സാത്താന്യാരാധനയുടെ തോഴിമാർ—മയക്കുമരുന്നുകളും ഹെവി-മെററൽ സംഗീതവും
യൂണിവേഴ്സിററി ഓഫ് ഡെൻവർ ഇൻസ്ററിററ്യൂട്ട് ഓഫ് ഹ്യുമാനിററീസ് ഡയറക്ടറായ കാൾ എ. റാഷ്കേ ഇങ്ങനെ എഴുതി: “നാം സാത്താന്റെ യുഗത്തിന്റെ മൂന്നാം ദശാബ്ദത്തിലേക്കു നീങ്ങുമ്പോൾ മയക്കുമരുന്നുകളും ഹെവി-മെററൽ സംഗീതവും മൃഗീയതയും അനിയന്ത്രിതമായ അക്രമവുമെല്ലാം മമനുഷ്യന്റെ വിനാശം വിളിച്ചറിയിച്ചുകൊണ്ടു പാറുന്ന കൊടിക്കൂറകളായിത്തീർന്നിരിക്കുന്നത് അപ്രതീക്ഷിതമല്ല.” അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “സുവിശേഷഗീതവും ക്രിസ്ത്യാനിത്വവും തമ്മിലുള്ള ബന്ധമാണു ഹെവി മെററൽ റോക്ക് സംഗീതത്തിനു സാത്താന്യാരാധനയുമായുള്ള ബന്ധമെന്നു നിങ്ങൾക്കു പറയാവുന്നതാണ്. വളരെ കുറച്ച് ആളുകൾ മാത്രമേ റേഡിയോയിൽ സുവിശേഷസംഗീതം കേട്ടു ക്രിസ്ത്യാനിത്വത്തിലേക്കു പരിവർത്തനംചെയ്യുന്നുള്ളു. എന്നാൽ ഹെവി മെററൽ വളരെ ശക്തമായ ഒരു പ്രബലനഘടകമാണ്. അതു കുട്ടികൾ ഇപ്പോൾത്തന്നെ ഉൾപ്പെടുന്ന വൃത്തികെട്ട പ്രവർത്തനങ്ങളെ നിയമാനുസൃതമാക്കുന്നു.”
ഇത് ഇന്നത്തെ യുവജനങ്ങളിൽ ഒട്ടേറെ പേർ ജീവിതോൽക്കണ്ഠകളിൽനിന്നുള്ള വിടുതൽ നൽകുന്ന സാധാരണ വിനോദമാണെന്നു കരുതുന്ന ഹെവി-മെററൽ മ്യൂസിക്കിനും മയക്കുമരുന്നുകൾക്കുമെതിരായ ഒരു ശക്തമായ കുററപത്രമാണ്. ഈ ആരോപണങ്ങളെ ന്യായീകരിക്കാൻ കഴിയുമോ? മയക്കുമരുന്നുകളും ഹെവി-മെററൽ സംഗീതവും സാത്താന്യാരാധനയുടെ ലക്ഷണങ്ങളായിരിക്കാൻ സാധ്യതയുണ്ടോ? സാത്താന്യാരാധകരുടെ അക്രമത്തെ മുഖാമുഖം നേരിട്ടിട്ടുള്ളവരുടെയും അവയെ പരിശോധിച്ചിട്ടുള്ളവരുടെയും അഭിപ്രായങ്ങൾ പരിചിന്തിക്കുക.
“ഹെവി മെററൽ മ്യൂസിക്കിന്റെ പ്രകോപനപരമായ സന്ദേശം ‘മതപര’മാണ് എന്നതിൽ സംശയമില്ല—അതു പ്രപഞ്ചത്തിന്റെ മേൽനോട്ടംവഹിക്കുന്ന ഒരു ഉയർന്ന ശക്തിയെ ഘോഷിക്കുന്നുവെന്ന അർഥത്തിൽ. എന്നിരുന്നാലും ആ ശക്തി ദൈവമല്ല,” കറുത്ത ചിത്രം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ രാഷ്കേ എഴുതി. “മുഖ്യ ശത്രുവായ സാത്താൻതന്നെയാണ് . . . അതിന്റെ പ്രണേതാവ്.” കൂടുതലായി അദ്ദേഹം പറഞ്ഞു: “സാത്താന്യമായതിന്റെ ശക്തിയും അക്രമവും, പ്രത്യാശയററ, മനഃസാക്ഷി മുരടിച്ച, യുവജനങ്ങൾ അനായാസം ചെന്നകപ്പെട്ടുപോകുംവിധം വശ്യമായ ഒന്നാണ്. . . . അസ്വസ്ഥരും ദുഷ്പെരുമാററത്തിനു വിധേയരുമായ ചെറുപ്പക്കാർ ചെറപ്പുകാലത്തിലെ അനുഭവം തങ്ങളിൽ പതിപ്പിച്ച ഒരു തരം വിലക്ഷണ ധാരണകൾ ഹേതുവായി ആ ഉയർന്ന ശക്തി തിൻമയായിരിക്കണമെന്നു വിശ്വസിക്കുന്നു. ഹെവി മെററൽ ഈ ‘ദൈവശാസ്ത്ര’ത്തെ സ്ഥിരീകരിക്കുകയും അതിനു സംഗീതത്തിൽ വ്യവസ്ഥാപിതരൂപം കൊടുക്കുകയും ചെയ്യുന്നു.”
