മിഷനറിമാർ—വെളിച്ചത്തിന്റെ ഏജൻറൻമാരോ അതോ ഇരുളിന്റേതോ? ഭാഗം 6
ഇന്നു യഥാർഥ ശിഷ്യരെ ഉളവാക്കൽ
യേശുക്രിസ്തു ഇങ്ങനെ കൽപ്പിച്ചു: ‘ആകയാൽ നിങ്ങൾ പുറപ്പെട്ടു, സ്നാനം കഴിപ്പിച്ച് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’ (മത്തായി 28:19, 20) “എല്ലാ കാലഘട്ടത്തിലുമുള്ള ക്രിസ്ത്യാനികൾ” ഈ നിയോഗം “നിറവേററിയിട്ടുണ്ട്” എന്ന് എവരിമാൻസ് എൻസൈക്ലോപീഡിയ പറയുന്നു. എന്നിരുന്നാലും അതിങ്ങനെയും കൂട്ടിച്ചേർക്കുന്നു, “പക്ഷേ ചിലപ്പോഴെല്ലാം അതിനു തീക്ഷ്ണത വളരെ കുറവായിരുന്നു.” ദ മിഷനറി മിത്ത് എന്ന പുസ്തകം ഇങ്ങനെയൊരു ചോദ്യം തൊടുത്തുവിടുന്നു: “മിഷനറി യുഗം അവസാനിച്ചുകഴിഞ്ഞുവോ?”
ഈ വർഷം ജനുവരിയിൽ ന്യൂസ്വീക്ക് മാഗസിൻ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ റോമൻ കത്തോലിക്കാമതത്തെ തെരുവിലിറക്കുന്നു.” ആ മാഗസിൻ ഇങ്ങനെ വിശദീകരിച്ചു: “ആളുകളെ മതപരിവർത്തനം ചെയ്യിക്കുന്നതിനു വേണ്ടി പുരോഹിതേതര സുവിശേഷകരായ 350 പേരെ അദ്ദേഹം റോമിലെ നിശാശാലകളിലേക്കും സൂപ്പർ മാർക്കററുകളിലേക്കും ഭൂഗർഭ റെയിൽവേ സ്റേറഷനുകളിലേക്കും അയയ്ക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഈ പരിപാടി തുടങ്ങുന്നത് കുരിശുവരപ്പെരുന്നാൾ ദിവസമാണ് (ഫെബ്രു. 16). അതു വിജയിക്കുന്നപക്ഷം പാപ്പാ അത് ആഗോള അടിസ്ഥാനത്തിൽ നടത്താൻ പോകുകയാണ്—എങ്കിൽ അത് ബ്യൂണസ് അയേഴ്സ് മുതൽ ടോക്കിയോ വരെ കത്തോലിക്കാ മിഷനറിമാർ വീടുകൾതോറും പോകുന്ന ഒരു നീക്കമായിരിക്കും.”
നേരേമറിച്ച്, സുവിശേഷവേല ചെയ്യണമെന്ന തങ്ങളുടെ ഉത്തരവാദിത്വം യഹോവയുടെ സാക്ഷികൾ ദീർഘകാലമായി മനസ്സിലാക്കിയിട്ടുണ്ട്. (2 തിമൊഥെയൊസ് 4:5) എല്ലാവരും മിഷനറിമാരെപ്പോലെ വിദേശരാജ്യങ്ങളിൽ പ്രസംഗവേല നടത്തുന്നില്ല എന്നതു ശരിയാണ്. എന്നാൽ തങ്ങൾ എവിടെ ആയിരുന്നാലും അവർക്കു പ്രസംഗിക്കാൻ കഴിയും—അവർ അങ്ങനെ ചെയ്യുന്നുമുണ്ട്. അങ്ങനെയൊരു അർഥത്തിൽ അവരെല്ലാവരും മിഷനറിമാരാണ്.
