സംഗീതം നമ്മെ സ്വാധീനിക്കുന്നതിന്റെ കാരണം
സംഗീതവും ഭാഷയും മനുഷ്യന്റെ മാത്രം സ്വത്താണ്. ഇവ രണ്ടും ഇല്ലാത്ത ഒരു ലോകം ഭാവനയിൽ കാണാൻ പോലും കഴിയില്ല എന്നായിരിക്കുന്നു. “സംഗീതവും ഭാഷയും സാർവത്രികമാണ്, മനുഷ്യർ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അവയുമുണ്ട്” എന്നു സംഗീതസാന്ദ്രമായ മനസ്സ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ആശയവിനിമയത്തിനുള്ള ഉപാധികളാണ് അവ. അതുകൊണ്ട്, ഭാഷയുടെ കാര്യത്തിൽ സത്യമായിരിക്കുന്നതു പോലെ, സംഗീതം “സംസാരിക്കു”മ്പോൾ നമ്മുടെ വികാരങ്ങൾ “കാതോർക്കുന്നു” എന്നു പറയാൻ കഴിയും.
എന്നാൽ, സംഗീതം നമ്മുടെ വികാരങ്ങളോടു സംസാരിക്കുന്നത് എന്തിനാണ്? എങ്ങനെയാണ്? അതിന് ഉത്തരം കണ്ടെത്തുന്നതിന് നാം ചില കാര്യങ്ങളെ കുറിച്ചു പരിചിന്തിക്കേണ്ടതുണ്ട്: (1) സംഗീതാംശങ്ങളെയും അവയെ നമ്മുടെ മസ്തിഷ്കം അപഗ്രഥിക്കുന്ന വിധത്തെയും കുറിച്ച് (2) സംഗീതത്തോടുള്ള നമ്മുടെ പ്രതികരണത്തിനു നിദാനമായ നമ്മുടെ വൈകാരിക ഘടനയെയും സാംസ്കാരിക പശ്ചാത്തലത്തെയും കുറിച്ച് (3) സംഗീതത്തോടുള്ള നമ്മുടെ പ്രതികരണത്തെ സ്വാധീനിച്ചേക്കാവുന്ന മറ്റൊരു ഘടകമായ ഭാഷയെ കുറിച്ചും.
സംഗീതാംശങ്ങൾ
സംഗീതത്തിന്റെ സവിശേഷതകളെയാണു മിക്കപ്പോഴും “സംഗീതാംശങ്ങൾ” എന്നു വിളിക്കുന്നത്. ഈ അംശങ്ങളിൽ, ഒരു സംഗീതോപകരണത്തിന്റെ നാദം ഉൾപ്പെടുന്നു. ഫ്രഞ്ച് ഹോർണിന്റെ കാര്യമെടുക്കുക. അതിന്റെ നാദത്തെ “ഗാംഭീര്യമേറിയ” അല്ലെങ്കിൽ കനത്ത എന്നാണു വിശേഷിപ്പിക്കാറുള്ളത്. ട്രംപറ്റ് പുറപ്പെടുവിക്കുന്ന “ഗർവ് മുറ്റി നിൽക്കുന്ന” നാദത്തിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇത്. ഈ രണ്ടു സംഗീതോപകരണങ്ങളും ഒരേ കുടുംബത്തിൽ, അതായത് സുഷിരവാദ്യങ്ങളുടെ ഗണത്തിൽ പെടുന്നതാണെങ്കിലും ഇവ വായിക്കുമ്പോൾ, പ്രധാന നാദത്തിന് അകമ്പടി സേവിച്ചു കൊണ്ട് വ്യത്യസ്ത തീവ്രതയിൽ ഉള്ള അവയുടെ പെരുക്കങ്ങളായ പ്രകമ്പനങ്ങൾ കൂടി ഉണ്ടാകുന്നുണ്ട്. തീവ്രതയിൽ ഉള്ള ഈ വ്യത്യാസമാണ് ഓരോ സംഗീതോപകരണത്തിനും അതിന്റെ തനതായ “ശബ്ദം” ലഭിക്കാൻ ഉള്ള കാരണം. സംഗീതോപകരണങ്ങളുടെ ഇത്തരം സവിശേഷതകളെല്ലാം പ്രയോജനപ്പെടുത്തി സംഗീതസംവിധായകർ, ശ്രോതാവിന്റെ വികാരങ്ങളെ തഴുകിയുണർത്താൻ പോന്ന തരത്തിലുള്ള പ്രത്യേക സോണിക് ഇഫക്ടുകൾ സൃഷ്ടിച്ചെടുക്കുന്നു.