റെറന്നസി യൂണിവേഴ്സിററിയിലെ ഡോ. പോൾ കിംഗ് ഹെവി-മെററൽ സംഗീതത്തെക്കുറിച്ചു യുണൈററഡ് സ്റേറററ് സെനററിൻമുമ്പാകെ സാക്ഷ്യം പറഞ്ഞു. അദ്ദേഹം പറയുന്നതനുസരിച്ച് അസ്വസ്ഥരായ ഒട്ടനവധി ചെറുപ്പക്കാർ അവരുടെ സംഗീതത്തിൽ മുൻഗണന നൽകുന്നത് “അക്രമം, വിദ്വേഷം, മത്സരം, പ്രാകൃതമായ ലൈംഗികത, സ്ത്രീജനദ്രോഹം, സാത്താന്റെ മഹത്ത്വീകരണം എന്നിങ്ങനെയുള്ള അസാധാരണ പ്രതിപാദ്യങ്ങൾക്കാണ്. ഒരു യുവാവിന്റെ ജീവിതശൈലിയിൽ മയക്കുമരുന്നുകൾ ഉൾപ്പെടുമ്പോൾ ഈ മുൻഗണനക്കു ഏറെ സാദ്ധ്യതയുണ്ട്.” ഹെവി മെററൽ സംഗീതം തിൻമയുടെ ശക്തിയെ മഹത്ത്വീകരിച്ചു വാഴ്ത്തുന്നുവെന്നു കിംഗ് പറഞ്ഞു. ഹെവി മെററൽ മ്യൂസിക്കിൽ, “സംഗീതകച്ചേരികളിൽ തിൻമപ്രവൃത്തികൾ വാനോളം വാഴ്ത്തപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു.
ചുവടെ ചേർക്കുന്ന ഇനങ്ങളിൽ ഹെവി മെററലിന്റെ ബോധാതീത സന്ദേശത്തിന്റെ ഫലങ്ങൾ പരിചിന്തിക്കുക.
കഴിഞ്ഞ വർഷം യു.എസ്.എ-യിലെ ന്യൂജേഴ്സിയിൽ 15 വയസ്സുകാരായ രണ്ട് ആൺകുട്ടികൾ ഒരു കുടുംബത്തിന്റെ പ്രിൻസസ് എന്നു പേരുള്ള, ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു അരുമനായയെ മൃഗീയമായി കൊന്നു. “അതു സാത്താനുവേണ്ടിയുള്ള ഒരു യാഗമായിരുന്നു,” അവർ അവകാശപ്പെട്ടു. അവർ നായെ അതിന്റെ ചങ്ങലയിൽ തൂക്കിപ്പിടിച്ച് തൊഴിച്ചുകൊല്ലുകയും അതിന്റെ നാക്കു പിഴുതെടുത്ത് ഒരു സാത്താന്യ കർമത്തിന് ഉപയോഗിക്കുകയും ചെയ്തു. നായുടെ കീറിമുറിച്ചു വികലമാക്കിയ ഉടൽ ഒരു അയൽക്കാരന്റെ മുററത്ത് അവർ ഒരു ലോഹക്കൊളുത്തിൽ തൂക്കിയിട്ടു. നായുടെ തലയിൽ സാത്താന്യ അടയാളങ്ങൾ കണ്ടു, നായുടെ ഉടലിനു താഴെ നിലത്ത് ഒരു പഞ്ചഭുജ നക്ഷത്രചിഹ്നം കൊത്തിയിരുന്നു. അതിനെ കൊന്ന രാത്രിയിൽ അവർ (ദൈവഹത്യ എന്ന) ഒരു റോക്ക് സംഘഗാനം കേൾക്കുകയായിരുന്നു. അതിലെ മുഖ്യ ഗായകൻ മൃഗങ്ങളെ ദണ്ഡിപ്പിക്കുന്നതായും കൊല്ലുന്നതായും വീമ്പിളക്കാറുണ്ട്.