ഒരു പ്രത്യേകതരം സ്കൂൾ
സഹായം അടിയന്തിരമായി ആവശ്യമായിരുന്ന വിദേശരാജ്യങ്ങളിൽ മിഷനറിമാരായി സേവിക്കാൻ അനുഭവസമ്പന്നരായ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിന് 1940-കളുടെ ആരംഭത്തിൽ വാച്ച് ടവർ സൊസൈററി ഒരു സ്കൂൾ സ്ഥാപിച്ചു. കാലക്രമേണ പാഠ്യപദ്ധതിക്കു ഭേദഗതി വരുത്തിയിട്ടുണ്ട്, എന്നാൽ ബൈബിൾ പഠനത്തിനും സുവിശേഷവത്കരണം എന്ന മർമപ്രധാനമായ വേല നിർവഹിക്കുന്നതിനും ഊന്നൽ നൽകുക എന്ന അടിസ്ഥാന ലക്ഷ്യത്തിൽനിന്ന് അതൊരിക്കലും വ്യതിചലിച്ചിട്ടില്ല.
ഈ പുതിയ സ്കൂളിനു വേണ്ടി തിരഞ്ഞെടുത്ത നാമധേയം ഗിലെയാദ് എന്നായിരുന്നു, എബ്രായ ഭാഷയിൽ അതിന്റെ അർഥം “സാക്ഷ്യക്കൂമ്പാരം” എന്നാണ്. യഹോവയുടെ മഹത്ത്വത്തിനായി ഒരു സാക്ഷ്യക്കൂമ്പാരം കൂട്ടാൻ സഹായിക്കുകവഴി, നമ്മുടെ നാളുകളിൽ നടക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ ഗോളവ്യാപക പ്രസംഗവേല നിറവേററുന്നതിൽ ഗിലെയാദ് മർമപ്രധാനമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്.—മത്തായി 24:14.
1943-ൽ ആദ്യ ഗിലെയാദ് സ്കൂളിലെ അംഗങ്ങളോടു സംസാരിക്കവേ വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നേഥൻ എച്ച്. നോർ ഇപ്രകാരം പറഞ്ഞു: “രാജ്യസന്ദേശം പ്രഖ്യാപിച്ചുകൊണ്ട് റോമൻ സാമ്രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യാത്ര ചെയ്ത അപ്പോസ്തലനായ പൗലോസ്, മർക്കോസ്, തിമോത്തി, അങ്ങനെ മററു പലരും ചെയ്തതിനോടു സമാനമായ വേലയ്ക്കു വേണ്ടി നിങ്ങൾക്കു കൂടുതലായ പരിശീലനം നൽകുകയാണ്. . . . നിങ്ങളുടെ പ്രധാന വേല യേശുവും അപ്പോസ്തലൻമാരും ചെയ്തതുപോലെ വീടുതോറും രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുക എന്നതാണ്.”
ആദ്യ ക്ലാസ്സ് പരിശീലനം പൂർത്തിയാക്കിയപ്പോൾ അതിലെ ബിരുദധാരികളെ ലാററിനമേരിക്കൻ രാജ്യങ്ങളിലേക്കാണ് അയച്ചത്. ഇന്നുവരെയും 110-ലധികം രാജ്യങ്ങളിൽനിന്നുള്ള 6,500-ലധികം വിദ്യാർഥികൾ ഗിലെയാദ് സ്കൂളിൽ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. മിഷനറിമാരെന്ന നിലയിൽ അവരെ 200-ലധികം ദേശങ്ങളിലേക്കും ദ്വീപസമൂഹങ്ങളിലേക്കും അയച്ചിട്ടുമുണ്ട്.
പല തരത്തിലുള്ള മിഷനറിമാർ
ഈ പരമ്പരയിലെ മുൻലേഖനങ്ങൾ ക്രൈസ്തവലോകത്തിലെ മിഷനറിമാരുടെ കഴിഞ്ഞകാല പ്രവർത്തനത്തെക്കുറിച്ചു പറയുകയുണ്ടായി. അവരിൽ ഗ്രീൻലൻഡിലേക്ക് അയയ്ക്കപ്പെട്ടവരെപ്പോലുള്ള പലരും ബൈബിളോ അതിന്റെ ഭാഗങ്ങളോ പ്രാദേശിക ഭാഷയിലേക്കു വിവർത്തനം ചെയ്തു. എങ്കിൽപ്പോലും ആളുകളെ ബൈബിൾ പഠിപ്പിക്കണം എന്നതിനു പകരം പലപ്പോഴും മററു പല താത്പര്യങ്ങളാണ് ആ ആദ്യകാല മിഷനറിമാർക്കുണ്ടായിരുന്നത്.
