റേഡിയൽ കെരാറേറാററമി—അത് എന്താണ്?
റേഡിയൽ കെരാറേറാററമി എന്നറിയപ്പെടുന്ന ശസ്ത്രക്രിയാനടപടിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഉണരുക! ഇവിടെ അവതരിപ്പിക്കുന്നത്, അത് ഒരാൾക്കുവേണ്ടി എന്തു ചെയ്യുമെന്നും ഉൾപ്പെട്ടിരിക്കാവുന്ന അപകടസാധ്യതകളും. ഉണരുക! അതിന്റെ ഉപയോഗത്തിനു ശുപാർശ ചെയ്യുന്നില്ല. അതു വ്യക്തിപരമായ പരിശോധനക്കുശേഷം തനിക്കുള്ളതാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കുമുള്ളതാണ്.
റേഡിയൽ കെരാറേറാററമിക്ക് (ആർകെ) ചില രാജ്യങ്ങളിൽ ഈയിടെ ടെലിവിഷനിലൂടെയും മാസികകളിലൂടെയും വർത്തമാനപ്പത്ര ലേഖനങ്ങളിലൂടെയും വിപുലമായ തോതിൽ പ്രസിദ്ധി കൊടുത്തിട്ടുണ്ട്. അതു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സാർവദേശീയ നേത്രശാസ്ത്ര കോൺഫറൻസുകളിൽ മുഖ്യ ചർച്ചാവിഷയമായിരുന്നിട്ടുണ്ട്. ഈ ശസ്ത്രക്രിയാനടപടി 20-ൽപരം വർഷങ്ങളായി നടത്തുകയും വൈദ്യശാസ്ത്രഗവേഷകരാൽ അതിനുമുമ്പു ചില വർഷങ്ങളിൽ വർണിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും വളരെ അടുത്ത കാലത്ത് അതിനു പ്രചാരം സിദ്ധിച്ചുവരുകയാണ്. നേത്ര ശസ്തക്രിയാവിദഗ്ധരുടെ വർദ്ധിച്ചുവരുന്ന സംഖ്യ സെമിനാറുകളിൽ സംബന്ധിക്കുകയും ഈ ശസ്ത്രക്രിയ നടത്താൻ പഠിക്കുകയുമാണ്.
ലക്ഷക്കണക്കിനാളുകൾ സമീപക്കാഴ്ചയോടെയാണു ജനിക്കുന്നത് അല്ലെങ്കിൽ അങ്ങനെ ആയിത്തീരുന്നു. “സമീപക്കാഴ്ച”യുടെ അർഥമെന്താണ്? കണ്ണടകളുടെയോ ലെൻസുകളുടെയോ സഹായമില്ലാതെ വിദൂരവസ്തുക്കൾ വ്യക്തമായി കാണാൻ കഴിവില്ലെന്നാണതിന്റെ അർഥം. സാധാരണയായി സമീപക്കാഴ്ചയുള്ള ആളുകൾക്കു കണ്ണടയില്ലാതെ വായിക്കാൻ കഴിയും, എന്നാൽ ശരിയായ വ്യക്തത കിട്ടാൻ പത്രം വളരെ അടുത്തു പിടിക്കുന്നു.
റേഡിയൽ കെരാറേറാററമി സമീപക്കാഴ്ചയുള്ള ആളുകളിൽ നടത്തുമ്പോൾ അതു ദൂരെക്കാഴ്ചക്കു കണ്ണടയുടെ ആവശ്യം കുറയ്ക്കുന്നതിനോ നീക്കംചെയ്യുന്നതിനോ ശ്രമിക്കുന്ന ഒരു ശസ്ത്രക്രിയാനടപടിയാണ്. ഈ ശസ്ത്രക്രിയ സമീപക്കാഴ്ചയിലെപ്പോലെ, ദൃഷ്ടിപടലത്തിന്റെ മുമ്പിലല്ല, കൃത്യം പടലത്തിൽത്തന്നെ വ്യക്തമായ പ്രതിബിംബം വീഴത്തക്കവണ്ണം കാചപടലത്തെ പുനരാകൃതിപ്പെടുത്തുന്നു. ദർശനകേന്ദ്രത്തിന് തെളിമ കൊടുക്കാൻ ദർശനമണ്ഡലത്തിന്റെ വക്കിനോടടുത്ത് കാചപടലത്തിന്റെ പുറംപാളികളിൽ മുറിവുകളുണ്ടാക്കുന്നു. ഈ മുറിവുകൾ ആഴത്തിലും ദൈർഘ്യത്തിലും എണ്ണത്തിലും വ്യത്യാസപ്പെട്ടിരിക്കും.
