വികസ്വരരാജ്യങ്ങളിൽ തൊഴിൽ സൃഷ്ടിക്കൽ
സെനഗലിലെ ഉണരുക! ലേഖകൻ
ഈ കൗമാരപ്രായക്കാരിയുടെ പിതാവ് മരിച്ചപ്പോൾ അവൾ ഒരു കുട്ടിയായിരുന്നു. അവളുടെ അമ്മ എട്ടു മക്കളടങ്ങിയ ഒരു വലിയ കുടുംബത്തോടെ അവശേഷിച്ചു. ഇപ്പോൾ അവളുടെ അമ്മയ്ക്കു പ്രായം കൂടിവരുന്നതിനാൽ കൗമാരപ്രായക്കാരി ഒരു ജോലി കണ്ടെത്തിക്കൊണ്ടു കുടുംബത്തെ പോററാൻ സഹായിക്കണം. സ്കൂൾപഠനം തുടരാനുള്ള അവളുടെ സ്വപ്നം പൊലിഞ്ഞു. അവൾക്കു തൊഴിൽവൈദഗ്ധ്യമോ ഔപചാരിക വിദ്യാഭ്യാസമോ ഇല്ലെങ്കിലും അവൾ പണിയെടുക്കണം.
വികസ്വര രാജ്യങ്ങളിൽ ഇതുപോലുള്ള സ്ഥിതിവിശേഷം സാധാരണമാണ്. ജോലികൾ വിരളമാണ്, സർവകലാശാലാബിരുദങ്ങൾ ഉള്ളവർക്കു പോലും. എന്നിരുന്നാലും, നിശ്ചയദാർഢൃവും നല്ല സൃഷ്ടിപരതയുമുള്ള അനേകർ സ്വയം തൊഴിൽ കണ്ടെത്താൻ പ്രാപ്തരായിട്ടുണ്ട്. അത്തരം തൊഴിലുകൾ ഒരുവനെ ധനികനാക്കാതിരുന്നേക്കാം. എന്നാൽ 1 തിമൊഥെയോസ് 6:8-ൽ “ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക” എന്നു ബൈബിൾ പറയുന്നു.
സമനില പാലിക്കാൻ ഒരുവനെ സഹായിക്കുന്ന ആ ബുദ്ധ്യുപദേശവാക്ക് ഓർത്തുകൊണ്ടു നമുക്കു വികസ്വരരാജ്യങ്ങളിൽ ക്രിസ്ത്യാനികൾ അതിജീവിക്കുകയും തഴയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചില വിദഗ്ധ മാർഗങ്ങൾ പരിചിന്തിക്കാം.
ഭക്ഷണവ്യാപാരം—ആഫ്രിക്കൻരീതി
ഭക്ഷണത്തിന്റെ ആവശ്യം എപ്പോഴുമുണ്ട്. ഇവിടെ പശ്ചിമാഫ്രിക്കയിൽ പരിശ്രമശാലികളായ സ്ത്രീകൾ ഈ വസ്തുതയിൽനിന്നു ലാഭമുണ്ടാക്കാൻ ആകർഷകമായ വിവിധ മാർഗങ്ങൾ കണ്ടെത്തിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നിർമാണപ്രവർത്തനം നടക്കുന്ന സ്ഥലത്തു ചിലർ ഒരു ചെറിയ ഷെഡ്ഡു കെട്ടി ജോലിക്കാർക്കുവേണ്ടി ഉച്ചഭക്ഷണം തയ്യാറാക്കുന്നു. മററു ചിലർ രാവിലെ ജോലിക്കുപോകുന്നവർക്കുവേണ്ടി ഭക്ഷണം പ്രദാനംചെയ്യുന്നു. അവർ ഒരു ചെറിയ മേശയും ബഞ്ചുകളും ഇട്ട് ഒരു കൽക്കരിയടുപ്പിൽ വെള്ളം തിളപ്പിക്കുകയും ലളിതമായ ഒരു പ്രഭാതഭക്ഷണം—ചൂടുകാപ്പിയും പുതിയ റൊട്ടിയും വെണ്ണയും—വിളമ്പുകയും ചെയ്യുന്നു. വൈകുന്നേരത്ത് അവർ വീണ്ടും കട തുറക്കുകയും ദിവസാന്ത്യത്തിൽ ജോലിക്കാർക്ക് ഒരു ലഘുഭക്ഷണം വിളമ്പുകയും ചെയ്യുന്നു. ഇത്തരം ഭക്ഷ്യശാലകൾ നടത്തുന്നതിന്, പ്രയാസമുള്ള ഒരു പ്രവർത്തനപ്പട്ടിക പാലിക്കേണ്ടിയിരിക്കുന്നു, എന്നാൽ അത് ഉത്സാഹമുള്ളവർക്കു ജീവിക്കാനുള്ള പണം ഉണ്ടാക്കിക്കൊടുക്കുന്നു.
