യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കെങ്ങനെ കുറച്ച് കാശുണ്ടാക്കാം?
“പത്തു കാശുണ്ടാക്കാൻ പറ്റിയ ഒരു പണിയാണ് എനിക്കു വേണ്ടത്.”—ടാനിയ.
പല യുവജനങ്ങൾക്കും ടാനിയയുടെ അതേ ചിന്താഗതിയാണ് ഉള്ളത്. “കാറ്, വസ്ത്രങ്ങൾ ഇവയൊക്കെ വാങ്ങാൻ എനിക്കു പണം വേണം. എല്ലാറ്റിനും അച്ഛനെയും അമ്മയെയും ആശ്രയിക്കാൻ എനിക്കു വയ്യ,” രാജു എന്നു പേരുള്ള ഒരു യുവാവ് പറയുന്നു. കൊച്ചു സോണിയ ജോലി ചെയ്യുന്നതിന്റെ പിന്നിലുള്ള കാരണവും ഇതുതന്നെയാണ്. “ഞാൻ ഒരു പെൺകുട്ടിയാണ്, പലതും വാങ്ങാനുള്ള ആഗ്രഹമൊക്കെ എനിക്കും ഉണ്ട്,” അവൾ പറയുന്നു.
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്ന പ്രകാരം “ഇപ്പോൾ [യു.എസ്.] ഹൈസ്കൂൾ വിദ്യാർഥികളിൽ 75 ശതമാനം, പഠിത്തം കഴിഞ്ഞുള്ള സമയങ്ങളിലും വാരാന്തങ്ങളിലും ജോലിക്ക് ഇറങ്ങിത്തിരിക്കുന്നു.” ഇത് ഒരു അളവുവരെ, ഇന്നത്തെ ഭൗതികാസക്ത ലോകത്തിൽ വ്യാപകമായി കാണുന്ന സമനിലയില്ലാത്ത “ദ്രവ്യാഗ്രഹ”ത്തെ പ്രതിഫലിപ്പിക്കുന്നു. (1 തിമൊഥെയൊസ് 6:10) എങ്കിലും വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ യുവജനങ്ങളും ഭൗതികത്വ ചിന്താഗതിക്കു വശംവദരാണെന്നു പറയാൻ കഴിയില്ല.
“ദ്രവ്യം [“പണം,” NW] ഒരു ശരണ”മാണ് എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:12) തന്നെയുമല്ല, ഒരു ക്രിസ്തീയ യുവവ്യക്തിയെന്ന നിലയിൽ പണം സമ്പാദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന് തക്കതായ കാരണങ്ങളും ഉണ്ടായിരുന്നേക്കാം.a ഉദാഹരണത്തിന്, ആഴ്ചയിൽ രണ്ടു ദിവസം ജോലി ചെയ്യുന്നതിനുള്ള കാരണം യുവാവായ ഏവിയൻ വിവരിക്കുന്നു: “ഒരു നിരന്തര പയനിയർ [മുഴു സമയ സുവിശേഷകൻ] ആയി സേവിക്കാൻ വേണ്ടിവരുന്ന ചെലവുകൾ സ്വന്തമായി വഹിക്കാൻ അതു മൂലം എനിക്കു കഴിയുന്നു.”
സമാനമായ കാരണങ്ങൾകൊണ്ടായിരിക്കാം ഒരു അംശകാല ജോലി ലഭിക്കാൻ നിങ്ങളും ആഗ്രഹിക്കുന്നത്. ഒരുപക്ഷേ നിങ്ങൾ ഒരു ക്രിസ്തീയ കൺവെൻഷന് സംബന്ധിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. അല്ലെങ്കിൽ സഭായോഗങ്ങൾക്കു പോകുമ്പോൾ ധരിക്കാൻ പറ്റിയ കുറേ നല്ല വസ്ത്രങ്ങൾ കൂടി വാങ്ങേണ്ടതുണ്ടായിരിക്കാം. എന്തിനായാലും പണം ആവശ്യമാണ്. ‘മുമ്പേ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന’വർക്ക് ആവശ്യമായ സംഗതികൾ ദൈവം പ്രദാനം ചെയ്യുമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ. (മത്തായി 6:33) എന്നാൽ ഇക്കാര്യത്തിൽ നിങ്ങളുടെ ഭാഗത്തുനിന്നു യാതൊരു ശ്രമവും ആവശ്യമില്ലെന്ന് അത് അർഥമാക്കുന്നില്ല. (പ്രവൃത്തികൾ 18:1-3 താരതമ്യം ചെയ്യുക.) ആ സ്ഥിതിക്ക് കുറച്ചു പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കൈക്കൊള്ളേണ്ട ചില പ്രായോഗിക നടപടികൾ എന്തൊക്കെയാണ്?