നാം ഏറ്റവുമാദ്യം അറിഞ്ഞ സംഗീതാംശം താളം ആയിരിക്കാം. പിറന്നുവീഴുന്നതിനു മുമ്പ്, അമ്മയുടെ ഹൃദയമിടിപ്പും കാതോർത്തു കിടന്നപ്പോൾ അത് അറിയാതെ തന്നെ നമ്മുടെ സ്വന്തമായിത്തീർന്നിരിക്കാം. സംഗീതത്തിന്റെ താളത്തോടു നാം പ്രതികരിക്കുന്ന വിധത്തിന്മേൽ ഉപബോധതലത്തിൽ നമ്മുടെ ഹൃദയമിടിപ്പും എന്തിന്, ശ്വാസോച്ഛ്വാസം പോലും സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണു പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ, മിനിട്ടിൽ 70-നും 100-നും ഇടയ്ക്കു വിസ്പന്ദനങ്ങൾ—ആരോഗ്യമുള്ള ഒരാളുടെ ശരാശരി ഹൃദയമിടിപ്പിന്റെ എണ്ണം—ഉള്ള താളവേഗം മിക്കവരും ഇഷ്ടപ്പെടുന്നതിൽ ഒട്ടും അതിശയം വിചാരിക്കാനില്ല. പെഴ്സെപ്ച്വൽ ആൻഡ് മോട്ടോർ സ്കിൽസ് എന്ന പത്രികയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ടുവെച്ചത്.
വിവിധ സംഗീതോപകരണങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളും സ്വരാനുക്രമങ്ങളൂം പരിചിന്തിച്ചാൽ, ഈ സംഗീതാംശങ്ങൾക്ക് എത്രമാത്രം വൈവിധ്യമാർന്ന സംഗീതത്തിനു ജന്മമേകാൻ കഴിയുമെന്നു മനസ്സിലാക്കാവുന്നതാണ്. മൊസാർട്ടിന്റെ ബാസൂൺ കച്ചേരിയുടെ രണ്ടാം ഘട്ടത്തിൽ, ബാസൂണിൽ നിന്നും ഒഴുകിയെത്തുന്ന വികാരതീവ്രമായ ശബ്ദം മനസ്സിന്റെ അഗാധതലങ്ങളെ പിടിച്ചുലയ്ക്കും. ജപ്പാനിലെ ഷാകൂഹാച്ചി എന്ന ഓടക്കുഴലിന്റെ വിഷാദം തുടിക്കുന്ന ശബ്ദം, ഹൃദയത്തിൽ ഒരു നേർത്ത നൊമ്പരം അവശേഷിപ്പിച്ചേക്കാം. സാക്സഫോണിന്റെ ഉച്ചസ്ഥായിയിലുള്ള ചിലമ്പിച്ച ശബ്ദം പശ്ചാത്തലമായുള്ള ശോകാർദ്രഗാനങ്ങൾ മനസ്സിൽ ഏറെ നാൾ തങ്ങിനിൽക്കും. ജർമൻ ബാൻഡ് വാദ്യത്തിൽ ഉപയോഗിക്കുന്ന ട്യൂബയുടെ കീഴ്സ്ഥായിയിലുള്ള പല്ലവി മനസ്സിൽ ഉല്ലാസത്തിന്റെ പൂത്തിരി കത്തിക്കും. വയലിനുകൾ, വാൾട്ട്സ് നൃത്തത്തിനു വേണ്ടി സ്ട്രോസ് ചിട്ടപ്പെടുത്തിയ സംഗീതത്തിലെ ആരോഹണാവരോഹണങ്ങൾ താണ്ടുമ്പോൾ ശ്രോതാക്കളിൽ പലർക്കും നൃത്തം ചെയ്യാനുള്ള അഭിവാഞ്ഛ ഉടലെടുക്കുന്നതു സ്വാഭാവികം. “സംഗീതം മനുഷ്യന്റെ ഓരോ അണുവിലേക്കും വ്യാപിക്കുന്നതു കൊണ്ടാണ്” അത്തരം അനുഭൂതികൾ ഉളവാകുന്നത് എന്നു ന്യൂയോർക്കിലെ നോർഡൊഫ്-റോബിൻസ് സംഗീത ചികിത്സാ കേന്ദ്രത്തിലെ ക്ലൈവ്. ഇ. റോബിൻസ് അഭിപ്രായപ്പെടുന്നു.