ലഘുഭക്ഷണങ്ങൾ വിൽക്കുന്നതിനുള്ള അവസരവും ഉണ്ട്. ചില സ്ത്രീകൾ ഒരു ചന്തക്കടുത്ത് ആൾകൂട്ടമുള്ള സ്ഥലം കണ്ടെത്തുകയും നിലക്കടല വറുക്കുകയും ചെയ്യുന്നു. ഫാററായയും—എരിവുള്ള സോസ് കൂട്ടി വിളമ്പുന്ന ചെറിയ മാംസവടകൾ—അനായാസം വിൽക്കപ്പെടുന്നു. സുഗന്ധ ഇറച്ചിമസാല ചേർത്തുണ്ടാക്കിയ മാംസ സാൻഡ്വിച്ചുകളും അങ്ങനെതന്നെ. ഇവ ഗാംബിയ, മാലി മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ അനായാസം വിൽക്കുന്ന ഇനങ്ങളാണ്.
ഗിനിയ-ബിസ്സോയിലും സെനഗലിലും യഹോവയുടെ സാക്ഷികളായ ഒട്ടേറെ യുവജനങ്ങൾ ജനപ്രീതിയുള്ള മറെറാരു ഐററം—ചെറിയ കേക്കുകൾ—ഉണ്ടാക്കി വിററുകൊണ്ടു തങ്ങളേത്തന്നെ മുഴുസമയ ശുശ്രൂഷയിൽ നിലനിർത്തുന്നു. സെനഗലിന്റെ തലസ്ഥാന നഗരമായ ഡാക്കാറിലെ ഒരു നിവാസിയായ മോസസ് ഇങ്ങനെ വിശദീകരിക്കുന്നു: “ഞാനും എന്റെ ഭാര്യയും പ്രത്യേക പയനിയർമാരായി [മുഴുസമയ സുവിശേഷകർ] സേവിക്കുകയായിരുന്നു. അപ്പോൾ ഞങ്ങൾക്കു കുട്ടികൾ ഉണ്ടാകാൻ തുടങ്ങി. ഇപ്പോൾ അവരെ പോററുന്നതിനു ഞാൻ ഒരു മാർഗം കണ്ടെത്തേണ്ടിയിരുന്നു. അങ്ങനെ ചെറിയ കേക്കുകൾ ഉണ്ടാക്കി വിൽക്കുകയെന്ന ആശയം എനിക്കു തോന്നി.
“എനിക്ക് തുടങ്ങുന്നതിനു വളരെ കുറച്ചുപണമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്, ലാഭമായി എനിക്ക് എടുക്കാൻ കഴിയുന്ന പണവും, മാവും മുട്ടയും പോലെ സാധനങ്ങൾ വീണ്ടും വാങ്ങാൻ മുടക്കുന്നതിനാവശ്യമുള്ള പണവും തമ്മിൽ വേർതിരിച്ചുകാണുന്നതിനു ഞാൻ ശ്രദ്ധാലുവായിരിക്കേണ്ടിയിരുന്നു. ഇപ്പോൾ എന്റെ ചെറിയ കുടുംബത്തിന്റെ മിക്ക ആവശ്യങ്ങളും സാധിക്കുന്നതിനു വേണ്ടത്ര കേക്കുകൾ വിൽക്കാൻ എനിക്കു കഴിയുന്നുണ്ട്.