ഒരു പുതിയ ശസ്ത്രക്രിയയല്ല
പുരാതനചീനക്കാർ തങ്ങളുടെ കണ്ണുകൾക്കുമീതെ മണൽസഞ്ചികൾ വെച്ച് ഉറങ്ങിക്കൊണ്ട് സമീപക്കാഴ്ചയുടെ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. കാചപടലം ശരിയാക്കാൻ അല്ലെങ്കിൽ പരിഷ്കരിക്കാൻ 1894-ഓളം മുമ്പു ശസ്ത്രക്രിയാസമ്പ്രദായങ്ങൾ നടത്തിയിരുന്നതായി മെഡിക്കൽ പത്രികകൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ആ കാലംമുതൽ തെക്കേ അമേരിക്കയിലും പിന്നീടു ജപ്പാനിലുമുള്ള ശസ്ത്രക്രിയാവിദഗ്ധർ വ്യക്തമായ കാഴ്ച ഉളവാക്കുന്നതിനു ശസ്ത്രക്രിയ ചെയ്തു കാചപടലത്തിന്റെ ആകൃതിമാററുന്നതിനുള്ള വിദ്യകൾ വർണിച്ചിട്ടുണ്ട്. ജപ്പാൻകാരുടെ അനുഭവം ഈ സമീപനത്തെ പരിഷ്കരിച്ചു കൂടുതൽ വിജയപ്രദമാക്കാൻ ഒരു റഷ്യൻ ശസ്ത്രക്രിയാവിദഗ്ധനെ പ്രചോദിപ്പിച്ചു.
അതിന്റെ ഫലങ്ങൾ വിശ്വസനീയമെന്നു തെളിഞ്ഞതോടെ, മററു രാജ്യങ്ങളിൽനിന്നുള്ള പല വിദഗ്ധൻമാർ ശസ്ത്രക്രിയ നിരീക്ഷിച്ചു. അവർ ഫലങ്ങൾ നിരീക്ഷിക്കുന്നതിനു പല സന്ദർഭങ്ങളിൽ മടങ്ങിയെത്തുകയും പിന്നീട് അവരുടെ രാജ്യങ്ങളിൽ ഈ ശസ്ത്രക്രിയ അവതരിപ്പിക്കുകയും ചെയ്തു. 1979 ആയതോടെ ഈ സാങ്കേതികവിദ്യയെയും ഫലങ്ങളെയും ഏറെ വിജയകരമായ ഫലങ്ങൾക്കാവശ്യമായ പരിഷ്കാരങ്ങളെയും വർണിക്കാൻ പ്രബന്ധങ്ങൾ എഴുതപ്പെട്ടു. അതുകൊണ്ട് ഈ നടപടി നിങ്ങൾക്കു പുതിയതായിരിക്കാമെങ്കിലും അതു ശസ്ത്രക്രിയാവിദഗ്ധർക്കു പുതിയതല്ല.
ഈ ശസ്ത്രക്രിയാരീതിയുടെ ഫലപ്രദത്വം തെളിയിച്ച് അല്ലെങ്കിൽ ഖണ്ഡിച്ചു പൊതുജനങ്ങളെ സംരക്ഷിക്കാൻ ഐക്യനാടുകളിൽ പല ഗവേഷണകേന്ദ്രങ്ങളിൽ പഠനം നടത്തപ്പെട്ടു. ഫലങ്ങൾ 1980-കളിൽ പെർക്ക് (PERK) പഠനം എന്നു വിളിക്കപ്പെടുന്നതിൽ പ്രസിദ്ധീകരിച്ചു. നേത്രശാസ്ത്രത്തിന്റെ അമേരിക്കൻ അക്കാദമി വെള്ളെഴുത്ത് (സമീപക്കാഴ്ച) കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ സമീപനമെന്ന നിലയിൽ ഈ സാങ്കേതികവിദ്യയെ പിന്നീട് അംഗീകരിച്ചു.
