പിടികൊടുക്കാത്ത ഒരു ജീവി—സ്നേഹത്തിനും വെറുപ്പിനും പാത്രമാകുന്നത്
കാനഡയിലെ ഉണരുക! ലേഖകൻ
കാനിസ് ലൂപ്പസ്. നിലാവുള്ള രാത്രിയിൽ പർവതപ്രദേശത്തെ ചെങ്കുത്തായ പാറക്കെട്ടിന്റെ ഉന്തിനിൽക്കുന്ന ഭാഗത്ത് അതാ അവിടെ അതിന്റെ രൂപരേഖ കാണാം, രോമങ്ങൾ തഴച്ചുവളരുന്ന നീണ്ട വാല് കാലുകൾക്കിടയിൽ തിരുകി, ചെവികൾ പിന്നിലേക്കു കൂർപ്പിച്ച്, വാ തുറന്നുപിടിച്ച് നിൽക്കുന്നത്—അതിന്റെ ഓരിയിടൽ നിശയിലെ അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കാം. എന്തിന്, അതിന്റെ ഓരിയിടലിനെക്കുറിച്ചുള്ള ചിന്തതന്നെ ഭയവും വിഭ്രാന്തിയും ജനിപ്പിക്കുന്നു!
മനോഹരമെങ്കിലും പിടികൊടുക്കാത്ത ഈ ജീവിയെ വനത്തിൽവെച്ചു കാണുന്നതിനുള്ള പദവി അധികം പേർക്കു ലഭിച്ചിട്ടില്ല—ഇതു സാധാരണമായി തവിട്ടുനിറമുള്ള ചെന്നായ് അല്ലെങ്കിൽ കാട്ടുചെന്നായ് എന്നറിയപ്പെടുന്നു. എന്നിരുന്നാലും, മനോജ്ഞമായ ഈ മൃഗം വൈവിധ്യമാർന്ന പ്രതിബിംബങ്ങളാണു മനസ്സിലേക്കു കൊണ്ടുവരുന്നത്.
സ്നേഹത്തിനും വെറുപ്പിനും പാത്രമാകുന്നത്
ഉളവാകുന്ന ധാരണ എന്തുതന്നെയായിരുന്നാലും “ചെന്നായ്” എന്ന പദം ജനിപ്പിക്കുന്ന വികാരങ്ങൾ ആഴമുള്ളവയാണ്. തെററിദ്ധാരണയുടെയും മുൻവിധിയുടെയും ഭയത്തിന്റെയും ഉറവിടമായിരുന്നിട്ടുമുണ്ട് അത്. ചെന്നായ് ഒരു ഇരപിടിയനായതുകൊണ്ടു ചിലർ അതിനെ വെറുക്കുന്നു. ആടുകളെയും കന്നുകാലികളെയും മററു വളർത്തുമൃഗങ്ങളെയും ഇരപിടിക്കുന്നതുവഴി ചെന്നായ്ക്കൾ കൃഷിക്കാർക്കും മൃഗങ്ങളെ വളർത്തുന്നവർക്കും ഒരു നിരന്തര ശല്യമായിത്തീർന്നിട്ടുണ്ട്. കെട്ടുകഥകളും നാടോടിക്കഥകളും അതിന്റെ ദുഷ്കീർത്തി വർധിപ്പിച്ചിട്ടുണ്ട്. “ആട്ടിൻതോലണിഞ്ഞ ചെന്നായ്” എന്ന പ്രയോഗം ആരാണ് കേൾക്കാത്തത്? കെട്ടുകഥകൾ “ദുഷ്ടനായ വമ്പൻ ചെന്നായ്” ആയി അതിനെ ചിത്രീകരിക്കുന്നു. അത്തരമൊരു കഥ, ഒരു കൊച്ചുപെൺകുട്ടിയെ തിന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ചെന്നായെക്കുറിച്ചു പറയുന്നു. ചെന്നായ്ക്കൾ ആളുകളെ ആക്രമിക്കുമെന്ന ധാരണ ഇത് ആളുകളിൽ ഉളവാക്കിയിരിക്കുന്നു.