താളപ്പൊരുത്തം, ശ്രുതിഭംഗം, സ്വരാനുക്രമം
സംഗീതത്തിൽ താളപ്പൊരുത്തം ഉണ്ടെങ്കിൽ അത് ഇമ്പമധുരമായിരിക്കും. ശ്രുതിഭംഗം ആണ് ഉണ്ടാകുന്നതെങ്കിൽ, അപസ്വരങ്ങളായിരിക്കും പുറപ്പെടുക. എന്നാൽ ചില തരം സംഗീതങ്ങളിൽ, ഇവ പരസ്പരം പൂരകങ്ങളായി വർത്തിക്കുന്നു എന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? കേൾക്കുമ്പോൾ നല്ല താളപ്പൊരുത്തമുള്ളതായി തോന്നുന്ന ഒരു സംഗീതശകലത്തിൽ ഒരുപക്ഷേ, നിങ്ങൾ കരുതുന്നതിനെക്കാൾ കൂടുതൽ ശ്രുതിഭംഗം ഉണ്ടായിരുന്നേക്കാം. താളപ്പൊരുത്തവും ശ്രുതിഭംഗവും തമ്മിലുള്ള നിരന്തര സമന്വയം നമ്മുടെ ഉള്ളിൽ അനുഭൂതികൾ അലയടിച്ചുയരാൻ ഇടയാക്കുന്നു. മിക്കപ്പോഴും ഇവ നമുക്ക് അനുഭവവേദ്യമാകാത്തത്ര നേർത്തതാണെങ്കിലും ക്രമേണ അതു നമ്മുടെ വികാരങ്ങളിലേക്കു പടർന്നുകയറുന്നു. ഒരു തൂവൽസ്പർശം പോലെ സൗമ്യമായ ഒരു അനുഭവമാണ് ഇതു സമ്മാനിക്കുന്നത്. എന്നാൽ, സംഗീതത്തിൽ ശ്രുതിഭംഗം മാത്രമാണ് ഉള്ളതെങ്കിൽ അതു നമ്മെ അരോചകപ്പെടുത്തുക മാത്രമല്ല അസഹ്യപ്പെടുത്തുകയും ചെയ്യും. നഖം കൊണ്ട് സ്ലേറ്റിൽ ഉരസുന്ന ശബ്ദമോ ചോക്ക് കൊണ്ട് ബോർഡിൽ എഴുതുന്ന ശബ്ദമോ കേൾക്കുന്ന തരത്തിലുള്ള ഒരു അനുഭവമായിരിക്കും അത്. നേരെമറിച്ച്, ഒരു സംഗീതത്തിൽ താളപ്പൊരുത്തം മാത്രമേ ഉള്ളുവെങ്കിലോ, അതു പെട്ടെന്നുതന്നെ നമ്മിൽ മടുപ്പുളവാക്കും.