“സാമ്പത്തിക കാര്യങ്ങളിൽ സഹായിക്കുന്നതിന്, എന്റെ ഭാര്യയായ എസ്ഥേർ വീട്ടിലിരുന്നു വസ്ത്രങ്ങൾ തുന്നുന്നു. ഇതു ഞങ്ങളുടെ രണ്ടു കൊച്ചുകുട്ടികളുമൊത്തു വീട്ടിൽ കഴിയാൻ അവളെ അനുവദിക്കുന്നു. നാം വിഷമംപിടിച്ച കാലത്താണു ജീവിക്കുന്നതെങ്കിലും, ഞങ്ങൾ രണ്ടുപേരുംകൂടെയാകുമ്പോൾ അങ്ങനെ കുടുംബത്തിനുവേണ്ടി നന്നായിത്തന്നെ കരുതാൻ ഞങ്ങൾക്കു കഴിയുന്നു.”
ഒരു ചെറിയ തൊഴിലിനുള്ള മറെറാരു ആശയം: ജോലിക്കാർക്കു തിരക്കായതുകൊണ്ടും ചന്തയിലേക്കു ദീർഘയാത്ര നടത്താൻ മിക്കപ്പോഴും സമയമില്ലാത്തതുകൊണ്ടും അവർ പഴമോ പച്ചക്കറിയോ വിൽക്കുന്ന സ്ഥലത്തെ ചെറിയ കടകളിലെ പററുപടിക്കാരാകും. ചില കടക്കാർക്കു വീടുകളിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന സേവനംപോലുമുണ്ട്, കേടാകാത്ത പച്ചക്കറികൾ പതിവുകാരുടെ വീടുകളിൽത്തന്നെ കൊണ്ടുകൊടുക്കുന്നു. നിങ്ങൾ സത്യസന്ധനാണെന്നും ഗുണമേൻമയുള്ള സാധനങ്ങളാണു വിൽക്കുന്നതെന്നുമുള്ള വാർത്ത പെട്ടെന്നു പരന്നേക്കാം. എന്നിരുന്നാലും, വളരെ കൂടിയ വില വാങ്ങാതിരിക്കാൻ സൂക്ഷിക്കുക, അല്ലാത്തപക്ഷം ആളുകൾ കേവലം സാധാരണ ചന്തയിലേക്കു മടങ്ങിപ്പോകും.
സേവന വ്യവസായങ്ങൾ
ഉത്പന്നങ്ങളുടെ വില്പന നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ, വിവിധ സേവനങ്ങൾ വാഗ്ദാനംചെയ്യുന്നതു പരിഗണിക്കുക. ശുചീകരണം, പാചകം, തുണിയലക്ക്, ഇസ്തിരിയിടൽ എന്നിവക്കെല്ലാം എല്ലായ്പോഴും ആവശ്യമുണ്ട്. നിരവധി മററവസരങ്ങളുമുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ സമുദ്രത്തോടടുത്തോ ഒരു മീൻചന്തക്കടുത്തോ ആണോ താമസിക്കുന്നത്? മീൻ വെട്ടി കഴുകുന്നതിനു മുതിരാൻ പാടില്ലയോ—പെട്ടെന്നും കുറഞ്ഞ ചെലവിലും? നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു തടിക്കഷണവും ഒരു നല്ല മീൻകത്തിയുമാണ്. കാറുകഴുകൽ ലാഭകരമായ മറെറാരു സംരംഭമാണ്. ആവശ്യമായ ഉപകരണം എന്താണ്? ഒരു തൊട്ടിയും കുറെ വെള്ളവും ഒരു ചെറിയ സോപ്പും ഒരു നല്ല തുണിയും. ഡാക്കാറിൽ തൊഴിൽമനഃസ്ഥിതിക്കാരായ ചെറുപ്പക്കാർ എല്ലാ പാർക്കിംഗ് സ്ഥലങ്ങളിലും തണലുള്ള തെരുവുകളിലും ഈ സേവനം അനുഷ്ഠിക്കുന്നതു കാണാം.