എന്നിരുന്നാലും, ശാസ്ത്രജ്ഞരും ജീവശാസ്ത്രജ്ഞരും ചെന്നായ്ക്കളെ മറെറാരു വിധത്തിലാണു വീക്ഷിക്കുന്നത്. മനുഷ്യരെ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്ന, അങ്ങേയററം നാണംകുണുങ്ങി ജീവികളായി അവർ അവയെ കരുതുന്നു. വാസ്തവത്തിൽ, ജിയോ മാഗസിനിൽ ഈ അടുത്ത കാലത്തു വന്ന ഒരു ലേഖനം പറയുന്നതനുസരിച്ച്, ചെന്നായ്ക്കൾ മനുഷ്യനെ ശരിക്കും ഭയപ്പെടുന്നു. ചെന്നായ്ക്കളുടെ ബാഹ്യാകാരം ഭയദ്യോതകമാണെങ്കിലും വടക്കേ അമേരിക്കയിലെ ആരോഗ്യമുള്ള കാട്ടുചെന്നായ്ക്കൾ മനുഷ്യന് അപകടമാണ് എന്ന വിശ്വാസത്തിൽ എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നില്ല.
വ്യാപകമായി ചെന്നായ്ക്കളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ജീവശാസ്ത്രജ്ഞനായ പോൾ പാക്കററ് തന്റെ ബാല്യകാലം മുതൽ ഈ വന്യജീവികളെ സ്നേഹിച്ചുപോന്നതായി സമ്മതിക്കുന്നു. അദ്ദേഹം തന്റെ നിരീക്ഷണങ്ങളിൽ ചിലതു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെന്നായ്ക്കൾ സന്തോഷം, ഏകാന്തത, നർമരസം എന്നിവ പ്രകടിപ്പിക്കുന്നതു കണ്ടിട്ടുള്ളതായി അദ്ദേഹം അവകാശപ്പെടുന്നു. ഒരിക്കൽ വയസ്സുചെന്ന, അംഗവൈകല്യം ബാധിച്ച ഒരു ചെന്നായെ അദ്ദേഹം കണ്ടു. അതിനു വേട്ടയാടാൻ കഴിയുമായിരുന്നില്ല. ചെന്നായ്ക്കളുടെ കൂട്ടത്തിലെ മററംഗങ്ങൾ അതിനു വേണ്ടി ആഹാരം കൊണ്ടുവന്നു കൊടുത്തു. ഈ ചെന്നായെക്കൊണ്ട് വലിയ നേട്ടമൊന്നും ഇല്ലായിരുന്നെങ്കിലും കൂട്ടത്തിലുള്ള ചെന്നായ്ക്കൾ അതിന്റെ ജീവനെ വിലയുള്ളതായി കരുതുകയും അതിനെ ജീവനോടെ പരിപാലിക്കുകയും ചെയ്തുപോന്നു. എന്നാൽത്തന്നെയും, ചെന്നായ്ക്കളുടെ കൂട്ടംചേർന്നു വേട്ടയാടുന്ന ഈ സ്വഭാവവിശേഷത അവയുടെ അസ്തിത്വത്തിനുതന്നെ ഭീഷണിയായിരിക്കുന്നു.
കൂട്ടംചേർന്നുള്ള വേട്ടയാടൽ
കൂട്ടംചേർന്നു വേട്ടയാടിയാണ് ചെന്നായ്ക്കൾ സ്വന്തം വിശപ്പടക്കുന്നതും തങ്ങളുടെ കുഞ്ഞുങ്ങളെ പോററുന്നതും. എന്നിരുന്നാലും, ചെന്നായ്ക്കൾ ആടിനെയോ കന്നുകാലിയെയോ കൊല്ലുന്നതു കർഷകർക്കു ശല്യമുളവാക്കുന്ന ഒരു പ്രശ്നമാണെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായ കാഴ്ചശക്തിയും ഘ്രാണശക്തിയും നല്ല കേൾവിശക്തിയും അവിശ്വസനീയമാംവിധം ശക്തിയായി കടിക്കാൻ കഴിവുമുള്ള ഒരു ഇരപിടിയൻ എന്നനിലയിൽ ചെന്നായ് വേട്ടയ്ക്ക് നന്നായി സജ്ജനാണ്—അതുപോലെ അതിന് ഓടാനും ശക്തിയായി കുതിക്കാനും കഴിവുണ്ട്. അത് ഒരു അവസരവാദിയും കൂടിയാണ്. എളുപ്പം പിടിക്കാനോ തട്ടിയെടുക്കാനോ കഴിയുന്ന ഇരയെ—പ്രത്യേകിച്ച് തടിച്ചുകൊഴുത്ത ആടിനെയോ കന്നുകാലിയെയോ—ഈ കുടില ജീവി വിട്ടുകളയുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. എളുപ്പം കൊല്ലാൻ കഴിയുന്ന, ആരോഗ്യമില്ലാത്ത, ദുർബലമായ മൃഗത്തെ ചെന്നായ്ക്കൾ തിരഞ്ഞെടുക്കുന്നു, അങ്ങനെ ആരോഗ്യമുള്ളവയ്ക്ക് ഏറെ തീററ കിട്ടാൻ ഇടയാക്കിക്കൊണ്ട് മനഃപൂർവമല്ലാതെയാണെങ്കിലും ചെന്നായ്ക്കൾ അവയുടെ ഇരയ്ക്കു “പ്രയോജനം ചെയ്യുന്നു” എന്നു വേണമെങ്കിൽ പറയാം.
