ്രാപ്തികൾ സംബന്ധിച്ചു മിതമായ ഒരു നിർണയം” പുലർത്തുക എന്നോ ആണ്. ജോലിസ്ഥലത്തു വെച്ചുള്ള ന്യായരഹിതമായ ആവശ്യപ്പെടലുകളോട് ഇല്ല എന്നു പറയുന്നതിനെ ഇത് അർഥമാക്കിയേക്കാം.
തങ്ങളുടെ പരിമിതികൾ അറിയാവുന്നവർ സഹായം സ്വാഗതം ചെയ്യുന്നു. തളർച്ച അനുഭവിച്ച ഒരു വനിതാ മാനേജർ, അത് ഒഴിവാക്കുന്നതിനുള്ള പ്രമുഖ സംഗതി സഹായം അഭ്യർഥിക്കുക എന്നതാണെന്നു പറഞ്ഞു. “സഹായം അഭ്യർഥിക്കാൻ അനേകമാളുകൾ ഭയപ്പെടുന്നു, കാരണം അവർ ജോലിയിൽ സമർഥരല്ലെന്നു വീക്ഷിക്കപ്പെട്ടേക്കാം” എന്നുകൂടി അവർ പറയുന്നു. ഗൃഹജോലിയോ സ്കൂൾജോലിയോ ലൗകികജോലിയോ—തളർച്ചയുണ്ടാക്കുമെന്നു നിങ്ങളെ ഭീഷണിപ്പെടുത്തുന്ന—എന്തുമായിക്കൊള്ളട്ടെ, നിങ്ങൾക്കു സാധ്യമാകുന്നിടത്തു ജോലി വീതിച്ച് മററുള്ളവരെ ഏൽപ്പിക്കുക. നിങ്ങൾ സർവകാര്യത്തിനും നേരിട്ടു മേൽനോട്ടം വഹിക്കാതെ കാര്യങ്ങൾ നടക്കുന്നതു കാണുമ്പോൾ നിങ്ങൾ അമ്പരന്നുപോകും.—താരതമ്യം ചെയ്യുക: പുറപ്പാടു 18:13-27.
നിങ്ങൾക്ക് അൽപ്പം വിശ്രമം ആവശ്യമായിരുന്നേക്കാം. തളർച്ച സംഭവിക്കാൻ സാധ്യതയുള്ള ഒരാൾ ഒരു അവധിയെടുക്കുമ്പോൾ അതിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. എന്നാൽ, നിങ്ങളുടെ സാഹചര്യങ്ങൾ അങ്ങനെ ചെയ്യാൻ അനുവദിക്കുന്നില്ലെങ്കിൽ “ഉല്ലാസവാനായിരിക്കാൻ എങ്ങനെ കഴിയുമെന്നു നിങ്ങൾക്കറിയാമെങ്കിൽ അതിനു കാര്യമായ വ്യത്യാസമുളവാക്കാൻ കഴിയും” എന്ന് ഗവേഷകയായ ആൻ മഗീ-കൂപ്പർ പറയുന്നു. പതിവു പ്രവർത്തനക്രമത്തിന് അൽപ്പം മാററം വരുത്താൻ വേണ്ടി അവധിയെടുക്കുന്നത് സർഗാത്മക ചിന്തകൾക്കു പ്രചോദനം നൽകിക്കൊണ്ട് ഉത്പാദനക്ഷമത വർധിപ്പിക്കുക പോലും ചെയ്തേക്കാം. വർഷങ്ങൾക്കു മുമ്പ് ശലോമോൻ രാജാവ് ബുദ്ധ്യുപദേശിച്ചതിൽ ഇപ്പോഴും സത്യമുണ്ട്: “രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.”—സഭാപ്രസംഗി 4:6.
