തളർച്ച അടുത്തത് നിങ്ങളോ?
ജപ്പാനിലെ ഉണരുക! ലേഖകൻ
“സ്വീഡനിൽ വെയിററർ ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾ, ജപ്പാനിലെ അധ്യാപകർ, അമേരിക്കയിലെ തപാൽ ജീവനക്കാർ, യൂറോപ്പിലെ ബസ് ഡ്രൈവർമാർ, എവിടെയും ഉപകരണങ്ങൾ അസംബ്ലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെല്ലാം തൊഴിൽ സമ്മർദത്തിന്റെ ഏറിവരുന്ന ലക്ഷണങ്ങൾ കാട്ടുന്നു.”—മൈനിച്ചി ഡെയ്ലി ന്യൂസ്.
നോബൂവാക്കി ക്ഷീണിച്ചവശനായി. രാപകൽ ജോലി ചെയ്തു നാലു മാസത്തിനുള്ളിൽ 130 തൊഴിലാളികളെ അദ്ദേഹം റിക്രൂട്ടു ചെയ്തിരുന്നു. ജപ്പാനിലെ ഒരു പ്രമുഖ സൂപ്പർ മാർക്കററ് ശൃംഖലയുടെ ഒരു പുതിയ ബ്രാഞ്ചിന്റെ സെയ്ൽസ് മാനേജരായിരുന്നു അദ്ദേഹം. സമ്മർദത്തിനിരയായി ജോലി ചെയ്താണ് അദ്ദേഹം ആളുകളെ ജോലിക്കാക്കിയത്, എന്നാൽ അദ്ദേഹം പ്രതീക്ഷിച്ച നിലവാരങ്ങളിൽ എത്തിച്ചേരാൻ അവർ പരാജയപ്പെടുകയാണുണ്ടായത്. അവർ പരസ്പരം വഴക്കടിക്കുകയും തങ്ങളുടെ ജോലിയെക്കുറിച്ചു പരാതി പറയുകയും ചെയ്തു. മാത്രമോ, ഒരു ജോലിക്കാരൻ ഒരു ജോലിക്കാരിയെയും കൊണ്ട് ഒളിച്ചോടി. നോബൂവാക്കിക്ക് ദിവസവും തലവേദനകളായിരുന്നു. താമസിയാതെ, അദ്ദേഹത്തിനു ജോലിക്കു പോകാൻ കഴിയാതായി, രണ്ടും കൽപ്പിച്ചു ജോലിക്കു പോയ ദിവസങ്ങളിലോ അദ്ദേഹം ഉടൻതന്നെ വീട്ടിൽ മടങ്ങിവരുമായിരുന്നു. അദ്ദേഹത്തിനു തളർച്ച അനുഭവപ്പെട്ടു, ഒടുവിൽ കെട്ടുപോയ ഒരു തീപ്പെട്ടിക്കൊള്ളിപോലെ.
മുഴുസമയം ഗൃഹജോലി ചെയ്യുന്ന വീട്ടമ്മമാർക്കും തളർച്ചയുണ്ടാകുന്നു. തന്റെ മൂന്നു മക്കളോടൊപ്പം രണ്ടു വർഷം വീട്ടിൽ ചെലവഴിച്ചപ്പോൾ സാറ അവരോടു വളരെ അക്ഷമയുള്ളവളായിത്തീർന്നു. “ഞാൻ നിറുത്താതെ പണിയെടുക്കുന്നതുപോലെ എനിക്കു തോന്നി, എന്നാൽ അതിന് ഒരവസാനവും ഉണ്ടായിരുന്നില്ല,” അവൾ പ്രഖ്യാപിച്ചു. ഒരമ്മ ലൗകികവൃത്തി ചെയ്യുന്നതു കൂടാതെ കുട്ടികളെ വളർത്തുകയും ചെയ്യുമ്പോൾ തളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ബെററി 40-കളിൽ ആയിരുന്നപ്പോൾ മാതൃത്വവും ഒരു ജോലിയും സമനിലയിൽ കൊണ്ടുപോകേണ്ട അവസ്ഥയെ അഭിമുഖീകരിച്ചു, ആ രണ്ടു ധർമങ്ങളും പൂർണമായി നിറവേററാൻ അവൾ ശ്രമിച്ചു. എല്ലാവരെയും—ഭർത്താവിനെയും കുട്ടികളെയും തൊഴിലുടമയെയും സഹജോലിക്കാരെയും—സന്തോഷിപ്പിക്കാൻ അവൾ ശ്രമിച്ചു. അവളുടെ രക്തസമ്മർദം കൂടി, നിസ്സാര കാര്യങ്ങൾപോലും അവളെ അസ്വസ്ഥയാക്കി. അവൾക്കു തളർച്ച ഉണ്ടായി.