ചെന്നായ്ക്കളുടെ ആശയവിനിമയം
മൈലുകളോളം ദൂരെ കേൾക്കാൻ കഴിയുന്നതും അതു ശ്രദ്ധിക്കുന്നവനിൽ ഭയപ്പാടുണ്ടാക്കുന്നതുമായ അതിന്റെ നീണ്ട ഓരിയിടൽ സംബന്ധിച്ചെന്ത്? ചെന്നായെ സംബന്ധിച്ചിടത്തോളം ഇതു കൂട്ടമായ ഒരു സാമൂഹിക പ്രവർത്തനം മാത്രമാണ്—ഒരുതരം ആശയവിനിമയം. വേട്ടയാടുന്നതിനിടയിൽ ഒററപ്പെട്ടുപോയ ഒരു ചെന്നായ് കൂട്ടത്തിൽപ്പെട്ട മററംഗങ്ങളെ ആകർഷിക്കാൻ വേണ്ടി ഏതെങ്കിലും പാറമേൽ കയറിനിന്ന് ഓരിയിടാറുണ്ട്. അല്ലെങ്കിൽ ഓരിയിടൽ ഒരു ചെന്നായുടെ അധീനതയിലുള്ള പ്രദേശത്തെ വിളിച്ചറിയിക്കുന്നതിനായിരിക്കാം. ചിലപ്പോൾ കേവലം സന്തോഷം പ്രകടിപ്പിക്കാനും ചെന്നായ്ക്കൾ ഓരിയിടാറുള്ളതായി തോന്നുന്നു. ഒരു കൂട്ടം ചെന്നായ്ക്കൾ ഓരിയിടാനായി ഒന്നിച്ചുകൂടുമ്പോൾ അവർ ഒരു സംഗീതവിരുന്ന് ആസ്വദിക്കുകയാണെന്നു നിങ്ങൾ വിചാരിച്ചേക്കാം. അവർ ഐക്യത്തിൽ പാടുകയായിരുന്നെങ്കിൽ അതു നമുക്കു കൂടുതൽ മെച്ചമായി തോന്നുമായിരുന്നു, എന്നാൽ അവ വ്യത്യസ്ത ഈണങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതായി തോന്നുന്നു. തീർച്ചയായും അവയ്ക്കു മററ് ആശയവിനിമയമാർഗങ്ങളുമുണ്ട്. ചിണുങ്ങൽ, മുരളൽ, കുരയ്ക്കൽ, ഒന്നിച്ചുള്ള കിണുങ്ങൽ, ഗുഹയ്ക്കുള്ളിലെ ചെന്നായ്ക്കുട്ടികളുടെ തുടർച്ചയായ കുരയ്ക്കൽ എന്നിങ്ങനെ വർണിക്കപ്പെടുന്നവയുമുണ്ട്. കൂട്ടത്തിനിടയിൽ തങ്ങളുടെ സ്ഥാനവും ഉററബന്ധവും സ്ഥാപിക്കാൻ ശരീരനിലയാലുള്ള ആശയവിനിമയവും ഉപയോഗിക്കപ്പെടുന്നു.