തുടക്കം കുറിക്കൽ
നിങ്ങൾ ജോലി ചെയ്യുന്നതിൽ മാതാപിതാക്കൾക്കു വിരോധമില്ലെന്നിരിക്കട്ടെ. നിങ്ങൾക്ക് ആദ്യം ചെയ്യാൻ കഴിയുന്നത് അയൽക്കാരെയും അധ്യാപകരെയും ബന്ധുക്കളെയും കണ്ട് നിങ്ങൾ ജോലി അന്വേഷിക്കുന്ന കാര്യം അവരെ അറിയിക്കുകയാണ്. എന്തു ചെയ്യണം എന്ന് അവരോടു ചോദിക്കാൻ മടിയാണെങ്കിൽ കൗമാരപ്രായത്തിൽ അവർ എന്തു ജോലിയാണ് ചെയ്തത് എന്നു ചോദിക്കാൻ കഴിയും. പ്രയോജനകരമായ ചില വിവരങ്ങൾ പറഞ്ഞുതരാൻ അവർക്കു കഴിഞ്ഞേക്കും. നിങ്ങൾ ജോലി അന്വേഷിക്കുന്ന കാര്യം എത്രയധികം പേർ അറിയുന്നുവോ പ്രയോജനപ്രദമായ അത്രയധികം വിവരങ്ങളും വിശദാംശങ്ങളും നിങ്ങൾക്കു ലഭിച്ചേക്കാം.
അടുത്തതായി പത്ര പരസ്യങ്ങളും തൊഴിൽ വാർത്താ പ്രസിദ്ധീകരണങ്ങളും നോക്കുക. “അങ്ങനെയാണ് എനിക്കു ജോലി കിട്ടിയത്,” ദേവ് എന്ന യുവാവ് പറയുന്നു. “പത്രത്തിലെ പരസ്യം കണ്ടപ്പോൾ ഞാൻ ഫാക്സ് വഴി എന്റെ ബയോഡേറ്റ അയച്ചുകൊടുത്തു, ഫോണിലൂടെ അവരുമായി ബന്ധപ്പെടുകയും ചെയ്തു.” എന്നാൽ പല തസ്തികകളെക്കുറിച്ചും പരസ്യം ചെയ്യാറില്ലെന്ന് നിങ്ങൾക്കറിയാമോ? സെവന്റീൻ മാഗസിൻ പറയുന്നത് അനുസരിച്ച് ചിലരുടെ അഭിപ്രായത്തിൽ “പത്തിൽ മൂന്ന് തസ്തികയും നിലവിൽ വരുന്നത് യോഗ്യരായ വ്യക്തികൾ വന്ന് ജോലിയുണ്ടോ എന്നു തിരക്കുമ്പോഴാണ്.” അങ്ങനെയെങ്കിൽ ഒരു പുതിയ തസ്തിക ഉണ്ടാക്കി നിങ്ങളെ അതിൽ നിയമിക്കണമെന്ന് തൊഴിലുടമയെ ബോധ്യപ്പെടുത്താൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കും!