ഏകസ്വരങ്ങൾ (single notes) ക്രമമായും ഇമ്പകരമായും ചിട്ടപ്പെടുത്തിയിരിക്കുന്നതിനെയാണ് സ്വരാനുക്രമം എന്നു പറയുന്നത്. സ്വരാനുക്രമം എന്നതിന്റെ ഇംഗ്ലീഷ് പദമായ മെലഡിയുടെ ഉത്ഭവം, “ഗീതം” എന്നർഥം വരുന്ന ഗ്രീക്ക് പദമായ മെലോസിൽ നിന്നാണെന്നാണ് ചില ആധികാരിക ഉറവിടങ്ങൾ പറയുന്നത്. “മെലഡി” എന്ന വാക്കിന് മധുരമായ സംഗീതം, അല്ലെങ്കിൽ ഏതെങ്കിലും മധുരമായ ശബ്ദം എന്നൊക്കെയാണ് നിഘണ്ടുക്കൾ അർഥം കൊടുക്കാറുള്ളത്.
എന്നിരുന്നാലും, ഏതെങ്കിലും ഒരു ക്രമത്തിൽ സ്വരങ്ങൾ ചിട്ടപ്പെടുത്തിയാൽ ശ്രുതിമധുരമായ സ്വരാനുക്രമം അല്ലെങ്കിൽ സംഗീതം ഉണ്ടാവുകയില്ല. ഉദാഹരണത്തിന്, അടുത്തടുത്ത സ്വരങ്ങൾക്കിടയിൽ, കൂടെക്കൂടെ നീണ്ട ഇടവേളകൾ വരുന്നത് സംഗീതത്തിന് ഒരുതരം നാടകീയത പകരുമെങ്കിലും അതു ശ്രുതിമധുരമായിരിക്കില്ല. നേരെമറിച്ച്, നീണ്ട ഇടവേളകൾ അധികം ഇല്ലാതെ സ്വരങ്ങൾ സ്വച്ഛമായി ഒഴുകുകയാണെങ്കിൽ, ആ സംഗീതത്തിനു കാതുകളെ കോരിത്തരിപ്പിക്കാൻ കഴിയും. സ്വരങ്ങളുടെയും ഇടവേളകളുടെയും വിവിധ രീതിയിൽ ഉള്ള ചിട്ടപ്പെടുത്തലാണ് സംഗീതത്തിന് ഒന്നുകിൽ വിഷാദച്ഛായ അല്ലെങ്കിൽ ഉല്ലാസഭാവം കൈവരുത്തുന്നത്. താളപ്പൊരുത്തത്തിന്റെ കാര്യത്തിൽ എന്ന പോലെ, സ്വരാനുക്രമവും അതിന്റേതായ പിരിമുറുക്കവും അയവും സൃഷ്ടിക്കാറുണ്ട്. അതിലെ സ്വരസ്ഥായികളുടെ ഉച്ചനീചത്വം, അതായത്, സ്വരങ്ങളുടെ ഉയർച്ചയും താഴ്ചയും, നമ്മുടെ വികാരങ്ങളെ ബാധിക്കും.
ഈ സംഗീതാംശങ്ങളുടെ പരസ്പര ലയത്തിന്, ഒന്നുകിൽ വികാരങ്ങൾക്കു ചൂടുപിടിപ്പിക്കാനോ അല്ലെങ്കിൽ പറഞ്ഞറിയിക്കാനാവാത്ത പ്രശാന്തത കൊണ്ടു മനസ്സിനെ തണുപ്പിക്കാനോ കഴിയും. നമ്മുടെ മസ്തിഷ്കം സംഗീതത്തെ ഉൾക്കൊള്ളുന്നതും അതിനെ അപഗ്രഥിക്കുന്നതും വിവിധ തരത്തിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
സംഗീതവും മസ്തിഷ്കവും
ഭാഷയും യുക്തിയും കൈകാര്യം ചെയ്യുന്നതു പ്രധാനമായും മസ്തിഷ്കത്തിന്റെ ഇടതുഭാഗമാണ് എന്നും വികാരങ്ങളും അനുഭൂതികളുമെല്ലാം കൈകാര്യം ചെയ്യുന്ന മസ്തിഷ്കത്തിന്റെ വലതുഭാഗമാണ് സംഗീതത്തെ അപഗ്രഥിക്കുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതു സത്യമാണെങ്കിലും അല്ലെങ്കിലും, ശ്രോതാവിൽ തത്ക്ഷണ പ്രതികരണങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിവുണ്ട് എന്ന കാര്യം സ്പഷ്ടമാണ്. പെഴ്സെപ്ച്വൽ ആൻഡ് മോട്ടോർ സ്കിൽസ് എന്ന പത്രിക അതു സംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: “ഒരു നിമിഷാർധം കൊണ്ട് ആരിലും വികാരാനുഭൂതികളുടെ തരംഗങ്ങൾ ഉണർത്താൻ സംഗീതത്തിനുള്ള കഴിവ് അപാരംതന്നെയാണ്. ഇതേ അനുഭവം ഒരു പുസ്തകത്തിൽ നിന്നു ലഭിക്കണമെങ്കിൽ വളരെയേറെ വാചകങ്ങൾ വേണ്ടിവരും . . . എന്നാൽ സംഗീതത്തിൽ, ഒരു താളവട്ടം കൊണ്ടോ ഒരൊറ്റ കോഡ് (chord) കൊണ്ടോ ഇതു സാധിച്ചെടുക്കാവുന്നതേ ഉള്ളൂ.”