ആർകെ നിങ്ങൾക്കുള്ളതോ?
ആർകെയുടെ വികാസത്തെക്കുറിച്ചു നമുക്ക് ഇപ്പോൾ കുറെ അറിവുള്ളതുകൊണ്ടു പരിഗണിക്കാവുന്ന ഒരു സാങ്കേതികമാർഗമാണോ അതെന്നു നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? ഒരു സമ്പൂർണ നേത്രപരിശോധനയാണ് ആദ്യനടപടി. നിങ്ങളുടെ കണ്ണുകൾ ഈ നടപടിക്കു അനുയോജ്യമാണെന്നുള്ള ഒരു ഫിസിഷ്യന്റെ തീരുമാനത്തിനുശേഷം നിങ്ങളുടെ വെള്ളെഴുത്തിന്റെ അളവിനുള്ള വിജയസാധ്യത സൂചിപ്പിക്കാനാവും. കൂടുതൽ രൂക്ഷമായ വെള്ളെഴുത്തിനു വിജയനിരക്കു കുറവാണ്.
നേത്ര പരിശോധനയാൽ നിങ്ങൾ ആർകെയ്ക്ക് അംഗീകരിക്കപ്പെടുന്നുവെങ്കിൽ ഗണ്യമായ അനുഭവജ്ഞാനമുള്ള ഒരു ആർകെ സർജനെ നിങ്ങൾക്കു കണ്ടെത്താവുന്നതാണ്. മിക്ക വൻനഗരങ്ങളിലും, കുറെ വർഷങ്ങളിലെ അനുഭവപരിചയമുള്ള ഒരു വിദഗ്ദ്ധനെങ്കിലും ഉണ്ടാവണം. സെമിനാറുകളിൽ സംബന്ധിക്കുന്നതിനാലും അനുഭവരേഖകൾ പുനരവലോകനം ചെയ്യുന്നതിനാലും മുൻ രോഗികളോടും മററു നേത്രശാസ്ത്രജ്ഞരോടും സംസാരിക്കുന്നതിനാലും നിങ്ങൾക്കു സ്ഥിരമായ വിജയഫലങ്ങളുടെ പൂർവചരിത്രമുള്ള ഒരു നേത്രശാസ്ത്രജ്ഞനെ കണ്ടെത്താൻ കഴിഞ്ഞേക്കും.
1991-നും 1992-നുമിടക്ക് ഐക്യനാടുകളിൽ ഈ ശസ്ത്രക്രിയ നടത്തുന്ന നേത്രശാസ്ത്രജ്ഞൻമാരുടെ എണ്ണം 13 ശതമാനത്തിൽനിന്ന് 25 ശതമാനമായി വർദ്ധിച്ചു. ഇതിന്റെ അർഥം ഈ രംഗത്തു ചിലർ പുതിയവരാണെന്നാണ്. എന്നാൽ അത് ഈ നടപടിയുടെ വർദ്ധിച്ച അംഗീകാരത്തെയും പ്രകടമാക്കുന്നു. ആദ്യകാല ശസ്ത്രക്രിയാവിദഗ്ധർക്ക് അനുഭവപ്പെട്ട കൂടെക്കൂടെയുള്ള കുഴപ്പങ്ങൾ ഒഴിവാക്കാൻ കഴിയത്തക്കവണ്ണം പുതിയ സർജൻമാർ പരിശീലനം തേടാൻ ഈ മണ്ഡലത്തിലെ വിദഗ്ധർ ഇപ്പോൾ ആഹ്വാനം നടത്തുകയാണ്.