പക്ഷേ എങ്ങനെ? ‘എനിക്കു തൊഴിൽ പരിചയമില്ലല്ലോ,’ നിങ്ങൾ ചിന്തിച്ചേക്കാം. ഒന്നുകൂടി ചിന്തിച്ചു നോക്കൂ. മാതാപിതാക്കൾ അടുത്തില്ലാത്തപ്പോൾ എപ്പോഴെങ്കിലും നിങ്ങൾ ഇളയ കുട്ടിയെ നോക്കുന്ന ചുമതല ഏറ്റെടുത്തിട്ടുണ്ടോ? അല്ലെങ്കിൽ മറ്റുള്ളവരുടെ കുട്ടികളെ നോക്കിയിട്ടുണ്ടോ? അതു കാണിക്കുന്നത് നിങ്ങൾ ഉത്തരവാദിത്വബോധം ഉള്ളവൻ ആണെന്നാണ്. സ്കൂട്ടർ നന്നാക്കാൻ നിങ്ങൾ അച്ഛനെ സഹായിച്ചിട്ടുണ്ടോ? അതു കാണിക്കുന്നത് നിങ്ങൾക്ക് ആ മേഖലയിൽ അഭിരുചി ഉണ്ടെന്നാണ്. ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടർ ഉപയോഗിക്കാനും നിങ്ങൾക്ക് അറിയാമോ? പുതിയ പ്രോജക്റ്റുകൾ എന്തെങ്കിലും ആവിഷ്കരിച്ചതിന് നിങ്ങൾക്ക് എപ്പോഴെങ്കിലും നല്ല ഗ്രേഡ് കിട്ടിയിട്ടുണ്ടോ? തൊഴിലുടമകളെ ആകർഷിക്കാൻ പറ്റിയ യോഗ്യതകളാണ് ഇവയെല്ലാം.
നിങ്ങളുടെ ഹോബികളും താത്പര്യങ്ങളും നിസ്സാരമായി തള്ളിക്കളയരുത്. ഉദാഹരണത്തിന് ഒരു സംഗീത ഉപകരണം വായിക്കാൻ അറിയാമെങ്കിൽ സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ എന്തെങ്കിലും ജോലി ലഭിക്കുമോ എന്നു നോക്കുക. നിങ്ങൾക്ക് കടയിലെ ഉത്പന്നങ്ങളെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവ വാങ്ങാൻ വരുന്നവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ നിങ്ങൾ തീർച്ചയായും പ്രാപ്തനായിരിക്കും.
ജോലിക്കുവേണ്ടി അപേക്ഷിക്കൽ
നിങ്ങളെ ഒരു ഇന്റർവ്യൂവിന് ക്ഷണിച്ചുവെന്നിരിക്കട്ടെ. നിങ്ങളുടെ വസ്ത്രധാരണത്തിനും ചമയത്തിനും ശ്രദ്ധ കൊടുക്കുക. കാരണം അത് നിങ്ങളെക്കുറിച്ച് ഒരു ഏകദേശ രൂപം നൽകുന്നു. ഒന്നുകിൽ “ചുമതലാബോധമുള്ളവനും ചിട്ടയുള്ളവനും സംഘാടനശേഷിയുള്ളവനും” ആയി അല്ലെങ്കിൽ അതിനു നേരേ വിപരീത സ്വഭാവമുള്ളവനായി അതു നിങ്ങളെ തിരിച്ചറിയിച്ചേക്കാം. “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം” എന്ന പ്രായോഗിക ബുദ്ധ്യുപദേശം ബൈബിൾ ക്രിസ്തീയ സ്ത്രീകൾക്കു നൽകുന്നു. (1 തിമൊഥെയൊസ് 2:9) ഇത് പുരുഷന്മാർക്കും ബാധകമാണ്. ഇന്റർവ്യൂവിനു പോകുമ്പോൾ ഒരിക്കലും അങ്ങേയറ്റത്തെ ഫാഷനിലുള്ളതോ അലസമോ ആയ വസ്ത്രധാരണം പാടില്ല, ഏതു തരം ജോലിയുടെ കാര്യത്തിലും ഇതു ശരിയാണ്.
നിങ്ങളുടെ മനോഭാവവും പെരുമാറ്റവും നിങ്ങളെക്കുറിച്ച് പലതും വെളിപ്പെടുത്തുന്നു. സുവർണനിയമം പാലിക്കുക: മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ നിങ്ങൾ അവരോടും പെരുമാറുക. (മത്തായി 7:12) സമയത്തിനു ചെല്ലുക. ചുറുചുറുക്കും ജാഗ്രതയും ഉള്ളവനായിരിക്കുക. നല്ല പെരുമാറ്റരീതി കാണിക്കുക. നിങ്ങൾ ആ ജോലിക്കു യോഗ്യനാണെന്നു കരുതുന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കുക, അതേസമയം വീമ്പടിക്കലോ പെരുപ്പിച്ചു പറയലോ ഒഴിവാക്കുക. വിവരങ്ങൾ കൃത്യമായി അവതരിപ്പിക്കുക.
