നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” മിഷനറിമാർ
2021 ജൂൺ 1
“നിങ്ങൾ . . . ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും” എന്നു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (പ്രവൃ. 1:8) ഇന്ന് യഹോവയുടെ സാക്ഷികൾ ഉത്സാഹത്തോടെ ആ നിയമനം ചെയ്യുന്നു. എന്നാൽ ഭൂമിയുടെ ചില ഭാഗങ്ങളിൽ ഇതുവരെ പൂർണമായി രാജ്യസന്ദേശം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശം വലുതായതുകൊണ്ടോ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമായതുകൊണ്ടോ സാക്ഷികളുടെ എണ്ണം കുറവായതുകൊണ്ടോ ആണ് അതിനു കഴിയാത്തത്. (മത്താ. 9:37, 38) പരമാവധി ആളുകളെ കണ്ടെത്താൻ നമ്മൾ എന്താണു ചെയ്യുന്നത്?
യേശു നൽകിയ നിയമനം ചെയ്യുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ സർവീസ് കമ്മിറ്റി, ആവശ്യം അധികമുള്ള സ്ഥലത്ത് വയൽമിഷനറിമാരെ നിയമിക്കുന്നു. ഇപ്പോൾ ലോകമെങ്ങുമായി 3,090 വയൽമിഷനറിമാരാണുള്ളത്.a അവരിൽ മിക്കവർക്കും രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽനിന്നും മറ്റും പരിശീലനം കിട്ടിയിട്ടുണ്ട്. ഈ മിഷനറിമാർ സ്വന്തം നാടും വീടും വിട്ട് മറ്റൊരു ദേശത്ത് പോയി പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നു. അവരുടെ പക്വതയും അവർക്കു കിട്ടിയ പരിശീലനവും അനുഭവപരിചയവും ഒക്കെ പുതിയപുതിയ സ്ഥലങ്ങളിലേക്കു സന്തോഷവാർത്ത എത്തിക്കാൻ സഹായിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി പഠിച്ചുവരുന്നവർക്കുവേണ്ടി നല്ലൊരു മാതൃക വെക്കാനും അവർക്കാകുന്നു.
കൂടുതൽ സാക്ഷികളെ ആവശ്യമുള്ള പ്രദേശങ്ങളിൽ സന്തോഷവാർത്ത അറിയിക്കുന്നതിനു മിഷനറിമാർ സഹായിക്കുന്നു
മിഷനറിമാർക്കു വേണ്ട സഹായം നൽകുന്നു
ഓരോ ബ്രാഞ്ചോഫീസിലെയും സർവീസ് ഡിപ്പാർട്ടുമെന്റിനു കീഴിലുള്ള ഫീൽഡ് മിനിസ്റ്റേഴ്സ് ഡെസ്ക്ക് മിഷനറിമാർക്കു വേണ്ട സഹായം ചെയ്തുകൊടുക്കാൻ ബ്രാഞ്ച് കമ്മിറ്റിയോടൊപ്പം പ്രവർത്തിക്കുന്നു. മിഷനറിമാർക്കു വേണ്ട താമസസൗകര്യം, അവരുടെ ആരോഗ്യപരിപാലനം, ജീവിതാവശ്യങ്ങൾക്കുവേണ്ടിയുള്ള ചെറിയൊരു അലവൻസ് എന്നിവയൊക്കെ നോക്കുന്നത് ഈ ഡെസ്ക്കാണ്. 2020 സേവനവർഷത്തിൽത്തന്നെ യഹോവയുടെ സാക്ഷികൾ ഏകദേശം 200 കോടി രൂപയാണു മിഷനറിമാർക്കായി ചെലവഴിച്ചത്. ഈ രീതിയിൽ അവർക്കുവേണ്ടി കരുതുന്നതുകൊണ്ട് അവർക്കു ശുശ്രൂഷയിൽ പൂർണമായി ശ്രദ്ധിക്കാനാകുന്നു. കൂടാതെ സഭയിലെ സഹോദരങ്ങളെ വിശ്വാസത്തിൽ ബലപ്പെടുത്താനും അവർക്കു കഴിയുന്നു.
മിഷനറിമാർ സഭകളെ ബലപ്പെടുത്തുന്നു
ഈ മിഷനറിമാരുടെ പ്രവർത്തനം സുവിശേഷവേലയെ എങ്ങനെയാണു പിന്തുണയ്ക്കുന്നത്? മലാവി ബ്രാഞ്ച് കമ്മിറ്റി അംഗമായ ഫ്രാങ്ക് മാഡ്സൺ സഹോദരൻ പറയുന്നു: “അവർ നല്ല ധൈര്യവും വൈദഗ്ധ്യവും ഉള്ളവരാണ്. അതുകൊണ്ടുതന്നെ എളുപ്പം കയറിച്ചെല്ലാൻ പറ്റാത്ത, വലിയ സുരക്ഷാസന്നാഹങ്ങളുള്ള സ്ഥലങ്ങളിലും മറ്റു ഭാഷക്കാരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും പ്രവർത്തിക്കാൻ അവർ സഭയെ സഹായിക്കുന്നു. ഇവിടുത്തെ ഭാഷ പഠിക്കാനും ഈ സംസ്കാരവുമായി ഇഴുകിച്ചേരാനും അവർ ചെയ്യുന്ന ശ്രമം മുഴുസഭയ്ക്കും നല്ലൊരു മാതൃകയാണ്, പ്രത്യേകിച്ചും ഞങ്ങളുടെ ചെറുപ്പക്കാർക്ക്. ഈ മിഷനറിമാരുടെ ഉത്സാഹം, മുഴുസമയസേവനം ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരത്തിലുള്ള മിഷനറിമാർ ഉണ്ടായിരിക്കുന്നതിൽ ഞങ്ങൾ ഒരുപാടു നന്ദിയുള്ളവരാണ്.”