കാഴ്ചയും കേൾവിയും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ കുറിച്ചും ഇവയോരൊന്നും നമ്മിൽ ഉളവാക്കുന്ന പ്രതികരണത്തെ കുറിച്ചും സംഗീതവും മനസ്സും എന്ന പുസ്തകം രസകരമായ ഈ നിരീക്ഷണം നടത്തുന്നു: “നാം കേൾക്കുന്ന കാര്യങ്ങളാണ് കാണുന്ന കാര്യങ്ങളെക്കാൾ വൈകാരികമായി നമ്മെ കൂടുതൽ ആഴത്തിൽ ബാധിക്കുന്നത്. . . . മുറിവേറ്റ ഒരു മൃഗത്തെയോ നിശ്ശബ്ദമായി വേദന സഹിക്കുന്ന ഒരു വ്യക്തിയെയോ കാണുന്നതു കാഴ്ചക്കാരെ കുറച്ചൊക്കെ വികാരതരളിതരാക്കിയേക്കാം. എന്നാൽ അവർ ഉറക്കെ കരയുകയാണെങ്കിൽ, കണ്ടുനിൽക്കുന്നവനെ അതു ശക്തിയായി പിടിച്ചുലയ്ക്കും.”
ഈരടികളും സംഗീതവും നിങ്ങളും
ഒരു സംഗീതം അതിന്റെ എല്ലാ ശ്രോതാക്കളെയും ഒരുപോലെയാണ് ബാധിക്കുക എന്ന് അനേകർ കരുതുന്നു. മറ്റു ചിലർ കരുതുന്നത്, ഒരു ഗാനം ശ്രോതാവിൽ ഉളവാക്കുന്ന പ്രതികരണം, അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയുടെയോ മുമ്പുണ്ടായ ഏതെങ്കിലും അനുഭവത്തിന്റെയോ പ്രതിഫലനമായിരിക്കും എന്നാണ്. ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെട്ട വ്യക്തി ഒരു ആരാധനാസ്ഥലത്തു വെച്ച് ഒരു പ്രത്യേക ഗാനം കേൾക്കാനിടയാകുന്നു എന്നിരിക്കട്ടെ. അത് അയാളുടെ കാതുകളിൽ പതിയുമ്പോൾ പ്രിയപ്പെട്ട ആളെ കുറിച്ചുള്ള ഓർമകൾ മനസ്സിലേക്ക് ഓടിയെത്തിയേക്കാം. ആ ഓർമകൾ ദുഃഖമായി മനസ്സിൽ അടിഞ്ഞുകൂടുമ്പോൾ അറിയാതെ തന്നെ അയാളുടെ മിഴികൾ നിറഞ്ഞുതുളുമ്പുന്നു. എന്നാൽ ഈ സാഹചര്യത്തിൽ അല്ലാത്ത മറ്റുള്ളവർ, ഇതേ ഗാനം തന്നെ ആനന്ദത്തോടെ ആലപിക്കുകയും ചെയ്തേക്കാം.