ഇന്റർവ്യൂവിനു വരുമ്പോൾ, വെട്ടിത്തിരുത്തൊന്നുമില്ലാതെ നല്ല വൃത്തിയായും ക്രമത്തിനും തയ്യാറാക്കിയ ഒരു ബയോഡേറ്റ കൊണ്ടുവരണം (അല്ലെങ്കിൽ മുൻകൂട്ടി അയയ്ക്കണം) എന്ന് ചില വിദഗ്ധർ നിർദേശിക്കുന്നു. നിങ്ങളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ജോലി തേടുന്നതിന്റെ കാരണം, വിദ്യാഭ്യാസം (പ്രത്യേക കോഴ്സുകൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അതും), മുൻ തൊഴിൽ പരിചയം (ശമ്പളത്തിനോ അല്ലാതെയോ ചെയ്തത്), പ്രത്യേക വൈദഗ്ധ്യങ്ങൾ, വ്യക്തിപരമായ താത്പര്യങ്ങളും ഹോബികളും (നിങ്ങളുടെ കഴിവുകളെ അതു സൂചിപ്പിച്ചേക്കാം), ആവശ്യമുള്ളപക്ഷം രേഖകൾ നൽകാമെന്ന ഒരു കുറിപ്പ് എന്നിവ അതിൽ ഉൾപ്പെടുത്തണം. വേറെ ഒരു ഷീറ്റിൽ, നിങ്ങളെ ജോലിക്കു ശുപാർശ ചെയ്യുന്ന ചില വ്യക്തികളുടെ പേരുകൾ, മേൽവിലാസങ്ങൾ, ഫോൺ നമ്പരുകൾ എന്നിവ നൽകാവുന്നതാണ്. എന്നാൽ അവരുടെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കണം. മുൻ തൊഴിലുടമകൾ, അധ്യാപകൻ, സ്കൂൾ കൗൺസിലർ, മുതിർന്ന സുഹൃത്ത് തുടങ്ങി നിങ്ങളുടെ വൈദഗ്ധ്യങ്ങൾ, കഴിവുകൾ, വ്യക്തിത്വഗുണങ്ങൾ എന്നിവയെക്കുറിച്ച് തെളിവു നൽകാൻ സാധിക്കുന്ന ആരെയും ഇതിൽ പെടുത്താവുന്നതാണ്.
സ്വയം തൊഴിൽ കണ്ടെത്തൽ
എത്ര ശ്രമിച്ചിട്ടും ജോലിയൊന്നും കിട്ടുന്നില്ലെങ്കിലോ? പല നാടുകളിലും ഇതു സാധാരണമാണ്. എന്നാൽ നിരാശപ്പെടരുത്. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുന്നതായിരിക്കും നല്ലത്. അതുകൊണ്ടുള്ള നേട്ടങ്ങൾ? സമയം വിനിയോഗിക്കുന്നതു സംബന്ധിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ഒരു പട്ടിക തയ്യാറാക്കാനാകുമെന്നു മാത്രമല്ല എത്രമാത്രം ജോലി ചെയ്യണമെന്ന് നിങ്ങൾക്കുതന്നെ തീരുമാനിക്കാനും ആകും. എന്നാൽ സ്വയം-തൊഴിൽ ചെയ്യുന്നത് സ്വന്തം പ്രേരണയാൽ ആയിരിക്കണം. കൂടാതെ ആത്മശിക്ഷണവും മുൻകൈ എടുത്തു പ്രവർത്തിക്കാനുള്ള താത്പര്യവും ഉണ്ടായിരിക്കണം.
