മിഷനറിമാർ ആരാണ് മാതൃക വയ്ക്കേണ്ടത്?
ശിഷ്യരെ ഉളവാക്കാൻ യേശുക്രിസ്തു തന്റെ അനുഗാമികളോടു കൽപ്പിക്കുന്നതിനു മുമ്പുതന്നെ മററു മതങ്ങൾ മോശമായ മിഷനറി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നു. ചില മതങ്ങൾ ഇതു മററുള്ളവയെക്കാൾ കൂടുതലായി ചെയ്തു, കാരണം സകല മതങ്ങൾക്കും സാർവത്രികമായ ഒരു സമീപനം, അതായത്, സകലർക്കും ഒരുപോലെ ബാധകമാക്കുന്ന സന്ദേശമല്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.
ഉദാഹരണത്തിന്, മതവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് അത്തരമൊരു സാർവത്രിക ദർശനം “ഗോത്രമതങ്ങളുടെയും ഷിന്റോ മതത്തിന്റെയും വിശ്വാസങ്ങളിൽ” അത്രയൊന്നും പ്രകടമല്ല. “കൺഫ്യുഷ്യസ് മതത്തിന്റെയും യഹൂദമതത്തിന്റെയും പാഴ്സി മതത്തിന്റെയും അനേകം ഉപവിഭാഗങ്ങളിലും അത് അത്ര ദൃശ്യമല്ല.” ഈ മതങ്ങൾ പ്രചരിച്ചത് “ആളുകളുടെ കുടിയേററം നിമിത്തമോ തൊട്ടടുത്ത അയൽപക്കവുമായി അവർ ഇഴുകിച്ചേർന്നതുകൊണ്ടോ ആയിരുന്നു, അല്ലാതെ സംഘടിത മിഷനറി പ്രവർത്തനംകൊണ്ടല്ല.”
“ഹിന്ദുമതം പ്രത്യേകതയുള്ളതും അങ്ങേയററം സങ്കീർണവുമായ ഒരു ദൃഷ്ടാന്തമാണ്” എന്ന് ആ വിജ്ഞാനകോശം കൂട്ടിച്ചേർക്കുന്നു. നേരേമറിച്ച് “പല വിധങ്ങളിലും മിഷനറി പ്രവർത്തനം നടത്താത്ത പാരമ്പര്യമുള്ളതാണെങ്കിലും” അഹൈന്ദവർ അതിനെ ക്രമേണ സ്വീകരിച്ചിരിക്കുന്നതുകൊണ്ടു ഹിന്ദുമതത്തിനു “തീവ്രമായ മിഷനറി പ്രവർത്തനത്തിന്റെ ചില സമയങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്.”
“ഒരു സാർവത്രിക സന്ദേശം പഠിപ്പിക്കാനും മതത്തിനുള്ള സ്ഥാനത്തിനപ്പുറം പോകുന്ന അത്യന്തം വ്യാപകമായ മിഷനറി തീക്ഷ്ണത കാണിക്കാനും ചായ്വുള്ള ഇന്നത്തെ മതങ്ങ”ളിൽ ഇസ്ലാംമതവും ബുദ്ധമതവും ഉൾപ്പെടുന്നു എന്ന് ആൻഡോവർ ന്യൂട്ടൺ ദൈവശാസ്ത്ര സ്കൂളിലെ മാക്സ് എൽ. സ്ററാക്ഹൗസ് പറയുന്നു. എന്നിരുന്നാലും, ഇസ്ലാംമതത്തിലെ മിഷനറിമാർക്ക് ക്രിസ്തീയ മിഷനറിമാർക്കുള്ള മാതൃകകളായി വർത്തിക്കാൻ കഴിയുമായിരുന്നില്ല, കാരണം ശിഷ്യരെ ഉളവാക്കാൻ യേശു കൽപ്പിച്ചിട്ട് ഏതാണ്ട് 590 വർഷം കഴിഞ്ഞാണ് ഇസ്ലാമിക യുഗം പിറവികൊണ്ടത്. എന്നാൽ നേരേമറിച്ച്, ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപനത്തിനുശേഷം എത്ര കാലം കഴിഞ്ഞാണോ ഇസ്ലാംമതം രംഗപ്രവേശം ചെയ്തത് ഏതാണ്ട് അത്രയും കാലം മുമ്പുതന്നെ ബുദ്ധമതം നിലവിൽ വന്നിരുന്നു.