ഉദാഹരണത്തിന്, ജപ്പാനിലേക്ക് അയയ്ക്കപ്പെട്ട ക്രൈസ്തവലോകത്തിലെ മിഷനറിമാർ “വിദ്യാഭ്യാസപരമായ സ്ഥാപനങ്ങളിലും സ്കൂളുകളിലും” ഉൾപ്പെട്ടു എന്ന് കൊഡാൻഷാ എൻസൈക്ലോപീഡിയ ഓഫ് ജപ്പാൻ അഭിപ്രായപ്പെടുന്നു. അതിങ്ങനെ പറയുന്നു: “ധാരാളം മിഷനറിമാർ തങ്ങളുടെ പാണ്ഡിത്യത്തിലൂടെ സ്വയം പ്രസിദ്ധരായിത്തീർന്നിട്ടുണ്ട്.” അവർ സാഹിത്യം, ഭാഷ, ചരിത്രം, തത്ത്വശാസ്ത്രം, പൂർവേഷ്യൻ മതങ്ങൾ, ജാപ്പനീസ് ജനകീയവിജ്ഞാനം എന്നിവ പോലുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന ഭാഷാപണ്ഡിതൻമാരോ പ്രൊഫസർമാരോ ആയിത്തീർന്നു. “മാത്രമല്ല ധർമസ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനായുള്ള സ്ഥാപനങ്ങളും മിഷനറി പ്രവർത്തനത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായിത്തീർന്നു” എന്ന് ആ വിജ്ഞാനകോശം കൂട്ടിച്ചേർക്കുന്നു.
പൊതുവേ പറയുകയാണെങ്കിൽ സുവിശേഷപ്രസംഗത്തിനു മിഷനറിമാർ മുന്തിയ സ്ഥാനം കൊടുത്തില്ല. ആത്മീയ ആവശ്യങ്ങളെക്കാൾ ശാരീരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനാണ് അവർ ഏറിയപങ്കും ഊന്നൽ കൊടുത്തത്. വ്യക്തിപരമായ താത്പര്യങ്ങളുടെ അനുധാവനം അവരുടെ മുഖ്യ ശ്രദ്ധാവിഷയമായിത്തീർന്നു. അങ്ങനെ, 1889-ൽ ജപ്പാനിലേക്ക് അയയ്ക്കപ്പെട്ട ആംഗ്ലിക്കൻ സഭയിലെ ഒരു മിഷനറി ഇന്ന് “ജാപ്പനീസ് പർവതാരോഹണത്തിന്റെ പിതാവ്” എന്നാണ് ഏററവുമധികം അറിയപ്പെടുന്നത്.
ഗിലെയാദ് പരിശീലനം നേടിയ മിഷനറിമാർ ക്രൈസ്തവലോകത്തിലെ മിഷനറിമാരിൽനിന്നു പ്രമുഖമായ വിധങ്ങളിൽ വിഭിന്നരായിരുന്നു. യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം അതിന്റെ 23-ാം അധ്യായത്തിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഗിലെയാദ് സ്കൂളിലെ മിഷനറി ബിരുദധാരികൾ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നു. പള്ളികൾ സ്ഥാപിച്ചിട്ട് ആളുകൾ അവിടങ്ങളിലേക്കു വരാൻ പ്രതീക്ഷിക്കുന്നതിനു പകരം അവർ വീടുതോറും സന്ദർശനം നടത്തുന്നു . . . , ശുശ്രൂഷിക്കപ്പെടാനല്ല, പിന്നെയോ ശുശ്രൂഷിക്കാൻ.”