ഇനി, ഫ്രഞ്ച് ഹോർണിന്റെയും ട്രംപറ്റിന്റെയും ശബ്ദത്തെ കുറിച്ചു മുമ്പു പ്രതിപാദിച്ച വിവരണങ്ങളുടെ കാര്യമെടുക്കുക. ഫ്രഞ്ച് ഹോർണിന്റെ ശബ്ദം ഗാംഭീര്യമേറിയതാണ് എന്ന അഭിപ്രായത്തോടു നിങ്ങൾക്കു യോജിപ്പില്ലായിരിക്കാം. വെറും കളിമട്ടിലുള്ള ഒരുതരം കോലാഹലമാണ് അതിൽ നിന്നു പുറപ്പെടുന്നത് എന്നായിരിക്കാം നിങ്ങൾക്കു തോന്നിയിട്ടുള്ളത്. എന്നാൽ ട്രംപറ്റിന്റെ ശബ്ദം നിങ്ങളെ ചിന്തകളുടെ നിലയില്ലാക്കയത്തിലേക്കു തള്ളിവിട്ടേക്കാം. ചുരുക്കത്തിൽ, സംഗീതത്തിന്റെ മൃദുസ്പർശം നമ്മിൽ ഓരോരുത്തരിലും ഉണർത്തുക വ്യത്യസ്തമായ വികാരങ്ങൾ ആയിരിക്കും. അതുകൊണ്ട്, നാം അതിനോടു പ്രതികരിക്കുന്നതും നമ്മുടേതായ വിധത്തിലായിരിക്കും.
വാക്കുകളോ ആശയങ്ങളോ സംഗീത രൂപത്തിലാകുമ്പോൾ അതു നമ്മുടെ വികാരങ്ങളെ സ്പർശിക്കുന്നു. അതുകൊണ്ടാണ് ഒട്ടുമിക്ക റേഡിയോ, ടെലിവിഷൻ പരസ്യങ്ങളും സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്നത്. മിക്കപ്പോഴും ഈ പരസ്യങ്ങളിലെ വാക്കുകൾക്കു വലിയ അർഥമൊന്നും ഉണ്ടാവില്ല. എന്നാൽ, അനുയോജ്യമായ പശ്ചാത്തല സംഗീതം ഉണ്ടെങ്കിൽ, പരസ്യങ്ങൾ ശ്രോതാക്കളുടെ വികാരങ്ങളെ സ്പർശിക്കുന്നു. വാങ്ങൽ എന്ന പ്രക്രിയ ഒരു വികാരപരമായ പ്രതികരണം ആക്കിത്തീർക്കുക—അല്ലാതെ യുക്തിപരമായ ഒന്നല്ല—എന്നതാണു മിക്ക പരസ്യങ്ങളുടെയും ലക്ഷ്യം എന്നു പറയുന്നത് എത്ര സത്യമാണ്!
പരസ്യങ്ങൾ, പൊതുജനങ്ങളുടെ കീശ ചോർത്തുക മാത്രമല്ല ചെയ്യുന്നത്. അവയുടെ സംഗീതത്തിലും ഈരടികളിലും ഒളിഞ്ഞിരിക്കുന്ന ശക്തിക്കു കൂടുതൽ അപകടകരമായ മറ്റൊരു വശം കൂടെയുണ്ട്. പാട്ടിലെ ആവർത്തിച്ചു വരുന്ന ഈരടികളിലൂടെ ഗാനരചയിതാക്കൾ വാസ്തവത്തിൽ, കൗമാരക്കാരോടു മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കാറ്റിൽ പറത്താനും “മർക്കടമുഷ്ടി കാണിക്കാനും” പഠിപ്പിക്കുകയാണു ചെയ്യുന്നതെന്നു ജേർണൽ ഓഫ് യൂത്ത് ആൻഡ് അഡോളസെൻസ് അഭിപ്രായപ്പെടുന്നു. “വിവാദം സൃഷ്ടിച്ചിട്ടുള്ള റാപ്പ് സംഗീതത്തിലെ ഈരടികൾ” നൽകുന്ന സന്ദേശം “ഹെവി മെറ്റൽ സംഗീതത്തിന്റെ ഈരടികളെക്കാൾ വ്യക്തമാണ്” എന്നും അതിനു ശ്രോതാവിന്റെ വികാരങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും അവരെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കു നയിക്കാനും കഴിവുണ്ടെന്നും മറ്റൊരു ഉറവിടം പറയുന്നു.