ഉദാരമനോഭാവമുള്ള ഒരു മാതൃക
“സന്ന്യാസിമാരേ, പോയി ഉത്കൃഷ്ട തത്ത്വം പ്രസംഗിക്കുവിൻ, . . . രണ്ടു പേർ ഒരേ ദിശയിൽ പോകാതിരിക്കട്ടെ!” എന്നു തന്റെ അനുയായികളോടു പറഞ്ഞുകൊണ്ട് ഒരു സംഘടിത മിഷനറി പ്രവർത്തനത്തെ ബുദ്ധൻ പ്രോത്സാഹിപ്പിച്ചതായി പാരമ്പര്യം അവകാശപ്പെടുന്നു. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) നാലാം നൂററാണ്ടിൽത്തന്നെ ബുദ്ധമത മിഷനറിമാർ യൂറോപ്പിൽ എത്തിയെങ്കിൽപ്പോലും വൻതോതിലുള്ള മിഷനറി പ്രവർത്തനം ഉണ്ടായിരുന്നില്ല. മിക്ക കേസുകളിലും മതം പ്രചരിപ്പിക്കപ്പെട്ടത് വ്യക്തിഗതമായ ഒരു തലത്തിലാണ്, കച്ചവട സഞ്ചാരികൾ, തീർഥാടകർ, അല്ലെങ്കിൽ വിദ്യാർഥികൾ എന്നിവരാൽ. ഉദാഹരണത്തിന്, കടൽവഴിയും കരവഴിയുമുള്ള വാണിജ്യമാർഗങ്ങളിലൂടെയാണു ബുദ്ധമതം ചൈനയിലും തെക്കുകിഴക്കേഷ്യയുടെ പല ഭാഗങ്ങളിലുമെത്തിയത്.
നെതർലൻഡ്സിലെ ലൈഡൻ യൂണിവേഴ്സിററിയിലെ ഏറിക്ക് സൂർഹിയർ ബുദ്ധമതവ്യാപനത്തെ മുഖ്യമായി മൂന്നു ഘടകങ്ങളുമായി ബന്ധപ്പെടുത്തുന്നു. ഒന്ന് “എല്ലാ മതങ്ങളോടുമുള്ള” ബുദ്ധമതത്തിന്റെ “ഉദാരമായ മനോഭാവ”മാണ്. “ബുദ്ധമതത്തിന്റേതല്ലാത്ത വിശ്വാസങ്ങളെ സത്യത്തിന്റെ അടിസ്ഥാനപരവും ഭാഗികവുമായ വെളിപാടുക”ളായി അനായാസേന സ്വീകരിക്കാൻ ഇത് ഇടയാക്കി. തത്ഫലമായി “ബുദ്ധമത ദൈവങ്ങളുടെ കൂട്ടത്തിൽ അതിന്റേതല്ലാത്ത ദൈവങ്ങളെ” കൂട്ടിച്ചേർക്കുക പോലും ചെയ്തു.
“ഭവനരഹിത അവസ്ഥ” എന്നു വിളിക്കപ്പെടുന്ന ഒരു അവസ്ഥയിലേക്ക് ബുദ്ധമത മിഷനറിമാർ പ്രവേശിച്ചു എന്നതാണ് രണ്ടാമത്തെ ഘടകം, അതിന്റെ അർഥം അവർ എല്ലാ ലൗകിക സ്ഥാനമാനങ്ങളും പരിത്യജിച്ചു എന്നതാണ്. ജാതിവ്യവസ്ഥയുടെ മതപരമായ പ്രാധാന്യത്തെ ബുദ്ധൻ തള്ളിക്കളഞ്ഞിരുന്നു, അതിന്റെ പരിമിതികളിൽനിന്നു സ്വതന്ത്രമായിരുന്നതുകൊണ്ട് ആചാരപരമായ അശുദ്ധി ഉണ്ടാകുമെന്നുള്ള ഭയം കൂടാതെ അവർക്കു വിദേശീയരുമായി കൂടിക്കലരാൻ കഴിഞ്ഞു.
മൂന്നാമത്തെ ഘടകം, ബുദ്ധമതത്തിന്റെ വിശുദ്ധ ലിഖിതങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക വിശുദ്ധ ഭാഷയിൽ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല എന്നതാണ്. ഏതൊരു ഭാഷയിലേക്കും അവ അനായാസേന വിവർത്തനം ചെയ്യാൻ കഴിയുമായിരുന്നു. “പ്രത്യേകിച്ചും ചൈനയിൽ ഏററവും പ്രമുഖരായ വിദേശ മിഷനറിമാർ എല്ലാവരുംതന്നെ വിവർത്തകർ എന്നനിലയിൽ പ്രവർത്തനനിരതരായിരുന്നു” എന്ന് സൂർഹിയർ അഭിപ്രായപ്പെടുന്നു. വാസ്തവത്തിൽ, ബുദ്ധമത സാഹിത്യങ്ങളെ സംബന്ധിച്ചിടത്തോളം പാലിയും സംസ്കൃതവും കഴിഞ്ഞ് ചൈനീസ് മൂന്നാമത്തെ ഭാഷയായിത്തീരത്തക്കവണ്ണം അത്രത്തോളം വ്യാപകമായി അവർ പരിഭാഷ നടത്തി.