കാലിഫോർണിയായിൽ രണ്ടു യുവകമിതാക്കൾക്ക്, സുഹൃത്തുക്കൾ പറയുന്നതനുസരിച്ച്, സാത്താന്യാരാധനയിൽ ഹരമായി. അവർ പെൺകുട്ടിയുടെ മാതാവിനെ കുത്തിയും ഒരു വില്ലുമുറുക്കികൊണ്ട് അടിച്ചും മൃഗീയമായി കൊന്നു. അതേ പ്രദേശത്തു മറെറാരു യുവാവ് സാത്താനോടു പ്രാർഥിച്ചശേഷം തന്റെ പിതാവിനെ വെടിവെച്ചുകൊന്നു. ഹെവി മെററൽ മ്യൂസിക്കായിരുന്നു കാരണമെന്നു കുററാന്വേഷണം നടത്തിയ പൊലീസിനു ബോധ്യമായി. “അടിസ്ഥാനപരമായി, ആരും മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്നും അവരവർക്കു ബോധിച്ചതുപോലെ ജീവിതം നയിക്കണമെന്നും സംഗീതം പഠിപ്പിക്കുന്നു” എന്ന് ഒരു വനിതാ പോലീസ് അധികാരി പറയുകയുണ്ടായി.
ഇംഗ്ലണ്ടിൽ കൂട്ട ബലാത്സംഗത്തിന് ഇരയായവർ ബലാൽസംഗികളിൽ ഒരാൾ ഒരു ഹെവി മെററൽ ഗായകസംഘത്തിന്റെ പദവിചിഹ്നത്തിന്റെ പച്ചകുത്തിയിരുന്നതായി പൊലീസിൽ റിപ്പോർട്ടുചെയ്തു. ഈ ഗായകസംഘത്തിന്റെ ഗാനങ്ങളിൽ ബലാൽസംഗം, അക്രമം എന്നിവയുടെ സന്ദേശങ്ങളടങ്ങിയ വരികളാണുള്ളത്.
യു.എസ്.എ., അർക്കിൻസാസിൽ ഗ്രാമീണനായ ഒരു പതിനാറുകാരൻ തന്റെ മാതാപിതാക്കളെ കുറുവടികൊണ്ട് അടിച്ചുകൊല്ലാനും ഒരു കശാപ്പുകത്തികൊണ്ട് അരിയാനും ശ്രമിച്ചു. അവന്റെ ഓഡിയോ കാസററ് പ്ലേയറിൽ ഒരു ഹെവി മെററൽ ഗായകസംഘത്തിന്റെ “യാഗപീഠം” എന്ന ഗാനം പാടാൻ ഒരുക്കിവെച്ചിരുന്നതായി പൊലീസ് കണ്ടുപിടിച്ചു, അതിലെ വരികൾ “മഹാപുരോഹിതൻ കഠാരയും കയ്യിലേന്തി ശുദ്ധമായ ചുടുരക്തം ചിന്തിക്കൊണ്ടു കാത്തിരിക്കുന്നു. സാത്താന്റെ സംഹാരം, ആചാര മരണം, അവന്റെ ഓരോ കല്പനയ്ക്കും ഉത്തരം കൊടുക്കുക. സാത്താന്റെ മണ്ഡലത്തിലേക്കു പ്രവേശിക്കുക. . . . ‘സാത്താനെ വാഴ്ത്തുക’ എന്ന പവിത്ര സ്തുതിവചനം പഠിക്കുക” എന്ന് അലറുകയാണ്.
ആക്രോശിക്കുന്ന ഹെവി മെററൽ ഗായകസംഘങ്ങളിലെ അംഗങ്ങൾ പാടുന്ന മററു ഗാനങ്ങളിലെ വരികളെ സംബന്ധിച്ചാണെങ്കിൽ—മിക്കപ്പോഴും അവരുടെ ആരാധകർ ഗാനമേളകളിൽ വന്യമായ ഉൻമത്തതയോടെ ഒത്തുപാടുമ്പോൾ അല്ലെങ്കിൽ മണിക്കൂറുകളോളം ഓഡിയോകാസററ് റേറപ്പുകൾ കേൾക്കുമ്പോൾ—ധാരണ പതിയുന്ന പ്രായക്കാരായ ചെറുപ്പക്കാരിൽ അത്തരം സന്ദേശങ്ങൾക്ക് എന്തു സ്വാധീനമാണുള്ളത്? ദൃഷ്ടാന്തത്തിന്, ഈ വരികൾ പരിചിന്തിക്കുക: “ദുഷ്ടമായ അംഗഭംഗപ്പെടുത്തലിൽ ഞങ്ങളുടെ ആചാര്യനായ സാത്താൻ ഓരോ പ്രഥമ ചുവടിലും ഞങ്ങളെ നയിക്കുന്നു,” “നിങ്ങളുടെ രക്തം ചൊരിയുക, അത് എന്നിലേക്കു പ്രവഹിക്കട്ടെ. എന്നെ സ്വീകരിക്കുകയും നിങ്ങളുടെ ജീവിതം വെടിയുകയും ചെയ്യുക . . . നിങ്ങൾ രക്തം ഒഴുക്കിയിരിക്കുന്നു. നിങ്ങളുടെ പ്രാണൻ എനിക്കു ലഭിച്ചിരിക്കുന്നു.”