തളർച്ച ഉണ്ടാകുമെന്നു പ്രതീക്ഷിക്കാത്തവർക്കു പോലും അതുണ്ടാകുന്നു. പ്രാപ്തിയുള്ള ഒരു ക്രിസ്തീയ ശുശ്രൂഷകനായ ഷിൻസോയ്ക്ക് ഊർജസ്വലതയ്ക്കും ആദർശങ്ങൾക്കും കുറവുണ്ടായിരുന്നില്ല. ക്രിസ്തീയ അധ്യാപകരുടെ ആവശ്യം കൂടുതലുണ്ടായിരുന്ന ഒരു സ്ഥലത്തു സഹായിക്കാനായി അദ്ദേഹം പോകുകയുണ്ടായി. എന്നാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം തളർന്നവശനായി, അദ്ദേഹം തന്റെ കിടപ്പുമുറിയിൽ ദിവസം മുഴുവനും വാതിലടച്ചിരുന്നു. പുറത്തുകടക്കാൻ വഴിയൊന്നുമില്ലാത്ത ഒരു തുരങ്കത്തിനുള്ളിലാണു താനെന്ന് അദ്ദേഹത്തിനു തോന്നി. തീരുമാനമെടുക്കാൻ അദ്ദേഹം പാടുപെട്ടു, ഉച്ചയ്ക്ക് എന്തു കഴിക്കണമെന്നു തീരുമാനിക്കാൻ പോലും. യാതൊന്നും ചെയ്യാൻ അവന് ആഗ്രഹം തോന്നിയില്ല. അവനു പൂർണമായും തളർച്ച ഉണ്ടായി.
എന്താണു തളർച്ച?
അങ്ങനെയെങ്കിൽ, എന്താണു തളർച്ച? 1970-കളുടെ മധ്യത്തിൽ ഹെർബർട്ട് ഫ്രോയിഡൻബർഗറും മററു ഗവേഷകരും ഈ പദം ഉപയോഗിച്ചു തുടങ്ങി. “വൈകാരിക സമ്മർദം അനുഭവിക്കുന്ന സാഹചര്യങ്ങളിൽ ആളുകളുമായി ഇടപെടുന്നതിൽനിന്ന് ഉളവാകുന്ന തളർച്ചയുടെ ഒരവസ്ഥ”യെ വർണിക്കുന്നതിനുള്ള ഒരു പദമായിത്തീർന്നു അത്. കൂടാതെ, “ശാരീരികമോ വൈകാരികമോ ആയ, പ്രത്യേകിച്ച് ദീർഘകാല സമ്മർദത്തിന്റെയോ ആസക്തജീവിതത്തിന്റെയോ ഫലമായി ഉണ്ടാകുന്ന, തളർച്ചയെയും വർണിക്കാനുപയോഗിക്കുന്നു.” (അമേരിക്കൻ ഹെറിറേറജ് ഡിക്ഷ്ണറി) എന്നിരുന്നാലും, ഗവേഷണം നടത്തുന്ന ആളെ ആശ്രയിച്ച് ഈ പദത്തിന്റെ നിർവചനത്തിൽ അൽപ്പസ്വൽപ്പം വ്യത്യാസങ്ങളുണ്ട്.
