ഇന്നത്തെ യുവജനങ്ങൾ—സാത്താന്യാരാധനക്ക് അനായാസം വിധേയമാകുന്നവരോ?
“യുവജനങ്ങളുടെ ഇടയിൽ സാത്താന്യാരാധന പരക്കുകയാണ്,” 1993 ഫെബ്രുവരി 27-ലെ ഒരു ഫിന്നിഷ് പത്രം റിപ്പോർട്ടുചെയ്തു. ഫിൻലണ്ടിലുള്ള ററാംബെരെ എന്ന സ്ഥലത്തെ പൊലീസിൽനിന്നു ലഭിച്ച വിവരങ്ങളനുസരിച്ചു മയക്കുമരുന്നു വ്യാപാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുററപ്പുള്ളികൾ ചെറുപ്പക്കാരെ, വിശേഷാൽ പെൺകുട്ടികളെ, സാത്താന്യാരാധനയിലേക്ക് ആനയിക്കുകയാണ്. പല കേസുകളിലും ഈ ഇരകളും പുതുതായി ആനയിക്കപ്പെടുന്നവരും 10മുതൽ 15വരെ വയസ്സുള്ള കുട്ടികളാണ്. “ഇളം പ്രായക്കാരുടെ ഇടയിൽ സാത്താന്യാരാധനക്കു വളക്കൂറുള്ള മണ്ണാണുള്ളത്” എന്നു പത്രം റിപ്പോർട്ടുചെയ്തു.
“സാത്താന്യാരാധനയുടെ പുതിയ ആഗമനം കേവലം ഒരു സ്വദേശീയ (ഫിന്നിഷ്) പ്രവണതയല്ല,” പത്രം മുന്നറിയിപ്പു നൽകി. “ദൃഷ്ടാന്തത്തിന്, സാത്താന്യാരാധന രാജ്യത്തെ വെള്ളക്കാരായ സമ്പന്ന യുവജനങ്ങൾക്ക് ഉത്തേജകമായിരിക്കുകയാണെന്നു ജൊഹാനസ്ബർഗ് സ്ററാർ എന്ന ദക്ഷിണാഫ്രിക്കൻ മാസിക മുന്നറിയിപ്പു കൊടുത്തു.” വാസ്തവത്തിൽ, സാത്താന്യാരാധന മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു സാർവദേശീയ പേടിസ്വപ്നമാണ്.
മുഖ്യമായി, നിങ്ങൾക്കു വളരെ തുച്ഛമായ മുടക്കിൽ അധികം നേട്ടമുണ്ടാക്കാമെന്നു സാത്താന്യാരാധന വഞ്ചകമായി വാഗ്ദാനംചെയ്യുന്നു. “പിശാചിനെ ആരാധിക്കുക; അവന്റെ വൃത്തികെട്ട വേല ചെയ്യുക, പ്രതിഫലമായി നിങ്ങൾക്കു വേണ്ടത് അവൻ നൽകും. അതുകൊണ്ടാണു ചില യുവജനങ്ങൾക്കു സാത്താന്യാരാധന വളരെ ആകർഷകമായിത്തോന്നുന്നത്,” ററീൻ മാസിക വിശദീകരിച്ചു.
“അങ്ങേയററം തികവുള്ള ജീവിതം നയിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു,” ഒരു സാത്താന്യാരാധനാസംഘത്തിലെ അംഗമാണെന്നു സമ്മതിക്കുന്ന ഒരു ഇളം പ്രായക്കാരൻ പറയുകയുണ്ടായി. “ഞാൻ പ്രകൃതിയിൽ രണ്ടു ശക്തികൾ കാണുന്നു: നൻമയും തിൻമയും. തിൻമയാണെന്നു ആളുകൾ പറയുന്ന കാര്യങ്ങൾ സകലവുമാണു സന്തുഷ്ടി പകരുന്നത്. പാപങ്ങൾ വൈകാരികവും ശാരീരികവും മാനസികവുമായ സംതൃപ്തിയിലേക്കു നയിക്കുന്നു,” അവൻ പറഞ്ഞു.