എന്നാൽ, ഒരു വ്യക്തി പാട്ടിന്റെ സംഗീതം മാത്രം ശ്രവിക്കുകയും അതിന്റെ ഈരടികൾ അവഗണിക്കുകയും ചെയ്യുന്നെങ്കിൽ അപകടം ഒഴിവാക്കാൻ കഴിയുമോ? റാപ്പ് സംഗീതത്തിലെയും ഹെവിമെറ്റൽ സംഗീതത്തിലെയും വാക്കുകൾ മനസ്സിലാക്കിയെടുക്കുക ഒരളവുവരെ ബുദ്ധിമുട്ടാണെന്ന കാര്യം ശരിയാണ്. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം കാരണം വാക്കുകൾ വ്യക്തമായി കേൾക്കാൻ പോലും കഴിയില്ല. പക്ഷേ, വാക്കുകൾ മനസ്സിലായാലും ഇല്ലെങ്കിലും, അതിലെ മുഴങ്ങുന്ന താളത്തിലും ആവർത്തിക്കപ്പെടുന്ന ഈണത്തിലും അതിന്റെ സന്ദേശം വ്യക്തമായി കേൾക്കാം!
അത് എങ്ങനെയാണ്? ചില പാട്ടുകളുടെ ശീർഷകങ്ങൾ തന്നെ മനസ്സിൽ ചില പ്രതിരൂപങ്ങൾ പതിപ്പിക്കാൻ പോന്നവയാണ്. മാത്രമല്ല, മിക്കപ്പോഴും സംഗീതം ഏതു വകഭേദത്തിൽ പെടുന്നു എന്ന് അറിഞ്ഞാൽ അതിന്റെ സന്ദേശം മനസ്സിലാക്കിയെടുക്കാൻ കഴിയും. എന്തെല്ലാം സന്ദേശങ്ങളാണ് ശ്രോതാവിനു ലഭിക്കുക? യുവപ്രായക്കാർക്കു വേണ്ടിയുള്ള ഒരു പത്രിക പറയുന്നു: “അധികാരം, കയ്യൂക്ക്, ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് അവ നൽകുന്നത് എന്നു തോന്നുന്നു.” മറ്റൊരു പത്രിക പറയുന്നു: “അതിന്റെ അടിസ്ഥാന പ്രതിപാദ്യവിഷയങ്ങൾ . . . കടുത്ത മത്സരം, അക്രമം, മദ്യം, മയക്കുമരുന്നു ദുരുപയോഗം, കുത്തഴിഞ്ഞ ലൈംഗികത, കടിഞ്ഞാണില്ലാത്ത ജീവിതം, സാത്താന്യ ആരാധന എന്നിവയൊക്കെയാണ്.”
