തളർച്ച ആർ അപകടത്തിൽ, എന്തുകൊണ്ട്?
കുടുംബമുള്ള ഒരു ഓഫീസ് ജീവനക്കാരനാണു നിങ്ങളെന്നു സങ്കൽപ്പിക്കുക—അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ അത്തരമൊരാളായിരിക്കാം. ചെയ്തുതീർക്കാനുള്ള ഒരുപാടു ജോലികൾ നിങ്ങളുടെ മേശയിൽ കുമിഞ്ഞുകൂടി കിടക്കുന്നു. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉപഭോക്താക്കൾ ഇടതടവില്ലാതെ ഫോൺ വിളിക്കുന്നു, അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുക ഏറെക്കുറെ അസാധ്യമാണ്. നിങ്ങൾ ക്വാട്ടായിൽ എത്താത്തതിനാൽ നിങ്ങളുടെ സൂപ്പർവൈസർക്കു നീരസമുണ്ട്. നിങ്ങളുടെ മകൻ സ്കൂളിൽ കുഴപ്പം കാട്ടിയിരിക്കുന്നു. ഉടൻതന്നെ നിങ്ങളെ കാണാൻ അധ്യാപകൻ ആഗ്രഹിക്കുന്നു. സഹായിക്കാനുള്ള നിങ്ങളുടെ അഭ്യർഥനകൾക്ക് ഇണയിൽനിന്ന് ഉദാസീനത മാത്രമാണു കിട്ടുന്നത്. സാഹചര്യം നിയന്ത്രണാതീതമാകുമെന്നു തോന്നുമ്പോൾ തളർച്ചയ്ക്കു വഴിയൊരുക്കിക്കൊണ്ടു സമ്മർദം ദുഃഖമായി മാറുന്നു.
തളർച്ച അമിതജോലി കൊണ്ടുണ്ടാകുന്നതാണോ? “സമനിലയില്ലാതെ ജീവിക്കുന്നതിന്റെ, വിശ്രമമില്ലാതെ പണിയെടുക്കുന്നതിന്റെ, ഫല”മാണ് തളർച്ച എന്ന് മസ്തിഷ്കഗവേഷകയായ ആൻ മഗീ-കൂപ്പർ പറയുകയുണ്ടായി. അമിതജോലി മാത്രമല്ല ഒരേയൊരു ഘടകം; ഒരേപോലെ സമ്മർദമുള്ള സാഹചര്യത്തിൻ കീഴിൽ ചിലർക്കു തളർച്ച ഉണ്ടാകുന്നു, എന്നാൽ മററു ചിലർക്ക് അതുണ്ടാകുന്നില്ല.
തളർച്ച ഉണ്ടാകാൻ സാധ്യതയുള്ളവർ
ഒരു പ്രത്യേക രോഗം വരാൻ സാധ്യത കൂടുതലുള്ള ആളുകൾ ഉള്ളതുപോലെതന്നെ തളർച്ച സംഭവിക്കാൻ സാധ്യത കൂടുതലുള്ള ആളുകളുമുണ്ട്. “തളർച്ച സംഭവിക്കുന്നതിന് എന്തെങ്കിലും കാര്യത്തിൽ നിങ്ങൾ തീക്ഷ്ണതയുള്ളവൻ ആയിരിക്കണം” എന്നു കാലിഫോർണിയ യൂണിവേഴ്സിററിയിലെ സാമൂഹിക മനശ്ശാസ്ത്ര പ്രൊഫസറായ ഇലിയട്ട് അരോൺസൺ പറയുന്നു. അതുകൊണ്ട്, തളർച്ച സംഭവിക്കാൻ സാധ്യതയുള്ളവർ ഉയർന്ന ലക്ഷ്യങ്ങളും ആദർശങ്ങളും പുലർത്തുന്നവരാണ്. തളർച്ച സംഭവിക്കുന്നവർ കമ്പനികളിലെ ഏററവും സമർഥരായ ആളുകളാണെന്നു പറയപ്പെടുന്നു.