മനോഹരമായ ഒരു ജീവി
വളരെ മനോഹരമായ ഈ ജീവിയെ അടുത്തൊന്നു വീക്ഷിക്കുക. രോമം തിങ്ങിവളരുന്ന അതിന്റെ ആവരണം ഒന്ന് നിരീക്ഷിക്കുക. അധികവും ചാരനിറത്തിലുള്ളതാണ് (ചിലത് ശരിക്കും കറുത്തതും), ഇടയ്ക്കിടയ്ക്കു വെള്ളയും കറുപ്പും തവിട്ടും നിറങ്ങളിലുള്ള രോമങ്ങളുമുണ്ട്. തുളച്ചുകയറുന്ന അതിന്റെ മഞ്ഞക്കണ്ണുകളുടെ നോട്ടം ശ്രദ്ധിക്കുക. അതിന്റെ മുഖത്തെ വരകൾ നോക്കുക. ഇതെല്ലാം ഈ വിശിഷ്ട മൃഗത്തെ കാഴ്ചയ്ക്കു ഭംഗിയുള്ളതാക്കിത്തീർക്കുന്നു. എന്നാൽ, അതിന്റെ ഭാവി സംബന്ധിച്ച് ഉത്കണ്ഠകൾ ഉയർന്നുവന്നിട്ടുണ്ട്. ഉത്കണ്ഠയ്ക്ക് എന്തെങ്കിലും കാരണമുണ്ടോ?
കൊള്ളാം, ഒരു കാലത്തു യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ചെന്നായെ കണ്ടെത്തുക സാധാരണമായിരുന്നു, എന്നാൽ ഇപ്പോൾ കാനഡയിലും അലാസ്കയിലും ഐക്യനാടുകൾ, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ ആളുകൾ അധികം വസിക്കാത്ത പ്രദേശങ്ങളിലും അതു വിരളമാണ്. തിരഞ്ഞെടുത്ത വനപ്രദേശങ്ങളിൽ കുറെ ചെന്നായ്ക്കൾക്കു വേണ്ടി സ്ഥലമുണ്ടാക്കണമെന്ന് ആളുകൾ പറയുന്നുണ്ട്. കഴുകൻമാർ, കരടികൾ, പുള്ളിപ്പുലികൾ തുടങ്ങിയ ഇരപിടിയൻമാരോടൊത്തു ജീവിക്കാൻ മനുഷ്യർ പഠിച്ചിരിക്കുന്നതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നവരുമുണ്ട്, “എന്തുകൊണ്ട് ചെന്നായ്ക്കളോടൊത്തു ജീവിച്ചുകൂടാ?”
സ്വാഭാവിക അവസ്ഥയിലേക്കു മടങ്ങാൻ പ്രകൃതിയെ അനുവദിക്കൽ
നിർമൂലനമോ നിയന്ത്രണമോ അല്ല സംരക്ഷണമാണ് ആവർത്തിച്ചു പറയുന്ന വാക്ക്. പാർക്കുകൾ ആളുകൾക്കു കളിക്കാനുള്ള കേവലം വനഭൂമിയായല്ല, പിന്നെയോ മൃഗങ്ങളുടെ സുരക്ഷിതമേഖലകളായാണ് ഇപ്പോൾ കരുതപ്പെടുന്നത്. കനേഡിയൻ ജിയോഗ്രഫിക് മാഗസിൻ പറയുന്നതനുസരിച്ച്, പ്രകൃത്യാ നിയന്ത്രിക്കപ്പെടുന്ന ഒരു ആവാസവ്യവസ്ഥ കാണാൻ പാർക്കിലെ മാനേജർമാർ ആഗ്രഹിക്കുന്നു. കാനഡയിലെ ബാൻഫ് ദേശീയ പാർക്കിൽ 40 വർഷത്തേക്ക് ഇല്ലാതിരുന്ന പ്രമുഖ ഇരപിടിയനായ ചെന്നായ് 1980-കളിൽ തനിയെ റോക്കി പർവതനിരകളുടെ തെക്കൻ ഭാഗത്തേക്കു മടങ്ങിവന്നു—അവ 65 എണ്ണമേ ഉള്ളുവെങ്കിലും ഇതിനെ അനേകരും ഒരു നല്ല സംഗതിയായി വീക്ഷിക്കുന്നു. 50 വർഷത്തേക്ക് ഇല്ലാതിരുന്ന ചെന്നായ് മടങ്ങിവന്നിരിക്കുന്നതായി ഫ്രാൻസ് റിപ്പോർട്ടു ചെയ്യുന്നു.a ഇററലിയിലും ചെന്നായ്ക്കൾ തിരിച്ചുവരവ് നടത്തുകയാണ്, അതിന്റെ ഓരിയിടൽ റോമിനടുത്ത് ററിവളീയിൽ വീണ്ടും കേൾക്കാൻ കഴിയുന്നുണ്ട്.