ലോകത്തിൽ നിങ്ങൾ പാർക്കുന്നിടത്തു പൈപ്പുവെള്ളം കുറവാണോ? ചിലപ്പോൾ സ്ത്രീകൾ ഒരു പൊതു കിണററിങ്കൽ തങ്ങളുടെ പാത്രങ്ങൾ നിറയ്ക്കാൻ മണിക്കൂറുകളോളം നിരന്നുനിൽക്കുന്നു. പിന്നെ അവർ തങ്ങളുടെ ഭവനങ്ങളിലേക്കുള്ള വഴിമുഴുവൻ ഭാരിച്ച പാത്രങ്ങൾ തലയിൽ വഹിച്ചുകൊണ്ടുപോകണം. അതുകൊണ്ട് തങ്ങൾക്കു വെള്ളം എത്തിച്ചുതരുന്ന ഒരാൾക്കു പണം കൊടുക്കാൻ അനേകർ തയ്യാറാണ്. നിങ്ങളുടെ പാത്രങ്ങൾ നിറച്ച് അവ ഒരു ഉന്തുവണ്ടിയിലോ കഴുതപ്പുറത്തോ കയററിവെക്കാൻ കഴിയുന്നതിനു കിണററുങ്കൽ അതിരാവിലെ എത്തുന്നതാണു വിജയരഹസ്യം. ഇപ്പോൾ വെള്ളം വീടുകളിലോ ജോലിസ്ഥലങ്ങളിലോ എത്തിച്ചുകൊടുക്കാൻ നിങ്ങൾ തയ്യാർ.
നിങ്ങൾക്കു കുറേ ലൗകിക വിദ്യാഭ്യാസം ഉണ്ടോ? ഒരുപക്ഷേ വാരാന്തങ്ങളിൽ കൊച്ചുകുട്ടികൾക്കു ട്യൂഷൻ കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. വികസ്വര രാജ്യങ്ങളിൽ ക്ലാസ് മുറികൾ തിങ്ങിനിറയുകയാണ്. തങ്ങളുടെ കുട്ടിക്കു കുറെ വ്യക്തിപരമായ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി പണം മുടക്കാൻ മാതാപിതാക്കൾ മനസ്സുള്ളവരായിരിക്കാം.
നിങ്ങൾക്കിപ്പോൾത്തന്നെ ഉള്ള പ്രയോജനകരമായ മറെറാരു വൈദഗ്ധ്യം തലമുടിപിന്നൽ കല ആയിരിക്കാം. ആഫ്രിക്കയിലെ സ്ത്രീകളുടെ ഇടയിൽ മുടി പിന്നിയിടുന്ന രീതി വളരെ പ്രചാരത്തിലുള്ളതുകൊണ്ട് ഈ കരകൗശലത്തിൽ വിദഗ്ധരായവർക്കു പണമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.
വൈദഗ്ധ്യം ഉപയോഗിക്കൽ
ബൈബിൾ കാലങ്ങളിൽ പ്രാപ്തിയുള്ള ഒരു ഭാര്യക്ക് ആദായമുണ്ടാക്കുന്നതിനു സമർഥമായ മാർഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. സദൃശവാക്യങ്ങൾ 31:24 ഇങ്ങനെ പറയുന്നു: “അവൾ ശണവസ്ത്രം ഉണ്ടാക്കി വിൽക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.” അതുപോലെതന്നെ, വികസ്വര രാജ്യങ്ങളിലെ അനേകർ സ്വന്തം കുടിൽവ്യവസായങ്ങൾ അല്ലെങ്കിൽ ചെറുവ്യവസായങ്ങൾ നടത്തുന്നതിൽ വിജയം കണ്ടെത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു ആശാരിക്ക് ചെറിയ പണിശാല സ്ഥാപിച്ചു ലളിതമായ സ്ററൂളുകളും ബഞ്ചുകളും മററു ഗൃഹോപകരണങ്ങളും ഉണ്ടാക്കാവുന്നതാണ്. ഏററവും അടിസ്ഥാനപരമായ പണിയായുധങ്ങൾ മാത്രമേ ആവശ്യമായിരിക്കുന്നുള്ളു. നിങ്ങൾക്ക് എന്തെങ്കിലും കാർഷിക വൈദഗ്ധ്യം ഉണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കു കോഴിവളർത്തൽ തുടങ്ങി മുട്ടയും കോഴികളും വിൽക്കാൻ കഴിയും.
ചെറു വ്യവസായങ്ങൾ തുടങ്ങുന്നതിനു പ്രധാനമായി ആവശ്യമായിരിക്കുന്ന ഒരു സംഗതിയാണു വൈദഗ്ധ്യം. ചിലയാളുകൾ തള്ളിക്കളഞ്ഞ തകരപ്പാത്രങ്ങൾ വർണഭംഗിയുള്ള സൂട്ട്കേസുകളോ ട്രങ്കുകളോ ആക്കി മാററിയിട്ടുണ്ട്. മററു ചിലർ മോട്ടോർവാഹനങ്ങളുടെ ടയറുകൾകൊണ്ടു ചെരുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. വേറേ ചിലർ പഴയ അകംററ്യൂബുകൾകൊണ്ടു ബക്കററുകൾ നിർമിച്ചിട്ടുണ്ട്. സാധ്യതകൾ കുറയുന്നതു നിങ്ങളുടെ സങ്കല്പത്താൽ മാത്രമായിരിക്കും.