യു.എസ്.എ., കോളറാഡോ, ഡൻവറിലെ ഒരു കുററാന്വേഷണ വിദഗ്ധൻ സാത്താന്യാരാധനാപ്രസ്ഥാനങ്ങൾ സംബന്ധിച്ചും ഒരു വിദഗ്ധനായിരുന്നു. യുവജനങ്ങൾ സാത്താന്യാരാധനക്കു വളരെയധികം വശംവദരാകുന്നതായി തോന്നുന്നതിന്റെ കാരണംസംബന്ധിച്ച് അദ്ദേഹം എന്തു വിചാരിക്കുന്നു എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു: “ഒരു കൗമാരപ്രായക്കാരനായ സാത്താന്യാരാധകൻ എന്നോടു പറഞ്ഞതു ഞാൻ ഒരിക്കലും മറക്കുകയില്ല. ‘എന്തിനുവേണ്ടി ജീവിക്കാനാണ്? ഞങ്ങൾ ഇന്നേക്കായി ജീവിച്ച് ഇഷ്ടംപോലെ പ്രവർത്തിക്കാൻപോകുകയാണ്. ഒരു ഭാവിയില്ലല്ലോ.’”
കാനഡായിൽ ഡാർട്ട്മൗത്തിലുള്ള നോവാ സ്കോട്യാ ഹോസ്പിററലിലെ യുവജനസേവനങ്ങളുടെ ഡയറക്ടറായ ഡോ. ഖാലിൽ അഹമ്മദ് സാത്താന്യാരാധനയുടെ വശ്യത സംബന്ധിച്ച തന്റെ അഭിപ്രായം പുറപ്പെടുവിച്ചു. “യുവപ്രായക്കാർക്കു വേണ്ടത് ആവേശാനുഭൂതിയാണ്. പ്രായേണ മനക്കരുത്തില്ലാത്ത കഴിവുകെട്ടവർ [സാത്താന്യാരാധനയിലേക്ക്] ആകൃഷ്ടരാകുന്നു. അത് അവർക്കു തങ്ങൾ ശക്തരാണെന്നുള്ള ഒരു മിഥ്യാധാരണ കൊടുക്കുന്നു.”
സാത്താന്യാരാധന സംബന്ധിച്ചു കീർത്തിപ്പെട്ട മറെറാരു പൊലീസ് അധികാരിയായ ഒരു സാൻഫ്രാൻസിസ്ക്കോ കുററാന്വേഷണ വിദഗ്ധ, കാതലായ പ്രശ്നത്തിലേക്കു വിരൽ ചൂണ്ടുന്നു: “നമ്മുടെ ലോകം വിരക്തിയുള്ള ഒരു സ്ഥലമാണ്. നാം പരസ്പരമല്ല, നമ്മിൽത്തന്നെയാണു കൂടുതൽ തത്പരരായിരിക്കുന്നത്. നാം അക്രമാസക്തമായ ഒരു നിഷേധാത്മക സമുദായത്തിലാണു ജീവിക്കുന്നത്. യുവജനങ്ങൾ അതിനെ ഒരു സാധാരണ ജീവിതരീതിയായി കാണുകയും തത്ഫലമായി സാത്താന്യാരാധനയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു.”
ഇന്നത്തെ യുവജനങ്ങൾ സാത്താന്യാരാധനയിൽ എത്രത്തോളം ആണ്ടുപോയിരിക്കുന്നു? “ചെറുപ്പക്കാർ തങ്ങളേത്തന്നെയും തങ്ങളുടെ സുഹൃത്തുക്കളെയും കൊല്ലുന്നു. നമുക്ക് ഒരു പ്രശ്നമുണ്ട്,” പൂജാ കുററകൃത്യാഘാത ശൃംഖലയുടെ പ്രസിഡണ്ടും യു.എസ്.എ., ബോയ്സ്, ഇഡാഹോ പൊലീസ്സേനയിലെ ഒരു ലഫ്ററനൻറുമായ ലാറി ജോൺസ് മുന്നറിയിപ്പുനൽകി. ഒരു ഹൈസ്കൂൾ പൊലീസ് ഉപദേശകനെന്ന തന്റെ റോളിൽ സാത്താന്യാരാധനയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന, ഇല്ലിനോയി സംസ്ഥാനത്തുനിന്നുള്ള മറെറാരു പൊലീസ് ഓഫീസർ യുവജനങ്ങളിൽ 90 ശതമാനവും പിശാചാരാധനയിൽ തലയിടുന്നത് അത് ഒരു ഭ്രമമായതുകൊണ്ടാണ്, എന്നാൽ 10 ശതമാനം “അതിൽ ലയിച്ചുപോകുകയും അധികമധികം ആണ്ടുപോകുകയും ചെയ്യുന്നു” എന്ന് പറയുകയുണ്ടായി.