ഉളവായിരിക്കുന്ന ഫലം എന്ത്?
യൂറോപ്പിൽ ക്രിസ്തീയ ശിഷ്യരെ ഉളവാക്കാൻ അനേക നൂററാണ്ടുകൾ ഉണ്ടായിരുന്ന ക്രൈസ്തവലോകത്തിലെ മിഷനറിമാർ എത്രമാത്രം വിജയപ്രദരായിരുന്നു? ക്രിസ്തീയ മിഷനറിപ്രവർത്തനങ്ങൾ സംബന്ധിച്ച ഒരു ആഗോള വീക്ഷണം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ മറുപടി നൽകുന്നു: “യൂറോപ്പിൽ ഏതാണ്ട് 16 കോടി ആളുകൾ യാതൊരു മതവും അവകാശപ്പെടുന്നില്ല. ഇപ്പോഴും ക്രിസ്ത്യാനിത്വത്തോടു കൂറു പുലർത്തുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽപ്പോലും തങ്ങളുടെ മതത്തെ ഗൗരവപൂർവം വീക്ഷിക്കുന്നവർ വിരളമാണ്. . . . എങ്ങനെയെല്ലാം വിഭാവന ചെയ്താലും യൂറോപ്പിനെ ഒരു ക്രിസ്തീയ ഭൂഖണ്ഡം എന്നു വിളിക്കാനാവില്ല.”
ഏഷ്യയിലെ അവസ്ഥ സംബന്ധിച്ചോ? കൊഡാൻഷാ എൻസൈക്ലോപീഡിയ ഓഫ് ജപ്പാൻ ഇങ്ങനെ ഉത്തരം നൽകുന്നു: “ആളുകളുടെ പൊതു അഭിപ്രായത്തിൽ ക്രിസ്ത്യാനിത്വം ഇപ്പോഴും ഒരു ‘വിദേശ’ വിശ്വാസമാണ്, . . . സാധാരണക്കാരായ ജപ്പാൻകാർക്കു പററിയതല്ല. . . . ക്രിസ്തീയ പ്രസ്ഥാനം നിലകൊള്ളുന്നത് ജാപ്പനീസ് സമൂഹത്തിന്റെ പുറംവക്കത്താണ്.” തീർച്ചയായും ജപ്പാനിൽ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവർ 4 ശതമാനത്തിൽ കുറവാണ്. ഇന്ത്യയിൽ 3 ശതമാനത്തിൽ കുറവും പാകിസ്ഥാനിൽ 2 ശതമാനത്തിൽ കുറവും ചൈനയിൽ 0.5 ശതമാനത്തിൽ കുറവുമാണ്.
ആഫ്രിക്കയിൽ നൂററാണ്ടുകൾ നീണ്ടുനിന്ന ക്രൈസ്തവലോകത്തിന്റെ മിഷനറി പ്രവർത്തനത്തിനുശേഷം അവിടത്തെ അവസ്ഥ ഇപ്പോൾ എന്താണ്? ഈ വർഷം വസന്തത്തിൽ റോമിൽവച്ചു നടന്ന ആഫ്രിക്കൻ ബിഷപ്പുമാരുടെ ഒരു യോഗത്തെക്കുറിച്ച് ഫോക്കസ് എന്ന ജർമൻ മാഗസിൻ ഒരു റിപ്പോർട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു: “പുറജാതീയ വിഗ്രഹാരാധന എന്നനിലയിൽ ആഫ്രിക്കൻ മതങ്ങളെ മേലാൽ കുററപ്പെടുത്തേണ്ടതില്ല. ഇനിയും പ്രസിദ്ധീകരിക്കപ്പെടാത്ത ഔദ്യോഗിക രേഖ ‘പരമ്പരാഗത ആഫ്രിക്കൻ മതങ്ങ’ളെ യോഗ്യവും പ്രധാനവുമായ മററു മതങ്ങളുടെ തലത്തിൽ നിർത്തുന്നു. അവരുടെ അംഗങ്ങൾ ആദരവ് അർഹിക്കുന്നു. പ്രാകൃതമതങ്ങൾ എന്നനിലയിൽ മുൻപ് കുററംവിധിക്കപ്പെട്ടിരുന്ന മതങ്ങൾ ‘ഏററവുമധികം ബോധ്യമുള്ള കത്തോലിക്കന്റെ ജീവിതരീതിയെപ്പോലും മിക്കപ്പോഴും നിർണയിക്കുകയുണ്ടായി’ എന്ന് കർദിനാൾസഭ അംഗീകരിച്ചു.”a