തളർച്ച സംഭവിക്കാൻ സാധ്യതയുള്ളവരുടെ വ്യക്തിത്വ പ്രവണതകളെ സംഗ്രഹിച്ചു പറഞ്ഞുകൊണ്ട് ജാപ്പനീസ് റെഡ് ക്രോസ്സ് കോളെജ് ഓഫ് നേഴ്സിങ്ങിലെ പ്രൊഫസർ ഫുമിയാക്കി ഇനാവോക്കാ മോയിററ്സൂക്കിഷോക്കോഗുൺ (തളർച്ചാ സാകല്യം) എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “തളർച്ച ഉണ്ടാകാൻ ചായ്വുള്ളവർക്ക് അനുകമ്പയും മനുഷ്യസ്നേഹവും നല്ല വിവേചനയും അർപ്പണബോധവും ആദർശവാദവും ഉള്ളവരായിരിക്കാനുള്ള ശക്തമായ പ്രവണതയുണ്ട്. ആലങ്കാരികമായി പറഞ്ഞാൽ, അവർ യന്ത്രോൻമുഖരല്ല, പിന്നെയോ ‘മനുഷ്യോൻമുഖരാണ്.’”
തളർച്ച സംഭവിക്കാൻ സാധ്യതയുള്ളവരെ പരിശോധിച്ചു കണ്ടുപിടിക്കാൻ കഴിയുന്ന ഒരു രീതി വികസിപ്പിച്ചെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ആളുകളെ ജോലിക്കെടുക്കുന്ന ഒരു മാനദണ്ഡമെന്ന നിലയിൽ പരിശോധനാരീതി ഉപയോഗിക്കണമെന്ന് ഒരു വിദഗ്ധൻ പറഞ്ഞു. “തളർച്ച ഉണ്ടാകാൻ മാത്രം കരുതലുള്ള ആളുകളെ കണ്ടെത്തുകയും . . . എന്നിട്ട് തളർച്ചയോടു പൊരുതുന്നതിനുള്ള പരിപാടികൾ വികസിപ്പിച്ചെടുക്കുകയുമാണു കമ്പനികൾ ചെയ്യേണ്ടത്.”
സാമൂഹിക പ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ, അധ്യാപകർ തുടങ്ങി മനുഷ്യരോടു ബന്ധപ്പെട്ട സേവനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർക്കു പ്രത്യേകിച്ച് ഇതു സംഭവിക്കാൻ സാധ്യതയുണ്ട്. മററുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സ്വയം അർപ്പിച്ചുകൊണ്ട് ആളുകളെ ആകാംക്ഷാപൂർവം സഹായിക്കാൻ അവർ ശ്രമിക്കുന്നു, തങ്ങൾ വെച്ചിരിക്കുന്ന, ഒരുപക്ഷേ അപ്രാപ്യമായ, ലാക്കുകളിൽ തങ്ങൾ എത്തിച്ചേരുന്നില്ല എന്നു മനസ്സിലാക്കുമ്പോൾ അവർക്കു തളർച്ച ഉണ്ടായേക്കാം. അതേ കാരണത്താൽ കരുതലുള്ള അമ്മമാർക്കും തളർച്ച സംഭവിച്ചേക്കാം.
