സാത്താന്യാരാധനയുടെ ഉയർച്ചയും വീഴ്ചയും
ഇരുട്ടറകളിൽ, ചുവരുകളിൽ ബീഭത്സ നിഴലുകൾ പരത്തി പാളിക്കത്തുന്ന മെഴുകുതിരിവെളിച്ചത്തിൽ തങ്ങളുടെ ദൈവമായ സാത്താന്റെ ആരാധന അരങ്ങേറുമ്പോൾ, കരിങ്കുപ്പായങ്ങളണിഞ്ഞ പുരോഹിതൻമാർ ഒരു ബലിപീഠത്തിൽ ബന്ധിച്ചിട്ട ഇരകളുടെമേൽ പ്രാർഥനാമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു സാത്താന്യകർമങ്ങൾ അനുഷ്ഠിക്കുകയാണ്. പ്രകൃത്യാതീതമായതിന്റെ സ്പർശത്തോടെ ഏതോ ഗൂഢമർമംസംബന്ധിച്ചു തങ്ങൾ പൊതുവിൽ പങ്കിടുന്ന അറിവിൻപ്രകാരം ഒരുമിച്ചുകൂടി, ഗൂഢവിദ്യയിലേക്കുള്ള ഈ ഊളിയിടലിൽ പങ്കുപററുന്ന ചെറുപ്പക്കാർ അന്തരീക്ഷത്തിൽ അലയടിക്കുന്ന ആവേശത്തിമർപ്പ് ആസ്വദിക്കുന്നു. അവരുടേതുമാത്രമായ ഏതോ സ്വകാര്യതയുടെ അഭൗമമായ അനുഭൂതിയോടെ അവർ ബലിപീഠത്തോട് അടുക്കുകയാണ്.
നിരുപദ്രവകരമായ ഒരു ക്ഷണിക ഭ്രമമോ? അതോ ഇന്നത്തെ സമൂഹത്തിൽ വ്യാപിച്ചിരിക്കുന്ന ഒരു പൈശാചിക തിൻമയോ?
സാത്താന്യാരാധനാപ്രസ്ഥാനങ്ങളുടെ ഭയജനകമായ കർമങ്ങളെസംബന്ധിച്ചു വർത്തമാനപ്പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും ഒട്ടേറെ എഴുതപ്പെട്ടിട്ടുണ്ട്. അക്രമാസക്ത സാത്താന്യസംഘങ്ങളുടെ വിപുലവ്യാപകമായ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ അമേരിക്കയിലെ ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രക്ഷേപണംചെയ്തിട്ടുണ്ട്. അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമുള്ള ചെറുതും വലുതുമായ നഗരങ്ങളിൽ ഇതു പോലീസിന് ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുകയാണ്.
സാത്താന്യാരാധനയോട് ഇന്നത്തെ യുവാക്കൾക്ക് ഒരു പ്രത്യേക ആകർഷണമുണ്ട്. 1993 ജൂണിലെ ററീൻ മാസികയിൽ റിപ്പോർട്ടു ചെയ്തപ്രകാരം “അംഗങ്ങൾ ശാരീരിക ദുരാശയും പ്രതികാരമോഹവും ഭൗതികസ്വത്തുക്കളിലുള്ള താത്പര്യവും ഉൾപ്പെടുന്ന തങ്ങളുടെ സ്വാഭാവിക അഭിനിവേശങ്ങളെ അടിച്ചമർത്താൻ കല്പിക്കുന്നതിനുപകരം അവർ അവയെ പ്രകടമാക്കണമെന്നു ഞങ്ങൾ പഠിപ്പിക്കുന്നത് എന്തുകൊണ്ട്” എന്നു സാത്താൻസഭയുടെ സ്ഥാപകൻ വിശദീകരിക്കുന്നു.
ഈ പിശാചനിശ്വസ്ത ആശയശാസ്ത്രം ദൈവനിശ്വസ്ത ക്രിസ്തീയ തത്ത്വങ്ങൾക്കു വിപരീതമാകയാൽ സാത്താൻ ഇതിൽ എത്ര സന്തുഷ്ടനായിരിക്കണം!
സാത്താന്യാരാധന വർദ്ധിക്കുകയാണ്. അതു വളർന്നുവരുന്ന ഒരു ഭീഷണിയാണ്. എന്നാൽ അതിന്റെ ചരമം ആസന്നമായിരിക്കുന്നു. അതിന്റെ ദൈവം മരണവിധിയിൻകീഴിലാണ്. സാത്താന്റെ ലോകവും അതിന്റെ പിന്തുണക്കാരും അങ്ങനെതന്നെ, എന്തുകൊണ്ടെന്നാൽ “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19; റോമർ 6:16) സാത്താന്റെ ആരാധകരോടും അറിഞ്ഞോ അറിയാതെയോ അവന്റെ ഉദ്ദേശ്യങ്ങൾക്കു സേവനമനുഷ്ഠിക്കുന്ന മറെറല്ലാവരോടുമുള്ള യഹോവയുടെ സന്ദേശം ഇതാണ്: “സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും.”—റോമർ 16:20.
അപ്പോൾ, കഷ്ടപ്പെടുന്ന മനുഷ്യരാശിക്കു “സമാധാനം നൽകുന്ന ദൈവ”ത്തിൽനിന്ന് എന്തു ഭാവി കൈവരും? തുടർന്നുവരുന്ന മൂന്നു ലേഖനങ്ങൾ സാത്താന്യാരാധനയുടെ ഉയർച്ചയും വീഴ്ചയും അതിനു പകരംവരുന്ന ഭൂമിയിലെ അവസ്ഥകളും എടുത്തുകാണിക്കും.