അമേരിക്കകളിൽ ക്രിസ്തീയ ശിഷ്യരെ ഉളവാക്കാൻ നൂററാണ്ടുകൾതന്നെ ഉണ്ടായിരുന്നിട്ടു പോലും ക്രൈസ്തവലോകത്തിലെ മിഷനറിമാർ എത്രമാത്രം വിജയിച്ചിരിക്കുന്നു? ലോകത്തിലേക്കുള്ള ദൗത്യം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ ഉത്തരം നൽകുന്നു: “സമീപ ദശകങ്ങളിൽ മിഷനറി പ്രവർത്തനത്തിൽ വലിയ മുന്നേററം ഉണ്ടെങ്കിൽപ്പോലും ‘അവഗണിക്കപ്പെട്ട ഭൂഖണ്ഡം’ എന്ന വിശേഷണം ‘ലാററിനമേരിക്ക’യ്ക്ക് ഇപ്പോഴും യോജിക്കുന്നു.” “അമേരിക്കൻ മണ്ണിലെല്ലാം മതം വ്യാപിച്ചുകിടക്കുന്നെങ്കിൽപ്പോലും ഒരു ന്യൂനപക്ഷം മാത്രമേ അതു കാര്യഗൗരവത്തോടെ എടുക്കുന്നുള്ളൂ . . .” എന്ന് അടുത്ത കാലത്തെ സർവേകൾ “പ്രകടമാക്കുന്ന”തായി ന്യൂസ്വീക്ക് ഐക്യനാടുകളെ സംബന്ധിച്ച് അഭിപ്രായപ്പെടുന്നു. “ഞായറാഴ്ചകൾ തങ്ങൾ പള്ളിയിൽ ചെലവഴിക്കുന്നതായി സർവേ നടത്തുന്നവരോടു പറയുന്നവരിൽ പകുതിയും സത്യമല്ല പറയുന്നത്. . . . 18 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരായ അമേരിക്കക്കാരിൽ ഏതാണ്ട് മൂന്നിലൊന്നു പേർ തികച്ചും മതേതരവീക്ഷണമുള്ളവരാണ് . . . 19 ശതമാനം മാത്രമേ . . . തങ്ങളുടെ മതം ക്രമമായി ആചരിക്കുന്നുള്ളൂ.”
ചുരുക്കിപ്പറഞ്ഞാൽ, ദാരിദ്ര്യം, മോശമായ ആരോഗ്യം, വിദ്യാഭ്യാസമില്ലായ്മ എന്നീ പ്രശ്നങ്ങൾ കുറയ്ക്കാനുള്ള തങ്ങളുടെ ശ്രമങ്ങളിൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ മൊത്തത്തിൽ മാനുഷ പദ്ധതികളെയാണു ശുപാർശ ചെയ്തിട്ടുള്ളത്, ഏററവും മെച്ചമായിരുന്നപ്പോൾ പോലും താത്കാലികവും ഭാഗികവുമായ ആശ്വാസം മാത്രമേ അവ കൈവരുത്തിയുള്ളൂ. നേരേമറിച്ച്, യഥാർഥ ക്രിസ്തീയ മിഷനറിമാർ ആളുകളുടെ ശ്രദ്ധയെ ദൈവത്തിന്റെ സ്ഥാപിത രാജ്യത്തിലേക്കു തിരിച്ചുവിടുന്നു, ആ രാജ്യമാണു നിലനിൽക്കുന്ന സമ്പൂർണ ആശ്വാസം കൈവരുത്തുന്നത്. അതു പ്രശ്നങ്ങളെ കേവലം കുറയ്ക്കുകയല്ല ചെയ്യുന്നത്; പിന്നെയോ അവയ്ക്കു പരിഹാരം വരുത്തുകയാണു ചെയ്യുന്നത്. അതേ, ദൈവരാജ്യം മാനവരാശിക്കു പൂർണാരോഗ്യവും യഥാർഥ സാമ്പത്തിക ഭദ്രതയും സകലർക്കും ഉത്പാദനക്ഷമമായ ജോലിക്കുള്ള അനന്തമായ അവസരങ്ങളും അന്തമില്ലാത്ത ജീവൻതന്നെയും കൈവരുത്തും!—സങ്കീർത്തനം 37:9-11, 29; യെശയ്യാവു 33:24; 35:5, 6; 65:21-23; വെളിപ്പാടു 21:3, 4.
