ഞങ്ങളുടെ വായനക്കാരിൽ നിന്ന്
മതവും യുദ്ധവും “മതം യുദ്ധത്തിൽ പക്ഷം പിടിക്കുമ്പോൾ” എന്ന 1994 ഒക്ടോബർ 22-ലെ പരമ്പരയോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്രൊയേഷ്യയിലെ സെർബിയക്കാരെ കൊന്ന സമയത്ത് ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ ഞാനന്നു തീരെ കൊച്ചായിരുന്നതിനാൽ അത് ഓർക്കുന്നില്ല. അങ്ങനെ സങ്കീർണവും ദുരന്തപൂർണവുമായ ആ സാഹചര്യം എന്റെ മനസ്സിൽ വളരെ താത്പര്യമുള്ള ഒരു സംഗതിയാണ്. ഈ ദേശീയ സംഘങ്ങൾക്കിടയിൽ വിഭാഗീയതയും വിദ്വേഷവും വർധിപ്പിക്കുന്നതിലെ മതത്തിന്റെ പങ്കും അതിന്റെ നിർദയമായ പ്രവർത്തനങ്ങളും നിങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന വിധം ഞാൻ വിലമതിച്ചു.
എം. കെ., ഐക്യനാടുകൾ
“ഞങ്ങൾ ഹിറ്റ്ലറിന്റെ യുദ്ധത്തെ പിന്താങ്ങിയില്ല” എന്ന ലേഖനം എന്നെ സ്പർശിച്ചു. ഞാൻ മിക്കവാറും കരഞ്ഞുപോകത്തക്കവണ്ണം ആ ലേഖനം വളരെ നന്നായി എഴുതപ്പെട്ടതായിരുന്നു. എനിക്കു 15 വയസ്സുണ്ട്. സ്കൂളിലോ പ്രസംഗവേലയിലോ നേരിട്ടേക്കാവുന്ന ഏതൊരു ചെറിയ പീഡനത്തെയും എനിക്കു തരണം ചെയ്യാൻ കഴിയുമെന്ന് അറിഞ്ഞതിൽ പ്രോത്സാഹനം തോന്നി.
എ. എം., ഐക്യനാടുകൾ
വോൾഫർട്ട് കുടുംബം അഭിമുഖീകരിച്ച പരിശോധനകളെക്കുറിച്ചു വായിച്ചപ്പോൾ എനിക്കു കണ്ണുനീർ പിടിച്ചുനിർത്താനായില്ല. അവരുടെ പരിശോധനകൾ എന്റെ നിസ്സാരമായ നിരാശകൾ അപ്രധാനമായി തോന്നാൻ ഇടയാക്കുന്നു. ഈ വ്യവസ്ഥിതി അതിന്റെ സമാപനത്തോടടുക്കവേ ക്രിസ്ത്യാനികളെന്ന നിലയിൽ നാമും സമാനമായ പീഡനത്തെ അഭിമുഖീകരിച്ചേക്കാമെന്ന് അറിഞ്ഞുകൊണ്ട് സ്ഥിരപ്രയത്നം ചെയ്യാൻ ഈ ലേഖനം എന്നെ പ്രോത്സാഹിപ്പിച്ചു.
എം. എസ്., ഐക്യനാടുകൾ
ദുരിതാശ്വാസ ശ്രമങ്ങൾ ഞാൻ റുവാണ്ടയിലെ യഹോവയുടെ സാക്ഷികളെക്കുറിച്ചു വ്യാകുലയായിരുന്നു. “റുവാണ്ടയിലെ ദുരന്തത്തിന്റെ ഇരകൾക്കുവേണ്ടി കരുതൽ” (ഡിസംബർ 22, 1994) എന്ന ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്കു കുറച്ചൊക്കെ മനസ്സിലായി. അവിടെ അനേകം പേർ മരണമടഞ്ഞെന്നു ലേഖനം പറഞ്ഞു. ഇക്കാര്യത്തിൽ അൽപ്പം ആശ്വാസം തോന്നാൻ എന്നെ സഹായിച്ചത് പറുദീസയിൽ അവരെ കാണാമെന്നുള്ള പ്രത്യാശയാണ്. അതേസമയം തന്നെ, റുവാണ്ടയിലുള്ള എന്റെ സഹവിശ്വാസികൾക്കുവേണ്ടി ഞാൻ പ്രാർഥിക്കും.
ജെ. ഡി., ജപ്പാൻ
പിടികിട്ടാത്ത ചെന്നായ് യഹോവയുടെ സൃഷ്ടികളെക്കുറിച്ച് നിങ്ങൾ പ്രസിദ്ധീകരിക്കുന്ന വിജ്ഞാനപ്രദവും പലപ്പോഴും രസകരവുമായ ലേഖനങ്ങൾക്കു നന്ദി. കാനിസ് ലൂപ്പസിനെക്കുറിച്ചുള്ള “പിടികൊടുക്കാത്ത ഒരു ജീവി—സ്നേഹത്തിനും വെറുപ്പിനും പാത്രമാകുന്നത്” എന്ന ലേഖനം (സെപ്റ്റംബർ 8, 1994) അത്യന്തം രസകരമായിരുന്നു. എന്നാൽ ലേഖനത്തിന്റെ ആദ്യത്തെ പേജിൽ മൃഗം ഒരു ചെന്നായായിരിക്കാൻ പറ്റാത്തവിധം തീരെ ചെറുതായിരിക്കുന്നതായി കാണുന്നു.