ആശയവിനിമയത്തിന്റെ ഒരു പിന്തുണാ വലയം
ഡോ. ഓണോ പരാമർശിച്ച രണ്ടാമത്തെ “മാർഗം” ആശയവിനിയമം ഉൾപ്പെട്ടതാണ്. അഗ്നിശമന പ്രവർത്തകർക്ക് അപൂർവമായേ തളർച്ച സംഭവിക്കുന്നുള്ളൂ എന്ന കാര്യം രസാവഹമാണ്. ഇതിന്റെ കാരണം, അവർ വീരപുരുഷൻമാരാണെന്നു കരുതപ്പെടുന്നതിനു പുറമേ, ശക്തമായ ഒരു സൗഹാർദ ബന്ധത്താൽ അവർ ബന്ധിക്കപ്പെട്ടിരിക്കുന്നതായിരിക്കാം. ആശ്രയിക്കാൻ പററിയ ഒരു പിന്തുണാ സംഘമുള്ളതുകൊണ്ട് ഒരുവന് അവരിൽനിന്നു സഹായം നേടാൻ കഴിയും. ആശ്വാസദായകമായ പിന്തുണ ഇന്നു നിങ്ങൾക്ക് എവിടെ കണ്ടെത്താം? ഡോക്ടർമാർക്കു തളർച്ചയെ തരണം ചെയ്യാൻ കഴിയുന്ന മാർഗങ്ങളെക്കുറിച്ചു വർണിക്കവേ മോയിററ്സൂക്കിഷോക്കോഗുൺ (തളർച്ചാ സാകല്യം) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബം, പ്രത്യേകിച്ച് അവരുടെ ഇണ, ഏററവും ഫലപ്രദവും വാസ്തവികവുമായ ഒരു സഹായിയാണ്.” വ്യക്തിപരമായ വികാരങ്ങൾ തുറന്നുപറയാൻ ഏതൊരാൾക്കും ആരെങ്കിലും വേണം. ആശയവിനിമയത്തിന്റെ ഈ വശം സംബന്ധിച്ചു ബൈബിൾ പ്രായോഗികമായ മാർഗനിർദേശം നൽകുന്നുണ്ട്. പ്രേമപൂർവകമായ അടുപ്പം കാത്തുസൂക്ഷിക്കാൻ അതു വിവാഹിത ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയും ഈടുററതും പ്രായോഗികവുമായ നിർദേശങ്ങൾ തരാൻ കഴിവുള്ള സുഹൃത്തുക്കളെ സമ്പാദിക്കാൻ അത് എല്ലാവരോടും പറയുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 5:18, 19; 11:14.
“അടുത്ത സ്നേഹിതരും കുടുംബവും അടങ്ങുന്ന നമ്മുടെ സ്വന്തം പിന്തുണാ സംവിധാനം നാം വളർത്തിയെടുക്കണം,” യുഎസ്എ ടുഡേ പറയുന്നു. എന്നിട്ട് അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “നമ്മുടെ മതകേന്ദ്രസ്ഥാനങ്ങളെയും മാനസികാരോഗ്യ സേവനങ്ങളെയും ഉപയോഗപ്പെടുത്താൻ നമുക്കു സ്വാതന്ത്ര്യം തോന്നുകയും വേണം.” മതപരമായ കേന്ദ്രങ്ങളെ സഹായത്തിനു വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ചു യേശുവിന്റെ അർധസഹോദരനായ യാക്കോബ് ഇപ്രകാരം എഴുതി: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പൻമാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.” (യാക്കോബ് 5:14) പ്രശ്നങ്ങളുള്ള ക്രിസ്ത്യാനികൾക്കു യഹോവയുടെ സാക്ഷികളുടെ സഭകളിലെ മൂപ്പൻമാരുമായി സംസാരിക്കുന്നതിനാൽ ആശ്വാസം കണ്ടെത്താൻ കഴിയും. തളർച്ചയെ കൈകാര്യം ചെയ്യുന്നതിൽ മൂപ്പൻമാർ സ്പെഷ്യലിസ്ററുകളൊന്നുമല്ലെങ്കിലും, അവർ നൽകുന്ന ആത്മീയ പിന്തുണ വിലതീരാത്തതാണ്.