സ്കൂൾ ന്യൂസ് നേഷൻവൈഡ് എന്ന ഒരു ബ്രൂക്ലിൻ, ന്യൂയോർക്ക് സ്കൂൾപത്രം 1994 ജനുവരി-ഫെബ്രുവരി-മാർച്ച്-ൽ അതിന്റെ “മത”വിഭാഗത്തിൽ “സാത്താന്യാരാധന കുമാരീകുമാരൻമാരെ ആകർഷിക്കുന്നതിന്റെ കാരണം” എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. അതിങ്ങനെ റിപ്പോർട്ടുചെയ്തു: “ഹൈസ്കൂൾ കാൻറീനിൽ രണ്ടു ആൺകുട്ടികൾ വഴക്കടിച്ചു, ജയിച്ചയാൾ ചാടി തന്റെ മുഷ്ടി ചുരുട്ടി ചൂണ്ടുവിരലും ചെറുവിരലും ഉയർത്തി വിചിത്രമായ ഒരു അഭിവാദനം നടത്തി. ഭൂതങ്ങളെപ്പോലെ തോന്നിക്കുന്ന ആട്ടിൻതലകളോടുകൂടിയ മനുഷ്യരുടെ ചിത്രങ്ങൾ വളരെയേറെ കുട്ടികൾ വരച്ചത് എന്തുകൊണ്ടെന്ന് ചിത്രരചന പഠിപ്പിക്കുന്ന അധ്യാപകന് ഊഹിക്കാൻ കഴിഞ്ഞില്ല. ഗുപ്തവിദ്യയെസംബന്ധിച്ച പുസ്തകങ്ങൾ സ്കൂൾലൈബ്രറിയിൽനിന്നു തുടർച്ചയായി അപ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
“വാസ്തവത്തിൽ, കുട്ടികൾ സാത്താന്യാരാധനയുടെ ശക്തിയും ഇന്ദ്രജാലവും മർമവുമായി കളിക്കുകയായിരുന്നു. മിക്കവർക്കും അതു തമാശയും ആവേശവുമായിരുന്നു. ചിലർക്കു പക്ഷേ അതിന്റെ പ്രത്യാഘാതം ഗൗരവതരമായിരുന്നു—17 വയസ്സുകാരനായ ലോയിഡിന് അത് അതീവ ഗൗരവതരമായിരുന്നു, അവന് ഒരു സാത്താന്യബലിയിൽ ജീവൻ നഷ്ടപ്പെട്ടു.
“ലോയിഡിന്റെ മരണത്തിനും കൊലപാതകത്തെ പ്രതിയുള്ള 15 വയസ്സുകാരനായ അവന്റെ സഹോദരന്റെ അറസ്ററിനും ശേഷം മൺറോ കൗണ്ടിയിലെ മുതിർന്നവർ മുമ്പു വളരെ ദുർഗ്രഹമായിരുന്ന അടയാളങ്ങൾ: ‘പിശാചിന്റെ അടയാള’മായ കൈകൊണ്ടുള്ള ആംഗ്യവും ആട്ടിൻതലയുടെ ചിത്രങ്ങളും കൗമാരപ്രായക്കാരുടെ ഭാവനകളെ പോഷിപ്പിച്ച പുസ്തകങ്ങളും കർമങ്ങളും മന്ത്രങ്ങളും മനസ്സിലാക്കാൻ പഠിച്ചു.”