‘സ്നാനം കഴിപ്പിച്ച് സകലജാതികളെയും ശിഷ്യരാക്കി’ എന്നതിന്റെ തെളിവായി ക്രൈസ്തവലോകത്തിലെ മിഷനറിമാർ വല്ലപ്പോഴും മതപരമായ കാര്യങ്ങളിൽ സംബന്ധിക്കുന്നവരെ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെ, കാട്ടിത്തന്നേക്കാം. എന്നാൽ, മാമ്മോദീസ മുങ്ങിയ ഇവരെ യേശു ‘കല്പിച്ചത് ഒക്കെയും പ്രമാണിക്കുന്നതിന്’ പഠിപ്പിക്കാൻ ഈ മിഷനറിമാർ പരാജയപ്പെട്ടിരിക്കുന്നുവെന്നു വസ്തുതകൾ പ്രകടമാക്കുന്നു.—മത്തായി 28:19, 20.
എന്നിരുന്നാൽത്തന്നെയും സത്യക്രിസ്ത്യാനികളുടെ പഠിപ്പിക്കൽ വേല ദൈവത്തിന്റെ പുതിയ ലോകത്തിലും തുടരും. ദൈവത്തിന്റെ വഴികൾ സംബന്ധിച്ചു പ്രബോധനം ആവശ്യമായി വരുന്ന പുനരുത്ഥാനം പ്രാപിച്ച ലക്ഷക്കണക്കിനാളുകളിലേക്ക് അത് എത്തിച്ചേരും. അപ്പോൾ മേലാൽ സാത്താന്റെ ഇടപെടൽ ഇല്ലാതിരിക്കെ തുടർന്നും ശിഷ്യരെ ഉളവാക്കുന്നതിനുള്ള സന്തോഷഭരിതമായ പദവി ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കും—ദശകങ്ങളായി അവർ ചെയ്തുകൊണ്ടിരിക്കുന്നതുപോലെതന്നെ.
[അടിക്കുറിപ്പുകൾ]
a “ആഫ്രിക്കയിലെ കത്തോലിക്കാ സഭ” എന്ന ലേഖനം കാണുക, പേജ് 18.
[24-ാം പേജിലെ ചതുരം]
അവർ ആളുകളെ സഹായിച്ചിരിക്കുന്ന വിധം
ഗിലെയാദ് പരിശീലനം നേടിയ മിഷനറിമാരുടെ സഹായത്തിൽനിന്നു പ്രയോജനമനുഭവിച്ചിട്ടുള്ളവരുടെ അഭിപ്രായങ്ങളാണു പിൻവരുന്നവ.
“അവരുടെ ദൃഢനിഷ്ഠയിലും തങ്ങളുടെ മാതൃരാജ്യത്തിലേതിൽനിന്നു തികച്ചും ഭിന്നമായ കാലാവസ്ഥ, ഭാഷകൾ, ആചാരരീതികൾ, ഭക്ഷണം, മതങ്ങൾ എന്നിവയോട് അവർ പൊരുത്തപ്പെട്ട വിധത്തിലും ഞാൻ അതിശയം കൂറി. എങ്കിലും അവർ തങ്ങളുടെ നിയമനങ്ങളിൽ നിലകൊണ്ടു, ചിലർ മരണംവരെ പോലും. അവരുടെ നല്ല പഠനശീലങ്ങളും ശുശ്രൂഷയിലെ ശുഷ്കാന്തിയും അത്തരം കാര്യങ്ങൾ നട്ടുവളർത്താൻ എന്നെ സഹായിച്ചു.”—ജെ. എ., ഇന്ത്യ.