ശസ്ത്രക്രിയ വേണമെന്നു തീരുമാനിക്കുന്നതിനുമുമ്പു നിങ്ങൾ അറിയേണ്ടതായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയത്തക്കവണ്ണം ഈ നടപടിയെക്കുറിച്ചു പഠിക്കുന്നത് ഒരു നല്ല ആശയമാണ്. വിജയപ്രദരായ സർജൻമാർക്ക് ഓരോ രോഗിയെയും വിശകലനംചെയ്യാനും ഫലത്തെ നിയന്ത്രിക്കുന്നതിനു ശസ്ത്രക്രിയയെ ക്രമീകരിക്കാനും കഴിയും. അവർ ഓരോ കേസും വ്യക്തിപരമായ അടിസ്ഥാനത്തിൽ സമീപിക്കുന്നു, ശസ്ത്രക്രിയയെ ആ വ്യക്തിയോടു പൊരുത്തപ്പെടുത്തിക്കൊണ്ടുതന്നെ. മുറിവുകളുടെ എണ്ണം, അവയുടെ ആഴം, അവയുടെ ദൈർഘ്യം എന്നിവയാണു ഫലത്തെ നിർണയിക്കുന്നതെന്നു ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുടെ പ്രായം, ലിംഗം, കണ്ണിന്റെ മർദം, കണ്ണിന്റെ ആകൃതി, എന്നിവ മററു പരിഗണനകളാണ്. ഫലപ്രദമായി ക്രമീകരണംചെയ്യാനും ഫലം അനുയോജ്യമാക്കാനും വ്യത്യസ്തതയുളവാക്കുന്ന മററു കാര്യങ്ങളും നിങ്ങളുടെ സർജൻ പരിഗണിച്ചേക്കാം.
സർജൻ എത്ര വർഷങ്ങളായി ഈ ശസ്ത്രക്രിയ നടത്തുന്നുണ്ടെന്നും എത്ര എണ്ണം നടത്തിയിട്ടുണ്ടെന്നും അറിയുന്നത് അദ്ദേഹത്തിന്റെ അല്ലെങ്കിൽ അവരുടെ അനുഭവജ്ഞാനത്തിന്റെ ഒരു സൂചന നൽകുന്നു. ടോപ്പോഗ്രാഫർ എന്നു പേരുള്ള ഒരു കമ്പ്യൂട്ടർവൽകൃത വീഡിയോ പ്രതിബിംബസംവിധാനം സർജനുണ്ടായിരിക്കുക എന്നത് ഈ വൈദ്യശുശ്രൂഷയുടെ അടിസ്ഥാനവ്യവസ്ഥകളിലൊന്നാണ് എന്ന് അടുത്ത കാലത്തെ മെഡിക്കൽ ജേർണലുകൾ സൂചിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണം എത്ര മെച്ചമാണോ അത്രക്കു നിങ്ങൾക്കു നല്ല ഫലങ്ങൾ ലഭിക്കാൻ കൂടുതൽ സാദ്ധ്യതയുണ്ട്.
നടപടി
നിങ്ങൾ ഈ ശസ്ത്രക്രിയാനടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും? നേത്രപരിശോധന, കണ്ണിന്റെയും അതിന്റെ ഘനത്തിന്റെയും പാരസ്വന അളവുകൾ (ultrasound measurements) വക്രതാ അളവുകൾ, നേത്രമർദ അളവുകൾ, ഒരുപക്ഷേ വീഡിയോ കമ്പ്യൂട്ടറുല്പാദിത സ്ഥലാകൃതി എന്നിവ ഉൾപ്പെടുന്ന ശസ്ത്രക്രിയക്കു മുമ്പുള്ള ഒരു പ്രവർത്തനം ഉണ്ട്. ഈ സകല വിവരങ്ങളും സഹിതം നിങ്ങളുടെ ശസ്ത്രക്രിയ ആസൂത്രണംചെയ്യപ്പെടുന്നു. ഒരു അനുമതിപത്രം മനസ്സിലാക്കി നിങ്ങൾ ഒപ്പിട്ടുകഴിയുന്നതോടെ സാധാരണമായി നിങ്ങൾക്ക് ഒരു ശാമകൗഷധം (sedative) നൽകുന്നു.