ഒരു മനുഷ്യപിന്തുണാ സംവിധാനം മറെറാരു ദിവസത്തേക്കു കൂടി നമുക്ക് ഊർജം പകർന്നേക്കാമെങ്കിലും എല്ലായ്പോഴും അതു മതിയാകുകയില്ല. നിസ്സഹായാവസ്ഥ (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ മാർട്ടിൻ ഇ. പി. സെലിഗ്മൻ ഇന്നു കാണുന്ന വിഷാദത്തിന്റെ വർധനവിനു കാരണമായി പാശ്ചാത്യലോകത്തു കാണുന്ന അനിയന്ത്രിതമായ വ്യക്തിപ്രാധാന്യത്തിലേക്കു വിരൽചൂണ്ടുകയുണ്ടായി. ജീവിതത്തിൽ അർഥം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രകടിപ്പിച്ചു. “അർഥം കണ്ടെത്തുന്നതിനുള്ള അനിവാര്യ സംഗതി നിങ്ങളെക്കാൾ ശക്തിയുള്ള ഒന്നിനോടുള്ള അടുപ്പമാണ്” എന്ന് അദ്ദേഹം പിന്നീടു പ്രകടമാക്കി. ഇന്ന് ഒട്ടുവളരെ പേർ ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ ഗൗരവപൂർവം വീക്ഷിക്കുന്നില്ലെങ്കിലും തീർച്ചയായും “നിങ്ങളെക്കാൾ ശക്തിയുള്ള”വനായ സ്രഷ്ടാവുമായുള്ള ആശയവിനിമയത്തിനു നിസ്സഹായാവസ്ഥ സംബന്ധിച്ച നിങ്ങളുടെ വികാരങ്ങളെ തരണം ചെയ്യാൻ സഹായിക്കാൻ കഴിയും.
അനേകം പ്രതിസന്ധികളെ നേരിട്ട ദാവീദ് രാജാവ് തന്റെ പ്രജകളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “ജനമേ, എല്ലാകാലത്തും [ദൈവത്തിൽ] ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.” (സങ്കീർത്തനം 62:8) നമ്മുടെ “ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങ”ൾക്കു പോലും ചെവിതരുവാൻ ദൈവം ഒരുക്കമുള്ളവനാണ്. (റോമർ 8:26) അവനോട് ആത്മാർഥമായി അപേക്ഷിക്കുന്നതിന്റെ ഫലമായി തളർച്ചയ്ക്കെതിരെ “നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കു”വാൻ കഴിയുന്ന സമാധാനം ഉണ്ടാകുന്നു.—ഫിലിപ്പിയർ 4:6, 7.
നിങ്ങളുടെ വീക്ഷണഗതിക്കു മാററംവരുത്തൽ
ഒടുവിൽ, നിങ്ങളുടെ സാഹചര്യത്തെ നിങ്ങൾ വീക്ഷിക്കുന്ന വിധത്തിൽ ഒരു മാററം അനിവാര്യമായിരുന്നേക്കാം. തളർച്ചയെ തരണം ചെയ്യുന്നതിനു ഡോ. ഓണോ നിർദേശിക്കുന്ന ഒടുവിലത്തെ “മാർഗം” തിരിച്ചറിവ് അഥവാ ഗ്രാഹ്യം ആണ്. വളരെയധികം സമ്മർദം അനുഭവിക്കുമ്പോൾ സർവകാര്യങ്ങളെക്കുറിച്ചും നിഷേധാത്മക വിലയിരുത്തലുകൾ നടത്താനും ശുഭാപ്തിപരമല്ലാത്ത വീക്ഷണങ്ങളിൽ സ്വയം കുരുങ്ങാനും നാം ചായ്വു കാണിക്കുന്നു. എന്നിരുന്നാലും, നാം വാസ്തവികബോധമുള്ളവരായിരിക്കേണ്ടതുണ്ട്. അത്തരം നിഷേധാത്മക ചിന്തയ്ക്കു യഥാർഥത്തിൽ അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നു വിശകലനം ചെയ്യുക. പരിണതഫലം നിങ്ങൾ ഭയപ്പെടുന്നതുപോലെ അത്ര മോശമായിരിക്കുമോ? മറെറാരു വീക്ഷണകോണത്തിൽനിന്നു കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക.