പൊ.യു.മു. മൂന്നാം നൂററാണ്ടിന്റെ മധ്യത്തിൽ ഇന്ത്യാസാമ്രാജ്യത്തിന്റെ ഭരണാധിപനായ അശോക ചക്രവർത്തി ബുദ്ധമതത്തെ പ്രചരിപ്പിക്കാനും അതിന്റെ മിഷനറി പ്രവർത്തന വശങ്ങളെ ശക്തിപ്പെടുത്താനും ഒട്ടുവളരെ കാര്യങ്ങൾ ചെയ്തു. എന്നാൽ, ക്രിസ്തീയ യുഗത്തിനു മുമ്പുള്ള ഈ കാലഘട്ടത്തിൽ ബുദ്ധമതം പ്രമുഖമായി ഉണ്ടായിരുന്നത് ഇന്ത്യയിലും ഇന്നത്തെ ശ്രീലങ്കയിലുമായിരുന്നു. ഫലത്തിൽ, ക്രിസ്തീയ യുഗപ്പിറവിക്കുശേഷമായിരുന്നു ചൈന, ഇന്തോനേഷ്യ, ഇറാൻ, ജപ്പാൻ, കൊറിയ, മലേഷ്യ, മ്യാൻമാർ, വിയററ്നാം എന്നിവിടങ്ങളിലും മററും ബുദ്ധമതം പ്രചരിച്ചത്.
ബുദ്ധമതത്തെ കൂടുതൽ സ്വീകാര്യമാക്കാൻ അതിനു കുറെയൊക്കെ ഭേദഗതികൾ വരുത്തുന്ന കാര്യത്തിൽ വാസ്തവത്തിൽ അതിന്റെ മിഷനറിമാർ ഒരു തെററും കണ്ടില്ല. “പ്രധാനപ്പെട്ട ബുദ്ധമത വേദഭാഗങ്ങൾക്കു പുത്തൻ വ്യാഖ്യാനങ്ങൾ നൽകി; ബുദ്ധമതസന്ദേശത്തിന്റെ ചില വശങ്ങൾക്കു ഭേദഗതി വരുത്തിയ, വാസ്തവത്തിൽ അവയ്ക്കു സമൂല പരിവർത്തനം വരുത്തിയ, വിശ്വാസപ്രതിവാദ സാഹിത്യങ്ങളും പുതിയ കാവ്യങ്ങളും നിയമചട്ടവട്ടങ്ങളും പ്രചരിച്ചു. അങ്ങനെ ആ ദേശത്തുള്ള ഗോത്രമതങ്ങളുടെയും കൺഫ്യുഷ്യസ് മതത്തിന്റെയും താവോമതത്തിന്റെയും ചില വശങ്ങളുടെ ഭാഗമായിത്തീരാനും ചില വിധങ്ങളിൽ അവയെ പുനരുജ്ജീവിപ്പിക്കാനും അവ ഉതകി” എന്ന് മതവിജ്ഞാനകോശം അഭിപ്രായപ്പെടുന്നു.
ഈ പരമ്പരയിലെ ഭാവിലേഖനങ്ങൾ പ്രകടമാക്കാനിരിക്കുന്നതുപോലെ ക്രൈസ്തവലോകത്തിലെ മിഷനറിമാർ തങ്ങളുടെ മുൻഗാമികളായ ബുദ്ധമത മിഷനറിമാരുടെ മാതൃകയെ ചിലപ്പോൾ പിൻപററുകപോലും ചെയ്തിട്ടുണ്ട്. തങ്ങളുടെ വിശുദ്ധ ലിഖിതങ്ങൾ മററു ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയ അതേ സമയത്തുതന്നെ, ചരിത്രകാരനായ വിൽ ഡൂറൻറ് പ്രസ്താവിക്കുന്നതുപോലെ, തങ്ങളുടെ മതപരമായ ആചാരങ്ങളിലേക്ക് “പുറജാതീയ വിശ്വാസവും കർമങ്ങളും സ്വാംശീകരിക്കാൻ” അവർ മിക്കപ്പോഴും അനുവദിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുക പോലുമോ ചെയ്തിട്ടുണ്ട്.