“അശ്ലീല ചിത്രങ്ങൾ ബാലജനദ്രോഹിയെ ഉത്തേജിപ്പിച്ചേക്കാമെന്ന നിഗമനത്തെ നാം ഇപ്പോൾത്തന്നെ ശരിവെക്കുന്നുവെങ്കിൽ, കൊല്ലുക, അംഗച്ഛേദം നടത്തുക, അംഗഭംഗപ്പെടുത്തുക, ദണ്ഡിപ്പിക്കുക, നശിപ്പിക്കുക, എന്നൊക്കെ അലറുന്ന വരികൾ കൃത്യമായി അതേ ക്രിയകൾ നിർവഹിക്കാൻ മാനസികനില തെററിയ ഒരാളെ യഥാർഥമായി പ്രചോദിപ്പിച്ചേക്കാമെന്ന ആശയം എന്തുകൊണ്ടു പരിഗണിച്ചുകൂടാ?” എന്ന് കാൾ രാഷ്കേ എഴുതി.
മയക്കുമരുന്നു ദുരുപയോഗവും സാത്താന്യാരാധനയും കൈകോർത്തു നീങ്ങുന്നുവെന്നതാണ് എല്ലായിടത്തുമുള്ള ഗവേഷകരുടെ അഭിപ്രായം. “മയക്കുമരുന്ന് ഉപയോഗിക്കാത്ത ഒരു സാത്താന്യാരാധകനെ ഒരിക്കലും കണ്ടിട്ടില്ല” എന്നു മുൻ കുററാന്വേഷകനായ ഡേവിഡ് റേറാമാ വിലപിക്കുന്നു. “മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും പുകമറയിലൂടെ വീക്ഷിക്കുമ്പോൾ വാസ്തവത്തിൽ യാഥാർഥ്യമായതും യാഥാർഥ്യമെന്നു തോന്നുന്നതും തമ്മിൽ തിരിച്ചറിയുന്നത് അധികമധികം പ്രയാസമാക്കിക്കൊണ്ട്” മയക്കുമരുന്നുപയോഗം പിശാചാരാധനയിലേക്കു തിരിയുന്ന യുവജനങ്ങൾക്കു കാര്യങ്ങളെ കുഴപ്പിക്കുന്നുവെന്നു ററീൻമാസിക റിപ്പോർട്ടുചെയ്തു.
“ചൂതാട്ടഭ്രമക്കാർക്കു ഭാഗ്യക്കുറികൾ എങ്ങനെയോ അങ്ങനെതന്നെയാണു മയക്കുമരുന്നടിമകൾക്കു ഹെവി മെററൽ സംഗീതം,” രാഷ്കേ പറഞ്ഞു. “രാസപരമായി ആസക്തനായ യുവാവ് അഹങ്കാരത്തിന്റെയും മൃഗീയതയുടെയും മോഷണത്തിന്റെയും ലൈംഗിക അമിതത്വത്തിന്റെയും ജീവിതശൈലി സ്വീകരിക്കുന്നു—ഈ വക തിൻമകളെല്ലാം ഹെവി മെററൽ സംഘങ്ങളുടെ മുറവിളിയും ഗർജനങ്ങളും മുഖേന കരുത്താർജിക്കുന്നു.”
നിസ്സംശയമായി, ഒരു ചെറുപ്പക്കാരന്റെ മസ്തിഷ്കത്തിൽനിന്നു സുബോധം നീങ്ങി വികടത്തരത്തിന്റെയും അക്രമത്തിന്റെയും ചിന്തകൾ തൽസ്ഥാനത്തു വരുമ്പോൾ അവൻ സാത്താന്റെ സ്വാധീനത്തിന് അനായാസം ഇരയാകുന്നു.
[8-ാം പേജിലെ ആകർഷകവാക്യം]
സുബോധം മസ്തിഷ്കത്തിൽനിന്നു നീങ്ങി വികടത്തരവും അക്രമവും അടിച്ചുകയറുമ്പോൾ ഒരുവൻ സാത്താന്റെ സ്വാധീനത്തിന്റെ അനായാസ ഇരയാണ്
[7-ാം പേജിലെ ചിത്രം]
നിങ്ങൾ എന്തുകൊണ്ടു നിങ്ങളുടെ മനസ്സിനെ നിറയ്ക്കുന്നു?