“എന്നോടൊത്തു പഠിക്കുന്ന കാര്യത്തിൽ ആ മിഷനറി പുലർത്തിയ സമയനിഷ്ഠ എന്നിൽ വളരെ മതിപ്പുളവാക്കി. എന്റെ മുൻവിധികളെയും അജ്ഞതയെയും സഹിച്ചുനിൽക്കുന്നതിൽ അദ്ദേഹം വലിയ ആത്മനിയന്ത്രണമാണു കാട്ടിയത്.”—പി. ററി., തായ്ലണ്ട്.
“മിഷനറി സാക്ഷികൾ പ്രകടമാക്കിയ നിർമലതയെ ഞാനും ഭാര്യയും വിലമതിച്ചു. മുഴുസമയ ശുശ്രൂഷ ഞങ്ങളുടെ ലാക്കാക്കിത്തീർക്കാൻ അവരുടെ പ്രവർത്തനം ഞങ്ങളെ സ്വാധീനിച്ചു, ഇന്നു ഞങ്ങൾക്കുതന്നെ മിഷനറിമാരായിരിക്കുന്നതിന്റെ സന്തോഷമുണ്ട്.”—എ. സി., മൊസാമ്പിക്ക്.
“എന്റെ ജീവിതം സ്വാർഥത നിറഞ്ഞതായിരുന്നു. മിഷനറിമാരെ കണ്ടുമുട്ടിയത് അതു മാററിയെടുക്കുന്നതിനാവശ്യമായ പ്രചോദനം നൽകി. ഞാൻ അവരിൽ കണ്ടത് ഉപരിപ്ലവമായ സന്തുഷ്ടിയല്ല, യഥാർഥ സന്തുഷ്ടിയാണ്.”—ജെ. കെ., ജപ്പാൻ.
“ക്രൈസ്തവലോകത്തിലെ മിഷനറിമാർ വളരെ സുഖപ്രദമായ ജീവിതമാണു നയിച്ചിട്ടുള്ളത്. വീടു വൃത്തിയാക്കിയതും പാചകം ചെയ്തതും തുണി കഴുകിയതും പൂന്തോട്ടം നോക്കിയതും കാറോടിച്ചതും വേലക്കാരായിരുന്നു. ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാൻ പ്രാദേശിക ആളുകളെ സഹായിക്കുമ്പോൾത്തന്നെ ഗിലെയാദ് മിഷനറിമാർ തങ്ങളുടെ ഗൃഹജോലി കാര്യക്ഷമമായി ചെയ്യുന്നതു കണ്ടതിൽ ഞാൻ അമ്പരന്നുപോയി.”—എസ്. ഡി., തായ്ലണ്ട്.
“താപനില 115 ഡിഗ്രി ഫാരൻഹീററിലും അധികമായിരുന്നപ്പോൾ പോലും ആളുകളെ സന്ദർശിക്കുന്നതിനു വേണ്ടി മിഷനറി സഹോദരിമാർ സൈക്കിൾ ചവിട്ടി. അവരുടെ അതിഥിപ്രിയവും മുഖപക്ഷമില്ലായ്മയും അതുപോലെതന്നെ സഹിഷ്ണുതയും സത്യം തിരിച്ചറിയാൻ എന്നെ സഹായിച്ചു.”—വി. എച്ച്., ഇന്ത്യ.