ആളുകൾക്കു തളർച്ച ഉണ്ടാകുന്നതിന്റെ കാരണം
നേഴ്സുമാരുടെ ഇടയിൽ നടത്തിയ ഒരു സർവേ മൂന്നു കാരണങ്ങൾ തളർച്ചയിലേക്കു നയിക്കുന്നുവെന്നു വെളിപ്പെടുത്തി. ശ്രദ്ധിക്കപ്പെട്ട ഒന്നാമത്തെ ഘടകം നിരാശ ഉളവാക്കുന്ന അനുദിന ഉത്കണ്ഠയുടെ അളവായിരുന്നു. ഉദാഹരണത്തിന്, ഭൂരിപക്ഷം നേഴ്സുമാർക്കും ഘനമേറിയ ഉത്തരവാദിത്വങ്ങൾ നിറവേറേറണ്ടതുണ്ടായിരുന്നു, രോഗികളോട് ഇടപെടുമ്പോൾ ബുദ്ധിമുട്ടുകളെ നേരിടേണ്ടിയിരുന്നു, പുതിയ ഉപകരണവുമായി പരിചയിക്കണമായിരുന്നു, വർധിച്ചുവരുന്ന ചെലവുകളെ നേരിടണമായിരുന്നു, ക്രമരഹിതമായ ജീവിതരീതിയുമായി പൊരുത്തപ്പെട്ടു പോകണമായിരുന്നു. “ഈ അനുദിന ഉത്കണ്ഠകൾ തളർച്ച സംഭവിക്കാൻ ഏററവും വലിയ ഒരു സ്വാധീനം ചെലുത്തുന്നു” എന്ന് മോയിററ്സൂക്കിഷോക്കോഗുൺ എന്ന പുസ്തകം പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലകൊള്ളുമ്പോൾ നിരാശ നുരഞ്ഞുപൊങ്ങി തളർച്ചയിലേക്കു നയിക്കുന്നു.
ശ്രദ്ധിക്കപ്പെട്ട രണ്ടാമത്തെ ഘടകം പിന്തുണയുടെ അഭാവമായിരുന്നു. കാര്യങ്ങൾ തുറന്നു പറയാൻ ആരുമില്ലാത്ത അവസ്ഥ. അതുകൊണ്ട്, മററ് അമ്മമാരിൽനിന്നു സ്വയം ഒററപ്പെടുത്തുന്ന ഒരു അമ്മയ്ക്കു തളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിവാഹിതരായ നേഴ്സുമാരെക്കാൾ അവിവാഹിതരായ നേഴ്സുമാർക്കു തളർച്ച സംഭവിക്കാനുള്ള സാധ്യത കൂടുതലുള്ളതായി മേൽ പരാമർശിച്ച സർവേ കണ്ടെത്തി. എന്നിരുന്നാലും, ഭർത്താവും ഭാര്യയും തമ്മിൽ തുറന്ന ആശയവിനിയമം ഇല്ലെങ്കിൽ വിവാഹിതാവസ്ഥ അനുദിന സമ്മർദങ്ങൾ കൂട്ടുകയേ ഉള്ളൂ. എല്ലാവരും വീട്ടിൽ ഉള്ളപ്പോൾ പോലും ഒരുവന് ഏകാന്തത അനുഭവപ്പെട്ടേക്കാം, കാരണം അയാളുടെ കുടുംബാംഗങ്ങൾ ടിവി കാണുന്നതിൽ മുഴുകിയിരിക്കുകയാണ്.
നിസ്സഹായാവസ്ഥയുടെ തോന്നലുകളാണു മൂന്നാമത്തെ ഘടകം. ദൃഷ്ടാന്തത്തിന്, നിസ്സഹായാവസ്ഥ അനുഭവിക്കാൻ ഡോക്ടർമാരെക്കാൾ കൂടുതൽ സാധ്യത ഉള്ളത് നേഴ്സുമാർക്കാണ്, കാരണം കാര്യങ്ങൾക്കു ഭേദഗതി വരുത്താനുള്ള അധികാരം നേഴ്സുമാർക്ക് ഇല്ലാതിരുന്നേക്കാം. തങ്ങളുടെ ഏററവും വലിയ ശ്രമങ്ങൾ തങ്ങളെ ഒരിടത്തും എത്തിക്കുന്നില്ലെന്നു തോന്നുമ്പോൾ മധ്യതലത്തിൽ പ്രവർത്തിക്കുന്നവർക്കു തളർച്ച സംഭവിച്ചേക്കാം. “വലിയ നേട്ടം കൈവരിക്കാൻ ശ്രമിക്കുകയും എന്നാൽ ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ നിരാശരായിത്തീരുന്ന”തുകൊണ്ടാണു തളർച്ച ഉണ്ടാകുന്നതെന്ന് ഒരു മനുഷ്യവിഭവശേഷി മാനേജർ പറയുകയുണ്ടായി.