“മഹാനായ മിഷനറി”യെ പിൻപററൽ
ക്രിസ്ത്യാനിത്വം മിഷനറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച അതേ അർഥത്തിൽ യഹൂദമതം അതു ചെയ്തില്ല, മറിച്ച് അതു “താരതമ്യേന മതപരിവർത്തന സ്വഭാവമില്ലാത്തതായിരുന്നു” എന്ന് യഹൂദമതവും ക്രിസ്തീയ തുടക്കങ്ങളും (ഇംഗ്ലീഷ്) വിശദീകരിക്കുന്നു. എന്നാൽ, “അങ്ങനെ ചെയ്യുന്നതിനുള്ള ഒരു പ്രവണത ചുരുങ്ങിയപക്ഷം ആവർത്തിച്ചാവർത്തിച്ച് ഇടയ്ക്കിടെ ഉണ്ടായിരുന്നു” എന്ന് ആ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവായ സാമ്യുവൽ സാൻഡ്മെൽ അഭിപ്രായപ്പെടുന്നു.
“റബിമാരുടെ സാഹിത്യങ്ങളിൽ പിതാവായ അബ്രഹാമിനെ മിക്കപ്പോഴും മഹാനായ മിഷനറിയായി ചിത്രീകരിച്ചിരിക്കുന്നു”വെന്ന് സാൻഡ്മെൽ വിശദീകരിക്കുന്നു. മതാനുസാരികളെ നേടാനുള്ള തീവ്രമായ ഒരു ആഗ്രഹത്തെ അനുകൂലമായി വീക്ഷിച്ച ചില യഹൂദമതവിഭാഗങ്ങൾ ഇല്ലായിരുന്നെങ്കിൽ അഥവാ ചുരുങ്ങിയപക്ഷം സ്വന്തമായി മുൻകൈ എടുത്ത് മതപരിവർത്തനത്തിനു വിധേയരാകാൻ ശ്രമിച്ചവരെ മതത്തിലേക്കു സ്വീകരിച്ചില്ലായിരുന്നെങ്കിൽ ഒരു മിഷനറി എന്നനിലയിൽ അബ്രഹാമിനെക്കുറിച്ചുള്ള വീക്ഷണം തീർച്ചയായും ഉദയം ചെയ്യുമായിരുന്നില്ല”a എന്ന് അദ്ദേഹം ന്യായവാദം ചെയ്യുന്നു.
പൊതുയുഗത്തിന് തൊട്ട് മുമ്പുള്ള രണ്ടു നൂററാണ്ടുകളിൽ യഹൂദ മിഷനറി പ്രവർത്തനം ശക്തി പ്രാപിച്ചു എന്നതു വ്യക്തമാണ്, പ്രത്യേകിച്ച് ഗ്രീക്കു സംസാരിക്കുന്ന രാജ്യങ്ങളിൽ പുറജാതീയ മതത്തിന്റെ സ്വാധീനം കുറയാൻ തുടങ്ങിയപ്പോൾ. ഈ പ്രവർത്തനം പൊതുയുഗത്തിലും തുടർന്നു, എന്നാൽ പൊ.യു. (പൊതുയുഗം) നാലാം നൂററാണ്ടിൽ റോമാ ചക്രവർത്തി വ്യാജക്രിസ്ത്യാനിത്വത്തെ അതിന്റെ ഔദ്യോഗിക മതമായി സ്വീകരിച്ചപ്പോൾ യഹൂദ മിഷനറി പ്രവർത്തനം നിയമവിരുദ്ധമായി.
മാതൃക വയ്ക്കൽ
എന്നാൽ, യഹൂദ മിഷനറിമാർ വെച്ച മാതൃക പിൻപററാനല്ല ക്രിസ്തീയ മിഷനറിമാരോട് പറയപ്പെട്ടത്. വാസ്തവത്തിൽ തന്റെ നാളിലെ യഹൂദ പരീശൻമാരെ സംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ഒരാളെ മതപരിവർത്തനം ചെയ്യിക്കാൻ നിങ്ങൾ കടലും കരയും സഞ്ചരിക്കുന്നു, എന്നിട്ട് നിങ്ങളെപ്പോലെതന്നെ അവനെ ഇരട്ടി നാശത്തിന് യോഗ്യനാക്കുന്നു.” (മത്തായി 23:15, ഫിലിപ്സ്) “മഹാനായ മിഷനറി”യായി അവർ അബ്രഹാമിനെ വീക്ഷിച്ചെങ്കിലും അബ്രഹാമിന് യഹോവയാം ദൈവത്തിലുണ്ടായിരുന്ന തരത്തിലുള്ള ഒരു വിശ്വാസത്തിലേക്കല്ല യഹൂദ മിഷനറിമാർ ആളുകളെ മതപരിവർത്തനം ചെയ്യിച്ചത്.