അപകടത്തിലായ ഒരു ജീവിവർഗം എന്നനിലയിൽ ചെന്നായ്ക്കളെ വീണ്ടും ഐക്യനാടുകളിലെ യെല്ലോസ്റേറാൺ നാഷണൽ പാർക്കിലേക്കു കൊണ്ടുവരുന്നതിനെക്കുറിച്ചു പരിചിന്തിക്കുകയാണ്. 40 വർഷം മുമ്പ് ചെന്നായ്ക്കൾ ആ പ്രദേശത്തെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു, പിന്നീട് അവ ഉൻമൂലനത്തിന് ഇരയാകുകയാണുണ്ടായത്. ഇപ്പോൾ പല ആളുകളും, പ്രത്യേകിച്ചു പാർക്ക് സന്ദർശിക്കാനെത്തുന്നവർ അവയെ വീണ്ടും അവിടെ കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്. എന്നിരുന്നാലും, തങ്ങളുടെ പ്രദേശത്തു ചെന്നായ്ക്കളെ വീണ്ടും കൊണ്ടുവരുന്നതു സംബന്ധിച്ചു മൃഗവളർത്തൽ വ്യവസായം വല്ലാതെ ഉത്കണ്ഠപ്പെടുന്നു. “ചെന്നായ്ക്കൾ യെല്ലോസ്റേറാണിലേക്കു മടങ്ങിവരുമ്പോൾ പാർക്കിനു വെളിയിൽ ചെന്നായ്ക്കളെ കൈകാര്യം ചെയ്യൽ അനുദിനജീവിതത്തിന്റെ ഒരു ഭാഗമായി മാറും” എന്നു ചെന്നായെക്കുറിച്ചു പഠിക്കുന്ന ജീവശാസ്ത്രജ്ഞനായ എൽ. ഡേവിഡ് മെക്ക് പറയുന്നു.
മനുഷ്യർ ഭാഗികമായി മാത്രം കണ്ടിട്ടുള്ള ഒരു ലോകത്തു ജീവിക്കുന്ന ഈ ജീവിക്ക് ഭാവി എന്താണു കൈവരുത്താനിരിക്കുന്നത്?
ചെന്നായുടെ ഭാവി
ദീർഘകാലമായി മമനുഷ്യന്റെ സഹിഷ്ണുതകൊണ്ട് കഷ്ടിച്ച് അതിജീവിച്ചുപോന്ന ഈ മൃഗത്തിന്റെ പുനരാവിർഭാവത്തെ പിന്തുണയ്ക്കുന്ന ആളുകളുടെ സംഖ്യ, മനോഭാവത്തിലെ ഒരു സ്പഷ്ടമായ മാററത്തെ സൂചിപ്പിക്കുന്നു. ചെന്നായ്—പരിസ്ഥിതിയും അപകടത്തിലായ ഒരു ജീവിവർഗത്തിന്റെ സ്വഭാവവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഈ ജീവിവർഗത്തെ അതിന്റെ ദുരവസ്ഥയിൽനിന്നു രക്ഷിക്കാൻ ഇനിയും സമയം ശേഷിച്ചിട്ടുണ്ട്. ഇതു ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് പരിസ്ഥിതിയും ചെന്നായുടെ സ്വഭാവവും സംബന്ധിച്ച മമനുഷ്യന്റെ അറിവിനെയും ചെന്നായുടെ വിവിധ രീതികൾ സംബന്ധിച്ച തുടർന്നുള്ള അവന്റെ ഗവേഷണത്തെയും ചെന്നായെ ഒരു മത്സരിയായല്ല പിന്നെയോ ഭൂഗ്രഹത്തെ പങ്കിടേണ്ട ഒരു സഹജീവിയായി ചിന്തിക്കാൻ അവൻ പഠിക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു.”