എന്നാൽ എത്തരത്തിലുള്ള ബിസിനസ്സാണ് നിങ്ങൾ തുടങ്ങുക? അയൽപക്കത്തെക്കുറിച്ച് ചിന്തിക്കുക. മറ്റാരും എത്തിച്ചു കൊടുക്കാത്ത ചരക്കുകൾ എത്തിച്ചു കൊടുക്കുകയോ സേവനങ്ങൾ നടത്തി കൊടുക്കുകയോ ചെയ്യേണ്ടതുണ്ടോ? നിങ്ങൾക്ക് റബർ ടാപ്പിങ് അറിയാം എന്നിരിക്കട്ടെ. എങ്കിൽ കൂലിക്ക് റബർ വെട്ടാൻ കഴിയും. ഒരുപക്ഷേ നിങ്ങൾക്ക് സംഗീതോപകരണം വായിക്കാൻ അറിയാമായിരിക്കാം. മറ്റുള്ളവരെ അത് പഠിപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ പാത്രം കഴുകുന്നതോ തുണിയലക്കുന്നതോ പോലെ മറ്റുള്ളവർ പുച്ഛത്തോടെ വീക്ഷിക്കുന്ന ജോലികൾ ചെയ്യാൻ കഴിഞ്ഞേക്കും. ഇത്തരം ജോലികൾ ചെയ്യുന്നതിൽ ഒരു ക്രിസ്ത്യാനി നാണക്കേടു വിചാരിക്കേണ്ടതില്ല. (എഫെസ്യർ 4:28) പുതുതായി ഒരു പണി പഠിക്കാൻ പോലും കഴിഞ്ഞേക്കും. അതിനു സഹായിക്കുന്ന ഗൈഡ് പുസ്തകങ്ങൾ ഗ്രന്ഥശാലകളിൽ നിന്ന് എടുത്തു വായിക്കുക അല്ലെങ്കിൽ ഒരു സുഹൃത്തിനോടു നിങ്ങളെ പഠിപ്പിക്കാൻ അഭ്യർഥിക്കുക. ഉദാഹരണത്തിന് യുവാവായ ജോഷ്വ മനോഹരമായി എഴുതാനുള്ള കഴിവു നേടി. എന്നിട്ട് വിവാഹങ്ങൾക്കും പാർട്ടികൾക്കും ഉള്ള ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്യുന്ന ഒരു ചെറിയ ബിസിനസ്സ് തുടങ്ങി.—“നിങ്ങൾക്ക് സൃഷ്ടിച്ചെടുക്കാവുന്ന തൊഴിലുകൾ” എന്ന ചതുരം കാണുക.
ഒരു മുന്നറിയിപ്പിൻ വാക്ക്: ഉൾപ്പെട്ടിരിക്കുന്ന എല്ലാ ചെലവുകളെയും ഘടകങ്ങളെയും കുറിച്ചു പഠിക്കാതെ ഒരു സംരംഭത്തിലേക്കും എടുത്തു ചാടരുത്. (ലൂക്കൊസ് 14:28-30) ആദ്യം അതേക്കുറിച്ച് മാതാപിതാക്കളുമായി സംസാരിക്കുക. കൂടാതെ അത്തരം ബിസിനസ് നടത്തിയിട്ടുള്ള മറ്റ് ആളുകളോടും ചോദിക്കുക. നിങ്ങൾക്ക് നികുതി അടയ്ക്കേണ്ടി വരുമോ? ലൈസൻസുകളോ പെർമിറ്റുകളോ എടുക്കേണ്ടി വരുമോ? വിശദവിവരങ്ങൾക്കായി സ്ഥലത്തെ അധികാരികളോടു സംസാരിക്കുക.—റോമർ 13:1-7.
സമനില പാലിക്കുക!
തീർച്ചയായും ചെയ്യാവുന്നതിലധികം ജോലികൾ ഏറ്റെടുക്കുന്നത് ബുദ്ധിയായിരിക്കില്ല. തൊഴിൽ ചെയ്യുന്ന ചില യുവജനങ്ങളെക്കുറിച്ച് സോണിയ ഇങ്ങനെ പറഞ്ഞു: “അവർ ഗൃഹപാഠം ശരിക്കു ചെയ്യാറില്ല. തന്നെയുമല്ല, ക്ലാസ്സിൽ പഠിപ്പിക്കുന്നതു ശ്രദ്ധിക്കാൻ സാധിക്കാത്തവിധം അവർക്കു വളരെ ക്ഷീണമായിരിക്കും.” ലോകത്തിന്റെ ചില ഭാഗങ്ങളിൽ യുവജനങ്ങൾക്കു തങ്ങളുടെ കുടുംബങ്ങളെ പോറ്റുന്നതിനു ദീർഘ നേരം പണിയെടുക്കേണ്ടി വരുന്നു. എന്നാൽ നിങ്ങളുടേത് അത്തരമൊരു സാഹചര്യമല്ലെങ്കിൽ എന്തിന് അതിനു പോകണം? മിക്ക വിദഗ്ധരുടെയും അഭിപ്രായത്തിൽ, സ്കൂൾ പഠനത്തിനിടയിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നത് കുട്ടികൾക്കു താങ്ങാവുന്നതിലധികം ആണെന്നു മാത്രമല്ല, പ്രതികൂല ഫലം ഉളവാക്കുകയും ചെയ്യും. ജോലിക്കായി ആഴ്ചയിൽ എട്ടു മുതൽ പത്തു വരെ മണിക്കൂർ മാത്രമേ നീക്കി വെക്കാവൂ എന്ന് ചിലർ നിർദേശിക്കുന്നു.