പതിമൂന്നു വയസ്സാകാത്തവരും കൗമാരപ്രായക്കാരും സാത്താന്യാരാധന നിമിത്തം തങ്ങളുടെ മാതാപിതാക്കളെയും മററു കുടുംബാംഗങ്ങളെയും കൊല്ലുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അനന്തമാണെന്നു തോന്നുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ മററു കുട്ടികളെ കൊന്നിട്ടുണ്ട്. പൈശാചികരായ മുതിർന്നവരെപ്പോലെ, കുട്ടികൾ മൃഗങ്ങളെ അംഗഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്തിരിക്കുന്നു. സാത്താന്യകർമങ്ങളുടെ യാഗവേദിയിൽ കുടുംബ വത്സലമൃഗങ്ങൾ ബലിയർപ്പിക്കപ്പെട്ടിട്ടുണ്ട്. പിശാചാരാധനാ മതം സ്വീകരിച്ചിരിക്കുന്ന കുട്ടികൾ നടത്തുന്ന കശാപ്പിന്റെ ഭാഗികമായ ഒരു വർണനക്കുപോലും സ്ഥലപരിമിതി അനുവദിക്കുന്നില്ല.
ഇവ സാത്താന്യാരാധനയിൽ കുട്ടികൾ കേവലം എത്തിനോക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണോ? പിശാചാരാധനയിൽ ആഴത്തിൽ ഉൾപ്പെടുന്നവർ വളരെ ചുരുക്കമാണോ, അപൂർവമാണോ? ഈ ഗൂഢവിദ്യാചാരക്കാരെപ്പററി അന്വേഷിച്ചറിഞ്ഞിട്ടുള്ളവരുടെ ഉത്തരം അല്ല എന്നാണ്. ഒരു പ്രേരണാത്മക പ്രസംഗകനായിത്തീർന്ന ഒരു മുൻ വൈസ് ഡിററക്ടീവ് താൻ പ്രസംഗിക്കുന്ന ഓരോ സ്കൂളിലും “സാത്താന്യാചാരങ്ങളിൽ ഏർപ്പെടുന്ന ആരെയെങ്കിലും നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ അല്ലെങ്കിൽ അങ്ങനെയുള്ളവരെക്കുറിച്ചു കേട്ടിട്ടുണ്ടോ?” എന്ന ഒരേ ചോദ്യം ചോദിക്കുന്നുവെന്നു പറയുകയുണ്ടായി. “വിദ്യാർഥികളിൽ തികച്ചും മൂന്നിലൊരു ഭാഗം തങ്ങളുടെ കൈകൾ ഉയർത്തുന്നു” എന്ന് അദ്ദേഹം കണക്കാക്കുന്നു.
അമേരിക്കൻ ദേശീയ വിജ്ഞാന ശൃംഖലയുടെ പ്രസിഡണ്ടായ ഷാൻ വെസ്ററ്ഹെൽററർ പറയുന്നതനുസരിച്ചു സ്കൂൾവിദ്യാർഥികളുടെ 30മുതൽ 40വരെ ശതമാനം ഏതെങ്കിലും രൂപത്തിലുള്ള ഗുപ്തവിദ്യയിലേർപ്പെടുന്നു. കൂടാതെ, 17 വയസ്സിൽ താണ കൗമാരപ്രായക്കാർ നടത്തുന്ന കുററകൃത്യങ്ങളുടെ 70 ശതമാനത്തിനും പ്രേരിപ്പിക്കുന്നതു ഗുപ്തവിദ്യയിലുള്ള ഉൾപ്പെടലാണെന്നു വെസ്ററ്ഹെൽററർ വാദിക്കുന്നു.
[5-ാം പേജിലെ ആകർഷകവാക്യം]
സാത്താന്യാരാധനക്ക് ഇന്നത്തെ യുവജനങ്ങളുടെ ഇടയിൽ വളക്കൂറുള്ള മണ്ണാണുള്ളത്