തളർച്ചയ്ക്കു കൃത്യമായ വൈദ്യശാസ്ത്ര നിർവചനം ഇല്ലെങ്കിൽപ്പോലും അതുണ്ടാകുന്നവരെ ക്ഷീണം, ഉത്സാഹമില്ലായ്മ, നിസ്സഹായാവസ്ഥ, പ്രതീക്ഷയററ അവസ്ഥ, അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളാൽ തിരിച്ചറിയാം. തളർച്ച ഉണ്ടാകുന്ന വ്യക്തിക്കു വളരെ ക്ഷീണം തോന്നുകയും നിസ്സാര കാര്യങ്ങളെച്ചൊല്ലി അയാൾ അസ്വസ്ഥനാകുകയും ചെയ്യുന്നു. പ്രവൃത്തി ചെയ്യാനുള്ള പ്രചോദനം യാതൊരു സംഗതിയും അയാൾക്കു നൽകുന്നില്ല. സകലവും അയാളെ അടിപ്പെടുത്തുന്നതായി തോന്നുന്നു, തൻമൂലം താൻ കണ്ടുമുട്ടുന്ന ആരിൽനിന്നും അയാൾ എങ്ങനെയും സഹായം തേടിയേക്കാം. ജോലിസ്ഥലത്തെയും വീട്ടിലെയും പ്രവർത്തനങ്ങളെല്ലാം അർഥശൂന്യമെന്നു തോന്നിയേക്കാം. ആശയററ ഒരു മാനസികാവസ്ഥയാണു പിന്നെയുള്ളത്. ഈ ലക്ഷണങ്ങൾ കൂടാതെ അസ്വാസ്ഥ്യം അതായത് യാതൊന്നും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടെങ്കിൽ നിങ്ങൾ തളർച്ച അനുഭവിക്കുകയായിരിക്കാം.
തളർച്ചയ്ക്കു ജോലിയുടെമേലും കുടുംബജീവിതത്തിൻമേലും മോശമായ ഫലമുളവാക്കാൻ കഴിയും. അതൊഴിവാക്കാനാണു നിങ്ങളാഗ്രഹിക്കുന്നത്. എന്നാൽ എങ്ങനെ? അതു കണ്ടെത്തുന്നതിന്, തളർച്ച ഉണ്ടാകാൻ സാധ്യതയുള്ളത് ആർക്കെന്നും എന്തുകൊണ്ടെന്നും നമുക്ക് ആദ്യമായി നോക്കാം.
[4-ാം പേജിലെ ചതുരം]
തളർച്ചയുടെ ലക്ഷണങ്ങൾ
“ആശ്വാസം കിട്ടാത്ത തൊഴിൽ സമ്മർദത്താൽ ഉണ്ടാകുന്ന ദുർബലമായ ഒരു മാനസിക അവസ്ഥയാണ് തൊഴിൽ സംബന്ധമായ തളർച്ച. അതിന്റെ ഫലമായി പിൻവരുന്ന കാര്യങ്ങൾ ഉണ്ടാകുന്നു.
1. ലഭ്യമായ ഊർജം വളരെ ശോഷിച്ചുപോകൽ
2. രോഗത്തെ ചെറുത്തുനിൽക്കാനുള്ള ശേഷിക്കുറവ്
3. വർധിച്ച അതൃപ്തിയും ശുഭാപ്തിവിശ്വാസമില്ലായ്മയും
4. ജോലിക്കു കൂടെക്കൂടെ വരാതിരിക്കലും അതിൽ കാര്യക്ഷമതയില്ലായ്മയും
“ഈ അവസ്ഥ ദുർബലമാക്കുന്നതാണ്, കാരണം മററു വശങ്ങളിൽ ആരോഗ്യവാൻമാരും ഊർജസ്വലരും നല്ല പ്രാപ്തികളുമുള്ളവരുമായ വ്യക്തികളെ ദുർബലരാക്കാനോ നശിപ്പിക്കാൻ പോലുമോ ഉള്ള ശക്തി അതിനുണ്ട്. അതിന്റെ പ്രമുഖ കാരണം ആശ്വാസം കിട്ടാത്ത, ദിവസങ്ങളോളമോ മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിൽക്കുന്നതരം, സമ്മർദമാണ്.”- ജോലി/സമ്മർദ ബന്ധം: തൊഴിൽ സംബന്ധമായ തളർച്ചയെ തരണം ചെയ്യുന്ന വിധം (ഇംഗ്ലീഷ്), റോബർട്ട് എൽ. വെനിങ്കായും ജെയിംസ് പി.സ്പ്രാഡ്ലിയും രചിച്ചത്.