സമാധാനത്തിൽ ജീവിക്കൽ
കഴിഞ്ഞ ചുരുക്കം ചില വർഷങ്ങളിൽ ആളുകളും ചെന്നായ്ക്കളും തമ്മിലുള്ള സമാധാനപൂർവകമായ സഹവർത്തിത്വം അഭിവൃദ്ധിപ്പെട്ടിട്ടുണ്ടായിരിക്കാം, എന്നാൽ പോരാട്ടം ഉള്ളിടത്തു സമാധാനം നേടാൻ സാധ്യമല്ല. സമീപഭാവിയിലെ ഒരു സമയത്തേക്കായി അതു വിടേണ്ടതുണ്ട്, അപ്പോൾ സ്രഷ്ടാവിന്റെ രാജ്യഭരണത്തിൻ കീഴിൽ ബലിഷ്ഠനും എന്നാൽ സംവേദകത്വവും നാണവുമുള്ള ഈ ജീവിയോടുള്ള എല്ലാത്തരം വൈരത്തിന്റെയും ഭയത്തിന്റെയും സ്ഥാനത്ത് അതിനെ വിശ്വസിക്കുന്ന, അതുമായി പങ്കിടാനുള്ള ഒരു മനോഭാവമായിരിക്കും ഉണ്ടാവുക.
രസാവഹമെന്നു പറയട്ടെ, ചെന്നായെ നേർ വിപരീത മനോഭാവത്തോടെ വീക്ഷിക്കാൻ ഇടയാക്കുംവിധം ബൈബിൾ അതിനെ പലതരം പ്രാവചനിക രംഗങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. പ്രവൃത്തികൾ 20:29, 30-ൽ ചെമ്മരിയാടുതുല്യ ക്രിസ്തീയ സഭയെ ആക്രമിക്കുകയും ആട്ടിൻകൂട്ടത്തിൽനിന്ന് ഒററപ്പെട്ട ചില വ്യക്തികളെ തിരിപ്പിച്ചുകളകയും ചെയ്യുന്ന വിശ്വാസത്യാഗികളായ പുരുഷൻമാരെ “കൊടിയ ചെന്നായ്ക്ക”ളായി പ്രതീകാത്മക ഭാഷയിൽ വർണിച്ചിരിക്കുന്നു.
യെശയ്യാവു എന്ന ബൈബിൾ പുസ്തകത്തിലെ ഇനിയും നിവൃത്തിയാകാനിരിക്കുന്ന പ്രവചനങ്ങൾ ഇന്നു പരസ്പരം ശത്രുക്കളായി കഴിയുന്നതെന്നു നമുക്കറിയാവുന്ന മൃഗങ്ങൾ സമാധാനത്തോടെ ഒത്തൊരുമിച്ചു വസിക്കുന്നതായി വർണിക്കുന്നു. യെശയ്യാവു 65:25-ൽ ഇര-ഇരപിടിയൻ ബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നതു ശ്രദ്ധിക്കുക: “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും . . . എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.”
മമനുഷ്യന്റെ ശ്രമങ്ങൾ അവൻ ചെന്നായോടു സഹിഷ്ണുത കാട്ടാൻ ശ്രമിക്കുന്നുവെന്നു പ്രകടമാക്കവേ, ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ അവൻ അതിന് ഒരു സ്ഥാനം കൽപ്പിച്ചിരിക്കുന്നുവെന്ന് ഇപ്പോൾ ഉദ്ധരിച്ച തിരുവെഴുത്തു നമുക്ക് ഉറപ്പു നൽകുന്നു. ഭൂഗ്രഹം കാനിസ് ലൂപ്പസ് ഉൾപ്പെടെ എല്ലാത്തരം ജീവജാലങ്ങൾക്കും വേണ്ടിയുള്ള ഒരു ഭവനമായിരിക്കും.
[അടിക്കുറിപ്പുകൾ]
a 1994 ജനുവരി 22-ലെ (ഇംഗ്ലീഷ്) ഉണരുക!യിലുള്ള “ലോകത്തെ വീക്ഷിക്കൽ” കാണുക.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Thomas Kitchin/Victoria Hurst
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Thomas Kitchin