വികസ്വര രാജ്യങ്ങളിൽ അതിജീവിക്കുന്നതിനു വൈദഗ്ധ്യവും ഭാവനയും ആവശ്യമാണ്. എന്നാൽ നിങ്ങൾക്കു ക്ഷമയും ക്രിയാത്മകമനോഭാവവും കൂടെ ആവശ്യമുണ്ട്. അനായാസം ശ്രമം നിർത്തിക്കളയരുത്. ആവശ്യമെങ്കിൽ തൊഴിലിനു മാററം വരുത്തത്തക്കവണ്ണം വഴക്കമുള്ളവരായിരിക്കുക. ഒരു ബിസിനസ് തുടങ്ങുകയോ ഒരു സേവനം ചെയ്യുകയോ ചെയ്യുന്നുവെങ്കിൽ തീർച്ചയായും സ്ഥലപരമായ നിയമങ്ങളും നിബന്ധനകളും പരിശോധിക്കുക. ദേശത്തെ നിയമങ്ങളെ ആദരിക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നു.—റോമർ 13:1-7.
ഒരു ഉത്പന്നമോ സേവനമോ വാഗ്ദാനംചെയ്യാൻ ശ്രമിക്കുന്നതിനുമുമ്പു നിങ്ങളോടുതന്നെ ചോദിക്കുക: ‘സ്ഥലപരമായ ആവശ്യങ്ങളും ആചാരങ്ങളും എന്താണ്? തദ്ദേശീയ സമ്പദ്വ്യവസ്ഥിതിയുടെ അവസ്ഥ എന്താണ്? ഞാൻ വാഗ്ദാനം ചെയ്യുന്നതിനു പണം മുടക്കാൻ പതിവുകാർക്കു നിർവാഹമുണ്ടോ? വേറെ എത്രപേർ സമാനമായ ഉത്പന്നമോ സേവനമോ വാഗ്ദാനംചെയ്യുന്നുണ്ട്? എനിക്കു യഥാർഥത്തിൽ ഈ സംരംഭം തുടരുന്നതിനാവശ്യമായ വൈദഗ്ധ്യങ്ങളും ഊർജവും കർമശേഷിയും ആത്മശിക്ഷണവും സംഘാടനബോധവും ഉണ്ടോ? എത്രമാത്രം മുതൽമുടക്ക് ആവശ്യമുണ്ട്? ഞാൻ പണം കടംവാങ്ങേണ്ടിവരുമോ? ലോൺ വീട്ടാൻ എനിക്കു സാധിക്കുമോ?’
ലൂക്കോസ് 14:28-ലെ യേശുവിന്റെ ചോദ്യം ഉചിതമാണ്: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?”
സ്വയംതൊഴിൽ കണ്ടെത്തുന്നതിന് എല്ലാവർക്കും വൈദഗ്ധ്യമോ നിശ്ചയദാർഢ്യമോ ഇല്ലെന്നുള്ളതു സത്യംതന്നെ. എന്നിരുന്നാലും നിങ്ങളുടെ കർമശേഷിയും ആത്മാർഥശ്രമവും ശരിയായ ആന്തരത്തോടെ പ്രയോഗിക്കപ്പെടുമ്പോൾ യഹോവയാം ദൈവത്തിന് അതിനെ അനുഗ്രഹിക്കാൻ കഴിയും. (2 പത്രൊസ് 1:5 താരതമ്യം ചെയ്യുക.) നിങ്ങൾതന്നെ ജോലി സൃഷ്ടിക്കേണ്ടിവന്നാലും അതു കണ്ടെത്താൻ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക!
[16, 17 പേജുകളിലെ ചിത്രങ്ങൾ]
വസ്ത്രങ്ങൾ തുന്നൽ, കാറുകൾ കഴുകൽ, നല്ല വെള്ളം എത്തിച്ചുകൊടുക്കൽ, മത്സ്യം വെട്ടിക്കഴുകൽ എന്നിവ ആളുകളുടെ ചില ഉപജീവനമാർഗങ്ങളാണ്