“നിങ്ങൾക്കു തളർച്ച സംഭവിച്ചാൽ, ഒരുപക്ഷേ നിങ്ങൾ ‘നല്ല’ വ്യക്തി ആയതുകൊണ്ടാണ്, അല്ലാതെ ‘മോശ’മായതുകൊണ്ടല്ല എന്നു ചിന്തിക്കാൻ കഴിയും,” പേരൻറ്സ് മാഗസിൻ പറയുന്നു. ഓർമിക്കുക: തളർച്ച ഉണ്ടാകാൻ പ്രവണത കാണിക്കുന്നവർക്ക് ഉയർന്ന നിലവാരങ്ങളാണുള്ളത്, അവർ മററുള്ളവരെക്കുറിച്ചു കരുതുകയും ചെയ്യുന്നു. തളർച്ച സംഭവിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ഏററവും സഹായകമായിരിക്കുന്നതു വിലമതിപ്പിന്റെ ഒരു വാക്കാണ്. ഒരു വീടു പുലർത്തിക്കൊണ്ടുപോകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സർവജോലിയോടും ഭർത്താവും കുട്ടികളും വിലമതിപ്പു പ്രകടമാക്കുകയാണെങ്കിൽ ഒരമ്മയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യമായിരിക്കും. ഇടനിലക്കാരനായ ഒരുവനു ജോലിയിൽ തളർച്ച ഉണ്ടാകുന്നെങ്കിൽ, വിലമതിപ്പു നിറഞ്ഞ ഒരഭിപ്രായം നടത്തുന്നതും ഒപ്പം പുറത്തൊന്നു തലോടുന്നതും അയാളുടെ വീക്ഷണഗതിയെ മെച്ചപ്പെടുത്താൻ ഉതകും.
സാമർഥ്യമുള്ള ഒരു ഭാര്യ പ്രശംസ അർഹിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു: “അവളുടെ മക്കൾ എഴുന്നേററു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നതു: അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.” (സദൃശവാക്യങ്ങൾ 31:10, 28, 29) തീർച്ചയായും, “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.”—സദൃശവാക്യങ്ങൾ 16:24.
ആദ്യ ലേഖനത്തിൽ പരാമർശിച്ച ക്രിസ്തീയ മൂപ്പനായ ഷിൻസോ തന്റെ തളർച്ചയിൽനിന്നു കാര്യമായ വിധത്തിൽ സുഖംപ്രാപിച്ചു. അദ്ദേഹത്തിനു വിദഗ്ധ സഹായം വേണ്ടിവന്നെങ്കിലും ഷിൻസോയെ ഏററവുമധികം സഹായിച്ചത് യഹോവയോടുള്ള പ്രാർഥനകളായിരുന്നു. സഹായത്തിനു വേണ്ടി ആത്മാർഥമായി പ്രാർഥനകൾ നടത്തിയശേഷം, തന്നോടൊത്ത് ആദ്യമായി ദൈവവചനം പഠിച്ച മൂപ്പനെ അദ്ദേഹം കാണാനിടയായി. ആ മൂപ്പനും മററു സഹമൂപ്പൻമാരും അദ്ദേഹത്തിന്റെ ഉത്കണ്ഠകൾ കേട്ടുകൊണ്ടു പിന്തുണ കൊടുത്തു. നിങ്ങൾ ഇപ്പോൾ വായിക്കുന്ന ഈ പത്രികയുടെ ഒരു മുൻലക്കത്തിൽനിന്ന് നിഷേധാത്മക വികാരങ്ങളെ തരണം ചെയ്യുന്നതു സംബന്ധിച്ചുള്ള ലേഖനങ്ങൾ ഭാര്യ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. (ഒക്ടോബർ 8, 1992, ഇംഗ്ലീഷ്) താൻ സകല കാര്യങ്ങളും തന്നെത്താൻ ചെയ്യാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ഒടുവിൽ മനസ്സിലാക്കി. തനിക്കു ചുററും സംഭവിക്കുന്ന കാര്യങ്ങളെ അദ്ദേഹം വീക്ഷിച്ച വിധത്തിനു മാററം വന്നു. ആദ്യം, നിരാശയുടെ അനന്തമായ ഒരു തുരങ്കത്തിലാണു താനെന്ന് അദ്ദേഹത്തിനു തോന്നിയെങ്കിലും, ഒടുവിൽ അതിൽനിന്നു പുറത്തുവരുന്നതുവരെ, ക്രമേണ വലുതായിക്കൊണ്ടിരുന്ന ഒരു പ്രകാശം അദ്ദേഹം ആ തുരങ്കത്തിന്റെ മറുതലയ്ക്കൽ കണ്ടു.
ഷിൻസോയെപ്പോലെതന്നെ നിങ്ങൾക്കും തളർച്ചയെ തരണം ചെയ്ത് വീണ്ടും ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയും.
[8-ാം പേജിലെ ചതുരം]
[8,9 പേജിലെ ചിത്രം]
വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത, നിർബന്ധമനോഭാവക്കാരനായ, വ്യക്തിയെയാണു മിക്കപ്പോഴും തളർച്ച പിടികൂടുന്നത്