മനുഷ്യരിലെ നിസ്സഹായാവസ്ഥയുടെ വികാരങ്ങൾ വിലമതിപ്പില്ലാത്ത മനോഭാവങ്ങളാകുന്ന മണ്ണിൽ മുളച്ചുപൊങ്ങി തളർച്ച എന്ന ഫലം പുറപ്പെടുവിച്ചേക്കാം. ഭവനപരിപാലനത്തിലും കുട്ടികളെ നോക്കുന്നതിലും ഉൾപ്പെട്ടിരിക്കുന്ന ജോലിയുടെ അളവ് അംഗീകരിക്കാൻ ഭർത്താക്കൻമാർ പരാജയപ്പെടുമ്പോൾ ഭാര്യമാർക്കു തളർച്ച ഉണ്ടാകുന്നു. നന്നായി ചെയ്ത ഒരു ജോലിയെ അവഗണിച്ചുകൊണ്ട് നിസ്സാര തെററുകളെ തന്റെ തൊഴിലുടമ വിമർശിക്കുമ്പോൾ മധ്യതലത്തിൽ പ്രവർത്തിക്കുന്നവർക്കു തളർച്ച സംഭവിക്കുന്നു. “നമ്മുടെ ശ്രമങ്ങൾക്കു വിലമതിപ്പും അംഗീകാരവും ലഭിക്കണമെന്നതാണ് അത്യന്തം പ്രധാനമായ സംഗതി,” പേരൻറ്സ് മാഗസിൻ പറയുന്നു. “നാം ജോലി ചെയ്യുന്നതു നമ്മുടെ ശ്രമങ്ങൾക്കു പ്രതിഫലം കിട്ടാത്ത ഒരു സ്ഥലത്താണെങ്കിൽ—അതു നമ്മുടെ വീടോ ഓഫീസോ ആയാലും—നമുക്കു തളർച്ച സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്.”
രസാവഹമെന്നു പറയട്ടെ, നേഴ്സുമാർക്കു വലിയ അളവിൽ തളർച്ച ഉണ്ടാകുമ്പോൾ പ്രസവചികിത്സാവിദഗ്ധർക്കു വളരെ കുറച്ചു മാത്രമേ അത് ഉണ്ടാകുന്നുള്ളൂ. പൊതുവേ പറഞ്ഞാൽ, ഒരു പ്രസവചികിത്സാവിദഗ്ധന്റെ ജോലിയിൽ ഉൾപ്പെട്ടിരിക്കുന്നത് ലോകത്തിലേക്കു വരാൻ ഒരു പുതിയ ജീവനെ സഹായിക്കുക എന്നതാണ്. മാതാപിതാക്കൾ അവർ ചെയ്യുന്ന വേലയ്ക്ക് അവരോടു നന്ദി പറയുന്നു. വിലമതിക്കപ്പെടുമ്പോൾ തങ്ങൾ ഉപയോഗമുള്ളവരാണെന്ന് ആളുകൾക്കു തോന്നുകയും അവർ പ്രചോദിതരായിത്തീരുകയും ചെയ്യുന്നു.
ആർക്കാണു തളർച്ച സംഭവിക്കാൻ സാധ്യതയുള്ളതെന്നും എന്തുകൊണ്ടെന്നും ഒരുവൻ മനസ്സിലാക്കുന്നതോടെ ആ പ്രശ്നത്തെ കൈകാര്യം ചെയ്യുക കൂടുതൽ എളുപ്പമായിത്തീരുന്നു. തളർച്ച സംഭവിച്ചവർക്കു ജീവിതത്തോടു സമനിലയുള്ള ഒരു വീക്ഷണം പുലർത്തുന്നതിനു പിൻവരുന്ന ലേഖനം സഹായം നൽകും.
[6-ാം പേജിലെ ആകർഷകവാക്യം]
വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിന്റെ ഫലമാണു തളർച്ച