അനുമതിപത്രത്തെക്കുറിച്ചു പറയുമ്പോൾ, ഫാറത്തിൽ സൂചിപ്പിച്ചിരിക്കുന്ന ചില അപകടസാദ്ധ്യതകളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. കണ്ണിന്റെ ബാഹ്യപടലങ്ങളിലാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. തിളക്കത്താലുള്ള പ്രശ്നങ്ങൾ, പ്രകാശങ്ങളുടെ നക്ഷത്രദീപ്തി, കാഴ്ചയുടെ ഏററക്കുറച്ചിൽ, കണ്ണിൽ എന്തോ അന്യവസ്തു ഉണ്ടെന്നുള്ള തോന്നൽ, വരണ്ട നേത്രങ്ങൾ, കണ്ണിനെക്കുറിച്ചുള്ള ഒരു സ്വബോധം എന്നിവയാണു സാധാരണ പാർശ്വഫലങ്ങൾ, അവ മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നേക്കാം. മുറിവുകളാൽ കണ്ണു ദുർബലമായിത്തീരുന്നു. കണ്ണു ദുർബലമായിരിക്കുന്നിന്റെ സമയദൈർഘ്യം ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയാനന്തരം കണ്ണിലൊഴിക്കുന്ന ഔഷധങ്ങൾകൊണ്ടും പ്രവർത്തനപരിമിതികൾസംബന്ധിച്ച നിർദേശങ്ങൾ അനുസരിക്കുന്നതുകൊണ്ടും പല കുഴപ്പങ്ങളും നീക്കംചെയ്യാൻ കഴിയും. അനുസരണമുള്ള ഒരു രോഗി വിജയശതമാനം ഉയർത്തുന്നു.
നിങ്ങൾ ശസ്ത്രക്രിയക്കു തയ്യാറാണെങ്കിൽ, അടുത്തതായി എന്ത്? അല്പം ശാമകൗഷധം കഴിച്ചശേഷം 30 മിനിററിനുള്ളിൽ നിങ്ങൾ ആർകെ ശസ്ത്രക്രിയാശാലയിലേക്കു നടക്കുന്നു. നിങ്ങളുടെ കൺപോളകൾ ശുദ്ധിയാക്കുന്നു, നിങ്ങളുടെ മുഖത്തിൻമേൽ ഒരു ആവരണം ഇടുന്നു. ഈ സമയത്ത് അന്തിമ അളവുകൾ എടുത്തേക്കാം. ശസ്ത്രക്രിയോപകരണങ്ങൾ ഒരു ഭൂതക്കണ്ണാടിക്കുകീഴിൽ കൃത്യതക്കുവേണ്ടി പരിശോധിക്കപ്പെടുന്നു. നിങ്ങളുടെ കണ്ണിൻമേൽ വേദന നീക്കുന്നതിനുള്ള തുള്ളിമരുന്ന് ഒഴിക്കുന്നു. കണ്ണിന്റെ വേദന മരവിപ്പിച്ചുകഴിഞ്ഞാൽ കണ്ണിമയ്ക്കൽ തടയുന്നതിന് കൺപോളകൾ തുറന്നുപിടിക്കുന്നതിനുള്ള ഒരു ഉപകരണം യഥാസ്ഥാനത്തു വെക്കുന്നു. രോഗി ഒരു പ്രകാശത്തിൻമേൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നു, സർജന് ശസ്ത്രക്രിയ ചെയ്തുതുടങ്ങാനുള്ള ഒരു സ്ഥാനമെന്ന നിലയിൽ നിങ്ങളുടെ ദർശനകേന്ദ്രം അടയാളപ്പെടുത്തുന്നു. പിന്നീടു ശസ്ത്രക്രിയാമാതൃക അടയാളപ്പെടുത്തുന്നതിനു മിക്കപ്പോഴും കണ്ണിൻമേൽ ഒരു ടെംപ്ലെററ് വെക്കുന്നു. ഇനി ശസ്ത്രക്രിയ തുടങ്ങുകയായി.