എസ്. ഡബ്ലിയു., ജർമനി
സൂക്ഷ്മദൃക്കായ ഈ വായനക്കാരന്റെ നിരീക്ഷണത്തെ ഞങ്ങൾ വിലമതിക്കുന്നു. വാസ്തവത്തിൽ ഈ നിഴൽച്ചിത്രം ചെന്നായുടേതല്ല, മറിച്ച് ഒരു കൈയോട്ടീയുടെ ഫോട്ടോയെ ആസ്പദമാക്കിയുള്ളതായിരുന്നു. ഈ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.—പത്രാധിപർ
സാത്താന്യാരാധന “സാത്താന്യാരാധനയുടെ വശീകരണം” (സെപ്റ്റംബർ 22, 1994) എന്ന നിങ്ങളുടെ പരമ്പരയിലുടനീളം ഹെവി-മെറ്റൽ സംഗീതത്തെക്കുറിച്ചു നിങ്ങളെത്തിച്ചേർന്ന ഒരേരീതിയിലുള്ളതും പൊതുവായുള്ളതുമായ നിഗമനങ്ങൾ ഞെട്ടിക്കുന്നതായി ഞാൻ കണ്ടെത്തുന്നു. ഈ രീതിയിലുള്ള ഗായകസംഘങ്ങൾ ഉണ്ട് എന്നത് സത്യമാണെങ്കിലും ഹെവി-മെറ്റൽ സംഗീതത്തിലെ മറ്റു ക്രിയാത്മകങ്ങളായ സന്ദേശങ്ങളെക്കുറിച്ചു പരാമർശിക്കാൻ നിങ്ങൾ പരാജയപ്പെട്ടു.
സി. സി., ഐക്യനാടുകൾ
എല്ലാ ഹെവി-മെറ്റൽ സംഗീതവും നേരിട്ടു സാത്താന്യാരാധനയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുള്ളതു സത്യമായിരിക്കാം. എന്നിരുന്നാലും, മുഖ്യധാരാ ഹെവി-മെറ്റൽ ഗായകസംഘങ്ങളുടെ പോലും ആഭാസകരമായ ബാഹ്യപ്രകടനവും പെരുമാറ്റവുമൊക്കെ പരക്കെ അറിയപ്പെടുന്നതാണ്. ഈ സംഗീത വിഭാഗത്തിന് മയക്കുമരുന്നുകളും അക്രമവുമായുള്ള ദീർഘനാളായുള്ള ബന്ധവും അങ്ങനെതന്നെയാണ്. ഈ വസ്തുതകളുടെ വീക്ഷണത്തിൽ ഇത്തരം ഏതു സംഗീതരൂപത്തിലും ഉൾപ്പെടുന്നതു സംബന്ധിച്ച് വായനക്കാർക്കു മുന്നറിയിപ്പു കൊടുക്കാനുള്ള കടപ്പാട് ഞങ്ങൾക്കു തോന്നി.—പത്രാധിപർ
നിങ്ങൾ എഴുതിയ എല്ലാ കാര്യങ്ങളും കൃത്യമായിരുന്നു. ഞങ്ങളുടെ ഏറ്റവും മൂത്ത പുത്രിയെ ഒരു ക്രിസ്ത്യാനിയായിട്ടാണു വളർത്തിക്കൊണ്ടുവന്നത്. എന്നാൽ അവൾ കൂടുതൽ കൂടുതൽ മത്സരിയായിത്തീർന്നു. ഹെവി-മെറ്റൽ സംഗീതം ശ്രവിക്കുന്ന കുട്ടികളുമായി അവൾക്ക് സഹവാസം ഉണ്ടായിരുന്നുവെന്നു ഞങ്ങൾ കണ്ടെത്തി. അവൾ ഹെവി-മെറ്റൽ ടേപ്പുകൾ ഒളിച്ചുവച്ച് രാത്രിയിൽ ഇയർഫോണുകൾ ഉപയോഗിച്ച് സംഗീതം കേൾക്കുമായിരുന്നു. ചില വരികൾ സാത്താന്യ മന്ത്രധ്വനികളായിരുന്നു! അവൾ മുറിയിൽ ഒളിച്ചുവെച്ചിരുന്ന സാത്താന്യ പ്രതീകങ്ങൾ ഞങ്ങൾ പിന്നീടു കണ്ടെത്തി. ഒടുവിൽ അവൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, ആത്മീയമായി മൃതാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. ഹെവി-മെറ്റൽ സംഗീതമായിരുന്നു ഇതിനെല്ലാം തുടക്കമിട്ടത്.
ഡി. ബി., ഐക്യനാടുകൾ