മറ്റൊരു രാജ്യത്തുനിന്നുള്ള ഒരു ബ്രാഞ്ച് കമ്മിറ്റിയംഗം പറയുന്നു: “ലോകമെങ്ങുമുള്ള യഹോവയുടെ ജനം ഐക്യത്തിൽ കഴിയുന്നവരാണ് എന്നതിന്റെ നല്ലൊരു തെളിവാണു മിഷനറിമാർ. സംസ്കാരങ്ങളുടെ വ്യത്യാസമൊന്നും നമുക്കിടയിൽ ഒരു പ്രശ്നം സൃഷ്ടിക്കുന്നില്ലെന്നു സാക്ഷികളല്ലാത്തവർപോലും തിരിച്ചറിയുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഐക്യത്തിൽ കഴിയാൻ നമ്മളെ സഹായിക്കുന്നതു നമ്മൾ പഠിക്കുന്ന ബൈബിൾസത്യങ്ങളാണെന്ന് അവർക്കു മനസ്സിലാകുന്നു.”
വയൽമിഷനറിമാർ സഭയിലെ പ്രചാരകരെ എങ്ങനെയാണു സഹായിക്കുന്നത്? തന്റെ സഭയിൽ മിഷനറിമാരുള്ളതിൽ ടിമോർ ലെസ്തെയിൽനിന്നുള്ള പൗലോസ് സഹോദരൻ ഒരുപാടു നന്ദിയുള്ളവനാണ്. അദ്ദേഹം പറയുന്നു: “ഞങ്ങളുടെ സഭയിലെ മിഷനറിമാർ വന്നിരിക്കുന്നതു നല്ല തണുപ്പുള്ള ദേശത്തുനിന്നാണ്. ഇവിടെയാണെങ്കിൽ വല്ലാത്ത ചൂടും. പക്ഷേ അതൊന്നും അവർ വകവെക്കാറില്ല. എല്ലാ ദിവസവും രാവിലെതന്നെ അവർ വയൽസേവന യോഗത്തിന് എത്തും. ഇനി, ഉച്ചയ്ക്കു പൊരിവെയിലത്താണ് മിക്കപ്പോഴും മടക്കസന്ദർശനങ്ങൾ നടത്തുന്നത്. കൂടാതെ, വൈകുന്നേരങ്ങളിലും അവരെ കാണാം. ഞാൻ ഉൾപ്പെടെ ഒരുപാടു പേരെ അവർ സത്യം പഠിപ്പിച്ചു. യഹോവയെ സേവിക്കുന്നതിനുവേണ്ടി അവർ തങ്ങളുടെ ജീവിതംതന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. അവരുടെ ആ ഉത്സാഹവും തീക്ഷ്ണതയും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ ഞങ്ങൾക്കെല്ലാം വലിയൊരു പ്രചോദനമാണ്.”
ഒരു മിഷനറി ദമ്പതികൾ തന്റെ കുടുംബത്തെ എങ്ങനെ സഹായിച്ചെന്ന് മലാവിയിൽനിന്നുള്ള സാധാരണ മുൻനിരസേവികയായ കെറ്റി സഹോദരി പറയുന്നു: “ഈ മിഷനറി ദമ്പതികൾ ഞങ്ങളുടെ സഭയിൽ വരുമ്പോൾ എന്റെ വീട്ടിൽ ഞാൻ മാത്രമേ സാക്ഷിയായിട്ടുള്ളൂ. എന്നാൽ അവർ എന്നെ ഒരുപാടു സഹായിച്ചു. അവർ ഞങ്ങളുടെ വീട്ടുകാരുമായി നല്ല സ്നേഹത്തിലായി. അവരുടെ ആ മാതൃക എന്റെ മക്കൾക്ക് ഒത്തിരി പ്രയോജനം ചെയ്തു. ശരിക്കും യഹോവയെ സേവിക്കുമ്പോഴാണു സന്തോഷവും സംതൃപ്തിയും ഉള്ള ജീവിതം കിട്ടുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. ഈ മിഷനറിമാരുടെ പ്രോത്സാഹനംകൊണ്ട് ഇപ്പോൾ എന്റെ മൂന്നു പെൺമക്കളും സാധാരണ മുൻനിരസേവകരായി പ്രവർത്തിക്കുന്നു. ഭർത്താവാണെങ്കിൽ മീറ്റിങ്ങുകൾക്കു വരുന്നുമുണ്ട്.”
വയൽമിഷനറിമാരെ സഹായിക്കാനുള്ള പണം എങ്ങനെയാണു കണ്ടെത്തുന്നത്? ലോകവ്യാപക പ്രവർത്തനത്തിനുവേണ്ടി ചെയ്യുന്ന സംഭാവനകളിലൂടെ. ഇങ്ങനെയുള്ള സംഭാവനകൾ പലപ്പോഴും donate.jw.org വഴിയാണു സംഘടനയ്ക്കു ലഭിക്കുന്നത്. ഇത്തരത്തിലുള്ള ഉദാരമായ സംഭാവനകൾ സംഘടന ഒരുപാടു വിലമതിക്കുന്നു.
a പ്രസംഗപ്രവർത്തകരുടെ ആവശ്യം അധികമുള്ള സഭകളിലേക്കാണ് ഈ മിഷനറിമാരെ നിയമിക്കുന്നത്. കൂടാതെ, വേറെ 1,001 വയൽമിഷനറിമാർ സർക്കിട്ട് വേലയിലുമുണ്ട്.