20-ൽ കുറഞ്ഞ മിനിററിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകുന്നു. സാധാരണമായി കണ്ണു കുറേക്കാലം മൂടിയിടുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്കു നിങ്ങളുടെ സമീപക്കാഴ്ചയിൽ മെച്ചം കാണാൻ കഴിയും. കാഴ്ചയിലെ മുഖ്യമാററങ്ങൾ അടുത്ത 7മുതൽ 30വരെ ദിവസങ്ങളിൽ നടക്കുന്നു. മൂന്നു മാസത്തിനുശേഷം ചെറിയ മാററങ്ങളേ സംഭവിക്കുന്നുള്ളു. ഒരു വർഷത്തിനുശേഷം ആപേക്ഷികമായ സ്ഥിരതയുണ്ട്. അടുത്ത 20 വർഷം, 4 രോഗികളിൽ ഒരാൾക്കു കാഴ്ചയിൽ കൂടുതലായ മാററങ്ങൾ ദൃശ്യമാകും.
അത് എല്ലാവർക്കുമുള്ളതല്ല
നമ്മൾ കുഴപ്പങ്ങളെക്കുറിച്ച് അല്പം സംസാരിച്ചുകഴിഞ്ഞു. ഇനി നമുക്ക്, പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ പാർശ്വഫലങ്ങളെക്കുറിച്ചു കുറേക്കൂടെ സംസാരിക്കാം. ആർകെ സമീപക്കാഴ്ചയുടെ എല്ലാ തലങ്ങളെയും ശരിയാക്കുന്നില്ല. മിക്കവാറുമെല്ലാ കേസുകളിലും അതു സഹായകമാണ്, എന്നാൽ ചില സമീപക്കാഴ്ചക്കാർക്ക് അതു ഗുണംചെയ്യുന്നില്ല. ചിലർക്ക് ഏററക്കുറച്ചിലുള്ള കാഴ്ച അനുഭവപ്പെടുന്നു. അതിന്റെ അർഥം രാവിലെ, കാഴ്ച വൈകുന്നേരത്തേതിൽനിന്നു വ്യത്യസ്തമാണെന്നാണ്. പകൽ മുഴുവൻ ഒരു കമ്പ്യൂട്ടർ സ്ക്രീനിന്റെ മുമ്പിലിരിക്കുന്നവരിൽ ഇതു വിശേഷാൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആർകെ രോഗികളിൽ ബഹുഭൂരിപക്ഷത്തിനും ഇതു സ്ഥിരമായി അനുഭവപ്പെടുന്നില്ല, എന്നാൽ ഒരു ചെറിയ ശതമാനത്തിന് അനുഭവപ്പെടുന്നു. രാത്രിയിലെ തിളക്കം ആർകെ ശസ്ത്രക്രിയ കഴിഞ്ഞ അനേകരുടെ അസ്വസ്ഥതയാണ്, എന്നാൽ വീണ്ടും ഭൂരിപക്ഷവും ഇത് ഒരു സ്ഥിര അവസ്ഥയായിരിക്കുന്നതായി പരാതിപ്പെടുന്നില്ല. കണ്ണു വരണ്ടിരിക്കുന്നവർക്കും തന്നിമിത്തം ഒരുപക്ഷേ കോണ്ടാക്ട് ലെൻസ് ഉപേക്ഷിച്ചവർക്കും ആറുമാസത്തോളം കൂടുതലായ വരൾച്ച അനുഭവപ്പെടും. ചിലർക്കു തിരുത്തൽ കൂടിപ്പോയോ എന്നു തോന്നുന്നു, അത് അടുത്തുകാഴ്ചയെ കവർന്നുകളയുന്നു. അതിനു കോണ്ടാക്ട് ലെൻസോ കണ്ണടകളോ കൂടാതെയുള്ള ദൂരക്കാഴ്ചയെ മോശമാക്കാനും കഴിയും. ഇതു വളരെ സാധാരണമല്ല, എന്നാൽ ചില ആർകെ രോഗികളിൽ ഇതു സംഭവിക്കുകതന്നെ ചെയ്യുന്നു.