സ്കൂൾ കഴിഞ്ഞുള്ള ജോലിക്കായി വളരെയധികം സമയവും ഊർജവും ശ്രദ്ധയും മാറ്റിവെക്കുന്നതു മൂലം നിങ്ങളുടെ ആരോഗ്യവും പഠനനിലവാരവും പ്രത്യേകിച്ച് ആത്മീയതയും ക്ഷയിച്ചു പോയേക്കാം. ‘ധനത്തിന്റെ വഞ്ചനയാലും മററുവിഷയ മോഹങ്ങളാലും’ ഞെരുക്കപ്പെട്ടിട്ടുള്ളവർ മുതിർന്നവർ മാത്രമല്ല. (മർക്കൊസ് 4:19) അതുകൊണ്ട് സമനില പാലിക്കുക. അമിതമായി ജോലി ചെയ്യുന്നതിനെതിരെ ശലോമോൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.”—സഭാപ്രസംഗി 4:6.
അതേ, പണം സമ്പാദിക്കേണ്ടത് ഒരു ആവശ്യമായിരിക്കാം. അങ്ങനെ ചെയ്യുന്നതിനു പിന്നിലെ ആന്തരം നേരത്തേ പരാമർശിച്ച ഏവിയന്റേതു പോലെ ആരോഗ്യാവഹവും ദൈവേഷ്ടപ്രകാരവും ആണെങ്കിൽ യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. എങ്കിലും “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ”—അതായത് ആത്മീയ താത്പര്യങ്ങൾ—മറന്നു കളയുമാറ് ജോലിയിൽ അങ്ങേയറ്റം വ്യാപൃതർ ആയിരിക്കുന്നില്ലെന്നും ഉറപ്പു വരുത്തുക. (ഫിലിപ്പിയർ 1:10, NW) പണം “ഒരു ശരണം” ആയിരുന്നേക്കാം എങ്കിലും ദൈവവുമായുള്ള ബന്ധമാണ് യഥാർഥ വിജയ രഹസ്യം.—സഭാപ്രസംഗി 7:12; സങ്കീർത്തനം 91:14.
[അടിക്കുറിപ്പ്]
a നവംബർ 22, 1990; ഡിസംബർ 8 1990; സെപ്റ്റംബർ 22, 1997 (മലയാളം) എന്നീ ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ സ്കൂൾ സമയത്തിനു ശേഷം ജോലി ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നു.
[22-ാം പേജിലെ ചതുരം]
നിങ്ങൾക്ക് സൃഷ്ടിച്ചെടുക്കാവുന്ന തൊഴിലുകൾ
• തുണിയലക്ക്
• പത്ര വിൽപ്പനയോ പത്ര വിതരണമോ
• പശുവിനെ കറക്കൽ
• തോട്ടത്തിൽ പണിയെടുക്കൽ
• ശിശുപരിപാലനം
• റബർ ടാപ്പിങ്
• ടെലഫോൺ ബൂത്ത് ഓപ്പറേഷൻ
• തയ്യലും ഇസ്തിരിയിടലും
• പച്ചക്കറികൾ നട്ടുണ്ടാക്കി വിൽക്കൽ
• കോഴി വളർത്തൽ അല്ലെങ്കിൽ മുട്ട കച്ചവടം
• ടൈപ്പ് ചെയ്യലും ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കലും
• മറ്റുള്ളവർക്ക് ചെറിയ സേവനങ്ങൾ ചെയ്യൽ
• സാധനങ്ങൾ എത്തിച്ചുകൊടുക്കൽ
• സംഗീതമോ മറ്റു വിഷയങ്ങളോ പഠിപ്പിക്കൽ
[21-ാം പേജിലെ ചിത്രം]
അമിത ജോലി നിങ്ങളുടെ മാർക്ക് കുറയാൻ ഇടയാക്കിയേക്കാം