“തങ്ങൾ ശ്രേഷ്ഠരാണെന്നു മിഷനറിമാർ വിചാരിച്ചില്ല. പ്രാദേശിക ആളുകളോടും താഴ്ന്നതരം ജീവിതാവസ്ഥകളോടും അവർ പൊരുത്തപ്പെട്ടു. അവർ വന്നത് സേവനമനുഷ്ഠിക്കാനായിരുന്നു, അതുകൊണ്ടുതന്നെ അവർ ഒരിക്കലും പരാതി പറഞ്ഞില്ല, പിന്നെയോ സദാ സന്തോഷവും സംതൃപ്തിയും ഉള്ളവരായി കാണപ്പെട്ടു.”—സി. പി., തായ്ലണ്ട്.
“അവർ ബൈബിൾ സത്യത്തിൽ വെള്ളം ചേർത്തില്ല. എന്നാൽ പ്രാദേശിക ആളുകളുടെ പരമ്പരാഗതമായ സംസ്കാരത്തിന്റെ എല്ലാ വശങ്ങളും തെററായിരുന്നുവെന്നോ അവർ പാശ്ചാത്യ വഴികൾ സ്വീകരിക്കണമെന്നോ ഉള്ള തോന്നൽ അവർ ആളുകളിൽ ഉളവാക്കിയില്ല. മററുള്ളവർ തങ്ങളെക്കാൾ താഴ്ന്നവരാണെന്നോ വേണ്ടത്ര യോഗ്യത ഇല്ലാത്തവരാണെന്നോ തോന്നാൻ അവർ ഒരിക്കലും ഇടയാക്കിയില്ല.”—എ. ഡി., പാപ്പുവ ന്യൂ ഗിനി.
“ക്രൈസ്തവലോകത്തിലെ മിഷനറിമാരിൽനിന്നു വ്യത്യസ്തമായി ഞങ്ങൾ ബൈബിളധ്യയനം നടത്തിയപ്പോൾ കൊറിയൻ രീതിയിൽ നിലത്തു ചമ്രം പടിഞ്ഞിരിക്കാൻ അവർ സന്നദ്ധയായിരുന്നു. ഞങ്ങളുടെ കൊറിയൻ ഭക്ഷണങ്ങൾ പോലും കഴിക്കാൻ അവർ ഒരുക്കമായിരുന്നു. എനിക്ക് അവരോടു തോന്നിയ പ്രീതി പുരോഗതി പ്രാപിക്കാൻ എന്നെ സഹായിച്ചു.”—എസ്. കെ., കൊറിയ.
“എനിക്കന്ന് പത്തു വയസ്സുണ്ടായിരുന്നു, ഉച്ചയ്ക്കു സ്കൂൾ വിടുമായിരുന്നു. ഉച്ചകഴിഞ്ഞ സമയങ്ങളിൽ തന്നോടൊപ്പം വയൽശുശ്രൂഷയ്ക്കു പോകാൻ ഒരു മിഷനറി എന്നെ ക്ഷണിച്ചു. അദ്ദേഹം എന്നെ അനേകം ബൈബിൾ തത്ത്വങ്ങൾ പഠിപ്പിച്ചു, യഹോവയുടെ സ്ഥാപനത്തോടുള്ള യഥാർഥമായ ഒരു വിലമതിപ്പും എന്നിൽ നട്ടുവളർത്തി.”—ആർ. ജി., കൊളംബിയ.
“ചെയ്യേണ്ട കാര്യം പരാതി കൂടാതെ ചെയ്തുകൊണ്ടു നിയമനങ്ങളോടു പററിനിൽക്കാൻ അവർ എന്നെ പഠിപ്പിച്ചു. മിഷനറിമാരെ ഞങ്ങളുടെ പക്കലേക്ക് അയച്ചതിന് ഞാൻ യഹോവക്കും യേശുക്രിസ്തുവിനും എന്റെ ഉള്ളിന്റെ ഉള്ളിൽനിന്നു നന്ദി പറയുന്നു.”—കെ. എസ്., ജപ്പാൻ.
[23-ാം പേജിലെ ചിത്രം]
ഗിലെയാദ് പരിശീലനം നേടിയ 16 രാജ്യങ്ങളിൽനിന്നുള്ള മിഷനറിമാർ അടുത്തകാലത്തെ ഒരു കൺവെൻഷനിൽ അനുഭവങ്ങൾ പറയുന്നു