ശസ്ത്രക്രിയക്കുശേഷമുള്ള ആദ്യത്തെ മൂന്നു മാസങ്ങളിൽ പൊതു ആരോഗ്യപ്രശ്നങ്ങൾ, വൈകാരിക ക്ലേശം, ഗർഭം, ഔഷധപ്രയോഗം, ജോലിമാററങ്ങൾ, വ്യായാമരീതികൾ, ആഹാരക്രമത്തിലുള്ള മാററങ്ങൾ വിശേഷാൽ വിശ്രമക്കുറവ് എന്നിവയാലെല്ലാം കാഴ്ച ബാധിക്കപ്പെട്ടേക്കാം. ക്രമമായി ഭാരമുയർത്തുന്ന ആളുകൾക്കു സാധാരണമായി തങ്ങൾ പ്രതീക്ഷിക്കുന്ന കാഴ്ചപ്രാപ്തി നേടുന്നതിന് ആവർത്തിച്ചുള്ള ശസ്ത്രക്രിയ ആവശ്യമാണെന്ന് ഒരു ആർകെ സർജൻ കുറിക്കൊണ്ടിട്ടുണ്ട്. ദൈനംദിന കാഴ്ചയെ ബാധിക്കുന്ന അനേകം കാര്യങ്ങളുണ്ട്, വിശേഷിച്ച് ആദ്യത്തെ മൂന്നു മാസങ്ങളിൽ. സുഖംപ്രാപിച്ചുകൊണ്ടിരിക്കുമ്പോൾ രോഗി കാഴ്ചസംബന്ധിച്ച മാററങ്ങൾക്കു തയ്യാറായിരിക്കണം.
എല്ലായ്പ്പോഴും ആർകെ, കണ്ണടകളോ കോണ്ടാക്ട് ലെൻസോ മാററാൻതക്കവണ്ണം അത്ര കൃത്യതയുള്ളതല്ല. കാരണം ഇവ നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതം പൊരുത്തപ്പെടുത്താൻ കഴിയും. ആർകെ ശസ്ത്രക്രിയ ഒരു പൊതുസമീപനമാണ്, അപൂർവമായി മാത്രമേ ആർകെ രോഗികൾ ശസ്ത്രക്രിയക്കുശേഷം കണ്ണടകൾ തിരഞ്ഞെടുക്കുന്നുള്ളു. നിങ്ങൾക്കു ദൂരക്കാഴ്ചക്ക് ഒരു കണ്ണും സമീപക്കാഴ്ചക്ക് മറേറതും ഉണ്ടായിരിക്കത്തക്കവണ്ണം ഒരു കണ്ണുമാത്രം ശരിപ്പെടുത്തുക സാധ്യമാണ്. കാഴ്ചയുടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാതെവരുമ്പോൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നുണ്ടെങ്കിൽ ആർകെ ശസ്ത്രക്രിയക്കുശേഷം കൂടുതലായ ശസ്ത്രക്രിയകൾ നടത്താൻ കഴിയും. ഇനിയെത്ര ശസ്ത്രക്രിയകൂടെ നടത്തണമെന്നറിയുന്നതിനു വളരെയധികം അനുഭവപരിചയമുള്ള ഒരു സർജൻ ആവശ്യമാണ്.