ഇതു സത്യമായിരിക്കാമെങ്കിലും, സംഗീതം തങ്ങളുടെ മേൽ മോശമായ ഫലങ്ങളൊന്നും ഉളവാക്കാൻ പോകുന്നില്ല എന്നു ചില ചെറുപ്പക്കാർ അവകാശപ്പെടുന്നു. വ്യക്തിയെന്ന നിലയിൽ ‘സ്വയം കണ്ടെത്തുന്നതിന്’ അത്തരം സംഗീതം സഹായിക്കുന്നതുകൊണ്ട് അവ പ്രയോജനപ്രദമാണ് എന്നും അവർ വാദിച്ചേക്കാം. എന്നാൽ വാസ്തവം അതാണോ? ജേർണൽ ഓഫ് യൂത്ത് ആൻഡ് അഡോളസെൻസ് പറയുന്നു: “ഹെവിമെറ്റൽ സംഗീതത്തിലെ പ്രകടഭാവങ്ങളായ രോഷം, വൈരം, മേൽക്കോയ്മ എന്നിവ പഠിത്തത്തിൽ പുറകോട്ടായ കുട്ടികൾ പ്രത്യേകിച്ചും ഇഷ്ടപ്പെടും. പ്രതീക്ഷിക്കുന്ന നിലവാരത്തിൽ എത്തിച്ചേരുന്നില്ല എന്ന തോന്നലിനോടു മല്ലടിച്ച്, സ്കൂളിൽ ഒരുകണക്കിന് ദിവസം കഴിച്ചുകൂട്ടി തിരിച്ചെത്തുന്ന ഇക്കൂട്ടർ ഈ സംഗീതം രണ്ടു കൈയും നീട്ടി സ്വീകരിച്ചേക്കാം.” അത് ഇങ്ങനെ തുടരുന്നു: “തനതായ ഒരു വ്യക്തിത്വം വാർത്തെടുക്കാൻ അവർ ഉപയോഗപ്പെടുത്തുന്നത് എല്ലാവരും ഉപയോഗിക്കുന്ന ഒരു മാധ്യമം ആണ് എന്നതാണു വിരോധാഭാസം. വ്യക്തിത്വവികസനത്തിന് തങ്ങളുടേതു മാത്രമായ സവിശേഷതകൾ ഉപയോഗിക്കുന്നതിനു പകരം അവർ ഒരു വാണിജ്യ വ്യവസായം പ്രദാനം ചെയ്യുന്ന കാര്യങ്ങൾ അപ്പാടെ സ്വന്തമാക്കുക മാത്രമാണു ചെയ്യുന്നത്.” മറ്റു വാക്കുകളിൽ പറഞ്ഞാൽ, തങ്ങൾ എന്തു ചിന്തിക്കണം, എങ്ങനെയൊക്കെ ചിന്തിക്കണം എന്നെല്ലാം മറ്റുള്ളവർ ആണ് അവരോടു പറയുന്നത്.
റോക്ക് കച്ചേരികളുടെ കാര്യം തന്നെയെടുക്കുക. അതിനു വേണ്ടി തടിച്ചുകൂടുന്ന ജനസഹസ്രങ്ങളെ അത് എപ്രകാരമാണു ബാധിക്കുക? സംഗീതവും മനസ്സും എന്ന പുസ്തകം ഉത്തരം നൽകുന്നു: “റോക്ക് കച്ചേരികളിൽ, ജനക്കൂട്ടത്തിന്റെ ആവേശം മാനം മുട്ടെ ഉയരുന്നു. തനിച്ചു സംഗീതം കേൾക്കുന്നതിനെക്കാൾ, ഒരു കൂട്ടമായി കേൾക്കുമ്പോൾ ശ്രോതാക്കളുടെ വികാരങ്ങൾ അതിന്റെ പരകോടിയിലെത്തുന്നു. അത് അവരുടെ ന്യായബോധം നഷ്ടപ്പെടുത്തുകയും അവരെ നൈമിഷികമായ വികാരാവേശത്തിനു കീഴ്പെടുത്തുകയും ചെയ്യുന്നു. ജനക്കൂട്ടം ഭ്രാന്തമായ ആവേശത്തിന് അടിപ്പെടുന്നതിന്റെ കാരണം അതാണ്.” റോക്ക് സംഗീതക്കച്ചേരികൾ നടക്കുന്ന സ്ഥലങ്ങളിൽ ഇടയ്ക്കൊക്കെ അരങ്ങേറാറുള്ള അക്രമാസക്ത സംഭവങ്ങൾ ഈ പ്രസ്താവനയുടെ സത്യതയ്ക്ക് അടിവരയിടുന്നു.
അതുകൊണ്ട്, നമ്മുടെ മനസ്സുകളും ഹൃദയങ്ങളും ദുഷിക്കപ്പെടാതിരിക്കുന്നതിന്, സംഗീതം തിരഞ്ഞടുക്കുന്ന കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? അടുത്ത ലേഖനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതായിരിക്കും.
[7-ാം പേജിലെ ചിത്രം]
സംഗീതം മിക്കപ്പോഴും ശ്രോതാക്കളിൽ നൃത്തം ചെയ്യാനുള്ള അഭിവാഞ്ഛ ഉളവാക്കുന്നു