ക്രിസ്തീയ മിഷനറിമാരെ സംബന്ധിച്ചിടത്തോളം അവർ പിൻപറേറണ്ട പൂർണ മാതൃക ഏററവും മുന്തിയ മഹാമിഷനറിയായ യേശുക്രിസ്തുവായിരുന്നു. ശിഷ്യരെ ഉളവാക്കാനുള്ള തന്റെ കൽപ്പന പുറപ്പെടുവിക്കുന്നതിനു മുമ്പുതന്നെ, അന്തർദേശീയ മിഷനറി പ്രവർത്തനത്തിലടങ്ങിയ കാര്യങ്ങൾ നിർവഹിക്കാൻ തന്റെ ആദിമ ശിഷ്യൻമാരെ അവൻ പരിശീലിപ്പിച്ചുതുടങ്ങി. അതു നൂററാണ്ടുകൾ നീണ്ടുനിൽക്കുന്ന ഒരു പദ്ധതിയായിരിക്കേണ്ടിയിരുന്നതുകൊണ്ട് ഈ ചോദ്യം സമുചിതമായിരുന്നു, ക്രിസ്തു വെച്ച മാതൃകയെ അവന്റെ അനുഗാമികൾ പിൻപററുമായിരുന്നോ?
പൊതുയുഗം ഒന്നാം നൂററാണ്ടിന്റെ അവസാനം അടുത്തുവന്നപ്പോഴും അതിനുള്ള ഉത്തരം വ്യക്തമല്ലായിരുന്നു. എന്നാൽ 20-ാം നൂററാണ്ടിന്റെ അവസാനം അടുത്തുവരവേ ഇന്ന് സ്ഥിതി അതല്ല. ക്രിസ്തുവിന്റെ അനുഗാമികൾ എന്ന് അവകാശപ്പെട്ടിരുന്നവരുടെ ഭാഗത്തെ 1,900 വർഷം പഴക്കമുള്ള മിഷനറി പ്രവർത്തനം ഒരു തുറന്ന പുസ്തകം കണക്കേ നമ്മുടെ മുമ്പിൽ കിടക്കുന്നു.
പാലസ്തീനിൽ ജൻമംകൊണ്ട ക്രിസ്ത്യാനിത്വം മുഴു ലോകത്തിലും വ്യാപിച്ചു. അതു പടിഞ്ഞാട്ട് മക്കദോന്യയിലേക്കു വ്യാപിച്ചതായിരുന്നു ഒരു പടി. ഞങ്ങളുടെ അടുത്ത ലക്കത്തിൽ ഇതിനെക്കുറിച്ചു വായിക്കുക.
ക്രൈസ്തവലോകത്തിലെ മിഷനറിമാർ കാട്ടിക്കൂട്ടിയിരിക്കുന്നതിന്റെ ഒരു ഉദാഹരണമായി മെക്സിക്കോയിൽ നൂററാണ്ടുകളായി അരങ്ങേറിയത് എന്തെന്ന് നോക്കുക. പിൻവരുന്ന ലേഖനം വായിക്കുമ്പോൾ ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: ‘അവർ വെളിച്ചത്തിന്റെ ഏജൻറൻമാരായിരുന്നോ, അതോ ഇരുളിന്റേതോ?’
[അടിക്കുറിപ്പുകൾ]
a യഹൂദമതാചാരത്തിലേക്കുള്ള ഒരു വഴികാട്ടി (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “എല്ലാ മതാനുസാരികളുടെയും പിതാവായി അബ്രഹാം കരുതപ്പെടുന്നു . . . നമ്മുടെ പിതാവായ അബ്രഹാമിന്റെ പുത്രനോ പുത്രിയോ ആയി മതാനുസാരികളെ വിളിക്കുന്നത് സാധാരണമാണ്.”
[7-ാം പേജിലെ ചിത്രം]
തന്റെ അനുഗാമികളെ പരിശീലിപ്പിച്ചുകൊണ്ടും അവർ പിൻപറേറണ്ടിയിരുന്ന മാതൃക വെച്ചുകൊണ്ടും യേശു ക്രിസ്തീയ മിഷനറി പ്രവർത്തനത്തിനു നാന്ദികുറിച്ചു