പരിശോധിക്കുക, പിന്നീടു തീരുമാനിക്കുക
നിങ്ങൾ ഈ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കുകയാണെങ്കിൽ, ഏററവും നല്ല ബുദ്ധ്യുപദേശം, ഈ വിഷയംസംബന്ധിച്ച് നിങ്ങൾക്കാവുന്നത്ര വിവരങ്ങൾ ശേഖരിക്കണം എന്നതാണ്, കാരണം നേരിട്ടുള്ള ഉത്തരം ലഭിക്കുന്നതിനു നിങ്ങൾ ഉചിതമായ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. പിന്നീടു നിങ്ങൾ സ്വീകരിക്കാനാഗ്രഹിക്കുന്ന സമീപനം നിശ്ചയിക്കുന്നതിനു പല ആർകെ സർജൻമാരുടെ അടുക്കലേക്കു പോകുക. (സദൃശവാക്യങ്ങൾ 15:22) ഈ ശസ്ത്രക്രിയക്കു നിങ്ങൾ പററിയ ആളാണ് എന്നു നിങ്ങൾ കണ്ടെത്തിയേക്കാം, നിങ്ങളുടെ കാഴ്ച കാര്യമായി മെച്ചപ്പെടുത്തുകയും ചെയ്തേക്കാം.
യു.എസ്.എ.യിലെ സാൾട്ട്, ലേക്ക്സിററി, ഉട്ടായിൽ അടുത്ത കാലത്തു നടന്ന ഒരു മീററിംഗിൽ നേത്രശാസ്ത്രജ്ഞൻമാർകൂടെയായ ആർകെ രോഗികളെക്കുറിച്ചുള്ള ഒരു പഠനത്തെസംബന്ധിച്ചു ഒരു റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടു. ശസ്ത്രക്രിയാഫലങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഈ രോഗികൾ മിക്കവാറും ഏകകണ്ഠമായി പ്രതിവചിച്ചു—2 ശതമാനം മാത്രമേ ഉദാസീനരായിരുന്നുള്ളു, എന്നാൽ അവരിൽ 98 ശതമാനവും സന്തുഷ്ടരായിരുന്നു.
ഓരോ പ്രഭാതത്തിലും വ്യക്തമായ കാഴ്ചയോടെ ഉണരുന്നതും കണ്ണട തേടേണ്ടതില്ലാത്തതും ഒരു നല്ല അനുഭവമാണ്. സമീപഭാവിയിൽ ഇതു സംഭവിക്കും, ശസ്ത്രക്രിയയാലല്ല, ദിവ്യശക്തിയാൽ. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി ഒരിക്കൽ കണ്ണടകൾ ഉപയോഗിച്ചിരുന്നവരായി അവിടെയുള്ള എല്ലാവർക്കും വ്യക്തമായ കാഴ്ച കൈവരുത്തും. എന്നാൽ മുമ്പൊരിക്കലും കാഴ്ച അനുഭവിച്ചിട്ടില്ലാത്തവർക്കു പുതിയ കാഴ്ച വിശേഷാൽ ആവേശജനകമായിരിക്കും! “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും.”—യെശയ്യാവു 35:5.
[25-ാം പേജിലെ രേഖാചിത്രങ്ങൾ/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആർകെ സർജറിയുടെ സാധാരണ ഫലങ്ങൾ
ഒരു സാധാരണ കണ്ണ് പ്രതിബിംബത്തെ വ്യക്തമായി ദൃഷ്ടിപടലത്തിൽ കേന്ദ്രീകരിക്കുന്നു
ദൃഷ്ടിപടലം
വ്യക്തമായ കാഴ്ച
സമീപക്കാഴ്ച ബാധിച്ച കണ്ണ് പ്രതിബിംബങ്ങൾ നേത്രപടലത്തിൽ എത്താൻ കഴിയാത്തവിധം നീളക്കൂടുതലുള്ളതാണ്
ദൃഷ്ടിപടലം
മങ്ങിയ കാഴ്ച
എട്ടു റേഡിയൽമുറിവുകളുടെ രൂപമാതൃക കാചപടലത്തെ അല്പം പരത്തുന്നു
ആർകെയ്ക്കു ശേഷം വ്യക്തമായ കാഴ്ച കൊടുത്തുകൊണ്ടു കേന്ദ്രീകരണം ദൃഷ്ടിപടലത്തിലെത്താൻ കണ്ണ് അനുവദിക്കുന്നു
ദൃഷ്ടിപടലം
വ്യക്തമായ കാഴ്ച
[22-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Complete Encyclopedia of Illustration/J. G. Heck